Wednesday, February 18, 2009

ജോമോൻപുത്തൻപുരയ്ക്കലിന്റെ അഭയ കേസ് ഡയറി


ഏതാണ്ട് 17 വര്‍ഷങ്ങളായി കേരളമന:സാക്ഷിയുടെ മുന്നില്‍ ഒരു വലിയ ചോദ്യഛിഹ്നമായി നില്‍ക്കുകയാണ് സിസ്റ്റര്‍ അഭയ.

അഭയ 1992 മാര്‍ച്ച് 27ന് കൊല്ലപ്പെട്ടു. ആ കൊലപാതകത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് ജനങ്ങള്‍ വേഗം മനസ്സിലാക്കി. അതുകൊണ്ടാണ് മാര്‍ച്ച് 31ന് കോട്ടയത്തെ പൈകടാസ് കോളെജില്‍ ചേര്‍ന്ന യോഗം ഒരു ആക്ഷന്‍ കൌന്‍സിലിന് രൂപം നല്‍കിയത്. തൊഴില്‍രഹിതനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍(പടം മുകളിൽ) എന്ന 24കാരനെ യോഗം ഐകണ്ഠ്യേന കണ്‍‌വീനറായി തിരഞ്ഞെടുത്തു. അഭയയ്ക്ക് നീതിനേടിക്കൊടുക്കുന്നത് ജോമോന്‍ തന്റെ ജീവിത ദൌത്യമാക്കി. അവിവാഹിതനായ അദ്ദേഹം നാല്പത്തൊന്നാം വയസ്സിലും ആ ദൌത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജോമോന്‍ പ്രതിബദ്ധതയോടെ നടത്തിയ പ്രവര്‍ത്തനമാണ് ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിന്റെ അന്വേഷണം സി.ബി.ഐ.യുടെ കാഇകളിലെത്തിച്ചത്. അഭയ കൊല്ലപ്പെടുകയായിരുന്നെന്ന് ആദ്യം കണ്ടെത്തിയ സി.ബി.ഐ.ഉദ്യോഗസ്ഥന്‍ അത് ആത്മഹത്യയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മേലുദ്യോഗസ്ഥന് വഴങ്ങാതെ ജോലി ഉപേക്ഷിച്ചു. മറ്റൊരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ നടന്നത് കൊലപാതകമാണെങ്കിലും അതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്ന നിഗമനത്തിലെത്തി. പക്ഷെ ജോമോന്‍ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍, കഴിഞ്ഞ വര്‍ഷം, സംഭവം നടന്ന് 16 കൊല്ലത്തിനുശേഷം ആദ്യമായി രണ്ട് പാതിരിമാരും ഒരു കന്യാസ്ത്രീയും അഭയയെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ വിചാരണ ഇനിയും തുടങ്ങാനിരിക്കുകയാണ്.

ജോമോന്‍ ഏറെയും ആശ്രയിച്ചത് നീതിന്യായക്കോടതികളെയാണ്. കോടതികളുടെ ഫലപ്രദമായ ഇടപെടലുകളാണ് കേസ് മുന്നോ‍ട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സഹായകമായത്. പക്ഷെ എല്ലാ കോടതി ഇടപെടലുകളും ഗുണപ്രദമായിരുന്നില്ല. ജോമോനെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് പൌരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട കോടതിക്ക് തീരാക്കളങ്കമാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ‘അഭയ കേസ് ഡയറി’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരിക്കുന്നു. നാളെ ഔപചാരികമായി പ്രകാശനം ചെയ്യപ്പെടുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്. വില 120 രൂപ.

പ്രസാധകര്‍:
ഇന്ത്യ ബുക്സ്,
അംബുജവിലാസം,
മാതൃഭൂമി റോഡ്,
തിരുവനന്തപുരം 695035.

ഗ്രന്ഥകാരന്റെ മേല്‍വിലാസം:
ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍,
നീണ്ടൂര്‍ പി.ഒ., കോട്ടയം ജില്ല
പിന്‍ 686601
മൊബൈല്‍: 9447051250

2 comments:

Unknown said...

രാജ്യത്ത് ഒരു നൂറ് ജോമോന്‍ പുത്തന്‍‌പുരയ്ക്കല്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

ramachandran said...

ഒരു നൂറു പൂർണ ചന്ദ്രന്മാർ വാനിലുയരട്ടെ

ഇതു കൂടി വായിക്കണേ..ഒരു ബ്ലോഗറുടെ വിലാപമാണ്

http://kuzhoorwilson.blogspot.com/2007/05/blog-post.html