Friday, March 21, 2008

ഒരു പത്രാധിപര്‍ മനുഷ്യാവകാശലംഘനത്തിനു ആഹ്വാനം ചെയ്യുന്നു

മലപ്പുറം ജില്ലയിലെ കല്പകന്ച്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന 'ധിഷണ' മാസികയുടെ മാര്‍ച്ച് ലക്കത്തിലെ മുഖപ്രസംഗം എന്നെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.

'ഈ തെമ്മാടികളെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊല്ലുക!' എന്നാണ് അതിന്‍റെ തലക്കെട്ട്. മരണത്തില്‍ കലാശിച്ച ചില റാഗിംഗ് സംഭവങ്ങള്‍ പത്രാധിപരെ രോഷാകുലനാക്കിയെന്നു വ്യക്തം. തന്‍റെ വികാരം പത്രാധിപര്‍ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നു.

അദ്ദേഹം എഴുതുന്നു: 'കലാലയത്തിന്റെ പടികയറി സഹപാഠികളാകാന്‍ വരുന്നവരെ കൂട്ടംകൂടി ഹിംസ്രജന്തുക്കള്‍ ഇരകളെ കടിച്ചുകീറുംപോലെ ക്രൂരവും മ്ലേച്ഛവുമായ മര്‍ദ്ദനമുറകളോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എതിരേല്‍ക്കുന്നത് കലാലയാന്തരീക്ഷവും അവിടത്തെ കൂട്ടുകാരുമായും എളുപ്പത്തില്‍ ഇണങ്ങിച്ചേരാനുള്ള ഉത്തമമാര്‍ഗ്ഗമെന്നു ന്യായീകരിക്കുന്ന ബുദ്ധിരാക്ഷസന്മാരും നമ്മുടെ കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. ഈ കാപാലികന്മാരെയും മുന്കരുതലോടെ നിയമം വേണ്ടവിധം നടപ്പാക്കി കാംപസ്സിനെ സംരക്ഷിക്കാത്ത സര്‍ക്കാര്‍-സ്ഥാപന അധികൃതരെയുമാണ് ആദ്യം തല്ലേണ്ടത്. നാടിന്‍റെ ഉന്നതങ്ങള്‍ കാത്തിരിക്കുന്ന നാളെയുടെ പൌരന്മാരായ കലാലയവിദ്യാര്‍ത്ഥികളില്‍ രാക്ഷസവേഷം കെട്ടുന്ന തെമ്മാടികളെ കാംപസ്സിനകത്തെ വൃക്ഷക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറടിച്ചു കൊല്ലാന്‍ നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടു വരികയും വേണം.'

അതിശക്തമായി പ്രതികരിക്കാനുള്ള അവകാശം പത്രാധിപര്‍ക്കുണ്ട്. പക്ഷെ പ്രശ്നത്തിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം അദ്ദേഹം അപലപിക്കുന്ന റാഗിങ്ങിനെപ്പോലെതന്നെ ക്രൂരവും പ്രാകൃതവുമാണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയണം. ഈ മുഖപ്രസംഗം മനുഷ്യാവകാശ ലംഘനതിനുള്ള ആഹ്വാനമാണ്.

2 comments:

മായാവി.. said...

എങ്കീപ്പിന്നെ ഒരുകാര്യം ചെയ്യ്‌, റാഗിങ്ങ് വീരന്മാര്ക്ക് പൊന്നാടയണിയിച്ച് താങ്കളുടെ വക ഒരുമ്മയും കൊട്. സുഹൃത്തെ, പാമ്പിനെ തല്ലിക്കൊല്ലണം, സമൂഹത്തെ ദുഷിപ്പിന്നതിന്‌തക്കതായശിക്ഷ ഇതൊക്കെത്തന്നെ അല്ലെങ്കില്‍ സമൂഹം കെട്ടു പോക്കും അല്ലാതെ അവരുടെ രീതിയില്‍ തന്നെ അവരെശിക്ഷിക്കരുത് എന്ന് പറയല്ലെ.

BHASKAR said...

മായാവിയ്ക്ക്: നിങ്ങളോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നു ആഗ്രഹിക്കുന്നുവോ അങ്ങനെ മറ്റുള്ളവരോട് പെരുമാറുക -- രണ്ടായിരത്തില്‍പരം കൊല്ലം മുമ്പ് നല്‍കപ്പെട്ട ഒരുപദേശമാണിത്. ഇത് അവിടെയെത്തിയിട്ടില്ലെന്നുണ്ടോ? അതോ അത് വേണ്ടെന്നു താങ്കള്‍ തീരുമാനിക്കുകയായിരുന്നോ? ഏതായാലും തലകീഴായി കെട്ടിത്തൂക്കി ചാട്ടകൊണ്ടടിക്കുന്നതിനും കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്നതിനും ഇടയില്‍ പല സാദ്ധ്യതകളും ഉണ്ടെന്നറിയുക.