Tuesday, February 17, 2009

ഉന്നതന്മാരും അവരുടെ സന്തതികളും

ഫെബ്രുവരി 6ന് കാസര്‍കോട് എം.എല്‍.എ. സി.കെ. കുഞ്ഞമ്പുവിന്റെ മകളെ മംഗലാപുരത്തേയ്ക്ക് ബസില്‍ പോകുമ്പോള്‍ ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ദ് ഹിന്ദു പത്രത്തില്‍ അടുത്ത ദിവസം വന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു:

“ഒരു എം.എല്‍.എ.യുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍, സാധാരണക്കാരന്റെ കാര്യം എന്താകും” എന്ന് അദ്ദേഹം ചോദിച്ചു.

(MLA’s daughter kidnapped, freed എന്ന തലക്കെട്ടിലുള്ള വാര്‍ത്ത കാണുക)

അത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു. ആ സന്ദര്‍ഭത്തില്‍ അത് ഉന്നയിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ട് അത് എഴുതുകയൊ പറയുകയൊ ചെയ്തില്ല. ഇപ്പോള്‍ ആ ചോദ്യം ഉന്നയിക്കാമെന്ന് തോന്നുന്നു.

ചോദ്യം ഇതാണ്: എം.എല്‍.എ.യുടെ മകള്‍ എങ്ങനെയാണ് സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ പരിഗണനയ്ക്ക് അര്‍ഹയാകുന്നത്?

കുഞ്ഞമ്പുവിന്റെ മകള്‍ക്ക് നേരേ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ഫെബ്രുവരി 7ന് സി.പി.എം. പോളിറ്റ്ബ്യൂറോ ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. “കേരളത്തിലെ സി.പി. എം. എം.എല്‍.എ.യുടെ മകള്‍ക്കെതിരെ മംഗലാപുരത്ത് നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു“ എന്ന് പറഞ്ഞുകൊണ്ടാണ് അത് തുടങ്ങുന്നത്. (പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പോയി Statementsല്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്താവനയുടെ പൂര്‍ണ രൂപം കാണാം.)

കേരളത്തിലെ മൂന്ന് ലക്ഷത്തില്‍പരം സാധാരണക്കാരായ പാര്‍ട്ടി അംഗങ്ങളില്‍ ഒരാളിന്റെ മകള്‍ക്കായിരുന്നു ഇത്തരത്തിലുള്ള അനുഭവമുണ്ടായതെങ്കില്‍ പോളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കുമായിരുന്നൊ?

എം.എല്‍.എയുടെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ടെങ്കില്‍തന്നെ അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമല്ലേ ഉള്ളൂ? മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്കും അത് നീട്ടാനാകുമോ?

നമ്മുടെ രാജ്യത്ത് 750ല്‍ പരം പാര്‍ലമെന്റംഗങ്ങളും 4,100ല്‍ പരം എം.എല്‍.എ.മാരുമുണ്ടെന്നോർക്കുക.

തങ്ങള്‍ ദിവ്യഗണത്തില്‍ പെടുന്നെന്ന ധാരണ ചില രാഷ്ട്രീയ നേതാക്കളുടെ, പ്രത്യേകിച്ച് വിപ്ലവകക്ഷി നേതാക്കളുടെ, മനസ്സില്‍ ഉറച്ചിരുക്കുന്നെന്നതിന് വേറെയും തെളിവുകളുണ്ട്. കുഞ്ഞമ്പുവിന്റെ മകള്‍ ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസമൊ മറ്റൊ ആണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഡോ. രമണി ഒരു മജിസ്ട്രേട്ടിനോടും മാധ്യമങ്ങളോടും രണ്ട് മന്ത്രിമാരുടെ മക്കള്‍ക്ക് കേസിനാസ്പദമായ ബിസിനസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ പ്രതികരിച്ചു: പ്രതി രക്ഷപ്പെടാനായി ‘ഉന്നതരുടെ’ പേരു വിളിച്ചുപറയുന്നു.

മംഗലാപുരത്ത് നടന്നത് ഒരു പെണ്‍കുട്ടിയ്ക്കെതിരെയുള്ള (ആണ്‍കുട്ടിയ്ക്കും) ഹീനമായ ആക്രമണമാണ്. ഇത്തരം സംഭവങ്ങളില്‍ നിയമപ്രകാരം നടപടിയെടുക്കാനുള്ള കടമ അധികൃതര്‍ക്കുണ്ട്. അക്രമിയുടെയും ഇരയുടെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പദവിക്ക് ഇക്കാര്യത്തില്‍ പ്രസക്തിയില്ല.

33 comments:

Unknown said...

സത്യത്തില്‍ ആ വാര്‍ത്ത അന്ന് രാവിലെ ഹിന്ദുവില്‍ വായിച്ച ഉടനെ തന്നെ എന്റെ മനസ്സിലും ഉയര്‍ന്ന ചോദ്യം ഇത് തന്നെയാണ്. പൌരബോധമുള്ള ആരുടെ മനസ്സിലും ഈ ചോദ്യം ഉയരുക സ്വാഭാവികം. ഒരു എം.എല്‍.ഏ.യും സാധാരണക്കാരും തമ്മില്‍ ഇത്രമാത്രം അന്തരമോ? സാധാരണക്കാരില്‍ നിന്ന് വിഭിന്നമായി എം.എല്‍.ഏ.മാര്‍ക്ക് നിയമസഭയ്ക്ക് പുറത്ത് അധികമായ അവകാശാധികാരങ്ങളുണ്ടോ?

എന്നാല്‍ എല്ലാവര്‍ക്കുമറിയാം. നേതാക്കന്മാര്‍ തങ്ങളെ ജനങ്ങളുടെ യജമാനന്മാര്‍ എന്നാണ് കരുതുന്നതെന്ന്. ജനങ്ങളും അത് അംഗീകരിക്കുന്നുണ്ട്. ഒരു നേതാവിനെ സമീപിക്കുമ്പോള്‍ തല ചൊറിഞ്ഞുപോകാത്ത എത്ര പേരുണ്ട് നാട്ടില്‍? ഇതൊരു അഖിലേന്ത്യാ പ്രതിഭാസമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഈ മനോഭാവം കൂടുതലാണെന്ന് കാണാം. പാര്‍ട്ടി നേതാക്കളും(അവര്‍ എത്ര താഴെത്തട്ടിലുള്ള കമ്മറ്റിയുടേതായാലും) സാധാരണക്കാരും തമ്മിലുള്ള ബന്ധം ഇന്നും മേലാള-കീഴാള ബന്ധമാണ്.

എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാം. കമന്റ് നീണ്ടുപോവുകയാണെങ്കില്‍ ക്ഷമിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പിണറായിയില്‍ ഒരു വിവാഹത്തിന് പന്തലില്‍ ഇരിക്കുകയാണ് ഞാനും. പൊടുന്നനെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ നില്‍ക്കുന്നു.ഇന്നത്തെ സംസ്ഥാനസെക്രട്ടരി അന്ന് ജില്ലാ നേതാവ് മാത്രമായിരുന്നു.അദ്ദേഹവും പരിവാരങ്ങളും കടന്നു വരുന്നത് കൊണ്ടാണ് വൃദ്ധന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നത്. ഞാന്‍ മാത്രം എഴുന്നേറ്റില്ല. പൊതുസദസ്സില്‍ നേതാക്കളെ എഴുന്നേറ്റ് ബഹുമാനിക്കുന്ന സ്വഭാവം എനിക്കില്ലാത്തത്കൊണ്ടായിരുന്നു അത്. രംഗം പൊതുവേ വീക്ഷിച്ച നേതാവ് എന്നെയൊന്ന് നോക്കി. ഇവനാരെടായെന്ന മട്ടിലുള്ള ആ നോട്ടത്തില്‍ ക്രൂദ്ധത നിഴലിച്ചതായി എനിക്ക് തോന്നി. മറ്റൊരു അനുഭവം ഒരു മരണവീട്ടിലായിരുന്നു, പഞ്ചായത്ത് പ്രസിഡണ്ട് എഴുന്നള്ളുമ്പോള്‍ ഞാന്‍ മാത്രം എഴുന്നേല്‍ക്കാത്തത് ഗൃഹനാഥന് വിഷമം ഉണ്ടെന്ന് മനസ്സിലാക്കി ഞാന്‍ വേഗം എഴുന്നേറ്റ് സ്ഥലം കാലിയാക്കി.

ഇത് ഇവിടെ എടുത്ത് പറയാന്‍ കാരണം ഇപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല എന്നത് കൊണ്ടാണ്. ആനയ്ക്ക് തന്റെ ശക്തി അറിയില്ല എന്നത് പോലെയാണ് ജനത്തിന്റെ കാര്യം. ഒരുത്തന്‍ നേതാവായല്‍ പിന്നെ അവന്‍ തന്റെ ഉടമയാണ് എന്ന ജന്മിത്വബോധമാണ് സാദാ പൌരന്റെ മനസ്സില്‍. താന്‍ ജന്മിയാണെന്നാണ് നേതാവിന്റെയും മനസ്സില്‍. നേതാക്കളുടെ ശരീരഭാഷയില്‍ നിന്ന് പോലും ആ ധാര്‍ഷ്ട്യം വായിച്ചെടുക്കാന്‍ പറ്റും. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആരും ഇന്നും ചോദിക്കുന്നില്ല. ഒരു സാദാ പോലീസ് കോണ്‍സ്റ്റബിളിനെ പോലും ആളുകള്‍ക്ക് ഇന്നും ഭയമാണ്. ലോക്കല്‍ നേതാവിന്റെ കൂടെയേ ഒരു സാധാരണക്കാരന്‍ ഇന്നും പോലീസ് സ്റ്റേഷന്റെ പടി കയറൂ. ഈയൊരു ഭയബഹുമാനങ്ങള്‍ നമ്മുടെ നേതാക്കള്‍ ആവോളം ആസ്വദിക്കുമുണ്ട്.

പല നേതാക്കളും സാധാരണ കുടുംബങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരുന്നത്. ഒച്ച വെച്ച് സംസാരിക്കാനും അങ്ങനെ മൈക്കിന്റെ മുന്‍പില്‍ നിന്ന് സഭാകമ്പമില്ലാതെ പ്രസംഗിക്കാനുമുള്ള ഒരേയൊരു കഴിവ് മാത്രമാണ് ഇവരെ നേതൃപദവിയില്‍ എത്തിക്കുന്നത്. അങ്ങനെ എത്തിപ്പെടുന്നവര്‍ക്ക് സ്വതസിദ്ധമായി അബോധമനസ്സിലുള്ള അപകര്‍ഷതാബോധം കോമ്പന്‍സേറ്റ് ചെയ്യാനാണ് ഇമ്മാതിരി മാടമ്പിത്തരം പ്രകടിപ്പിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഈ പ്രവണതയില്‍ ഏറ്റക്കുറച്ചിലോടെ എല്ലാ രാഷ്ട്രീയക്കാരും ഒരേ കണക്കാണ്.

ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് വേണം പ്രസ്തുത എം.എല്‍.ഏ.യുടെ ചോദ്യം വിലയിരുത്താന്‍. സാധാരണക്കാര്‍ക്ക് സംഭവിക്കുന്നതൊന്നും തങ്ങള്‍ക്ക് സംഭവിക്കരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. എന്നിട്ട് ഇതാണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എങ്കില്‍ സാധാരണക്കാരുടെ ഗതിയെന്ത് എന്ന് വിലപിക്കുന്നു. സാധാരണക്കാരോടുള്ള സഹതാപമാണ് അതില്‍ പ്രത്യക്ഷത്തില്‍ പ്രതിഫലിക്കുന്നത് എങ്കിലും പരോക്ഷമായി തങ്ങളുടെ സവിശേഷാവകാശങ്ങള്‍ ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിക്കുന്ന ധിക്കാരമാണത്.

subid said...

യോജിക്കുന്നു.

ramachandran said...

താങ്കൾ പറഞ്ഞുവല്ലോ? “ചോദ്യം ഇതാണ്: എം.എൽ.എ.യുടെ മകള്‍ എങ്ങനെയാണ് സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ പരിഗണനയ്ക്ക് അര്‍ഹയാകുന്നത്?”

ആ ചോദ്യം താങ്കൾ ചോദിക്കേണ്ടത് ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോടാണ് ..MLA’s daughter kidnapped, freed എന്നായിരുന്നുവല്ലോ താങ്കൾ തന്നെ നൽകിയ ലിങ്കിന്റെ തലക്കെട്ട് ? മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പട്ടി മനുഷ്യനെ കടിച്ചാൽ അത് വാർത്തയല്ല ..മറിച്ച് മനുഷ്യൻ പട്ടിയെ കടിക്കുമ്പോഴാണത് വാർത്തയാകുന്നത്? ശരിയല്ലേ? വൈദ്യരേ ആദ്യം സ്വയം ചികിത്സിക്കൂ ..അതല്ലേ അതിന്റ് ഒരു ശരി?..

:)

എം എൽ എ യുടെ മകൾക്ക് പ്രത്യേകിച്ച് അവകാശങ്ങളൊന്നുമില്ല എന്നത് ഇന്ത്യൻ ഭരണഘടന വായിച്ചു നോക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതേയുള്ളൂ.. പരിഗണന വേണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടും ഇല്ലല്ലോ? സാധാരണ നടക്കാത്ത ഒരു കാര്യം നടക്കുമ്പോൾ ( എം എൽ എ യുടെ മകൾ മാത്രമല്ല പോലീസുദ്യോഗഥന്റെയോ വക്കീലിന്റെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ പത്ര പ്രവർത്തകന്റെറ്യോ മകളായാലും ) ഏതൊരു വ്യക്തിയും ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കാറില്ലേ?

പത്ര വാർത്തയിൽ ഇങ്ങനെയാണ്

Mr. Kunhambu blamed the BJP government in the State for letting vigilante groups unleash a reign of terror.

“If this can happen to the daughter of an MLA, what about the common man,” he asked.

ഈ രണ്ടു വരികളൂം ഒരുമിച്ചല്ലേ വായിക്കേണ്ടത്? വാർത്തയിലും അങ്ങനെ തന്നെയല്ലേ? ഒന്നിന്റെ തുടർച്ചയായല്ലേ മറ്റേത്? അതിനെ ഒറ്റയ്ക്കെടുത്തു ഉദ്ധരിക്കുന്നതിലും ഒരല്പം കുരുട്ടു ബുദ്ധിയില്ലേ? ആ വാർത്തയിലെവിടെയെങ്കിലും എം എൽ എ തന്റെ മകൾക്ക് വിശേഷാധികാരങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടോ? കർണാടകയിൽ ശ്രീരാമചന്ദ്രന്റെ പേരിൽ കുറെ ആളുകൾ തന്തയില്ലാത്തരം കാണിക്കുന്നതിനെതിരെയല്ലേ താങ്കളുടെ / മാധ്യമ പ്രവർത്തകന്റെ ശ്രദ്ധ തിരിയേണ്ടത്?

എന്തായാലും ഇങ്ങനൊക്കെ വ്യാഖ്യാനിച്ച് എം എൽ എ യുടെ മകൾക്ക് എന്തോ പ്രതേക അവകാശമുണ്ടെന്ന് പാർട്ടി വിശ്വസിക്കുന്നു എന്നൊക്കെ വ്യാഖ്യാനിക്കാൻ അസാമാന്യ ജാഗ്രത താങ്കൾ പുലർത്തുന്നുവെന്ന് പറയാതെ വയ്യ. എന്തായാലും താങ്കള്‍ ആവശ്യമുള്ളത് മാത്രം എടുത്ത് വളച്ചൊടിച്ച് അവതരിപ്പിച്ച സ്റ്റേറ്റ്മെന്റില്‍ ഇങ്ങനെയാണ് പറയുന്നത്.

The CPI(M) strongly condemns the violence against the school going daughter of a Kerala CPI(M) MLA, in Mangalore. The violence included forcible abduction from a public bus, confinement, physical beating, humiliation, threats. Alongwith her a young Muslim man who was traveling on the same bus and who was a brother of a school classmate was further targeted. It is the fascistic agenda of the sangh parivar and the Hindutva brigade targeting minorities and women’s rights in the name of culture which has spawned such criminal elements. They act with impunity because of the patronage if not connivance of the BJP-led government of Karnataka. It has not only refused to book such elements and proscribe their organisation under the Unlawful Prevention of Activities Act in spite of repeated attacks, but which has provided justification for their criminal acts as in the case of the assault on young women in a Mangalore pub.

The Karnataka government must be forced to act. The Central government is duty bound to ensure that women and minorities are protected in Karnataka.

അതിലെ ഒരു വരി ഒന്നു കൂടി എടുത്തെഴുതുന്നു.

The Central government is duty bound to ensure that women and minorities are protected in Karnataka.

ഇതിലെ സ്ത്രീകളും ന്യൂനപക്ഷങ്ങളും എം.എല്‍.എമാരുടെ പെണ്മക്കളും കൊച്ചുപെണ്‍മക്കളുമാണോ? കണക്കെടുത്താല്‍ 750 എം.പി.മാരും 4100 എം.എല്‍.എ മാരുമല്ലെ ഉള്ളൂ.

ദേശവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ദേശവ്യാപകമായിത്തന്നെ പ്രസ്താവനകളും വരും ചില വിഷയങ്ങളിലെ മറുപടികള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെടും എന്നതിനാല്‍ ആശയപ്രചരണത്തിനുള്ള അവസരമായും ഇതിനെ ഉപയോഗിക്കും. അതല്ലാതെ എം.എൽ‍.എയുടെ മകളുടെ മാനത്തിനു കൂടുതല്‍ വിലയുണ്ട് എന്നതുകൊണ്ടൊന്നുമല്ല. താങ്കള്‍ക്കിത് അറിയാഞ്ഞിട്ടല്ല എന്നറിയാം.

മന്ത്രിമാരുടെയോ എം.എൽ.എ/എം.പിമാരുടെയോ ഒക്കെ മക്കള്‍ നിയമത്തിനതീതരായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ തീര്‍ച്ചയായും നടപടി വേണം. സംശയമൊന്നുമില്ല. പക്ഷെ തട്ടിപ്പ് കേസുകളിലെ പ്രതികൾ ഒരു തെളിവുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ നിന്നു പറയുന്നതൊക്കെ പൊക്കിപ്പിടിച്ച്, ഇടതുപക്ഷത്തിനെതിരെ ആരെന്ത് പറഞ്ഞാലും തെളിവുപോലും ചോദിക്കാതെ അതൊക്കെയങ്ങ് “വിശ്വസിച്ച്“ മറ്റുള്ളവരുടെ മേല്‍ കുതിര കയറുന്നത് ( താങ്കൾക്ക് വേണമെങ്കിൽ അങ്ങനെയുള്ളവർ പറയുന്നത് വെള്ളം ചേർക്കാതെ വിഴുങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്) ശരിയല്ലെന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം.

കമന്റു ‘നീണ്ടു’ എന്നു പറഞ്ഞ് , ഇനി ഒന്നും പറയാനില്ല/ ഉണ്ടാവില്ല എന്നു വിശ്വസിച്ച് വിരമിക്കുന്ന കലാപരിപാടി തുടരില്ല എന്നു പ്രതീക്ഷിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശ്രീ രാമചന്ദ്രൻ പറഞ്ഞതിനോടു ഞാൻ 100% യോജിയ്ക്കുന്നു.രാവിലെ തന്നെ ഈ മറുപടി എഴുതണം എന്നു കരുതിയിരുന്നെങ്കിലും ജോലിത്തിരക്കു മൂലം കഴിഞ്ഞില്ല.എന്നാലും ഇത്തരം പോസ്റ്റുകൾക്ക് മറുപടി എഴുതിയില്ലെങ്കിൽ നമ്മളോടു തന്നെ ചെയ്യുന്ന വഞ്ചന ആയിപ്പോകും.

കുറച്ചു വർഷങ്ങൾക്കു മുൻ‌പ് ശ്രീ മുഫ്ത്തി മുഹമ്മദ് സെയ്തിന്റെ മകളെ കാശ്മീർ ഭീകരർ തട്ടിക്കൊണ്ടു പോയപ്പോൾ അന്നു ഭീകരരെ വിട്ടുകൊടുത്ത് സർക്കാർ പ്രശ്നം പരിഹരിച്ചു.അന്നെന്തായിരുന്നു അവർക്കു ഇത്ര പ്രത്യേകത? ബാബു ഭാസ്കർ സാറും, അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായി ആയ സുകുമാരൻ ചേട്ടനും അത്തരം കാര്യങ്ങൾ ഒന്നും അറിഞ്ഞതായി ഭാവിയ്ക്കാറെ ഇല്ല.കാരണം അവരുടെ ലക്ഷ്യം സി.പി.എമ്മിനിട്ട് എങ്ങനെയൊക്കു താങ്ങാം എന്നതു മാത്രമാണ്.ശ്രീരാമ സേന ചെയ്യുന്ന/ചെയ്ത/ ചെയ്തുകൊണ്ടിരിയ്ക്കുന്ന വൃത്തികേടുകൾക്ക് എതിരെ ഒരക്ഷരം പറയാൻ ഇവരെപ്പോലെയുള്ളവരുടെ പേന ചലിയ്ക്കില്ല.അവിടെയും കുറ്റം ‘വിപ്ലവപാർട്ടി”യ്ക്.ശ്രീ.രാമചദ്രൻ ചൂണ്ടിക്കാട്ടിയ വസ്തുതകൾക്ക് എന്തു മറുപടി പറയാനുണ്ട് നിങ്ങൾക്കു?

എന്തു കേസ് വന്നലും അതിലെല്ലാം മന്ത്രി പുത്രന്മാർ ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് ഒരു ഹോബിയാണ്.കവിയൂർ കേസിലും പറഞ്ഞു കേട്ടു..ഉണ്ടെങ്കിൽ എന്താ സി.ബി.ഐ അവരെ അറസ്റ്റ് ചെയ്യാത്തെ? സി.ബി.ഐ എന്തായാലും കോടിയേരിയുടെ കൈയിൽ അല്ലല്ലോ..തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിയ്ക്കപ്പെടണം..ആരും ആരേയും സംരക്ഷിയ്ക്കുന്നില്ല.

എവിടെ എന്തു പ്രശ്നം ഉണ്ടായാലും അതൊക്കെ സി.പി.എമ്മിന്റെ തലയിൽ ചാർത്തികൊടുക്കാമോ എന്നു നോക്കുന്ന ഒരു സംഘം ഇവിടെ ഉണ്ട്..അതിലൊരാളാണു ഭാസ്കർസാർ.അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധൻ..അതിനു പറ്റിയ കമ്പനി ആണു സുകുമാരൻ ചേട്ടൻ....!

( സുകുമാരൻ ചേട്ടാ...താങ്കളുടെ കമ്മ്യൂണിസ്റ്റ് വിരോധം എല്ലാവർക്കും അറിയാം.ഒരു കാര്യം പറയട്ടെ, ഒരു സദസ്സിലിരിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയോ, എം.എൽ.എ യോ ഒക്കെ വന്നാൽ ഒന്നു എഴുനേറ്റ് നിന്നു എന്നു വച്ചു ഒന്നും നഷ്ടപ്പെടാനില്ല.അങ്ങനെ ചെയ്തു എന്നു കരുതി ആരും അടിമത്ത മനോഭാവം കാണിയ്ക്കുന്നുമില്ല.ഇതൊക്കെ താങ്കളെപ്പോലെയുള്ളവരുടെ ജീർണ്ണിച്ച മനസ്സിന്റെ തോന്നലാണ്.എന്തെങ്കിലും കാര്യ സാദ്ധ്യം വേണമെങ്കിൽ ഇതേ ആൾക്കാരുടെ മുന്നിൽ താങ്കളെപ്പോലുള്ളവർ ഓച്ഛാനിച്ചു നിൽ‌ക്കുകയും ചെയ്യും എന്ന് ഓർക്കുമ്പോളാണു ചിരി വരുന്നത്)

പിന്നെ താഴെയുള്ള വരികൾ നോക്കുക

“ഒച്ച വെച്ച് സംസാരിക്കാനും അങ്ങനെ മൈക്കിന്റെ മുന്‍പില്‍ നിന്ന് സഭാകമ്പമില്ലാതെ പ്രസംഗിക്കാനുമുള്ള ഒരേയൊരു കഴിവ് മാത്രമാണ് ഇവരെ നേതൃപദവിയില്‍ എത്തിക്കുന്നത്. അങ്ങനെ എത്തിപ്പെടുന്നവര്‍ക്ക് സ്വതസിദ്ധമായി അബോധമനസ്സിലുള്ള അപകര്‍ഷതാബോധം കോമ്പന്‍സേറ്റ് ചെയ്യാനാണ് ഇമ്മാതിരി മാടമ്പിത്തരം പ്രകടിപ്പിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്“

ഇതിനൊന്നും മറുപടിയുടെ ആവശ്യമേ ഇല്ല.

Unknown said...

സുനിലേ, മുഫ്ത്തി മുഹമ്മദ് സെയ്തിന്റെ മകളെ കാശ്മീർ ഭീകരർ തട്ടിക്കൊണ്ടു പോയപ്പോൾ അന്നത്തെ കേന്ദ്രമന്ത്രിയും പരിവാരങ്ങളും ഭീകരരെ കാണ്ഡഹറില്‍ എത്തിച്ചു കൊടുത്തത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ലജ്ജാകരമായ സംഭവമായി എന്നും സ്മരിക്കപ്പെടും. അതേ പോലെ ഇന്ന് ബി.ജെ.പി.ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദു താലിബാനിസം തലതൂക്കുന്നുണ്ട്. അതിനെയൊക്കെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മാത്രം കരുത്തും ആര്‍ജ്ജവവും ഇന്ത്യന്‍ മതേതരത്വത്തിനുണ്ട്. നിലവിലുള്ള യു.പി.ഏ. തന്നെയായിരിക്കും അതിന് മുന്നിലുണ്ടാവുക. ഓരോ സംഭവവും എടുത്തുപറയുമ്പോള്‍ മുഖവുരയായി ഇതൊക്കെ ആവര്‍ത്തിക്കാന്‍ പറ്റുമോ? തങ്ങള്‍ക്ക് ഇത് സംഭവിക്കുമ്പോള്‍ സാധാരണക്കാരുടെ ഗതിയെന്ത് എന്ന് പല രാഷ്ട്രീയമുതലാളിമാരും ചോദിക്കാറുണ്ട്. ഇവിടെ എം.എല്‍.ഏ.കുഞ്ഞമ്പു ചോദിച്ചത് ബി.ആര്‍.പി.വിഷയമാക്കി എന്നല്ലെ ഉള്ളൂ.

പിന്നെ, വ്യക്തിപരമായി പരാമര്‍ശിച്ചത് കൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇന്നേവരെ ഒരു രാഷ്ട്രീയക്കാരന്റെ മുന്‍പിലും ഓച്ഛാനിച്ചു നിന്നിട്ടില്ല. എന്റെ മക്കള്‍ക്കും ആ ഗതി വരരുത് എന്ന് നിര്‍ബ്ബന്ധമുള്ളത് കൊണ്ട് അവരെ നന്നായി പഠിപ്പിച്ചു നല്ല ജോലിയില്‍ അവര്‍ പ്രവേശിച്ചു.

പിന്നെ എഴുന്നേറ്റ് നില്‍ക്കുന്ന കാര്യം ഉദഹാരണമായി ചൂണ്ടിക്കാണിച്ചതാണ്. ചെറുതും വലുതുമായ നേതാക്കള്‍, അവരെ പൊതുജനം ഭയപ്പെടുന്നു എന്നും നേതാക്കള്‍ അത് ആസ്വദിക്കുന്നുമുള്ള എന്റെ വാക്കുകള്‍ക്ക് സുനിലിന്റെ മറുപടിയെന്ത്? മന്ത്രിമാരുടെയോ എം.എല്‍.ഏ.മാരുടെയോ കാര്യം മാത്രമല്ല പ്രാദേശികനേതാക്കള്‍ എല്ലാ പാര്‍ട്ടിയിലുള്ളവരും പഴയ ജന്മിമാര്‍ പോലെയാണ് പെരുമാറുന്നത്. തെളിയിക്കാന്‍ പറഞ്ഞാല്‍ കഴിയില്ല.

കാവലാന്‍ said...

"എന്തു കേസ് വന്നലും അതിലെല്ലാം മന്ത്രി പുത്രന്മാർ ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് ഒരു ഹോബിയാണ്.കവിയൂർ കേസിലും പറഞ്ഞു കേട്ടു..ഉണ്ടെങ്കിൽ എന്താ സി.ബി.ഐ അവരെ അറസ്റ്റ് ചെയ്യാത്തെ?"

ഹഹഹാ... ഹഹഹ ഇന്നത്തെ ഏറ്റവും വലിയ ജോക്ക് ആസ്വദിച്ചു.

കുഞ്ഞിനെ നോക്കാന്‍ വന്നവനെ തള്ളയെക്കൂടി ഏല്പ്പിച്ചതെന്തിനാണ് എന്നൊന്നു ചോദിക്കാന്‍ പാര്‍ട്ടിനേതാവിനെയൊന്നു വിട്ടുകിട്ടുമോ എന്നു ചോദിച്ചതിന് സി.ബി.ഐ ബൂര്‍ഷ്വാ സംഘമായി,പിന്നെയാണ് പാര്‍ട്ടി നേതാക്കളുടെ മക്കളെ അറസ്റ്റുചെയ്യുന്നത്.ജനം ഒന്നും കാണുന്നില്ലെന്നാണു വിചാരം അഴിമതിയുടെ അഴുക്കുകൂനയ്ക്കുമീതെ ചോപ്പുതുണി പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല അളിയാനുള്ളത് അളിയുകതന്നെ ചെയ്യും.

Rajesh Krishnakumar said...

സുനിൽ

ഈ വായിട്ടലയ്ക്കുന്നവരൊന്നും ജീവിതകാലത്തിനിടെ ഏതെങ്കിലും വിധത്തിലുള്ള സംഘടനാ പ്രവർത്തനം നടത്തിയവരല്ല്ല. മറ്റുള്ളവർ സമരം ചെയ്തും തല്ലു കൊണ്ടും നേടിയെടുത്ത അവകാശങ്ങൾ,കാലിന്മേൽ കാലേറ്റി ഇരുന്ന് അനുഭവിച്ച് അവരെ തന്നെ കുറ്റം പറയലാണ് മുഖ്യ വിനോദം.അന്യ നാട്ടിൽ ഇരുന്ന് തരം കിട്ടുമ്പോൾ ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയുന്ന ആളുകൾ സ്വന്തം നാട്ടിൽ ചെന്ന് പരസ്യമായി പാർട്ടിയെ കുറ്റം പറയാനുള്ള ചങ്കൂ‍റ്റം കാണിക്കട്ടെ ആദ്യം.എന്നാൽ സമ്മതിക്കാം.

പ്രൊഫസ്സേറിയൻ തത്വചിന്തയുടെ കാലം കഴിഞ്ഞു. അതിനൊന്നും ചെവി കൊടുക്കാൻ ഇന്ന് ആരേയും കിട്ടില്ല. ഇതൊക്കെ ഇവരുടെ ആത്മരതിയുടെ ഭാഗമാണെന്നറിഞ്ഞാൽ പിന്നെ ഇവർക്ക് ഉത്തരം പറയാൻ ആരും നിൽക്കില്ല്ല

yousufpa said...

അതിനൊക്കെ ഗള്‍ഫില്‍ തന്നെ, ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ അവര്‍ക്ക് സെക്യൂരിറ്റിയും പരിവാരങ്ങളും ഉണ്ടാകാറുള്ളു. അല്ലാത്തപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായി അവരും ഉണ്ടാകും ജനക്കൂട്ടത്തില്‍.എനിക്കത്തരം ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്.
നമ്മുടെ നാട്ടില്‍ ഏതെങ്കിലും നേതാവിന്റെ കോണകത്തിന്റെ ഒരറ്റം തൊട്ട ബന്ധമുള്ളവനായാലും അവനും പങ്കുപറ്റും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന്.

കാവലാന്‍ said...

നേതാവിന്റെ നിലനില്പ്പിന്, ഭരണഘടനയെ വരെ വെല്ലുവിളിക്കേണ്ടിവരുന്നത് സംഘടനകളുടെ/അണികളുടെ ഗതികേടാണ്.

tom said...

സേവിക്കുകയാണ` തങ്ങളുടെ കർത്തവ്യം എന്ന സത്യം നമ്മുടെ നേതാക്കൾ ഏന്നേ മറന്നിരിക്കുന്നു. ധാർഷ്ട്യം മാത്രം നിഴലിക്കുന്ന ഭാവമാണ് കാണൂന്നത്‌. ഒ. രാജഗേ‍ാപാൽ, വി. എം. സുധിരൻ. സുരേഷ്‌ കുറുപ്പ്‌ എന്നിവർ വേറിട്ടു നിൽക്കുന്നു. അസത്യം ഉളൂപ്പില്ലാതെ ആവർത്തിച്ച്‌ പറയാനാവുന്നത്‌ നേതാവാകാനുള്ള അധിക യേ‍ാഗ്യതയാണ്‌. സുകുവേട്ടന്റെ എതിർപ്പുകൾ സത്യസന്ധമാണു്. പാർട്ടി വ്യവസായം നടത്തുന്നവർക്കു അതു മനസ്സിലാവില്ല.

tom said...

സേവിക്കുകയാണ` തങ്ങളുടെ കർത്തവ്യം എന്ന സത്യം നമ്മുടെ നേതാക്കൾ ഏന്നേ മറന്നിരിക്കുന്നു. ധാർഷ്ട്യം മാത്രം നിഴലിക്കുന്ന ഭാവമാണ് കാണൂന്നത്‌. ഒ. രാജഗേ‍ാപാൽ, വി. എം. സുധിരൻ. സുരേഷ്‌ കുറുപ്പ്‌ എന്നിവർ വേറിട്ടു നിൽക്കുന്നു. അസത്യം ഉളൂപ്പില്ലാതെ ആവർത്തിച്ച്‌ പറയാനാവുന്നത്‌ നേതാവാകാനുള്ള അധിക യേ‍ാഗ്യതയാണ്‌. സുകുവേട്ടന്റെ എതിർപ്പുകൾ സത്യസന്ധമാണു്. പാർട്ടി വ്യവസായം നടത്തുന്നവർക്കു അതു മനസ്സിലാവില്ല.

സൂരജന്‍ | Soorajan said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
സുനിലേ, മുഫ്ത്തി മുഹമ്മദ് സെയ്തിന്റെ മകളെ കാശ്മീർ ഭീകരർ തട്ടിക്കൊണ്ടു പോയപ്പോൾ അന്നത്തെ കേന്ദ്രമന്ത്രിയും പരിവാരങ്ങളും ഭീകരരെ കാണ്ഡഹറില്‍ എത്തിച്ചു കൊടുത്തത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ലജ്ജാകരമായ സംഭവമായി എന്നും സ്മരിക്കപ്പെടും.

-------------------

ഇങ്ങനെയൊരു സംഭവം എന്നാണ് ഉണ്ടായത് ശ്രീ കെ പി സുകുമാരന്‍?

kaalidaasan said...

ബി അര്‍ പി ഭാസ്കര്‍ പ്രസക്തമായ ഒരു വിഷയമാണ്, പരാമര്‍ശിച്ചത്. അത് സി പി എം എം എല്‍ എയുടെ കാര്യമായത്, ബി ആര്‍ പിയുടെ കുറ്റമല്ല. ഒരു കോണ്‍ ഗ്രസ് എല്‍ എല്‍ എ യുടെ മകളായിരുന്നാലും ബി ആര്‍ പി ഇതു പോലെ പ്രതികരിക്കുമായിരുന്നു.

“ഒരു എം.എല്‍.എ.യുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍, സാധാരണക്കാരന്റെ കാര്യം എന്താകും” എന്ന് അദ്ദേഹം ചോദിച്ചു.

ഇവിടെ എല്‍ എല്‍ എയുടെ മകള്‍ക്ക് ഈ രാജ്യത്തുള്ള പ്രത്യേകത, അല്ലെങ്കില്‍ എം എല്‍ എ അവകാശപ്പെടുന്ന പ്രത്യേകത, എന്തെന്നാണദ്ദേഹം ചോദിച്ചത്, അല്ലാതെ സി പി എം എല്‍ എല്‍ എയുടെ മകള്‍ക്കുള്ള പ്രത്യേകത എന്താണെന്നല്ല.

ഹിന്ദു താലിബനികളുടെ പെരുമാറ്റമാണല്ലോ വിഷയം .ആ പെണ്‍കുട്ടി എം എല്‍ എ യുടെ മകളാണെന്നുള്ള എന്തെങ്കിലും മുദ്ര അവരുടെ മുഖത്തു പതിച്ചിരുന്നു എന്ന് പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അങ്ങനെയായിരുന്നെങ്കില്‍ എം എല്‍ എയുടെ പരിദേവനത്തിനു അല്‍പ്പമെങ്കിലും പ്രസക്തിയുണ്ടായേനെ. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനോട് സംസാരിച്ചു എന്നതാണ്, താലിബാനികളെ പ്രകോപിപ്പിച്ചത്. ഒരു കൂലി പണിക്കാരന്റെ മകളായിരുന്നു ആ സ്ഥാനത്തെങ്കിലും ഇതു തന്നെ ആകുമായിരുന്നു ഫലം.

കുറച്ചു നാളുകള്‍ക്ക് മുമ്പാണ്, മംഗലാപുരത്ത് പബ്ബില്‍ പോയ പെണ്‍കുട്ടികളെ ഇവരുടെ സംഘക്കാര്‍ ആക്രമിച്ചതും . ആ പെണ്‍കുട്ടികള്‍ ഏതെങ്കിലു എല്‍ എല്‍ എ യുടെയോ എം പിയുടെയോ മക്കളയിരുന്നു എന്ന് അരും പറ ഞ്ഞു കേട്ടില്ല. ആ പെണ്‍ കിട്ടികളെ ആക്രമിച്ചതു പോലെയൊന്നും , ഈ പെണ്‍ കുട്ടിയെ ആക്രമിച്ചില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ .

എം എല്‍ എയുടെ മകളെ ദേഹോപദ്രവം എല്‍പ്പിച്ചതായി എം എല്‍ എ പോലും അക്ഷേപിച്ചില്ല. പക്ഷെ മംഗലാപുരത്ത് ക്യാമറയുടെ മുമ്പിലാണ്, പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതും അസഭ്യം പറഞ്ഞതും .
ഏതളവുകോലു വച്ചളന്നാലും ഈ പെണ്‍കുട്ടികളാരും എം എല്‍ എയുടെ മകളുടെ താഴെയല്ല. കാരണം ഇത് രാജവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യമല്ല എന്നതു തന്നെ.

എം എല്‍ എയുടെ ചോദ്യത്തിനുള്ള ഉത്തരം , വേറെ ഏതു പെണ്‍ കുട്ടിയായിരുനെങ്കിലും അന്നു സംഭവിച്ചതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ്‌. ആ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് കൂടെയുണ്ടായിരുന്ന മുസ്ലിം പയ്യനാണ്, കൂടുതല്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ആ പയ്യനെഏക്കുറിച്ച് എം എല്‍ എ പരിതപിച്ചും കണ്ടില്ല.


മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ആനയെ മാത്രം പേടിച്ചാല്‍ പോര ആനപ്പിണ്ധത്തെയും പേടിക്കണം എന്നാണത്. എം എല്‍ എ ക്കു കിട്ടുന്ന എല്ലാ പരിഗണനയും മകള്‍ക്കും കിട്ടണമെന്നാണ്, എം എല്‍ എ പറഞ്ഞതിന്റെ അര്‍ത്ഥം . എന്നു വച്ചാല്‍ ആ കുട്ടിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത എന്തോ ഒന്ന് കൂടുതലുണ്ടെന്ന്.


എം എല്‍ എയുടെ മകളല്ല എം പിയുടെ മകളായിരുന്നാലും , അധ്യാപകന്റെ മകളായിരുന്നലും, കൂലിപ്പണിക്കാരന്റെ മകളായിരുനാലും, തോട്ടിയുടെ മകളായിരുന്നലും, കളക്റ്ററുടെ മകളായിരുന്നാലും ആ പെണ്‍കുട്ടിക്ക് സംഭവിച്ചതേ സംഭവിക്കുമായിരുന്നുള്ളു. എം എല്‍ എയുടെ മകളല്ലായിരുന്നെങ്കില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യുമയിരുന്നു എന്നൊരു താലിബാനിയും പറഞ്ഞതായി അറിവില്ല. ഹിന്ദു പെണ്‍കുട്ടി മുസ്ലിം പയ്യനോട് സംസാരിച്ചതാണിവിടുത്തെ വിഷയം . അതു മാത്രമാണ്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല.

My Photos said...

"അന്യ നാട്ടില്‍ ഇരുന്ന് തരം കിട്ടുമ്പോള്‍ ഒക്കെ കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയെ കുറ്റം പറയുന്ന ആളുകള്‍് സ്വന്തം നാട്ടില്‍് ചെന്ന് പരസ്യമായി പാര്‍്ട്ടിയെ കുറ്റം പറയാനുള്ള ചങ്കൂ‍റ്റം കാണിക്കട്ടെ ആദ്യം.എന്നാല്‍് സമ്മതിക്കാം." മരുത് പാണ്ടി.

എങ്ങിനെ പറയും സഘാവേ. താങ്കളുടെ പ്രതികരണത്തില്‍ തന്നെ ഭീഷനിയല്ലേ. അത് തന്നെയല്ലേ ലാവ്ലിന്‍ കേസിലും നിങ്ങളുടെ മന്ത്രിമാരടക്കം പറയുന്നതു. പിണറായിയുടെ കോലം കത്തിച്ചാല്‍ കൈവെട്ടുമെന്ന്നു.
പറയില്ല, പറഞ്ഞാല്‍ ഒന്നുകില്‍ ജീവന്‍ അല്ലെങ്കില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വീടോ, കൃഷിയോ വല്ലതും ഭാക്കിയുണ്ടാവുമോ. പറയൂ സഘാവേ.
പിന്നെ കുഞ്ഞമ്പു എം.എല്‍.എ യുടെ മകള്‍, എന്തായി കേസ്. ഒന്നു പറഞ്ഞു തരുമോ? എന്താ ആരും ഒന്നും മിണ്ടാത്തെ? എങ്ങിനെ മിണ്ടും, മിണ്ടിയാല്‍ വീണ്ടും നാറില്ലേ. ആ നാറ്റം മറക്കാനല്ലേ ശ്രീരാമ സേനയുടെ പേരില്‍ പാവം മാപ്പിള ചെക്കനെ തല്ലിയത്. ഇതു അധിക കാലം പോവില്ല. കാരണം വെട്ടാനും കൊല്ലാനും നടന്ന അണികള്‍ തന്നെയാണ് ഇന്നു നേതാക്കന്മാരുടെ പോക്ക് ശരിയല്ല എന്ന് പറഞ്ഞു സമാന്തര പാര്ടിയുണ്ടാക്കുന്നത്. അത് കൊണ്ടു തന്നെ ഇതു രാഘവനും ഗൌരിയമ്മയും പോയ പോലെയാവില്ല.

പിന്നെ ഭാസ്കര്‍ സാറിനോട്, എം. എല്‍. എ യുടെ മാത്രമല്ല സര്‍, പത്രക്കാരുടെയും, പോലീസുകാരുടെയും, സര്‍ക്കാര്‍ ഉധ്യോഗസ്തരുടെയും എന്നുവേണ്ട അധികാരത്തിന്റെ തണലില്‍ ഇരിക്കുന്ന എല്ലാവരുടെയും മക്കള്‍ക്കും ഭാര്യമാര്‍ക്കും എല്ലാം പ്രത്യേകത ഉണ്ട്. അതൊന്നും സാധാരണക്കാരനോ അവന്റെ കുടുംപതിണോ കിട്ടില്ല സര്‍. ബന്ദ് ദിനത്തില്‍ റെയില്‍വേ സ്റ്റേനില്‍ ഇരുന്നു കരഞ്ഞ അമ്മയുടെ മുഖം എല്ലാവരും മറന്നു. അന്ന് ചാനലുകളില്‍ വന്നില്ലായിരുന്നെന്കില്‍ അവര്ക്കു പോലീസ് വാഹനം ലഭിക്കില്ലായിരുന്നു. അതുപോലെ ചാനലില്‍ വരാതെ കരഞ്ഞു തളര്‍ന്ന ഒരായിരം അമ്മമാരും അച്ഛന്മാരുമൊക്കെ ഇനിയുമുണ്ട്. അവരൊന്നും ഈ പറയുന്ന privileged കാറ്റഗറിയില്‍ വരില്ലല്ലോ!

സാദാരണ ജനസമൂഹത്തിന് ലഭിക്കേണ്ട പല കാര്യങ്ങളും സാധാരണക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ ലഭിക്കാത്ത നമ്മുടെ നാട്ടില്‍ ഈ പറയുന്ന ആള്‍ക്കാരുടെ മക്കളായി എന്ന കാരണം കൊണ്ടു തന്നെ എല്ലാം അര്‍ഹതയില്ലെന്കിലും ലഭിക്കുന്നു. അതിന് രാഷ്ട്രീയ ഭേദമോ, ജാതി ഭേദമോ, ഒന്നുമില്ല. വൈകിയാണെങ്കിലും ഇത്തരം ചിന്തകള്‍ അങ്ങയെ പോലെ ഉള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് കാണുമ്പോ ഞങ്ങള്ക്ക് പ്രതീക്ഷയുണ്ട്. പിന്നെ മരുതിനെയും, രാമചന്ദ്രനെയും പോലുള്ള അന്ധരായ പാര്‍ടി അണികള്‍ക്ക് എന്ത് കേട്ടാലും കളി തുള്ളുക എന്നത് പാര്‍ടി ക്ലാസ്സുകളില്‍ നിന്നു കിട്ടുന്ന ശിക്ഷണത്തിന്റെ ഫലമാകാം.

BHASKAR said...

രാമചന്ദ്രനും പ്രഭൃതികള്‍ക്കും: ഉത്തരമൊ പ്രതികരണമൊ അര്‍ഹിക്കുന്ന കമന്റാണെങ്കില്‍ അതുണ്ടാകും. അര്‍ഹിക്കുന്നതല്ലെങ്കില്‍ ഉണ്ടാവില്ല. ‘പറയൂ പറയൂ, ബി. ആര്‍.പി.’ എന്ന് മുദ്രാവാക്യം വിളിച്ചാല്‍ കമന്റുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സയാമിലെ (ഇപ്പോള്‍ തായ്ലണ്ട്) രാജകുമാരനെ പഠിപ്പിക്കാന്‍ വിദേശത്തുനിന്ന് വന്ന അധ്യാപിക എഴുതിയ പുസ്തകത്തില്‍ ആ രാജ്യത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരണമുണ്ട്. ലോകത്തിന്റെ മദ്ധ്യത്തിലാണ് സയാം സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ഏറ്റവും വലിയ രാജ്യം സയാമാണ്, ഏറ്റവും വലിയ രാജാവ് സയാമിലെ രാജാവാണ്, എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങള്‍ അന്നവിടെ നിലനിന്നിരുന്നത്രെ. കാലക്രമത്തില്‍ അവര്‍ സത്യം മനസ്സിലാക്കി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എം ആണ്, ഏറ്റവും വലിയ നേതാവ് അതിന്റെ സംസ്ഥാന സെക്രട്ടറിയാണ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ചിലരുടെ കമന്റുകളില്‍ പ്രതിഫലിക്കുന്നുണ്ട്. കാലക്രമത്തില്‍ അവരും സത്യം മനസ്സിലാക്കിക്കൊള്ളും.

‘പ്രഭൃതികള്‍’ പ്രയോഗത്തിന് ഒരു വിശദീകരണം. മറുപടി പറയുന്ന സന്ദര്‍ഭങ്ങളില്‍ ഇ.എം.എസ്. ഉത്സാഹപൂര്‍വം ഉപയോഗിച്ചിരുന്ന ഒരു വാക്കാണത്.

Manikandan said...

ശ്രീരാമസേനാ പ്രവർത്തകർ മംഗലാപുരത്ത് സാംസ്കാരിക അധഃപതനത്തിൽ നിന്നും നാടിനെ മോചിപ്പിക്കാൻ എന്നപേരിൽ നടത്തിയത് മനുഷ്യത്വരഹിതവും, അപലപനീയവും ആയ പ്രവൃത്തിയാണ്. എന്നാൽ ഇത്തരം തിണ്ണമിടുക്കുകൾ ശ്രീരാമസൈനികർ മാത്രമല്ല എല്ലാ രാഷ്‌ട്രീയ പാർട്ടികളും വെച്ചുപുലർത്തുന്നു എന്ന സത്യവും നാം മറക്കരുത്. സി പി എം, കോൺ‌ഗ്രസ്, ബി ജെപി എന്നിങ്ങനെ ഇന്ന് ഇന്ത്യയിലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനും തങ്ങൾ ഇത്തരം പ്രവർത്തികൾക്ക് അതീതരാണെന്നു ആത്മാർത്ഥമായി പറയാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സി പി എമ്മിന്റേയും പോഷകസംഘടനകളുടേയും പീഢനങ്ങൾക്ക് ഇരയായ രണ്ടു സ്ത്രീകളെപ്പറ്റി കേരളത്തിന്റെ പൊതുസമൂഹം ഏറെ ചർച്ചചെയ്തത് ഓർക്കുന്നുണ്ടാവുമല്ലൊ. വിനീതാ കോട്ടായി എന്ന വീ‍നീത ടീച്ചറും, ഉഷ എന്ന കോഴിക്കോട് യൂണിവേഴ്‌‌സിറ്റി ജീവനക്കാരിയും. തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത ഇവരെ പാർട്ടി ഇന്നും പീഢിപ്പിക്കുന്നു. അറിയപ്പെടാതെ പോവുന്ന അനേകം സംഭവങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട രണ്ടു സംഭവങ്ങൾ സൂചിപ്പിച്ചു എന്നു മാത്രം. തിണ്ണമിടുക്കിന്റെ കാര്യത്തിൽ ഒരു പാർട്ടിയും വിശുദ്ധരല്ല എന്നതാണ് എന്റെ അഭിപ്രായം.

ramachandran said...

ബി ആർ പി പ്രഭു അവർകൾക്ക്

മറുപടിക്ക് അര്‍ഹതയുണ്ടോ ഇല്ലയോ എന്ന് മറുപടി ഇടേണ്ട ആള്‍ തന്നെ തീരുമാനിക്കുന്ന സ്ഥിതിക്ക് വക്കീലും ജഡ്‌ജിയും(ഒരു പക്ഷെ ആരാച്ചാരും) ഒരാള്‍ തന്നെ. പിന്നെ അപ്പീലില്ലല്ലോ.

ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏതാണെന്ന അന്ധവിശ്വാസം അവിടെ നില്‍ക്കട്ടെ. കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലെ ജനസംഖ്യ ചേര്‍ത്താല്‍ ഏതാണ്ട് 10 കോടി വരും. പല രാജ്യങ്ങളേക്കാളും അധികം. ഈ മൂന്നു സംസ്ഥാനങ്ങളും ഇന്ത്യയിലായിപ്പോയി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം. ലോകരാഷ്‌ട്രീയത്തിന്റെ ശാക്തിക സന്തുലിതാവസ്ഥയെ നിർണ്ണയിക്കുന്നതിൽ പ്രമുഖ സ്ഥാനമുള്ള ഒരു രാജ്യത്തിന്റെ നയങ്ങളെ ( വിദേശ നയമുൾപ്പെടെ) പലപ്പോഴും സ്വാധീനിക്കാനുതകുന്ന ബദൽ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്‌ക്കുന്ന സക്രിയമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതൃനിരയിലുള്ളവരെയും കരിവാരിത്തേച്ചാല്‍ അത് ചില 'ഉന്നതരെ' സന്തോഷിപ്പിക്കും എന്നത് ഊഹിക്കാവുന്നതെ ഉള്ളൂ. ആ കച്ചവടം നഷ്ടമാകാനും ഇടയില്ല. രണ്ടര സംസ്ഥാനത്തുമാത്രം സ്വാധീനമുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ട് സാമ്രാജ്യത്വത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിന് ഇത് ഉത്തരം നല്‍കുന്നുണ്ട്.

10 കോടി അത്ര മോശം സംഖ്യയല്ല ദാ‍സാ...(കടപ്പാട്: നാടോടിക്കാറ്റ്)

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളുംഇപ്പോള്‍ കാര്യങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നുണ്ട്.

എന്തിന് പ്രഭുതി എന്ന പ്രയോഗത്തിൽ നിറുത്തിക്കളഞ്ഞു? ചോദ്യകര്‍ത്താവിന്റെ ചോദ്യത്തില്‍ പിശകുണ്ട്, ചോദ്യകര്‍ത്താവ് എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള പ്രസിദ്ധമായ ഇ.എം.എസ് പ്രയോഗങ്ങളും കടമെടുക്കാവുന്നതാണ്. സംസാരിക്കുമ്പോള്‍ മാത്രമേ വിക്കുള്ളൂ എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിനെ അനുകരിച്ച്, മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യത്തിനു മാത്രമെ മറുപടി പറയാതിരിക്കൂ എന്നും പറയാവുന്നതാണ്.

നന്ദി.

Unknown said...

പത്ത് കോടി എന്നത് തീര്‍ച്ചയായും ഭയപ്പെടുത്തുന്ന സംഖ്യ തന്നെയാണ്. പ്രത്യേകിച്ചും നാട്ടില്‍ വന്ന് പരസ്യമായി പറയാന്‍ ധൈര്യമുണ്ടോ എന്ന ഭീഷണിയുടെ വെളിച്ചത്തില്‍. മുന്‍പൊക്കെ നായനാര്‍ പ്രസംഗിക്കുന്ന എല്ലാ വേദികളിലും ആവര്‍ത്തിക്കാറുണ്ടായിരുന്നു,ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് കമ്മ്യൂണിസ്റ്റ്കാരാണെന്ന്. ഇപ്പോള്‍ ഇന്ത്യയില്‍ രണ്ടര സംസ്ഥാനത്തിലും ലോകത്തില്‍ ഒന്നരരാജ്യത്തിലും ചുരുങ്ങിപ്പോയ കമ്മ്യൂണിസത്തിന് അതിന്റെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടേ സംഭവിക്കൂ എന്നത് ആശ്വാസം നല്‍കുന്നു.

കെ said...

രാമചന്ദ്രാ.. പ്രഭൃതികള്‍ എന്ന വാക്കിന് തുടങ്ങിയവര്‍, മുതല്‍പേര്‍ എന്നിങ്ങനെയുളള അര്‍ത്ഥമേയുളളൂവെന്ന് ശബ്ദതാരാവലി പറയുന്നു. ഇനി ഇഎംഎസെങ്ങാനുമാണോ ശബ്ദതാരാവലി എഴുതിയതെന്നറിയില്ല.

കല്യാണം, മരണം എന്നിങ്ങനെ ആളുകൂടുന്ന ദിക്കിലെല്ലാം ചില അമ്മാവന്മാര്‍ വരാറുണ്ട്. ലോകത്തുളള സകല കാര്യങ്ങളിലും ആധികാരികമായ അഭിപ്രായം അവരുടേതാണെന്നാണ് വെപ്പ്. സ്വന്തം വീടും വീട്ടുകാരും മാത്രമല്ല, സമൂഹവും രാഷ്ട്രങ്ങളും വരെ തങ്ങള്‍ കരുതും പോലെ ചലിക്കണമെന്ന് അവര്‍ക്ക് വല്ലാത്ത ആഗ്രഹമാണ്. സാധാരണ ജനം അഭിപ്രായം പറയുമ്പോള്‍ ഇവര്‍ വിധി പറച്ചിലിന്റെ ആളുകളാണ്. ഇത്തരക്കാരില്‍ പൊതുവെ കണ്ടുവരുന്ന ഗുണമാണ് സര്‍വപുച്ഛം.

അതുകൊണ്ട് ചോദ്യം ചെയ്യലും മറുപടിയുമൊന്നും വേണ്ട. പറയുന്നതങ്ങ് കേട്ടേച്ചാല്‍ മതി.

ബിആര്‍പി ഭാസ്കറിനു പോലും തലയ്ക്കു വെളിവില്ലാതാകുന്ന നാട്ടില്‍ സാധാരണക്കാരന്റെ അനുഭവം പറയാനുണ്ടോ എന്നാരെങ്കിലും പറയുന്നതു പോലെയേ ഉളളൂ, പോസ്റ്റില്‍ ഉദ്ധരിച്ചു പിടിച്ചിരിക്കുന്ന വാചകത്തിന്റെ കാര്യവും. വിട്ടുകള.

Rajesh Krishnakumar said...

കഷ്ടം

വയസ്സാകുംതോറും കുട്ടികളുടേയും കുരങ്ങിന്റേയും സ്വഭാവമാകും മനുഷ്യന് എന്ന് കേട്ടിട്ടുണ്ട്.

അതാണിവിടെ കാണുന്നത്.ഒരാൾ കമ്മൂണിസ്റ്റുകാരെ ഇകഴ്ത്തിക്കൊണ്ട് എഴുതുന്നു,മറ്റൊരാൾ ,
‘അതന്നെ..തമ്പ്രാൻ പറഞ്ഞതാ അഥിന്റെ ശരി,ഹൈ തമ്പ്രാനു മാത്രേ വിവരൊള്ളു” എന്ന സ്റ്റൈലിൽ പിന്താങ്ങുന്നു.

വയസ്സും പ്രായവും ഒക്കെ ആയില്ലെ. ഇനി എങ്കിലും നിറുത്തിക്കൂടെ ഈ മർക്കട ബുദ്ധി. ഇതൊക്കെ എഴുതി ഇങ്ങനെ സ്വയം അപഹാസ്യരാകുന്നതിനു പകരം(രാമ നാമം ജപിച്ചിരുന്നു കൂടെ എന്ന് പറയുന്നില്ല)ഇക്കാലമത്രേയും കൊണ്ടുണ്ടാക്കിയ ജീവിത്താനുഭവങ്ങളിലേയും വായനാനുഭവങ്ങളീലേയും നല്ല കാര്യങ്ങൾ എഴുതിക്കൂടെ? പുത്തൻ തലമുറക്ക് ഒരു വഴികാട്ടി പലകയായെങ്കിലും അവ നിൽക്കും

Rajeeve Chelanat said...

രാമചന്ദ്രാ..സമയോചിതമായ ആ കമന്റുകള്‍ക്ക് (പ്രത്യേകിച്ചും ആദ്ദ്യത്തെ ആ വെടിക്ക്) നന്ദി.

എത്ര ഭംഗിയായാണ് ബി.ആര്‍.പി.യും അദ്ദേഹത്തെ പിന്തുടര്‍ന്ന് കെ.പി.എസ്സും, വിഷയത്തില്‍നിന്ന് തെന്നിമാറി, വിപ്ലവപ്പാര്‍ട്ടികളുടെ നേര്‍ക്ക് തങ്ങളുടെ മൂന്നാം കണ്ണ് തുറക്കുന്നത്.ഈ നിഷ്പക്ഷ അരാഷ്ട്രീയവാദികള്‍ക്കുനേരെയാണ് ജനങ്ങള്‍ ജാഗരൂകരാകേണ്ടത്.

ആ ഗംഭീരമായ ഇടപെടലിന് ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട്,

അഭിവാദ്യങ്ങളോടെ

Unknown said...

ഏതൊക്കെയാണ് രാജീവ് കേരളത്തിലെ വിപ്ലവപ്പാര്‍ട്ടികള്‍? അതില്‍ പുതുതായി രൂപം കൊണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി പെടുമോ? രാഷ്ട്രീയപാര്‍ട്ടികളെ വിമര്‍ശിക്കുന്നവര്‍ അരാഷ്ട്രീയക്കാരാണെങ്കില്‍ നിങ്ങള്‍ എല്ലാ രാഷ്ട്രീയക്കാരിലും തെറ്റുകള്‍ ഒന്നുമില്ലേ? അതൊന്നും വിമര്‍ശിക്കാന്‍ പാടില്ലേ? രാഷ്ട്രീയം സംസാരിക്കണമെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു ഈര്‍ക്കിലിപ്പാര്‍ട്ടിയിലെങ്കിലും ചേര്‍ന്നേ അത് ചെയ്യാവൂ അല്ലെങ്കില്‍ അത് അരാഷ്ട്രീയവാദമാകും എന്ന് രാജീവും കരുതുന്നത് ഖേദകരമാണ്.

kaalidaasan said...

ഒരു എം എല്‍ എ പറഞ്ഞ മണ്ടത്തരം വിശകലനം ചെയ്ത് ഒരു പരുവമാക്കി.

ആരൊക്കെ അം ഗീകരിച്ചലു ഇല്ലെങ്കിലും സി പി എം കേരളത്തിലെ ഏറ്റവും വലിയ പാര്‍ ട്ടിയണ്. പക്ഷെ ആ വലുപ്പത്തിന്റെ ഉത്തരവാദിത്ത്വം അതിന്റെ ചില നേതാക്കള്‍ പലപ്പോഴും കാണിക്കാറില്ല. അങ്ങനെയുള്ള ഒരു വ്യതിചലനമാണ്, കുഞ്ഞമ്പു കണിച്ചത്. സി പി എമ്മില്‍ ഉണ്ടായിട്ടുള്ള അപചയത്തിന്റെ ഉദഹരണം കൂടിയാണത്. അത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നു. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളില്‍, എം എല്‍ എയും, എം പി യും ആഭിജാത വര്‍ഗ്ഗങ്ങളാണ്. എം എല്‍ ആയി കഴിഞ്ഞാല്‍ അവരുടെ നേതാക്കള്‍ രജാക്കാന്‍മാരും പ്രഭുക്കന്‍മാരും മറ്റുമാകറുണ്ട്. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ മറ്റുള്ള വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും വഴിയിലൂടെ നടക്കാന്‍ പാറ്റാത്ത അവസ്ഥയായിരുന്നു. അന്നൊന്നും സി പി എം കാര്‍ മന്ത്രിയോ മറ്റോആയാല്‍ അതു പോലെയുള്ള സ്വയം നിര്‍മ്മിച്ച സിംഹസനങ്ങളില്‍ ഇരിക്കാറുമില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ആ കാലം മാറി. സി പി എം, എം എല്‍ എ പോലും എന്തോ ആഭിജാത വര്‍ഗ്ഗമാണെന്ന് അവര്‍ തന്നെ അവകാശപെടുന്ന അവസ്ഥയിലേക്കെത്തി.

അമ്പു വില്ലും കിരീടവുമായി രാജാപ്പാര്‍ട്ട് കെട്ടുന്ന നേതാവും , നേതാവിന്റെ കോലം കത്തിച്ചാല്‍ കൈ വെട്ടുമെന്നു ഭീഷണിപ്പെടുത്തുന്ന , നേതാവാണ്‌ പ്രസ്ഥാനം എന്നു വാഴ്ത്തിപ്പാടുന്ന, അനുയായികളും ഒക്കെയായി സി പി എമ്മിലെ ചിലര്‍ മാറിപ്പോയി. ഇന്നത്തെ പത്രത്തില്‍ സി പി എം കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചതായി വാര്‍ത്തയുണ്ട്.


വലിയ പാര്‍ട്ടി ആയതുകൊണ്ടുമാത്രമായില്ല. അതിന്റെ ഉത്തരവാദിത്തം കൂടി കാണിക്കണം . അതിലെ കുറച്ചു പേര്‍ കേരള കോണ്‍ഗ്രസിന്റെ തലത്തിലേക്ക് താഴുന്നത് ആശാസ്യമായ കാര്യമല്ല.

എം എല്‍ എ യുടെ മകള്‍ക്ക് സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തമായിട്ടായിരുന്നില്ല, അത് ചിത്രീകരിക്കേണ്ടിയിരുന്നത്. പരിഷ്കൃത സമൂഹത്തിലെ ഒരു പെണ്‍കുട്ടിക്ക് നേരിട്ട ദുര്യോഗമായിട്ടാണത് ചിത്രീകരിക്കേണ്ടിയിരുന്നത്.

Unknown said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാളിദാസന്‍ പറഞ്ഞ പോലെ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി തന്നെയാണ്. അത് മാത്രമല്ല കേരളമാസകലം ബ്രാഞ്ച് തലം വരെ സദാ പ്രവര്‍ത്തനനിരതമായ ഒരേയൊരു പാര്‍ട്ടിയും സി.പി.എം.മാത്രമാണ്. കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുക.

സി.പി.എം.അടുത്തകാലത്ത് പഴയ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് തെറ്റായ വഴിയിലൂടെ മുന്നേറുന്നത്,അതേത് വീക്ഷണകോണിലൂടെ നോക്കിയാലും കാണാന്‍ കഴിയും. പാര്‍ട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്ന പലരിലും ഈ അസംതൃപ്തിയുണ്ട്. പാര്‍ട്ടിയില്‍ ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നറിയില്ല. എന്നാല്‍ സാധാരണ അനുഭാവികള്‍ എന്നെപ്പോലെയുള്ളവരോടാണ് മനസ്സ് തുറക്കുന്നത്. പാര്‍ട്ടിമെമ്പര്‍മാര്‍ പുറത്ത് ഒന്നും ഉരിയാടാറില്ല. ഒരു പാര്‍ട്ടിയിലും അംഗമല്ലെങ്കിലും സദാ ആളുകളുമായി ഞാന്‍ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. വെറും ബ്ലോഗെഴുത്ത് മാത്രമല്ല. പാര്‍ട്ടിയുടെ വ്യതിയാനത്തില്‍ തൊളിലാളികളും സധാരണക്കാരും ഖിന്നരാണ് എന്ന വസ്തുത മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

എന്നാല്‍ ധാരാളം തൊഴില്‍ സ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും സ്വന്തമായുണ്ട് എന്ന ചിന്തയില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ആളുകളുടെ പഴ്സ് ശ്രദ്ധിക്കുന്നില്ല. ഈ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മൂന്നാംകണ്ണ് വിപ്ലവപ്പാര്‍ട്ടിയുടെ നേര്‍ക്ക് തുറക്കുന്നു എന്ന മട്ടില്‍ ആലങ്കാരികഭാഷയില്‍ പ്രതിരോധിച്ചാല്‍ അത് ഈ വഴിവിട്ട പോക്കിന് പ്രോത്സാഹനമാണ് ഫലത്തില്‍. ചിലര്‍ ആശയസംവാദത്തിന് പകരം പരിഹാസത്തിന് ആണ് മുതിരുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചില മൂല്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് കൊണ്ടാണ് ആ പാര്‍ട്ടികള്‍ വിമര്‍ശനവിധേയമാകുന്നത്. കേരളത്തില്‍ സി.പി.എം. എന്ന പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ എത്ര സീറ്റ് കിട്ടുമെന്ന് കണ്ടറിയണം. മുന്നണിയായി മത്സരിച്ചാലും നിഷ്പക്ഷവോട്ട് കിട്ടുകയില്ലെങ്കില്‍ ഒരിക്കലും ജയിക്കാന്‍ കഴിയാത്ത വിധം വലുപ്പം കുറവാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം.

കേരളത്തില്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് എന്ന് കഴിഞ്ഞകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉറച്ച പാര്‍ട്ടിവോട്ട് കൊണ്ടും കുറെ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടും പാര്‍ട്ടിയെ കുറെക്കാലം കൊണ്ടുനടക്കാന്‍ പറ്റില്ലയെന്ന് ഭീഷണി മുഴക്കുന്നവരും,പരിഹസിക്കുന്നവരും,ഉപദേശിക്കുന്നവരും മനസ്സിലാക്കുന്നത് നന്ന്.

എന്ത് കൊണ്ട് കമ്യൂണിസ്റ്റു വിരുദ്ധര്‍ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ ഒരിക്കലും സ്വയം വിമര്‍ശനം ചെയ്യേണ്ട. എന്നാല്‍ പാര്‍ട്ടിയോട് നിങ്ങള്‍ക്ക് കൂറ് ഉണ്ടെങ്കില്‍ ഈ അപചയത്തെ എതിര്‍ക്കണം. അല്ല്ലെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

....അതുകൊണ്ട് പാർട്ടി അംഗങ്ങളേ...അനുഭാവികളെ.സഹയാത്രികരേ..നിങ്ങൾക്ക് പാർട്ടി കാര്യങ്ങളിൽ മനസ്സുതുറക്കാൻ ഇതാ ഒരു മഹാനുഭാവൻ എത്തിക്കഴിഞ്ഞിരിയ്കുന്നു.സുകുമാരൻ ചേട്ടൻ എന്ന് ഞാൻ വിളിയ്ക്കുന്ന ശ്രീ .കെ.പി സുകുമാരൻ അഞ്ചരക്കണ്ടി, അദ്ദേഹത്തിന്റെ വിലയേറിയ സമയം നിങ്ങളുടെ മനസ്സു തുറക്കൽ കേൾക്കാനായി വിനിയോഗിയ്ക്കുന്നതും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതുമാണ്.പാ‍ർട്ടിയുടെ ഇന്നത്തെ ശോച്യാവസ്ഥ എന്ന് അദ്ദേഹം വർണ്ണിയ്ക്കുന്ന അവസ്ഥ പരിഹരിയ്ക്കാനുള്ള എല്ലാ മരുന്നുകളും തികഞ്ഞ “മാർക്സിയനായ” ഇദ്ദേഹത്തിന്റെ പക്കലുണ്ട്.എന്തുകൊണ്ടാണു ഇദ്ദേഹത്തെ പാർട്ടിയുടെ ആസ്ഥാന ഉപദേശകനായി വയ്ക്കാത്തത് എന്നാണു എന്റെ സംശയം...!

( ശ്രീ രാമചന്ദ്രൻ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിനെ നേരിടാൻ ആവനാഴിയിൽ അമ്പില്ലെന്നു കണ്ട് പിന്തിരിഞ്ഞോടിയ ഭാസ്കർ സാറിനും അദ്ദേഹത്തിന്റെ അടുത്ത അനുയായി സുകുമാരൻ ചേട്ടനും സ്തുതി!)

BHASKAR said...

അറിയിപ്പ്: ആരുടെ വക്കീലിനും ഇവിടെ വാദിക്കാം. ഏത് ജഡ്ജിക്കും ഇവിടെ വിധി പ്രസ്താവിക്കാം. ആരാച്ചാര്‍മാര്‍ ദയവായി ക്ഷമിക്കുക. അവരുടെ സേവനം തല്‍ക്കാലം ആവശ്യമില്ല. ആവശ്യമുള്ളപ്പോള്‍ അറിയിക്കുന്നതാണ്.

Rajesh Krishnakumar said...

ഉത്തരം മുട്ടുമ്പോൾ പാളസ്സാറഴിച്ചു കാണിക്കുമായിരുന്ന ഒരു സ്വയം സേവകനുണ്ടായിരുന്നു പണ്ട്.ആ സേവകന്റെ അനുചരന്മാരായി ഇപ്പോഴിതാ രണ്ട് പേർ.പോകൂന്നിടത്തൊക്കെ പ്രമാണിമാരായി അംഗീകരിക്കപ്പെടണം എന്ന് കരുതി പോയ ഇടത്തു നിന്നൊക്കെ മുണ്ടും തലയിൽ കെട്ടി ഓടേണ്ടി വന്നവർ.

സൌ‌മ്യമായ ഭാഷയിൽ ചോദിക്കട്ടെ. നാണമില്ലെ?

ചാരുകസേരാ രാഷ്ട്രീയ ചിന്ത,പുതിയ തലമുറ പുറം‌കാൽ കൊണ്ട് തോണ്ടി എറിയുന്നത് കണ്ടിട്ടും പിന്നേയും പിന്നേയും കൌപീനം മുറുക്കി കെട്ടി വരൂന്നവരേ.... നിങ്ങൾക്കായി തുറക്കുന്നത് അനന്ത തമസ്സിന്റെ വാതായനങ്ങൾ

കെ said...

പാണ്ടി നാട്ടിലെ മരുതനായകമേ.. ഒക്കെ ഒരു തമാശയല്ലേ.. ഇത്ര ചൂടാകേണ്ടതുണ്ടോ... വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അസല്‍ ജനാധിപത്യ വാദികള്‍ പുളകിതഗാത്രരാകുന്നത് കണ്ട് ആസ്വദിച്ചാലും.

My Photos said...

കഷ്ടം അല്ലാതെന്തു പറയും.
ഒരു സാദാ സഘാവിന്റെ (കമ്മുനിസ്ടിന്റെ അല്ല) സാധാ പ്രതികരണം. അതാണ്‌ മരുതുപാണ്ടിയും രാമചന്ദ്രനുമൊക്കെ കാണിക്കുന്നത്. ഇചിരികാലമാനെന്കിലും ഇവരുടെ കൂടെ കിടന്നതിനാല്‍ രാപ്പനി നന്നായറിയാം. അസഹിഷ്ണുക്കളുടെ ലോകം. ഏത് ആദര്‍ശത്തില്‍ ആക്ര്ഷ്ടരായാണോ ഇവരൊക്കെ ഇപ്പോഴും ഇങ്ങിനെ വാലാട്ടുന്നത്. പിണറായി സഘാവ് പറഞ്ഞതു പോലെ കള്ളുകുടിയന്റെ സംസ്കാരം.

Rajesh Krishnakumar said...

പുരിക പുരാണം

ആദ്യം ചെന്ന് മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനും വായിക്കാനും പഠിക്ക്.എന്നിട്ടാവാം തന്റെ വെർബൽ ഡയേറിയ.

താൻ ആരുടേ ഒക്കേയോ കൂടെ കിടന്നിട്ടുണ്ടെന്ന് തോന്നുന്നല്ലൊ,രാപ്പനിയെ പറ്റി നല്ല തിട്ടം.

സ്വ്വയം അപഹാസ്യനാവാതെ പോയി വല്ല പണിയ്യും നോക്ക്

My Photos said...

ലാവലിനെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരന്ഗം
പിണറായി എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍

ഹാ കഷ്ടം.

Bangalore Blogger said...

സാധാരണക്കാരന്റെ പാര്‍ട്ടി എന്ന് ഊറ്റം കൊണ്ടിരുന്ന പാര്‍ട്ടി ആയിരുന്നെല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്നു അതിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നതിന് പാര്‍ട്ടി അണികള്‍ക്ക് പോലും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല (ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പോലും അത് പറഞ്ഞു കേള്‍ക്കുന്നില്ല ). CNN - IBN സര്‍വേയില്‍ ജനങ്ങളുടെ പിന്തുണ 38% ആയി കുറഞ്ഞത് അത് സാധൂകരിക്കുന്നു. ഭാസ്കര്‍ സാറും സുകുമാരന്‍ ചേട്ടനും ഏതോ പാര്‍ട്ടിയുടെ ചട്ടുകങ്ങള്‍ ആകുന്നു എന്ന രീതിയില്‍ ഉള്ള കമന്റുകള്‍ പോസ്ട്ടിയവരോട് എനിക്ക് സഹതാപം മാത്രം. സഖാക്കളെ നിങ്ങളുടെ കണ്ണുകള്‍ ചില മായ കാഴ്ച്ചകളാല്‍ അന്ധമായിരിക്കുന്നു.

tom said...

പിണറായിസം പിടിപ്പെട്ട്വർ സത്യം മനസ്സിലാക്കുമെന്നു ശ്രി ഭാസ്ക്കർ സാറും സുകുവേട്ടനും കരുതരുത്‌ . ചക്കയുണ്ടാകുന്നത്‌ മാവിലാണന്ന് പിണറായി പറഞ്ഞാൽ അതാണ് സത്യം . അതു മാത്രമാണ് സത്യം. ഇവർക്ക്‌ മറുപടി എഴുതുന്ന സമയത്ത്‌ വേറെ വല്ലതും എഴുതിയാൽ അത്രയും നല്ലത്‌