Wednesday, April 8, 2015

തുന്നിക്കെട്ടിയ എസ്. എൻ. കോളേജ് ഓർമ്മപുസ്തകം

കൊല്ലം ശ്രീനാരായണാ കോളെജ് ആറു പതിറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ പല തലമുറകൾ ഈ കലാലയത്തിന്റെ ഇടനാഴികളിലൂടെ കടന്നുപോയി. “കാലം സാക്ഷി” എന്ന ഓർമ്മകളുടെ നോട്ട്ബുക്കിൽ എൻ. നൌഫൽ ഓരോ തലമുറയിലും പെട്ട പലരുടെയും ഓർമ്മകൾ ശേഖരിച്ചു തുന്നിക്കെട്ടിയിരിക്കുന്നു

ശ്രീനാരായണ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ നൌഫൽ 2013-14ൽ കോളേജ് മാഗസിൻ എഡിറ്ററായിരുന്നു. മാഗസിൻ മികവുറ്റതാക്കാൻ ജി. സുധാകരൻ, എം.എ. ബേബി, മുകേഷ് എന്നീ മൂന്നു പൂർവ വിദ്യാർത്ഥികളുടെ എസ്. എൻ. സ്മരണകൾ ഉൾപ്പെടുത്താമെന്ന ചിന്തയിൽ തുടങ്ങിയ യജ്ഞമാണ് ഇപ്പോൾ പുസ്തകരൂപത്തിൽ പുറത്തുവന്നിരിക്കുന്നത്. മൂന്നു പേർ മുപ്പതുപേരിലേക്കും മുപ്പതുപേർ അറുപതുപേരിലേക്കും പതിയെ വളർന്നു.                                    
അവതാരികയിൽ എം.കെ. സാനു എഴുതുന്നു: “കലാലയ സ്മരണകൾ എപ്പോഴും രസപ്രദമായിട്ടാണ് അനുഭവപ്പെടാറുള്ളത്....എഴുതുന്നവരുടെ വ്യക്തിപരമായ വാസനാവിശേഷങ്ങൾ സ്മരണകൾക്ക് വൈചിത്ര്യത്തിന്റെ ഭംഗിയും സുഗന്ധവും പ്രദാനം ചെയ്യുന്നു.”
ഇത് വെറും ഓർമ്മക്കുറിപ്പുകളല്ല, കാലത്തിന്റെയും കലാലയത്തിന്റെയും ചരിത്രവും അടയാളങ്ങളുമാണെന്ന് പ്രസാധകൻ ബി. ജയകുമാർ വിലയിരുത്തുന്നു.
ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കോളേജിലെ ഒന്നാം തലമുറക്കാരിൽ ഒ.എൻ.വി. കുറുപ്പ് (“എന്റെ ഹൃദയത്തിന്റെ ഒരംശം“), പുതുശ്ശേരി രാമചന്ദ്രൻ (“ഞങ്ങളുടെ സർവകലാശാല”) എന്നിവർക്കൊപ്പം ഞാനുമുണ്ട് (“കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം സൃഷ്ടിച്ച തലമുറ”).
ഓർമ്മകളുടെ ഘോഷയാത്ര തുടരുമ്പോൾ പ്രത്യക്ഷപ്പെടുന്ന മറ്റ് പൂർവ വിദ്യാർത്ഥികളിൽ ചിലർ: പി.കെ.ഗുരുദാസൻ (“പതിനഞ്ചുകാരന്റെ ഏ.കെ.ജി. ദർശനം”), പഴവിള രമേശൻ (“എസ്.എൻ. കോളേജ് എന്ന നനവിന്റെ നക്ഷത്രം”), പാരീസ് വിശ്വനാഥൻ (“ശ്രീനാരായണ കോളേജ് ഒരു വഴിത്തിരിവ്”), പൊന്നറ സരസ്വതി (“ഓർമ്മയിൽ ഒരു വസന്തം”), സുഗുണൻ ഞെക്കാട് (“ഒരു പ്രവാസി പൂർവ വിദ്യാർത്ഥിയുടെ ഓർമ്മകൾ”), ഭാർഗ്ഗവി തങ്കപ്പൻ (“ഓർമ്മയുടെ ചെരാതുകൾ”), കെ.ജി.ശങ്കരപ്പിള്ള (“കൊല്ലത്ത് അറുപതുകളിൽ ഒരു വിദ്യാർത്ഥി എഡിറ്റർ“), ബി. രാജീവൻ (“എനിക്ക് ലോകത്തേക്ക് വാതിൽ തുറന്ന കൊല്ലം ശ്രീനാരായണ കോളേജ്”), ജി. കാർത്തികേയൻ (“പിൻ‌നിലാവിലെ കൌമാരകുസൃതികൾ”), എസ്. സുധീഷ് (“വിദ്യകൊണ്ട് സ്വതന്ത്രരാവുന്നോ?”), സി.ആർ. ഓമനക്കുട്ടൻ (“ഒരു കൊല്ലം കാറ്റ്”), പി.രാജേന്ദ്രൻ (“ഓർമ്മയിലെ പൂവുകൾ), എം.ആർ. തമ്പാൻ (“കലാലയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം”), ജി.സുധാകരൻ (“ചോരകൾ ചെരിയുവാൻ കൂടിയാണല്ലൊ സഖേ!“), എം.എ. ബേബി (“ഓർമ്മ ചുവക്കുന്ന കലാലയം“), ജസ്റ്റിസ് സിരിജഗൻ (“പരിഭവമില്ലാതെ”), കെ. രാജ്മോഹൻ ഉണ്ണിത്താൻ (“ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ?”), ചാത്തനൂർ മോഹൻ (“പാട്ടുജീവിതത്തിന്റെ ചിത്രങ്ങൾ”), കുരീപ്പുഴ ശ്രീകുമാർ (“വിദ്യാർത്ഥികളുടെ സ്വന്തം പ്രിൻസിപ്പൽ”), എ. റസ്സലുദ്ദീൻ (“ഓർമ്മകളുടെ വസന്തം”), പ്രതാപവർമ്മ തമ്പാൻ (“ഓർമ്മയിൽ ഒരു ക്യാമ്പസ് കാലം”), മുകേഷ് (“മുകേഷ്@എസ്.എൻ.കോളേജ്.കോം”), വസന്തകുമാർ സാംബശിവൻ (“രാഷ്ട്രീയ സുബോധത്തിന്റെയും നർമ്മലാവണ്യത്തിന്റെയും ക്യാമ്പസ്“), പി.കെ.രാധാകൃഷ്ണൻ (“ഏഴ് ജന്മത്തെ നിറയ്ക്കുന്ന ഏഴ് വർഷങ്ങൾ”), എസ്. ഡി. ഷിബുലാൽ (“സ്മൃതിപഥത്തിലൂടെ”), ആർ. ശ്രീകണ്ഠൻ നായർ (“എനിക്ക് പിറന്ന കോളേജ്!!!“), ജെ.മേഴ്സിക്കുട്ടിയമ്മ (“ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീകുമാർ”), ബി.അശോക് (“പോരാടാൻ പഠിപ്പിച്ച എന്റെ കറുത്ത അമ്മ”), ജി.ആർ. ഇന്ദുഗോപൻ (“പഠിച്ചകാലത്തെ പെരുമ്പാമ്പിന്റെ കഥ”), ഭഗത് ചന്ദ്രശേഖർ (“ക്യാമ്പസ് എന്ന ലഹരിയും ഉത്തരവാദിത്വവും”).
എഡിറ്റർ: എൻ. നൌഫൽ                                                                                                 പ്രസാധകർ: Printout, Kappalandimukku, Kollam 691001 printoutkerala@gmail.com              വില 200 രൂപ