Thursday, January 8, 2009

ബുക്ക് റിപബ്ലിക്ക്: ബ്ലോഗർമാരുടെ സംരഭം

ഇന്റർനെറ്റ് വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന-വിതരണ സംരംഭമാണ് "ബുക്ക് റിപ്പബ്ലിക്ക്".

അച്ചടിമലയാളത്തിലേയ്ക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പിലാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. അച്ചടിച്ചിലവുകൾ, വിതരണം തുടങ്ങി എഴുത്തുകാരന് നിലവിൽ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളെ ലഘൂകരിക്കുംവിധമാണ് ബുക്ക് റിപ്പബ്ലിക് എന്ന ആശയം രൂപീകരിച്ചിരിക്കുന്നത്. സംരംഭത്തിനാവശ്യമായ മൂലധനം അംഗങ്ങളിൽ നിന്ന് ചെറിയ തുകകളായാണ് സമാഹരിക്കപ്പെടുന്നത്.

വിതരണം പ്രധാനമായും അംഗങ്ങൾ വഴിയാണ് നടക്കുന്നത്. ഇതിനുപരിയായി പരമ്പരാഗത വിതരണ സമ്പ്രദായങ്ങൾ, ഓൺലൈൻ ബുക്കിംഗ് എന്നീ മാർഗങ്ങളും അവലംബിക്കുന്നു. സൃഷ്ടിയുടെ തിരഞ്ഞെടുപ്പ്, അച്ചടിയ്ക്കുന്നതിനു മുന്നെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ, അച്ചടി, പ്രകാശനം, പരസ്യ-വിതരണ ദൌത്യം എന്നിങ്ങനെ ഒരു പുസ്തകം പുറത്തിറങ്ങുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ജനാധിപത്യ മര്യാദകളനുസരിച്ച് ഉത്തരവാദിത്വങ്ങൾ സ്വയമേറ്റെടുക്കുന്ന ഒരു വായനാക്കൂട്ടമായി ബുക്ക് റിപ്പബ്ലിക്കിന്റെ വിശേഷിപ്പിക്കാം.

മേൽപ്പറഞ്ഞ ആശയങ്ങളിന്മേലുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായപ്രകാരം ബുക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യപുസ്തകമായി ടി പി വിനോദിന്റെ (ലാപുട എന്ന പേരില് ബ്ലോഗെഴുതുന്നു) 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ' എന്ന പേരിൽ അറുപതോളം കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കുകയാണ്. ഇതിനായുള്ള കവർ, ലേ-ഔട്ട് പണികൾ അണിയറയിൽ പുരോഗമിക്കുന്നു. പുതുവർഷാരംഭത്തോടെ പുസ്തകം ലഭ്യമാകുന്നതായിരിക്കും. പുസ്തകം വായനക്കാർക്കു പരിചയപ്പെടുത്തുന്നതിനും, ബുക്കിംഗ് നടത്തുന്നതിനുമായി http://lapudabook.com/ എന്ന ഒരു സൈറ്റ് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ സ്വദേശിയും തെക്കൻ കൊറിയയിൽ രസതന്ത്ര ഗവേഷണ വിദ്യാർത്ഥിയുമായ വിനോദിന്റെ ആദ്യകവിതാ സമാഹാരമാണ് 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ'.

വിനോദിന്റെ രചനകൾ ആനുകാലികങ്ങളിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം വിനോദിന്റെ ശൈലിയുടെ മുഖമുദ്രയാണ്. ഓർമ്മയ്ക്കും ചരിത്രത്തിനുമിടയിൽ കുതറുന്ന അവസ്ഥയിൽ സ്ഥലകാലങ്ങളെ സൂചിപ്പിക്കുന്ന വിധം വാക്കുകളുടെ പളുങ്കുകൾ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ സൃഷ്ടികൾ നടത്തുന്ന കവി കാലിക രാഷ്ട്രീയത്തിന്റെ പ്രതലത്തിലാണ് വായനക്കാരനെ നയിക്കുന്നത്. മുനകൂർപ്പിച്ച വാക്കുകളും വരികളുമാണ് വിനോദിന്റേത്. ചുരുക്കം വാക്കുകൾ കൊണ്ട് വായനക്കാരന്റെ മനസ്സിൽ വലിയ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരനാണ് വിനോദ്. മലയാളം ബ്ലോഗിൽ വിനോദിന്റെ കവിതകൾ പലപ്പൊഴും നിരൂപകശ്രദ്ധയാകര്ഷിച്ചിട്ടുണ്ട്.

വിനോദിന്റെ തിരഞ്ഞെടുത്ത കവിതകൾ http://lapudabook.com/ എന്ന വിലാസത്തിൽ വായിക്കാം."

1 comment:

Unknown said...

reading will change into new directions .every time it give us more ideas, energy and freedom of thinking.that is the satisfaction of reading.