Friday, February 13, 2009

അഴിമതിയാരോപണം: ചൈനയുടെ മാതൃക

പല കാര്യങ്ങളിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാതൃകയായി കാണുന്ന പാര്‍ട്ടിയാണ് സി.പി.എം. അധികാര രാഷ്ട്രീയത്തില്‍ ഉറച്ച സ്ഥാനം നേടിയിട്ടുള്ള പശ്ചിമ ബംഗാളിലെയും കേരളത്തിലേയും സി.പി.എം നേതാക്കളുടെ വികസന
സങ്കല്പം മാവോയ്ക്ക് ശേഷമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. അഴിമതിയാരോപണങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഉഴറുന്ന സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിന് ചൈനയുടെ മാതൃക സ്വീകരിക്കാവുന്നതാണ്.

കമ്മ്യൂണിസ്റ്റുകാര്‍ അഴിമതി കാണിക്കില്ലെന്ന കേരള സിദ്ധാന്തം ചൈനയിലെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. ആരോപണവിധേയനായ പോളിറ്റ്ബ്യൂറോ അംഗത്തെ എന്തുവില കൊടുത്തും സംരക്ഷിക്കാനുള്ള ചുമതല പാര്‍ട്ടിയ്ക്കുണ്ടെന്ന ഇന്ത്യന്‍ സിദ്ധാന്തവും അവര്‍ക്ക് സ്വീകാര്യമല്ല.

കഴിഞ്ഞ 14 കൊല്ലക്കാലത്ത് ചൈനയില്‍ രണ്ട് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ അഴിമതിയ്ക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബീജിങ് മേയറായിരുന്ന ചെന്‍ സിട്ടോങ് (പടം ഇടതുവശത്ത്) ആണ് അവിടെ ആദ്യമായി അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പോളിറ്റ്ബ്യൂറോ അംഗം. അത് 1995ലായിരുന്നു. അപ്പോള്‍ തന്നെ പാര്‍ട്ടി അദ്ദേഹത്തെ ആ പ്രമോന്നത സമിതിയില്‍ നിന്ന് പുറത്താക്കി. കോടതി അദ്ദേഹം കുറ്റം ചെയ്ഹ്തതായി കണ്ടെത്തുകയും 16 കൊല്ലം തടവ് വിധിക്കുകയും ചെയ്തു. മൂന്ന് കൊല്ലം മുമ്പ് ഷാങ്ഹായ് മേയര്‍ ചെന്‍ ലിയാങ്‌യു (പടം വലതുവശത്ത്) ഒരു പെന്‍ഷന്‍ ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹവും ഉടന്‍ പോളിറ്റ്ബ്യൂറൊയില്‍ നിന്ന് പുറത്തായി.

കഴിഞ്ഞ കൊല്ലം അദ്ദേഹം 18 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടു.

ഇരുപത് കൊല്ലം മുമ്പ് ഞാന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രിവിശ്യയിലെ ഗവര്‍ണര്‍ അഴിമതിക്കുറ്റത്തിന് ജയിലിലായിരുന്നു. അദ്ദേഹത്തിനും നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്.

ഇന്ത്യയില്‍ ഒരു പോളിറ്റ്ബ്യുറോ അംഗം അഴിമതിയാരോപണവിധേയനാകുന്നത് ഇതാദ്യമാണ്. പിണറായി വിജയനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം നിലനില്‍ക്കെതന്നെ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നല്ല കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ചുമതലയും സി.പി.എമ്മിനുണ്ട്.

8 comments:

Unknown said...

നല്ല കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ചുമതല ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ സി.പി.എമ്മിനില്ല എന്ന് പറഞ്ഞാലോ?

chithrakaran ചിത്രകാരന്‍ said...

നല്ല കുറിപ്പ്.നല്ല വിവരം.

ramachandran said...

ചൈനയില്‍ മൊത്തം അഴിമതിയാണെന്നും ചരിത്രപരമായി നോക്കിയാല്‍ ഉന്നത പാര്‍ട്ടി തലവന്മാര്‍ വരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് ഒരു ചൈനാവിരുദ്ധ, കമ്മ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റ് ഇടാന്‍ ഉപയോഗിക്കേണ്ട ലിങ്കുകളായിരുന്നു. എന്ത് ചെയ്യാം?
:(

ഇന്നത്തെ സാഹചര്യത്തില്‍ അങ്ങിനെ ഒരു പോസ്റ്റ് ഇട്ടാല്‍ കേരളത്തിലെ സി.പി.എം ഭേദമാണെന്ന് ജനമെങ്ങാനും വിചാരിച്ചാലോ? അപ്പോ പിന്നെ ഇങ്ങനൊരു പോസ്റ്റ് തന്നെ നല്ലത്.

അല്ല പിന്നെ...പ്രശ്നം ഇപ്പോൾ ചൈനയിലെ കമ്യൂണിസ്റ്റാണോ ഇന്ത്യയിലെ കമ്യൂൂണിസ്റ്റാണോ ഭേദം എന്ന് വർണ്യത്തിലാശങ്ക

:(

ഇതിനിടയിൽ ഒരു കാര്യം വിട്ടു പോയി..അവിടുത്തെ പാർട്ടി ഭരിക്കുന്ന പാർട്ടി ആണ്..രണ്ടും തമ്മിൽ ചേർന്നാലും ചേർന്നില്ലേലും അതൊന്നു വിഷയമല്ല..

അജണ്ട കമ്യൂണിസത്തെ രക്ഷിച്ചെടുക്കലല്ലോ..കുളിപ്പിച്ച് കിടത്തലല്ലേ?

അപ്പോൾ, അങ്ങനെ തന്നെ സിന്ദാബാദ് !

Manikandan said...

ഭാസ്കർ സർ നമ്മുടെ രാജ്യത്ത് അങ്ങനെ ഒരു കീഴ്‌വഴക്കം ഉണ്ടോ? അഴിമതി കുറ്റത്തിന് ആരെയെങ്കിലും (മുതിർന്നവരും അധികാരം കൈയ്യാളിയിട്ടുള്ളവരുമായ) അഴിമതിയുടെ പേരിൽ ജയിലിൽ അടച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷങ്ങളിൽ എത്ര അഴിമതി കഥകൾ ഒന്നിലും ആരും ശിക്ഷിക്കപ്പെട്ടതായി അറിവില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സി.ബി.ഐ രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിയ്ക്കുന്നു എന്ന് താങ്കൾക്കും അഭിപ്രായമുണ്ട്..ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളിൽ പലതും ഇക്കാര്യത്തിൽ സി.പി.എം എടുത്ത നിലപാടുകളെ സാധൂകരിയ്ക്കുന്നതുമാണു..

എന്നാലും പിണറായി വിജയൻ രാജിവയ്ക്കണം എന്നു പറയുമ്പോൾ മനസ്സിലിരുപ്പു വ്യക്തം..

ചൈനയിലെ കാര്യം പറഞ്ഞു.അവിടെ കുറ്റം ഉണ്ടെന്ന് കണ്ടെത്തി, ശിക്ഷിയ്ക്കപ്പെട്ടു..ഇവിടെയും കണ്ടെത്തട്ടെ..അങ്ങനെ വന്നാൽ പിണറായി ജയിലിൽ പോകട്ടെ..ആരു പറയുന്നു വേണ്ടന്നു..അങ്ങനെ ഒരു കുറ്റം അദ്ദേഹം ചെയ്തില്ല എന്ന് പാർട്ടിയ്ക്കു ബോധ്യമുള്ളപ്പോൾ നിർബന്ധിച്ചു ജയിലിൽ വിടണോ?അഴിമതിക്കാർക്കെതിരെ നടപടി എന്നും പാർട്ടു കൈകൊണ്ടിട്ടുണ്ട്..

ആനുകാലികങ്ങളിൽ താങ്കൾ എഴുതുന്ന ലേഖനങ്ങൾ സ്ഥിരമായി വായിയ്ക്കുന്ന ഒരാളെന്ന നിലയിലും,ടി.വിയിലും മറ്റും വരുന്ന താങ്കളുടെ ചർച്ചകൾ കാണുന്നവൻ എന്ന നിലയിലും ഞാൻ പറയട്ടെ, താങ്കൾ വായ തുറന്നാൽ വരുന്നത് എന്നും എപ്പോളും ( ഈ വിഷയത്തിൽ മാത്രമല്ല) അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധംകൊണ്ടുള്ള വിഷം ചീറ്റലാണ്.ഇതൊക്കെ ഇന്നാട്ടിലെ ആൾക്കാർക്ക അറിയാം..അതുകൊണ്ടാണല്ലോ നിങ്ങളൊക്കെ നിരന്തരം എഴുതിയിട്ടും ഒന്നും ക്ലച്ച് പിടിയ്ക്കാതെ പോകുന്നത്.....!

എ.സി റൂമുകളിലിരുന്ന് ഉപദേശിയ്ക്കുന്നവരേക്കാൾ എനിക്കിഷ്ടം ജനങ്ങൾക്കിടയിൽ പ്രവർത്തിയ്ക്കുന്ന രാഷ്ട്രിയക്കാരെ ആണ്..ആ ഗുണം ഉമ്മൻ ചാണ്ടിയിൽ പോലും ഞാൻ കാണുന്നു.

Pongummoodan said...

ബഹുമാനപ്പെട്ട ഭാസ്കർ സാർ,

എന്റെ തുറന്നകത്തിനായുള്ള അങ്ങയുടെ മറുപടി ‘വെറും ഒരു കമന്റ്‘ ആയല്ല മറിച്ച് അതൊരു അനുഗ്രഹമായി തന്നെയാണ് ഞാൻ കാണുന്നത്.

ഈ പോസ്റ്റ് ഞാൻ വായിച്ചു. കൂടുതൽ അറിവ് ലഭിക്കാൻ ആ പോസ്റ്റ് പര്യാപ്തമായി. സന്തോഷം.

എന്നാൽ ഒരിക്കലും എന്റെ തുറന്നകത്ത് അങ്ങയെ മനസ്സിലാക്കാതെ നടത്തിയ വെറും ഒരു കുട്ടിക്കളി ആയിരുന്നില്ല. താങ്കൾ അനീതിയുടെ പക്ഷത്തെന്നോ അവയോട് അനുഭാവം പുലർത്തുന്ന വ്യക്തിയെന്നോ ഉള്ള ധാരണ വച്ചായിരുന്നില്ല എന്റെ ആ കത്ത്.

സത്യത്തിൽ ആ പോസ്റ്റ് എന്നിലെ സന്തോഷത്തിൽ നിന്ന് ഉണർന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ താങ്കൾ കുറിക്കണമെന്നും ‘ലാവ്‌ലിൻ’ വിഷയത്തിൽ സത്യസന്ധനായ മാധ്യമപ്രവർത്തകൻ പുലർത്തേണ്ട നിഷ്പക്ഷത പുലർത്തിയാൽ ആ നിഷ്പക്ഷത പോലും ഒരു പക്ഷേ ‘അഴിമതിപക്ഷം‘ അവർക്ക് അനുകൂലമായി ഉപയോഗിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ അങ്ങ് കുറച്ചുകൂടി പക്ഷപാതിയായി നിലകൊള്ളെണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി. ഒരു ജനപക്ഷപാതി.

എന്റെ വാക്കുകൾ തെറ്റായി പോയിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം.

ബഹുമാനപൂർവ്വം
പോങ്ങുമ്മൂടൻ / ഹരി

Unknown said...

ചൈനയിലെ വില കുറഞ്ഞ സാധനങ്ങള്‍ മാത്രമേ ഇവിടെ എടുക്കൂ.

കടവന്‍ said...

good post,

here you may see some brainless sakhakkal.