Saturday, February 7, 2009

ബൂലോകത്തിൽ ലാവലിൻ

ലാവലിൻ ബൂലോകം ചുവപ്പിക്കുന്നതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രധാനമായും രണ്ട് ബ്ലോഗുകളിലേയ്ക്കാണ് റിപ്പോർട്ടർ ആശാ പി. നായർ ശ്രദ്ധ ക്ഷണിച്ചത്. രണ്ടും കഴിഞ്ഞ മാസം നിലവിൽ വന്നവ.

ഒന്ന് ലാവലിൻ കമ്പനിയുടെ പേര് ഉപയോഗിക്കുന്നു: http://snclavalin.blogspot.com.
ഇതിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ലാവലിൻ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഒപ്പിട്ട കരാറിന്റെ പൂർണ്ണ രൂപം ഇതിൽ കൊടുത്തിട്ടുണ്ട്. ഒരു അഭ്യുദയകാംക്ഷി സംഭാവന ചെയ്തതാണത്രെ അത്.

കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് കെ.എസ്.ഐ.ഡി.സി. ചെയർമാൻ പദവി വഹിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ. വിജയചന്ദ്രൻ എഴുതിയ ഒരു ലേഖനവും അവിടെ വായിക്കാം.

മറ്റൊന്ന് പിണറായി വിജയനെ പിന്തുണയ്ക്കാൻ തുടങ്ങിയതാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നു: http://supportpinarayi.blogspot.com

കെ.പി. നന്ദകുമാർ, കെ.എസ്.ജയമോഹൻ, ഡി. സജീവ്, ടി.കെ. സുരേഷ്, അജിത്ത് സുശീൽ എന്നിവരുടെ പിന്തുണയോടെ എസ്.എഫ്.ഐ. മുൻപ്രവർത്തകരായ രമാകാന്ത് ആർ, സി. ബിജോയ്, വിനോദ് എന്നിവർ ഈ ബ്ലോഗ് മാനേജ് ചെയ്യുന്നു.

പിണറായി വിജയനെ കുറിച്ച് അത് പറയുന്നു: “പിണറായി കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവിയാണ്. അദ്ദേഹമാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടയാൾ. പിണറായിക്കെതിരായ ആക്രമണത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആക്രമണമായി കാണണം. നമുക്കെല്ലാം നമ്മുടെ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്റെ പിന്നിൽ അണിനിരന്ന് അന്ത്യം വരെ പൊരുതാം.“

കാനഡയുടെ വിദേശ സഹായ പദ്ധതികൾ നിരീക്ഷിക്കുന്ന പ്രോബ് ഇന്റർനാഷനൽ എന്ന എൻ.ജി.ഒ.യുടെ വെബ്‌സൈറ്റിൽ കേരളത്തിലെ ലാവലിൻ അന്വേഷണം സംബന്ധിച്ച ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടുണ്ട്. നമ്മുടെ പത്രങ്ങളിൽ വന്ന വാർത്തകളെ ആശ്രയിച്ചുള്ളതാണത്. അതിൽ മലയാളിക്ക് കണ്ടെത്താവുന്ന ഒരേ ഒരു പുതിയ അറിവ് 1998ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രിവിശ്യയിലെ ഒരു പദ്ധതിയിൽ ലാവലിൻ കമ്പനി ഉൾപ്പെട്ടിരുന്നെന്നും അവർ ബേനസീർ ഭുട്ടോ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതായി ആരോപണം ഉയർന്നിരുന്നെന്നതും ആണ്.

ദാമോദരൻ എന്നൊരു ന്യൂമറോളൊജിസ്റ്റിന്റെ ബ്ലോഗിലും പിണറായി വിജയനും ലാവലിനും പരാമർശിക്കപ്പെടുന്നു. പിണറായിയുടെ ഭാഗ്യ നമ്പറുകൾ നിരത്തുന്ന ദാമോദരൻ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാദ്ധ്യതയില്ലെന്ന സൂചനയാണ് നൽകുന്നത്.

4 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ബൂലോഗത്തില്‍ ലാവലിനെ പറ്റി വിശദമായ ചര്‍ച്ച നടന്നു വരുന്ന മലയാളം ബ്ലോഗ് അങ്കിള്‍ എന്ന ബ്ലോഗ്ഗറുടെ സര്‍ക്കാര്‍ കാര്യം ബ്ലോഗ് ആണ്. ബഹുമാനപ്പെട്ട ബി.ആര്‍.പി.യ്ക്ക് അതിനെ പറ്റിയും ഇവിടെ പരാമര്‍ശിക്കാമായിരുന്നു.

B.R.P.Bhaskar said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് നന്ദി -- അങ്കിളിന്റെ ബ്ലോഗിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന്. ഈ വിഷയത്തില്‍ വളരെയധികം ചര്‍ച്ച അവിടെ നടക്കുന്നുണ്ട്.

വെട്ടുകിളി said...

നവകേരളയാത്ര എന്ന പേരില്‍ ഒരു ഡയറക്ടറി ബ്ലോഗ് ശ്രദ്ധയില്‍ പെട്ടിരുന്നു. പല ബ്ലോഗുകളിലായി വന്ന ലാവ്‌ലില്‍ സംബന്ധിയായ പോസ്റ്റുകളിലേക്കുള്ള ലിങ്ക് അവിടെ കാണാം.

suraj::സൂരജ് said...

കൊള്ളാവുന്ന ചര്‍ച്ച നടക്കുന്നത് അങ്കിളിന്റെ സര്‍ക്കാര്‍ കാര്യത്തിലും വര്‍ക്കേഴ്സ് ഫോറത്തിലും ആണ് എന്നാണ് ഈ വിഷയത്തെ കുറിച്ച് പലയിടത്തും വായിച്ചിട്ട് തോന്നിയത്.

ഇവിടെ ഭാസ്കര്‍ സാറിന്റെ ഈ പോസ്റ്റില്‍ അതു രണ്ടും ഒഴിച്ചുള്ള സകല സുനയും ലിങ്കിയിട്ടുണ്ട്. ഗ്രേയ്റ്റ് !
ഇതിന്റെ ഇടയ്ക്ക് ന്യൂമറോളജി ബ്ലോഗിനെ കൊണ്ട് ലിങ്കിയ ആ പത്രബുദ്ധിക്ക് ഒരു തങ്കത്താമ്രപത്രം തരണമെന്നുണ്ട്... ശരിക്കും പത്രധര്‍മ്മം എന്നു പറയുന്നത് ഇതാണ് !

എന്ത് മാങ്ങാത്തൊലിയായാലും മരമഞ്ഞളായാലും അതിന്റെ ജ്യോതിഷ-ന്യൂമറോളജിക്കല്‍-വാസ്തുശാസ്ത്ര ബന്ധം മണത്തെടുക്കണം. മണത്തെടുത്താല്‍ മാത്രം പോരാ, അത് നാട്ടാരുടെ മുന്നില്‍ പൊക്കിക്കാണിക്കുകേം വേണം !

ഇടമറുകിന്റെ ലേഖനം കൊടുക്കുന്ന അതേ പേജിന്റെ മൂലയ്ക്ക് തന്നെ "ധനാകര്‍ഷകഭൈരവയന്ത്ര"ത്തിന്റെ പറട്ട പരസ്യം കൊടുക്കുന്ന ഭയങ്കരമാന ബിസ്നസ് അക്യുമെന്‍ ചിതറിത്തെറിച്ച് സകലയിടത്തും വീണിട്ടുണ്ട്...ആശ്വാസം!

(ഭാഷ ക്ഷമിക്കുക. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് ഇനി കണ്ണാടി നോക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും)