Wednesday, February 4, 2009

ജല അതോറിറ്റി മഹാരാജാവിനെ കണ്ടെത്തുന്നു

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കേരള ജല അതോറിറ്റി കേരളത്തിന് ഒരു മഹാരാജാവിനെ കണ്ടെത്തിയിരിക്കുന്നു.

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് 75 കൊല്ലം തികയുമ്പോഴാണ്. ജല അതോറിറ്റിക്ക് അതിനുള്ള പ്രായം ആയിട്ടില്ല. അതിന്റെ ജനനത്തിനു മുമ്പ് സ്ഥാപിതമായ തിരുവനന്തപുരത്തെ വാട്ടര്‍ വര്‍ക്സിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് അത് ആഘോഷിക്കുന്നത്. വാടര്‍ വര്‍ക്സ് ഇപ്പോള്‍ കേരള ജല അതോറിറ്റിയുടെ കീഴിലാണ്. ആ സ്ഥിതിക്ക് ആഘോഷം സംഘടിപ്പിക്കാനുള്ള അര്‍ഹതയും അവകാശവും അതോറിറ്റിയ്ക്കുണ്ട്.

പത്രങ്ങളില്‍ കണ്ട ഉത്ഘാടനച്ചടങ്ങ് സംബന്ധിച്ച പരസ്യത്തില്‍ ജല അതോറിറ്റി അവതരിപ്പിച്ചിരിക്കുന്ന ‘ഹിസ് ഹൈനസ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‘ അതിന്റെ തന്നെ സൃഷ്ടിയാണ്. അങ്ങനെയൊരു മഹാരാജാവ് കേരളത്തിലില്ല.

കേരള സംസ്ഥാനം ഉണ്ടാകുന്നതിനുമുമ്പ്, തിരുവിതാംകൂറിലെ രാജഭരണകൂടമാണ് ഈ വാട്ടര്‍ വര്‍ക്സ് സ്ഥാപിച്ചത്. ആ നിലയ്ക്ക് ആഘോഷച്ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് തീര്‍ച്ചയായും ഉചിതം തന്നെ. പക്ഷെ അതിനായി അദ്ദേഹത്തെ മഹാരാജവാക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്. തിരുവതാംകൂറും കൊച്ചിയും സംയോജിപ്പിച്ചപ്പോള്‍ അദ്ദേഹം പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം അദ്ദേഹം ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. പക്ഷെ ബഹുമാന സൂചകമായി മഹാരാജാവ് എന്ന പദവിക്ക് അദ്ദേഹം തുടര്‍ന്നും അര്‍ഹനായിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ രാജപദവികളും പ്രിവി പഴ്സും നിര്‍ത്തലാക്കിയശേഷം രാജ്യത്ത് ഒരു രാജകുടുംബാംഗത്തിനും രാജാവെന്നൊ മഹാരാജാവെന്നൊ ഉള്ള പദവി ഇല്ല. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ആചാരപ്രകാരം കുടുംബനാഥനായി ചുമതലയേറ്റപ്പോള്‍ ശ്രീപത്മനാഭദാസന്‍ എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്.

തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചശേഷം സ്വയം സ്വീകരിച്ച സ്ഥാനപ്പേരാണ് ശ്രീപത്മനാഭദാസന്‍ എന്നത്.

2 comments:

chithrakaran ചിത്രകാരന്‍ said...

തിരുവനന്തപുരത്തെ ചില രാജ ഭക്തന്മാര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല !!!

അനാഗതശ്മശ്രു said...

ജല അതോറിറ്റിയുടെ എം ഡി പെന്‍ ഷന്‍ പറ്റി ക്കഴിഞ്ഞിട്ടും കോണ്‍ ട്രക്റ്റ്‌ അടിസ്ഥാനത്തില്‍ സ്ഥാനത്തു തുടരുന്ന
വലിയ ആര്‍ എസ്‌ പി ഭക്തന്‍ ആണെന്ന കാര്യവും വിസ്മരിച്ചു കൂടാ...
പാര്‍ട്ടിക്കു ഏറ്റവും കൂടുതല്‍ കാശ്‌ പിരിച്ചു കൊടുക്കുന്ന എഞ്ചിനീയര്‍ ക്കു സം വരണം എന്ന പേരില്‍ പി എസ്‌ സി പരസ്യം വന്നാലും മലയാളി ഇളിച്ചോണ്ട്‌ മത്സരിച്ചു രാഷ്ട്രീയം പറയും.. വോട്ട്‌ ചെയ്യും..