Saturday, June 19, 2010

ആരുടെ അവകാശം?

ബി.ആർ.പി.ഭാസ്കർ
കേരളകൌമുദി

വിവരാവകാശ കമ്മിഷനും കേരള നിയമസഭയും തമ്മിലുള്ള തർക്കത്തിൽ അടങ്ങിയിരിക്കുന്നത് ജനങ്ങളുടെ അവകാശവും ജനപ്രതിനിധികളുടെ അവകാശവും തമ്മിലുള്ള സംഘട്ടനമാണ്. ഭരണഘടന പാർലമെന്റിനും നിയമസഭകൾക്കും നൽകുന്ന പ്രത്യേകാവകാശങ്ങളും വിവരാവകാശ നിയമം ജനങ്ങൾക്കു നൽകുന്ന അവകാശവും വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യപ്പെട്ടവയാണ്. രണ്ടിന്റെയും സ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയാൽ അവ തമ്മിലുള്ള സംഘട്ടനം എളുപ്പത്തിൽ ഒഴിവാക്കാനാകും.

നിയമനിർമ്മാണ സഭകൾ അവയുടെയും അംഗങ്ങളുടെയും പ്രത്യേകാവകാശങ്ങൾ നിയമപ്രകാരം നിർവചിക്കുന്ന സാഹചര്യം ഭരണഘടന വിഭാവന ചെയ്യുന്നുണ്ട്. നിയമനിർമ്മാണം നടത്തുന്നതുവരെ അവയ്ക്ക് ബ്രിട്ടനിലെ കോമൺസ് സഭയ്ക്ക് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തുണ്ടായിരുന്ന അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുമെന്നാണ് ആദ്യം ഭരണഘടനയിൽ രേഖപ്പെടുത്തിയിരുന്നത. ഒരു സ്വതന്ത്ര രാജ്യത്തിന്റെ ഭരണഘടന മറ്റൊരു രാജ്യത്തെ നിയമസഭയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ അധികാരങ്ങൾ അവകാശപ്പെടുന്നതിന്റെ അനൌചിത്യം തിരിച്ചറിഞ്ഞ്, കോമൺസിനെക്കുറിച്ചുള്ള പരാമർശം പിന്നീട് ഒഴിവാക്കിയെങ്കിലും അടിസ്ഥ്നപരമായി സ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ല. പാർലമെന്റിന്റെയൊ സംസ്ഥാന നിയമസഭകളുടെയൊ അധികാരവും അവകാശവും സംബന്ധിച്ച പ്രശ്നങ്ങളുയരുമ്പോൾ ബ്രിട്ടനിലെ സഭയുടെ പാരമ്പര്യങ്ങൾ ആധികാരികമായി സംഗ്രഹിച്ചിട്ടുള്ള ‘മേയ്സ് പാർലമെന്ററി പ്രാക്റ്റീസ്’ എന്ന ഗ്രന്ഥത്തെയാണ് നാം ആശ്രയിക്കുക.

ഫ്യൂഡൽ കാലത്ത് നിലവിൽ വന്ന കോമൺസ് സഭ എല്ലാ അധികാരങ്ങളും കയ്യടക്കി വെച്ചിരുന്ന രാജാവിനും പ്രഭു സഭയ്ക്കുമെതിരെ.നീണ്ടകാലം പോരാടിയാണ് അതിന്റെ അധികാരങ്ങളും പ്രത്യേകാവകാശങ്ങളും നേടിയത്. പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിലെ രാജാക്കന്മാർ തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞ എം.പി. ജയിലടച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ സഭ ഒരു രാജാവിനെ രാജ്യദ്രോഹത്തിന് വധിക്കുകയുണ്ടായി. കോമൺസിന്റെ ജയം ജനങ്ങളുടെ ജയമായിരുന്നു. അതിലൂടെ രാജാവും പ്രഭുക്കളും കയ്യടക്കിവെച്ചിരുന്ന അധികാരം ജനപ്രതിനിധികളിലേക്ക് കൈമാറപ്പെടുകയായിരുന്നു. ഈ ചരിത്രം ഓർമ്മിക്കുമ്പോൾ പ്രത്യേകാവകാശങ്ങൾ ജനപ്രതിനിധികളെ ജനങ്ങളിൽനിന്ന് രക്ഷിക്കാനുള്ളതല്ല, മറ്റ് അധികാരകേന്ദ്രങ്ങളിൽ നിന്ന് രക്ഷിക്കാനുള്ളതാണ് എന്ന് വ്യക്തമാകും.

മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, വിവരാവകാശം തുടങ്ങിയവ ‘അവകാശങ്ങളുടെ പുതിയ തലമുറ’യിൽ പെടുന്നു. ഈ അവകാശങ്ങൾ ഉറപ്പാക്കാൻ രാജ്യങ്ങൾ പ്രത്യേക നിയമങ്ങളുണ്ടാക്കാൻ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണ്. കൊളോണിയൽ-ഫ്യൂഡൽ കാലത്ത് രൂപപ്പെട്ടതും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും മാറ്റം കൂടാതെ നിലനിൽക്കുന്നതുമായ ഔദ്യോഗിക സംവിധാനങ്ങൾ അവയുമായി പൊരുത്തപ്പെട്ടിട്ടില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവകാശ കമ്മിഷനുകൾ രൂപീകരിച്ചെങ്കിലും ഭരണാധികാരികൾ സങ്കുചിത രാഷ്ട്രീയ താല്പര്യം മുൻ‌നിർത്തി അവയെ ദുർബലമായി നിലനിർത്താൻ ശ്രദ്ധിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചതിന്റെ ഫലമായി സംസ്ഥാനത്തെ പല അവകാശ കമ്മിഷനുകളുടെയും പ്രവർത്തനം മന്ദീഭവിച്ചിട്ടുണ്ട്. അതിനൊത്ത് ജനങ്ങൾക്ക് അവയിലുള്ള വിശ്വാസവും കുറയുന്നുമുണ്ട്. കമ്മിഷനുകളുടെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണം കുറഞ്ഞുവരുന്നത് ഇതിന് തെളിവാണ്. വിവരാവകാശ നിയമം ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും സന്നദ്ധ സംഘടനകളും സാധാരണജനങ്ങളും ഇത്ര കാലവും അപ്രാപ്യമായിരുന്ന വിവരങ്ങൾ ഇപ്പോൾ ശേഖരിക്കുന്നുണ്ട്. ചില അധികാരകേന്ദ്രങ്ങൾ ഇത്തരം സുതാര്യതയെ ശല്യമായാണ് കാണുന്നത്. അതുകൊണ്ടാണ് സുപ്രീം കോടതി ഉൾപ്പെടെ പല സ്ഥാപനങ്ങളും വിവരാവകാശ കമ്മിഷന്റെ അധികാരപരിധി പരിമിതപ്പെടുത്താനൊ അതിൽ നിന്ന് പൂർണ്ണമായി പുറത്തു കടക്കാനൊ ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾ വിജയിച്ചാൽ ആ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും നഷ്ടപ്പെടും. ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണഘടനാ സ്ഥാപനമായ നിയമസഭ അതിന് അതിനു കൂട്ടുനിൽക്കരുത്. ജനപ്രതിനിധികൾ അതിന് കാരണക്കാരാകരുത്.

പാർലമെന്റൊ നിയമസഭകളൊ പ്രത്യേകാവകാശങ്ങൾ സംബന്ധിച്ച് നിയമങ്ങൾ പാസാക്കിയിട്ടില്ലാത്തതുകൊണ്ട് അവയുടെ വ്യാപ്തി സംബന്ധിച്ച് അവ്യക്തതയുണ്ട്. പത്രങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ സഭകൾ പല‌പ്പോഴും വാൾ വീശിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള അവ്യക്തത നീക്കാനായി ഭരണഘടന വിഭാവന ചെയ്യുന്ന തരത്തിലുള്ള നിയമനിർമ്മാണത്തിന് അവ തയ്യാറാകണമെന്ന ആവശ്യം പത്രപ്രവർത്തകരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. അതിനോട് യോജിക്കാത്ത ആളാണ് ഈ ലേഖകൻ. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാകയാൽ പ്രത്യേകാവകാശം എന്താണെന്ന് അന്തിമമായി നിശ്ചയിക്കാനുള്ള അവകാശം അതിനാകും. ഭരണഘടനാ ഭേദഗതി, ജഡ്ജിമാരുടെ നിയമനം എന്നിങ്ങനെ പല കാര്യങ്ങളും വ്യാഖ്യാനങ്ങളിലൂടെ പാർലമെന്റ് ഉദ്ദ്യേശിച്ചതിൽ നിന്നും വ്യത്യസ്തമായ രീതിയിലാക്കിയെടുത്ത കോടതിക്ക് ഈ അവകാശം നൽകാൻ സഭകൾ മടിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു. പ്രത്യേകാവകാശങ്ങളിൽ എന്തൊക്കെ ഉൾപ്പെടുന്നെന്ന് തീരുമാനിക്കാനുള്ള അധികാരം സ്വന്തം കൈകളിൽ നിലനിർത്തുന്ന സഭകൾ ഫ്യൂഡൽ കാലഘട്ടത്ത് രൂപപ്പെട്ട അവകാശസങ്കല്പം ആധുനിക ജനാധിപത്യ കാഴ്ചപ്പാടുകൾക്കനുസൃതമായി പുനർനിർവചിക്കേണ്ടതുണ്ടെന്ന് മറക്കക്കാൻ പാടില്ല. കോമൺസ് സഭ 1947നുശേഷം അവകാശങ്ങൾ സംബന്ധിച്ച സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സഭയുടെ അവകാശങ്ങൾ ചുരുക്കേണ്ടതാണെന്ന് 1967ൽ കോമൺസ് നിയോഗിച്ച ഒരു സമിതി ശിപാർശ ചെയ്യുകയുണ്ടായി. സഭയുടെ പ്രത്യേകാവകാശ സമിതി 1977ൽ വിഷയം വീണ്ടും പരിഗണിക്കുകയും പ്രത്യേകാവകാശങ്ങളെ സഭയുടെ സംരക്ഷണത്തിനും അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കർത്തവ്യനിർവഹണം തടസപ്പെടുത്തുന്നതും അതിൽ ഇടപെടുന്നതും തടയുന്നതിനു മാത്രം ഉതകുംവിധം പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ നിർദ്ദേശം അടങ്ങുന്ന റിപ്പോർട്ട് സഭ അംഗീകരിച്ചു. അങ്ങനെ കോമൺസ് 1947ൽ നിന്ന് മുന്നോ‍ാട്ടു പോയെങ്കിലും നാം അവിടെത്തന്നെ നിൽക്കുകയാണ്.

ടി.എം.ജേക്കബിന്റെ ഒരു പ്രസംഗത്തിന്റെ അച്ചടിച്ച റിപ്പോർട്ടും വിഡിയോ റിക്കാർഡും ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഡി.ബി. ബിനു സമർപ്പിച്ച അപേക്ഷയാണ് സഭയും വിവരാവകാശ കമ്മിഷനും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചത്. നിയമസഭയുടെ പബ്ലിക് ഇൻഫർമേഷൻ ആഫീസർ അച്ചടിച്ച റിപ്പോർട്ട് നൽകി. എന്നാൽ വിഡിയോ റിക്കാർഡ് നൽകാൻ വിസമ്മതിച്ചു. ആധികാരികതയുള്ളത് അച്ചടിച്ച റിപ്പോർട്ടിനു മാത്രമാണെന്നും ആധികാരിതയില്ലാത്ത വിഡിയോ റിക്കാർഡ് നൽകാനാവില്ലെന്നുമുള്ള നിലപാടാണ് നിയമസഭാ സെക്രട്ടേറിയറ്റ് എടുത്തത്. സെക്രട്ടേറിയറ്റ് സ്പീക്കറുടെ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടുമാണ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ തീരുമാനമെടുത്തതെന്ന് ന്യായമായും അനുമാനിക്കാം. ഈ തീരുമാനത്തിനെതിരെ ബിനു നൽകിയ ഹർജി പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മിഷണർ പാലാട്ട് മോഹൻ‌ദാസ്, കമ്മിഷണർ പി.എൻ.വിജയകുമാർ എന്നിവർ അടങ്ങുന്ന ബെഞ്ച് വിഡിയൊ റിക്കാർഡും നൽകാൻ ഉത്തരവിട്ടു. കമ്മിഷന്റെ ഉത്തരവ് പ്രഥമ ദൃഷ്ട്യാ സഭയുടെ പ്രത്യേകാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കണ്ടുകൊണ്ട് സ്പീക്കർ വിഷയം പ്രത്യേകാവകാശ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.

നിയമസഭാ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമത്തിന്റെ അധികാര പരിധിയിൽ പെടുന്ന സ്ഥാപനമാണ്. അതുകൊണ്ടാണല്ലൊ അവിടെ പബ്ലിക് ഇൻഫർമേഷൻ ആഫീസർ ഉള്ളത്. സാധാരണഗതിയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ എന്തൊക്കെ പെടുമെന്ന് തീരുമാനിക്കാനുള്ള അധികാരം കമ്മിഷനാണ്. കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സ്ഥാപനം കരുതുന്നുണ്ടെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാവുന്നതാണ്. സുപ്രീം കോടതിയുടെ പക്കലുള്ള ഒരു വിവരം അതാവശ്യപ്പെട്ട ഹർജിക്കാരന് നൽകാൻ ഉത്തരവുണ്ടായപ്പോൾ കോടതി രജിസ്ട്രാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് ഈ അടിസ്ഥാനത്തിലാണ്. ഇവിടെ ഉയർന്നിരിക്കുന്ന പ്രശ്നം തീരുമാനത്തിന്റെ നിയമപരമായ സാധുതയല്ല അത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണോ എന്നതാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സഭയിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്.

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനമെന്ന നിലയിൽ അതിന്റെ കൈവശമുള്ള ഏത് രൂപത്തിലുള്ള രേഖയും അപേക്ഷകന് നൽകാനുള്ള ബാധ്യത നിയമസഭാ സെക്രട്ടേറിയറ്റിനുണ്ട്. ജേക്കബിന്റെ പ്രസംഗത്തിന്റെ വീഡിയോ നൽകാത്തതിന് അത് നൽകുന്ന ന്യായീകരണം അത് ആധികാരിക രേഖയല്ലെന്നതാണ്. പ്രസംഗങ്ങൾ എഴുതിയെടുത്ത് എഡിറ്റ് ചെയ്തശേഷമാണ് അച്ചടിക്കുന്നത്. വിഡിയൊ എഡിറ്റ് ചെയ്തതല്ലാത്തതുകൊണ്ടാണ് സഭ അത് ആധികാരിക രേഖയല്ലെന്ന് വാദിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി വിഡിയൊ റിക്കാർഡിങ് അനുവദിച്ചത് ലോക് സഭയാണ്. സ്പീക്കർക്ക് വിഡിയൊ എഡിറ്റ് ചെയ്യാനുള്ള അവകാശമുണ്ടെന്ന നിബന്ധനയോടെയാണ് ലോക് സഭയ്ക്കുള്ളിൽ വിഡിയൊ ക്യാമറകൾ അനുവദിച്ചത്. അത്തരം നിബന്ധനയ്ക്കു വിധേയമായാകണം നിയമസഭയും വിഡിയോ ചിത്രങ്ങൾ എടുക്കാൻ അനുവാദം നൽകുന്നത്. സ്പീക്കർ സഭാ നടപടികളുടെ ഭാഗമാകരുതെന്ന് കരുതുന്ന ഭാഗങ്ങൾ അച്ചടിച്ച റിപ്പോർട്ടുകളിൽ നിന്ന് ഒഴിവാക്കുന്നതുപോലെ വിഡിയൊ റിപ്പോർട്ടുകളിൽ നിന്നും അവ എഡിറ്റ് ചെയ്ത് മാറ്റാവുന്നതാണ്. ആ നിലയ്ക്ക് എഡിറ്റ് ചെയ്തതല്ലെന്ന കാരണം പറഞ്ഞ് വിഡിയൊ കോപ്പി നിഷേധിക്കുന്നതിന് ന്യായീകരണമില്ല. ഹർജിക്കാരൻ വിഡിയൊ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സ്പീക്കറുടെ മുന്നിൽ രണ്ട് സാധ്യതകളുണ്ടായിരുന്നു. ഒന്നുകിൽ വിഡിയൊ എഡിറ്റ് ചെയ്ത് ആധികാരികമാക്കിയ ശേഷം അത് നൽകുക. അല്ലെങ്കിൽ ‘ആധികാരിക രേഖയല്ല‘ എന്ന് വ്യക്തമാക്കിക്കൊണ്ട് എഡിറ്റ് ചെയ്യാത്ത വിഡിയൊ നൽകുക. ഇതിലൊരു മാർഗ്ഗം സ്വീകരിക്കാൻ സ്പീക്കർ എന്തുകൊണ്ടാണ് വിഡിയൊ കൊടുക്കാനാവില്ലെന്ന നിലപാട് എടുത്തതെന്ന് മനസിലാകുന്നില്ല. സഭാ നടപടികൾ നേരിട്ടു കാണാൻ പൌരന്മാർക്ക് അവസരമുണ്ടെന്നിരിക്കെ കെവലം സാങ്കേതികമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് വിഡിയൊ രേഖ നിഷേധിക്കുന്നത് ശരിയല്ല.

വിഷയം അന്തിമ തീരുമാനത്തിന് സഭയുടെ മുന്നിൽ വരുമ്പോൾ ജനാധിപത്യ വിശ്വാസികളായ അംഗങ്ങൾ അവശ്യം പരിഗണിക്കേണ്ട ചില വസ്തുതകളുണ്ട്. ഇതിൽ പ്രധാനമായത് സഭാ നടപടികളുടെ എഡിറ്റ് ചെയ്‌തതൊ അല്ലാത്തതൊ ആയ വിഡിയോ ദൃശ്യങ്ങൾ പുറത്തു പോകുന്നത് ജനപ്രതിനിധികളെന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് തടസമാണോ എന്നതാണ്. തടസമാണ് എന്ന് അവർ കരുതുന്നെങ്കിൽ മാത്രമെ വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ പ്രത്യേകാവകാശ ലംഘനമായി കരുതാനാവൂ. ആധുനിക കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ ജനങ്ങളുടെ അവകാശത്തിനും ഫ്യൂഡൽ കാലഘട്ടത്തിൽ രൂപപ്പെട്ട ജനപ്രതിനിധികളുടെ അവകാശത്തിനും ഇടയിൽ പൊരുത്തക്കേടുണ്ടാകുമ്പോൾ ഏതിനാണ് മുൻ‌തൂക്കം നൽകേണ്ടതെന്ന് സഭാംഗങ്ങൾ ആലോചിക്കണം. ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളുടെ അവകാശം ജനങ്ങളുടെ അവകാശത്തിനു മുകളിലാവില്ല.(കേരളകൌമുദി, ജൂൺ 19,2010)

2 comments:

ഷെൽജ said...

വിവരാവകാശം ജനാവകാശമാണ്.ജനങ്ങൾ അറിയാൻ പാടില്ലാത്തതു പറയണമെന്നും ചെയ്യണമെന്നും ജനങ്ങളുടെ ഔദാര്യത്തിൽ ലഭിച്ച പ്രാധിനിധ്യത്തിനും അധികാരലബ്ദിക്കും ശേഷം വാശിപിടിക്കുന്നവർക്ക് ജനപ്രതിനിധികളായിരിക്കാൻ ഒരവകാശവുമില്ല.
ജനങ്ങളുടെ സഭയിൽ നടക്കുന്ന സർവ്വകാര്യവും യതൊരെഡിറ്റിംഗും കൂടാതെതന്നെ ജനങ്ങളെ അറിയിക്കുന്നവരാണ് യദാർത്ഥ ജനപ്രതിനിധികൾ.ജനങ്ങൾ കാര്യങ്ങൾ അറിയുന്നത് ഭയക്കുന്നവർ ജനവഞ്ചകർ മാത്രമാണ്.

pradeepvibudhan said...

pradeepvibudhan
idukki
phone;9447313216