Tuesday, January 13, 2009

പത്രാധിപരെ മർദ്ദിച്ച പൊലീസുദ്യോഗസ്ഥർക്ക് രണ്ട് പതിറ്റാണ്ടിനുശേഷം ശിക്ഷ

ഏതാണ്ട് 21 കൊല്ലം മുമ്പ് കണ്ണൂരിലെ സുദിനം സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ മണിയേരി മാധവനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് പി. ഡി. സോമന്‍ ഇന്നലെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ.ജി. പ്രേംശങ്കറിനും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആറു മാസം വെറും തടവ് ശിക്ഷ വിധിച്ചത്.

അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ഇപ്പോഴും പറയാനാവില്ല. കാരണം നീതിന്യായ ശ്രേണിയുടെ കീഴ്തട്ടിലുള്ള കോടതിയുടെ വിധി മാത്രമാണിത്. ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെ പോകാനുള്ള അവസരം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കുണ്ട്. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ മജിസ്ട്രേട്ട് തന്നെ ശിക്ഷ നിര്‍ത്തിവെച്ചിട്ടുണ്ട്.

താഴ്ന്ന തലത്തിലുള്ള തീരുമാനത്തിനുള്ള നീണ്ട കാത്തിരിക്കുന്നതിനിടയില്‍ പരാതിക്കാരനായ മണിയേരി മാധവന്‍ മരിച്ചു. പ്രേംശങ്കറാകട്ടെ ജില്ലാ പൊലീസ് പദവിയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് അഡിഷണല്‍ ഡി.ജി.പി. ആയി. അന്വേഷണവും വിചാരണയും നേരിടുന്ന അദ്ദേഹത്തിനു സ്ഥാനക്കയറ്റം കൊടുക്കുന്നതില്‍ ഭരണാധികാരികള്‍ ഒരപാകതയും കണ്ടില്ല. അഡിഷണല്‍ ഡി.ജി.പിയെന്ന നിലയില്‍ അവര്‍ അദ്ദേഹത്തിന് നല്‍കിയത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതല!
അതിക്രമം കാട്ടുന്ന പൊലിസുദ്യോഗസ്ഥന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് എത്രമാത്രം ശ്രമകരമാണെന്ന് ഈ കേസിന്റെ ചരിത്രം തെളിയിക്കുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 1988 ഫെബ്രുവരി 12നാണ്. സി.ബി.ഐ. തയ്യാറാക്കിയ കുറ്റപത്രപ്രകാരം പൊലീസിനെതിരെ സുദിനം പത്രം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ ക്ഷുഭിതനാ‍യ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രേംശങ്കര്‍ പത്രാധിപര്‍ മാധവനെതിരെ നടപടിയെടുക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. വയനാട്ടില്‍ ഒരു ആദിവാസി യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് പത്രം അച്ചടിച്ച റിപ്പോര്‍ട്ടില്‍ ആ സ്ത്രീയുടെ പേരു പറഞ്ഞിരുന്നു. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമവും പൌരാവകാശ നിയമവും അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊലീസുദ്യോഗസ്ഥര്‍ നിരക്ഷരയായ ആദിവാസി സ്ത്രീയെക്കൊണ്ട് വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി കൊടുപ്പിച്ചു. തുടര്‍ന്ന് വയനാട് പൊലീസ് പരാതി കണ്ണൂര്‍ പൊലീസിനു കൈമാറി. കണ്ണൂര്‍ പൊലീസ് പത്രാധിപരെയും റിപ്പോര്‍ട്ടറെയും അറസ്റ്റുചെയ്തു. പത്രപ്രവര്‍ത്തകരും മറ്റ് സുഹൃത്തുക്കളും ജാമ്യത്തിനു സമീപിച്ചെങ്കിലും പൊലീസ് അവരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചില്ല. പൊലീസ് പത്രമാപ്പീസ് റെയ്ഡ് ചെയ്യുകയും നാശനഷ്ടം വരുത്തുകയും ചെയ്തു.

അടുത്ത ദിവസം വെളുപ്പിന് നാലര മണിയ്ക്കാണ് പൊലീസ് മാധവനെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടിലും ഉടുപ്പിലും ചോര ഉണ്ടായിരുന്നു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു. പരാതി രേഖപ്പെടുത്തിയെങ്കിലും മജിസ്ട്രേട്ട് ഒരു നടപടിയും എടുത്തില്ല.
ജാമ്യം ലഭിച്ച മാധവന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പ്രേംശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ചികിത്സിച്ച ഡോക്ടര്‍ മൊഴി നല്‍കുകയുണ്ടായി.

തനിക്കും പത്രത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മണിയേരി മാധവന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരന്റെ പരാതി വടക്കന്‍ മേഖലാ ഡി.ഐ.ജി. അന്വേഷിക്കാന്‍ കോടതി 1989 ഏപ്രില്‍ 8ന് ഉത്തരവിട്ടു.

ഈ തീരുമാനത്തില്‍ അതൃപ്തനായ മാധവന്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ആ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ 1989 ഡിസംബര്‍ 22ന് നല്‍കിയ ഉത്തരവില്‍ പരാതി അന്വേഷിക്കുന്ന ചുമതല വടക്കന്‍ മേഖലാ ഡി.ഐ.ജി.യില്‍ നിന്ന് മദ്ധ്യ മേഖലാ ഡി.ഐ.ജി.യിലേക്ക് മാറ്റി.

സംസ്ഥാന പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് കണ്ട സുപ്രീം കോടതി 1993ല്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് അന്വേഷണം സി.ബി.ഐ.യെ ഏല്‍‌പ്പിച്ചു. പിന്നെയും 15 കൊല്ലം കഴിഞ്ഞാണ് കീഴ്‌കോടതി വിചാരണ പൂര്‍ത്തിയാക്കി ഇന്നലെ ശിക്ഷ വിധിച്ചത്.

സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജയരാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി.കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് പ്രേംശങ്കറിനോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. പ്രതിചേര്‍ക്കപ്പെട്ടിരുന്ന മറ്റ് എട്ട് പോലീസുകാരെ കോടതി വെറുതെവിട്ടു.

No comments: