Wednesday, January 28, 2009

'എന്തിനാണ് ഞങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത്? '

ജനുവരി 27ന് പറവൂരിൽ എൻ.എഛ്.17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൽ അവിടെ ഉയർന്നു കേട്ട ചോദ്യം ഇതാണ്: എന്തിനാണ് ഞങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കുന്നത്?

ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളുടെ താല്പര്യം സം‌രക്ഷിക്കാൻ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകൾ ചേർന്ന് ഉണ്ടാക്കിയതാണ് ഈ സമരസമിതി.

അവരെ സമരപാതയിൽ കൊണ്ടെത്തിച്ച സാഹചര്യം ഇതാണ്. കേന്ദ്ര സർക്കാർ 1972ൽ കൊച്ചി ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പനവേൽ വരെ നീളുന്ന എൻ.എഛ്.17 വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രണ്ടു മൂന്ന് പതിറ്റാണ്ടുകാലം ഒന്നും നടന്നില്ല. പിന്നീട് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ മുപ്പത് മീറ്റർ വീതിയിൽ നാലുവരി പാത നിർമ്മിക്കാൻ ആയിരക്കണക്കിന് ഗ്രാമീണരുടെ സ്ഥലം ഏറ്റെടുത്തു. നാടിന്റെ വികസനത്തിനായി അവർ തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ഏതാനും കൊല്ലം മുമ്പ് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായെങ്കിലും റോഡ് പണി തുടങ്ങിയില്ല.

ഇപ്പോൾ സർക്കാർ പുതിയ പദ്ധതി ഉണ്ടാക്കിയിരിക്കുന്നു. മുപ്പത് മീറ്റർ വീതിയിലുള്ള പാതയ്ക്ക് പകരം 45 മീറ്റർ വീതിയിൽ ബി.ഓ.ടി. അടിസ്ഥാനത്തിലുള്ള റോഡ് എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് സ്ഥലം വിട്ടൂകൊടുത്തശേഷം പുതിയ വീടുകൾ വെച്ചവർ വീണ്ടും ഒഴിഞ്ഞുകൊടുക്കണം. അത് സാധ്യമല്ലെന്ന് അവർ പറയുന്നു. നാലു വരി പാത ഉണ്ടാക്കാൻ മുപ്പത് മീറ്റർ മതിയെന്ന് അവർ വിദഗ്ദ്ധാഭിപ്രായം നിരത്തി വാദിക്കുന്നു. ടോൾ ഈടാക്കുമെന്നതുകൊണ്ട് ബി.ഓ.ടി. പരിപാടിയും അവർക്ക് സ്വീകാര്യമല്ല.

സമരസമിതിയുടെ ചെയർമാൻ ഹാഷിം ചേന്ദമ്പിള്ളി ആണ്. ഫോൺ 9495559055

സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, ടി. കെ. സുധീർ കുമാർ, എൻ.എം.പിയേഴ്സൺ, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ അടങ്ങുന്ന ഉപദേശകസമിതിയുമുണ്ട്.

3 comments:

Manikandan said...

കേരളത്തിലൂടെ കടന്നുപോവുന്ന ദേശീയപാതകളിൽ ഏറെ അവഗണിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് എൻ എച്ച് 17. പറവൂരിൽ നിന്നും കൊടുങ്ങല്ലൂർ വരേയും തുടർന്ന് കുന്ദംകുളം മുതൽ കുറ്റിപ്പുറം വരേയും ഈ ദേശീയപാതയിലൂടെയുള്ള യാത്ര തികച്ചും ദുർഘടം തന്നെ. പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ ഇടുങ്ങിയ റോഡും വളവുകളും തിരിവുകളും എല്ലാം യാത്ര ക്ലേശപൂർണ്ണമാക്കുമ്പോൾ, കുന്ദംകുളം മുതൽ കുറ്റിപ്പുറം വരെ റോഡുപണി നിറുത്തിവെച്ചതിനാൽ നിലവിൽ റോഡ് ഇല്ലാത്ത അവസ്ഥയാണ് പല ഭാഗത്തും. കേരളത്തിന്റെ വടക്കൻ ജില്ലകളിലേയ്ക്ക് ചരക്കുകൾ എത്തിക്കുന്നതിലും, യാത്രയ്ക്കും പ്രധാനമായും ഈ പാത തന്നെയാണ് ആശ്രയം. എന്നാൽ പുതിയ വികസനപ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റേടുത്ത് നൽകിയില്ലെന്ന കാരണത്താൽ ഈ റോഡിന്റെ പണി ഇപ്പോൾ നിറുത്തിവെച്ചിരിക്കുകയാണ്. എൻ എച്ച് കടന്നു പോവുന്നത് ചാവക്കാടുനിന്നും പൊന്നാനി വഴി കുറ്റപ്പുറത്തേയ്ക്കാണെങ്കിലും തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന മിക്കവാറും എല്ലാ ബസ്സുകളും, ചരക്കുവാഹനങ്ങളും കുന്ദംകുളം എടപ്പാൾ വഴിയാണ് കുറ്റിപ്പുറത്ത് എത്തുന്നത്. ഈ സ്ഥലം ഏറ്റേടുക്കുന്നതിൽ ഉണ്ടായ അപാകതകൾ ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിതം അനിശ്ചിതത്വത്തിലാക്കിയിരിക്കുമ്പോൾ മറുഭാഗത്ത് ഒരു വിഭാഗത്തിന്റെ യാത്ര ദുഃസ്സഹമാക്കുന്നു. ഈ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു.

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

എറണാകുളം എന്‍.എച്ച്. 17ന് ഇനിയും ശാപ മോക്ഷമില്ല!