Tuesday, February 3, 2009

മലേഷ്യയിലെ രാജാ പരമേശ്വരി

കേരളത്തിലെ ഒരു മന്ത്രി ഏതാനും വർഷങ്ങൾക്കുമുമ്പ് നിലവിളക്ക് കത്തിച്ചുകൊണ്ട് ഒരു ചടങ്ങ് ഉത്ഘാടനം ചെയ്യാൻ വിസമ്മതിക്കുകയുണ്ടായല്ലൊ. അതിന് അദ്ദേഹം പറഞ്ഞ കാരണം അത് തന്റെ മതവിശ്വാസത്തിന് യോജിച്ചതല്ലെന്നാണ്. നിലവിളക്ക് കത്തിക്കുന്നത് ഹിന്ദുമതാചാരമാണെന്ന ധാരണയാണ് അങ്ങനെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നിലവിളക്ക് കത്തിക്കൽ ഹിന്ദുമതാചാരത്തിനേക്കാൾ ഒരു കേരളീയാചാര്യമാണെന്ന് കരുതാൻ ന്യായമുണ്ട്. അത് ഹിന്ദു ആചാരമായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം മറ്റ് മതാനുയായികൾ ആ ആചാരം ഉപേക്ഷിച്ചതാണ്. കേരളത്തിലെ പുരാതനമായ ഓർത്തൊഡോക്സ് ക്രൈസ്തവ പള്ളികളിലും ആദ്യ മുസ്ലിം പള്ളിയിലും വിളക്ക് കൊളുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. തദ്ദേശീയ രീതികൾ ഉപേക്ഷിച്ച് അവർ മറ്റ് നാടുകളിലുള്ള തങ്ങളുടെ മതസ്ഥരുടെ രീതികൾ സ്വീകരിച്ചതോടെയാണ് അത് ഹിന്ദു രീതിയായി മാറിയത്. പോർച്ചുഗീസുകാരുടെ വരവോടെയാണ് പൌരസ്ത്യരീതികൾ പിന്തുടർന്നിരുന്ന ഓർത്തൊഡോക്സ് ക്രൈസ്തവർ പാശ്ചാത്യരീതി സ്വീകരിച്ചുതുടങ്ങിയത്. കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി അറബിരീതിയിൽ പുതുക്കി പണിതത് അടുത്തകാലത്ത് മാത്രമാണ്.

ഇത്തരം മാറ്റങ്ങളെ പ്രശ്നവത്കരിക്കേണ്ട ആവശ്യമില്ല. അതേസമയം മതത്തെയും സംസ്കാരത്തെയും വേർതിരിച്ചുകാണാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ലെന്നത് ശ്രദ്ധയർഹിക്കുന്നു. ഇന്തൊനേഷ്യയും മലയേഷ്യയും ആ കഴിവ് നന്നായി പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ്.

ഇന്ദിരാ ഗാന്ധിയോടൊപ്പം പത്രപ്രനിധിയെന്ന നിലയിൽ 1969ൽ ഇന്തൊനേഷ്യ സന്ദർശിച്ചപ്പോൾ അവിടത്തെ പരമ്പരാഗത രാമായണ നാടകാവതരണം കാണാൻ എനിക്ക് അവസരമുണ്ടായി. അഭിനേതാക്കളെല്ലാം മുസ്ലിങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം രാമായണത്തിന് മതവുമായി ഒരു ബന്ധവുമില്ല. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രാമകഥ ജൈനബൌദ്ധ പാരമ്പര്യങ്ങളുടെയും ഭാഗമാണ്. വൈദികസമൂഹം അതേറ്റെടുത്ത് അവരുടെ താല്പര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഉപയോഗിച്ചതിന്റെ ഫലമായാണ് അത് ഹിന്ദുമതത്തിന്റെ ഭാഗമായത്.
മല്യേഷ്യയുടെ രാഷ്ട്രത്തലവന്റെ ഔദ്യോഗിക സ്ഥാനപ്പേര് യാങ് ഡി പെർത്വാൻ അഗോങ് (Yang di Pertuan Agong) എന്നാണ്. പല സുൽത്താൻമാരുടെ കീഴിലായിരുന്ന രാജ്യങ്ങൾ ഒന്നിച്ചുവന്നാണ് 1957ൽ മല്യേഷ്യക്ക് രൂപം നൽകിയത്. സുൽത്താന്മാർ അവരിലൊരാളെ നിശ്ചിതകാലത്തേയ്ക്ക് രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുന്നു. ആ കാലയളവിൽ ആ സുൽത്താൻ യാങ് ഡി പെർത്വാൻ അഗോങ് എന്നറിയപ്പെടുന്നു.
പുതിയ രാഷ്ട്രം ഉടലെടുത്ത് ഏറെ കഴിയുംമുമ്പ് ഒരു പ്രശ്നം ഉയർന്നുവന്നു. രാഷ്ട്രത്തലവന്റെ ഭാര്യയെ എന്തു വിളിക്കും? രാജാവൊചക്രവർത്തിയൊ ആണെങ്കിൽ രാജ്ഞിയെന്നും ചക്രവർത്തിനിയെന്നും പറയാം. ഈ പ്രശ്നം ആദ്യം നേരിട്ട രാജ്യം അമേരിക്കൻ ഐക്യനാടുകളാണ്. അവർ പ്രസിഡന്റിന്റെ ഭാര്യയെ പ്രഥമ വനിത (First Lady) ആക്കി പ്രശ്നം പരിഹരിച്ചു. മല്യേഷ്യൻ അധികൃതർ പണ്ഡിതന്മാരടങ്ങിയ ഒരു സമിതിയോട് യാങ് ഡി പെർത്വാൻ അഗോങ്ങിന്റെ ഭാര്യയ്ക്ക് ഉചിതമായ സ്ഥാനപ്പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലുമൊക്കെ തിരഞ്ഞ പണ്ഡിതന്മാർ ഒരു പേര് കണ്ടെത്തി: പരമേശ്വരി. പൂർണ്ണരൂപം രാജാ പരമേശ്വരി അഗോങ് (Raja Permaisuri Agong) എന്ന്. മലേഷ്യക്കാർക്ക് പരമേശ്വരി മതത്തിന് നിരക്കാത്തതാണെന്ന് തോന്നിയില്ല.

ഇപ്പോഴത്തെ പരമേശ്വരിയുടെ ഫോട്ടൊയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പൂർണ്ണ നാമം: രാജാ പരമേശ്വരി അഗോങ് ത്വാങ്കു നൂർ സഹീറ

2 comments:

Manikandan said...

Interesting :)

യൂനുസ് വെളളികുളങ്ങര said...

അറിവിന്റെ വെളിച്ചം പരത്തിയതിന്‌ നന്ദി