Friday, September 3, 2010

ഫെഡറലിസത്തിന്റെ ഭാവി

ബി.ആർ.പി.ഭാസ്കർ

ഒരു യഥാർത്ഥ ഫെഡറൽ സംവിധാനമല്ല നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. ‘ഫെഡറേഷൻ’ എന്ന വാക്ക് ഒഴിവാക്കിക്കൊണ്ട് ഇന്ത്യയെ ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് അത് വിശേഷിപ്പിക്കുന്നത്. ഫെഡറൽ സ്റ്റേറ്റിന്റെ അംശങ്ങളോടൊപ്പം അതിൽ യൂണിറ്ററി സ്റ്റേറ്റിന്റെ അംശങ്ങളുമുണ്ട്. ഭരണഘടന നിലവിൽ വന്നശേഷമുള്ള 60 കൊല്ലക്കാലത്ത് പാർലമെന്റ് പാസാക്കിയ നൂറിൽ‌പരം ഭേദഗതികളിൽ ചിലത് കേന്ദ്രത്തിന്റെ അധികാരങ്ങൾ വിപുലീകരിച്ചുകൊണ്ട് അതിന്റെ യൂണിറ്ററി സ്വഭാവം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഡൽഹിയിലെ ഭരണകൂടത്തിനു വിദേശഭരണ കാലത്തുണ്ടായിരുന്നതിനേക്കാൾ അധികാരം ഇപ്പോഴുണ്ട്.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് അതിർത്തികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വലിയ തോതിൽ അഭയാർത്ഥികൾ പ്രവഹിക്കുകയുണ്ടായി. ഇന്ത്യയിൽ ലയിച്ച കശ്മീരിനെ കയ്യടക്കാൻ പാകിസ്ഥാൻ ആദ്യം ഗോത്രവർഗ്ഗക്കാരെയും പിന്നീട് സ്വന്തം സേനയെയും നിയോഗിച്ചു. വർഗ്ഗീയത പല വടക്കൻ സംസ്ഥാനങ്ങളിലെയും അന്തരീക്ഷം കലുഷിതമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇതെല്ലാം കൂടി അതികേന്ദ്രീകൃതമായ സംവിധാനം ആവശ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. എന്നിട്ടും ധാരാളം ഫെഡറൽ അംശങ്ങൾ ഭരണഘടനയിൽ ചേർത്തത് ഭരണഘടനാശില്പികൾക്ക് ഫെഡറൽ സംവിധാനത്തിലുണ്ടായിരുന്ന താല്പര്യത്തിന് തെളിവാണ്.

സ്വാതന്ത്ര്യസമര പാരമ്പര്യം ഫെഡറൽ സംവിധാനം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നഗരവാസികളുടെ കൂട്ടായ്മയായിരുന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിനെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ദേശീയ പ്രസ്ഥാനമായി മഹാത്മാ ഗാന്ധിജി മാറ്റിയത് ഫെഡറൽ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. വൈവിധ്യങ്ങൾ മാനിച്ചുകൊണ്ട് ഭാരതീയരെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത തെക്കേ ആഫ്രിക്കയിലായിരുന്ന കാലത്തുതന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം കൈകളിലെത്തിയപ്പോൾ ബ്രിട്ടീഷുകാർ യാദൃശ്ചികമായൊ സ്വാർത്ഥതാല്പര്യങ്ങൾ മുൻ‌നിർത്തിയൊ സൃഷ്ടിച്ച പ്രിവിശ്യകളുടെ അടിസ്ഥാനത്തിൽ കീഴ്ഘടകങ്ങൾ രൂപീകരിക്കുന്നതിനുപകരം അദ്ദേഹം ഭാഷാസാംസ്കാരിക വൈവിധ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. സ്വാതന്ത്ര്യം നേടിയശേഷം ഇതേ രീതിയിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നൽകി. എന്നാൽ വലിയ തോതിലുള്ള പ്രക്ഷോഭണൾക്കുശേഷമാണ് ഭാഷയുടെ അടിസ്ഥാനത്തിലുള്ള പുന:സംഘടന നടന്നത്. ഭരണത്തെ ജനങ്ങളോട് അടുപ്പിക്കുന്നതിന് ആ പുന:സംഘടന സഹായിച്ചു. എന്നാൽ ഒരു ഭാഷ സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിലാകണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ല. ഭരണപരമായ സൌകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വലിയ സംസ്ഥാനങ്ങൾ വിഭജിക്കുന്നതാണ് നല്ലതെന്ന് കാണാനാകും. ഹര്യാനക്ക് തനിച്ചു നിൽക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് കേന്ദ്രം പഞ്ചാബി സംസ്ഥാന രൂപീകരണം വളരെക്കാലം തടഞ്ഞത്. ഹര്യാനാ സംസ്ഥാനം നിലവിൽ വന്ന് ഏറെ കഴിയും മുമ്പു തന്നെ ആ വാദം തെറ്റായിരുന്നെന്ന് വ്യക്തമായി.

ഭരണഘടനയുടെ മുഖ്യശില്പിയായ ബാബാസാഹിബ് അംബെദ്കർ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തെ ആശങ്കയോടെയാണ് വീക്ഷിച്ചത്. ജാതീയമായ ഉച്ചനീചത്വം നിലനിൽക്കുമ്പോൾ പഞ്ചായത്തുകൾക്ക് വിപുലമായ അധികാരങ്ങൾ നൽകിയാൽ അധ:സ്ഥിത വിഭാഗങ്ങൾക്ക് തുല്യതയും തുല്യാവസരങ്ങളും ലഭിക്കുകയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. ആ ഭയം അസ്ഥാനത്തല്ലായിരുന്നെന്ന് പുതിയ പഞ്ചായത്ത് സംവിധാനം വന്നശേഷമുള്ള അനുഭവം തെളിയിക്കുന്നു. ഇത് സ്വാതന്ത്ര്യം നേടി അറുപതിൽ‌പരം വർഷങ്ങൾക്കു ശേഷമുള്ള അവസ്ഥയാണ്. എല്ലാവരും തുല്യരും തുല്യാവകാശമുള്ളവരുമാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന നിലവിൽ വന്നശേഷം ജനിച്ചുവളർന്ന തലമുറയുടെ കാലത്തെ അവസ്ഥ ഇതാകുമ്പോൾ 1947ൽ വികേന്ദ്രീകൃതമായ സംവിധാനം നിലവിൽ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു.

കേന്ദ്രം വിദേശകാര്യം. പ്രതിരോധം, നാണ്യവ്യവസ്ഥ, വാർത്താവിനിമയം (കമ്മ്യൂണിക്കേഷൻസ്) എന്നിവ മാത്രം കൈകാര്യം ചെയ്താൽ മതിയെന്നും മറ്റെല്ലാ വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് വിടണമെന്നുമാണ് ഫെഡറൽ സംവിധാനത്തിനു വേണ്ടി വാദിച്ച പലരും ആവശ്യപ്പെട്ടത്. അമേരിക്കയെ ആണ് മാതൃകയായി അവർ ചൂണ്ടിക്കാട്ടിയത്. മാറുന്ന സാഹചര്യങ്ങൾ ഫെഡറൽ ഗവണ്മെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ അമേരിക്കയെ നിർബന്ധിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുണ്ടാക്കിയ 1935ലെ ഗവണ്മെന്റ് ഓഫ് ഇൻഡ്യാ ആക്ടിലെ ഒരു വ്യവസ്ഥയുടെ തുടർച്ചയായാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിട്ട ശേഷം സംസ്ഥാന ഭരണം ഏറ്റെടുക്കുന്നതിന് കേന്ദ്രത്തിന് അധികാരം നൽകുന്ന വകുപ്പ് നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത്. ഈ വകുപ്പ് വ്യാപകമായി ദുരുപയോഗപ്പെടുത്തുകയുണ്ടായി. സുപ്രീം കോടതി ഒരു വിധിയിലൂടെ ഈ വകുപ്പിന്റെ ഉപയോഗം സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ നൽകിയശേഷം ആ പ്രവണത ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ ത്രിതലപഞ്ചായത്തുകൾക്ക് കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതികൾ നിലവിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അവ കീഴ്‌തല സംവിധാനങ്ങളുടെ ജനാധിപത്യപരമായ ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിന് ഉതകുന്നവയാണ്. അധികാര വികേന്ദ്രീകരണത്തിൽ നല്ല മാതൃക കാട്ടിയ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. എന്നാൽ ആസൂത്രണം ജനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥന്മാരിലെത്തിയതും ജനങ്ങൾ ഗ്രാമ-വാർഡ് സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതും ആ മാതൃകയുടെ പരാജയം വിളംബരം ചെയ്യുന്നു.

സംസ്ഥാനങ്ങളുടെ ചില അധികാരങ്ങൾ പഞ്ചായത്തുകളിലേക്ക് കൈമാറിയതു പോലെ കേന്ദ്രത്തിന്റെ ചില അധികാരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറുന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ഇത് അവധാനപൂർവം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ വനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത് വിനാശകരമാകുമെന്നാണ് പറശ്ശനിക്കടവ് കണ്ടൽ പാർക്ക് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകൾ വ്യക്തമാക്കുന്നത്.

അനുഭവത്തിന്റെ വെളിച്ചത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുടെ അധികാരങ്ങൾ പുന:ക്രമീകരിക്കുന്ന കാര്യം കാലാകാലങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ നിലവിലുള്ള സംവിധാനങ്ങൾ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്നാൺ ഇപ്പോൾ നാം ആലോചിക്കേണ്ടത്. ഓരോ അഞ്ചു കൊല്ലത്തിലും കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് മാത്രം ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടാനാവില്ല. സംവിധാനങ്ങൾ ജനഹിതമനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം യാഥാർത്ഥ്യമാകുന്നത്. ഫെഡറൽ സംവിധാനം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ അംശങ്ങളും നിരന്തര ദുരുപയോഗത്തിലൂടെ വികലമാക്കപ്പെട്ടിരിക്കുകയാണ്. കുഴപ്പം ഭരണഘടനാ വ്യവസ്ഥകളിലല്ല അവ നടപ്പാക്കുന്നവരിലാണ്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്ന പല കക്ഷികളും യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. ഇത് എളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല. ആദ്യമായി പാർട്ടികളിൽ ആന്തരിക ജനാധിപത്യം ഉണ്ടാകണം. ഇത് പുറത്തു നിന്ന് അടിച്ചേല്പിക്കാവുന്നതല്ല. ഓരോ പാർട്ടിയിൽ പെട്ടവരും തങ്ങളുടെ പാർട്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുമണ്ഡലത്തിൽ ജനാധിപത്യബോധം ശക്തമായാൽ മാത്രമെ അധികാരം കയ്യാളുന്ന കക്ഷികൾ ജനാധിപത്യ മര്യാദകൾ പാലിക്കാൻ തയ്യാറാകൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഫെഡറൽ സംവിധാനത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണ്.

തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ചിതി വാർത്താമാസികയുടെ ആഗസ്റ്റ്-സെപ്തംബർ 2010 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തിന്റെ മൂലരൂപമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇതേ വിഷയത്തെ ആസ്പദമാക്കി ഓ. രാജഗോപാൽ, എം.ഐ. ഷാനവാസ് എം.പി., വി. മുരളീധരൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ എഴുതിയ ലേഖനങ്ങളും അതിലുണ്ട്.

ഓ. രാജഗോപാൽ ആണ് ചിതിയുടെ മുഖ്യ പത്രാധിപർ.
മേൽ‌വിലാസം
ചിതി,
മാരാർജി സ്മൃതിമന്ദിരം,
തൈക്കാട് പി.ഒ.
തിരുവനന്തപുരം 695014
ഫോൺ 0471-2333390
e-mail: bjpkerala@gmail.com

No comments: