Thursday, March 20, 2008

ഇറാഖ് യുദ്ധം ആറാം വര്‍ഷത്തിലേക്ക്

അമേരിക്ക ഇറാഖ് ആക്രമിച്ചിട്ടു അഞ്ചു കൊല്ലം തികയുന്നു. പതിനായിരക്കണക്കിനു ഇറാഖികള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന്‌ ഇറാഖികള്‍ അഭയാര്‍ത്ഥികളായി.

മറുഭാഗത്ത് ഏതാണ്ട് 4,000 അമേരിക്കന്‍ പട്ടാളക്കാരും 175 ബ്രിട്ടീഷ് പട്ടാളക്കാരും മറ്റു അമേരിക്കന്‍ സഖ്യസേനകളില്‍പ്പെട്ട 134 പേരും കൊല്ലപ്പെട്ടു.

ഈ യുദ്ധത്തിനു അമേരിക്ക ഇതിനകം 500 ബില്യണ്‍ ഡോളര്‍ ചിലവാക്കിക്കഴിഞ്ഞു.

യുദ്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ FACTBOX കാണുക

7 comments:

മൂര്‍ത്തി said...

അധിനിവേശം അല്ലേ യുദ്ധത്തേക്കാള്‍ കുറച്ച് കൂടി കൃത്യമായ വാക്ക്? അത് പോലെ ലക്ഷക്കണക്കിനല്ലേ മരിച്ചവരുടെ എണ്ണം?

BHASKAR said...

അമേരിക്ക നടത്തുന്നത് അധിനിവേശം. അതിനെതിരായ പ്രതിരോധം അവിടെ നടക്കുന്നതിനു യുദ്ധത്തിന്‍റെ സ്വഭാവം നല്കുന്നു. Iraq Body Count വെബ്സൈറ്റിലെ (http://www.iraqbodycount.org/database/) കണക്കനുസരിച്ച് ഇറാഖില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 82,249 – 89,760 ആണ്.

BHASKAR said...
This comment has been removed by the author.
Countercurrents said...

ഇറാഖ് ബോഡി കൗണ്ടിന്‍റെ ഡാറ്റ ആരും അംഗീകരിക്കുന്നില്ല എന്നുതന്നെയല്ല കൂട്ടക്കുരുതി നടത്തുന്നവര്‍ക്ക് പറഞ്ഞു നില്‍ക്കാന്‍ സഹായിക്കുന്ന ഒരു കണക്കായി മാറിയിട്ടുണ്ട് എന്നതാണ് സത്യം. ബ്രിട്ടനിലെ ഒ.ആര്‍.ബി സര്‍വേയും ലാന്‍സെറ്റ് പഠനവും ഇറാഖിലെ യുദ്ധത്തിനുശേഷമുള്ള മരണത്തിന്റെ കണക്ക് പത്തുലക്ഷത്തിനുമുകളില്‍ രേഖപ്പെടുത്തുന്പോഴാണാ ഇറാഖ് ബോഡികൗണ്ട് ഇവിടെ ക്വോട്ട് ചെയ്തിരിക്കുന്ന തരത്തിലുള്ള കണക്കുമായി നില്‍ക്കുന്നത്. ഇത് ആരേ സഹായിക്കാനാണെന്നത് വ്യക്തം. ഇറാഖ് ബോഡികൗണ്ടിന്‍റെ മെതഡോളജിയും ഒരു വിധത്തിലും ശാസ്ത്രീയമല്ല. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ മരണക്കണക്ക് കൂട്ടുന്നത്!
ഈ ലേഖനം കൂടി വായിക്കാന്‍ അപേക്ഷ

Iraq Body Count: “A Very
Misleading Exercise”

http://www.countercurrents.org/lens051007.htm

Passive Genocide In Iraq By Gideon Polya

http://www.countercurrents.org/iraq-polya110305.htm

മൂര്‍ത്തി said...

യുദ്ധം എന്നത് ഒരു നിഷ്പക്ഷ പദം അല്ലേ? അതായത് അതില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍‍ അന്യോന്യം ആക്രമിക്കുന്നുണ്ടാവും. അതില്‍ ഏത് രാജ്യത്തിന്റെ മേല്‍ ആണ് കുറ്റം എന്നോ ആരു തുടങ്ങി എന്നോ വ്യക്തമാകണം എന്നില്ല ആ പദം ഉപയോഗിക്കുമ്പോള്‍. ഇറാഖില്‍ അതാണോ സംഭവിച്ചിരിക്കുന്നത്? തികച്ചും നിയമവിരുദ്ധം ആയ അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ ഇറാഖിലെ ജനങ്ങള്‍ ചെറുത്തു നില്‍ക്കുമ്പോള്‍ അതിനെ യുദ്ധം എന്ന നിഷ്പക്ഷ പദം കൊണ്ട് വിശേഷിപ്പിക്കുന്നത് അമേരിക്കയുടെ ചെയ്തികളെ അല്ലേ ന്യായീകരിക്കുക? ഇറാഖ് എവിടെയാണ് അമേരിക്കയെ ആക്രമിക്കുന്നത്? ഇറാഖില്‍ നടക്കുന്ന നൃശംസതയെ യുദ്ധം എന്ന് വിശേഷിപ്പിക്കുന്നത് ഇറാഖികളോടും ഇനി അതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന രാജ്യങ്ങളോടും ജനതയോടും ഉള്ള നീതികേടാണെന്നു പറയേണ്ടിയിരിക്കുന്നു.

മരണസംഖ്യ ലക്ഷങ്ങള്‍ അല്ലേ എന്ന് ചോദിച്ചത് കൌണ്ടര്‍ കറന്റ് ചൂണ്ടിക്കാണിച്ച ലാന്‍സെറ്റ് സര്‍വെയും,(6ലക്ഷം+), പിന്നീട് പുറത്ത് വന്ന ചില സര്‍വെയും(10ലക്ഷം+)ഒക്കെ അടിസ്ഥാനമാക്കിയാണ്. ഇറാഖിനെക്കുറിച്ചെഴുതുന്ന അമേരിക്കന്‍ എംബെഡഡ് അല്ലാത്ത പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ ലക്ഷങ്ങളില്‍ത്തന്നെയാണ് പറയുന്നത്. പുതിയ ഓ.ആര്‍.ബി സര്‍വെ അനുസരിച്ച് 12 ലക്ഷം എന്നെവിടെയോ വായിച്ചു.

ramachandran said...

അധിനിവേശസേനയിലെ പട്ടാളക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാതിരിക്കാനാണ് ഇറാക്കില്‍ യുദ്ധമാണ് നടക്കുന്നത് എന്നു വിശേഷിപ്പിക്കുന്നത്, മനസ്സിലായില്ലേ?

BHASKAR said...

ഇറാഖ് വിഷയത്തിലെ പദപ്രയോഗത്തോടും കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച കണക്കിനോടും വിയോജിപ്പ് രേഖപ്പെടുത്തിയ സുഹൃത്തുക്കളുടെ വികാരം മാനിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും അംഗീകരിക്കുന്ന കണക്കുകള്‍ ഉണ്ടാകാറില്ല. മുത്തങ്ങ‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് ഒരാളോ ആറാളോ അതോ അതിലുമധികമോ എന്നതിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നല്ലോ. സാധാരണഗതിയില്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ അനുസൃതമായി ചെറുതോ വലുതോ ആയ എണ്ണം സ്വീകരിക്കുന്നു. പൊതുപ്രവര്‍ത്തിനിടയില്‍ ഞാനും ചെയ്യാറുള്ളതാണത്. പക്ഷെ എന്നെ ഇക്കാര്യത്തില്‍ പിന്നോട്ട് വലിക്കുന്ന ഒരു ഘടകമുണ്ട്. സജീവ പത്രപ്രവര്‍ത്തനകാലത്ത് വലിയ വിശാസ്യതയില്ലാത്ത ഒരു വാര്‍ത്താ ഏജന്‍സിയില്‍ ഞാന്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുകയുണ്ടായി. സംശയം ഉള്ളപ്പോള്‍ വിശ്വാസ്യത സൂക്ഷിക്കാന്‍ കുറഞ്ഞ എണ്ണം സ്വീകരിക്കുന്നതാണ് നല്ലതെന്നു ഞാന്‍ അന്ന് കണ്ടെത്തി. അഞ്ചു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂന്നോ നാലോ കൊല്ലപ്പെട്ടു എന്നെഴുതിയാല്‍ അത് ഒരു തെറ്റു മാത്രമെ ആകുന്നുള്ളൂ, എന്നാല്‍ ആറോ ഏഴോ പേര്‍ കൊല്ലപ്പെട്ടു എന്നെഴുതിയാല്‍ അത് വെറും തെറ്റല്ല അത്യുക്തി എന്ന കുറ്റമാണ്, സെന്‍സേഷനലിസമാണ്. ആ യുക്തിയില്‍ നിന്നു ഞാന്‍ ഇനിയും മോചിതനായിട്ടില്ലെന്നു കരുതുക. ഒരു സുഹൃത്ത് അധിനിവേശസേനയിലെ പട്ടാളക്കാരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പരിഹാസത്തോടെ പരാമര്‍ശിക്കുന്നുണ്ട്. തീര്‍ച്ചയായും എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ഞാനും ബുഷും തമ്മില്‍ എന്ത് വ്യത്യാസം?