Saturday, March 28, 2009

ശശി തരൂർ: ബൂലോകം രണ്ട് തട്ടിൽ


‘Bloggers for Shashi Tharoor’ എന്നൊരു ക്യാമ്പെയ്ന്‍ തുടങ്ങിയിരിക്കുന്നതായി തിരുവനന്തപുരം ബ്ലോഗ്ഗര്‍ കെന്നി ജേക്കബ് അറിയിക്കുന്നു.

ഒരു രാഷ്ട്രീയ കക്ഷിക്കുവേണ്ടിയുള്ള ക്യാമ്പെയ്ന്‍ അല്ല ഇതെന്നും ശശി തരൂര്‍ ഇതുവരെ നാം കണ്ടതില്‍ നിന്ന് വ്യത്യസ്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെന്നി പറയുന്നു.

ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെയുള്ള ഒരു കക്ഷി ഏത് അത്താണിയെ നിര്‍ത്തിയാലും (പഴയ കാലത്തെ കുറ്റിച്ചൂല്‍ പ്രയോഗം ബോധപൂര്‍വം ഒഴിവാക്കുന്നു) അതിന്റെ തെരഞ്ഞെടുപ്പ് യന്ത്രത്തിന് പാര്‍ട്ടിയുടെ വോട്ടുകള്‍ അയാള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാനാകും. കാരണം ആ യന്ത്രത്തിന്റെ നിയന്ത്രണം പാര്‍ട്ടിയുടെ കയ്യിലാണ്. . (അച്യുതാനന്ദന്റെ മാരാരിക്കുളം അനുഭവം ചട്ടത്തെ തെളിയിക്കുന്ന അപവാദമായി കാണാം) കോണ്‍ഗ്രസ്സിനെപ്പോലുള്ള ഒരു കക്ഷിയില്‍ നേതാക്കള്‍ വ്യക്തിപരമായാണ് യന്ത്രം നിയന്ത്രിക്കുന്നത്. നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയില്ലെങ്കില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കിട്ടിയില്ലെന്നിരിക്കും.

വളരെ നേരത്തെ തന്നെ ഗ്രന്ഥകാരനെന്ന നിലയില്‍ സ്വന്തം വെബ്‌സൈറ്റ് ഉള്ളയാളാണ് ശശി തരൂര്‍. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഒരു തെരഞ്ഞെടുപ്പ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. അവിടെ സ്ഥാനാര്‍ത്ഥിയുടെ ‘ഫാന്‍’ ആകാനും പിന്തുണ നല്‍കാനുമൊക്കെയുള്ള സംവിധാനമുണ്ട്.

ഗ്രന്ഥകാരനായ ശശി തരൂറിന്റെ സൈറ്റ്

സ്ഥാനാര്‍ത്ഥിയായ ശശി തരൂറിന്റെ സൈറ്റ്

തരൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ബൂലോകത്തെ രണ്ട് തട്ടുകളിലാക്കിയിരിക്കുകയാണ്. കെന്നിയും കൂട്ടരും അദ്ദേഹത്തിന് അനുകൂലമായി എഴുതുമ്പോള്‍ അദ്ദേഹത്തിനെതിരെയും ബ്ലോഗര്‍മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.
സ്വാര്‍ത്ഥതാല്പര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിക്കുന്നുണ്ട്. യു. എന്‍. സെക്രട്ടറി ജനറല്‍ പദത്തിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമം അവര്‍ തെളിവായി ചൂണ്ടിക്കാണിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂര്‍ ജനറല്‍ സെക്രട്ടറി പദം കാംക്ഷിച്ചത് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ ഇന്ത്യാ ഗവണ്മെന്റിനെ അതിന് കരുവാക്കിയത് തെറ്റായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അണ്ടര്‍ സെക്രട്ടറി ജനറല്‍ വരെ തരൂര്‍ വഹിച്ച എല്ലാ സ്ഥാനങ്ങളും യു. എന്‍. ബ്യൂറോക്രസിയുടെ ഭാഗമാണ്. സെക്രട്ടറി ജനറലിന്റേത് രാഷ്ട്രീയ-നയതന്ത്ര പദവിയാണ്. ഇതിനുമുമ്പ് ഒരു അണ്ടര്‍ സെക്രട്ടറി ജനറല്‍ മാത്രമാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ശശീ തരൂറിന്റെ വ്യക്തിപരമായ മോഹത്തിന് കൂട്ടുനില്‍ക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം അപക്വമായിരുന്നു. യു. എന്‍. ചരിത്രം പരിശോധിച്ചാല്‍ ഒരു വലിയ രാജ്യത്തില്‍ നിന്നുള്ളയാള്‍ ഒരിക്കലും സെക്രട്ടറി ജനറലായിട്ടില്ലെന്ന് കാണാം. രക്ഷാ സമിതി അംഗത്വം പ്രതീക്ഷിക്കുന്ന ഇന്ത്യ ആ സ്ഥാനത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു.

ഇസ്രയേല്‍, കോക്കാ കോള തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിലും തരൂര്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

എതിരാളികളുടെ വാദങ്ങളില്‍ ചിലത് ഈ സൈറ്റുകളില്‍ വായിക്കാം.
http://un-truth.com/israel/for-fans-of-shashi-tharoor-he-says-that-india-envies-israel-for-its-gaza-operation

http://shevlinsebastian.blogspot.com/2008/02/kerala-is-fitfully-moving-in-right.html


http://www.facebook.com/group.php?gid=144116935382


http://www.indiaresource.org/campaigns/coke/2009/ircresponse.html

13 comments:

Anonymous said...

ശശി തരൂ‌ര്‍ മാറുന്ന ഇന്ത്യന്‍ വിദേശ നയത്തിന്റെ നേര്‍ രേഖയാണ് ..
അനന്തപുരിയിലെ ന്യുനപക്ഷ കോട്ടകളില്‍ ഈ 'ഇസ്രയേല്‍ ' സാനിധ്യം മുസ്ലിം ലീഗിനാണ് കൂടുതല്‍ തലവേദനയാവുക..

കിരണ്‍ തോമസ് തോമ്പില്‍ said...

BRP തരൂര്‍ എന്ന സ്ഥാനാര്‍ത്ഥി തിരുവനന്തപുരത്ത്‌ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണോ താങ്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌?

തരൂര്‍ എന്ന ആളുടെ വിവിധ വിഷയങ്ങളില്‍ ഉള്ള അഭിപ്രായ പ്രകടനങ്ങള്‍ വിലയിരുത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ അദ്ദേഹത്തെ വിലയിരുത്തുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്‌

ജനശക്തി said...

>>>"ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും."

അരേ വാഹ് വാഹ് !
തരൂര്‍ ഇദ്ദാരാ ഒബാമയുടെ നേരനിയനോ?

കൊക്കൊകോള കമ്പനിയുടെ കൗണ്‍സിലംഗവും, ഗാസയില്‍ കേറി ആയിരങ്ങളുടെ കുരുതിനടത്തിയതിനു ഇസ്രയേലിന്റെ ആവേശം കണ്ട് ഇന്ത്യയ്ക്ക് അസൂയ തോന്നുന്നു എന്നെഴുതിയവനുമായ സസി തറൂറിന്റെ മൂടുതാങ്ങിക്കൊടുക്കാന്‍ മാധ്യമപുങ്കവന്മാരും ചാനല്‍ ചര്‍ച്ചാ സിംഹങ്ങള്‍ക്കും എന്തൊരു ആവേശം.

പ്ലാച്ചിമടയില്‍ പോയാല്‍ മൈലമ്മയെ താങ്ങും, ജലചൂഷണത്തിനെതിരേ ഘോരഘോരം വാഗ്ധോരണി, അധിനിവേശപ്രതിരോധ സമിതി, സാമ്രാജ്യത്വവിരുദ്ധ സമിതി, വേള്‍ഡ് സോഷ്യല്‍ ഫോറം, ആവേശ സമിതി, ആഘോഷ സമിതി...എന്തെല്ലാം കെട്ടുകാഴ്ചകള്‍.

നടക്കട്ടെ സാറേ നടക്കട്ട്. അടുത്ത പ്ലാച്ചിമട വാര്‍ഷികത്തിനു സാറുതന്നെ മുക്കിയാതിഥി. പാലക്കാട്ടേയ്ക്ക് ഏ.സി ടിക്കറ്റയച്ചുതരാം വരണേ.

nalan::നളന്‍ said...

ശശി താരൂരിന്റെ സ്വപ്നം ഫുള്‍ കളറില്‍ ഇവിടുണ്ട്...

Unknown said...

കോണ്‍ഗ്രസ് നിയോജകമണ്ഡലത്തില്‍ തന്റെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയും വിമതപ്പോരാളിയുമായ വിജയന്‍ തോമസിനെ സാമദാനശൈലിയില്‍ തറപറ്റിച്ചുകൊണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ശ്രീ ശശി തരൂര്‍ വിജയിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ത്തന്നെ ഇത്തരമൊരു വിജയം കൊയ്തെടുത്ത ശ്രീ ശശി തരൂരിനെ ഹൈക്കമാന്‍ഡും ബ്ലോഗര്‍മാരിലെ ഒരു “തട്ടും“ അഭിനന്ദിച്ചു.

യിന്നത്തെ ചുടുവാര്‍ത്ത...വാങ്ങിന്‍...വായിപ്പിന്‍..

Srivardhan said...

ജനശക്തി,താന്കള്‍ എന്തിനാണ് ഇത്ര വ്യാകുലത...
ഇതാ ഇത് കണ്ടില്ലേ,ബീയാര്‍പി സാര്‍ പറയുന്നത് നോക്കൂ (അദ്ദേഹത്തി ന്‍റെ മറ്റൊരു പോസ്റ്റില്‍)
...." പക്ഷെ നിലവിലുള്ള സാഹചര്യങ്ങളിൽ ഈ രാജ്യത്ത് ഒരു ഇടതുപക്ഷം, അതായത് പുരോഗമന ചേരി,ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം."

എന്ത് നല്ല സ്നേഹം,എന്ത് നല്ല പ്രത്യുത് പന്ന മതിത്വം..രാജ്യത്ത്‌ ഒരു ഇടതു ചേരി ഉണ്ടാവണം, എന്നിട്ടോ അവര്‍ ശശി തരൂര്‍ ലവലില്‍ ഉള്ള ടീംസ്നെ ഭാസ്കരന്‍സാറിനെ പോലെ സപ്പോര്‍ട്ട് ചെയ്യണം..പിന്നെയോ, ചെങ്ങറയിലും പ്ലാച്ചിമടയിലും പോയി 'ജനപക്ഷ' ഗീര്‍വാണമടിക്കണം,ചാടി തിരോന്തരത്തു വന്നു കൊക്കോകോളയില്‍ വച്ച് തന്നെ സ്വന്തം സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിച്ച, മറ്റൊരു "ചെങ്ങറ' ആയ പാലസ്ടീനില്‍ നരനായാട്ട് കണ്ടു 'ഇതെങ്ങനെ ഇത്ര സുന്ദരമായി' സാധിക്കുന്നു എന്ന് കോള്‍മയിര്‍ കൊണ്ട തരൂരിനെ പൊക്കി പറയണം..ഇതാണ് ഒരു സ്റ്റൈല്‍...ഇതാണ് ഇന്ന് കേരളത്തില്‍ നല്ലോണം ചെലവാകുന്ന ചാനല്‍ അന്തിചര്‍ച്ച കച്ചോടത്തിന്‍റെ marketing ഗുട്ടന്‍സ്..

yousufpa said...

ശശി തരൂര്‍ ഇന്ത്യയ്ക്ക് പാരയാകും...

BHASKAR said...

കിരണ്‍: Bloggers for Shashi Tharoorന്റെ സന്ദേശം കിട്ടിയപ്പോള്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാമെന്ന് കരുതി. നെറ്റില്‍ തരൂരിനെതിരായ പ്രചരണവും നടക്കുന്നതുകൊണ്ട് അക്കാര്യവും പരാമര്‍ശിച്ചു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ മുന്നണിക്കൊ അനുകൂലമായൊ പ്രതികൂലമായൊ ഇപ്പോള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് അവസരങ്ങളിലെന്നപോലെ തെരഞ്ഞെടുപ്പ് കാലത്തും ഒരു സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ എന്ത് സംഭവിക്കുന്നുവെന്നതിനെ ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. സമൂഹത്തിന് എന്ത് സംഭവിക്കുന്നുവെന്നതാണ് പ്രശ്നം.

BHASKAR said...
This comment has been removed by the author.
abhilash attelil said...

ബി ആര്‍ പി സാറെ,
സാറ് നല്ല തമാശകാരന്‍ തന്നെ.തിരെഞ്ഞെടുപ്പ് കാലത്ത് ഒരു കക്ഷിക്കോ പാര്‍ട്ടിക്കോ അനുകൂലമായി എഴുതില്ലാണ് പറഞ്ഞിരിക്കണേ ഒന്ന് മാറ്റി എഴുതണം.കോണ്‍ഗ്രെസ്സിനെതിരെയോ അവരുടെ സ്ഥാനര്തിക്കെതിരെയോ എഴുതില്ലാന്നാക്കണം.അല്ലെങ്കില്‍ വിപ്ലവപത പി ഡി പി യി ലൂടെയോ എന്നാ പോസ്റ്റ് മാറ്റണം.

abhilash attelil said...
This comment has been removed by the author.
ആൾരൂപൻ said...

സര്‍, ഞാന്‍ ഈ കമന്റ്‌ എഴുതുന്നത്‌ എന്റെ സുഹൃത്തിന്‌ blog-ന്റെ വിവിധ വശങ്ങള്‍ കാണിച്ചികൊടുക്കുവാന്‍ വേണ്ടി മാത്രമാണ്‌. ക്ഷമിക്കുക.

keralafarmer said...

സര്‍,
ഒരു സ്വതന്ത്ര ചിന്താഗതിക്കാരനും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ വോട്ടറുമാണ് ഞാന്‍. കെന്നിയോടൊപ്പം ശശി തരൂറിന് പിന്തുണയുമായി പോയ ഒരു കര്‍ഷകന് അവതരിപ്പിക്കുവാനുണ്ടായിരുന്നത് എന്നാലാവും വിധം അവതരിപ്പിച്ചു. ആറ്റിങ്ങലില്‍ ആര്‍ക്ക് വോട്ടുകൊടുക്കണം എന്ന് ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുകയാണ്. ഇതുവരെ മുന്‍തൂക്കം സമ്പത്തിനാണ്. ഭൂരിപക്ഷ അഭിപ്രായം അതാണെങ്കില്‍ ഞാനും എന്റെ കുടുംബവും സമ്പത്തിന് വോട്ട് ചെയ്യും. ലാവലില്‍, പി.ഡി.പി, കഴിഞ്ഞ സമയത്ത് മന്ത്രിപദങ്ങള്‍ വേണ്ട എന്ന തീരുമാനം ഇവയിലൊക്കെ എതിര്‍പ്പും ഉണ്ട്. നാം വോട്ടുചെയ്യുന്നത് ആരെയും മൂടു താങ്ങാനല്ല. തുറമുഖവകുപ്പ് മന്ത്രി ആകാന്‍ പി.കെ വാസുദേവന്‍ നായര്‍ക്കാകുമായിരുന്നില്ലെ? ആയിരുന്നെങ്കില്‍ വിഴിഞ്ഞം എന്നായി എന്ന് കണ്ടാല്‍ മതിയായിരുന്നു. ലാലുവിന്റെയും വേലുവിന്റെയും ബാലുവിന്റെയും പുറകേ പോയി നാണം കെട്ടത് മിച്ചം. അത് തമിഴ്‌നാടിനെ കണ്ട് പഠിക്കണം നമ്മുടെ പത്തൊന്‍പത് എം.പിമാരും. ഒരു സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി വോട്ടുകൊണ്ടുമാത്രമല്ല ജയിക്കുന്നത്. മറിച്ച് നസ്വതന്ത്ര വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനം തെളിയിച്ച മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വോട്ടര്‍മാര്‍ അല്പം മാറിമറിഞ്ഞു എന്നൊരു വ്യത്യാസവും ഉണ്ട്.