
കൊല്ലം അഞ്ചല്‍ സ്വദേശി റസൂല്‍ പൂക്കുട്ടി സൌണ്ട് മിക്സിങ്ങിനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയതോടെ, അടൂര്‍ ഗോപാലകൃഷ്ണനുശേഷം ഒരു മലയാളി സിനിമാ പ്രവര്‍ത്തകനുകൂടി അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു.
തമിഴ്, ഹിന്ദി സിനിമാ രംഗങ്ങളില്‍ സജീവ സാന്നിധ്യങ്ങളായ മലയാളി സംവിധായകരും ഛായാഗ്രാഹകരുമുണ്ട്. എന്നാല്‍ അടൂരല്ലാതെ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമ പ്രവര്‍ത്തകന്‍ നമുക്ക് ഇതുവരെ ഉണ്ടായിരുന്നില്ല.
പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യോഗ്യത നേടിയശേഷം മുംബായിലെത്തിയ റസൂല്‍ പൂക്കുട്ടി ഹിന്ദി സിനിമാ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഡാനി ബോയ്ല്‍ എന്ന ബ്രിട്ടീഷ് സംവിധായകനോടൊപ്പം സ്ലംഡോഗ് മില്യനേറില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ റസൂലിന്റെ പ്രതിഭ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടു.
റസൂലിന് മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടില്ല. എന്നാല്‍ ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന നോവലിനെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും ആനന്ദുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞതായി വായിച്ചു. ഇന്നല്ലെങ്കില്‍ നാളെ റസൂലില്‍നിന്ന് നല്ല മലയാള സിനിമ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.
താരങ്ങളുടെ ഭാരമില്ലാത്ത സ്ലംഡോഗ് മില്യനേറിന്റെ വമ്പിച്ച വിജയത്തില്‍ നിന്ന് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഉചിതമായ പാഠം പഠിക്കാന്‍ കഴിഞ്ഞാല്‍ സുപ്പര്‍താരങ്ങളുടെ തടവറയില്‍ കഴിയുന്ന മലയാള സിനിമയ്ക്ക് മോചനം ലഭിച്ചേക്കും.
No comments:
Post a Comment