ബി.ആർ.പി. ഭാസ്കർ
സംഘ പരിവാർ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യവർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ സാംസ്കാരിക മണ്ഡലത്തിലെ കാവിവത്കരണത്തിനാകും ഒന്നാം സ്ഥാനം നൽകുക. ഈ രംഗത്ത് നടത്തിയ തരത്തിൽ ഏകാഗ്രതയോടെയുള്ള പ്രവർത്തനം മോദിയും കൂട്ടാളികളും മറ്റൊരു രംഗത്തും നടത്തിയിട്ടില്ല. കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സർക്കാർ മലയാളി എഴുത്തുകാരനായ സേതുവിനോട് നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടത്. സർക്കാരിന്റെ കീഴിലുള്ള പ്രസിദ്ധീകരണ സംവിധാനത്തിന്റെ കാവിവത്കരണം അത്രയും കാലം വൈകരുതെന്ന നിർബന്ധബുദ്ധി അതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
സാംസ്കാരിക മേഖലയിൽ സമ്പൂർണ്ണ ഹിന്ദുത്വ ആധിപത്യം സ്ഥാപിക്കുകയെന്നത് ഈ സർക്കാരിന്റെ ലക്ഷ്യമാണെന്ന് വ്യക്തമാക്കുന്ന വേറെ പല നീക്കങ്ങളും ഇതിനകം നടന്നിട്ടുണ്ട്. അതിലൊന്നാണ് സിനിമാ രംഗത്തെ ഇടപെടൽ. വിശ്വാസ്യയോഗ്യരായ സിനിമാപ്രവർത്തകർ ഹിന്ദുത്വ ചേരിയിൽ ഇല്ലാത്തതുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന പേരിൽ അറിയപ്പെടുന്ന സെൻസർ ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ അത് പുന:സംഘടിപ്പിച്ചിരുന്നില്ല. ബി.ജെ.പിക്ക് താല്പര്യമുള്ള ഒരു സിനിമക്കു ബോർഡ് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ പെട്ടെന്ന് ഒരു അപ്പീൽ കമ്മിറ്റി തല്ലിക്കൂട്ടി അനുമതി നൽകി. ബോർഡ് അദ്ധ്യക്ഷയും പ്രശസ്ത നർത്തകിയുമായ ലീലാ സാംസണും അംഗങ്ങളും ഇതിൽ പ്രതിഷേധിച്ച് രാജി വെച്ചത് പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാരിനെ നിർബന്ധിച്ചു. ബോർഡ് അദ്ധ്യക്ഷപദം വഹിക്കാൻ അത് കണ്ടെത്തിയത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി “ഹർ ഹർ മോദി, ഘർ, ഘർ മോദി” എന്നൊരു ചിത്രം നിർമ്മിച്ച പഹ്ലജ് നിഹലാനി എന്ന പ്രൊഡ്യൂസറെയാണ്. അദ്ദേഹത്തിന്റെ ‘സദാചാര‘ സമീപനം സിനിമാ പ്രവർത്തകരെ അസ്വസ്ഥരാക്കി തുടങ്ങിയിട്ടുണ്ട്.
കാവിവത്കരണത്തിന് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്. എസ്) ആണ്. കോൺഗ്രസ് ഭരണകാലത്തു തന്നെ സാംസ്കാരിക സംഘടനയെന്ന നിലയിൽ അത് അംഗീകാരം നേടിയിരുന്നു. ഗാന്ധി വധത്തെ തുടർന്ന് കേന്ദ്രം നിരോധിച്ച സംഘടനായാണത്. സാംസ്കാരിക സംഘടനയാണെന്നും രാഷ്ട്രീയ രംഗത്തു നിന്നും വിട്ടു നിൽക്കുമെന്നും ഉറപ്പു നൽകിയശേഷമാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ നിരോധനം നീക്കിയത്. ജനസംഘത്തിന്റെ കാലത്ത് പിന്നിൽ നിന്ന് ചരടു വലിച്ചതല്ലാതെ ആർ.എസ്.എസ്. രാഷ്ട്രീയത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. എന്നാൽ അടിയന്തിരാരാവസ്ഥക്കാലത്ത് അത് രഹസ്യ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. ഭാരതീയ ജനതാ പാർട്ടിയുടെ രൂപീകരണത്തിനുശേഷവും ആർ.എസ്.എസ്. നേതൃത്വം പിന്നിൽ നിന്നതേയുള്ളു. എന്നാൽ അതിന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണ് നരേന്ദ്ര മോദിക്ക് ലാൽ കിഷൻ അദ്വാനിയുടെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും എതിർപ്പ് മറികടന്നു ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെയും ബൂത്തുതല പ്രവർത്തനത്തിന്റെയും ചുമതല ആർ.എസ്.എസ്. നേരിട്ട് ഏറ്റെടുത്തു. തെരഞ്ഞെടുപ്പു വിജയത്തിനുശേഷം മോദി നാമനിർദ്ദേശം ചെയ്ത അമിത് ഷാ ബി.ജെ.പിയുടെ അദ്ധ്യക്ഷനായി. അതോടൊപ്പം പാർട്ടിയിൽ പല നിർണ്ണായക സ്ഥാനങ്ങളിലേക്കും ആർ.എസ്.എസ് അതിന്റെ ഭാരവാഹികളെ നിയോഗിച്ചു. ഹരിയാനാ നിയമസഭയിൽ ഭൂരിപക്ഷം നേടിയപ്പോൾ ആജീവനാന്ത സംഘ് പ്രവർത്തകനെയാണ് മുഖ്യമന്ത്രിയാക്കിയത്. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോൾ ബി.ജെ.പിക്ക് ലോക് സഭയിൽ ഭൂരിപക്ഷം നേടുന്നതിന് മറ്റ് കക്ഷികളുടെ സഹായം ആവശ്യമായിരുന്നു. അതുകൊണ്ടു സംഘ് പരിവാർ താല്പര്യപ്രകാരം പർട്ടിയുടെ പ്രകടനപത്രികയിൽ ചേർത്ത പല പരിപാടികളും മരവിപ്പിക്കപ്പെട്ടു. പക്ഷെ അധികാരം ഉപയോഗിച്ച് വിദ്യാഭ്യാസ രംഗത്തും മറ്റും ഹിന്ദുത്വ ആശയങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ ശ്രമം നടന്നു. ലോക് സഭയിൽ സ്വന്ത നിലയിൽ ഭൂരിപക്ഷവും രാജ്യത്തെ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും നേടിയതോടെ ശിവസേന ഉൾപ്പെടെ ഒരു കക്ഷിയെയും പ്രീണിപ്പിക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആർ.എസ്.എസ്.
ഹിന്ദുത്വ ആശയങ്ങൾക്കൊത്ത രീതിയിൽ ഇന്ത്യാ ചരിത്രം പുനരാഖ്യാനം ചെയ്യാൻ വാജ്പേയിയുടെ കാലത്തു തുടങ്ങിയ ശ്രമം മുന്നോട്ടുകൊണ്ടു പോവുകയെന്നത് മോദി സർക്കാർ മുൻഗണന നൽകുന്ന വിഷയമാണ്. ആ ദൌത്യം നിർവഹിക്കാൻ കെല്പുള്ള വ്യക്തിയല്ല തന്റെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് കൃത്യമായ ധാരണ പോലുമില്ലാത്ത മാനുഷികവിഭവ വകുപ്പു മന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ ചാന്ദ്നി ചൌക്കിൽ നിന്ന് 2004ൽ മത്സരിക്കുമ്പോൾ സമർപ്പിച്ച നാമനിർദ്ദേശപത്രികയിൽ ബി.എ. പഠനം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ കൊല്ലം അമേത്തിയിൽ നൽകിയ പത്രികയിൽ ബി.കോം. പാർട്ട് 1 പാസായെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുള്ളതായി അവർ അവകാശപ്പെട്ടു. മറ്റ് പത്ത് എം.പി.മാരുമൊത്ത് യേൽ സംഘടിപ്പിച്ച ഒരു ആറു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കൊടുത്ത സർട്ടിഫിക്കറ്റിനെയാണ് അവർ ഡിഗ്രിയായി ചിത്രീകരിച്ചത്. വിദ്യാഭ്യാസമന്ത്രിയാകാൻ ഉയർന്ന വിദ്യാഭ്യാസം വേണമെന്നില്ല. എന്നാൽ വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷി വേണം. തന്റെ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അതിന്റെ അഭാവം പ്രകടമാണ്. അങ്ങനെയൊരാളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തുമ്പോൾ പിൻസീറ്റ് ഡ്രൈവിങ് പ്രതീക്ഷിക്കാവുന്നതാണ്.
പിൻസീറ്റിൽ ഒരാളല്ല, സംഘ പരിവാർ നിയോഗിച്ചിട്ടുള്ള പലരുണ്ട്. അതിലൊരാൾ ദീനാ നാഥ് ബത്ര ആണ്. ശിക്ഷാ ബച്ചാഒ ആന്ദോളൻ സമിതി എന്ന സംഘടനയുടെ പേരിൽ കേസ് ഫയൽ ചെയ്തു ഭീഷണിപ്പെടുത്തി പെൻഗ്വിൻ ഇൻഡ്യ എന്ന പ്രസാധകരെ അമേരിക്കൻ പ്രൊഫസർ വെൻഡി ഡോണിഗർ എഴുതിയ “ദ് ഹിൻഡൂസ്: ആൻ ആൾട്ടെർനേറ്റീവ് ഹിസ്റ്ററി” എന്ന പ്രാമാണിക ഗ്രന്ഥത്തിന്റെ എല്ലാ കോപ്പികളും പിൻവലിച്ച് നശിപ്പിക്കാനും പുതിയ എഡിഷനുകൾ ഉപേക്ഷിക്കാനും നിർബന്ധിച്ചയാളാണ് സ്കൂൾ അദ്ധ്യാപകനായിരുന്ന ബത്ര. ശിക്ഷാ സംസ്കൃതി ഉഥാൻ ന്യാസ് എന്നൊരു പോക്കറ്റ് സംഘടനയുമുണ്ട് അദ്ദേഹത്തിന്. അത് മോദി സർക്കാർ അധികാരമേറ്റ സമയത്ത് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം രാജ്യസ്നേഹം വളർത്തുന്നതിനും ഭാരതീയ പാരമ്പര്യവും സാമൂഹ്യ അവബോധവും ആത്മീയതയും പ്രതിഫലിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ വിദ്യാഭ്യാസം ഉടച്ചുവാർക്കണമെന്നും പാഠപുസ്തകങ്ങൾ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ശക്തിപ്പെടുത്താൻ അതാവശ്യമാണെന്നാണ് ബത്ര പറയുന്നത്. ഹിന്ദുത്വത്തെ ശക്തിപ്പെടുത്താൻ എന്ന് പറയുന്നതാണ് ശരി. ബത്രയുടെ ഇടപെടലിനെ തുടർന്ന് സ്മൃതി ഇറാനി നാഷനൽ കൌൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് ഡയറക്ടർ പർവീൻ സിങ്ക്ലയറിനുമേൽ കരിക്കുലം ചട്ടക്കൂട്ടിൽ മാറ്റങ്ങൾ വരുത്താൻ സമ്മർദ്ദം ചെലുത്തി. അവർ വഴങ്ങിയില്ല. തുടർന്ന് സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി സർക്കാർ ആരോപിച്ചു. ആരോപണത്തിനു മറുപടി നൽകാൻ അവസരം നൽകാതെ രാജി വെക്കാൻ മന്ത്രി അവരെ നിർബന്ധിച്ചു. കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ അവർ പടിയിറങ്ങി. പുരാണകഥകൾ ചരിത്രവസ്തുതകളാണെന്നു വാദിക്കുന്ന യെല്ലപ്രഗഡ സുദർശൻ റാവുവിനെ ഇൻഡ്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ അദ്ധ്യക്ഷനായി നിയമിച്ചു കൊണ്ടാണ് സ്മൃതി ഇറാനി ചരിത്രപുനർനിർമ്മിതിക്ക് കളമൊരുക്കിയിരിക്കുന്നത്. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളിൽ പുരാവസ്തു വകുപ്പ് ഗവേഷണം നടത്തണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തെ പുച്ഛിച്ചു തള്ളേണ്ട കാര്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രഗവേഷണ പരിപാടിയുടെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കണം. ജാതിവ്യവസ്ഥയെ കുറിച്ച് ഏതാനും കൊല്ലം മുമ്പ് എഴുതിയ ബ്ലോഗ് സുദർശൻ റാവു അതിനെ സാമൂഹ്യതിന്മയായി കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം അതിൽ കണ്ട ഒരേ ഒരു കുഴപ്പം മുസ്ലിം ആക്രമണങ്ങളുടെയും ഭരണത്തിന്റെയും ഹലമായി അത് ദൃഢീകരിക്കപ്പെട്ടു എന്നതാണ്. മുസ്ലിം ആക്രമണങ്ങൾക്ക് ആയിരം കൊല്ലം മുമ്പ് --- ഇസ്മാമിന്റെ ആവിർഭാവത്തിനും മുമ്പ് – രചിക്കപ്പെട്ട ഭാരതീയ കൃതികളിൽ സമത്വം എന്ന ആശയത്തെ പാടെ തിരസ്കരിക്കുന്ന ജാതിവ്യവസ്ഥയെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. ജാാതിവ്യവസ്ഥയുടെ ചരിത്ര പശ്ചാതലം എന്തുതന്നെയായാലും അത് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്ന സമത്വം എന്ന ആശയത്തിനു കടകവിരുദ്ധമാണ്. ഈ വസ്തുത ഹിന്ദുത്വവാദികൾ ഇനിയും പരസ്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു.
റോമിനെപ്പോലെ ഡൽഹിയെ ഒരു പൈതൃക നഗരമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ഇപ്പോൾ യുണൈറ്റഡ് നേഷൻസ് എജുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കൊ) മുന്നിലുണ്ട്. ഷാജഹാനബാദ് എന്ന പഴയ നഗരവും ലുട്ട്യൻസ് നിർമ്മിച്ച പുതു ദില്ലിയുമാണ് പദ്ധതിയിൽ കേന്ദ്ര ബിന്ദുക്കളായി അടയാളപ്പെടുത്തിയിട്ടുള്ളത്. ഒന്ന് മുസ്ലിം കാലഘട്ടത്തിലും മറ്റേത് ബ്രിട്ടീഷു കാലഘട്ടത്തിലും ഉണ്ടായതായതുകൊണ്ട് പരിവാർ പക്ഷപാതികൾക്ക് ഈ പദ്ധതിയിൽ താല്പര്യമില്ല. പുരാണങ്ങളിലെ ഹസ്തിനപുരവും ഇന്ദ്രപ്രസ്ഥവും ഡൽഹി പ്രദേശത്താണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലു ം അവയുടെ ശേഷിപ്പുകളൊന്നും ലഭ്യമല്ല. ചരിത്ര വസ്തുതകളെ സത്യസന്ധതയോടെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ് പൈതൃക പദ്ധതിയോടുള്ള മോദി സർക്കാരിന്റെ നിഷേധാത്മക സമീപനം വെളിവാക്കുന്നത്. സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത് നാടക അക്കാദമി, നാഷനൽ ലൈബ്രറികൾ, ആന്ത്രപോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ സാംസ്കാരിക വകുപ്പിന്റെ കീഴിലാണ്. അവയിൽ ഏതാനും പരിവാർ അനുഭാവികളെ നിയോഗിച്ചു കഴിഞ്ഞു. മുൻസർക്കാർ നിയമിച്ചവരുടെ കാലാവധി തീരുന്നതിനനുസരിച്ച് കൂടുതൽ പേരെ കുത്തിനിറയ്ക്കുമെന്ന് തീർച്ചയാണ്. ഓരോ സർക്കാരും തങ്ങൾക്ക് താല്പര്യമുള്ളവരെ നിയമിക്കുന്നത് സ്വാഭാവികമാണ്. പരിവാറിന്റെ വർഗ്ഗീയ അജണ്ടയാണ് ഈ സർക്കാരിന്റെ നിയമനങ്ങളെ സംശയാസ്പദമാക്കുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് ബാബ്രി മസ്ജിദ് നിന്ന സ്ഥലത്ത് നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നെന്ന പരിവാർ നിലപാടിന് തെളിവുകൾ കണ്ടെത്താൻ വിവാദപരമായ ഗവേഷണം നടത്തുകയുണ്ടായി. അത്തരത്തിലൂള്ള കൂടുതൽ പരിപാടികൾ ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാവുന്നതാണ്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയെ കുറിച്ച് പഠനം നടത്താൻ മുഹമ്മദ് ഗസ്നവി നിയോഗിച്ച അൽ ബറൂണിയാണ് ഗീതയെ കുറിച്ച് ആദ്യം പുറംലോകത്തിനു വിവരം നൽകിയ പണ്ഡിതൻ. ബ്രിട്ടീഷുകാർ ബംഗാളിൽ കോടതികൾ സ്ഥാപിച്ചപ്പോൾ സത്യപ്രതിജ്ഞ എടുക്കുന്നതിന് ഒരു ‘ഹിന്ദു ബൈബിൾ‘ ആവശ്യമായി വന്നു. അതിനായി ഭരണത്തിൽ സഹായികളായി കൂടിയ വൈദിക ബ്രാഹ്മണർ നിർദ്ദേശിച്ച ഭഗവദ് ഗീത തെരഞ്ഞെടുത്തതോടെ അതിനു പ്രാഥമികത്വം ലഭിച്ചു. പിന്നീട് തിലക്, ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഭാഷ്യം ചമച്ചുകൊണ്ട് അതിന് രാഷ്ട്രീയ പ്രാധാന്യവും നേടിക്കൊടുത്തു. അതിലെ ചാതുർവർണ്യം താൻ സൃഷ്ടിച്ചതാണെന്ന ശ്രീകൃഷ്ണന്റെ പ്രഖ്യാപനം ജാതിവ്യവസ്ഥക്ക് ദൈവീകാനുമതിയുണ്ടെന്നു വരുത്തി തീർക്കാനായി ബ്രാഹ്മണ പക്ഷപാതികൾ എഴുതിച്ചേർത്തതാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാനാകും. ചാതുർവർണ്യം നിരാകരിക്കുന്ന ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നശേഷം അത് ദൈവം കല്പിച്ചതാണെന്ന വരികൾ നിലനിർത്തിക്കൊണ്ട് അതിനെ എങ്ങനെയാണ് ദേശീയ ഗ്രന്ഥമാക്കുന്നത്?
വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഡ്യൻ കൌൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് എന്ന സ്ഥാപനത്തിന്റെ പുതിയ ഡയറക്ടർ ഭാഷാപണ്ഡിതനെന്ന നിലയിലും ചരിത്രകാരനെന്ന നിലയിലും അറിയപ്പെട്ടിരുന്ന ലോകേശ് ചന്ദ്ര ആണ്. അദ്ദേഹം 87ആം വയസിൽ പുതിയ സ്ഥാനത്തിന് അർഹത നേടിയത് അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളുടെ അടിസ്ഥാനത്തിലല്ല, നരേന്ദ്ര മോദി ഗാന്ധിയേക്കാൾ വലിയ നേതാവും ദൈവത്തിന്റെ അവതാരവുമാണെന്ന കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. ആ സ്ഥാപനം ഇപ്പോൾ വിവേകാനന്ദന്റെയൊ ജനസംഘം നേതാവായിരുന്ന ദീനദയാൽ ഉപാധ്യായയുടെയൊ പേരിൽ ചെയറുകൾ സ്ഥാപിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പരിവാർ അവയെ ഹിന്ദുത്വ സെല്ലുകളായാണ് വിഭാവന ചെയ്യുന്നത്.
പതിനാറ് ഐ.ഐ.ടികളുൾപ്പെടെ 18 പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉന്നത ഭാരത അഭ്യാൻ എന്ന പേർ നൽകിയിട്ടുള്ള ഒരു സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരാൻ മോദി സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ പരിവാർ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് അതിന്റെ ലക്ഷ്യം. മുൻ സർക്കാർ നിയമിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ വേദ് പ്രകാശിനെ പോലെ ചിലർ സംഘ് പരിവാറിനോട് കൂറു പ്രഖ്യാപിച്ചുകൊണ്ട് സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ്. വിജിലൻസ് അന്വേഷണം നേരിടുന്ന വേദ് പ്രകാശ് ആർ.എസ്.എസ്. മേധാവി മോഹൻ ഭഗത് വിളിച്ചു ചേർത്ത വിദ്യാഭ്യാസ വിചക്ഷണരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സംഘ് പരിവാർ വിദ്യാഭ്യാസ- സാംസ്കാരിക സംവിധാനങ്ങളുടെ മേൽ പിടിമുറുക്കുന്നത്. ഒന്നൊന്നായി അവ കീഴടങ്ങുകയുമാണ്. ഇൻഡ്യൻ കൌൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് മാത്രമാണ് പരിവാർ സ്വാധീനം ചെറുക്കാൻ ശ്രമിക്കുന്നത്. ഈയിടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഗവണ്മെന്റിന് അംഗങ്ങളെ നേരിട്ട് നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം അത് എടുത്തു കളയുകയുണ്ടായി. പക്ഷെ സാമ്പത്തിക നിലനില്പിന് സർക്കാരിനെ ആശ്രയിക്കേണ്ട ഒരു സംഘടനക്ക് ഏറെക്കാലം പിടിച്ചു നിൽക്കാനാകില്ല. ദ്രുതഗതിയിലുള്ള കാവിവത്കരണം ചോദ്യം ചെയ്യാനും ചെറുക്കാനും മതേതരശക്തികൾക്ക് കഴിയുന്നില്ലെന്നത് ഭാവിയെ കുറിച്ച് ആശങ്കക്ക് വക നൽകുന്നു. (കൈരളിയുടെ കാക്ക, ഏപ്രിൽ-ജൂൺ 2015).
1 comment:
ശ്രദ്ധേയമായ ലേഖനം. ബി ആര് പി ഭാസ്കര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആര് എസ് എസിന്റെ അജണ്ട ഹിന്ദുരാഷ്ട്ര നിര്‍മിതിയാണ്. ഇത് പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്. 2014 നവംബര്‍ 30ന്റെ ഹിന്ദു ദിനപത്രത്തില്‍ ജതിന് ഗാന്ധി The rise of the Saffron brigade എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ ആര് എസ് എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ () ചുമതലക്കാരനായ വിരാഗ് പച്ചൌരിയുടെ വാക്കുകള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. അതിന്റെ മലയാള രൂപം: "അന്തിമ ലക്ഷ്യം ഹിന്ദു രാഷ്ട്രം തന്നെ. ഞങള്‍ അതിനു വേണ്ട വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്."
Post a Comment