Sunday, February 1, 2009

പത്രപരസ്യം ആഘോഷത്തിന് കൂടുതൽ മാധുര്യം നൽകുമോ?

“പ്രിയപ്പെട്ടവരുടെ ആഘോഷങ്ങൾക്ക് ഇനി ഇരട്ട മാധുര്യം”. ബന്ധുക്കൾക്ക് ജന്മദിനത്തിലും വിവാഹവാർഷികത്തിലും പത്രപരസ്യത്തിലൂടെ ആശംസകൾ അറിയിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പത്രത്തിന്റെ അവകാശവാദമാണിത്.

ഓരോ ഞായറാഴ്ചയും ഒരു പേജ് നിറയ്ക്കാനുള്ള പരസ്യങ്ങൾ അത് ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. ഏറെയും എഴുത്തും വായനയും തുടങ്ങിയിട്ടില്ലാത്ത കുരുന്നുകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അച്ഛനമ്മമാർ നൽകുന്ന പരസ്യങ്ങളാണ്. കുട്ടിയുടെ സ്റ്റാമ്പ് സൈസ് പടത്തോടെയുള്ള പരസ്യം ആഘോഷത്തിന്റെ മാധുര്യം എങ്ങനെയാണ് കൂട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പത്രത്തിന്റെ ഉടമസ്ഥർക്ക് ആഘോഷിക്കാനുള്ള വക അത് തീർച്ചയായും നൽകുന്നുണ്ട്.

ഇന്ന് പത്രത്തിൽ കണ്ട വിവാഹവാർഷിക പരസ്യങ്ങളിൽ ഒന്ന് 75 വർഷവും മറ്റൊന്ന് 61 വർഷവും രണ്ടെണ്ണം 50 വർഷവും തികയ്ക്കുന്ന ദമ്പതികളുടേതാണ്. അവർക്കിടയിൽ കർത്താവിന്റെ ഒരു മണവാട്ടിയും. കുടുംബാംഗങ്ങൾ മഠത്തിൽ ചേർന്ന ബന്ധുവിന് സഭാസേവനത്തിന്റെ അമ്പതാം വാർഷികത്തിൽ ആശംസകൾ അർപ്പിക്കുന്നു.

വാൽക്കഷണം
(മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ സി. ഹരികുമാർ എഴുതിയ ലേഖനത്തിൽനിന്ന്)

പിണറായി വിജയന് യൂത്ത് കോൺഗ്രസ് തസ്കരശ്രീ അവാർഡ് നൽകുന്നു – വാർത്ത.

കമന്റ്: കെ. കരുണാകരൻ, എം.പി.ഗംഗാധരൻ, ആർ.ബാലകൃഷ്ണപിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

1 comment:

K.V Manikantan said...

ഹ ഹ ഹ (കമന്റിനു)