അഴിമതി ആഗോളപ്രതിഭാസമാണെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രസ്താവം ശരിയാണെന്ന് കാണാൻ പ്രയാസമില്ല. ട്രാൻസ്പാരൻസി ഇന്റർനാഷനൽ (ടിഐ) എന്ന അന്താരാഷ്ട്ര സംഘടന കുറച്ചു കാലമായി ലോകവ്യാപകമായി പഠനം നടത്തി അഴിമതി അഭിവീക്ഷണ സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പൂർണ്ണ അഴിമതിക്ക് പൂജ്യവും സമ്പൂർണ്ണ സംശുദ്ധിക്ക് പത്തും എന്ന അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ഇക്കൊല്ലത്തെ ടിഐ പഠനത്തിൽ 178 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്നു. അതിൽ ആർക്കും തന്നെ പത്ത് പോയിന്റുകൾ കിട്ടിയില്ല. അതായത് കുറഞ്ഞ തോതിലെങ്കിലും അഴിമതിയില്ലാത്ത ഒരു രാജ്യവുമില്ല. ഡെൻമാർക്ക്, ന്യൂ സീലണ്ട്, സിംഗപ്പൂർ എന്നിവയാണ് അഴിമതി ഏറ്റവും കുറവായ രാജ്യങ്ങളായി ടിഐ കണ്ടെത്തിയത്. ഓരോന്നിനും കിട്ടിയത് 9.3 പോയ്ന്റുകൾ. അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സൊമാലിയ എന്നിവയാണ് അഴിമതി ഏറ്റവും കൂടുതലുള്ളവ. അവയിൽ ഓരോന്നിനും കിട്ടിയത് 1.1 പോയ്ന്റ് മാത്രം. അൽബേനിയ, ജമൈക്ക, ലൈബീരിയ എന്നിവയോടൊപ്പം പട്ടികയുടെ ഒത്ത നടുക്കാണ് ഇന്ത്യ -- 86ആം സ്ഥാനത്ത്. ലോകത്തെ പകുതി രാജ്യങ്ങളിലെ അവസ്ഥ ഇവിടത്തേക്കാൾ മോശമാണെന്നതിനെ ആശ്വാസത്തിന് ഇടം നൽകുന്ന വസ്തുതയായി കാണാനാവില്ല.
ടിഐയിടെ ഇന്ത്യാ ഘടകം ഏതാനും കൊല്ലം മുമ്പ് രാജ്യത്തെ സംസ്ഥാനങ്ങളിലെ അഴിമതിയുടെ തോത് അളക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. കേരളമാണ് അഴിമതി ഏറ്റവും കുറവായ സംസ്ഥാനമെന്നാണ് അത് കണ്ടെത്തിയത്. പഠനം നടത്തുന്നതിന് അവലംബിച്ച രീതി ശരിയായിരുന്നില്ലെന്ന് ടിഐ കേരള ശാഖയുടെ സെക്രട്ടറി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയനേതൃത്വം അത് അവഗണിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചു. അതോടെ സംസ്ഥാന ശാഖയുടെ പ്രവർത്തനവും നിലച്ചു. സംസ്ഥാനങ്ങളെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഏതെങ്കിലുമൊന്ന് ഒന്നാം സ്ഥാനത്ത് വരണമല്ലൊ. പഠനത്തിൽ കണ്ടതുപോലെ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെങ്കിൽ തന്നെ പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിക്ക് അത് ന്യായീകരണമാകുന്നില്ല. നേരത്തെ ടിഐയുടെ കേരള ശാഖ തിരുവനന്തപുരത്ത് ഒരു സർവേ നടത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിക്കാതെ ‘റാൻഡം സാമ്പിൾ’ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആളുകൾക്ക് 25 സർക്കാർ ആപ്പീസുകളുടെ ലിസ്റ്റ് നൽകിയിട്ട്, അഴിമതിരഹിതമെങ്കിൽ പൂജ്യം, സമ്പൂർണ്ണ അഴിമതിയെങ്കിൽ10 എന്ന ക്കണക്കിൽ, അവയ്ക്ക് മാർക്ക് ഇടാൻ ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപസ്ജം പേരും എക്സൈസ്, പൊലീസ്, റോഡ് ട്രാൻസ്പോർട്ട് വകുപ്പുകൾക്ക് 10 നൽകിയതിന്റെ ഫലമായി ശരാശരി എട്ടിലധികം മാർക്കോടെ അവ അഴിമതി പട്ടികയുടെ മുകളിൽ സ്ഥാനം നേടി. പൊതുമരാമത്ത് വകുപ്പ് അവയുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. സർവേ ഫലമടങ്ങിയ റിപ്പോർട്ട് അന്ന് ഗവർണറായിരുന്ന എസ്.എസ്. കാങ് പ്രകാശനം ചെയ്തു. ടിഐ ഭാരവാഹികൾ റിപ്പോർട്ടിന്റെ ഒരു കോപ്പി മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നൽകി. അദ്ദേഹം ഒരു കോപ്പി കൂടി ആവശ്യപ്പെട്ടു. അതും കൊടുത്തു. പക്ഷെ അദ്ദേഹമൊ പിൻഗാമികളൊ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
കഴിഞ്ഞ 53 കൊല്ലക്കാലത്ത് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകിയവരിൽ ഏറെയും ആന്റണിയെപ്പോലെ സത്യസന്ധതക്ക് പുകഴ്‌പെറ്റവരായിരുന്നു. പക്ഷെ ഈ കാലയളവിൽ അഴിമതി വർദ്ധിക്കുകയാണുണ്ടായത്. സ്വന്തം സംശുദ്ധി കാത്തു സൂക്ഷിക്കാനല്ലാതെ ഭരണം സംശുദ്ധമാണെന്ന് ഉറപ്പു വരുത്താൻ അവരാരും ശ്രമിച്ചില്ല. ഫലമുണ്ടാവില്ലെന്ന തിരിച്ചറിവായിരിക്കാം കാരണം. നോക്കുകൂലി പിടിച്ചുപറിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ടുമൂന്ന് കൊല്ലമായല്ലൊ. പക്ഷെ അത് ഇപ്പോഴും തുടരുകയാണ്. പോലീസുകാർ പോലും നോക്കുകൂലി കൊടുക്കാൻ നിർബന്ധിതരാകുന്നു. അഴിമതി ഭൂതത്തെയും നോക്കുകൂലി ഭൂതത്തെയുമൊക്കെ എളുപ്പം കുപ്പിയിലാക്കാനാവില്ല. അതിനായി ശ്രമിക്കാൻ ആർജ്ജവമുള്ള ഒരു നേതാവ് ഇനിയും പിറക്കേണ്ടിയിരിക്കുന്നു.
അഴിമതി സാർവത്രികമാണെങ്കിലും ഇവിടെ നിലനിൽക്കുന്ന തരത്തിലുള്ള അഴിമതി ലോകത്ത് അപൂർവ്വമാണ്. മിക്ക രാജ്യങ്ങളിലും എന്തെങ്കിലും ആനുകൂല്യം നേടാനാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. കരാർ നേടാൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നയാൾ അത് ചെയ്യുന്നത് തുല്യയോഗ്യതയുള്ള മറ്റുള്ളവരെ അവഗണിച്ച് തനിക്ക് അത് നൽകാനാണ്. ആ കൈമടക്കിനെ അയാൾ ബിസിനസിനു വേണ്ടിയുള്ള നിക്ഷേപമായാകും കരുതുക. ഇവിടെ ആനുകൂല്യങ്ങൾക്കുവേണ്ടി മാത്രമല്ല കൈക്കൂലി കൊടുക്കേണ്ടത്. ജനനമരണ സർട്ടിഫിക്കറ്റുകൾക്കും ജാതി-വരുമാന സർട്ടിഫിക്കറ്റുകൾക്കുമായി ആപ്പീസുകൾ കേറിയിറങ്ങുന്നവർ ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുക്കുന്നത് ജോലിയുടെ ഭാഗമായി ചെയ്യാൻ ബാധ്യതയുള്ള കാര്യം ചെയ്യുന്നതിനാണ്. ഏതെങ്കിലും ആവശ്യത്തിനായാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെന്നും വൈകിയാൽ ആവശ്യം നടക്കില്ലെന്നും അറിഞ്ഞുകൊണ്ട് ജനങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്യുകയാണ് അവർ ചെയ്യുന്നത്. നീച മനസുകൾക്കു മാത്രമെ അങ്ങനെ ചെയ്യാനാകൂ. സർട്ടിഫിക്കറ്റുകളിൽ വ്യാജവിവരം ചേർക്കാനാണെങ്കിൽ കൂടുതൽ പണം കൊടുക്കേണ്ടി വരും. കാരണം അതൊരു ആനുകൂല്യമാണ്.
ചില സർക്കാർ വകുപ്പുകൾക്ക് കോഴയുടെ നീണ്ട പാരമ്പര്യമുണ്ട്. ‘കയറി’ൽ തകഴി നൽകുന്ന വിവരണം ചരിത്രസത്യമാണെങ്കിൽ ഭൂമി സംബന്ധിച്ച ഏർപ്പാടുകളിൽ നൂറ്റാണ്ടുകളായി അഴിമതി നിലനിൽക്കുന്നുണ്ട്. കർണ്ണാടകത്തിൽ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷൻ കമ്പ്യൂട്ടർവത്കരിച്ചശേഷം അഴിമതി കുറഞ്ഞപ്പോൾ കേരളത്തിൽ കമ്പൂട്ടർവത്കരണത്തിനുശേഷം അഴിമതി കൂടി. ഇവിടെ ഇടപാടുകാർ കമ്പൂട്ടറിനും കോഴ കൊടുക്കേണ്ടി വരുന്നു! അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ പലപ്പോഴും ഇടനിലക്കാരുണ്ടാകും. രജിസ്റ്റർ കച്ചേരികളിൽ ആധാരമെഴുത്തുകാരും കീഴ്‌കോടതികളിൽ വക്കീലന്മാരും ഇടനിലക്കാരായി പ്രവർത്തിക്കാറുണ്ട്. ആർ.ടി.ഓ. ആപ്പീസുകളിലും മറ്റും ഫ്രീലാൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരെ കാണാം. സംവിധാനത്തിന്റെ തലപ്പത്തുള്ളവർ ഇടനിലക്കാരുടെ പ്രവർത്തനം തടയാൻ ശ്രമിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ചിലർ പങ്ക് പറ്റുന്നവരാകയാൽ ശ്രമിക്കുന്നില്ല. മറ്റുള്ളവർ പങ്ക് പറ്റുന്നവരുടെ ശത്രുത നേടാൻ തയ്യാറല്ലാത്തതുകൊണ്ട് കണ്ണടയ്ക്കുന്നു. രണ്ടാമത്തെ നമുക്ക് സംശുദ്ധരായ മുഖ്യമന്ത്രിമാരോടൊപ്പം നിർത്താം.
അടുത്ത കാലത്ത് ഒരു മന്ത്രി റോഡിലെ കുഴികളുടെ എണ്ണം കണക്കാക്കുകയുണ്ടായി. കുഴികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുടെ തോത് നിർണ്ണയിക്കാൻ കഴിയും. ഭരണകർത്താക്കൾക്ക് ഇപ്പോൽ തന്നെ ഓരോ വകുപ്പിലെയും അഴിമതിയുടെ തോതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അവർ അതിന്റെ അടിസ്ഥാനത്തിൽ അഴിമതിക്കാർ നൽകേണ്ട സംഭാവന നിശ്ചയിക്കാറുമുണ്ട്. പണത്തിന് അഴിമതിക്കാരെ ആശ്രയിക്കുന്ന ഭരണാധികാരികൾക്ക് എങ്ങനെയാണ് അഴിമതിക്കെതിരെ നടപടിയെടുക്കാനാവുക?
സർക്കാർ ജീവനക്കാർക്ക് ശക്തമായ സംഘടനകളുണ്ട്. അവയുടെ ആദ്യകാല പ്രവർത്തകർ ആദർശധീരരായിരുന്നു. അവയുടെ ഇന്നത്തെ നേതാക്കളിൽ എത്ര പേരെ ആ ഗണത്തിൽ പെടുത്താനാവും? ആദർശങ്ങളാണ് നയിക്കുന്നതെങ്കിൽ അഴിമതിയുടെ വളർച്ച തടയാനെങ്കിലും അവർ ശ്രമിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. വകുപ്പ് മേധാവികളെപ്പോലെ സംഘടനാ നേതാക്കൾക്കും ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് വിവരമുണ്ട്. പക്ഷെ കണ്ടില്ലെന്ന് നടിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇപ്പോൾ പുറത്തു വന്നിട്ടുള്ള നിയമന കുംഭകോണത്തിന്റെ കാര്യത്തിലെന്നപോലെ, അഴിമതിക്കഥ ചർച്ചാവിഷയമാകുമ്പോൾ അച്ചടക്ക നടപടിയെടുത്ത് അവർ മുഖം രക്ഷിക്കുന്നു. അവരെയെല്ലാം മുഖ്യമന്ത്രിമാർക്കും വകുപ്പു തലവന്മാർക്കുമൊപ്പം സംശുദ്ധരുടെ നിരയിൽ നിർത്താനാകില്ല. കാരണം അഴിമതിക്ക് പേരുകേട്ടവരും ഇപ്പോൾ സംഘടനകളുടെ നേതൃതലങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു.
കേരള സർവകലാശാലയിലും റവന്യു വകുപ്പിലും നടന്ന നിയമനക്രമക്കേടുകളെ സംബന്ധിച്ചു പുറത്തു വന്നിട്ടുള്ള വിവരങ്ങൾ രാഷ്ട്രീയ കക്ഷികളും സംഘടനകളും നിർദ്ദോഷികളല്ലെന്ന സൂചനയാണ് നൽകുന്നത്. ചിലർ കോഴ കൊടുത്തും മറ്റ് ചിലർ കക്ഷി ബന്ധം പ്രയോജനപ്പെടുത്തിയുമാണ് ജോലി തരപ്പെടുത്തിയത്. രണ്ടും അഴിമതി തന്നെ. ഓരോ ക്രമവിരുദ്ധമായ നിയമനവും മറ്റാർക്കോ ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെടുത്തുകയായിരുന്നു. ആ നിലയ്ക്ക് ഈ അഴിമതികൾ മനുഷ്യാവകാശ ലംഘനങ്ങളുമാണ്.
കോഴ കൊടുത്ത് പ്രവേശനം നേടിയ വിദ്യാർത്ഥി പാസായശേഷം കോഴ കൊടുത്ത് ജോലി നേടുകയും സ്ത്രീധനരൂപത്തിൽ കോഴ വാങ്ങി ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് അയാൾ മക്കൾക്ക് പ്രവേശനം നേടാനും സ്ത്രീധനം കൊടുക്കാനുമുള്ള പണം സ്വരൂപിക്കാൻ തുടങ്ങുന്നു. അതിനാവശ്യമായ രാഷ്ട്രീയ സാമുദായിക സംഘടനാ ബന്ധങ്ങളും അയാൾ സ്ഥാപിക്കുന്നു. അയാളെ ഈ ചങ്ങലക്കുരുക്കിൽ നിന്ന് പുറത്തുകൊണ്ടു വരാൻ വലിയ മാറ്റങ്ങൾ ആവശ്യമാണ്. അതിന് മുൻകൈയെടുക്കാൻ കെല്പുള്ള നേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന ഒരു പ്രശ്നം. അഴിമതിക്കാർ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള സന്ദേശം നൽകാൻ ഭരണാധികാരികൾക്ക് കഴിഞ്ഞാൽ മാറ്റം പ്രതീക്ഷിക്കാം. വേണമെങ്കിൽ ഫയലുകൾ മുക്കിയും അഴിമതിക്കാരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇന്ന് പ്രചരിക്കുന്നത്.
കേരളത്തിൽ അഴിമതി വ്യാപകമാകാൻ തുടങ്ങിയത് മുന്നണി സമ്പ്രദായം ചില ചെറിയ കക്ഷികൾക്ക് അധികാരത്തിലേറാൻ അവസരമുണ്ടാക്കിയപ്പോഴാണ്. അവ ഉദ്യോഗസ്ഥ സ്ഥലംമാറ്റം പണമുണ്ടാക്കാനുള്ള മാർഗ്ഗമാക്കി മാറ്റി. വലിയ കക്ഷികൾ ചില വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ പിരിവിന് ഉപയോഗിച്ചുകൊണ്ട് അഴിമതി വളർത്തി. ഭാരിച്ച തെരഞ്ഞെടുപ്പ് ചെലവാണ് രാഷ്ട്രീയകക്ഷികളെ അഴിമതിയുടെ പ്രോത്സാഹകരാക്കിയത്. പണം നൽകുന്നവരെ പണമുണ്ടാക്കാൻ സഹായിക്കാനുള്ള ചുമതലയും പാർട്ടികൾക്കുണ്ടാകുന്നു. പാർട്ടിക്കുവേണ്ടി സമയം ചെലവഴിക്കുന്നവർക്ക് ജീവിക്കാനുള്ള പണം പാർട്ടി നൽകണം. അല്ലെങ്കിൽ പണമുണ്ടാക്കാനുള്ള അവസരം നൽകണം. പാർട്ടിയാണ് പണം നൽകുന്നതെങ്കിൽ അതിനാവശ്യമായ പണം അതുണ്ടാക്കണം. ഒരു മദ്യവ്യവസായിയുടെ മാസപ്പടി വിവരം പുറത്തായപ്പോൾ പാർട്ടിക്കുവേണ്ടി പിരിവു നടത്തുന്നവർ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും പണം വാങ്ങുന്നതായി വെളിപ്പെടുകയുണ്ടായി. അതിന്റെ പേരിൽ ലഘുവായ ശിക്ഷാ നടപടിയേ ഉണ്ടായുള്ളു. അഴിമതിയെ ഗുരുതരമായ കുറ്റമായി കാണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടികൾ എന്നതാണ് വാസ്തവം. (ജനശക്തി വാർഷികപ്പതിപ്പ്)