Friday, August 13, 2010

മതസൌഹാർദ്ദത്തിന്റെ കേരള മാതൃക

ആഗസ്റ്റ് 9ന്, ക്വിറ്റ് ഇൻഡ്യാ ദിനത്തിൽ മതസൌഹാർദ്ദം മുൻ‌നിർത്തി ബി.ജെ.പി. തിരുവനതപുരത്ത് സ്നേഹസംഗമം നടത്തി. ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ ഉത്ഘാടനം ചെയ്തു. ആർച്ച്ബിഷപ് സൂസൈപാക്യം, സാമുവൽ മാർ ഐറേനിയസ്, മണക്കാട് വലിയ പള്ളി ഇമാം അബ്ദുൽ ഗഫാർ മൌലവി, പി. ഗോപിനാഥൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി മുതലായവർ പങ്കെടുത്തു.

അന്നു തന്നെ ആർ.എസ്.പി.യുടെ ആർ.വൈ.എഫ്. മതതീവ്രവാദത്തിനും വർഗ്ഗീയതക്കുമെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കുറേക്കൂടി നല്ല ദിവസത്തിനായി കാത്തിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ 1,000 കേന്ദ്രങ്ങളിൽ ‘മതനിരപേക്ഷ കേരളം, ജനസൌഹൃദ വികസനം’ എന്ന മുദ്രാവാക്യവുമായാണ് അത് മതസൌഹാർദ്ദം ഉണ്ടാക്കാൻ പോകുന്നത്.

ആദ്യമായല്ല ഡി.വൈ.എഫ്.ഐ. ഇത്തരം പരിപാടി നടത്തുന്നത്. 2007ലെ സംസ്ഥാന സമ്മേളനം എടുത്ത തീരുമാനപ്രകാരം അക്കൊല്ലം ഫെബ്രുവരിയിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും വർഗ്ഗീയതക്കും മതമൌലികവാദത്തിനും എതിരെ ജനങ്ങളെ സംഘടിപ്പിക്കാനും അത് തീരുമാനിച്ചിരുന്നു. സദ്ദാം ഹുസൈൻ സാമ്രാജ്യത്വത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമാണെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വൃഥാവിലാകില്ലെന്നും ആ സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി.

മതസൌഹാർദ്ദപരിപാടികൾ അവസാനിച്ചിട്ടില്ല. മറ്റ് ചില സംഘടനകളും അത്തരം പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ഇവരുടെയെല്ലാം ശ്രമഫലമായി കേരളത്തിൽ ഹൈന്ദവ മതസൌഹാർദ്ദവും മുസ്ലിം മതസൌഹാർദ്ദവും കൂടാതെ ഇടതു മതസൌഹാർദ്ദം (ആർ.എസ്.പി), ഇടതു മതസൌഹാർദ്ദം (ഡി.വൈ.എഫ്.ഐ.) എന്നിവയും വൈകാതെ പുലരുമെന്ന് പ്രതീക്ഷിക്കാം.

കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും കക്ഷിയൊ ഇതുവരെ ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ മറ്റെല്ലാവരും മതസൌഹാർദ്ദം കെട്ടിപ്പടുക്കുമ്പോൾ അവർക്ക് ഒഴിഞ്ഞുമാറാനാകില്ലല്ലൊ. അതുകൊണ്ട് കാലക്രമത്തിൽ കോൺഗ്രസ് മതസൌഹാർദ്ദമൊ അല്ലെങ്കിൽ യു,ഡി.എഫ്. മതസൌഹാർദ്ദമൊ കൂടി പ്രതീക്ഷിക്കാവുന്നതാണ്.

3 comments:

Sreejith KondottY said...

മത സൌഹാര്‍ദം എന്ന വാക്ക് തന്നെ ശുദ്ധ അസംബന്ധം ആണ്. മനുഷ്യ സൌഹാര്‍ദം ആണ് നമുക്ക് വേണ്ടത്.വിവിധ മതങ്ങളിലെ ഇത്തിക്കന്നികള്‍ ആയ പുരോഹിതന്മാരും മറ്റു പൊതു വ്യാജ പ്രവര്‍ത്തകരും കൂടി ഒന്നിച്ചു കൈ കൂട്ടികെട്ടിയാല്‍ എല്ലാം ആയി എന്നോ? മതത്തെക്കള്‍ വലുതായി മനുഷ്യത്വത്തെ പരിഗണിക്കാത്ത ഒരു സമൂഹത്തില്‍ സൌഹാര്‍ദം എന്ന വാക്കിന് പോലും അര്‍ത്ഥമില്ല.

ഇനി ജമ-അത്തെ-ഇസ്ലാമിയും ആരിഫലിയും മറ്റു ശേഇഖ്മാരും കൂടി കേരളത്തിലെ കുറെ മാധ്യമം ബുദ്ധി ജീവികളെ വിളിച്ചുകൂട്ടി ആഗോളവല്‍ക്കരണ വിരുദ്ധ , ദളിദ്,പിന്നോക്ക അവര്‍ണ (കപട) സൗഹാര്‍ദത്തിന്റെ കേരള മാതൃക സ്രിഷ്ട്ടിക്കുംപോളും കേരളത്തിലെ മനുഷ്യ സ്നേഹികള്‍ക്ക് അതിലെ വൈരുധ്യവും കപടത്വവും തിരിച്ചറിയാന്‍ കഴിയേണമേ എന്ന് ആഗ്രഹിക്കുന്നു!!

anto said...

I agree with Sreejith

കുറിമാനം said...

കിണറാണോ ശ്രീജിത്തേ ലോകം? മനുഷ്യത്തം ധാര്‍മിക സദാചാര പരതകളെ സൌകര്യത്തിന്റെയും അസൌകര്യത്തിന്റെയും പരിമിതിയില്‍ സ്വീകരിക്കുന്നു. മത ബോധം ധര്‍മത്തേയും സദാചാരത്തേയും സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. മതം എന്ന് കേള്‍ക്കുമ്പോള്‍ അക്രമവും വര്‍ഗീയതയും മനസ്സില്‍ ഓടിവരുന്നത്‌ മതത്തിന്റെ കുറ്റം അല്ല.

വൈരുധ്യവും കപടത്വവും തിരിച്ചറിയാനുള്ള കഴിവ് ജന്മ സഹജവും സ്വതന്ത്രവും ആണ്. മത സൌഹാര്‍ദം എന്ന് കേട്ടപ്പോഴേക്കും ജമ-അത്തെ-ഇസ്ലാമിക്ക് വേണ്ടി കയറെടുത്തോടുന്ന മനുഷ്യ സ്നേഹം അപാരം തന്നെ. സമൂഹത്തില്‍ ചിന്തയിലും ബൌധികമണ്ഡലങ്ങളിലും ഉന്നതരായവരും, സാമൂഹിക സേവകരും, പരിസ്ഥിതി സംരക്ഷകരും മനസ്സിലാക്കാന്‍ കഴിയാത്ത ജമ-അത്തെ-ഇസ്ലാമിലെ കപടത തിരിച്ചറിയുന്ന ശ്രീജിത്തിനോടും ആന്റോയോടും പറയാനുള്ളത് പുറം ലോകത്തേക്ക് ഇടക്കൊക്കെ എത്തിനോക്കണം എന്നാണ്.

ബുനൈസ്.
ദുബായ്