Saturday, May 23, 2009

ശതാബ്ദി ആഘോഷിക്കുന്ന മോഡൽ സ്കൂൾ

തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സ്കൂൾ മുൻവിദ്യാർത്ഥിയായ മോഹൻലാൽ നാളെ (ഞായർ) ഉദ്ഘാടനം ചെയ്യും.

എന്റെ പതിനൊന്നുകൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചത് ഈ സ്കൂളിലാണ്. ഞാൻ ആ അധ്യയനവർഷം തുടങ്ങിയത് കുണ്ടറ എം.ജി.ഡി. ഹൈ സ്കൂളിലായിരുന്നു. ഒരു ബോർഡിങ് സ്കൂളിലാക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. കുണ്ടറ സ്കൂളിൽ ബോർഡിങ് സൌകര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഹെഡ്മാസ്റ്ററായിരുന്ന കെ. ജോർജ് സാർ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൌകര്യം നൽകി.

ഏതാനും മാസങ്ങൾക്കുള്ളിൽ ജോർജ് സാർ സർക്കാർ ജോലി സ്വീകരിച്ചു. സർക്കാർ മേഖലയിലെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ദിവാൻ സി.പി. രാമസ്വാമി അയ്യർ അക്കൊല്ലം (1945-46) സ്വകാര്യ മേഖലയിൽ നിന്ന് പ്രഗത്ഭരായ മൂന്ന് അദ്ധ്യാപകരെ തെരഞ്ഞെടുത്ത് സ്പെഷ്യൽ സ്കെയിലിൽ ഗവണ്മെന്റ് സ്കൂളുകളിൽ നിയമിക്കാൻ തീരുമാനിച്ചു. അതിലൊരാൾ ജോർജ് സാറായിരുന്നു. അദ്ദേഹത്തെ പോസ്റ്റ് ചെയ്തത് മോഡൽ സ്കൂളിൽ. ജോർജ് സാറിന്റെ മക്കളോടൊപ്പം ഞാനും കുണ്ടറ സ്കൂളിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി തിരുവനന്തപുരത്ത് വന്നു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ സ്കൂൾ മാറുന്നതിന് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. അന്ന് മോഡൽ സ്കൂളിൽ ഒരു ക്ലാസ്സിൽ 25 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ക്ലാസ് മുറിയിൽ 13 ഡെസ്കും ബെഞ്ചുമുണ്ടാകും.ഓരോ ഡെസ്കും രണ്ടായി വിഭജിച്ചിരിക്കും. ഒരോ ബെഞ്ചിലും രണ്ടു പേർക്കേ ഇടമുണ്ടാകൂ. അതായത് 26 പേർക്ക് ഇരിക്കാനുള്ള സൌകര്യമേ മുറിയിലുള്ളു. 25 കുട്ടികളുള്ള ക്ലാസ്സിൽ ഒരാളെക്കൂടി പ്രവേശിപ്പിക്കുനതിനും പ്രത്യേക അനുമതി വേണമായിരുന്നു.

നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി ഞാൻ സിക്സ്ത് ഫോം സിയിൽ ഇരുപത്തിയാറാമനായി എത്തിയപ്പൊഴേക്കും വളരെയധികം ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു. ക്ലാസ് ടീച്ചറായ വൈദ്യനാഥയ്യർ സാർ ഒന്നാം റാങ്കുകാരനായ കുട്ടിയുടെ നോട്ട് പുസ്തകങ്ങൾ ഒന്നൊന്നായി വാങ്ങി എനിക്ക് തന്നു – അവയിൽ നിന്ന് നേരത്തെ നൽകിയ നോട്ടുകൾ എഴുതി എടുക്കാൻ. ഓരോ വിദ്യാർത്ഥിയുടെ കാര്യവും അവിടത്തെ അദ്ധ്യാപകർ നേരിട്ട് ശ്രദ്ധിച്ചിരുന്നു.

ഒരു കൊല്ലം തികച്ച് മോഡൽ സ്കൂളിൽ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ ചെലവഴിച്ച ദിവസങ്ങൾ സ്കൂൾ ജീവിതത്തിലെ നല്ല കാലഘട്ടമായി മനസ്സിൽ നിൽക്കുന്നു.