Tuesday, November 18, 2008

അച്ചടിമാദ്ധ്യമങ്ങള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനം

രാജ് നീട്ടിയത്ത് എന്‍.പി.രാജേന്ദ്രനും എനിക്കുംഅയച്ച ഒരു മെയില്‍ ചുവടെ ചേര്‍ക്കുന്നു. അച്ചടി മാദ്ധ്യമങ്ങള്‍ ബ്ലോഗുകളില്‍ വരുന്ന ലേഖനങളും പടങ്ങളും പകര്‍പ്പവകാശനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നു എന്ന് രാജ് ചൂണ്ടിക്കാണിക്കുന്നു. ചോദിച്ചുവാങ്ങുന്ന ലേഖനങ്ങള്‍ക്കുപോലും പ്രതിഫലം നല്‍കാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. ദൃശ്യമാദ്ധ്യമങ്ങളും ഈ വിധത്തില്‍ ചൂഷണം നടത്തുന്നുണ്ട്. ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ എന്ന ആശയം കാശു കൊടുക്കാതെ ആളുകളുടെ സേവനം സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ എനിക്കാവുന്നില്ല. പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല. ആര്‍ക്കെങ്കിലും പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കാന്നുണ്ടോയെന്ന് അറിയാനാണ് രാജ് നീട്ടിയത്തിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ മെയില്‍ ഇവിടെ ചേര്‍ക്കുന്നത്.

അഭിവന്ദ്യരെ,

മലയാളത്തിലെ മുഖ്യധാരാ അച്ചടിമാധ്യമങ്ങൾ തങ്ങളുടെ കഴിവുകേടാലോ അശ്രദ്ധയാലോ തുടർന്നുപോരുന്ന കണ്ടന്റ് മോഷണത്തെ കുറിച്ചൊരു ഇമെയിലാണിത്. നിങ്ങൾ ഇരുവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ബ്ലോഗെഴുതുന്ന മുതിർന്ന പത്രപ്രവർത്തകരാകയാൽ ഒരു അപേക്ഷയെന്നോളം ചിലകാര്യങ്ങൾ ധരിപ്പിക്കുവാനുണ്ട്. തുടർന്നു വായിക്കുവാൻ താല്പര്യപ്പെടുമെന്നു കരുതട്ടെ,

ബ്ലോഗുകളുടെയും മറ്റു നവ ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയിലും പ്രൊഫഷണലുകളോടു കിടപിടിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളുമായി പല ബ്ലോഗെഴുത്തുകാരും മലയാളികളിലുണ്ട്. ഇവരുടെ ചിത്രങ്ങളും മറ്റും പലപ്പോഴും മുഖ്യധാരയിലെ അച്ചടിമാധ്യമങ്ങൾ പകർപ്പവകാശനിയമങ്ങൾ ലംഘിച്ചുകൊണ്ടു അനുവാദമില്ലാതെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ചേർക്കുക പതിവായിരിക്കുകയാണ്. പേരെടുത്തു ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചും പറയുവാനാഗ്രഹിക്കുന്നില്ലെങ്കിലും അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ എന്നപോലെയാണു കാര്യങ്ങൾ. ഇന്ത്യയിലെ ഐ.ടി / ബൗദ്ധികസ്വത്തവാകശ നിയമങ്ങൾ അവയുടെ ബാല്യദശയിലാകയാൽ നിയമപരമായി കോടതികളുടെ സഹായം തേടുവാനും നേരാംവണ്ണം സാധിക്കുന്നില്ല, പലപ്പോഴും പകർപ്പവകാശ ലംഘനത്തിനു വിധേയരായവർ കേരളത്തിലെ സ്ഥിരതാമസക്കാരാവുകയുമില്ല. ഇന്റർനെറ്റിൽ ചെറുതായി ഒന്നു പരതിയാൽ, തെയ്യത്തിന്റേയും നെല്ലുകൊയ്യുന്നവരുടേയും ചിത്രങ്ങൾ ലഭിക്കുവാൻ എളുപ്പമാകുമ്പോൾ ഒരു സ്റ്റോക്ക് ഇമേജ് തേടിപ്പോകേണ്ടതിന്റെ ആവശ്യമെന്തെന്നു കരുതുകയാണെന്നു തോന്നുന്നു അച്ചടിമാധ്യമരംഗത്തെ പ്രൊഫഷണലുകൾ. സ്ഥിരോത്സാഹത്തോടെ ചിത്രങ്ങളെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണു അവർക്കു നേരെയുള്ള പകർപ്പവകാശ ലംഘനങ്ങൾ. നെറ്റിൽ ലഭിക്കുന്ന ചിത്രങ്ങൾ അനുമതി കൂടാതെ ആർക്കും ഉപയോഗിക്കുവാൻ കഴിയുന്നതല്ല എന്നു അറിയാത്തതിനാലുള്ള പ്രശ്നമാണോ ഇതെന്നും തീർച്ചയില്ല. എന്തു തന്നെയായാലും ഇത്തരം ഒട്ടനവധി സംഭവങ്ങൾ പല ബ്ലോഗ് സുഹൃത്തുക്കളും പങ്കുവച്ചു കാണുന്നു.

ഒരു സംഭാഷണത്തിലൂടെ ചിലപ്പോൾ പരിഹരിക്കുവാൻ പറ്റാവുന്നതായേക്കും ഈ പ്രശ്നമെന്നു തോന്നുന്നു. പ്രസ്സ് കൗൺസിൽ, പത്രപ്രവർത്തകസംഘടനകൾ, അച്ചടി മാധ്യമങ്ങൾ പങ്കുവയ്ക്കുന്ന മറ്റിടങ്ങൾ എന്നിവയിൽ ഇന്റർനെറ്റിൽ നിന്നും പ്രത്യേകിച്ചും ബ്ലോഗുകളിൽ നിന്നും ചിത്രങ്ങളും ലേഖനങ്ങളും പകർത്തുന്നതിന്റെ എത്തിക്സിനെ കുറിച്ചു നിങ്ങൾ ഇരുവരേയും പോലുള്ള മുതിർന്ന പത്രപ്രവർത്തകർക്കു സംസാരിക്കുവാൻ സാധിക്കുകയാണെങ്കിൽ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നു തന്നെ പ്രത്യാശിക്കുന്നു. പകർപ്പവകാശലംഘനം നിയമപരമായി ഗുരുതരമായ കുറ്റമാണെങ്കിലും മാധ്യമങ്ങൾ യാതൊരു കൂസലുമില്ലാതെ അതു തുടരുന്നതു കാണുന്നതിൽ ഖേദമുണ്ട്, നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊള്ളുന്നു.

സ്നേഹാദരങ്ങളോടെ,

രാജ് നീട്ടിയത്ത്

42 comments:

Haree said...

"പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല." - ആര്‍ക്ക് പ്രായോഗികമല്ലെന്ന്? ചിത്രത്തിന്റെ/കണ്ടന്റിന്റെ ഉടമകള്‍ക്ക്, അല്ലേ? ഇനി ഇതല്ല ഉദ്ദേശിച്ചതെങ്കില്‍, അല്പം വിശദീകരിക്കുന്നത് നല്ലതാവുമെന്നു തോന്നുന്നു.

ഇതിന് പ്രായോഗികമായ വഴി ഒന്നേയുള്ളൂ; (മാധ്യമങ്ങള്‍ ചെയ്യേണ്ടത്) ആവശ്യത്തിന് ഫോട്ടോഗ്രാഫര്‍മാരെ നിയമിക്കുക. അവരെടുക്കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കുക. അതിനു കഴിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളുടെ ഉടമകളോട് അനുവാദം ചോദിച്ച്, സമ്മതമെങ്കില്‍ (പ്രതിഫലം വാങ്ങണമോ, വേണ്ടയോ, വാങ്ങണമെങ്കില്‍ എത്ര എന്നതൊക്കെ ഉടമയുടെ സ്വാതന്ത്ര്യം) മാത്രം എടുത്തുപയോഗിക്കുക. സ്വദേശീയരുടെയായാലും, വിദേശീയരുടെയായാലും അവരുടെ സൃഷ്ടിവൈഭവത്തെ മാനിക്കുക. ഇതൊന്നും ചെയ്യുവാന്‍ വയ്യെങ്കില്‍, ഈ പണി നിര്‍ത്തുക; പ്രസിദ്ധീകരണം നടത്തുക എന്നത് തങ്ങളെക്കൊണ്ട് പറ്റുന്ന പണിയല്ലെന്ന് സ്വയം മനസിലാക്കുക.

ചിത്രം കട്ടതും പോര, കട്ടത് സ്വന്തമാണെന്നും പറയുന്ന സംസ്കാരമാണ് ‘മാധ്യമം’ കാണിച്ചത്. ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്നവന്മാര്‍ക്കൊന്നും ഒരു ഉളുപ്പുമില്ലല്ലോ എന്നതാണ് അതിശയം!
--

chithrakaran ചിത്രകാരന്‍ said...

മനുഷ്യരുടെ പൊതു അറിവിലേക്ക് പ്രചരിക്കേണ്ട നന്മ നിറഞ്ഞ സംഭാവന എന്ന നിലയില്‍ മാത്രം നെറ്റില്‍ കണ്ടന്റുകളും,ചിത്രങ്ങളും,ഫോട്ടോകളും ഇടുന്നതല്ലേ നല്ലത്. രഹസ്യമാക്കിവക്കേണ്ടതോ,വില്‍പ്പനക്കുള്ള ചരക്കുകളോ പൊതുസ്ഥലത്ത് വലിച്ചെറിയാതിരിക്കാന്‍ അതിന്റെ ഉടമകള്‍ സ്വയം ശ്രദ്ധിക്കുന്നതായിരിക്കില്ലേ മാന്യത. അല്ലാതെ സായിപ്പിന്റെ വിശുദ്ധമായ കോപ്പിറൈറ്റ് നിയമങ്ങള്‍ ഇന്ത്യയിലും കോപ്പിചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ മാന്യന്മാരാകു എന്ന് നിര്‍ബന്ധം പിടിക്കെണ്ടതുണ്ടോ ?
വിലപിടിച്ച പടങ്ങളോ,ഫോട്ടോകളോ നെറ്റിലിടുന്നവര്‍ രെസലൂഷന്‍ കുറച്ച് ഇട്ടാല്‍ പോരെ ?
വല്ലവരും അത്യാവശ്യത്തിന്‍ നെറ്റില്‍ നിന്നും കിട്ടുന്ന വല്ല പടവുമെടുത്ത് ഉപയോഗിച്ചാല്‍ നശിച്ച കോപ്പിരൈറ്റ് നിയമവുമായി കോടതി കയറാന്‍ നിന്നാല്‍ കോടതിക്ക് പിന്നെ ഇവന്മാരുടെ കോപ്പിറൈറ്റ് ഖജനാവിനു കാവല്‍നില്‍ക്കാനല്ലേ സമയമുണ്ടാകു ? സ്വന്തം സൃഷ്ടികള്‍ സ്വയം സൂക്ഷിക്കുക. ആരെങ്കിലും മോഷ്ടിച്ച കണ്ടന്റിന്റെ സൃഷ്ടികര്‍ത്താവ് തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവ ഉപയോഗിച്ചാല്‍ മാത്രം തെളിവു സഹിതം വരുന്ന ഉടമസ്തന് നീതി നല്‍കിയാല്‍ മതിയാകുമെന്നാണ് ചിത്രകാരന്‍ വിശ്വസിക്കുന്ന മനുഷ്യത്വ നീതി.
അതല്ലാത്ത ... പണത്തിനു വേണ്ടിയുള്ള കുത്തക ഉടമകളുടെ കോപ്പി രൈറ്റ് നിയമങ്ങളോക്കെ തിരുത്തി എഴുതപ്പെടേണ്ട കരി നിയമങ്ങളാണെന്നും കരുതുന്നു... അതുപയോഗിച്ചൊന്നും ഇവിടെ പത്രങ്ങളെ സദാചാരം പഠിപ്പിക്കേണ്ടതില്ല.
ഇന്ത്യക്കാര്‍ അന്തസ്സായി കക്കാനെങ്കിലും പഠിക്കട്ടെ ഇഷ്ടന്മാരേ... അടിമകളും കോപ്പിരൈറ്റ് ചൂഷണത്തിനു വിധേയരുമായ ഇന്ത്യക്കാരന് ഒരു മോഷണഘട്ടത്തിലൂടെ കടന്നുപോയേ പറ്റു. അതില്‍ നാണക്കേടൊന്നും വിചാരിക്കേണ്ടതില്ല. അച്ഛന്‍ സായിപ്പാണെന്ന് വിശ്വസിക്കാത്തകാലത്തോളം.

Cibu C J (സിബു) said...

പകർപ്പവകാശലംഘനത്തിനു നിയമനടപടി സ്വീകരിക്കുന്നത്‌ പ്രായോഗികമല്ലാത്തത്‌ കട്ടവർക്കുമാത്രമാണ്‌. അവർക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയല്ലാതെ മറ്റൊരു ഞഞ്ഞാപിഞ്ഞാ പരിപാടികളും വിജയംകാണില്ലെന്നുതന്നെയാണ്‌ എന്റെ നിഗമനം. സംഗതി മോഷണമാണെന്നറിയാത്തവരല്ല ഇവരൊന്നും. പിടിക്കപ്പെടില്ലെന്നുറപ്പുള്ളതുകൊണ്ടാണ്‌ കടലാസുമാധ്യമങ്ങൾ ഇതിനൊരുമ്പെട്ടിറങ്ങുന്നത്‌. അതു പൊളിച്ചെഴുതണം.

freebird | bobinson said...

വളരെ വൈകിയ ഈ അവസരത്തിലെങ്കിലും ഇപ്പോഴെങ്കിലും നാം ഈ വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ച ആരംഭിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്‍.

1. ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ എനിക്കാവുന്നില്ല. പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല.


നമ്മുടെ പകര്പ്പവകാശ നിയമങ്ങള്‍ ശൈശവാവസ്ഥയില്‍ ആണെന്നത് ശരിതന്നെയാണ്‍. ഫോട്ടോകളുടെ കാര്യത്തില്‍ സാങ്കേതികമായ തടസങ്ങളും നിലവിലുണ്ടാകാം.
നിയമപരമായ നടപടി സ്വീകരിക്കുക തന്നെയാണ്‍ വേണ്ടത്.

>പ്രായോഗികമായ പരിഹാരം


പ്രായോഗികമായ പരിഹാരം, അല്ലെങ്കില്‍ ആദ്യം ചെയ്യേണ്ടത് മാധ്യമപ്രവര്‍ത്തകര്ക്ക് പകരപ്പവകാശനിയമങ്ങളെപ്പറ്റി അറിവുണ്ടാക്കിക്കോടുക്കുക എന്നതാണ്‍. പക്ഷെ പൂച്ചക്കാരു മണി കെട്ടും എന്നതാണ്‍ ചോദ്യം.


ഈയടുത്ത കാലത്ത് ഞാന്‍ ഇത്തരം ഒരു പകര്‍പ്പവകാശലംഘനത്തിന്‍ ഇരയാകുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ : കേരളകൌമുദിയുടെ ഓണക്കളവ്


ഈ വിഷയുമായി ബന്ധപ്പെട്ട എഴുത്തുകളില്‍ നിന്നും ഒരു ഭാഗം താഴെ ഉദ്ദരിക്കുന്നു:

"editorial staff used your photo as they were unaware that this a photograph which had copyright"


ചുരുക്കത്തില്‍ വിഷയത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്‍ ഇത്തരം സംഭവങ്ങള്‍ക്ക് നിദാനം.

(മുകളില്‍ സൂചിപ്പിച്ച പകര്‍പ്പവകാശ ലംഘനം രമ്യമായി പരിഹരിക്കപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ :

കേരളകൌമുദിയുടെ സഹകരണത്തിന്‍ നന്ദി


പക്ഷെ പരിഹരിക്കപ്പെടാത്ത ഒരു വലിയ നിരയിനും ബാക്കിയുണ്ട്. മലയാളിക്കൂട്ടം എന്ന ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ ഇതിനു വേണ്ടി ഒരു thread തന്നെ നടത്തേണ്ട അവസ്ഥയിലാണ്‍.

ഇതാ ഇവിടെ :

stealing from others for fame do we allow it?




ഇനി നിരയിലെ ഏറ്റവും പുതിയ സംഭവം ഇതാ ഇവിടെയുണ്ട്:

no comments !



http://freebird.in/images/blog/plagiarism/chintha_perumatti.jpg


ചിത്രം എടുത്തത് ഞാന്‍.

ഒറിജിനല്‍ ഇവിടെ:

perumatti



Hello World!



മനുഷ്യരുടെ പൊതു അറിവിലേക്ക് പ്രചരിക്കേണ്ട നന്മ നിറഞ്ഞ സംഭാവന എന്ന നിലയില്‍ creative commons license പ്രകാരം share ചെയ്തതായിരുന്നു.


>വിലപിടിച്ച പടങ്ങളോ,ഫോട്ടോകളോ നെറ്റിലിടുന്നവര്‍ രെസലൂഷന്‍ കുറച്ച് ഇട്ടാല്‍ പോരെ ?


അങ്ങിനെയായിരുന്നു.


rasterbator, geniune fractals തുടങ്ങിയവയുപയോഗിച്ച് എത്ര ചെറിയ ചിത്രവും print ചെയ്യാന്‍ പരുവത്തിലാക്കിയെടുക്കാം.




>അല്ലാതെ സായിപ്പിന്റെ വിശുദ്ധമായ കോപ്പിറൈറ്റ് നിയമങ്ങള്‍ ഇന്ത്യയിലും കോപ്പിചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ മാന്യന്മാരാകു എന്ന് നിര്‍ബന്ധം പിടിക്കെണ്ടതുണ്ടോ ?


ഉണ്ട് :) മോഷണം മോഷണം തന്നെയാണ്‍.


>പണത്തിനു വേണ്ടിയുള്ള കുത്തക ഉടമകളുടെ കോപ്പി രൈറ്റ് നിയമങ്ങളോക്കെ തിരുത്തി എഴുതപ്പെടേണ്ട കരി നിയമങ്ങളാണെന്നും കരുതുന്നു.


താങ്കളോട് പരിപൂരണമായി യോജിക്കുന്നു. അതു കൊണ്ട് എന്റെ എല്ലാ ചിത്രങ്ങളും creative commons license പ്രകാരം ഷെയര്‍ ചെയ്യപ്പെട്ടവയാണ്‍.






ഇവിടെ മനസിലാക്കേണ്ട വസ്തുത നിയമങ്ങളോ പകര്‍പ്പവകാശ ലംഘനമോ അല്ല, നെറ്റില്‍ നിന്നും അടിച്ചു മാറ്റിയാല്‍ ആരും കണ്ടെത്തില്ല എന്ന ധാരണയും ഇന്റര്‍ നെറ്റിലും ഗൂഗില്‍ image search - ലും കാണുന്നതെല്ലാം വെറുതെ അടിച്ചു മാറ്റാന്‍ പറ്റുന്നവയും ആണെന്ന തെറ്റിദ്ധാരണയാണ്‍ പ്രശ്നങ്ങള്‍ക്ക് യഥാര്‍ഥ കാ‍രണം. പണം ലാഭിക്കാമെന്നത് രണ്ടാമത്തെ കാരണം ആയിരിക്കാം. പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ അനുവാദം ചോദിച്ചാല്‍ ചിത്രങ്ങള്‍ നല്‍കാന് തയ്യാറായിരിക്കും - പല അവസരത്തിലും attribution - നു പകരം അവരൊന്നും ആവശ്യപ്പെടാറുമില്ല.









http://freebird.in

Unknown said...

comment tracking

Inji Pennu said...

1. മനുഷ്യരുടെ പൊതു അറിവിലേക്ക് പ്രചരിക്കേണ്ട നന്മ നിറഞ്ഞ സംഭാവന എന്ന നിലയില്‍ മാത്രം നെറ്റില്‍ കണ്ടന്റുകളും,ചിത്രങ്ങളും,ഫോട്ടോകളും ഇടുന്നതല്ലേ നല്ലത്.

അങ്ങിനെയാണ് എല്ലാ‍വരും ചെയ്യുന്നതും. അല്ലാതെ ഈ ഇന്റർനെറ്റിലെ കണ്ടന്റ് ഒക്കെ നമ്മൾ കാണുന്നതും വായിക്കുന്നതും അനുഭവിക്കുനതും ഫ്രീ തന്നെയാണല്ലോ?


2. അല്ലാതെ സായിപ്പിന്റെ വിശുദ്ധമായ കോപ്പിറൈറ്റ് നിയമങ്ങള്‍ ഇന്ത്യയിലും കോപ്പിചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ മാന്യന്മാരാകു എന്ന് നിര്‍ബന്ധം പിടിക്കെണ്ടതുണ്ടോ ?

സായിപ്പിന്റെ ആയതുകൊണ്ട് മാത്രം നിയമങ്ങൾ പാടില്ല എന്നുള്ളത് എവിടുത്തെ ന്യായമാണ്?

3. വിലപിടിച്ച പടങ്ങളോ,ഫോട്ടോകളോ നെറ്റിലിടുന്നവര്‍ രെസലൂഷന്‍ കുറച്ച് ഇട്ടാല്‍ പോരെ ?

കക്കുന്നവർ കക്കരുത് എന്നല്ലേ അതിനേക്കാളും നല്ല പോംവഴി.

4. വല്ലവരും അത്യാവശ്യത്തിന്‍ നെറ്റില്‍ നിന്നും കിട്ടുന്ന വല്ല പടവുമെടുത്ത് ഉപയോഗിച്ചാല്‍ നശിച്ച കോപ്പിരൈറ്റ് നിയമവുമായി കോടതി കയറാന്‍ നിന്നാല്‍ കോടതിക്ക് പിന്നെ ഇവന്മാരുടെ കോപ്പിറൈറ്റ് ഖജനാവിനു കാവല്‍നില്‍ക്കാനല്ലേ സമയമുണ്ടാകു ?

കക്കുന്നത് കൊച്ചു കുട്ടികൾ അല്ലല്ലോ‍. വമ്പൻ മാധ്യമസ്ഥാപനങ്ങൾ, പരസ്യം കൊണ്ട് കോടീശ്വരന്മാരാവുന്ന പത്ര ഉടമകൾ. ഇവർക്ക് ഒരു ഫോട്ടോ എടുക്കണമെങ്കിൽ കട്ട് തന്നെ എടുക്കണമെന്നുള്ളത് സാധാരണക്കാരനായ ഒരു മനുഷ്യനോട് ചെയ്യുന്ന അനീതയല്ലേ? അവിടെ ഏതു വകൂപ്പിലാണ് നീതി കാണുന്നത്? മനസ്സിലാവുന്നില്ലല്ലോ?

മരത്തലയന്‍ പട്ടേട്ടന്‍ said...

ഇന്റര്‍നെറ്റ് ഒരു ഒരു പൊതു ഇടമാണ്. അവിടെ പ്രദര്‍ശിപ്പിക്കുന്നത് പൊതുസ്വത്ത് ആണ്. അവിടെ ആര്‍ക്കും നിക്ഷേപിക്കാം,ആര്‍ക്കും എടുക്കാം. മോഷണം എന്ന ഒന്ന് ഇന്റര്‍നെറ്റില്‍ ഇല്ല,അവിടെ പങ്ക് വയ്ക്കലേയുള്ളൂ. സ്വകാര്യമായി സൂക്ഷിക്കേണ്ടവന്‍ സ്വന്തം സെര്‍വറില്‍ സൂക്ഷിച്ചാല്‍ പോരേ? എന്തിന് പബ്ലിക്കായി നെറ്റില്‍ പ്രദര്‍ശിപ്പിക്കണം? എന്ത് മാത്രം സൌജന്യമായ സേവനങ്ങളാണ് കാശ് കൊടുക്കാതെ നെറ്റില്‍ നിന്ന് ലഭിക്കുന്നത്?

അല്ലാ ഈ രാജ്‌നീട്ടിയത്ത് എന്ന മഹാന് ബ്ലോഗില്ലേ?

Sanand Karunakaran said...

See this

http://www.flickr.com/photos/sanandk/2266750691/

This picture was stolen by MAX /Manorama
as an advertisement for their weekly.That means they have gains from this.Making gains fom someone else work is not fair that is why it becomes stealing .
Do these agencies do any work actually?
What does it mean if they do not have a stock photo of a farmer or a theyyam when they are working in kerala?
Why the editors or publishers are not aware about the works they are publishing?

തറവാടി said...

Com.Tr

krish | കൃഷ് said...

Tracking.

freebird | bobinson said...

dear മാരീചന്‍,

There is a small correction here. Internet can have many different spaces. That is what I had mentioned in my original comment.

If a content is freely available - means you can access it without paying for it, it does not mean that it can be misused like what is done by our media. As I had mentioned this wrong idea about Internet is the root cause of all the "theft" incidents.


it is the duty of the of the person downloading the image or content to check the licensing terms under which a particular work is shared.

mostly people share their work under creative commons licensing and the licensing is clearly mentioned in services like flickr.


for example check:



perumatti



The licensing terms are mentioned under:

Some Rights are Reserved link.





To know more please check how to use another person’s creative work in Internet?"



thanks,
bobinson

freebird | bobinson said...

@Sanad

>Making gains fom someone else work is not fair that is why it becomes stealing .


true.

@inji pennu:

കക്കുന്നത് കൊച്ചു കുട്ടികൾ അല്ലല്ലോ‍. വമ്പൻ മാധ്യമസ്ഥാപനങ്ങൾ, പരസ്യം കൊണ്ട് കോടീശ്വരന്മാരാവുന്ന പത്ര ഉടമകൾ. ഇവർക്ക് ഒരു ഫോട്ടോ എടുക്കണമെങ്കിൽ കട്ട് തന്നെ എടുക്കണമെന്നുള്ളത് സാധാരണക്കാരനായ ഒരു മനുഷ്യനോട് ചെയ്യുന്ന അനീതയല്ലേ? അവിടെ ഏതു വകൂപ്പിലാണ് നീതി കാണുന്നത്? മനസ്സിലാവുന്നില്ലല്ലോ?



I agree with you.

And there is a much misunderstood term "free" here. Free is not always free of cost. Free stands for freedom also. The modern licensing terms are not preventing anyone from sharing or using the work, but it is enabling the mankind to share work, ideas and knowledge under certain terms and conditions.

സു | Su said...

എളുപ്പത്തിൽ കിട്ടുമെന്നും ആരും ഒന്നും ചോദിക്കാനും വിശദീകരണം ആവശ്യപ്പെടാനും പോകുന്നില്ലെന്നും കരുതി ഇന്റർനെറ്റിൽ ആരെങ്കിലുമൊക്കെ ഇട്ട ചിത്രങ്ങൾ യാതൊരു മര്യാദയുമില്ലാതെ എടുത്ത് സ്വന്തം പ്രസിദ്ധീകരണങ്ങളിൽ ഇട്ട് അതൊക്കെ മറ്റുള്ളവർക്കു മുന്നിലെത്തിക്കുന്ന പരിപാടി എത്രകാലം തുടരാൻ കഴിയും എന്ന് അറിയുകയുണ്ടാവില്ല. എന്തായാലും എപ്പോഴും ഇത് നടക്കുമെന്ന് ആരും കരുതേണ്ട. ഇന്ന് ഒന്നോ രണ്ടോ പേർ അറിയും, പ്രതികരിക്കും. നാളെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുകയേ ഉള്ളൂ.

BHASKAR said...

പ്രതികരണങ്ങള്‍ക്ക് നന്ദി. ഈ പ്രശ്നത്തില്‍ ഒരു പൊതുധാരണ സാദ്ധ്യമല്ലെന്ന് ഇവിടെ നടന്ന അഭിപ്രായപ്രകടനം വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ തീര്‍പ്പുകള്‍ എപ്പോഴും സാദ്ധ്യമാകില്ലല്ലൊ.

പകര്‍പ്പവകാശം സായിപ്പ് കണ്ടുപിടിച്ചതായതുകൊണ്ട് അത് മാനിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ചില സുഹൃത്തുക്കള്‍ സ്വീകരിക്കുന്നത്. പകര്‍പ്പവകാശ നിയമം നമ്മുടെ രാജ്യത്തുമുണ്ട്. നിയമത്തില്‍ മാറ്റം വരുത്താനൊ അത് റദ്ദുചെയ്യാന്‍ തന്നെയൊ ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഓരോ പൌരനുമുണ്ട്. അതേസമയം നിയമം നിലനില്‍ക്കുന്നിടത്തോളം കാലം അത് മാനിക്കാനുള്ള ബാദ്ധ്യതയും പൌരനുണ്ട്.

ഇന്റര്‍നെറ്റ് ഒരു സ്വതന്ത്ര മാദ്ധ്യമമായതുകൊണ്ട് അവിടെ പ്രത്യക്ഷപ്പെടുന്നതെല്ലാം പൊതു സ്വത്താണെന്ന വാദം ശരിയല്ല. അവിടെയും സ്വന്തം രചനകളുടെമേലുള്ള രചയിതാവിന്റെ അവകാശം നിലനില്ക്കുന്നതാണ്. അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആ വിവരം വ്യക്തമാക്കുന്നത് നല്ലതാണ്. അപ്പോള്‍ പകര്‍പ്പവകാശമുണ്ടെന്നറിയാതെയാണ് പടമൊ ലേഖനമൊ എടുത്തിട്ടതെന്ന് ഒരു പത്രത്തിന് പറയാനാവില്ലല്ലൊ.

നിയമനടപടി പ്രായോഗിക പരിഹാരമല്ലെന്ന് ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ചില സുഹൃത്തുക്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. നിയമനടപടി ചിലവേറിയ ഏര്‍പ്പാടാണ്. സാമ്പത്തികശേഷിയുള്ള എതിരാളിക്ക് നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. ഒടുവില്‍ കേസ് ജയിച്ചാല്‍തന്നെ ഫലത്തില്‍ പരാതിക്കാരന് അതൊരു പീഡനാനുഭവമാകും.

“ശക്തമായി ആഞ്ഞടിക്കുകയല്ലാതെ മറ്റൊരു ഞഞ്ഞാപിഞ്ഞാ പരിപാടികളും വിജയംകാണില്ലെ“ന്ന സിബു സി.ജെ.യുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. അനുവാദം ചോദിക്കാതെയും രചയിതാവിന് ക്രെഡിറ്റ് നല്‍കാതെയും എന്തെങ്കിലും എടുക്കുന്നത് മോഷണം തന്നെയാണ്. അതിനെതിരെ എങ്ങനെ ആഞ്ഞടിക്കാമെന്നാണ് നാം ആലോചിക്കേണ്ടത്. നമുക്ക് മോഷ്ടാവിനെ തുറന്നുകാണിക്കാം. ഇന്റര്‍നെറ്റിലൂടെ ഇത് എളുപ്പം ചെയ്യാമല്ലൊ. ഒരു മോഷ്ടാവും പബ്ലിസിറ്റി ഇഷ്ടപ്പെടില്ല.

freebird | bobinson said...

@B.R.P.Bhaskar

താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. എങ്ങനെ ആജ്ഞ്ഞടിക്കാം എന്നതിനെപ്പറ്റി ധാരണയിലെത്തണം എന്ന് മാത്രം.

Inji Pennu said...

1. ആദ്യം തന്നെ പ്രധാനപത്രാധിപർമാർ മാരീചനെപ്പോലെയുള്ള അവരുടെ പത്രപ്രവർത്തകരെ ബോധവാന്മാരാക്കുക. ഇന്റർനെറ്റിൽ ആളുകൾ ചിത്രങ്ങളും ലേഖനങ്ങളും ഇടുന്നത് നോളേജ് ഷേറിങ്ങ്, നോളേജ് സോഷ്യലിസം എന്ന മഹത്തായ കൺ‌സെപ്റ്റിനു വേണ്ടിയാണ്. അപ്പോൾ അനുവാദമില്ലാതെ അത് പത്രക്കാരെടുത്ത് അതിൽ നിന്നു പണമുണ്ടാക്കുന്നത് മുറ്റത്ത് നട്ട് വെക്കുന്ന വഴിയാത്രക്കാർക്കുള്ള തൺൽമരം രാത്രി മോഷ്ടിച്ച് ചന്തയിൽ കൊണ്ട് വിറ്റ് ലാഭം കൊയ്യുന്നതാണ്.

2. വക്കീൽ പ്രോഫിറ്റ് ഷേറിങ്ങ് എന്ന കൺ‌സെപ്റ്റ് നാട്ടിലുണ്ടോ എന്നറിയില്ല. അതായത് ഫ്രീ ആയിട്ട് വാദിക്കുക. ജയിക്കുമ്പോൾ കിട്ടുന്ന കോമ്പൻസേഷനിൽ 50% വക്കീലിനു. ഇങ്ങിനെ താൽപര്യമുള്ളവരെ കണ്ടെത്തുക.

3. ഇന്റർനെറ്റിൽ ഇടുന്നത് ഒന്നും എഴുതിവെച്ചില്ലെങ്കിലും അത് ഇടുന്ന ആളുടെ പ്രോപ്പർട്ടിയാണെന്ന് ആളുകളെ ബോധവാന്മാരാക്കുക. അതാണ് കൊപ്പിറൈറ്റ് നിയമം അനുശാസിക്കുന്നത്. നിയമങ്ങളെ വലിയ വലിയ സ്ഥാപനങ്ങൾ തന്നെ കാറ്റില്‍പ്പറത്തുന്നത് ഗുരുതരമായ വീഴ്ചയാണ്. സമൂഹത്തിന്റെ കണ്ണാടികളാവേണ്ട പത്രങ്ങൾ ഗുരുതരമായ നിയമലംഘനം ചെയ്യുന്നത് ഒട്ടും ആശ്വാസ്യമല്ല.

chithrakaran ചിത്രകാരന്‍ said...

വായുവിനും,വെള്ളത്തിനും,ഭൂമിക്കും,പ്രകൃതിക്കും,സൂര്യനുമെങ്കിലും നിങ്ങളുടെ കോപ്പി രൈറ്റ് നിയമങ്ങള്‍ ബാധകമല്ലെന്ന് ആശിക്കട്ടെ.
വലിയ കംബനികള്‍ക്കും, ചെറിയ കംബനികള്‍ക്കും, വ്യക്തികള്‍ക്കും ഒരുപോലെത്തന്നെ പ്രകൃതി ഒരു കോപ്പി ചാര്‍ജ്ജും വാങ്ങാതെ നല്‍കുന്ന ഒരു ദൃശ്യത്തിന്റെ ഫോട്ടോ കച്ചവട ഉദ്ദേശത്തിന്റെ പൂട്ടുകളില്ലാതെ നെറ്റില്‍ എറിഞ്ഞ് പ്രശസ്തിയും,അംഗീകാരവും കൊതിക്കുന്നവര്‍ ഡിമാന്റ് (പ്രശസ്തി)കൂടുംബോള്‍ തങ്ങളുടെ സ്വാര്‍ത്ഥസാദ്ധ്യതകളുടെ പൂച്ചസന്ന്യാസിയുടെ രൂപത്തില്‍ നിന്നും കൈനീട്ടി ദക്ഷിണ ചോദിക്കുന്നതുപോലെയാണ് ചിത്രകാരനു തോന്നുന്നത്.
സ്വാര്‍ത്ഥമായ കച്ചവട മോഹങ്ങള്‍ കച്ചവടമോഹമായി തന്നെ തുറന്നു പറഞ്ഞൂടേ ? അതിനെ ചിത്രകാരനും അനുകൂലിക്കും.
അല്ലാതെ മാനുഷികമായ നിയമത്തിനുവേണ്ടിയല്ല നിങ്ങള്‍ വേദമോതുന്നത് കൂട്ടരെ !!! നിങ്ങള്‍ക്കുവേണ്ടിമാത്രമാണ്. അതൊരു വിലപേശലിന്റെ ഉയരത്തിലേ വളര്‍ന്നിട്ടുമുള്ളു. ഒരു ട്രേഡ് യൂണിയന്‍ അവകാശത്തിനുവേണ്ടിയുള്ള വേദമോത്ത് മഹനീയമാകുന്നില്ല. കച്ചവടം കച്ചവടം മാത്രമാണ്. കച്ചവടത്തിന്റെ നിയമം പ്രാദേശികമോ വര്‍ഗ്ഗീയമോ ആയ കച്ചവടത്തിന്റെ മാത്രം നിയമവും !!!
മക്കളു ശ്രമിക്ക് കെട്ടോ. കുടുംബം പട്ടിണിയായിപ്പോകരുതല്ലോ. :)

freebird | bobinson said...

dear ചിത്രകാരന്‍chithrakaran,

Please read the following from my original comment:

"പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ അനുവാദം ചോദിച്ചാല്‍ ചിത്രങ്ങള്‍ നല്‍കാന് തയ്യാറായിരിക്കും - പല അവസരത്തിലും attribution - നു പകരം അവരൊന്നും ആവശ്യപ്പെടാറുമില്ല."


Asking for permission is very important because the creator of an art work will not like his work to be used along with an article or an advertisement which he is not agreeing to.


Being said that its no crime to ask for a fare share of the money the publishing houses make by selling our works. Go to stock photography sites and check for a good quality photograph. The pricing will start at a minimum 100$. Now consider the money a photographer spending on his equipment. He spends lakhs on his equipment, travel and often risks his life to come up with a photograph which a petty thief steals !

And you are saying that people must keep all their gold in open so that thieves can steal it. See look at the people who responded supporting this article. They were subjected to plagiarism at least once and they know how much it hurts. Its not the money factor dear friend. You feel like your kid is stolen and abused.

സു | Su said...

ഒരു വസ്തുവിന്റെ മൂല്യമെന്നാൽ, അല്പം തുട്ടുകളുടെ കിലുക്കമാണെന്ന് വിചാരിച്ചുകൊണ്ടുനടക്കുന്ന അല്പന്മാരേയും ദരിദ്രവാസികളേയും കൂടെക്കൂടെ കാണിച്ചുതരുന്ന ബൂലോകമേ നിനക്കു നന്ദി.

നാണമില്ലാതെ, മറ്റുള്ളവരുടെ ചിത്രങ്ങളും, എഴുത്തുകളും അടിച്ചുമാറ്റി, സ്വന്തം പ്രസിദ്ധീകരണം നടത്തുന്നവർ സമൂഹനന്മയ്ക്കായിരിക്കും ഇതൊക്കെ ചെയ്യുന്നത്. ;)

സ്വന്തമായിട്ടെന്തെങ്കിലും ഉള്ളവർക്ക്, അവരുടെ അദ്ധ്വാനത്തിന്റെ മൂല്യമെന്താണെന്നറിയാം. വീട്ടുമതിലിലേക്ക് മൂത്രമൊഴിക്കുന്ന പട്ടിക്കറിയേണ്ട കാര്യമില്ലല്ലോ മതിൽ നിർമ്മിക്കാൻ എത്ര അദ്ധ്വാനം വേണ്ടിവന്നിരിക്കുമെന്ന്.;)

chithrakaran ചിത്രകാരന്‍ said...

ചരക്കുകളുടെ വില ചരക്കുകള്‍ നിര്‍ണ്ണയിക്കുന്ന കമ്പോളത്തിന്റെ കാലമാണിത്. റേറ്റ് എത്ര കൂടിയാലും കുറഞ്ഞാലും ചിത്രകാരനു താല്‍പ്പര്യമില്ല.ഇടപാടുകാരുമായി ഒത്തുതീര്‍പ്പിലെത്തേണ്ടത് വില്‍പ്പനക്കാരുടെ മാത്രം പ്രശ്നം. ചിത്രകാരന് അതിനു പുറത്തെ മാനുഷിക വാശത്തില്‍ മാത്രമേ താല്‍പ്പര്യമുള്ളു.

freebird | bobinson said...

To know what is free knowledge sharing as mentioned by many here Please check the following links. That will give you an idea of what is meant by free knowledge sharing and piracy / plagiarism.


Once again, free does not mean, free of cost. It means freedom - freedom to copy, distribute and alter as per certain terms.

A Guide To Open Content Licences

Lawrence Liang - Piracy and Production


Copyright v. The Right to Copy

thank you all.

കെ said...

വായനക്കാരോട് ഒരു വാക്ക്.......

മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

മാരീചന്‍ said...

വായനക്കാരോട് ഒരു വാക്ക്.......

മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

Unknown said...

രണ്ട് മാരീചന്മാര്‍ക്ക് രണ്ട് കമന്റുകളോ ? ഇതേത് മാരീചന്‍?

കെ said...

കലാനിധേ,
അതും ഈ മാരീചന്‍ തന്നെ.. അത് ബ്ലോഗാണ്, പ്രൊഫൈലല്ലെന്നും അവിടുന്നിനെ അറിയിക്കുന്നു... മന്മഥം എന്ന ബ്ലോഗ് പ്രൊഫൈലില്‍ കിടക്കുന്നതു കാരണമാണ് ഒളിയമ്പുകള്‍ അഗ്രഗേറ്ററുകളില്‍ വരാത്തതെന്ന് "ആരാധകന്മാര്‍" ചൂണ്ടിക്കാട്ടിയപ്പോള്‍ ഒഴിവാക്കിയതാണ്..

ആ ബ്ലോഗും എന്റേതു തന്നെ...


എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

പപ്പൂസ് said...

ഈ ബ്ലോഗിലെഴുതുന്നവര്‍ക്കും പത്രത്തിലെഴുതുന്നവര്‍ക്കുമെല്ലാം തരക്കേടില്ലാത്ത ഹോള്‍ഡ് ഉള്ളതല്ലേ.

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടക്കുന്ന ബ്ലോഗര്‍മാരെയും പത്രക്കാരെയുമൊക്കെ ഒന്നു പറഞ്ഞു ചൂടാക്കുക, പറ്റിയാല്‍ ഒരു പത്രസമ്മേളനം കൂടെ സംഘടിപ്പിക്കണം. പത്രക്കാര്‍ക്കു പുറമെ, വിവരങ്ങളുടെ നിയമവശം തെളിച്ചു പറയാന്‍ രണ്ടു വക്കീലന്മാരും വന്നോട്ടെ. എന്നിട്ട്, കഴിയുമെങ്കില്‍ 'പീഡിക്കപ്പെട്ടവന്‍/ള്‍' തന്നെ നേരിട്ടു വന്ന് സംഭവങ്ങളുടെ വിശദാംശങ്ങള്‍ സത്യസന്ധമായി വിളിച്ചു പറയണം.

ആരെങ്കിലും കേസ് കൊടുക്കുന്നെങ്കില്‍ കുറച്ച് മാദ്ധ്യമ ഹോള്‍ഡ്സ് ഒക്കെ ഉപയോഗിച്ച് അതിനെപ്പറ്റി രണ്ടുമൂന്ന് ഫോളൊ അപ്പ് സ്റ്റോറീസ് റെഡിയാക്കണം.

ഇന്‍ഡ്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (http://www.ins.org.in/), Press Trust of India തുടങ്ങിയ സംഘടനകളിലും ഏജന്‍സികളിലും ഒക്കെയുള്ള മുറ്റ് പാര്‍ട്ടീസിനെ ഉള്ള ഹോള്‍ഡ് വച്ച് സ്വാധീനിച്ചേച്ച്, ഒരു പത്തുനാല്പത് കമ്പ്ലെയിന്‍റ്സ് അങ്ങോട്ടയച്ചു കൊടുക്കണം. കോപ്പിയടിവീരന്മാര്‍ക്കുള്ള ന്യൂസ് പ്രിന്‍റ് പേപ്പറിന്‍റെ സപ്ലൈ തന്നെ കഴിയുമെങ്കില്‍ നിര്‍ത്താന്‍ പറഞ്ഞേക്കണം. (ഒവ്വ, നടക്കും ;-)

കേസു പോയാല്‍ മാത്രം ഇതൊന്നും നാലാളറിഞ്ഞോണമെന്നില്ല. നാലാളെ അറിയിച്ചാലല്ലേ നമ്മക്കും ഒരു പബ്ലിക്കുറ്റിയൊക്കെയാവൂ. ;-)

ഒക്കെക്കഴിഞ്ഞ്, നേരത്തെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമേട്ടാ'ന്നു പാടിയ അദ്ദേഹത്തെ വിളിച്ച്, അമ്മാവോ, ഇതൊക്കെ ഞാന്‍ തന്നെയാ ചെയ്തത്, ഇനീം ചെയ്യും, പ്രായമിത്രയായിട്ടും നാണമില്ലേ അമ്മാവോ കോപ്പിയടിക്കാന്‍, ഛെ ഛേ എന്നൊക്കെ ചുമ്മാ ഇടക്കിടെ ഡയലോഗും കാച്ചണം. പുള്ളി വല്ല ക്ലബ്ബീന്നും വെള്ളമടിക്കുമ്പോ സമാനമനസ്കരോട് സംഗതി പങ്കു വച്ചാല്‍, അതും ഒരു പ്രയോജനമാണല്ലോ.

Unknown said...

ഇത് ഏത് മാരീചന്‍?

Unni said...
This comment has been removed by the author.
Unni said...

ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശം പ്രതീക്ഷിക്കുന്നത് ശരിയല്ല. ഒന്നും ആര്‍ക്കും നല്‍കാന്‍ തയ്യാറല്ലാത്ത സങ്കുചിതമനോഭാവമാണത്.

Inji Pennu said...

ബ്ലോഗര്‍ ഐഡി യൂണിക്ക് ആക്കാന്‍ പറ്റാത്തത് വലിയ ഒരു പാരയാണ്. പലരും അത് മിസ്‌യൂസ് ചെയ്യുകയാണ്. കഷ്ടം. ബ്ലോഗര്‍ പ്രൊഫൈലില്‍ പിക്‌ചര്‍ ഉണ്ടെങ്കില്‍ അത് കമന്റ് ബോക്സില്‍ ഡിസ്‌പ്ലേ ചെയ്യാണെങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമാവും. അതും മിസ്യൂസ് ചെയ്യാം. പക്ഷെ അപ്പോള്‍ പ്രൊഫൈല്‍ പടം മിസ് യൂസ് ചെയ്തുവെന്ന്‍ പറഞ്ഞ് ഗൂഗിളിനെഴുതാം. എന്റെ ബ്ലോഗിലെ പ്രൊഫൈല്‍ പടം വരെ എടുത്ത് എനിക്ക് അക്കൌണ്ടില്ലാത്ത ഫേസ് ബുക്കില്‍ അക്കൌണ്ട് ഉണ്ടാക്കികളഞ്ഞു വിരുത്മാര്‍. അത് പക്ഷെ ഫേസ് ബുക്കിനു എഴുതിയപ്പോള്‍ അവര്‍ എടുത്ത് കളഞ്ഞു.
അതേ ഇപ്പൊ മാര്‍ഗ്ഗമുള്ളൂ.

ഈ മാരീചനാണ് ആ മാരീചനെന്ന് തെറ്റിദ്ധരിച്ചതിനു റിയലി സോറി.

----------------

‘മാരീചന്’ എന്ന പേരില്‍ ആദ്യം കമന്റിട്ട ആള്‍ക്ക്: താങ്കളുടെ തന്നെ പേരുള്ള മറ്റൊരു എസ്റ്റാബ്ലിഷ്ഡ് ബ്ലോഗര്‍ നേം ഉണ്ട്. ഒന്നില്ലെങ്കില്‍ പേരു അല്പം മാറ്റുവാനോ അല്ലെങ്കില്‍ ഒരു പ്രൊഫൈല്‍ പടമിടുവാനോ ശ്രദ്ധിക്കുമല്ലോ? അങ്ങിനെയെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആവില്ല. നന്ദി.

Haree said...

ബധിരകര്‍ണ്ണങ്ങളില്‍ പെരുമ്പറ മുഴക്കുന്നതു പോലെയാകുമെങ്കിലും, പറയുവാനുള്ളത് ഞാനൊരു പോസ്റ്റാക്കി...

മാരീചന്റെ കമന്റ് വായിച്ചപ്പോള്‍, 20-20 റിവ്യൂവെഴുതിയ മാരീചനെയാണ് ഓര്‍ത്തത് കേട്ടോ... അതിലൊക്കെ യുക്തി തേടിയയാള്‍ ഇവിടെയെന്തേ, ആ യുക്തിയുടെ നിഴല്‍ പോലുമില്ലാതെ കമന്റിട്ടതെന്ന് ഓര്‍ക്കുകയും ചെയ്തു... സോ ഇങ്ങിനെയായിരുന്നു കാര്യങ്ങളുടെ ഇരുപ്പുവശം! ഏതായാലും ഇങ്ങിനെയൊരു നോട്ടീസിട്ടത് നന്നായി...
--

Haree said...

ലിങ്ക് മറന്നു: ഇതാ ഇവിടെ.
--

chithrakaran ചിത്രകാരന്‍ said...

മാരീചന്‍ എന്ന നിലവിലുള്ള ബ്ലോഗറുടെ പേരില്‍ മറ്റൊരു ബ്ലോഗറും ബ്ലോഗുതുടങ്ങി കമന്റെഴുതാന്‍ തുടങ്ങിയത് തെറ്റിദ്ധാരണക്കു വകനല്‍കുന്നുണ്ട്.
പുതിയ ബ്ലോഗറായതുകൊണ്ടുള്ള പരിചയക്കുറവിനാല്‍
സംഭവിച്ചതായിരിക്കാം ഒരേ പ്രോഫൈല്‍ നൈം ഉപയോഗിക്കാനിടവന്നതെന്നു കരുതുന്നു.
പുതിയ മാരിചന്‍ അതിനാല്‍ പേരില്‍ കുറച്ചെങ്കിലും
മാറ്റം വരുത്തണമെന്നും തെറ്റിദ്ധാരണ അകറ്റാന്‍ സസ്നേഹം ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പുതിയ മാരിചനെ അറിയുന്ന ബ്ലോഗേര്‍ഴ്സ് ദയവായി
ഈ പ്രശ്നം അയാളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും
അഭ്യര്‍ത്ഥിക്കുന്നു.
(ഈ പ്രശ്നം വ്യക്തി വൈരാഖ്യം മൂലമുള്ള ആശയപ്രതിസന്ധിയുടെ അവസാന ഇനമായ കൊഞ്ഞനം കുത്തലല്ലെന്ന് ആശിക്കട്ടെ.)ഈ വിഷയത്തില്‍ ഇടപെടാന്‍ ചിത്രകാരന്‍ ബ്ലോഗിന്റെ ആരുമല്ല.എന്നാലും സാമൂഹ്യബോധത്തിന്റെ പേരില്‍ ഒരു പൊതുകടമ നിര്‍വ്വഹിക്കുന്ന സാധാരണ ഒരു ബ്ലോഗര്‍ മാത്രമാണ്.
സസ്നേഹം :)

കെ said...

ചിത്രകാരാ, ഇഞ്ചീ........
ഇതൊക്കെ ഒരു തമാശയല്ലേ....

നിക്ഷേപങ്ങളില്‍ നിന്നുളള സിപിഎം വരുമാനം എന്ന ബിആര്‍പിയുടെ മറ്റൊരു പോസ്റ്റിലും ഈ പേരില്‍ കമന്റുണ്ട്. അതിനു തൊട്ടു മുന്നിലുളള കമന്റും വായിച്ചു നോക്കിയാല്‍ സംഗതികളുടെ കിടപ്പു വശം ഒട്ടൊക്കെ പിടി കിട്ടും.

മാരീചകോലങ്ങള്‍ എന്നൊരു ബ്ലോഗും അന്ന് ശ്രദ്ധയില്‍ പെട്ടതാണ്. അത് ഇപ്പോള്‍ ഡിലീറ്റ് ചെയ്തതായി കാണുന്നു.......

സര്‍വം മായ..... ജഗതിയും ഇന്നസെന്റും മിഥ്യയെന്നാണല്ലോ പ്രമാണം......

അനില്‍@ബ്ലോഗ് // anil said...

മാരീചാ,
ഒരു ഓഫ്ഫ്:
ഗുപ്തന്‍

ഗുപ്തന്‍ ഡ്യൂപ്പ്

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എനിക്കു തോന്നുന്നു. രണ്ടും ഒരേ ആള്‍ തന്നെയാണെന്ന്. പരസ്പര വൈരുദ്ധ്യങ്ങളായ രണ്ടു കമന്റുകള്‍ ഇടാമല്ലോ! ഒരു ഊള കുറ്റാന്വേഷണകഥയുടെ അവസാനം പോലെ. ചുമ്മാ പറഞ്ഞതാണേ മാരീചാ, ഒന്നാമനോടും രണ്ടാമനോടും. ചിലപ്പോള്‍ രണ്ടും ചേന്ന ഒന്നിനോടും.I was just kidding

പിന്നെ ശരിക്കുള്ള പോസ്റ്റിങ്ങില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം. നമ്മുറ്റെ ആരുടെയെങ്കിലും ഒരു ബ്ലോഗ് എടുത്ത് നാളെ ആരേലും നമ്മളറിയാതെ പുസ്തകമാക്കി ഇറക്കി വിറ്റാല്‍ നമ്മള്‍ സമ്മതിക്കുമോ? എന്റേതു പോലെ ആരും കൈവക്കാന്‍ മടിക്കുന്ന ബ്ലോഗ്ഗുകളുടെ കാര്യമല്ല പറഞ്ഞത്. സാമാന്യം നല്ല ബ്ലോഗ്ഗുകളുടെ. പിന്നെ അതുപോലെയാണ് ചിത്രങ്ങളുടേയും കാര്യം. ആരുടെ സാധനമായാലും ഒന്നു ചോദിച്സിട്ടു എറ്റുക്കുന്നതല്ലെ ഒരു മാന്യത. ഇന്റെര്‍നെറ്റിലായാലും ജീവിതത്തിലായാലും. ചോദിക്കാതെ എടുക്കണമെങ്കില്‍ അതു നമ്മുടെ അമ്മായിയപ്പന്‍ സ്ത്രീധനം തന്നതാകണം. അതും ഭാര്യയോടു ചോദിച്ചിട്ടേ ചിലപ്പോള്‍ എടുക്കാന്‍ പറ്റൂ.

sajith said...

ഈ ചര്‍ച്ച ആകെ വഴി തെറ്റിപ്പോയല്ലോ... ഭാസ്ക്രര്‍ സാറിനെപ്പോലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ചയ്ക്കു കൊണ്ടുവന്നു. ചര്‍ച്ച വഴി തെറ്റി ഇപ്പോള്‍ മാരിചന്‍ ആയി താരം. കഷ്ടം!

രാജ് നീട്ടിയത്ത് പറഞ്ഞതിനോടു നൂറു ശതമാനവും യോജിക്കുന്നു. പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനം മാത്രം അല്ല ഇവിടെ പ്രശ്നം എന്നും കരുതുന്നു. പത്രസ്താപനങ്ങളുടെ ബഹുമാന്യതയും വിശ്വാസ്യതയും കൂടെ അല്ലേ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്?

ഈ വിഷയം ചര്‍ച്ചയ്ക്കു കൊണ്ടു വന്നതിനു നന്ദി. പ്രായോഗികമായ പരിഹാരങ്ങള്‍ ആണോ എന്നു ഉറപ്പീല്ലേങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കട്ടെ:

1. പത്രപ്രവര്‍ത്തകര്‍ക്കുള്ള പാഠ്യപദ്ധതികളിലും തുടര്‍പഠനത്തിലും പകര്‍പ്പവകാശ നിയമങ്ങള്‍ ഉള്‍പ്പെടുമോ എന്നു ഉറപ്പില്ല... വേണ്ടതു തന്നെ ആണെന്നു കരുതുന്നു. International practices and treaties, public domain, creative commons licenses എല്ലാം ഇതില്‍ വേണ്ടതാണ്.

2. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു താങ്കള്‍ക്ക് ഈ വിഷയം സഹപ്രവര്‍ത്തകരുടെ ഇടയില്‍ ചര്‍ച്ചയ്ക്കു കൊണ്ടു വരാന്‍ കഴിയും.

3. പലപ്പോഴും ഇന്റര്‍നെട്റ്റില്‍ നിന്നും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ചിത്രം എടുത്ത ആളുടെ അനുവാദവും ശരിയായ attribution-ഉം മാത്രം മതി. ചിലപ്പോള്‍ അനുവാദം പോലും വേണ്ട... attribution മാത്രം മതി.

Re. "പൊതു ഇടം"... I'm in violent disagreement. Internet is no more a public space than the public library. You do not plagiarise from books just because they are out there in the public space.

Thanks again for bringing this up. I'm sure the progressive thinking journalists of Kerala can lead the country in positive change.

jinsbond007 said...

ചിത്രങ്ങളുടെയും മറ്റു സൃഷ്ടികളുടെയും കാര്യത്തില്‍ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട്(ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന സൃഷ്ടികള്‍ പലപ്പോഴും സാമ്പത്തികനേട്ടത്തിനുപയോഗിക്കുന്നതിനേ വിലക്കുണ്ടാവൂ) ഉപയോഗിക്കുന്നതിനെതിരെ ശക്തമായി രംഗത്തു വരേണ്ടതു തന്നെയാണ്. കടപ്പാട് എന്നൊരു വാക്കുകൂടെ ചേര്‍ക്കുന്നതുകൊണ്ട് പലപ്പോഴും ഈ പ്രശ്നം ഒഴിവാകാറുമുണ്ട്. അതുപോലെ, പലര്‍ക്കും തങ്ങളുടെ സൃഷ്ടികളുടെ ഡെറിവേറ്റീവുകളും ഇതുപോലെ നോണ്‍ കമേഴ്സ്യല്‍ കാര്യങ്ങള്‍ക്ക് പബ്ലിക്കായി ലഭ്യമാവണം എന്നൊരു ചിന്തകൂടിയുണ്ടാവും കോപ്പിറൈറ്റിനു ശഠിക്കുമ്പോള്‍. അതിനു പകരം, ചരക്കിന്റെ വില നിശ്ചയിക്കാനുള്ള ത്വരയാണ് കോപ്പിറൈറ്റ് നോട്ടീസ് വയ്ക്കുന്നവര്‍ക്കെന്നു പറയുന്നത് അസംബന്ധമാണ്.

സന്തോഷ്. said...
This comment has been removed by the author.
സന്തോഷ്. said...
This comment has been removed by the author.
സന്തോഷ്. said...

ഹരിയ്ക്കും ബോബിയ്ക്കും മറ്റു പലര്‍ക്കും പിറകേ ദാ ഞാനും..എനിക്കും പതിവു പരാതി തന്നെ..
എന്താ ചെയ്ക..? ഒരു കുഞ്ഞു മോഷണം

മുള്ളൂക്കാരന്‍ said...

എന്റെ ഒരു പടം മാതൃഭൂമി അടിച്ചു മാറ്റിയ വിവരം ഇവിടെ > https://plus.google.com/115119554946690374199/posts/7pmpSqf7fEk