Monday, February 9, 2009

മരിച്ചവർ കള്ളം പറയില്ല

അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബാലാനന്ദന്റെ മരണാനന്തരപീഡനം ആരംഭിച്ചത് ജനശക്തി ഫെബ്രുവരി 7-13 ലക്കത്തില്‍ അദ്ദേഹം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോടെയാണ്. കത്തിൽ കൊടുത്തിരിക്കുന്ന തീയതിയനുസരിച്ച്, അദ്ദേഹം അതെഴുതിയത് 8-7-2005നാണ്. യു.പി.എ. സര്‍ക്കാരിനെ സി.പി.എം പിന്തുണച്ചിരുന്ന കാലമാണത്. സി.ബി.ഐയെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാന്‍ മന്‍‌മോഹന്‍ സിങ്ങിന് കാരണമൊന്നുമുണ്ടായിരുന്നില്ല.

8-8-2005ന്‍, അതായത് കത്തെഴുതി ഒരു മാസത്തിനുശേഷം, ബാലാനന്ദന്‍ പി.ബി.ക്ക് നല്‍കിയ അനുബന്ധവും ജനശക്തി പ്രസിദ്ധീകരിക്കുകയുണ്ടായി.

ജനശക്തിയുടെ ആ ലക്കം ഇറങ്ങിയ ദിവസം തന്നെ ചാനലുകള്‍ അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അടുത്ത ദിവസം മാദ്ധ്യമങ്ങള്‍ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അയച്ച ആള്‍ക്കും കിട്ടിയ ആള്‍ക്കുമല്ലേ കത്തിനെക്കുറിച്ചറിയാന്‍ കഴിയുന്നതെന്ന യുക്തിഭദ്രമായ ചോദ്യവും അദ്ദേഹം ചോദിച്ചു. അയച്ചയാള്‍ അന്തരിച്ച സാഹചര്യത്തില്‍ അറിയാവുന്ന ഒരാളെ അവശേഷിക്കുന്നുള്ളു. അത് കിട്ടിയ ആളാണ്. അദ്ദേഹം ഉടൻ പ്രതികരിച്ചു: അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല; പത്രത്തില്‍ വന്നത് വ്യാജരേഖയാണ്.

ബാലാനന്ദന്റെ അഭാവത്തില്‍ അദ്ദേഹത്തിനുവേണ്ടി ഭാര്യ സരോജിനി മൊഴി നല്‍കാന്‍ തയ്യാറായി. ബാലാനന്ദന്‍ കത്തെഴുതിയോ എന്ന് തനിക്കറിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറയുന്നത് ഏതോ ചാനലില്‍ കേട്ടു. അവര്‍ ഇങ്ങനെ തുടര്‍ന്നു: എഴുതിയിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വിശ്വസിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റുകാരന്‍ കള്ളം പറയില്ല.

വിശ്വാസമാണല്ലൊ ഏറ്റവും വലിയ രക്ഷാമാര്‍ഗ്ഗം.

ബാലാനന്ദന്‍ അന്തരിച്ചത് മൂന്നാഴ്ച മുമ്പ് മാത്രമാണ്. ജനുവരി 19ന്. പഴയ ലക്കങ്ങൾ മറിച്ചു നോക്കിയാൽ അതിനും വളരെ മുമ്പെ ലാവലിന്‍ വിഷയത്തില്‍ അദ്ദേഹം പി.ബിക്ക് എഴുതിയ കത്തുകളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മലയാളപത്രങ്ങളില്‍ വന്നിരുന്നതായി കാണാം. ആ റിപ്പോർട്ടുകൾ വന്നകാലത്ത് അങ്ങനെയൊരു കത്തും താൻ എഴുതിയിട്ടില്ലെന്ന് ബാലാനന്ദൻ പറഞ്ഞില്ല. അങ്ങനെയൊരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്ന് അന്ന് കാരാട്ടും പറഞ്ഞില്ല.

മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.

13 comments:

Unknown said...

അതെ മരിച്ചവര്‍ കള്ളം പറയില്ല,പക്ഷെ ജീവിച്ചിരിക്കുന്നവര്‍ക്ക് കള്ളം പറയേണ്ടി വരും. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് ഒരിക്കലും കള്ളമല്ല,കമ്മ്യൂണിസ്റ്റ്കാര്‍ക്ക്!

ramachandran said...

കത്ത് ഒറിജിനലോ വ്യാജമോ എന്നറിയാന്‍ പലവഴിക്കും ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും നോക്കി. എക്സല്‍ ഷീറ്റുകള്‍ തൊഴിലാളികളല്ലാത്തതിനാല്‍ അവയ്ക്ക് തലേക്കെട്ടും, ചുവന്ന ഷര്‍ട്ടും, ചുണ്ടില്‍ ബീഡിയും, കണ്ണില്‍ ചോപ്പും ഇല്ലാത്തതിനാല്‍ പണിമുടക്കിയില്ല.

ജനശക്തിക്കാര്‍ കള്ളത്തരം കാണിക്കുമോ? ശരിയായ കമ്യൂണിസ്റ്റുകാരാണവര്‍. സരോജിനി ബാലാനന്ദനു കാരാട്ടിനെ വിശ്വസിക്കാം എന്നപോലെ മറ്റുള്ളവര്‍ക്ക് ജനശക്തിക്കാരെയും വിശ്വസിക്കാം. വിശ്വാസമാണല്ലോ രക്ഷ. കത്ത് ഒറിജിനല്‍ തന്നെ.

മാധ്യമങ്ങളില്‍ വന്ന കത്ത് ഫാബ്രിക്കേഷന്‍ എന്നാണ് പി.ബി. പറയുന്നത്. ബാലാനന്ദന്‍ കത്തേ അയച്ചി്ട്ടില്ല എന്നതിനര്‍ത്ഥമില്ല. ഈ കത്ത് വ്യാജം. അത്രമാത്രം. ഇതില്‍ ഒപ്പില്ല പി.ബിക്ക് കിട്ടിയതില്‍ ഒപ്പുണ്ട്. ആ നിലക്ക് അത് വേറെ കത്ത് തന്നെ. എന്നു വെച്ചാല്‍ ഇത് ഒറിജിനലിന്റെ ഒപ്പിടാത്ത കോപ്പി. ഒന്നു കൂടി എന്നു വെച്ചാല്‍ ഒറിജിനല്‍.

പണ്ടു വാര്‍ത്തകളില്‍ പരാമര്‍ശിതമായ കത്ത് ഇത് തന്നെയോ, അന്നു വാര്‍ത്തകളില്‍ വന്നത് സത്യമോ എന്നതറിയാന്‍ ആറ്റുകാല്‍‍, പാഴൂര്‍ എന്നിവിടങ്ങളിലേക്ക് ചിലരൊക്കെ ചെന്നതായി റൂമര്‍ ഉണ്ട്. വിഡ്ഢികള്‍. വെറുതെ വണ്ടിക്കൂലി കളഞ്ഞു. ചുമ്മാ ഒരു വെറ്റില എടുത്ത് അതില്‍ ഭാര്യയുടെ കണ്മഷി തേച്ച് സൂക്ഷിച്ച് നോക്കിയാല്‍ അറിയാം കാരാട്ടിന്റെ സേഫ് ഡെപ്പോസിറ്റ് ലോക്കറില്‍ ഇരിക്കുന്ന(ഉറപ്പ്) ‘ആ’ കത്ത് ‘ഈ’ കത്ത് തന്നെ എന്ന്. വാര്‍ത്ത സത്യം എന്ന അശരീരിയും കേള്‍ക്കാം.

മരിച്ചു കഴിഞ്ഞശേഷം പ്രസിദ്ധീകരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് ചിലരൊക്കെ പറയുന്നൂണ്ട്. അതിലും കാര്യമേയില്ല. സഖാവിനെ വിഷമിപ്പിക്കേണ്ട എന്നു കരുതിത്തന്നെയാണ് മരിച്ചു കഴിഞ്ഞ ശേഷം പ്രസിദ്ധീകരിച്ചത്. ജനശക്തി പോലുള്ള ശരിയായ കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെയെ ചെയ്യൂ. മരിച്ചവര്‍ ഒന്നും അറിയില്ല എന്ന ആശ്വാസമുണ്ട്. ആത്മാക്കളില്ല എന്നുറച്ചു വിശ്വസിക്കുന്നതുകൊണ്ട് പ്രേതങ്ങളെ പേടിക്കേണ്ടതുമില്ല. ആ നിലക്കും കത്ത് ഒറിജിനല്‍ തന്നെ.

അങ്ങിനെ പല ഈഫ്സ് ആന്‍ഡ് ബട്ട്സ് നോക്കി. എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് കത്ത് ഒറിജിനല്‍ എന്നതിലേക്ക് തന്നെ. പത്തില്‍ ഒന്‍പത് പൊരുത്തവും ഒക്കുന്നുണ്ട്.

പത്തില്‍ പത്തടിക്കാന്‍ എത്ര നോക്കിയിട്ടും ഒരെണ്ണം മാത്രം ഒക്കുന്നില്ല. സാക്ഷാൽ ബി ആർ പി കത്ത് ഒറിജിനല്‍ എന്ന് വ്യംഗ്യമായി എഴുതിയിരിക്കുന്നു. അത് വെച്ച് നോക്കുമ്പോള്‍ കത്ത് വ്യാജനല്ലാതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. :)

എല്ലാ വാദ്യങ്ങള്‍ക്കും മീതെ ചെണ്ട. അതു പോലെ ഈ പൊരുത്തത്തിന്റെ എന്നുവെച്ചാല്‍ പൊരുത്തക്കേടിന്റെ മുന്നില്‍ മറ്റു ഒന്‍പത് പൊരുത്തങ്ങളും റദ്ദായിരിക്കുന്നു.

dethan said...

ചാനലുകളിലെ പൈങ്കിളി ചര്‍ച്ചക്കാര്‍ ഈ കഥ അറിയാത്തതോ മറവി നടിക്കുന്നതോ?അപ്പുക്കുട്ടന്‍
വള്ളിക്കുന്ന്, സ്വന്തം അനുഭവം പറഞ്ഞതു വിശ്വസിക്കാമെങ്കില്‍ കേന്ദ്ര നേതാക്കള്‍ ഇതിനേക്കാള്‍ വലിയ കള്ളവും തട്ടി വിടുമെന്നാണു കരുതേണ്ടത്.
-ദത്തന്‍

Unknown said...

ദത്താ, കമ്മ്യൂണിസവും കള്ളവും ഇരട്ടക്കുട്ടികളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്നവര്‍ക്ക് കമ്മ്യൂണിസം പറ്റില്ല എന്നും അനുഭവപാഠം. കിത്താബിലുള്ള കമ്മ്യൂണിസമല്ല കമ്മ്യൂണിസ്റ്റുകാരന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. തങ്ങളുടെ ഹീനമായ വാക്കുകള്‍ക്കും ചെയ്തികള്‍ക്കും കിത്താബ് മറയാക്കുകയും ചെയ്യും. ആശയങ്ങള്‍ എന്തായായലും പ്രവര്‍ത്തനമണ് കാലം പരിശോധിക്കുക. കമ്മ്യൂണിസം കാലഹരണപ്പെടാന്‍ കാരണം കമ്മ്യൂണിസ്റ്റുകാരന്റെ പ്രവര്‍ത്തനങ്ങളാണ്. കമ്മ്യൂണിസ്റ്റുകാരന്‍ എന്താണോ ചെയ്യുക അതാണ് അവര്‍ മറ്റുള്ളവരില്‍ ആരോപിക്കുക. അത്കൊണ്ട് ആയിരം ബീബല്‍‌സ് സമം ഒരു കമ്മ്യൂണിസ്റ്റ് എന്നാണ് സമവാക്യം.

ramachandran said...

നുണ നൂറ്റൊന്നാവർത്തിച്ചാൽ ബീബൽ‌സ് ചിലപ്പോൾ ഗീബൽ‌സ് ആവും
:)

Pongummoodan said...

ബഹുമാനപ്പെട്ട ഭാസ്കർ സാർ,

താങ്കളെപ്പോലെ ബഹുമാന്യനും പ്രതിഭാശാലിയുമായ ഒരു വ്യക്തിയുടെ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയുക എന്നത് അനൌചിത്യമായിരിക്കും എന്നെനിക്കറിയാം.
എങ്കിലും അങ്ങയുടെ ഈ പോസ്റ്റ് ഒരാശ്വാസമായി. താങ്കളെപ്പോലുള്ളവർ ഇത്തരം വിഷയത്തിൽ കൂടുതലായി പ്രതികരിക്കുമ്പോഴാണ് അനീതി കുറെയെങ്കിലും പിൻ‌വലിയുന്നതും നീതിയ്ക്ക് തെല്ലൊരാത്മവിശ്വാസത്തോടെ സമൂഹമദ്ധ്യത്തിലേയ്ക്ക് കടന്ന് വരാനും കഴിയുന്നത്.

ബഹുമാനപൂർവ്വം
പോങ്ങുമ്മൂടൻ എന്ന സഹബ്ലോഗർ.

Pongummoodan said...

സാർ,

സമയം കിട്ടുമ്പോൾ ഈ പോസ്റ്റ് ഒന്ന് വായിക്കാൻ അങ്ങേയ്ക്ക് സാധിക്കുമോ? അത് എനിക്കൊരു അനുഗ്രഹമാവും എന്ന സ്വാർത്ഥചിന്ത എന്നിലുണ്ടെന്ന് ഞാൻ ഒളിച്ച് വയ്ക്കുന്നില്ല.

http://pongummoodan.blogspot.com/2009/02/blog-post_12.html

Unknown said...

ആ കമന്റ് എഴുതുമ്പോള്‍ പ്രകോപിതരായ ഇടത് അനോണികള്‍ വന്നു തെറി പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗീബല്‍‌സ് എന്നത് ടൈപ്പ് ചെയ്തപ്പോള്‍ വന്ന അക്ഷരത്തെറ്റ് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയതില്‍ ഏതായാലും നന്ദി :)

Unknown said...

അയ്യപ്പ ബൈജു നല്ല തമാശയാണ്.

dethan said...

കെപി.സുകുമാരന്,
കമ്യൂണിസം കാലഹരണപ്പെട്ടതും കള്ളത്തിന്റെ പര്യായവും ആണെന്ന താങ്കളുടെ അഭിപ്രായത്തോട്
യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.ഒരു കമ്യൂണിസ്റ്റുകാരന്‍ കള്ളം കാണിച്ചാല്‍ അതു കമ്യൂണിസത്തിന്റെ
കുഴപ്പമാണെന്ന വാദം ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്.ഡോക്റ്ററുടെ പിഴവു മൂലം രോഗി മരിച്ചാല്‍ അത് വൈദ്യശാസ്ത്രത്തിന്റെ തെറ്റാകുമോ?
-ദത്തന്‍

My Photos said...

പ്രിയ ഭാസ്കര്‍ സര്‍,

സ്ഘാവ് സരോജിനി ബാലാനന്ദന്‍ പറഞ്ഞതു, ഭര്‍ത്താവ് ഇങ്ങിനെയൊരു കതെഴുതിയോ എന്നതിനെ കുറിച്ചു എനിക്കറിയില്ല, എന്നോടൊന്നും പറഞ്ഞില്ല എന്നാണു. മാത്രമല്ല സഘാവ് പ്രകാശ് അങ്ങിനെയൊരു കത്ത് കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് ഞാന്‍ വിശ്വാസത്തില്‍ എടുക്കുന്നു. കാരണം ഒരു കമ്മുനിസ്റ്റ്‌ കാരന്‍ കള്ളം പറയില്ല എന്നുള്ള വിശ്വാസം. ഇവിടെ ഉത്തമയായ ഒരു ഭാര്യ മരിച്ചു പോയ തന്റെ ഭര്‍ത്താവിനെ അനാവശ്യമായി വിവാദങ്ങളില്‍ വലിച്ചിഴക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോഴും തനിക്കറിയാത്ത കാര്യം നിഷേധിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. മറിച്ച്‌ ഒരു കമ്മുനിസ്റ്കാരന്‍ കള്ളം പറയില്ല അതിനാല്‍ പ്രകാശിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞതിലൂടെ പന്ത് PB ക്ക് വിട്ടിരിക്കുകയാ. പാവം PB കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമായി ബ്ലാക്ക്മൈലിനു വിധേയമായിരിക്കുന്നു.

Unknown said...

ദത്തന്‍ പറയുന്നു:“ഒരു കമ്യൂണിസ്റ്റുകാരന്‍ കള്ളം കാണിച്ചാല്‍ അതു കമ്യൂണിസത്തിന്റെ
കുഴപ്പമാണെന്ന വാദം ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്.” ഇത്തരം പ്രസ്ഥാവനകള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും വക്താക്കള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്.ഉദാഹരണത്തിന് ഒരു മുസ്ലീം ഖുര്‍‌ആന്‍ അനുസരിച്ച് ജീവിക്കുന്നില്ലെങ്കില്‍ അത് ഖുര്‍‌ആന്റെ കുഴപ്പമാവുന്നതെങ്ങനെയെന്ന് ഇസ്ലാമിന്റെ വക്താക്കളും അതേ പോലെ തന്നെ മറ്റുള്ളവരും ചോദിക്കാറുണ്ട്. ഞാന്‍ ആഴത്തില്‍ ചിന്തിച്ച ഒരു പ്രശ്നമാണിത്.

ഒരു തത്വശാസ്ത്രത്തിന് അതിന്റെ അനുയായികളെ അതിനനുസരിച്ച് പെരുമാറാനും ജീവിതം നയിക്കാനും പ്രേരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ തത്വശാസ്ത്രത്തിന്റെ പ്രസക്തി എന്ത്? കിത്താബുകളുടെ മുഷിഞ്ഞ പേജുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ മാത്രമല്ലെ അപ്പോള്‍ ആ തത്വശാസ്ത്രം. മനുഷ്യരുടെ കുഴപ്പങ്ങള്‍ പരിഹരിക്കാനല്ലെ പ്രത്യയശാസ്ത്രങ്ങള്‍? അത് കഴിയുന്നില്ലെങ്കില്‍ കുഴപ്പം ആ തത്വശാസ്ത്രങ്ങള്‍ക്കോ മനുഷ്യര്‍ക്കോ? മനുഷ്യര്‍ക്ക് കുഴപ്പം ഉണ്ടല്ലൊ. അതാണല്ലൊ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും അതിന് പ്രവര്‍ത്തകരും വേണ്ടി വരുന്നത്? ഒരു പ്രത്യയശാസ്ത്രം അത് കമ്മ്യൂണിസമായാലും ഗാന്ധിസമായാലും ഇസ്ലാം-ക്രൈസ്തവ-ഹിന്ദു തത്വങ്ങളായാലും ജനങ്ങളെയോ കുറഞ്ഞ പക്ഷം അതിന്റെ വക്താക്കളെയെങ്കിലുമോ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ തത്വശാസ്ത്രവും സിദ്ധാന്തവും എന്തിന്? അതിന് സാരമായ കുഴപ്പം ഉണ്ടെന്നല്ലെ അര്‍ത്ഥം?

സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി കാലാകാലങ്ങളായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതാത് കാലത്തെ മനുഷ്യരുടെ സാമാന്യയുക്തിയാണ് എക്കാലവും മനുഷ്യനെ വിമോചിപ്പിച്ചിട്ടുള്ളത് എന്നും ഞാന്‍ പറയും. ഞാന്‍ മനസ്സിലാക്കിയ വരേക്കും ഖുറാന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മുസല്‍‌മാനെയോ,യേശുവിന്റെ പ്രബോധനങ്ങള്‍ അതേ പടി ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു കൃസ്ത്യാനിയെയോ, ഭഗവത്ഗീത അനുശാസിക്കുന്ന പോലെ ജീവിയ്ക്കുന്ന ഹിന്ദുവിനെയോ,കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ പ്രായോഗികജീവിതത്തില്‍ പിന്തുടരുന്ന ഒരു മാര്‍ക്സിസ്റ്റിനെയോ ഗാന്ധിയിസം കൊണ്ടുനടക്കുന്ന ഒരു കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയുകയില്ല. അപ്പോള്‍ ഈ പ്രത്യയശാസ്ത്രങ്ങളൊക്കെ പ്രസംഗിക്കാനേ കൊള്ളൂ എന്ന് തോന്നുന്നു. അതിനോട് തോന്നുന്ന വൈകാരികമായ മമത വെറും അന്ധവിശ്വാസമായി എനിക്ക് തോന്നിയിട്ടുണ്ട്. ഒരു നല്ല മനുഷ്യനായി ജീവിയ്ക്കാന്‍ സ്വന്തം യുക്തിയെ ഉപയോഗിച്ച് ചിന്തിച്ചാല്‍ കഴിയുമെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അതിന് കഴിയുന്നില്ലെങ്കില്‍ ഏത് ഇസത്തിനും അവനെ നല്ലവനാക്കാന്‍ കഴിയില്ല.അത് കൊണ്ടാണ് ഏത് ഇസ്റ്റായായാലും മനുഷ്യന്‍ സ്വയം നന്നാവണമെന്ന് ഞാന്‍ പറയുന്നത്.

The Kid said...

കത്ത് ഉള്ളതോ ഇല്ലാത്തതൊ, പി.ബി കത്ത് കണ്ടോ ഇല്ലയോ എന്നതൊക്കെ തല്‍കാലം മാറ്റിനിര്‍ത്തിയാല്‍, ഒരു സാധാരണക്കാരന് പറയാനുള്ളത് ഇതാണ് - കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത് ജാഥയും കല്ലേറും നടത്തുന്ന തെരുവു പട്ടാളമോ, വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന വിശ്വാസക്കാരായ നേതാക്കളോ, പാര്‍ട്ടി ഫണ്ടോ ഒന്നുമായിരുന്നില്ല. വെയിലും മഴയും കൊണ്ട് ക്യൂ നിന്ന് പോളിങ്ങ് ബൂത്തില്‍ കയറിയാല്‍ അറിയാതെ അരിവാള്‍ ചുറ്റിക ചിഹ്നത്തിലേക്ക് കൈ നീളുന്ന നിശ്ശബ്ദരായ അനുഭാവികളായിരുന്നു. അവര്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാവുന്നുണ്ട്. അവരുടെ മുഖത്ത് നോക്കി പാര്‍ട്ടിയെപ്പറ്റി ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നും ആരും കത്തെഴുതിയില്ലെന്നുമൊക്കെ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഇവിടെയാരും മന്ദബുദ്ധികളല്ല, പാര്‍ട്ടിയെന്നത് അന്യഗ്രഹത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത വിശേഷ വസ്തുവുമല്ല. ഈ നേതാക്കളൊക്കെ ഉണ്ടാവും മുന്നെ പാര്‍ട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് പിണറായിയാണ് പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍ അത് എന്ത് അസുഖത്തിന്റെ ലക്ഷണമാണെന്ന് ഇവിടെ എല്ലാര്‍ക്കും മനസ്സിലാവും. ഒരപേക്ഷയേ നേതാക്കനു്മാരോട് ഉള്ളൂ - നിങ്ങളായിട്ട് ഞങ്ങളെ ചിഹ്നം മാറ്റി കുത്തിക്കരുത്.