Monday, June 21, 2010

മ്അദനിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ഐക്യവേദി

ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മ്അദനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനായി ഇമാമുകൾ നേതൃത്വം നൽകുന്ന മുസ്ലിം ഐക്യവേദി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്ന് ഒരു ധർണ്ണ സംഘടിപ്പിക്കുകയുണ്ടായി.

പാളയത്തുള്ള മുസ്ലിം പള്ളിയിൽ നിന്ന് ഘോഷയാത്രയായി സെക്രട്ടേറിയറ്റ് പടിക്കലെത്തി ധർണ്ണയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ നിരവധി ഇസ്ലാമിക പണ്ഡിതന്മാരുണ്ടായിരുന്നു.

അബ്ദുൾ റസാഖ് മൌലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ധർണ്ണ ഞാൻ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ബി.എസ്.പി. നേതാവ് എ. നീലലോഹിതദാസൻ നാടാർ, മാധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു, ജമാത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരാക്കുന്ന് തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.

ഉത്ഘാടനപ്രസംഗത്തിന്റെ ഏകദേശരൂപം ചുവടെ ചേർക്കുന്നു:


അബ്ദുൾ നാസർ മ്അദനിയെ കോയമ്പത്തൂർ സ്ഫോടനക്കേസിന്റെ വിചാരണക്കുശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടിട്ട് മൂന്ന് കൊല്ലമായിട്ടില്ല. ഇപ്പോൾ ബംഗളൂരു സ്ഫോടനക്കേസിൽ കർണ്ണാടക പൊലീസ് അദ്ദേഹത്തെ പ്രതിയാക്കുകയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. കോയമ്പത്തൂർ കേസിൽ അദ്ദേഹം അറസ്റ്റിലായത് 1998 ഫെബ്രുവരിയിലാണ്. 2007 ആഗസ്റ്റിൽ കോടതി നിരപരാധിയെന്ന് കണ്ടെത്തുന്നതുവരെയുള്ള ഒമ്പത് കൊല്ലവും ആറ് മാസവും അദ്ദേഹം കാരാഗൃഹത്തിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് ഒരിക്കൽ പോലും ജാമ്യമൊ പരോളൊ അനുവദിച്ചിരുന്നില്ല. ജാമ്യത്തിനായി അദ്ദേഹം കോയമ്പത്തൂരിലെ ചെറിയ കോടതി മുതൽ ഡൽഹിയിലെ സർവോന്നത കോടതിയെ വരെ സമീപിച്ചിരുന്നു. എല്ലാ കോടതികളും ജാമ്യം നിഷേധിച്ചു. ജ. വി. ആർ. കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ജാമ്യമാണ് ചട്ടം, ജയിൽ അപവാദമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരവസരത്തിൽ സുപ്രീം കോടതി പറഞ്ഞു 90 ദിവസത്തിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം നൽകണമെന്ന്. ഈ വിധികൾ നൽകിയ ജഡ്ജിമാരുടെ പിൻഗാമികൾ അവയിലെ തത്ത്വങ്ങൾ പാലിക്കാൻ കൂട്ടാക്കിയില്ല. വികലാംഗനും രോഗിയുമായിരുന്ന മ്അദനിക്ക് മതിയായ ചികിത്സാ സൌകര്യങ്ങൾ പോലും ലഭിച്ചില്ല.

ഈവിധത്തിൽ മ്അദനി കടുത്ത മനുഷ്യാവകാശലംഘനത്തിന് വിധേയനായപ്പോൾ മനുഷ്യാവകാശപ്രവർത്തകർ അതിനെതിരെ ശബ്ദമുയർത്തി. കേരള ജനതയുടെ വികാരം കണക്കിലെടുത്ത് നിയമസഭ 2006ൽ അദ്ദേഹത്തോട് നീതികാട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠേന പാസാക്കി. അതൊന്നും ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് മ്അദനിയും അനുയായികളും മുസ്ലിം സമൂഹവും ബംഗളൂരു കേസിനെ കോയമ്പത്തൂരിന്റെ ആവർത്തനമായി കാണുന്നത്.

മറ്റ് ചില വസ്തുതകൾ കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി കോയമ്പത്തൂർ സന്ദർശിച്ച ദിവസമാണ് അവിടെ സ്ഫോടനം നടന്നത്. അതിനു മുമ്പ് പൊലീസും ആർ.എസ്.എസും ചേർന്ന് മുസ്ലിങ്ങൾക്കെതിരെ അവിടെ അതിക്രമങ്ങൾ നടത്തിയിരുന്നു. പി.യു.സി.എല്ലിന്റെ വസ്തുതാപഠന സംഘം ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് അദ്വാനിയെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് ആർ.എസ്. എസ്. പ്രചരിപ്പിച്ചു. അന്ന് തമിഴ് നാട്ടിൽ അധികാരത്തിലിരുന്ന ജയലളിതയുടെ എ.ഐ.എ.എം.ഡി.കെ. ബി.ജെ.പി.യുമായി സഖ്യത്തിലായിരുന്നു. മ്അദനിയെ വെറുതെവിട്ടുകൊണ്ടുള്ള കോയമ്പത്തൂർ കേസ് വിധി ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും സ്വീകാര്യമായില്ല. അവർ വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ടു. തമിഴ് നാട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതി കീഴ്കോടതി വിധി ശരിവെച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ 43 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയ കോടതിയാണ് മ്അദനിയെ വെറുതെ വിട്ടത് സംഘ് പരിവാറിനു ഇത്തരത്തിലുള്ള നീതിനടത്തിപ്പിൽ വിശ്വാസമില്ല. അത് മ്അദനിക്കെതിരായ പ്രചാരണം തുടർന്നു.

ബംഗളൂരു സ്ഫോടനം നടന്നത് 2008ലാണ്. 2007ൽ ജയിൽ വിമുക്തനായശേഷം മ്അദനി തുടർച്ചയായി പൊതുജനമദ്ധ്യത്തിലായിരുന്നു. പി.ഡി.പി. നേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഇക്കാലമത്രയും അദ്ദേഹം കേരളാ പൊലീസിന്റെ സുരക്ഷാ വലയത്തിലുമായിരുന്നു. അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുമായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്. സുരക്ഷാ വലയത്തിലും നിരീക്ഷണത്തിലുമായിരുന്നപ്പോൾ അദ്ദേഹം ഗൂഢാലോചന നടത്തി സ്ഫോടനം സംഘടിപ്പിച്ചെന്നാണ് കർണ്ണാടക പൊലീസിന്റെ കണ്ടെത്തിയിരിക്കുന്നത്.

മ്അദനി കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറയുകയുണ്ടായി. അധികാരത്തിന്റെ തണലിൽ ഇരുന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജാമ്യവും പരോളും ഇല്ലാതെ പത്തു കൊല്ലത്തോളം ജയിലിൽ കഴിഞ്ഞ മനുഷ്യനാണ് അദ്ദേഹം ഈ ഉപദേശം നൽകുന്നത്.

ഇവിടെ മറ്റൊരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. അത് പൊലീസിന്റെ മേലുള്ള രാഷ്ട്രീയ നിയന്ത്രണമാണ്. പൊലീസ് ഭരണാധികാരികളുടെ ഇച്ഛയ്ക്കനുസൃതമായി പ്രവർത്തിക്കുന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എടുത്തു കാണിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടകത്തിലെ പൊലീസിന്റെ നീക്കങ്ങളെ മ്അദനിയും മുസ്ലിം സമൂഹവും ആശങ്കയോടെ വീക്ഷിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു.

രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. അന്വേഷണങ്ങൾ മുസ്ലിങ്ങൾ നടത്തിയ ഭീകര പ്രവർത്തനങ്ങളും ഹിന്ദുക്കൾ നടത്തിയ ഭീകര പ്രവർത്തനങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ മേൽ ആരോപിക്കപ്പെട്ട ചില കുറ്റങ്ങൾ ചെയ്തത് ഹിന്ദുക്കളായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ മൊത്തത്തിൽ മുൾമുനയിൽ നിർത്താൻ തൽപരകക്ഷികൾ ശ്രമിക്കുകയാണ്. തീവ്രവാദത്തിന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ പ്രതിരോധത്തിലാക്കാനുള്ള ശ്രമം മതനിരപേക്ഷതയുടെ പാരമ്പര്യം ഉൾക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങൾ അനുവദിക്കുകയില്ല.

കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത സ്ഥിതിക്ക് മ്അദനിയുടെ മുന്നിലുള്ള നിയമപരമായ ഏക മാർഗ്ഗം കോടതിയിൽ നിരപരാധിത്വം തെളിയിക്കുകയാണ്. നിയമത്തിന്റെ മാർഗ്ഗം സ്വീകരിക്കുമെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. പി.ഡി.പി. പ്രവർത്തകർ അവരുടെ വികാരം ശക്തിയായി പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് അൻവാർശ്ശേരിയിൽ അവർ നടത്തിവരുന്ന ഉപവാസ സമരം അവസാനിപ്പിക്കണെമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇസ്ലാമിക പണ്ഡിതന്മാരുടെയും മുസ്ലിം സമൂഹത്തിന്റെയും വികാരമാണ് ഈ ധർണ്ണയിൽ പ്രകടമാകുന്നത്. ഇനി വിഭാഗീയാടിസ്ഥനത്തിലുള്ള സമരങ്ങളിൽ നിന്ന് മുസ്ലിം സമൂഹം പിൻവാങ്ങണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മ്അദനിക്ക് നീതി ലഭ്യമാകണമെന്നത് പി.ഡി.പി.യുടെയൊ മുസ്ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. നാട്ടിൽ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.

മുസ്ലിങ്ങളാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം. ആ സ്ഥിതിക്ക് കേരളത്തിൽ ശാന്തിയും മതനിരപേക്ഷതയും നിലനിൽക്കുന്നെന്ന് ഉറപ്പുവരുത്താൻ മറ്റേതൊരു സമുദായത്തേക്കാളും കൂടുതൽ ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്വം മുസ്ലിം സമൂഹം നിറവേറ്റുമെന്ന് വിശ്വാസത്തോടെ ധർണ്ണ ഔപചാരികമായി ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

13 comments:

Anonymous said...

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര

niyas kaniyath said...

well said...the way krtka police n other agencies r behavin there is every chance 4 a large conspiracy!

നിസ്സഹായന്‍ said...

"രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അന്വേഷണങ്ങള്‍ മുസ്ലിങ്ങൾ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുക്കള്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ട ചില കുറ്റങ്ങള്‍ ചെയ്തത് ഹിന്ദുക്കളായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ മൊത്തത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുകയാണ്."

"മ്അദനിക്ക് നീതി ലഭ്യമാകണമെന്നത് പി.ഡി.പി.യുടെയൊ മുസ്ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്."


അടിമുടി ബ്രാഹ്മണീകരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങള്‍, പ്രത്യേകിച്ച് ഐബിയും പോലീസും ന്യൂനപക്ഷങ്ങളില്‍ മുസ്ലിം സമുദായത്തിനെതിരെയും ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയും നടത്തുന്ന സംഘടിപ്പിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനകള്‍ ശരിയായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്നഹികളുടെയും സംഘങ്ങള്‍ കൂട്ടായി ഇക്കാര്യത്തിന് ഒന്നിക്കേണ്ടിയിരിക്കുന്നു.

ഷെൽജ said...

മലയാളമനസ്സുകളെ ഭിന്നിപ്പിക്കാവുന്ന ഈ കേസുകളുടെ സത്യാവസ്ഥ; കേരളീയരായ സത്യനിഷ്ഠയും ആദർശശുദ്ധിയും നിഷ്പക്ഷനീതിബോധവുമുള്ള രാഷ്ട്രീയസാമുദായിക നേതാക്കൾ, ഭരണാധികാരികളുമായും നിയമ-അന്വേഷണമേധാവികളുമായും ഒന്നിച്ചുചേർന്ന് സത്യസന്ധമായി പരിശോധിച്ച് ഉറപ്പുവരുത്തണം. മലയാളക്കരയെ അത്യന്തം അപകടത്തിലാക്കാവുന്ന ഈ സാഹചര്യത്തിന്റെ നിജസ്ഥിതി വസ്തുനിഷ്ഠമായി മനസ്സിലാക്കി ദുരൂഹതകൾ നീക്കണം.ഇതു വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്. വളരെ അനിവാര്യമായ ജാഗ്രതയാണിക്കാര്യത്തിൽ ഒട്ടും വൈകാതെവേണ്ടത്.

Mohamed Salahudheen said...

നീതിനിഷേധത്തിനു പിറകില് രാഷ്ട്രീയതാല്പ്പര്യങ്ങളാണെന്നെല്ലാവര്ക്കുമറിയാം. തെറ്റുചെയ്തവനെ ശിക്ഷിക്കുന്നതില് ഏവരും യോജിക്കും. ചെയ്യാത്ത തെറ്റിന് ജയിലില്ക്കിടന്ന മഅ്ദനി, തന്നെ ബോംബറിഞ്ഞ് കാല് മുറിപ്പിച്ചവര്ക്കുപോലും മാപ്പുനല്കി. ഇതൊക്കെ വെറുതെ ഷോക്കായിരുന്നെന്നാവും ഇനി പറയുക. ദൈവത്തിനറിയാം, സത്യമെന്താണെന്ന്. അതൊരുനാള് മറനീക്കി പുറത്തുവരും

Joker said...

മദനിയെ അറസ്റ്റ് ചെയ്യുകയും വീണ്ടും കേരളത്തില്‍ അരക്ഷിതാവസ്ഥ സ്യഷ്ടിക്ക്കുകയും അങ്ങനെ ഉട്റ്റലെടുക്കാവുന്ന പ്രശ്നങ്ങളില്‍ കൂടി ഒരു വര്‍ഗ്ഗീയ ധ്രുവീകരണ്‍നവുമാണ് ഇതില്‍ കൂടി വര്‍ഗ്ഗീയ അച്ചു തണ്ട് ലക്ഷ്യമിടുന്നത്. ഇതില്‍ മുസ്ലിംഗള്‍ പരമാവധി ആത്മ സംയമനം പാലിക്കുകയും ശക്തമായ ജനകീയ പ്രതിരോധത്തിന് കൂടൂതല്‍ പേരെ അണി നിരത്തുകയും ചെയ്യേണ്ടതുണ്ട്. ഇനിയും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിച്ചു കൂടാ. ഈ ജനകീയ പ്രക്ഷോഭത്തിന് എല്ലാ ഐക്യ ദാര്‍ഡ്യവും പ്രഖ്യാപിക്കുന്നു.

നന്ദി.

അസുരന്‍ said...

കുറ്റം ചെയ്യാതെ പത്തു വര്‍ഷത്തോളം ജയിലില്‍ ജീവിതം നഷ്ടപ്പട്ടതിന് ഈ മനുഷ്യന് ആര് നഷ്ടപരിഹാരം കൊടുക്കും ? ഇനിയുമൊരു പക തീര്‍ക്കലിന് മദനിയെ വിട്ടു കൊടുത്താല്‍ സവര്‍ണ ശക്തികള്‍ക്ക് കാണിക്കുന്ന തോന്ന്യവാസങ്ങള്‍ ഇനിയും പിടിച്ചു നിര്‍ത്താനാകാതെ വരും.
മദനിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊള്ളുന്നു.

Anonymous said...

ഇനിയൊരു മുസ്ലിം നേതാവും ദലിതന്റെയും അവര്‍ണന്റെയും അവകാശങ്ങളെപ്പറ്റി മിണ്ടരുത്. ഇതാണ് മഅ്ദനിയില്‍ നിന്ന് മുസ്ലിങ്ങള്‍ക്കുള്ള പാഠം. ആ പാഠം അവര്‍ അനുസരിച്ചും തുടങ്ങിയെന്നും തോന്നുന്നു. ഇപ്പോള്‍ മഅ്ദനി ഉന്നയിച്ചപോലെ അവര്‍ണന്റെ അധികാരം എന്ന മുദ്രാവാക്യം ഉന്നയിക്കാന്‍ ഒറ്റ മുസ്ലിം നേതാവോ സംഘടനയോ ധൈര്യപ്പെടുന്നില്ല.ദലിതനോ അവര്‍ണനോ ഇത് മനസ്സിലാക്കുന്നുമില്ല. അവര്‍ വായിക്കുന്നതും മാതൃഭൂമിയും മറ്റുമല്ലേ?

chithrakaran:ചിത്രകാരന്‍ said...

മദനിക്ക് നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ടത് പിഡിപിയുടേയോ മുസ്ലീം സമൂഹത്തിന്റേയോ മാത്രം ആവശ്യമല്ല. മാനവികവും സ്വതന്ത്രവും മതനിരപേക്ഷവുമായ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരുടേയും ആവശ്യമായി ഇതു മാറേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ സവര്‍ണ്ണ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായുള്ള പോലീസിനേയും കോടതിയേയും ഉപയോഗിച്ചുകൊണ്ടുള്ള മനുഷ്യത്വവിരുദ്ധമായ സവര്‍ണ്ണ ഹൈന്ദവ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വര്‍ഗ്ഗീയതയും ഫാസിസ്റ്റ് അജണ്ടയും മറനീക്കിക്കാണിച്ചുകൊണ്ട് സമൂഹ മനസാക്ഷിക്കു മുന്നിലെത്തിക്കേണ്ടിയിരിക്കുന്നു.

ആയിരക്കണക്കിനു വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ബ്രാഹ്മണ ഹിന്ദു വര്‍ഗ്ഗീയതയുടെ ഫാസിസ്റ്റ് ആക്രമണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനും മദനിയെപ്പോലുള്ള നിരപരാധികളെ പ്രതികാരത്തോടെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയത്തെ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും തൂത്തെറിയാനും ജനം പ്രബുദ്ധരാകട്ടെ എന്ന് ചിത്രകാരന്‍ ആശിക്കുന്നു.
ബി.ആര്‍.പി.യുടെ പ്രസംഗ പോസ്റ്റിന് നന്ദി.

മരത്തലയന്‍ പട്ടേട്ടന്‍ said...

മദനി നിരപരാധിയാണ്. ഒന്‍പത് വര്‍ഷം ആ മഹാപണ്ഡിതനെ സവര്‍ണ്ണഭീകരഭരണകൂടം പീഡിപ്പിച്ചു. ഒരു സമുദായത്തെ പീഡിപ്പിക്കുന്നതിന് സമമായിരുന്നു അത്. ഇസ്ലാമിന്റെ പ്രതീകമാണ് മദനി. ലോകമുസ്ലീമിങ്ങളുടെ തന്നെ ഉത്തുംഗസ്ഥാനത്തുള്ള മതപണ്ഡിതനാണ് അദ്ദേഹം. മദനിയെ കള്ളക്കേസില്‍ കുടുക്കി ഇസ്ലാമിനെ ഇല്ലാതാക്കാനുള്ള സവര്‍ണ്ണ ഭീകര തീവ്രവാദമാണ് ഇതിലെ അന്തര്‍ദ്ധാര. ഇത് മനസ്സിലാക്കി മുഴുവന്‍ ഇസ്ലാം പിന്നോക്ക ദളിത ആ‍ദിവാസികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കണം. മദനിക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് തടിയന്റവിടെ നസീറും വെളിപ്പെടുത്തി. നസീറും നിരപരാധിയാണ്. ഇതിലെല്ലം സവര്‍ണ്ണ ഗൂഢാലോചയാണുള്ളത്. സവര്‍ണ്ണ ഭീകരതയാണ് ഏറ്റവും വലിയ പ്രശ്നം. മദനി ബലിയാടാക്കാന്‍ സവര്‍ണ്ണഭീകരര്‍ നടത്തിയതല്ലെ ബാംഗ്ലൂര്‍ സ്പോടനം എന്നും സംശയിക്കേണ്ടതുണ്ട്. മദനിയെ പോലൊരു നിരപരാധി പാവം പണ്ഡിതന്‍ ആയിരം വര്‍ഷം കൂടിയാലാണ് ജനിക്കുക. മദനിക്ക് വേണ്ടി ഇന്നാട്ടിലെ മുഴുവന്‍ അവര്‍ണ്ണരും സംഘടിച്ചു സവണ്ണഭീകരതയെ കെട്ട് കെട്ടിക്കുക. മദനിയെ അറസ്റ്റ് ചെയ്യും എന്ന് അറിഞ്ഞപ്പോള്‍ രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്താല്‍ ലക്ഷങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കും തീര്‍ച്ച. ഇത്രയും നിരപരാധിയായ മദനിയെ എന്തിനാ ഇങ്ങനെ പീഢിപ്പിക്കാന്‍ സവര്‍ണ്ണഭീകരത ശ്രമിക്കുന്നത്. സംശയമെന്താ ഇത് ഒരു സമുദായത്തെ മുഴുവന്‍ പീഡിപ്പിക്കാനുള്ള ശ്രമം തന്ന. മദനിയാണ് സമുദായം. സമുദായമാണ് മദനി. ഹല്ല പിന്നെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇങ്ങനെ ഒക്കെ ആണെങ്കിലും മുഖ്യധാരയിലെത്താന്‍ മദനി ശ്രമിക്കുമ്പോള്‍ അതിനെ ഇടതു പക്ഷം പിന്തുണച്ചാല്‍ നമ്മള്‍ അതിനെ വിമര്‍ശിച്ച് പോസ്റ്റെഴുതണം....ഇടതു പക്ഷം വര്‍ഗീയതയേയും തീവ്രവാദത്തേയും പ്രോത്സാഹിപ്പിക്കുന്നു എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയണം...

chithrakaran:ചിത്രകാരന്‍ said...

സിപി‌എം ന് സത്യസന്ധത എന്നൊന്നുണ്ടോ ?
അധികാരത്തിനും, പണത്തിനും വേണ്ടി ആരുമായും സന്ധിചെയ്യുന്ന സവര്‍ണ്ണ ഉടമസ്തതയിലുള്ള തൊഴിലാളി പാര്‍ട്ടി !!!
പ്രായോഗികമായ ലക്ഷ്യങ്ങളൊന്നുമില്ലാതെ...
തൊഴിലാളിത്വ മന്ത്രങ്ങളും,മുദ്രാവാക്യങ്ങളും ഉരുവിട്ട്
സവര്‍ണ്ണതയുടെയും പണിക്കരുടെയും ആശ്രിതത്വത്തില്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ് മാത്രമേ ഇരിക്കു എന്ന് നിര്‍ബന്ധമുള്ള
പാര്‍ട്ടി !!!

പണവും വോട്ടും ആരു തന്നാലും വാങ്ങും ഈ പാര്‍ട്ടി.
മദനിക്കു പിന്നാലെ ഇന്നലെവരെ ഓച്ഛാനിച്ചു നടന്നതും ആ വിശാലമനസ്കതകൊണ്ടു മാത്രം !!!

ബയാന്‍ said...

ജാമ്യവും പരോളും ഇല്ലാതെ പത്തു കൊല്ലത്തോളം ജയിലിൽ കഴിഞ്ഞ മനുഷ്യനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ട എന്ന ഉപദേശം നല്‍കുന്നത് കേട്ടപ്പോള്‍ മുല്ലപ്പള്ളിക്ക് കട്ടി മീശയേയുള്ളൂ എന്ന് കറുതി ഞാന്‍ സമാധാനിക്കട്ടെ.

തടിയന്റവിട നസീര്‍ താന്‍ മദനിക്കെതിരായി മൊഴികൊടുത്തിട്ടില്ല എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായ തുറന്നതിനെ കുറിച്ചും മുല്ലപ്പള്ളി ശബ്ദിക്കുന്നതായി കണ്ടു. തടിയന്റവിട നസീര്‍ ആരോട് പറയുന്നത് എന്നതിനേക്കാള്‍ പ്രസക്തം എന്തു പറയുന്നു എന്നതിനല്ലേ എന്ന് ആരും ചോദിച്ച് കണ്ടില്ല. ഇന്ത്യയുടെ ഒരു മന്ത്രി ഇങ്ങിനെയൊന്നും ആവരുതായിരുന്നു.