Sunday, February 10, 2008

വല്ലാര്‍പാടം: ജനശക്തി പത്രാധിപരുടെ പ്രതികരണം

വല്ലാര്‍പാടം കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച കിരണ്‍ തോമസ് തോമ്പിലിന്റെ സന്ദേശത്തില്‍ ജനശക്തിയെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു. അതിലേക്ക് ഞാന്‍ ജനശക്തി പത്രാധിപര്‍ ജി. ശക്തിധരന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രതികരണം താഴെ കൊടുക്കുന്നു:

പ്രിയ ബി ആര്‍ പി

വല്ലാര്‍പാടം വിഷയം ജനശക്തിയുടെ മുന്‍ലക്കങ്ങളില്‍ ശ്രീ സി ആര്‍ നീലകണ്‌ഠന്‍ വിശദമായി എഴുതിയിരുന്നതാണ്‌. ഇക്കാര്യത്തില്‍ ജനശക്തി നിലപാടില്‍ യാതൊരു ആശയക്കുഴപ്പത്തിനും വഴിവെച്ചിട്ടില്ല. ഈ കുടിയൊഴിപ്പിക്കലിനെതിരെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ എറണാകുളത്ത്‌ എത്തിയിരുന്ന പലരുമായും ആ ദിവസങ്ങളില്‍ നിരന്തരം ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ നിലപാടിന്‌ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട്‌ ഇടപെടുന്നില്ല എന്ന ഈ പൊതുപ്രവര്‍ത്തകരുടെ ആശങ്കക്കൊപ്പം തന്നെ ആയിരുന്നു ജനശക്തിയും.

മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത ദിവസം നോക്കിയാണ്‌ ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നത്‌ യാദൃശ്‌ചികമല്ലെന്ന്‌ ചിലര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെയും മറ്റും സന്ദര്‍ശിക്കുന്നതിന്‌ മുഖ്യമന്ത്രി ദില്ലിയില്‍ ആയിരുന്നതുകാരണം ആ ദിവസം മുഖ്യമന്ത്രിയെ ബന്ധപ്പെടുന്നതിന്‌ ഈ പൊതുപ്രവര്‍ത്തകര്‍ക്ക്‌ ഏറെ ക്ലേശം സഹിക്കേണ്ടി വന്നുവെന്നാണ്‌ മനസിലാക്കാന്‍ കഴിയുന്നത്‌. പ്രധാനമന്ത്രിക്കു പുറമെ മറ്റുചില കേന്ദ്രമന്ത്രിമാരെ കൂടി മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നല്ലോ. സംഭവദിവസം വളരെ വൈകിയാണെങ്കിലും ദില്ലിയില്‍ നിന്നുതന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടുകയും ഇപ്പോഴത്തെ നടപടി തുടരരുതെന്ന്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തുവെന്നാണ്‌ ഈ പൊതുപ്രവര്‍ത്തകരില്‍ നിന്ന്‌ പിന്നീട്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌. മാത്രവുമല്ല ദില്ലിയില്‍ നിന്ന്‌ തിരിച്ചെത്തിയ ശേഷം ഈ കുടിയൊഴിപ്പിക്കലിനെതിരെ രംഗത്തെത്തിയ അജിതയടക്കമുള്ള പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകരെ മുഖ്യമന്ത്രി ബന്ധപ്പെടുകയും പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തിക്കഴിഞ്ഞതായി അറിയിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അജിത തന്നെ ശനിയാഴ്‌ച ജനശക്തിയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ ആരെയെങ്കിലും രക്ഷിക്കുന്നതിനോ എന്തെങ്കിലും മറച്ചു പിടിക്കുന്നതിനോ അല്ല ജനശക്തി ഈ വസ്‌തുതകള്‍ ഇവിടെ വെളിപ്പെടുത്തുന്നത്‌. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാവുന്നില്ലെങ്കില്‍ ജനശക്തിയുടെ അടുത്തുപുറത്തിറങ്ങുന്ന ലക്കത്തില്‍ അതിശക്തമായ രീതിയില്‍ പ്രതികരിക്കണമെന്നു തന്നെയായിരുന്നു ഞങ്ങള്‍ ആലോചിച്ചിരുന്നത്‌. പൊതുമുതല്‍ കവര്‍ന്നെടുക്കകയും ജനങ്ങളുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കുകയും അധികാരദണ്ഡുപയോഗിച്ച്‌ കുടിയൊഴിപ്പിക്കലടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ മുഖം നോക്കാതെ തന്നെ ജനശക്തി ഇതേവരെയുള്ള ലക്കങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്‌.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെയും ഈ വിമര്‍ശനം പലവട്ടം ഉയര്‍ത്തിയിട്ടുണ്ട്‌. ഈ സമീപനം ഇനിയും തുടരുകയും ചെയ്യും. ഇക്കാര്യത്തില്‍ ശ്രീ ബി ആര്‍ പിയുടെ നിലപാടുകള്‍ക്ക്‌ ഒപ്പം നില്‍ക്കാനാണ്‌ ജനശക്തിയും ആഗ്രഹിക്കുന്നത്‌. അതേസമയം ശ്രീ ബി ആര്‍ പി ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇടയാക്കിയ ബ്ലോഗര്‍ ഇത്തരം വിഷയങ്ങളില്‍ സ്വീകരിച്ചുകാണാറുള്ള നിലപാടുകള്‍ പലപ്പോഴും ഏതെങ്കിലും പക്ഷത്തിനു വേണ്ടിയുള്ളതാണോ എന്ന്‌ പ്രഥമദൃഷ്ട്യാ തന്നെ സംശയിക്കേണ്ട സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ സദുദ്ധേശപരമല്ലാത്ത വിമര്‍ശനങ്ങള്‍ നിരന്തരം ബ്ലോഗുകളില്‍ കൂടി നടത്തിക്കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. അതില്‍ അദ്ദേഹത്തിന്‌ ഉള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പല കാര്യങ്ങളിലും അവസാന വിധിതീര്‍പ്പിലെത്തുമ്പോള്‍ ഈ ഘടകം നമുക്ക്‌ വിസ്‌മരിക്കാനുമാവില്ല.

3 comments:

അങ്കിള്‍ said...

കിരണ്‍ തോമസ്‌ ബഹുഃ അച്ചുതാനന്ദനെതിരെ എഴുതിയപ്പോഴെല്ലാം അതിനു കാരണവും കാണിച്ചിരുന്നുവെന്നാണ് ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നത്‌. എതിര്‍പ്പുള്ളവരെല്ലാം അവിടെ പ്രതികരിക്കുകയും ചെയ്തുവല്ലോ.
-----------------------
മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ സദുദ്ധേശപരമല്ലാത്ത വിമര്‍ശനങ്ങള്‍ നിരന്തരം ബ്ലോഗുകളില്‍ കൂടി നടത്തിക്കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌.
--------------------------
ജനശക്തിയുടെ മേല്‍പ്പറഞ്ഞ വാചകങ്ങള്‍ മുഖവിലക്കെടുക്കാന്‍ പ്രയാസമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ബി.അര്‍.പി. അച്ചുതാനന്ദന്‍ ഇല്ലാത്ത ദിവസമാണ് കുടി ഒഴിപ്പിക്കല്‍ നടന്നത് എന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ ഇന്ന് വരെ ഈ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നീതി ലഭിച്ചിട്ടില്ലാ എന്ന് ഞാന്‍ അറിയിക്കട്ടെ. വ്യാജ സി.ഡി. പിടിക്കാന്‍ പോയ റിഷിരാജ് സിങ്ങിന്റെ ചുമതല തെറിച്ചപ്പോള്‍ അതേ ആവേശത്തില്‍ അത് തിരിച്ച് കൊടുപ്പിച്ച ആളാണ് മുഖ്യമന്ത്രി.എന്നാല്‍ ഈ ആവേശം ഈ വിഷയത്തില്‍ കണ്ടില്ലാ എന്ന് ഞാന്‍ അറിയിച്ചുകൊള്ളട്ടേ. കുടിയൊഴിപ്പിക്കല്‍ നടന്ന രാത്രിയില്‍ ഇന്ത്യാവിഷനില്‍ സി.അര്‍. നീലകണ്ഠനോട് നികേഷ വി.എസിന്റ നിലപാട് എന്ത് എന്ന് ചോദിച്ചപ്പോള്‍ വി.എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്റ്റുണ്ട് എന്ന് മാത്രമാണ് അറിയാന്‍ കഴിഞത്. യാതോരു നോട്ടീസുമില്ലാതെ പുനരിധിവാസമോ പ്ണമോ നല്‍കാതെ സര്‍ക്കര്‍ മെഷിനരി ഉപയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവന് 4 സിവസം കഴിഞും നീതി ലഭിക്കുന്നില്ല എങ്കില്‍ അത് മുഖ്യമന്ത്രിയുടെ നേട്ടമായി കരുതാമോ?

പിന്നെ ഒരു വിയോജിപ്പുകൂടി ഞാന്‍ അറിയിക്കുന്നു. താങ്കള്‍ക്ക് ഞാന്‍ പേഴ്‌സണലായി അയച്ച ഒരു കത്തിന് ബ്ലോഗിലൂടെ മറുപടി പറയുന്നു എന്നത് എത്രത്തോളം ശരിയാണ് എന്ന് എനിക്ക് സംശയമുണ്ട്. ഇനി ജനശക്തിക്കാര്‍ പറഞ്ഞത് പോലെ ഞാനും വെറുക്കപ്പെടെണ്ടവനാണ് എന്നറിയിക്കുക താങ്കളുടെ ലക്ഷ്യമെങ്കില്‍ അത് അംഗീകരിച്ച് തരുന്നതിനും എനിക്ക് ബുദ്ധുമുട്ടില്ല.