Monday, April 26, 2010

അൽമായർക്കെതിരെ സഭയ്‌ക്കൊപ്പം നിൽക്കുന്ന മാധ്യമ സിൻഡിക്കേറ്റ്

സി.പി.എം സിൻഡിക്കേറ്റ് പത്രമായി കണ്ടെത്തിയിട്ടുള്ള മലയാള മനോരമ, മാതൃഭൂമി എന്നിവയുടെയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെയും താല്പര്യങ്ങൾ ഒന്നിക്കുന്നു. ഇടഞ്ഞു നിൽക്കുന്ന വിശ്വാസികൾക്കെതിരെ സഭാ അധികാരികളുടെ ഭാഗത്താണ് മൂന്ന് ചങ്ങല പത്രങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്.

അഞ്ചു നൂറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം അവകാശപ്പെടുന്ന പള്ളിയാണ് കൊല്ലം ജില്ലയിലെ പുല്ലിച്ചിറയിലുള്ള ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ചർച്ച്. നിർമ്മിച്ചത് 1572ൽ. 1627ൽ റോമൻ കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിചു. ഏകദേശം 900 കുടുംബങ്ങളിൽ‌പെട്ട 3,500ലധികം അംഗങ്ങളാണ് ഇടവകയിലുള്ളത്. 2005ൽ ഇടവക വികാരിയായി ചുമതലയേറ്റ റവ. ലാസർ വലിയ പണച്ചെലവുള്ള ചില നിർമ്മാണ പദ്ധതികൾ മുന്നോട്ടു വെച്ചപ്പോൾ സഭാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അവർ കൊല്ലം ബിഷപ്പ് റൈറ്റ് റവ. സ്റ്റാൻലി റോമന് പരാതി നൽകി. അദ്ദേഹം അത് അവഗണിച്ചു. തുടർന്ന് അമ്പതോളം ഇടവകാംഗങ്ങൾ യോഗം ചേർന്ന് പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. പാതിരിയെ പിന്തുണയ്ക്കുന്ന ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഉത്തരവിട്ടു. ആ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സൊസൈറ്റി ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എപ്പിസ്‌കോപ്പൽ വികാരി റവ. പോൾ മുല്ലശ്ശേരി കാനൻ ചട്ടങ്ങളനുസരിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കണമെങ്കിൽ സൊസൈറ്റിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയും വിവരം ബിഷപ്പിനെ അറിയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാർക്ക് നോട്ടീസ് നൽകി. സൊസൈറ്റി കഴിഞ്ഞ നവംബർ 18ന് ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർജിക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തീരദേശ മേഖലാ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളി അധികൃതർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

ഇതിനിടെ എപ്പിസ്‌കോപ്പൽ വികാരി ഒന്നും രണ്ടും ഹർജിക്കാരായ സെലസ്റ്റിൻ ദിസ്മസ്, എസ്. അഗസ്റ്റിൻ എന്നിവർക്കും സൊസൈറ്റി സെക്രട്ടറിക്കും പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടും മറ്റ് ഹർജിക്കാരെയും ദാസൻ ലാസർ എന്നയാളെയും ശാസിച്ചുകൊണ്ടും നോട്ടീസ് നൽകി. ഈ നടപടി സദുദ്ദേശപരമല്ലെന്നും കാനൺ ചട്ടങ്ങൾക്കും ക്രിസ്തുമതത്തിന്റെ അന്ത:സത്തക്കും നിരക്കുന്നതല്ലെന്നും ബിഷപ്പ് അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരത്തിലുള്ള ശിക്ഷാനടപടിയെടുക്കാൻ എപ്പിസ്‌കോപ്പൽ വികാരിക്ക് അധികാരമില്ലെന്നും കാണിച്ച് ഹർജിക്കാർ കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ബിഷപ്പ് സ്റ്റാൻലി റോമൻ, എപ്പിസ്‌കോപ്പൽ വികാരി പോൾ ആന്റണി മുല്ലശ്ശേരി, ഇടവക വികാരി ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷം രണ്ടാം എതിർകക്ഷിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിൽ നിന്ന് മൂവരെയും താൽക്കാലികമായി വിലക്കിക്കൊണ്ട് പ്രിൻസിപ്പൽ മുൻസിഫ് കെ. കമനീഷ് മാർച്ച് 29ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൊസൈറ്റി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂദാശ നിഷേധികാനുള്ള സഭാധികൃതരുടെ നീക്കം അങ്ങനെ തടയപ്പെട്ടു. മലയാള മനൊരമയും മാതൃഭൂമിയും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാർത്ത തമസ്കരിച്ചു.

കോടതി ഉത്തരവിന്റെ പകർപ്പുമായി പത്രപ്രതിനിധികളെ സമീപിച്ച അഡ്വ. ബോറിസ് പോൾ തന്റെ അനുഭവം വിവരിക്കുന്നു:

മലയാള മനോരമയുടെ കൊല്ലം യൂണിറ്റ് മേധാവി വാർത്ത പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കടലാസുകൾ അപ്പോൽ തന്നെ മടക്കി നൽകി.

മാതൃഭൂമിയും ദേശാഭിമാനിയും വാർത്താക്കുറിപ്പും വിധിപ്പകർപ്പും വാങ്ങി. പക്ഷെ വാർത്ത പ്രസിദ്ധീകരിച്ചില്ല.

കേരള കൌമുദി, ജനയുഗം എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചു.

അഡ്വ. ബോറിസ് പോൾ പറയുന്നു: “സുപ്രധാനമായ ഒരു കോടതി ഉത്തരവ് സംബന്ധിച്ച വാർത്ത പ്രധാന മാധ്യമങ്ങളിൽ തമസ്കരിക്കാൻ കൊല്ലം ബിഷപ്പിന്റെ ദു:സ്വാധീനത്തിന് സാധിച്ചു!“

മനോരമയുടെ കൊല്ലം യൂണിറ്റിൽ തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് കത്തയച്ചു. കോടതി ഉത്തരവിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പ്രതികരണവുമുണ്ടായില്ല.

വാർത്താക്കുറിപ്പ് കൈപ്പറ്റിയ ദേശാഭിമാനി റിപ്പോർട്ടറുമായി അടുത്ത ദിവസം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് പ്രസിദ്ധീകരിക്കാനാവില്ലെന്ന് പറഞ്ഞു.

നേരത്തെ ഇടവക സംരക്ഷണ സമിതി ചിന്നക്കടയിൽ നടത്തിയ പ്രകടനം സംബന്ധിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വ. ബോറിസ് പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചിരുന്നു. പാർട്ടിയുടെ വെബ്‌സൈറ്റിലുള്ള ഇ-മെയിൽ അഡ്രസുകളിലും പരാതി അയച്ചു. അവയ്ക്കും പ്രതികരണമുണ്ടായില്ല.

10 comments:

ജനശക്തി said...

മാതൃഭൂമിയും, മനോരമയും മംഗളവുമൊക്കെ തമസ്കരിച്ചതും വളച്ചൊടിച്ചതുമായ അനവധി വാര്‍ത്തകള്‍ക്ക് നേരെ മിഴികള്‍ തുറക്കാതിരുന്ന ബി.ആരി.പിയുടെ കണ്ണുകള്‍ ഈ സംഭവത്തിലെങ്കിലും തുറന്നല്ലോ. നന്നായി. ആ കൂട്ടിക്കെട്ടലിനു ഒരു പ്രത്യേക സലാം.

BHASKAR said...
This comment has been removed by the author.
BHASKAR said...

തമസ്കരണം നിത്യേന നടക്കുന്ന കാര്യമാണ്. ഓരോ മാധ്യമവും അതിന്റെ താല്പര്യമനുസരിച്ച് ഏതിനെ തമസ്കരിക്കണമെന്ന് തീരുമാനിക്കുന്നു. സാധാരണഗതിയില്‍ മനോരമയും മനോരമ ന്യൂസും തമസകരിക്കുന്നത് ദേശാഭിമാനിയിലൂടെയും കൈരളി ചാനലിലൂടെയും അറിയാനാകും. ഞാൻ ഈ തമസ്കരണം പരാമര്‍ശിക്കാനുള്ള കാരണം ജനശക്തിക്ക് മനസിലായില്ലെങ്കില്‍ വ്യക്തമാക്കാം. അത് മനോരമയുടെയും ദേശാഭിമാനിയുടെയും താല്പര്യം ഒന്നിച്ചെന്നതാണ്

ഷൈജൻ കാക്കര said...

കുറച്ച്‌ വിശ്വസികളുടെ ഒപ്പം നിന്ന്‌ എന്തിനാ സഭയെന്ന വലിയ വോട്ട്ബാങ്കിനെ പ്രകോപിപ്പിക്കുന്നത്‌!

ജനശക്തി said...

മാധ്യമങ്ങള്‍ തമസ്കരിക്കും എന്ന് സമ്മതിച്ചതിനു നന്ദി. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളില്‍ (ദേശാഭിമാനിയില്‍ വന്നോ ഇല്ലയോ എന്ന് അറിയില്ല.) കൂട്ടിക്കെട്ടി ഒന്നാണെന്നോ, താല്പര്യം ഒന്നാണെന്നോ പറയുന്ന താങ്കള്‍ മാധ്യമങ്ങളുടെ പ്രധാന തമസ്കരണങ്ങള്‍ക്കെതിരെ കൂടി പ്രതികരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. മതമില്ലാത്ത ജീവനും, രണ്ടാം വിമോചന സമരാഹ്വാനവും(അല്‍മായര്‍ തള്ളി എന്നത് വേറെ കാര്യം) ഒക്കെ ഈ നാട്ടില്‍ തന്നെ നടന്നതാണല്ലോ അല്ലേ?

BORIS PAUL said...

ദേശാഭിമാനിയില്‍ വാര്‍ത്ത തമസ്കരിച്ചത് ഒറ്റപെട്ട സംഭവം എന്ന് പറയുന്നത് തെറ്റാണ്. കൊല്ലം ബിഷോപിനും ഇടവക വികാരിക്കും എതിരെ പരസ്യമായി കൊല്ലം പട്ടണത്തില്‍ നടത്തിയ ധര്‍ന്നയുടെ വാര്‍ത്ത താമസ്കരിച്ചപ്പോള്‍ പത്രാധിപര്‍ക്കും പാര്‍ട്ടി മേധാവികള്‍ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. മറുപടി പോലും ലഭിച്ചില്ല! ഇപ്പോള്‍ സുപ്രധാനമായ ഒരു കോടതി വിധിയുടെ വാര്‍ത്ത തമാസ്കരിചിരിക്കുന്നു. ഇത് മനപൂര്‍വം തന്നെ. ദേശാഭിമാനിക്ക് എന്ത് ന്യായം പറയാന്‍ കഴിയും? നേര് നേരത്തെ അറിയിക്കും എന്ന് വീമ്പു പറയുന്നത് ആത്മാര്തതയില്ലതെയല്ലേ? പത്രധര്‍മം എന്നൊന്ന് ഉണ്ടെന്നു ജനശക്തി ഓര്‍ക്കണം!

ജനശക്തി said...

പത്രധര്‍മ്മം എന്നൊന്ന് ഉണ്ട് എന്നു തന്നെയാണ് ഇത്രയും കാലമായി പറയുന്നതും. പത്രധര്‍മ്മത്തിനെതിരായ സംഭവങ്ങള്‍ ദിനേനയെന്നോണം മാധ്യമങ്ങളില്‍ കണ്ടിട്ടും പ്രതികരിക്കാതിരുന്നവര്‍ ഈ സംഭവത്തില്‍ കൂട്ടിക്കെട്ടി ധാര്‍മ്മികരോഷം കൊള്ളുന്നതു കണ്ടപ്പോള്‍ പ്രതികരിച്ചു എന്നേയുള്ളൂ. മുന്‍ കമന്റില്‍ ചില മുന്‍ ഉദാഹരണങ്ങളും പറഞ്ഞിട്ടുണ്ട്.

BORIS PAUL said...

ദേശാഭിമാനിയും മാധ്യമ സിന്ടികേട്ടും കൂട്ടി കെട്ടപ്പെട്ടത്‌ എന്തുകൊണ്ടെന്ന് ചിന്തിക്കുക. അതിനെക്കുറിച്ച് ജനശക്തി പ്രതികരിക്കുന്നില്ല. ദേശാഭിമാനി വാര്‍ത്ത തമസ്കരിച്ചത് മനപ്പൂര്‍വം! ബി ആര്‍ പി ഭാസ്കര്‍ എല്ലാത്തിനെയും കുറിച്ച് പ്രതികരിക്കണം എന്ന വാശി ജനശക്തിയുടെ കമെന്റില്‍ കാണുന്നു. ജനശക്തിക്കു ഇത് ബാധകമല്ലേ?

ജനശക്തി said...

മതമില്ലാത്ത ജീവനെതിരായ സമരവും രണ്ടാം വിമോചനസമരാഹ്വാനവും ഒക്കെ നടക്കുന്ന കാലത്താണു സാര്‍ നാം ജീവിച്ചിരിക്കുന്നത്. അപ്പോള്‍ ഈ കൂട്ടിക്കെട്ടൊന്നും അത്ര നിഷ്കളങ്കമല്ല എന്നു പറയാന്‍ എം.എ വരെ പഠിക്കേണ്ട കാര്യമൊന്നുമില്ല. ബി.ആര്‍.പി എല്ലാത്തിനോടും പ്രതികരിക്കണം എന്നൊന്നുമില്ല. പ്രതികരണം ഇതുപോലെ അപഭ്രംശങ്ങള്‍ എന്നു വിളിക്കാവുന്ന സംഭവങ്ങളില്‍ മാത്രമാവുമ്പോള്‍, അത് സ്ഥിരമായി ഒരു പക്ഷത്തിനെതിരാവുമ്പോള്‍ ബി.ആര്‍.പിക്കും പക്ഷപാതമുണ്ടെന്നും നിഷ്പക്ഷനല്ലെന്നും പറയേണ്ടി വരും. അതേ പറഞ്ഞുള്ളൂ.

satishsuryanarayanan said...

No doubt, BRP is always taking sides. Just go through the article 'The tale of two scams' and the comments on it. I am not a communist. Nor am I a sympathiser of the CPM. But I think BRP seems to be somewhat blind in his criticism against LDF particularly CPM.