Showing posts with label NH 17. Show all posts
Showing posts with label NH 17. Show all posts

Wednesday, January 28, 2009

'എന്തിനാണ് ഞങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നത്? '

ജനുവരി 27ന് പറവൂരിൽ എൻ.എഛ്.17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൽ അവിടെ ഉയർന്നു കേട്ട ചോദ്യം ഇതാണ്: എന്തിനാണ് ഞങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കുന്നത്?

ദേശീയപാതയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളുടെ താല്പര്യം സം‌രക്ഷിക്കാൻ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകൾ ചേർന്ന് ഉണ്ടാക്കിയതാണ് ഈ സമരസമിതി.

അവരെ സമരപാതയിൽ കൊണ്ടെത്തിച്ച സാഹചര്യം ഇതാണ്. കേന്ദ്ര സർക്കാർ 1972ൽ കൊച്ചി ഇടപ്പള്ളി മുതൽ മഹാരാഷ്ട്രയിലെ പനവേൽ വരെ നീളുന്ന എൻ.എഛ്.17 വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. രണ്ടു മൂന്ന് പതിറ്റാണ്ടുകാലം ഒന്നും നടന്നില്ല. പിന്നീട് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ മുപ്പത് മീറ്റർ വീതിയിൽ നാലുവരി പാത നിർമ്മിക്കാൻ ആയിരക്കണക്കിന് ഗ്രാമീണരുടെ സ്ഥലം ഏറ്റെടുത്തു. നാടിന്റെ വികസനത്തിനായി അവർ തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ഏതാനും കൊല്ലം മുമ്പ് സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായെങ്കിലും റോഡ് പണി തുടങ്ങിയില്ല.

ഇപ്പോൾ സർക്കാർ പുതിയ പദ്ധതി ഉണ്ടാക്കിയിരിക്കുന്നു. മുപ്പത് മീറ്റർ വീതിയിലുള്ള പാതയ്ക്ക് പകരം 45 മീറ്റർ വീതിയിൽ ബി.ഓ.ടി. അടിസ്ഥാനത്തിലുള്ള റോഡ് എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് സ്ഥലം വിട്ടൂകൊടുത്തശേഷം പുതിയ വീടുകൾ വെച്ചവർ വീണ്ടും ഒഴിഞ്ഞുകൊടുക്കണം. അത് സാധ്യമല്ലെന്ന് അവർ പറയുന്നു. നാലു വരി പാത ഉണ്ടാക്കാൻ മുപ്പത് മീറ്റർ മതിയെന്ന് അവർ വിദഗ്ദ്ധാഭിപ്രായം നിരത്തി വാദിക്കുന്നു. ടോൾ ഈടാക്കുമെന്നതുകൊണ്ട് ബി.ഓ.ടി. പരിപാടിയും അവർക്ക് സ്വീകാര്യമല്ല.

സമരസമിതിയുടെ ചെയർമാൻ ഹാഷിം ചേന്ദമ്പിള്ളി ആണ്. ഫോൺ 9495559055

സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, ടി. കെ. സുധീർ കുമാർ, എൻ.എം.പിയേഴ്സൺ, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ അടങ്ങുന്ന ഉപദേശകസമിതിയുമുണ്ട്.