Monday, September 6, 2010

തീവ്രവാദം വന്ന വഴി

ബി.ആർ.പി. ഭാസ്കർ

പ്രവാചകനിന്ദയുടെ പേരിൽ കോളെജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തെ തുടർന്ന് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും തീവ്രവാദത്തിന്റെ വേരുകൾ തേടിയിറങ്ങുകയുണ്ടായി. ഇരുകൂട്ടരുടെ അന്വേഷണത്തിനും പരിമിതിയുണ്ടായിരുന്നു.. മാധ്യമങ്ങൾക്ക് താല്പര്യം സംഭവങ്ങളിലാണ്. സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകൾ അവ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ തന്നെ വസ്തുതകൾക്ക് അവ സമീപിക്കുക ഔദ്യോഗിക അന്വേഷണ ഏജൻസികളെയാവും. അവ പലപ്പോഴും ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് ഭരണാധികാരികളുടെ രാഷ്ട്ര്രിയ താൽപര്യം കണക്കിലെടുത്തുകൊണ്ടാണ്. രാഷ്ട്രീയകക്ഷികളുടെ കണ്ണ് തെരഞ്ഞെടുപ്പുകളിലാണ്. ലോക് സഭ, അസംബ്ലി, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടക്കുന്നതുകൊണ്ട് അവയ്ക്ക് അഞ്ചു കൊല്ലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകൾ നേരിടേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുവേണ്ട പണം ആരിൽനിന്ന് എങ്ങനെ സംഘടിപ്പിക്കാം, ജയിക്കാനാവശ്യമായ വോട്ട് ആരെ എങ്ങനെ പ്രീണിപ്പിച്ച് നേടാം, ജയിച്ചു കഴിഞ്ഞാൽ അഞ്ചു കൊല്ലം എങ്ങനെ പിടിച്ചു നിൽക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴും അവരുടെ മുന്നിലുണ്ടാകും. അതിനിടയിൽ എങ്ങനെ കാര്യങ്ങൾ സത്യസന്ധമായി, വസ്തുനിഷ്ഠമായി വിലയിരുത്തും?

ആഭ്യന്തര മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും കൈവെട്ട് സംഭവത്തെ “താലിബാനിസം“ എന്നാണ് വിശേഷിപ്പിച്ചത്. ആ ക്രൂരകൃത്യത്തെ ജനമനസുകളിൽ ഒരു മതവിഭാഗവുമായും വിദേശ ഭീകരപ്രസ്ഥാനവുമായും ബന്ധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. പ്രൊഫസർ ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശമുണ്ടെന്ന ആക്ഷേപം മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നതുകൊണ്ട് ആ മതവിഭാഗത്തിൽ പെട്ടവരാകണം അക്രമം നടത്തിയതെന്ന് സ്വാഭാവികമായി പലരും സംശയിച്ചിട്ടുണ്ടാവും. താലിബാന്റെ പേരുപയോഗിച്ചവർ ഒരു പടികൂടി മുന്നോട്ടുപോയി സംഭവത്തെ അന്താദ്ദേശീയ മുസ്ലിം ഭീകരതയുടെ ഭാഗമാക്കുകയാണ് ചെയ്തത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാനാവശ്യമായ വസ്തുതകൾ അവരുടെ മുന്നിലുണ്ടായിരുന്നില്ല. ഈ വരികൾ എഴുതുന്ന സമയത്തും അന്വേഷണോദ്യോഗസ്ഥർ അത്തരത്തിലുള്ള ബന്ധത്തിന് തെളിവ് കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് ആ ദുസ്സൂചനയുടെ പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടൽ ഉണ്ടായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്.

അബ്ദുൾ നാസർ മ്‌അദനിയുമായി ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ട് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മ്‌അദനിക്ക് മനം‌മാറ്റമുണ്ടായെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച പാർട്ടി നേതാക്കൾ കാസറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ച ആദ്യ കാല പ്രസംഗങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായ അദ്ദേഹത്തെ പിന്തുടരുകയാണെന്ന് മനസിലാക്കിയില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പാർട്ടി രണ്ട് പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന ന്യൂനപക്ഷാഭിമുഖ്യ നിലപാട് ഉപേക്ഷിച്ച് ഹിന്ദു ഭൂരിപക്ഷത്തെ ആശ്രയിക്കാൻ തീരുമാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. പിന്നീട് അത് കൂടുതൽ പ്രകടമായി. മ്‌അദനി ബന്ധത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടി കണ്ട മാർഗ്ഗം അദ്ദേഹത്തേക്കാൾ വലിയ മുസ്ലിം ഭീകരനെ കണ്ടെത്തുകയെന്നതാണ്. പല ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് പാർട്ടിയെയും സർക്കാരിനെയും ബുദ്ധിമുട്ടിച്ച സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും അതിന്റെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമിയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വത്വരാഷ്ട്രീയം ഉയർത്തിക്കാട്ടി ജമാത്തിനെ അടുപ്പിച്ചു നിർത്താൻ സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി തുടങ്ങിയ ഭീകരനിർമ്മിതി വലിയ വിജയമായിരുന്നില്ല. അപ്പോഴാണ് അധ്യാപകന്റെ കൈവെട്ടിക്കൊണ്ട് ഭീകര സ്ഥാനം ഏറ്റെടുക്കാൻ ഒരു സംഘം മുന്നോട്ടു വന്നത്. വീണുകിട്ടിയ അവസരം പാർട്ടി പ്രയോജനപ്പെടുത്തി.

കൈവെട്ടു കേസ് പ്രതികൾ പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യയുടെ പ്രവർത്തകരൊ അനുഭാവികളൊ ആണ്. സി.എച്ച്.ആർ.ഓ. (കോൺഫെഡറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്) എന്നൊരു കൂട്ടായ്മയായാണ് അത് രംഗപ്രവേശം ചെയ്തത്. ഒരു ചുരുങ്ങിയ കാലയളവിൽ മനുഷ്യാവകാശമേഖലയിൽ ശ്രദ്ധ പിടിച്ചു പറ്റിയശേഷം പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് എൻ.ഡി.എഫ് (നാഷനൽ ഡമോക്രാറ്റിക് ഫ്രന്റ്) എന്ന പേരിൽ ഒരു സഹോദര സംഘടനയുണ്ടാക്കി. പിന്നീട് സി.എച്ച്.ആർ.ഓ. നാഷനൽ സി.എച്ച്. ആർ.ഓ. എന്ന പേരിലും എൻ.ഡി. എഫ്. പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യ എന്ന പേരിലും ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പക്കുകയും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും ചെയ്തു. ചില അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടനകളിൽ പെട്ടവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റ് രാഷ്ട്രീയ-സാമൂഹിക സംഘടനകളിൽ പെട്ടവർക്കെതിരെയും അത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളതുകൊണ്ടാവാം അവ വളരെ ശ്രദ്ധിക്കപ്പെട്ടില്ല.

ബാബ്രി മസ്ജിദ് തകർത്തതിനെതിരായ മുസ്ലിം വികാരമാണ് കേരളത്തിൽ അടുത്ത കാലത്ത് ശക്തിപ്രാപ്പിച്ചിട്ടുള്ള പല സംഘടനകളുടെയും വളർച്ചയെ സഹായിച്ച പ്രധാന ഘടകം. കോൺഗ്രസുമായുള്ള സഖ്യം മൂലം ബാബ്രി പ്രശ്നത്തിൽ ലീഗ് മൃദു സമീപനം സ്വീകരിക്കുന്നെന്ന പരാതിയുണ്ടായിരുന്ന അവയെല്ലാം സ്വാഭാവികമായും കൂടുതൽ തീവ്രമായ നിലപാടെടുത്തു. ലീഗ്‌വിരുദ്ധത അവരെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇ.എം.എസ്. നമ്പൂതിരിപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി. മ്‌അദനിയിൽ അദ്ദേഹം ഒരു ഗാന്ധിയെ ദർശിക്കുക കൂടി ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമാണ് എൽ.ഡി.എഫിനും യു.ഡി. എഫിനുമുള്ളത്. അവരുടെ മ്‌അദനി ബന്ധം ഇത് വ്യക്തമാക്കുന്നു. കോയമ്പത്തൂർ സ്‌ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറുമ്പോൾ ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുക്കാൻ അത് സഹായിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയിരുന്നതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.. അദ്ദേഹത്തിന്റെ അറസ്റ്റിനെ എൽ.ഡി.എഫ്. ഭരണ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക പോലും ചെയ്തു. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫിന്. തെരഞ്ഞെടുപ്പിൽ മ്‌അദനിയുടെ പിന്തുണ നേടാനായി. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്‌അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. യഥാർത്ഥത്തിൽ അവരെ നയിച്ചത് നീതിബോധമായിരുന്നില്ല, രാഷ്ട്രീയലാഭമോഹം ആയിരുന്നു. രാഷ്ട്രീയകക്ഷി നേതാവെന്ന നിലയിൽ മ്‌അദനിയും രാഷ്ട്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കാലത്തും നിലപാടുകളെടുത്തത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് സാമൂഹ്യനീതി ലഭിക്കാതിരുന്ന ആ വിഭാഗത്തിന് ഗൾഫ് പ്രവാസം രക്ഷയായി. ആദ്യഘട്ടത്തിൽ ഗൾഫ് പണം കേരളത്തിൽ അസമത്വം കുറയ്ക്കുന്നതിനു സഹായിച്ചെങ്കിൽ ഇപ്പോൾ അത് അസമത്വം വളർത്തുകയാണെന്ന് കരുതാൻ ന്യായമുണ്ട്. അതിസമ്പന്നരായ പ്രവാസികളുടെയും പ്രതിലോമ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും ഉയർന്ന ദൃശ്യത മുസ്ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് തെറ്റായ ധാരണ പരത്തിയിട്ടുണ്ട്. സാമൂഹിക മണ്ഡലം സൂക്ഷ്മമായി വിലയിരുത്തിയാൽ സമീപകാലത്ത് മുസ്ലിങ്ങൾക്കിടയിൽ മാത്രമല്ല മറ്റ് ജാതിമത വിഭാഗങ്ങൾക്കിടയിലും പ്രതിലോമ പ്രവണതകൾ ശക്തിപ്പെട്ടിട്ടുള്ളതായി കാണാം. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. താൽക്കാലിക ലാഭത്തിനായി അവർ സ്വീകരിക്കുന്ന നയങ്ങളാണ് പല മേഖലകളിലും ദുഷ്ടശക്തികൾക്ക് വളരാൻ സഹായകമായത്. ചേകന്നൂർ മൌലവിയുടെ കൊല, ഹവാലാ പണത്തിന്റെ ഒഴുക്ക് തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണങ്ങൾ എങ്ങുമെത്താതെ നീണ്ടത് അത്തരം ശക്തികളെ നേരിടാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനില്ലെന്നതിന് തെളിവാണ്.

പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ അതിർത്തിയിൽ കൊല്ലപ്പെട്ട തീവ്രവാദി സംഘത്തിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചപ്പോൾ അവരുടെ ഐ.ഡി. കാർഡുകൾ വ്യാജമാണെന്ന് സംസ്ഥാന പൊലീസ് അവകാശപ്പെടുകയുണ്ടായി. നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി പൊലീസിനുള്ള അറിവ് എത്ര പരിമിതമാണെന്ന് ആ പ്രതികരണം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ പേരും ഊരും സ്ഥിരീകരിച്ചപ്പോൾ അതിൽ ഒരാളുടെ കുടുംബം തങ്ങൾക്ക് ജഡം കാണുകയേ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചിലർ അതിനെ ദേശസ്നേഹത്തിന്റെ വിളംബരമായി പ്രകീർത്തിക്കുകയും ചെയ്തു. ഇത് മാനുഷികമൂല്യങ്ങൾ നിരാകരിക്കുന്ന തലത്തിലേക്ക് സമൂഹം നീങ്ങുന്നതിന്റെ ലക്ഷണമാണ്.

പടച്ചോനുമായി സംസാരിക്കുന്ന മനോരോഗിയായ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകിയതോടെയാണ് പ്രൊഫസർ ജോസഫിന് കഷ്ടകാലം തുടങ്ങിയത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്കുള്ള പേരാണത്. അതേസമയം, സന്ദർഭം മറ്റ് വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ബഹുഭൂരിപക്ഷം മനഷ്യരിലും ആ പേര് ഉണർത്തുക പ്രവാചകന്റെ ഓർമ്മയാകും. ആ നിലയ്ക്ക് പ്രൊഫസർ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് കാണുന്ന ഒരാൾക്ക് അതിൽ പ്രവാചകനിന്ദയുണ്ടെന്ന ധാരണ ഉണ്ടായേക്കാം. സന്ദർഭം മനസിലാകുമ്പോൾ അത് മാറേണ്ടതുമാണ്. തെറ്റായ ധാരണ പിന്നെയും അവശേഷിക്കുന്നെങ്കിൽ സംസ്കൃതചിത്തയായ ഒരു വ്യക്തി എങ്ങനെയാണ് പ്രതികരിക്കുകയെന്നറിയാൻ ജോസഫിന്റെ ചോദ്യത്തിന് ഒരു മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഉത്തരം നോക്കിയാൽ മതി. പ്രവാചകന്റെ പേര് അവിടെ ഉപയോഗിക്കുന്നതിനോടുള്ള എതിർപ്പ് രേഖപ്പെടുത്തിയശേഷം പെൺ‌കുട്ടി ഉത്തരം എഴുതി. ചോദ്യക്കടലാസ് കണ്ടിട്ടൊ അതിനെക്കുറിച്ച് കേട്ടറിഞ്ഞിട്ടൊ അദ്ധ്യാപകനും കോളെജിനുമെതിരെ തെരുവിലിറങ്ങിയവരെ നയിച്ച വികാരം പ്രവാചകസ്നേഹമല്ല, മതഭ്രാന്താണ്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മതഭ്രാന്ത് വളരുന്നുണ്ടെന്നതാണ് വാസ്തവം. അനുയായികൾക്ക് മതത്തെക്കുറിച്ച് ശരിയായ അറിവ് നൽകുന്നതിൽ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരാജയപ്പെടുന്നതു കൊണ്ടാണ് മതത്തോടുള്ള ആഭിമുഖ്യം മതഭ്രാന്തിലേക്ക് നയിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സ്വാധീനം വളർത്താനാകുമ്പോൾ ജാതിമത സംഘടനകളെ രാഷ്ട്രീയ രംഗത്തു നിന്നും മാറ്റിനിർത്താനാവില്ല. പക്ഷെ അവയുടെ പ്രവർത്തനം മതഭ്രാന്ത് വളർത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല അവയുമായി ഇടപെടുന്ന പ്രസ്ഥാനങ്ങൾക്കുണ്ട്. ചുമതല നിർവഹിക്കുന്നതിലുള്ള അവയുടെ പരാജയമാണ് കൈവെട്ട് സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ആരോപണവിധേയമായ പോപ്പുലർ ഫ്രന്റ് സംഭവത്തെ തള്ളിപ്പറയുകയൊ അതിന്റെ പ്രവർത്തകർക്ക് അതിലുള്ള പങ്ക് നിഷേധിക്കുകയൊ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ അനുകരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. സി. പി.എമ്മിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകർ പതിറ്റാണ്ടുകളായി പരസ്പരം കൊല നടത്തുന്ന കണ്ണൂരിൽ നടന്ന ഏതെങ്കിലും കൊലപാതകത്തെ അവരുടെ കക്ഷികൾ തള്ളിപ്പറഞ്ഞിട്ടില്ല. പ്രതികളാകുന്ന പാർട്ടി പ്രവർത്തകരെ പൂർണ്ണമായും സംരക്ഷിക്കുകയാണ് രണ്ട് കക്ഷികളും ചെയ്യുന്നത്. മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തിന്റെ പേരിൽ പോപ്പുലർ ഫ്രന്റിന്റെയും സഹോദര സംഘടനകളുടെയും ആപ്പീസുകൾ റെയ്ഡ് ചെയ്യുന്നതിനെ അതിന്റെ നേതാക്കൾ ചോദ്യം ചെയ്യുന്നത് കണ്ണൂരിൽ കൊല നടക്കുമ്പോൾ സി.പി.എം. ആപ്പീസുകൾ റെയ്ഡ് ചെയ്യാറില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ്. പോപ്പുലർ ഫ്രന്റ് ആപ്പീസുകളിൽ നിന്ന് ആയുധങ്ങൾ പിടിച്ചതിനെക്കുറിച്ച് അവർക്ക് പറയാനുള്ളത് കണ്ണൂരിലെ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ആപ്പീസുകൾ പരിശോധിച്ചാലും ആയുധങ്ങൾ കിട്ടുമെന്നാണ്.

കാക്കി ട്രൌസറിട്ട പോപ്പുലർ ഫ്രന്റ്/എൻ.ഡി. എഫ്. പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നു. മാർച്ചുകളിലും സി.പി.എമ്മിനെയും ആർ.എസ്.എസിനെയുമാണ് അവർ മാതൃകയാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെ.

താലിബാൻ ജന്മമെടുക്കുന്നതിനു മുമ്പുതന്നെ അക്രമ പരമ്പര അരങ്ങേറുന്ന നാടാണ് കേരളം. അക്രമത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് അതിന് സി.പി.എം. മാന്യത നേടിക്കൊടുത്തു. അച്ചടക്കബോധമുള്ള സംഘടനകളെന്ന നിലയിൽ സി.പി.എമ്മിനും അക്രമരാഷ്ട്രീയത്തിൽ അതിന്റെ മുഖ്യ പ്രതിയോഗിയായ ആർ.എസ്.എസ്സിനും അക്രമപ്രവർത്തനങ്ങളെ കുറഞ്ഞ തീവ്രതാ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും നാടൻ ആയുധങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ക്വട്ടേഷൻ സംഘങ്ങളുടെ ആവിർഭാവത്തോടെ അക്രമപ്രവർത്തനം ബിസിനസ് എന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. മാധ്യമങ്ങൾ, പ്രത്യേകിച്ച് സിനിമയും ടെലിവിഷനും, അക്രമത്തെ അപക്വമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് ജനങ്ങൾ ഏറെക്കുറെ അതുമായി മാനസികമായി പൊരുത്തപ്പെട്ടിരിക്കുന്നു.

ഇന്നത്തെ അവസ്ഥ സൃഷ്ടിക്കുന്നതിൽ അറിഞ്ഞുകൊണ്ടും അല്ലാതെയും പങ്ക് വഹിച്ച എല്ലാവരും ആത്മപരിശോധന നടത്തി തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ തീവ്രവാദം ഉയർത്തുന്ന ഭീഷണി ഫലപ്രദമായി നേരിടാനാകില്ല.

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രസ്സീവ് ഇൻഡ്യ എന്ന മാസികയ്ക്ക് നൽകിയ ലേഖനമാണിത്. എഴുതിയത് 2010 ജൂലൈ 24ന്.

6 comments:

Rajesh said...

കൈവെട്ട് കേസിൽ ദ്ദുരൂഹമായ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കണം. മാണി ജോസഫ് ലയനത്തിനു ശേഷമാണു സംഭവം. ഇസ്ലാമിനെ വിട്ട് സി.പി.എം ഭൂരിപക്ഷ വർഗീയതക്ക് നേരെ തിരിയുന്നു. എന്തു സംഭവം ഉണ്ടായാലും ഇടത് പക്ഷത്തെ ആക്ഷേപിക്കാൻ കാമറക്ക് മുന്നിൽ എത്തുന്ന ഒരു സെക്കുലർ നേതാവ് പൊടുന്നനെ നിശബ്ദനായി. നമ്മൾ അറിയുന്ന പോലെ അല്ല കാര്യങ്ങൾ.

രാമു said...

കൈവെട്ട്‌ വലിയൊരു അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്തേക്ക്‌ തെറിച്ച ചെറിയൊരു തീപ്പൊരിമാത്രമാണ്‌. സമൂഹം വലിയതോതില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരുക്കുന്നു. മനസ്സുകള്‍തമ്മിലുള്ള അകലം കൂടി കൂടി വരുന്നു. കാലം പുറകോട്ട്‌ പുറകോട്ട്‌ അടിവെച്ചുകൊണ്ടിരിക്കുന്നു...

രാമു said...

കൈവെട്ടലിനുമുന്‍പുള്ള ഒരു ബ്ലോഗ്‌ പോസ്‌റ്റ്‌ ഇതാ http://nongalloorrekhakal.blogspot.com/2010/05/blog-post.html

chithrakaran:ചിത്രകാരന്‍ said...

രാമുവിന്റെ ലിങ്കിനു നന്ദി.
തീര്‍ച്ചയായും വായിക്കപ്പെടേണ്ടതായ ഒന്നാന്തരം പൊസ്റ്റ് !
നാടു നശിപ്പിക്കുന്നത് നാം തന്നെയാണ്

SUHAIL SHAMIL IRFANI said...
This comment has been removed by the author.
SUHAIL SHAMIL IRFANI said...

https://arivuwhatsappgroup.blogspot.in/