Friday, February 6, 2009

പാലിക്കപ്പെടാത്ത പുനരധിവാസ വാഗ്ദാനം

മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ.ഫോട്ടോ: ദ് ഹിന്ദു

ഇന്ന് മൂലമ്പള്ളി ദിനം.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 6നാണ് എറണാകുളത്തിനടുത്തുള്ള മൂലമ്പള്ളിയിലെ ഏതാനും കുടുംബങ്ങളെ വല്ലാർപ്പാടം പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിച്ചത്. അവരുടെ പ്രതിരോധവും അതിന് ലഭിച്ച ജനപിന്തുണയും അവർക്കായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിനെ നിർബന്ധിച്ചു. വർഷം ഒന്ന് കഴിഞ്ഞെങ്കിലും പാക്കേജ് ഇനിയും നടപ്പിലായിട്ടില്ല. സർക്കരിന്റെ അനാസ്ഥയിൽ പ്രതിഷേധം രേഖപ്പെടുത്താനും കുടിയൊഴിപ്പിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി ജനകീയ പ്രതിരോധ സമിതി ഇന്ന് സംസ്ഥാനമൊട്ടുക്ക് മൂലമ്പള്ളി ദിനം ആചരിക്കുന്നു.

സർക്കാർ ഒരു പട്ടയ വിതരണച്ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. പട്ടയം നൽകിയത് ചതുപ്പ് നിലത്തിനായതുകൊണ്ട് മൂലമ്പള്ളിക്കാർക്ക് അത് സ്വീകാര്യമായില്ല. വളരെ പണം ചിലവാക്കി സ്ഥലം നികത്തിയശേഷമെ അവിടെ വീട് വെയ്ക്കാനാവൂ എന്ന് അവർ പറയുന്നു. ചിലർ സ്ഥലം സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായി പറയപ്പെടുന്നു. സ്ഥലം ഏതെങ്കിലും ഭൂമി മാഫിയയ്ക്ക് കൊടുത്തു കാശ് വാങ്ങാനാണത്രെ അവർ ഉദ്ദേശിക്കുന്നത്. മാഫിയയ്ക്കാണെങ്കിൽ പണമിറക്കി, സ്ഥലം ഉയർത്തി പ്ലോട്ടുകളാക്കി വിറ്റ് ലാഭമുണ്ടാക്കാനാകും. ഇത്തരം ഇടപാടുകൾ ലക്ഷ്യമിട്ടുകൊണ്ടാണോ അധികൃതർ പുനരധിവാസ പാക്കേജ് രൂപകല്പന ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിരോധ സമിതി ധർണ സംഘടിപ്പിച്ചു.

11 comments:

daya said...

alochichal rasamanu,
sarkkarinu labham, bhoomafiakku labham, kudiyrakkappettavarku polum labham,
venamenkil bhooswamikkum, kudiozhinjavanumidayile idapadu sigamamakkan sarkkarinu oru agency panikoodi cheyyavunnathanu.

മാണിക്യം said...

ഇന്ന് മൂലമ്പള്ളി ദിനം

ജനകീയ പ്രതിരോധ സമിതി ഇന്ന് സംസ്ഥാനമൊട്ടുക്ക് മൂലമ്പള്ളി ദിനം ആചരിക്കുന്നു.

കൊള്ളാം നല്ലത് , ഈ പ്രതിരോധ സമതിക്ക് ആചരിക്കാന്‍ പോകുന്ന നേരത്ത് ഒരു കുട്ട മണ്ണ് കൊണ്ടിട്ട് പ്രതിഷേധിക്കരുതൊ? അല്ലങ്കില്‍ ഒരു ദിവസത്തെ വേദനം ഈ കുടിയീറക്ക് ഭീഷണിയുള്ളവര്‍ക്ക് കൊടുത്ത് സഹായിക്കരുതോ?
സര്‍ക്കാര്‍ എന്ന് പറയുന്നത് ജനം ആണെന്ന് ബോധം എന്ന് ഉണ്ടാവും?ഒരു പൌരന്റെ അവകാശങ്ങള്‍ പറയും മുന്നെ കടമകള്‍ ചെയ്തോ എന്ന് ഒരു നിമിഷം ചിന്തിച്ചോ?

ഒരു രാജ്യത്തെ ജനാധിപത്യത്തിന്റെ സ്വാതന്ത്രത്തിന്റെ ശക്തിയെന്ന് പറയുമ്പോള്‍ അത് ജനം തന്നെയാണ്. ഹിന്ദു പത്രത്തില്‍ “മുല്ലപ്പള്ളിദിനം” എന്നൊരു സചിത്ര ലേഖനം എഴുതിയ പത്രത്തിനു മുന്‍‌കൈ എടുത്ത് ഈ പുനരധിവാസത്തിനു സഹായിക്കാമായിരുന്നു.
എങ്കില്‍ ഈ പറയുന്ന വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടന്നും മറ്റുള്ളവരുടെ നന്മയാണിവര്‍ കാംഷിക്കുന്നത് എന്നും കരുതാമായിരുന്നു ..ഇതിപ്പോള്‍ ഉദ്ദേശം ഒരു ദിവസത്തെ സെന്‍സേഷണല്‍ ന്യൂസ് .അതെഴുതിയ ലേഖകനു കൈയടി,
കുറെ കുട്ടി നേതാക്കന്മാരുടെ ജനനം..
ബുലോകത്ത് പോലും പോസ്റ്റ് ആക്കാന്‍ ഒരു റ്റോപ്പിക്ക് ഇതിനു പിന്നിലെ ചേതോവികാരം അത്രേ ഉള്ളു.

B.R.P.Bhaskar said...

മാണിക്യം ഉദാത്തമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു. അതില്‍ ഒന്നുപോലും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിന് ന്യായീകരണമാവുന്നില്ലെന്നുമാത്രം.

MANIKANDAN [ മണികണ്ഠന്‍‌ ] said...

കഴിഞ്ഞവർഷം കണ്ട ഏറ്റവും വേദനാജനകമായ കാഴ്ച ആയിരുന്നു മൂലമ്പള്ളിയിൽ വീടുകളിൽ നിന്നും നിർബന്ധിച്ച് ആളുകളെ കുടിയൊഴിപ്പിച്ചത്. വികസനപ്രവർത്തനങ്ങൾ നാടിന് ആവശ്യം തന്നെയാണ്. എന്നാൽ അതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ അവിടെ അതുവരെ താമസിച്ചുവന്നിരുന്ന ആളുകളെ അവർതാമസിച്ചിരുന്ന സാഹചര്യത്തിൽ നിന്നും ഒട്ടും മോശമല്ലാത്ത നിലവാരത്തിൽ പുനരധിവസിപ്പിക്കേണ്ട ചുമതല അവരെ ഒഴിപ്പിക്കുന്ന സ്‌റ്റേറ്റിനുണ്ട് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം അവരാരും കൈയ്യെറ്റക്കാരോ അനധികൃതകുടിയേറ്റക്കാരോ അല്ല. സുനാമിയുടെ പേരിൽ കോടികൾ പിരിച്ചെടുത്ത സർക്കാരുകൾ സുനാമിയ്ക്കു ശേഷം നാലുവർഷം കഴിഞ്ഞിട്ടും പുനരധിവസം പൂർത്തിയാക്കിയിട്ടില്ല. ഇന്നും അഭയാർത്ഥിക്യാമ്പുകളിൽ താമസിക്കുന്ന സുനാമി ബാധിതർ നിരവധിയാണ്. ആ ഗതി മൂലമ്പള്ളിയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒപ്പം വികസനത്തിന്റെ പേരിൽ ഒരു കൂട്ടം ജനങ്ങളെ തെരുവാധാരമാക്കി, വാഗ്ദാനങ്ങൾ നൽകി പറ്റിച്ച് ഇന്നും സുഖിച്ചുകഴിയുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികൾക്ക് മൂലമ്പള്ളിയിലെ അമ്മമാരുടെ, കുട്ടികളുടെ ദുരവസ്ഥ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മൂലമ്പള്ളിയിലെ സമരങ്ങള്‍ക്ക്‌ പിന്നില്‍ നക്സലുകളായിരുന്ന് എന്നാണ്‌ മുഖ്യന്‍ പറഞ്ഞത്‌. മുഖ്യന്റെ ഫാന്‍ ക്ലബ്‌ അംഗങ്ങളില്‍ പലരും ഇപ്പോഴും പ്രധിഷേധ രംഗത്തുണ്ട്‌. പക്ഷെ എന്തു ചെയ്യാം മുഖ്യന്‍ മാത്രം മിണ്ടുന്നില്ല. മുഖ്യന്‌ മെയിലേജ്‌ പോകുന്ന കാര്യങ്ങള്‍ പരാമാവധി ഒതുക്കത്തോടെ ചെയ്യാന്‍ ഇക്കൂട്ടര്‍ക്കാകുന്നുണ്ട്‌. ഈ പ്രശ്നം പരിഹരിക്കപ്പെടണമോ എന്ന് സമരത്തിന്‌ നേതൃത്വം കൊടുക്കുന്നവര്‍ക്ക്‌ ആഗ്രഹമുണ്ടോ എന്ന് സംശയം തോന്നുന്നു. സ്വകാര്യ ഭൂമിയില്‍ സെസ്‌ നടപ്പിലാക്കുന്നതിനെതിരെ പ്‌.ബി. വരെ പോയി സമരം ചെയ്ത ആളാണ്‌ മുഖ്യന്‍ . എന്നാല്‍ മുഖ്യന്‌ വെണ്ടി ചാനല്‍ വക്കാലത്ത്‌ പിടിക്കുന്നവര്‍ ഉണ്ടായിട്ടും ഈ മൂലമ്പള്ളി വിഷത്തില്‍ പരിഹാരമുണ്ടാകുന്നില്ല എന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌

B.R.P.Bhaskar said...

അപ്പോള്‍, അച്യുതാനന്ദനെ പുറത്താക്കിയാല്‍ മൂലമ്പള്ളിക്കാര്‍ക്ക് രക്ഷ കിട്ടുമായിരിക്കും, അല്ലേ കിരണ്‍?

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരിക്കലും ഇല്ല . വി.എസ്‌ മുഖ്യമന്ത്രി ആയിരിക്കുന്നതാണ്‌ മൂലമ്പള്ളിക്കാര്‍ക്ക്‌ നല്ലത്‌ എന്നായിരുന്നു എന്റെ പക്ഷം. കാരണം വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ അരയും തലയും മുറിക്കി നടന്നവര്‍ മൂലമ്പള്ളി സമരത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകുന്നത്‌ അവര്‍ക്ക്‌ നീതി നേടിക്കൊടുക്കാന്‍ കഴിയും എന്നാണ്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌. വി..എസിന്റെ മുഖം ഒന്നു ചുവന്നാല്‍ ഉടനേ പ്രത്യേയശാസ്ത്ര വിശകലനങ്ങളും മറ്റുമായി വരുന്ന ബി.അര്‍.പി യും നീലകണ്ഠനും സാറാ ജോസഫും എന്തിന്‌ ഡോ,ആസാദ്‌ പോലും മൂലമ്പള്ളിക്കാര്‍ക്ക്‌ വേണ്ടി കണ്ണീര്‍ പൊഴിക്കുമ്പോള്‍ മൂലമ്പള്ളിക്കാര്‍ക്ക്‌ കേവല നീതി നേടിക്കൊടുക്കാന്‍ വി.എസിലുള്ള സ്വാധീനം ഉപയോഗിക്കും എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?

B.R.P.Bhaskar said...

കിരണ്‍, മൂലമ്പള്ളിക്കാരുടെയും ചെങ്ങറയിലെ ഭൂരഹിതരുടെയുമൊക്കെ ചെലവില്‍ തന്നെ കണ്ണീര്‍ കാണണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്? സീരിയല്‍ കണ്ടാല്‍ പോരെ?

കിരണ്‍ തോമസ് തോമ്പില്‍ said...

BRP അത്‌ പത്തരമാറ്റ്‌ ചോദ്യം തന്നെയാണ്‌. അത്‌ തന്നെയാണ്‌ എന്റെ സംശയവും. ഒരിക്കാലും തീരാത്ത സമരങ്ങള്‍ കാണുമ്പോള്‍ ചില സംശയങ്ങള്‍

B.R.P.Bhaskar said...

പുതിയ അറിവൊ അഭിപ്രായമൊ അഭിവീക്ഷണമൊ കിട്ടാനുള്ള സാദ്ധ്യതയില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംവാദം തുടരുന്നതില്‍ അര്‍ത്ഥമില്ലല്ലൊ. അതുകൊണ്ട് ഈ വിഷയത്തില്‍ അവസാനവാക്ക് കിരണിന്റേതു തന്നെയാകട്ടെ.

IndianSatan.com said...

@മാണിക്യം
നാളേ നിങ്ങളും തെരുവില്‍ ആയി എന്ന് വരാം..........
പൊന്നും വില എന്ന പേരില്‍ നിങ്ങളുടേ വീടിനും സ്ഥലത്തിനും എന്തേങ്കിലും നക്കാപ്പിച്ചയും കിട്ടും.......

മൂലമ്പള്ളിക്കാര്‍ ആരും കൊള്ളക്കാരോ തീവ്രവാദികളോ കള്ളാപ്പണക്കാരോ ആയിരുന്നില്ല മാഷേ.......