ബി.ആര്.പി. ഭാസ്കര്‍
മാര്‍ക്സും ഏംഗല്‍സും കൂടി കമ്മ്യൂണിസം ചിട്ടപ്പെടുത്തുന്നതിനു മുമ്പെ മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കെ.ഇ.എന്‍. കുഞ്ഞഹമ്മദും പി.കെ. പോക്കറും ചേര്‍ന്ന് സ്വത്വം കണ്ടുപിടിക്കുന്നതിനു മുമ്പെ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും അംശങ്ങള്‍ നിലനില്‍ക്കുന്ന മനുഷ്യ സമൂഹത്തില്‍ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഒരേസമയം നടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആരാണ് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്, ആരാണ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് കൃത്യമായി നിര്‍ണ്ണയിക്കുക എപ്പോഴും എളുപ്പമാവണമെന്നില്ല. ഇവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ വിജയിക്കുന്നത് നല്ലതിനാകണമെന്നുമില്ല.
നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന തത്വം പ്രചരിപ്പിച്ച മതം ഒന്നിക്കല്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അയല്‍ക്കാരന്‍ നമ്മെപ്പോലെ ഒരാളാകുമ്പോള്‍ അയാളെ സ്നേഹിക്കാന്‍ എളുപ്പമാണ്. പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?
പില്‍ക്കാലത്ത് നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന തത്വം ആവിഷ്കരിക്കപ്പെട്ടു. ഒരേ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും സഹോദരങ്ങളാണെന്ന ആശയം പ്രചരിപ്പിച്ച മതങ്ങള്‍ ഒന്നിക്കല്‍ പ്രക്രിയ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ ആ ആശയം പ്രചരിപ്പിക്കാന്‍ ഒന്നിലധികം മതങ്ങളുണ്ടായപ്പോള്‍ അതും നയിച്ചത് ഭിന്നിക്കലിലേക്കു തന്നെ.
ഗോത്രകാലത്തുതന്നെ ജനങ്ങള്‍ സ്രഷ്ടാക്കളെയും സംരക്ഷകരെയും കണ്ടെത്തുകുയും മനോധര്‍മ്മം അനുസരിച്ച് ലിംഗനിര്‍ണ്ണയം നടത്തി ഓരോരുത്തര്‍ക്കും പേരും രൂപവും നല്‍കുകയും ചെയ്തിരുന്നു. ഒരു വിഭാഗം മറ്റൊന്നിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ അതിനോടൊപ്പം അതിന്റെ ദൈവം ജയിക്കുകയും മറ്റേതിന്റേത് തോല്‍ക്കുകയും ചെയ്തു. തോറ്റ ദൈവത്തെ ആര്‍ക്കു വേണം? ബൈബിളിലെ പഴയ നിയമത്തിലെ വിവരണം അനുസരിച്ച് ഈജിപ്തില്‍ അടിമകളായി കഴിഞ്ഞിരുന്ന യഹൂദരെ അവിടെ നിന്ന് പുറത്തേക്ക് നയിക്കാന്‍ മോശയെ ചുമതലപ്പെടുത്തിയ യഹോവ “ഞാന്‍ നിന്റെ പിതാവിന്റെ ദൈവം ആകുന്നു“ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. വേറേ ദൈവമുണ്ടായിരുന്ന ഈജിപ്തുകാരുടെ രാജാവ് യഹോവയുടെ വരുതിയിലായിരുന്നില്ല. അതുകൊണ്ട് തന്റെ ആളുകളെ രക്ഷിക്കാന്‍ യഹോവയ്ക്ക് അവരെ അവിടെനിന്ന് മാറ്റേണ്ടി വന്നു. പക്ഷെ താന്‍ മാത്രമാണ് ശരിയായ ദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും യഹോവ യഹൂദരോട് പറഞ്ഞു. ബാല്‍ തുടങ്ങി ചില വ്യാജന്മാരുടെ പേര് എടുത്തു പറയുകയും ചെയ്തു. ഫിനീഷ്യക്കാരുടെ ദൈവമായിരുന്ന ബാല്‍ അവരോടൊപ്പം അപ്രത്യക്ഷമായി.
കുരിശുയുദ്ധത്തില്‍ ഏര്‍പ്പെട്ട ഓരോ വിഭാഗവും ലക്ഷ്യമിട്ടത് മറ്റേ വിഭാഗത്തിന്റെ ഉന്മൂലനമാണ്. അതുണ്ടായില്ല. ഇരുകൂട്ടരും യുദ്ധത്തെ അതിജീവിച്ചു. ഒപ്പം അവരുടെ ദൈവങ്ങളും. ഭാരതത്തില്‍ ഒന്നിക്കലും ഭിന്നിക്കലും മറ്റൊരു രീതിയിലാണ് നടന്നത്. തോറ്റവര്‍ക്ക് അവരുടെ ദൈവങ്ങളെ ഉപേക്ഷിക്കേണ്ടി വന്നില്ല. ഭാരത സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച വൈദിക ബ്രാഹ്മണര്‍ തങ്ങളുടെ ദൈവങ്ങളെ തോറ്റവരുടെ മേല്‍ അടിച്ചേല്പിച്ചില്ല. പഴയ ദൈവങ്ങളെ തുടര്‍ന്നും ഉപാസിക്കാന്‍ അവരെ അനുവദിച്ച ബ്രാഹ്മണര്‍ക്ക് ഒരാവശ്യമെ ഉണ്ടായിരുന്നുള്ളു. അത് പുരോഹിതരായി തങ്ങളെ അംഗീകരിക്കണമെന്നതായിരുന്നു. തോറ്റവര്‍ അതിന് സമ്മതിച്ചുകൊണ്ട് അവരുടെ ദൈവങ്ങളെ രക്ഷിച്ചു. അങ്ങനെ ബഹുദൈവ വ്യവസ്ഥ നിലവില്‍വന്നു. ഹോമം നടത്തിയാണ് വൈദിക സമൂഹം ദൈവങ്ങളെ പ്രീതിപ്പെടുത്തിയിരുന്നത്. ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.
സ്വത്വനിര്‍മ്മിതിയില്‍ മതങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഒരു മനുഷ്യനും ഏകസ്വത്വജീവിയല്ല. മതം കൂടാതെ മറ്റ് ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വങ്ങളും ഒരോ വ്യക്തിയിലുമുണ്ട്. അവയെല്ലാം സ്വത്വനിര്‍മ്മിതിക്കുള്ള സാമഗ്രികളാണ്.
കായിക്കര ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് ഞാന്‍ (കുമാരനാശാനെപ്പോലെ) കായിക്കരക്കാരനാണ്, (വൈകുണ്ഠസ്വാമിയെപ്പോലെ) തിരുവനന്തപുരം ജില്ലക്കാരനാണ്, (കുഞ്ചന്‍ നമ്പ്യാരെപ്പോലെ) കേരളീയനാണ്, (ഗാന്ധിയെപ്പോലെ) ഇന്ത്യാക്കാരനാണ്, (ബുദ്ധനെപ്പോലെ) ഏഷ്യാക്കാരനാണ്. ഈ മഹാന്മാരുടെ പേരില്‍ ഈ വ്യത്യസ്ത അസ്തിത്വങ്ങളില്‍ അഭിമാനം കൊള്ളാന്‍ എനിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ അസ്തിത്വങ്ങളൊന്നും ഞാന്‍ തെരഞ്ഞെടുത്തതല്ല. മറ്റൊരിടത്താണ് ജനിച്ചതെങ്കില്‍ ഞാന്‍ മഹാരാഷ്ട്രക്കാരനൊ മാലിക്കാരനൊ മലാവിക്കാരനൊ മെക്സിക്കോക്കാരനൊ മലയേഷ്യക്കാരനൊ ആകുമായിരുന്നു. ഭാഷയും മതവും മറ്റ് ഘടകങ്ങളുമൊക്കെ വ്യത്യസ്തമാകുമ്പോള്‍ അസ്തിത്വങ്ങള്‍ വ്യത്യസ്തമാകുന്നു. അഭിമാനത്തോടെ ഓര്‍ക്കാന്‍ അപ്പോള്‍ ആശാനും വൈകുണ്ഠസ്വാമിക്കും നമ്പ്യാര്‍ക്കും ഗാന്ധിക്കും ബുദ്ധനും പകരം മറ്റ് പേരുകള്‍ കണ്ടെത്തുമായിരുന്നു. പല അസ്തിത്വങ്ങളും പ്രയാസം കൂടാതെ മാറ്റാവുന്നവയാണ്. കായിക്കരയും തിരുവനന്തപുരവും കേരളവും ഉപേക്ഷിച്ച് എനിക്ക് ഡല്‍ഹിക്കാരനൊ ചെന്നൈക്കാരനൊ ആകാം. കുടിയേറ്റം നടത്തി സിംഗപ്പൂരുകാരനൊ അമേരിക്കക്കാരനൊ ആകാം. പുതിയ ഭാഷയും മതവും സ്വീകരിച്ച് മറ്റ് അസ്തിത്വ മാറ്റങ്ങളും വരുത്താം. പക്ഷെ ഇന്ത്യാക്കാരനെന്ന നിലയില്‍ മാറ്റാന്‍ കഴിയാത്ത ഒരു അസ്തിത്വമുണ്ട്. അത് ജാതിയാണ്.
ഓരോ വ്യക്തിയിലും വ്യത്യസ്ത അസ്തിത്വങ്ങള്‍ വെവ്വേറെ, ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചിരിക്കുകയല്ല. അവയെല്ലാം ഒന്നായി, ബന്ധപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ട് ‘ഞാന്‍ ആദ്യം ഇന്ത്യാക്കാരനാണ്, പിന്നീട് മാത്രമാണ് ഹിന്ദുവും ഹിന്ദിക്കാരനും ഹിമാചല്‍കാരനും ആകുന്നത്’ എന്ന് ഒരാള്‍ പറയുമ്പോള്‍ അതിനെ ഞാന്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരാള്‍ പല അസ്തിത്വങ്ങളില്‍ ഒന്നിന് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതാവശ്യമാണെണ് അയാള്‍ ധരിച്ചിരിക്കുന്നെന്നാണ്. അടിസ്ഥാനപരമായി കശ്മീരിലെ തെരുവില്‍ പ്രകടനം നടത്തുന്ന മുസ്ലിമിന്റെയും ബീഹാറിലെ ഗ്രാമത്തില്‍ ജാതിക്കോമരങ്ങളുടെ അക്രമത്തിനെതിരെ സംഘടിക്കുന്ന ദലിതന്റെയും ഛത്തിസ്ഗഢില്‍ അമ്പും വില്ലുമായി പൊലീസിനെ നേരിടുന്ന ആദിവാസിയുടെയും പ്രശ്നം നിലവിലുള്ള വ്യവസ്ഥയില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന ചിന്തയാണ്. മതത്തെയൊ ജാതിയെയൊ ഗോത്രത്തെയൊ അടിസ്ഥാനമാക്കി ഒന്നിച്ച് സ്വത്വബോധം വളര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് അവര്‍ ശ്രമിക്കുന്നത്. മതം, ജാതി, ഗോത്രം എന്നീ അസ്തിത്വങ്ങള്‍ അവരുടെ ദുരവസ്ഥയുടെ കാരണങ്ങളില്‍ പെടുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. അപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അവര്‍ അവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനെ കുറ്റപ്പെടുത്താനാകുമോ? രാഷ്ട്രത്തെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കണമെന്ന് ശഠിക്കുന്നവരെ നയിക്കുന്നത് രാജ്യസ്നേഹമാകണമെന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു തന്ത്രമെന്ന നിലയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന കക്ഷികളുണ്ട്.
ഗാന്ധിജിയുടെ വരവോടെ നേതൃനിരയില്‍ പിന്തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് വളരെ കാലം കോണ്‍ഗ്രസുകാരനായിരുന്ന മുഹമ്മദലി ജിന്ന മുസ്ലിം ലീഗിലെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തില്‍ വ്യക്തിപരമായ കാരണം കൂടതെ സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിംങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന ആശങ്കയും ഉണ്ടായിരുന്നു. ആറു പതിറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ആശങ്ക അസ്ഥാനത്തായിരുന്നെന്ന് പറയാനാകുമോ? ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയും തുല്യാവകാശങ്ങളും മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ്യമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന വസ്തുതയായി ഇതിനെ കാണാവുന്നതാണ്. പക്ഷെ പാകിസ്ഥാന്റെ അനുഭവം അതിന്റെ പരിമിതിയും വെളിപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുവന്ന അവിടത്തെ മുസ്ലിംങ്ങള്‍ വളരെ വേഗം ഭാഷയുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചു. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ബംഗാളി അസ്തിത്വമാണ് മുസ്ലിം അസ്തിത്വത്തേക്കാള്‍ പ്രധാനമെന്ന് തീരുമാനിച്ചപ്പോള്‍ രാജ്യം രണ്ടായി: ഉര്‍ദു പാകിസ്ഥാനും ബംഗാളി ബംഗ്ലാദേശും. രണ്ട് രാജ്യങ്ങളുടെയും ആവിര്‍ഭാവം ഉപഭൂഖണ്ഡത്തിലെ മുസ്ലിംങ്ങള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ അവ വിജയിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൂന്നു രാജ്യങ്ങളിലെയും പട്ടിണി നിരക്ക് ഇങ്ങനെയാണ്: ഇന്ത്യ 25 ശതമാനം, പാകിസ്ഥാന്‍ 24 ശതമാനം, ബംഗ്ലാദേശ് 45 ശതമാനം.
കേരളത്തിലെ ചര്‍ച്ചകള്‍ സ്വത്വബോധവും വര്‍ഗബോധവും വ്യത്യസ്ത തലങ്ങളില്‍ നിലകൊള്ളുന്നുവെന്ന ധാരണ പരത്തിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇത് രണ്ടിനേയും അടുപ്പിക്കാന്‍ യത്നിച്ച സി.പി.എം പ്രചാരകര്‍ അവകാശപ്പെടുന്നത് അവര്‍ സ്വത്വബോധത്തെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിച്ചതെന്നാണ്. ജാതി, മതം, ഭാഷ തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന സ്ഥാനം വര്‍ഗം അര്‍ഹിക്കുന്നില്ല. അവയെ അപേക്ഷിച്ച് അത് ദുര്‍ബലമാണ്. മനുഷ്യന്റെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന് മാര്‍ക്സ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം വരുന്നതിനു മുമ്പ് ജനമനസ്സുകളില്‍ വര്‍ഗം ഒരു അസ്തിത്വഘടകമായി വികസിച്ചിരുന്നില്ല. ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന മുതലാളിത്തത്തിന് തടയിടാന്‍ കഴിയുന്ന ഒരു ശക്തിയായി വളരുന്ന തൊഴിലാളി വര്‍ഗത്തെ കണ്ടുകൊണ്ടാണ് അദ്ദേഹം “ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍“ എന്ന് ആഹ്വാനം ചെയ്തത്. ഒന്നര നൂറ്റാണ്ടിനു ശേഷം അത് പ്രാവര്‍ത്തികമാക്കാനാകാത്ത ഒരു മുദ്രാവാക്യമായി അവശേഷിക്കുന്നു. അഖില ലോക തൊഴിലാളി സംഘടനയുണ്ടാക്കാനുള്ള ശ്രമം ഒരു കമ്മ്യൂണിസ്റ്റ് ഫെഡറേഷന്റെയും ഒരു കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ഫെഡറേഷന്റെയും രൂപീകരണത്തില്‍ കലാശിച്ചു. കാലക്രമത്തില്‍ രണ്ടിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ ചുമട്ടുതൊഴിലാളിക്കും ന്യൂ കാസിലിലെ ഖനിത്തൊഴിലാളിക്കും ടോക്യോയിലെ കാര്‍ ഫാക്ടറി തൊഴിലാളിക്കും ബ്രസീലിലെ കാപ്പിത്തോട്ട തൊഴിലാളിക്കുമിടയില്‍ തിരുവനന്തപുരം നായര്‍ക്കും കണ്ണൂര്‍ നായര്‍ക്കും ഡല്‍ഹി നായര്‍ക്കും ന്യൂ യോര്‍ക്ക് നായര്‍ക്കുമിടയിലുള്ള ഐക്യബോധമെങ്കിലും ഉണ്ടാകുമോയെന്ന് സംശയമാണ്. രാജ്യത്തിനുള്ളില്‍പോലും ഏകീകൃത തൊഴിലാളി സംഘടനയില്ല. കോണ്‍ഗ്രസ്സുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ദേശീയ സംഘടന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തതിനെ തുടര്‍ന്ന് അവര്‍ വേറൊന്നുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുപോയ സി.പി.എം.കാര്‍ സ്വന്തം തൊഴിലാളി സംഘടനയുണ്ടാക്കി. ഭാരതീയ ജനതാ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ക്കും സ്വന്തം തൊഴിലാളി സംഘടനകളുണ്ട്. രാഷ്ട്രീയബോധത്തോളമെ വര്‍ഗബോധത്തിനും വളരാനാകുന്നുള്ളുവെന്ന് ഇത് വ്യക്തമാക്കുന്നു. പി. കൃഷ്ണപിള്ള ഇ.എം.എസ്. നമ്പൂതിരിപ്പാടിന് നല്‍കിയ അംഗത്വകാര്‍ഡില്‍ “വര്‍ഗം: ജന്മി“ എന്ന് രേഖപ്പെടുത്തിയിരുന്നത്രെ. അന്ത്യദിനങ്ങളില്‍ ഇ.എം.എസ്. സ്വയം വിശേഷിപ്പിച്ചത് “തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍“ എന്നാണ്. എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്. മതപരിവര്‍ത്തനം നടത്തുന്ന അഹിന്ദുക്കളെ ആര്യ സമാജം ഹിന്ദുക്കളായി സാക്ഷ്യപ്പെടുത്തുന്നതുപോലെ വര്‍ഗപരിവര്‍ത്തനം നടത്തി തൊഴിലാളികളെ സൃഷ്ടിക്കാനുള്ള സംവിധാനമില്ല. നേതാക്കളൊക്കെയും സ്വയംപ്രഖ്യാപിത ദത്തുപുത്രന്മാരാണ്. വര്‍ഗ സ്വത്വം ഒരു കൃത്രിമ നിര്‍മ്മിതിയാണ്.
വര്‍ഗാടിസ്ഥാനത്തിലുള്ള ഭിന്നിക്കലിനെ വര്‍ഗവിഭജനം ഇല്ലാതാക്കി എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് മാര്‍ക്സ് വിഭാവന ചെയ്തത്. എന്നാല്‍ നാല്പതു മുതല്‍ എഴുപതു വരെ വര്‍ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ച രാജ്യങ്ങളിലൊന്നും വര്‍ഗങ്ങള്‍ ഇല്ലാതായില്ല. ജാതിമതബോധത്തേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന വര്‍ഗബോധം ശക്തിപ്പെടുമ്പോള്‍ മറ്റെല്ലാ വിഭാഗീയതകളും അപ്രസക്തമാകുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനശേഷം സോവിയറ്റ് യൂണിയനിലും കിഴക്കെ യൂറോപ്പിലും യൂഗോസ്ലാവിയായിലും തലപൊക്കിയ വംശീയത ഇത് മൂഢവിശ്വാസമായിരുന്നെന്ന് തെളിയിച്ചു.
മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. വൈവിധ്യം നിറഞ്ഞ നമ്മുടെ രാജ്യത്തിനെന്ന പോലെ ലോകത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ബാധകമാണ്. പൊതുവായ താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഒന്നിക്കല്‍ പ്രവണത തുടരും. വ്യത്യസ്ത താല്പര്യങ്ങളും ആവശ്യങ്ങളും ഉള്ളതുകൊണ്ട് ഭിന്നിക്കല്‍ പ്രവണതയും തുടരും. ഒന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ അപകടത്തിലാവുകയും ചെയ്യും. ഭിന്നിപ്പിക്കല്‍ പ്രക്രിയ പരിധി വിട്ടാല്‍ അധികാരകേന്ദ്രങ്ങള്‍ ദുര്‍ബലമാവുകയും ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ലാതാവുകയും ചെയ്യും. രണ്ട് പ്രവണതകളും സന്തുലിതമായി നിലനിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.
അകം മാസികയുടെ 2010 ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Subscribe to:
Post Comments (Atom)
15 comments:
Nice findings.. thank you
ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.
ആര്, എവിടെ ഒന്നിച്ചു എന്നാണു പറഞ്ഞുവരുന്നത്? ദളിതരും ബ്രാഹ്മണമതക്കാരും ഒന്നിച്ചു എന്നാണോ? അങ്ങനെ പ്രചരിപ്പിക്കേണ്ടത് ആറെസ്സസ്സിന്റെ ആവശ്യമാണ്.
എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്.
ഇതു ശരിയാണോ? കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് നേതാക്കന്മാർ വി.എസും പിണറായി വിജയനും-ഇവർ ശരിക്കും തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രന്മാർ തന്നെയാണോ?
അന്ധമായ കമ്യൂണിസ്റ്റ് വിരോധം താങ്കളെ ആറെസ്സസ്സിന്റെ താവളത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. അതു സ്വയം തിരിച്ചറിഞ്ഞാൽ നല്ലത്.
സാറെ,
പ്രായം കൂടുന്ബോൾ വിവരം കൂടും എന്നാണല്ലോ വയ്പ്.
എന്നാൽ ഈപറഞിരിക്കുന്നതിൽ ഒത്തിരി തെറ്റുകളും ഇത്തിരി കമ്യൂണിസ്റ്റു വിരോധവും
മാത്രമേഉള്ളു സർ.
>>>>>>>>>>>>>>
പക്ഷെ നാമും അയല്‍ക്കാരും ഒന്നിക്കുമ്പോള്‍ അയല്‍പക്കത്തിനപ്പുറമുള്ളവര്‍ അന്യരാകുന്നു. അത് ഭിന്നിക്കലിലേക്കല്ലേ നയിക്കുക?
>>>>>>>>>>>>>>>
ഒരു ലോജിക്കും ഇല്ലാത്ത വാദമാണിത് സർ.
>>>>>>>>>>>>>>>>
പില്‍ക്കാലത്ത് നിന്റെ ശത്രുവിനെ സ്നേഹിക്കുക എന്ന തത്വം ആവിഷ്കരിക്കപ്പെട്ടു.
>>>>>>>>>>>>>>>>
ഏതു മതത്തിൽ?
ഏതു വേദപുസ്ത്കത്തിൽ?
>>>>>>>>>>>>>>>
ഈജിപ്തുകാരുടെ രാജാവ് യഹോവയുടെ വരുതിയിലായിരുന്നില്ല. അതുകൊണ്ട് തന്റെ ആളുകളെ രക്ഷിക്കാന്‍ യഹോവയ്ക്ക് അവരെ അവിടെനിന്ന് മാറ്റേണ്ടി വന്നു.
>>>>>>>>>>>>>>
ഇതു തെറ്റാണ് സർ.
ദുർവ്യാഖ്യാനമാണ്
>>>>>>>>>>>>>>>>>>
പല അസ്തിത്വങ്ങളും പ്രയാസം കൂടാതെ മാറ്റാവുന്നവയാണ്. കായിക്കരയും തിരുവനന്തപുരവും കേരളവും ഉപേക്ഷിച്ച് എനിക്ക് ഡല്‍ഹിക്കാരനൊ ചെന്നൈക്കാരനൊ ആകാം. കുടിയേറ്റം നടത്തി സിംഗപ്പൂരുകാരനൊ അമേരിക്കക്കാരനൊ ആകാം.
>>>>>>>>>>>>>>>>>>>>
വളരെ ദുർബലമായ വാദമാണിത്.
കുടിയേറ്റക്കാരന് അസ്വതിത്വം നഷ്ടപ്പെടുന്നതെഉള്ളു
അത് മറ്റൊന്നുകൊണ്ട് മറ്റൊരസ്വതിത്വം പകരം വയ്ക്കപ്പെടുന്നില്ല.
>>>>>>>>>>>>>>>>
മുസ്ലിം സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുവന്ന അവിടത്തെ മുസ്ലിംങ്ങള്‍ വളരെ വേഗം ഭാഷയുടെ അടിസ്ഥാനത്തില്‍ ഭിന്നിച്ചു.
>>>>>>>>>>>>>>>>>
ശരിക്കും മുസ്ലിം (മതം) ഒരു സ്വത്വം ആണൊ?
മതം പരിശീലിച്ചെടുക്കുന്നതല്ലെ?
ഇങ്ങനെ ഒത്തിരി ഒത്തിരി തെറ്റുകൾ
ദയവുചെയ്ത് ഇത് പിൻവലിച്ച്
പുതിയൊരെണ്ണം എഴുതുക തെറ്റുകൾ തിരുത്തി
മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയ ചിന്താപദ്ധതികളൊക്കെയും ഒടുവില്‍ എത്തിയത് ഭിന്നിപ്പിക്കലിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്.
ഏതൊക്കെയാണ് ഈ ചിന്താപദ്ധതികള്‍ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. മതങ്ങളെ ആണ് ഉദ്ദേശിച്ചതെങ്കില്‍, ഒരു മതവും മാനവരാശിയെ ഒന്നിപ്പിക്കാന്‍ ചിട്ടപ്പെടുത്തിയതല്ല. അതാത് പ്രദേശങ്ങളിലെ ജനങ്ങളെ മാത്രം ലക്ഷ്യമാക്കി രൂപം കൊണ്ടതാണ് മതങ്ങള്‍. മതം പ്രചരിപ്പിച്ചതും മാനവരാശിയെ "ഒന്നിപ്പിക്കാന്‍" അല്ല. എല്ലാവരെയും അതാത് മതക്കാരാക്കുക എന്നത് മാത്രമാണ് മതപ്രചാരണത്തിന്റെ ലക്‌ഷ്യം. അല്ലാതെ അവരെ ഒന്നിപ്പിക്കല്‍ അല്ല. ഓരോ മതവും രൂപം കൊള്ളുമ്പോള്‍ അതാത് പ്രദേശങ്ങളില്‍ മതത്തിനു പുറത്തും ജനം ഉണ്ടായിരുന്നു. അങ്ങനെ പുറത്തുള്ള ജനങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച മതം ഹിന്ദുമതം തന്നെയാണ്. ആ ഹിന്ദുമതത്തെ ആണ് മിസ്റ്റര്‍ ഭാസ്കര്‍ "ഒന്നിപ്പിക്കലിന്റെ" പേരില്‍ വെള്ളപൂശാന്‍ നോക്കുന്നത്. ദൈവങ്ങളെ പങ്കുവെച്ചിട്ട് ഒരു ജനതയെ തീട്ടക്കുഴിയിലേക്ക് തള്ളിയിട്ടതും ഒന്നിപ്പിക്കലിന്റെ ഭാഗം ആയിരുന്നിരിക്കും അല്ലെ സാറേ?
നിങ്ങളാരും ഭയപ്പെടേണ്ട എല്ലാ പ്രശ്നത്തിനും പരിഹാരവുമായി ജനകീയ ഐക്യവേദി വരും. അത് വന്ന് കഴിയുമ്പോള്‍ സ്വത്വത്തേക്കുറിച്ചും വര്‍ഗ്ഗത്തേക്കുറിച്ചും ക്രിത്യമായ കാഴ്ചപ്പാടുകള്‍ അവര്‍ പ്രദാനം ചെയ്യും. അതോടെ എല്ലാ പ്രശ്നത്തില്‍ നിന്നും ഈ നാട് മുക്തമാകുകയും ഭൂമിയിലെ സ്വര്ഗ്ഗം രൂപപ്പെടുകയും ചെയ്യും
ജയ് ബി.ആര്.പി
ജയ് നീല്‍സ്
ജയ് സിവിക്
“കെ.ഇ.എന്‍. കുഞ്ഞഹമ്മദും പി.കെ. പോക്കറും ചേര്‍ന്ന് സ്വത്വം കണ്ടുപിടിക്കുന്നതിനു മുമ്പെ...”
രണ്ടാം വരി മുതല്‍ക്കിങ്ങോട്ട് മണ്ടന്‍ കണ്ടുപിടിത്തങ്ങളുടെ ഘോഷയാത്രയാണല്ലോ ബീയാര്‍പ്പി മാഷേ. കെ.ഇ.എന്റെ “ഇര..”പുസ്തകമൊന്ന് മറിച്ചു നോക്കിയിട്ടാവാമായിരുന്നു സര്‍ ഈ പരിഹാസം. പത്രങ്ങളിലോ പി.രാജീവിനെപ്പോലുള്ള അല്പബുദ്ധികളുടെ ഉദീരണങ്ങളിലോ കാണുന്ന സ്വത്വവാദമെടുത്ത് കെ.ഇ.എന്റെയും പോക്കറുടെയും വായിലോട്ട് തള്ളിയിട്ട് അതിനെ പരിഹസിക്കുമ്പോള്‍...എന്ത് പറയാന്‍... the irony is lost on you sir !
മുകളിലെഴുതിവിട്ടിരിക്കുന്ന മണ്ടന്‍ കണ്‍ക്ലൂഷനുകളെ പറ്റി ഒരു പടയുണ്ട് നിരത്താന്‍ .. ബ്ലോഗ്ഗര്‍ എന്നൊരാള്‍ അതില്‍ മിക്കതും നിരത്തിയിട്ടുണ്ട്.
മരുന്നിനെങ്കിലും ശകലം ചരിത്രവായന സാംസ്കാരികനായകന്മാര്‍ക്കും (നവരാഷ്ട്രീയക്കാര്‍ക്കും) ആവാം. ഫാക്‍ച്വല്‍ വിഡ്ഢിത്തങ്ങളില്‍ കെട്ടിപ്പൊക്കുന്ന വാദങ്ങള്‍ പൊളിയാന്‍ ചെറിയൊരു കാറ്റ് പോലും വേണ്ട.
ശ്രീ ബി ആര് പി സാര്‍,
താങ്കളെപ്പോലെ ഒരാള്‍ ഇത്ര ഉത്തരവാദിത്വമില്ലാതെ എഴുതാമോ?
1:കെ.ഇ.എന്‍ സ്വത്വരാഷ്ട്രീയത്ത അനുകൂലിച്ച് എഴുതിയ ഒരു വരിയെങ്കിലും എഴുതാമോ സാര്‍?ഇല്ലെങ്കില്‍ ഏതു പുസ്തകത്തില്‍ എവിടെ എന്ന് പറഞ്ഞാലും മതി
2:“എല്ലാവരും അയല്‍ക്കാരെ സ്നേഹിക്കുക” എന്നു പറയുമ്പോള്‍ നമ്മുടെ അയല്‍ക്കാരന് വെളിയില്‍ എന്നൊരു വാദം ഉണ്ടാകുമോ സാര്‍?അതും ആരുടെയെങ്കിലും ഒക്കെ അയല്‍ക്കാരന്‍ ആയിരിക്കില്ലേ സാര്‍?അപ്പോള്‍ എല്ലാവരും ചേര്‍ന്ന കൂട്ടായ്മ ആയില്ലേ സാര്‍?
3:ബ്രാഹ്മണര്‍ പുരോഹിതരാക്കണം എന്ന്മാത്രമേ ആവശ്യപ്പെട്ടുള്ളൂ സാര്‍? എങ്കില്‍ കാര്യങ്ങള്‍ എത്ര ലളിതമാകുമായിരുന്നു! ഇന്നും നില നില്‍ക്കുന്ന ചാതുര്‍വര്‍ണ്ണ്യം എപ്പോളേ ഇല്ലാതാക്കാമായിരുന്നു സാര്‍ !
4:മറുനാട്ടില്‍ പ്രവാസിയായി പോയി എന്നതുകൊണ്ട് മലയാളി എന്ന അസ്തിത്വം വെറുതെ തൂത്തുകളയാന്‍ സാധിക്കുമോ സാര്‍?അത്ര വേഗം ഒരു സിംഗപ്പൂര്‍കാരനോ, ചെന്നൈക്കാരനോ ആയി മാറാന്‍ പറ്റുമോ സാര്‍?
5:താങ്കള്‍ ചൂണ്ടിക്കാനിക്കുന്ന പട്ടിണി നിരക്കുകള്‍ എന്താണു സാര്‍ സൂചിപ്പിക്കുന്നത്? വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സ്വത്വങ്ങള്‍ക്കിടയിലും അടിസ്ഥാനപരമായ പ്രശ്നം ഒന്നു തന്നെ എന്നു തന്നെയല്ലേ?അപ്പോള്‍ പിന്നെ സ്വത്വ രാഷ്ട്രീയം എല്ലാറ്റിനും മുകളില്‍ നില്‍ക്കണം എന്ന വാദം അവിടെ തന്നെ പൊളിഞ്ഞില്ലേ സാര്‍?
6:താങ്കള്‍ പറഞ്ഞ ‘നായര്‍’ വിഭാഗങ്ങളെല്ലാം മലയാളികളും കേരളീയരും തന്നെയല്ലേ സാര്‍. അവര്‍ തമ്മിലുള്ള അടുപ്പം പോലെ തിരുവനന്തപുരം ചുമട്ടു തൊഴിലാളിയും ബ്രസീല്‍ ചുമട്ടു തൊഴിലാളിയും തമ്മില്‍ അടുപ്പം ഉണ്ടാകുമോ? വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അല്ലേ അവര്‍ ജീവിക്കുന്നത്? അടിസ്ഥാനപരമായി ഇരു കൂട്ടരും “ചൂഷണ’ത്തിനു വിധേയരാകുന്നോ എന്നല്ലേ സാര്‍ നോക്കേണ്ടത്? അതല്ലേ ശാസ്ത്രീയ സമീപനം?
7:ഇ.എം എസിനെപ്പോലുള്ളവര്‍ ഏതു വര്‍ഗത്തില്‍ ജനിച്ചു എന്നുള്ളതല്ല, എന്തിനു വേണ്ടി പ്രവര്‍ത്തിച്ചു, ആര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്നല്ലേ നോക്കേണ്ടത്?
8:രണ്ടു പ്രവണതകളും സന്തുലിതമാക്കുക എന്നാലെന്താണു സാര്‍? ഒരേ സമയം ഭിന്നിപ്പിക്കുകയും യോജിപ്പിക്കുകയും ചെയ്യുക എന്നോ? വളരുന്തോറും പിളരുക, പിളരുന്തോറും വളരുക..
ആശംസകള്‍ ബി ആര് പി സാര്‍
കോമഡി പറയുന്ന നമ്മുടെ കലാഭവന്‍ മണി ഇതിനേക്കാള്‍ നന്നായി ചരിത്രവും സാമൂഹ്യ ശാസ്ത്രവും കൈകാര്യം ചെയ്തു ലേഖനമെഴുത്തും. ഒറപ്പ്. (മണിയോട് മാപ്പ് )
പ്രിയപ്പെട്ട മണി. ആ മാപ്പപേക്ഷ ദയവായി സ്വീകരിക്കുക. അറിവില്ലായ്മ കൊണ്ട് പറയുന്നതല്ലേ?
നന്ദി, കിരണ്‍ തോമസ്, എല്ലാവരുടേയും ഭയം നീക്കിയതിന്.
"ദയവുചെയ്ത് ഇത് പിന്‍വലിച്ച് പുതിയൊരെണ്ണം എഴുതുക" bloggaറെ, ഇത് ഉപദേശമാണോ ഉത്തരവാണോ? രണ്ടായാലും പ്രതികരണം ഒന്നു തന്നെ. ഞാന്‍ എന്ത് എഴുതണമെന്ന് ഞാന്‍ തന്നെ തീരുമാനിച്ചോളാം.
റോബി, വ്യത്യസ്ത ദൈവങ്ങളും വിശ്വാസങ്ങളും വെച്ചു പുലര്‍ത്തിയിരുന്ന ജനങ്ങളെ ഹിന്ദു മതത്തിന്റെ കീഴില്‍ കൊണ്ടുവന്നതിനെക്കുറിച്ചാണ് ആ പരാമര്‍ശം. വി.എസും പിണറായിയും ജനനംകൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തില്‍ പെടുന്നവര്‍ തന്നെ. പക്ഷെ, ഇപ്പോള്‍ അവര്‍ അവിടെ നില്‍ക്കുന്നത് ദത്തുപുത്രന്മാരായാണെന്നാണ് എന്റെ പക്ഷം. ആറെസ്സെസ്സ് താവളത്തിലേക്കുള്ള വഴി അന്വേഷിച്ചു ഞാന്‍ പോയപ്പോള്‍ എന്നേക്കാള്‍ മുന്നെ വി.എസ്. നടക്കുന്നതു കണ്ട് തിരിച്ചുപോന്നു.
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃക്കള്‍ക്കും നന്ദി.
Post a Comment