ബി.ആർ.പി.ഭാസ്കർ
കണ്ണെത്തുംദൂരത്തെങ്ങും ഒരു പദ്ധതിയെയൊ സംരഭകനെയൊ കാണാനില്ലെങ്കിലും കിനാലൂരിലേക്ക് നാലു വരി പാത ഉണ്ടാക്കിയേതീരൂ എന്ന വാശിയിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം. കഴിഞ്ഞ നാലു കൊല്ലക്കാലത്ത് നടപ്പിലാക്കാൻ കഴിയാഞ്ഞ പല പദ്ധതികളും എൽ.ഡി.എഫ്. സർക്കാരിന്റെ പെട്ടിയിലുണ്ട്. സ്മാർട്ട് സിറ്റി, വിഴിഞ്ഞം എന്നിവ ഉദാഹരണങ്ങൾ. അവയുടെ കാര്യത്തിലില്ലാത്ത താല്പര്യമാണ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ കിനാലൂരിൽ കാട്ടുന്നത്. ഇപ്പോൾ അദ്ദേഹം അതിനെപ്പറ്റി സംസാരിക്കാത്ത ദിവസമില്ലെന്നുതന്നെ പറയാം. കിനാലൂർ റോഡ് വികസനവും വ്യവസായ പദ്ധതിയും എൽ.ഡി.എഫ്. സർക്കാർ നിശ്ചയമായും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി. നാലാളു വന്നാൽ പേടിച്ചോടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനങ്ങൾ നടത്തിയാൽ തീരുമാനം മാറ്റുന്ന പാർട്ടിയല്ല സി.പി.എം. എന്ന് ഏതാണ്ട് ഇതേ സ്വരത്തിലാണ് അദ്ദേഹം നാലഞ്ചു കൊല്ലം മുമ്പ് പ്രഖ്യാപിച്ചത്. മറിച്ച് കരുതുന്നത് പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തതുകൊണ്ടാണെന്ന് പരിഹസിക്കുകയും ചെയ്തു. സ്വന്തം പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവിന് പരിമിതിയുണ്ടെന്ന് പിന്നീട് വ്യക്തമായി. ജനവികാരത്തിന്റെ ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയാണ് പുതിയ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത്.
റോഡ് വികസനത്തിന് മുന്നോടിയായി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ കിനാലൂരിലെ ജനങ്ങൾക്കുനേരേ പൊലീസ് അക്രമം അഴിച്ചുവിട്ടതിനുശേഷം സൌമ്യമായ ഭാഷയിൽ പിണറായി വിജയൻ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു: സർവേ നടക്കട്ടെ, മറ്റ് കാര്യങ്ങൾ പിന്നീട് സംസാരിക്കാം. തുടർന്ന് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനെന്ന പേരിൽ പാർട്ടി നടത്തിയ പരിപാടിയിൽ കണ്ടത് സൌമ്യ ഭാവമായിരുന്നില്ല. പദ്ധതി പ്രദേശത്തിലെ ശക്തിപ്രകടനമായിരുന്നു അതിലെ പ്രധാന ഇനം. ശക്തിപ്രകടനങ്ങൾ പ്രചാരണത്തിന്റെ ഭാഗമാണ്. വിശദീകരണത്തിനുള്ള മാർഗ്ഗങ്ങളല്ല അവ. സംഘർഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് പൊലീസിനെയൊ സായുധസേനയെയൊ നിയോഗിക്കുമ്പോൾ അവർ ആദ്യം ചെയ്യുന്നത് ഒരു റൂട്ട് മാർച്ച് നടത്തുകയാണ്. എതിരാളികളിൽ ഭീതിയും ഒപ്പം നിൽക്കുന്നവരിൽ ആത്മവിശ്വാസവും ഉണ്ടാക്കുകയുമാണ് അതിന്റെ ലക്ഷ്യം. വിശദീകരണ പരിപാടിയെന്ന മട്ടിൽ സി.പി. എം നടത്തിയതും അത്തരത്തിലൊന്നാണ്. .
അതിനുശേഷം ധനമന്ത്രി തോമസ് ഐസക് പദ്ധതിപ്രദേശത്ത് ഹിതപരിശോധന എന്ന നിർദ്ദേശവുമായി വന്നു. ഹിതപരിശോധനയിൽ 75 ശതമാനം പേർ റോഡ് പദ്ധതിയെ അനുകൂലിച്ചാൽ എതിരാളികൾ പിൻവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശം പ്രത്യക്ഷത്തിൽ ജനാധിപത്യപരമെന്ന് തോന്നുമെങ്കിലും കിനാലൂരിലെ പൊലീസ് തേർവാഴ്ചയുടെയും പാർട്ടിയുടെ ശക്തിപ്രകടനത്തിന്റെയും വെളിച്ചത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാണോ എന്ന സംശയം ചില മനസുകളിലെങ്കിലും ഉയർന്നു. പക്ഷെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജനജാഗ്രതാ സമിതി തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിച്ചു. അതോടെ മന്ത്രി ഹിതപരിശോധനയെക്കുറിച്ചുള്ള സംസാരം മതിയാക്കി.
ജൂൺ ഒന്നാം തീയതി തോമസ് ഐസക്ക് കിനാലൂരിൽ പോയി പാർട്ടി സംഘടിപ്പിച്ച യോഗത്തിൽവെച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറുള്ളവർ എഴുതിക്കൊടുത്ത സമ്മതപത്രങ്ങൾ സ്വീകരിച്ചു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഏകദേശം 180 കുടുംബങ്ങളിൽ 140പരം കുടുംബങ്ങൾ സമ്മതപത്രം നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. അതായത് 81 ശതമാനം പേർ ഭൂമി വിട്ടുകൊടുക്കാൻ തയ്യാർ! പൊലീസ് രേഖപ്പെടുത്തുന്ന കുറ്റപത്രങ്ങൾപോലെ നിയമസാധുതയില്ലാത്തവയാണ് ഈ സമ്മതപത്രങ്ങൾ. സമ്മതം എഴുതിവാങ്ങാൻ ആരാണ് സി.പി.എമ്മിനെ ചുമതപ്പെടുത്തിയത്? ഏത് നിയമമാണ് സമ്മതപത്രം സ്വീകരിക്കാൻ ധനമന്ത്രിക്ക് അധികാരം നൽകുന്നത്? മേയ് ആദ്യമുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുമ്പോൾ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞത് 46 കുടുംബങ്ങൾ ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണെന്ന് എഴുതി കൊടുത്തിട്ടുണ്ടെന്നാണ്. അതിനെക്കുറിച്ച് പരാമർശിച്ചു കൊണ്ട് ഈ ലേഖകൻ ഇങ്ങനെ എഴുതുകയുണ്ടായി: “വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീർച്ചയായും സമ്മതനിർമ്മിതി ക്കുള്ള കഴിവുണ്ട്”. മേയ് മധ്യത്തിൽ സ്ഥലം സന്ദർശിച്ചശേഷം ഒരു ലേഖകൻ എഴുതി: “ഏകദേശം 60 ശതമാനം കുടുംബങ്ങൾ റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാര പാക്കേജിന് സമ്മതം എഴുതിക്കൊടുത്തിട്ടുണ്ട്“.ജൂൺ ആയപ്പോൾ സമ്മതം 81 ശതമാനമായി ഉയർന്നു. പൊലീസ് അതിക്രമത്തിന്റെയും ശക്തിപ്രകടനത്തിന്റെയും തുടർച്ചയായി നടന്ന പ്രവർത്തനങ്ങളിലൂടെയാണ് സമ്മതി പത്രത്തിന്റെ എണ്ണം 25 ശതമാനത്തിൽനിന്ന് 81 ശതമാനമായി പാർട്ടി ഉയർത്തിയത്. ഇതിലൂടെ വെളിപ്പെടുന്നത് പാർട്ടിയുടെ ജനാധിപത്യബോധമല്ല സമ്മതിനിർമ്മിതി സാമർത്ഥ്യമാണ്. അധികാരത്തിലിരുന്നപ്പോൾ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 99 ശതമാനം വോട്ടോടെയാണ് തെരഞ്ഞെടുപ്പുകളിൽ ജയിച്ചത്. അധികാരം നഷ്ടപ്പെട്ട ശേഷം 10 ശതമാനം വോട്ട് മാത്രമാണ് അതിന് കിട്ടുന്നത്. ഇത്തരം സമ്മതനിർമ്മിതി വിലയിരുത്തുമ്പോൾ ഈ ചരിത്രവസ്തുത ഓർത്തിരിക്കേണ്ടതാണ്.
ടിവി പരമ്പരകളിൽ അടിക്കടി കേൾക്കുന്ന ഒരു സംഭാഷണശകലമുണ്ട്: “അത് എന്റെ വാശിയാണ്”. അത് പറഞ്ഞുകഴിയുമ്പോൾ ശരിതെറ്റുകൾക്ക് പ്രസക്തിയില്ല. സീരിയൽ കഥാപാത്രം അത്തരത്തിലൊരു പ്രസ്താവം നടത്തുമ്പോൾ അതിന്റെ കാരണം പരമ്പര പതിവായി കാണുന്നവർക്ക് മനസിലാകും. എന്നാൽ വികസനത്തിന്റെ പേരിൽ ഇവിടെ അരങ്ങേറുന്ന അസംബന്ധ നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഇല്ലാത്ത വ്യവസായങ്ങളുടെ പേരിൽ പാർട്ടി കാണിക്കുന്ന വാശിയുടെ കാരണം വ്യക്തമല്ല. എന്ത് വ്യവസായമാണ് അവിടെ കൊണ്ടുവരുന്നതെന്ന സ്ഥലവാസികളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനൊ പാർട്ടിക്കൊ കഴിയുന്നില്ല. ഇപ്പോൾ ഈ ചോദ്യം സി.പി.എം.വിരുദ്ധത ആരോപിക്കാനാവാത്ത ശാസ്ത്ര സാഹിത്യ പരിഷത്തും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഉപഗ്രഹനഗരം നിർമ്മിക്കാമെന്നു പറഞ്ഞ മലേഷ്യൻ സ്ഥാപനവുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരിപാടി തുടങ്ങിയത്. ആ സ്ഥാപനം നിർമ്മാണ കമ്പനിയാണെന്നും അതിന് വ്യവസായം തുടങ്ങാനാവില്ലെന്നും കമ്പനിയെക്കുറിച്ച് പഠിച്ച ജോസഫ് സി. മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധാരണപത്രം കാലഹരണപ്പെട്ടു കഴിഞ്ഞതിനാൽ ഇനി ആ കമ്പനിയിൽ പ്രതീക്ഷയർപ്പിച്ചിട്ട് ഏതായാലും കാര്യവുമില്ല. ഈ സാഹചര്യത്തിൽ പദ്ധതിയെ എതിർക്കുന്നവരുമായി സംസാരിച്ചും അവർ മുന്നോട്ടുവെച്ചിട്ടുള്ള ബദൽ പദ്ധതി പരിഗണിച്ചും എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനുള്ള അവസരം സർക്കാരിനുണ്ടെന്നിരിക്കെ എന്ത് വില കൊടുത്തും അത് നടപ്പാക്കാനായി നേരിട്ട് കളത്തിലിറങ്ങിയത് എന്തിനാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം. കിനാലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വ്യവസായ മന്ത്രി സമ്മതിച്ചിട്ടുണ്ട്. വികസന പ്രദേശങ്ങളിൽ സാധാരണഗതിയിൽ നടക്കുന്ന ക്രയവിക്രയങ്ങളെ അവിടെ നടന്നിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പ്രശ്നത്തെ അങ്ങനെ ലഘൂകരിക്കാനാവില്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയാത്ത പല ഇടപാടുകളും നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ഇടപാടുകാളിൽ ഉൾപ്പെട്ടവരുടെ വാണിജ്യ-രാഷ്ട്രീയബന്ധങ്ങൾ പുറത്തുവന്നാൽ പാർട്ടിയുടെ ധൃതിയുടെയും വാശിയുടെയും കാരണങ്ങൾ കണ്ടെത്താനായേക്കും.
കിനാലൂർ പ്രശ്നത്തിൽ സർവകക്ഷി സമ്മേളനം വിളിക്കുമെന്നും റോഡ് പദ്ധതിയെ എതിർക്കുന്ന സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ പറഞ്ഞിട്ട് ദിവസങ്ങളായി. യോഗത്തിൽ രാഷ്ട്രീയ കക്ഷികൾ മാത്രം മതിയെന്ന നിലപാടാണ് വ്യവസായമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അവർക്കിടയിലെ അഭിപ്രായഭിന്നതമൂലമാണ് യോഗം വൈകുന്നതെന്ന് കരുതാൻ ന്യായമുണ്ട്. പാർട്ടി കല്പന നൽകിയാൽ അനുസരിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രിയിൽ പ്രതീക്ഷ അർപ്പിച്ചിട്ട് കാര്യമില്ല. ജനകീയപ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ മാറ്റി നിർത്തിക്കൊണ്ട് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ മാത്രം വിളിച്ചു അനുകൂല തീരുമാനമെടുപ്പിക്കാനാകും സി.പി.എം. നേതൃത്വം ഇനി ശ്രമിക്കുക. റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ അധികാരമൊഴിയാൻ പോകുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെയും അധികാരത്തിലേറാൻ കാത്തിരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും നിലപാടുകൾ ഏറെക്കുറെ ഒന്നാണെന്ന് അവരുടെ പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുന്നു. ഇരുകക്ഷികളും ചില സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതുമൂലമാണ് അവയ്ക്കിടയിൽ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ വികസന പ്രശ്നങ്ങളിൽ അവസാന വാക്ക് അവ നയിക്കുന്ന മുന്നണികൾക്ക് വിട്ടുകൊടുത്താൽ വിജയിക്കുക വിശാല ജനകീയ താല്പര്യങ്ങളാവില്ല, സ്ഥാപിത താല്പര്യങ്ങളാകും. ജനജീവിതത്തെ സ്സരമായി ബാധിക്കുന്ന ഒരു പ്രശ്നം പരിഹാരിക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പ്രതിപക്ഷ കക്ഷികളെ മാത്രമല്ല അതുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും വിശ്വാസത്തിലെടുത്തേ മതിയാകൂ. അവരെ ഒഴിവാക്കി ക്കൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ പുച്ഛത്തോടെ തിരസ്കരിക്കും. (മാധ്യമം ദിനപത്രം ജൂൺ 6ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
16 comments:
well said !
"ജനങ്ങൾ പുച്ഛത്തോടെ തിരസ്കരിക്കും. "
ആരാണ് സാര്‍ ഈ ജനം?
ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷാഭിപ്രായമല്ലെ മാനിക്കപ്പെടേണ്ടത് ?
ഹിതപരിശോധന നടത്തിയിട്ടാണല്ലൊ ഐസക്ക് സാർ ബന്തും ഹർത്താലും നടത്തുന്നത്!
ഹിതപരിശോധന വെല്ലുവിളി ഐസക്കിന്റെ രാഷ്ട്രീയ നാടകമായിരുന്നു, അല്ലെങ്ങിൽ ആത്മവിശ്വസം പ്രകടിപ്പിച്ചത് പക്ഷെ സമരസമിതിക്കാർ വെല്ലുവിളി സ്വീകരിച്ചപ്പോൾ മന്ത്രിക്ക് മുങ്ങേണ്ടി വന്നു! കാരണം ഹിതപരിശോധന നിലനിൽക്കുന്നതല്ല.
പദ്ധതി നേരിട്ട് ബാധിക്കുന്നവരുമായി ചർച്ച ചെയ്യാതെ സർവകഷിസമ്മേളനം വിളിചതുകൊണ്ട് ഒരു പ്രശ്നവും സമാധാനപരമായി പരിഹരിക്കാൻ സാധിക്കില്ല. സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് സുതാര്യവും ലാഭകരവുമായ രീതിയിൽ കുടിയൊഴുപ്പിക്കൽ നടത്തിയില്ലെങ്ങിൽ വിവാദം മാത്രം ബാക്കിയാകും.
ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷാഭിപ്രായമല്ലെ മാനിക്കപ്പെടേണ്ടത് തന്നെ തന്നെ.ആ ഭൂരിപക്ഷനിര്‍മിതിയെപ്പറ്റിയും ബീ ആര്‍പി പറഞ്ഞിട്ടുള്ളത് അനില്‍ സഖാവ് കണ്ടില്ലേ?
അധികാരത്തിലിരുന്നപ്പോൾ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 99 ശതമാനം വോട്ടോടെയാണ് തെരഞ്ഞെടുപ്പുകളിൽ ജയിച്ചത്. അധികാരം നഷ്ടപ്പെട്ട ശേഷം 10 ശതമാനം വോട്ട് മാത്രമാണ് അതിന് കിട്ടുന്നത്. ഇത്തരം സമ്മതനിർമ്മിതി വിലയിരുത്തുമ്പോൾ ഈ ചരിത്രവസ്തുത ഓർത്തിരിക്കേണ്ടതാണ്.
സി.പി.എമ്മിനു വാശി എന്നത് ബി.ആര്.പി എഴുത്തിനൊരു പഞ്ച് കിട്ടാന്‍ വേണ്ടി ചേര്‍ത്ത തമാശയാണ്. തലക്കെട്ടില്‍ തന്നെ സി.പി.എം വിരുദ്ധത കണ്ടാല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുമെന്നും മറ്റു മാധ്യമങ്ങള്‍ അതെടുത്ത് പ്രചരിപ്പിച്ചോളും എന്നുമുള്ള വിശ്വാസത്തിന്റെ പുറത്ത് എഴുതിയത്. പിണറായി പറഞ്ഞതിന്റെ ഏറ്റവും മോശം വ്യാഖ്യാനങ്ങളാണ് മുഖ്യധാരകളില്‍ വരാറുള്ളത് എന്നത് നിരവധി തവണയായി തെളിഞ്ഞിരിക്കെ അത്തരമൊരു വാര്‍ത്ത ചോദ്യം ചെയ്യാതെ ബി.ആര്.പി ഉപയോഗിക്കുന്നത് ആ വാര്‍ത്തയങ്ങ് വിശ്വസിച്ചു കഴിഞ്ഞാല്‍ കുറെ ജോലി കുറഞ്ഞു കിട്ടും എന്നതിനാല്‍. നുണയുടെ പുറത്ത് ലേഖനം കെട്ടിച്ചമയ്ക്കുന്ന സൌകര്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം. പിടി ഉഷയുടെ സ്കൂള്‍ പിണറായി സന്ദര്‍ശിച്ചത് പോലും രഹസ്യ സന്ദര്‍ശനമാക്കിയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃക തന്നെ ബി.ആര്‍.പിയും. ധാര്‍ഷ്ട്യം, ബോഡി ലാംഗ്വേജ് തുടങ്ങിയ പദങ്ങള്‍ എന്തു കൊണ്ട് ബി.ആര്.പി മിസ് ചെയ്തു എന്നത് മാത്രം മനസ്സിലാകുന്നില്ല.
കിനാലൂര്‍ സംഭവങ്ങള്‍ ആരംഭിച്ചത് ഇങ്ങിനെ..
"സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''.
ബി.ആര്‍.പിക്ക് വിശ്വാസമുള്ള മാതൃഭൂമി എഴുതിയത്. ബി.ആര്‍.പിയുടെ സൌകര്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തില്‍ ഈ വാര്‍ത്തക്ക് സ്ഥാനമില്ല. സത്യം സൌകര്യത്തിനനുസരിച്ച് നിന്നു തരില്ല എന്നത് തന്നെ വിമുഖതക്ക് കാരണം.
ബി.ആര്.പി മാര്‍ ആദ്യം പറഞ്ഞിരുന്നത് ആ പ്രദേശത്തെ ഭൂരിപക്ഷം “ജനങ്ങള്‍ക്കും” പദ്ധതി വേണ്ട എന്നാണ്. അത് പറയുമ്പോഴും ഇവിടം ഭരിച്ചിരുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ. സമരത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ആ പ്രദേശത്തുകാരായിരുന്നു ബി.ആര്‍.പിമാര്‍ക്ക്. ഇപ്പോള്‍ 81 ശതമാനം ജനങ്ങള്‍ സമ്മതിപത്രം നല്‍കി എന്ന് അറിയുമ്പോള്‍ ബി.ആര്‍.പിമാര്‍ക്ക് ഭൂരിപക്ഷത്തിനു വിലയില്ലാതാകുന്നു. സമ്മതി പത്രം നല്‍കിയവര്‍ ജനമല്ലാതാകുന്നു. പദ്ധതിക്കനുകൂലമായി പ്രകടനം നടത്തിയവര്‍ ജനമല്ലാതാകുന്നു. ബി.ആര്. പി സോവിയറ്റ് യൂണിയനിലേക്ക് ആത്മരക്ഷാര്‍ത്ഥം പാലായനം ചെയ്യുന്നു.(രസികന്‍ വായനയ്ക്ക് നന്ദി ബി.ആര്.പി) ഇപ്പോഴും കേരളം ഭരിക്കുന്നത് ഇടതുപക്ഷം തന്നെ. ബി.ആര്‍.പിമാര്‍ നിങ്ങളെ ജനം ആയി അംഗീകരിക്കണമെങ്കില്‍ നിങ്ങള്‍ പോലീസിന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ച് ആക്രമ ആരംഭിക്കേണ്ടതാകുന്നു വായനക്കാരേ.
ഭൂമാഫിയ നുണപ്രചരണവും പൊളിഞ്ഞ ഒന്നാകുന്നു. ഏത് പദ്ധതി വന്നാലും ആ പ്രദേശത്ത് ഭൂമിക്ക് വില കൂടും. അത് വിചാരിച്ച് ഒരു പദ്ധതിയും വേണ്ട എന്ന് തീരുമാനിക്കണോ? കിനാലൂര്‍ എസ്റേറ്റുവരെ വീതി കൂടിയ റോഡ് പണി തീര്‍ന്നാല്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കാനാകും. പുതിയ സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കും. ആ സാധ്യതകൂടി കണക്കിലെടുത്ത്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ ബാക്കി ഭൂമികൂടി (ഏകദേശം 1800 ഏക്കര്‍) ഏറ്റെടുക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സര്‍വ്വേക്ക് മുന്‍പേ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നത് സര്‍വേ മാത്രമാണെന്ന കാര്യം ബി.ആര്‍.പിമാര്‍ താഴ്ത്തി വായിക്കുന്നതും തമാശ തന്നെ. എഴുത്ത് കണ്ടാല്‍ തോന്നും റോഡ് പണി ആരംഭിച്ചു കഴിഞ്ഞെന്ന്.
പരിഷത്തിനു പരിഷത്തിന്റേതായ അഭിപ്രായം ഉണ്ടാവും. റോഡ് നിര്‍മ്മിക്കുന്നതിനു മുന്‍പ് എല്ലാ അഭിപ്രായങ്ങളും ഇടതുപക്ഷ സര്‍ക്കാര്‍ പരിഗണിക്കും. പരിഷത്ത് ഇതിനു മുന്‍പും പലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അന്നൊന്നും പരിഷത്ത് ബി.ആര്‍.പിക്ക് പ്രിയപ്പെട്ടവരായിരുന്നുവോ എന്നറിയാന്‍ ഒരു ജിജ്ഞാസ.:)
കഴിഞ്ഞ പോസ്റ്റില്‍ കുറെ കാര്യങ്ങള്‍ കമന്റിലുണ്ട്. കിരണൊക്കെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ബി.ആര്‍.പിയെ പിന്നീട് ആ വഴിക്ക് കണ്ടില്ല. ഇതും അങ്ങിനെ തന്നെ ആകും.
കുറെക്കൂടി കിനാലൂര്‍ കാര്യങ്ങള്‍ ഇവിടെ
ജനശക്തീ,
തമാശ പറയുകയാണോ? കിനാലൂരിലെ 1800 ഏക്കര്‍ ഭൂമാഫിയയുടെ കൈയിലാണെന്ന് പത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ചു.സര്‍ക്കാര്‍ അത് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ‘ഭൂമാഫിയ” എന്നത് ഒറ്റ രാത്രി കൊണ്ട് ‘കര്‍ഷകര്‍‘ആയി മാറി.എങ്ങനെ ഏറ്റെടുക്കും ഭൂമി ഇപ്പോളും രാജാവിന്റെ കൈയില്‍ അല്ലേ എന്നായി അടുത്ത വാദം......
അവസാനം എന്തായി..ഈ വാര്‍ത്ത കാണുക.
ഭൂമി വില്‍പ്പന: മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടിയാണെന്ന് കര്‍ഷകര്‍
കോഴിക്കോട്: കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.
ആരാ മധ്യസ്ഥന്‍? ബി.ആര്.പി സാറിന്റെ പ്രിയംകരനായ ഉമ്മന്‍ ചാണ്ടി.അദ്ദേഹം ഇടപെട്ട കേസില്‍ ഭൂമാഫിയയോ..ഹേയ്....അതു ചാണ്ടിസാറിനും മോശമല്ലേ..വെളിയില്‍ മിണ്ടാന്‍ പറ്റുമോ?അപ്പോ പിന്നെ അതു വിഴുങ്ങുക...പകരം പിണറായിയെ പിടിക്കുക.മഗലാപുരത്ത് വിമാനം തകര്‍ന്നാലും പിണറായിയെ കുറ്റക്കാരന്‍ ആക്കാം..ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് സമ്മതിപത്രം ഏറ്റു വാങ്ങിയാല്‍ അതു “സി.പി.എം ഏറ്റുവാങ്ങി” എന്നു ഒരു ഉളുപ്പുമില്ലാതെ എഴുതി വിടാം...അങ്ങനെ എന്തുമാവാം..
അപ്പോ ഈ ഉമ്മന്‍ചാണ്ടി സാറും ബി.ആര്.പി സാറും ഇത്ര സൌഹൃദത്തില്‍ ആണോ എന്നു ചോദിച്ചാല്‍ ദേ അതിനുത്തരം ബി.ആര്.പി സാറിന്റെ ,ഈ പോസ്റ്റില്‍ തന്നെയുണ്ട്..ചെങ്ങറയില്‍ സമരം തുടങ്ങി 590 ദിവസം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബോധോദയം ഉണ്ടായി ചാണ്ടി സാര്‍ ഉപവസിക്കാന്‍ ചെന്നപ്പോള്‍ കൂടെ ഉപവസിക്കാന്‍ ഉണ്ടായിരുന്നത് ആരായിരുന്നു..ഞാനൊന്നും പറയുന്നില്ല..വായിച്ചു നോക്ക്.
ചെങ്ങറയില്‍ കര്‍കരുടെ കൂടെ...കിനാലൂരില്‍ ഭൂമാഫിയയുടെ കൂടെ....കഷ്ടം !
ഈ ബ്ലോഗിന്റെ ഒരു ഇങ്ഗ്ലിഷ് ഭാഷ്യം ആരെങ്കിലും സ. കാരാട്ടിന് അയച്ചുകൊടുത്താല്‍ നന്നായിരുന്നു
അനിൽ@ബ്ലോഗ്, സത്യാന്വേഷി, ഓരോ തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന മുന്നണിയെ താഴെയിറക്കി മറ്റേ മുന്നണിയെ അധികാരത്തിലേറ്റുന്ന കുറേ വോട്ടർമാരുണ്ടല്ലൊ കേരളത്തിൽ. അവരാണ് ജനം. അങ്ങനെയൊരു ജനം റഷ്യയിൽ ഉണ്ടായിരുന്നില്ല, സഖാവ് ഗോർബച്ചേവിന്റെ കാലം വരെ.
ജനശക്തി, സുനിൽ കൃഷ്ണൻ, നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കൂ, ഞാൻ എന്റെ ജോലി ചെയ്യട്ടെ. പ്രതികരണം ആവശ്യമെന്ന് എനിക്ക് തോന്നുമ്പോൾ അതുണ്ടാകും. ദയവായി പ്രതികരണം കിട്ടിയേ അടങ്ങൂ എന്ന് വാശി പിടിക്കരുത്.
CNR, സഖാവ് കാരാട്ടിന് പരിമിതികളുണ്ട്. കേരള ബംഗാൾ പാർട്ടികളെ പിണക്കിയാൽ ജനറൽ സെക്രട്ടറിക്കും പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കും ശമ്പളം കൊടുക്കാനുള്ള കാശ് എത്തിയില്ലെന്നിരിക്കും.
സ്മാർട്ട് സിറ്റി, വിഴിഞ്ഞം എന്നിവ ഉദാഹരണങ്ങൾ. അവയുടെ കാര്യത്തിലില്ലാത്ത താല്പര്യമാണ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ കിനാലൂരിൽ കാട്ടുന്നത്.
ചില പദ്ധതികളോട് ചിലര്‍ക്ക് പ്രത്യേക താല്‍പ്പര്യമാണ് ചിലതിനോടില്ല. കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധത് വരാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ പിണറായിക്ക് താല്‍പ്പര്യമില്ലാത്തത് കൊണ്ട് എന്ന ധ്വനി ബി.ആര്.പി അടിവര ഇടുന്നു. പണ്ടേ ഇത് ബി.ആര്പി പാടി നടക്കുന്നതാണ് പിണറായിക്ക് സ്മാര്‍ട്റ്റ് സിറ്റിയില്‍ താല്‍പ്പര്യമില്ല. അത് കിനാലൂര്‍ വിഷയവുമായി ബന്ധപ്പെടുത്തി ബി.ആര്പി ഒളിച്ച് കടത്തുന്നു.
ഇനി എന്തുകൊണ്ടാണ് സ്മാര്‍ട്ട് സിറ്റി വരാത്തത് കരാര്‍ വിരുദ്ധമായി ഫ്രീ ഹോള്‍ഡ് ചോദിക്കുന്നത് കൊണ്ട് എന്ന് മുഖ്യമന്ത്രിയും ശര്‍മ്മയും ആണയിട്ട് പറയുന്നു.പക്ഷെ ബി.ആര്‍പി ധ്വനിപ്പിക്കുന്നത് പിണറായിക്ക് ഇഷ്ടമില്ല എന്ന്
സ്ഥാപനം നിർമ്മാണ കമ്പനിയാണെന്നും അതിന് വ്യവസായം തുടങ്ങാനാവില്ലെന്നും കമ്പനിയെക്കുറിച്ച് പഠിച്ച ജോസഫ് സി. മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആരാണ് ഈ ജോസഫ് സി മാത്യൂ സ്മാര്‍ട്റ്റ് സിറ്റിക്ക് അനര്‍ഹമായ ആനുകീല്യങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഉപദേഷ്ടാവ്. സ്മാര്‍ട്റ്റ് സിറ്റിക്കരാരില്‍ ഇ വിവാദ വ്യവസ്ഥ എഴുതി വച്ച മഹാന്‍
8.2.10GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City.
സ്മാര്‍ട്റ്റ് സിറ്റി അല്ലാത്ത എല്ല പദ്ധതികളെയും രഹസ്യമായും പരസ്യമായും അട്ടിമറിക്കാന്‍ കൂട്ടു നിന്ന ജോസഫ് സി മാത്യു ഇപ്പോള്‍ വിദഗ്തന്‍. സൈബര്‍ സിറ്റി, സ്വകാര്യ ഐ.റ്റി സെസുകള്‍ തുടങ്ങി കൊച്ചിയിലും പരിസര പ്രദേശത്തും തുടങ്ങാനിരിക്കുന്ന എല്ലാ ഐ.ടി സംരഭങ്ങളും വിവാദത്തിലാക്കാന്‍ ജോസഫ് സി മാത്യു രംഗത്തുണ്ടായിരുന്നു. സ്മാര്‍ട്റ്റ് സിറ്റി മാത്രം മതി അലെങ്കില്‍ സ്മാര്‍ട്ട് സിറ്റി പോലെയെ നടക്കൂ എന്ന് സ്മാര്‍ട്റ്റ് സിറ്റിക്ക് വേണ്ടി വാശി പിടിക്കുന്ന ജോസഫ് കിനാലൂരില്‍ ഇനി എന്ത് പദ്ധതി വന്നാലും എതിര്‍ക്കും ബി.ആര്പിക്ക് പറ്റിയ കമ്പനിയാണ് ഈ ജോസഫ്
സി.പി.എം ഭീകരത കണ്ട് ഒപ്പ് ഇട്ടു കൊടുത്തു എന്ന് വ്യാഖ്യാനിക്കുന്നതാകും എളുപ്പം. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ എന്തുകൊണ്ടാകും എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. സി.പി.എം എന്ന പാര്‍ട്ടി ഒരുവശത്തും ( അതില്‍ തന്നെ മുഖ്യന്‍ എതിര്‍ വശത്ത്) മുഖ്യധാര മാധ്യമങ്ങളും ബുദ്ധിജീവികളും ബി.ആര്.പി മുതല്‍ നീലകണ്ഠന്‍ വരെ ഉള്ളവരും നിന്നിട്ടും സോളിഡാരിറ്റി മുതല്‍ ലീഗ് വരെ സപ്പോര്‍ട്ട് ചെയ്തിട്ടും സി.പി.എനിനെ കണ്ട് പേടിച്ചു പോയി. പല സമരങ്ങളെയും സമരക്കാരെയും ഈ പറഞ്ഞ മാധ്യമങ്ങളും സമര സഹായ സംഘടനകളും വഴിക്ക് അനാഥരാക്കി പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നാളെ വേറെ പ്രശ്നമുണ്ടായാല്‍ ഒരു പ്രസ്താവനയില്‍ കുഞ്ഞൊപ്പ് ഇടുന്ന സഹായമെ കിട്ടൂ എന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ടാകാം
ബി.ആര്.പി പറയുന്ന കീ പോയിന്റിനെ കിരണ്‍ ജീയുടെ കമന്റ് കീറിപ്പറത്തുന്നു. പക്ഷേ ബി.ആര്‍.പിയുടെ caravan ചന്തയ്ക്ക് പോക്ക് നിര്‍ത്താന്‍ ഉദ്ദേശ്യമില്ലല്ലോ. ചന്തയുള്ളത് caravanകളുടെ ഭാഗ്യം തന്നെ....ഇല്ലാരുന്നെങ്കില്‍ ഊഞ്ഞാല... ഹൗ !
@ കിരണ്‍,
നാളെ വേറെ പ്രശ്നമുണ്ടായാല്‍ ഒരു പ്രസ്താവനയില്‍ കുഞ്ഞൊപ്പ് ഇടുന്ന സഹായമെ കിട്ടൂ എന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ടാകാം
ഇതൊരു ഒന്നര വാചകമായിപ്പോയി !!..:)
@ brp മറുപടി ഇല്ല എന്നറിയാം. നിര്‍ബന്ധിക്കുന്നില്ല. കാരവന്‍ മുന്നോട്ടങ്ങനെ മുന്നോട്ട് പോകട്ടെ.
""അവരാണ് ജനം. അങ്ങനെയൊരു ജനം റഷ്യയിൽ ഉണ്ടായിരുന്നില്ല,സഖാവ് ഗോർബച്ചേവിന്റെ കാലം വരെ.""
ഈ ബീആര്പി സാര്‍ എന്തെല്ലാമാണ് പറയുന്നത്. പറയുന്നതില്‍ ഒരു തുള്ളി യുക്തി വേണ്ടേ സാര്‍.താങ്കള്‍ പറയുന്നു ഗോർബച്ചേവിന്റെ കാലംവരെ അങ്ങനെ ഒരു 'ജനം'ഇല്ല എന്ന്.അപ്പോള്‍ അതിനു ശേഷം ജനം ഉണ്ടായി.അതായത് ബഹുകക്ഷി തെരഞ്ഞെടുപ്പു വന്നു, ജനാധിപത്യം വന്നു എന്ന്.മറ്റൊരര്‍ത്തത്തില്‍ ബഹുകക്ഷി ജനാധിപത്യത്തില്‍ "സമ്മത നിര്‍മ്മാണം" സാധ്യമല്ല എന്ന്.എങ്കില്‍ കിനലൂരിലും സാധ്യമല്ല.കിനാലൂരിലും കേരളത്തിലും പഞ്ചായത്ത്,നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പു മുട്ടിനു മുട്ടിനു നടക്കുന്നു. "ഗോര്‍ബച്ചെവിനു ശേഷമുള്ള" റഷ്യന്‍ അവസ്ഥ അല്ലെ ശരിക്കും കിനാലൂരില്‍.എന്നിട്ടും താങ്കള്‍ എന്തേ ഇങ്ങനെ യുക്തി പൊടിപോലും ചേര്‍ക്കാതെ അത്തും മുത്തും പറയുന്നു.വരികള്‍ക്കിടയില്‍ ഇത്തരത്തോളം സ്വയം contradict ചെയാമോ? എന്റെ കേരളത്തിലെ "മാധ്യമ വിശാരദന്മാര്‍" ഇങ്ങനെ ഉള്ളവര്‍ ആയി പോയല്ലോ തമ്പുരാനെ.
താല്പര്യമുള്ളവര്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടവരെ സംബന്ധിച്ച് മംഗളം പത്രം ഇന്ന് നല്‍കിയിട്ടുള്ള വിവരം കൂടി കാണുക. http://bit.ly/aXiI3b
മൊത്തം കുടിയൊഴിപ്പിക്കപ്പെടേണ്ടവര്‍ 180 കുടുംബങ്ങളെന്ന് ബി.ആര്.പി യുടേ പോസ്റ്റില്‍ ഉണ്ട്. 172 കുടുംബങ്ങള്‍ സമരക്കരുടെ ഒപ്പമെന്ന് മംഗളം വാര്‍ത്ത. അപ്പോള്‍ വെറും 8 പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനൊപ്പമുള്ളത്. ഇപ്പോള്‍ 6 പേരുകൂടി ചേര്‍ന്നു അതായത് 8 + 6 = 14 പേര്‍ മാത്രമാണ് സര്‍ക്കാരിനൊപ്പമുള്ളത്. എന്നിട്ടും സര്‍ക്കാര്‍ റോഡ് വികസനവുമായി മുന്നോട്ട് പോകുന്നത് അതിശയം തന്നെ വ്യാജ നിര്‍മ്മിതികള്‍ മറ്റ് മാധ്യമങ്ങള്‍ തമസ്ക്കരിച്ചിട്ടും മംഗളം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബി.ആര്‍പി അത് ബ്ലോഗിലും എത്തിച്ചു. അഭിനന്ദനങ്ങള്‍
Post a Comment