Wednesday, April 22, 2015

കൃഷിഭൂമിയും കർഷകരും സംരക്ഷിക്കപ്പെടണം

ബി.ആർ.പി. ഭാസ്കർ                                                                                                ജനയുഗം  
നമ്മുടെ രാജ്യത്ത്‌ കർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുകയാണ്‌. സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകളനുസരിച്ച്‌ കൃഷിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കഴിഞ്ഞ കൊല്ലം 1,109 പേർ ജീവനൊടുക്കുകയുണ്ടായി. ഇത്‌ മുൻവർഷത്തേക്കാൾ 26 ശതമാനം കൂടുതലാണ്‌. മഹാരാഷ്ട്രയിൽ മാത്രം 986 പേർ ആത്മഹത്യ ചെയ്തു. കൃഷിനാശം, കടബാധ്യത, വരൾച്ച, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ്‌ ആത്മഹത്യക്കുള്ള കാരണങ്ങളിൽ പ്രധാനമെന്ന്‌ കൃഷി സഹമന്ത്രി മോഹൻഭായ്‌ കുണ്ടേരിയ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കൃഷി ആദായകരമല്ലാതായിട്ടുണ്ട്‌. കർഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകം ഇതാണ്‌. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച്‌ ഉചിതമായ പരിഹാരം കാണുന്നതിനു പകരം വ്യവസായികളുടെ താൽപര്യങ്ങൾ മുൻനിർത്തി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌. ബ്രിട്ടീഷുകാർ 1894ൽ നടപ്പിലാക്കിയ ഭൂനിയമം ആഗോളീകൃത കാലത്ത്‌ പുതിയ വ്യവസായങ്ങൾക്ക്‌ ഭൂമി കണ്ടെത്തുന്നതിന്‌ തടസമാണെന്ന വാദം അംഗീകരിച്ചുകൊണ്ട്‌ മൻമോഹൻ സിങ്ങിന്റെ സർക്കാർ 2013ൽ അത്‌ ഭേദഗതി ചെയ്യുകയുണ്ടായി. അതേസമയം ബഹുജനതാൽപര്യങ്ങൾ സംരക്ഷിക്കാനായി അത്‌ പുതിയ നിയമത്തിൽ ചില വ്യവസ്ഥകൾ എഴുതിച്ചേർത്തു. ഉദാഹരണത്തിന്‌ ഒരു പ്രദേശത്തെ ഭൂവുടമകളിൽ 80 ശതമാനത്തിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമെ ഭൂമി ഏറ്റെടുക്കാനാകൂ എന്ന്‌ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടു. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ്‌ സാമൂഹിക പ്രത്യാഘാതം വിലയിരുത്തുകയും വേണം.
ഈ വ്യവസ്ഥകൾ വ്യവസായികൾക്ക്‌ സ്വീകാര്യമായിരുന്നില്ല. അധികാരമേറ്റ്‌ ഏറെ താമസിയാതെ നരേന്ദ്ര മോഡി അവർക്ക്‌ അനുകൂലമായ രീതിയിൽ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. സർക്കാരോ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ അഞ്ചു മേഖലകളിൽ തുടങ്ങുന്ന വ്യവസായങ്ങൾക്ക്‌ 80 ശതമാനം ഉടമകളുടെ സമ്മതം കൂടതെ തന്നെ ഭൂമി ഏറ്റെടുക്കാമെന്ന്‌ ഭേദഗതി നിയമത്തിൽ അത്‌ വ്യവസ്ഥ ചെയ്തു. ദേശീയ സുരക്ഷ, പ്രതിരോധം, വൈദ്യുതിവൽക്കരണം, വ്യാവസായിക ഇടനാഴികൾ എന്നിവയുൾപ്പെടെയുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യം, നിർദ്ധനർക്കായുള്ള ഭവന പദ്ധതികൾ തുടങ്ങിയ ചില ആവശ്യങ്ങൾക്ക്‌ സാമൂഹികാഘാത പഠനം കൂടാതെ ഭൂമി ഏറ്റെടുക്കാമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.
ബിജെപിക്ക്‌ ഭൂരിപക്ഷമുള്ള ലോക്‌ സഭയിൽ സർക്കാർ ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട്‌ ബില്ലുമായി മുന്നോട്ടു പോകാനായില്ല. പകരം പാർലമെന്റു സമ്മേളനം കഴിഞ്ഞപ്പോൾ ഓർഡിനൻസിന്റെ രൂപത്തിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഭരണഘടന അനുസരിച്ച്‌ പാർലമെന്റ്‌ വീണ്ടും കൂടുമ്പോൾ ആറാഴ്ചക്കുള്ളിൽ ബില്ലായി അവതരിപ്പിച്ച്‌ പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ്‌ ലാപ്സാകും. മോഡി ഈ സാഹചര്യം മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയാണ്‌. ഓരോ പാർലമെന്റ്‌ സമ്മേളനത്തിനുശേഷവും ലാപ്സായ ഓർഡിനൻസ്‌ മുൻകാല പ്രാബല്യത്തോടെ വീണ്ടും ഇറക്കുവാനാണ്‌ ആലോചന. ഇങ്ങനെ തുടർച്ചയായി ഓർഡിനൻസ്‌ പുതുക്കുന്നതിനെ വിലക്കുന്ന ഒരു വകുപ്പും ഭരണഘടനയിലില്ലെന്ന്‌ നിയമജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ. പ്രത്യക്ഷത്തിൽ വിലക്കില്ലെങ്കിൽ കൂടി അത്‌ പാർലമെന്ററി വ്യവസ്ഥക്ക്‌ നിരക്കാത്തതാണ്‌. അതുകൊണ്ടുതന്നെ അത്‌ ഭരണഘടനാവിരുദ്ധവുമാണ്‌. പാർലമെന്റും നിയമസഭയും സമ്മേളിക്കാത്തപ്പോൾ അടിയന്തരമായി നിയമം പാസാക്കാനുള്ള മാർഗമെന്ന നിലയിലാണ്‌ ഭരണഘടന പ്രസിഡന്റിനും ഗവർണർക്കും മന്ത്രിസഭയുടെ ശുപാർശപ്രകാരം ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ളത്‌. പാർലമെന്റിലൂടെയും നിയമസഭയിലൂടെയും പാസാക്കിയെടുക്കാൻ കഴിയാത്ത നിയമം ഓർഡിനൻസിന്റെ രൂപത്തിൽ നിലനിർത്തുന്നത്‌ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.
വൻകിട വ്യവസായങ്ങൾക്ക്‌ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. ദക്ഷിണ കൊറിയയിലെ പോസ്കോ കമ്പനിക്ക്‌ ലോകത്തെ ഏറ്റവും വലിയ ഉരുക്കു വ്യവസായശാല സ്ഥാപിക്കാനായി ഒഡിഷയിലെ ആദിവാസികളെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്ന്‌ ആട്ടിയോടിക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ്‌ നേതാവായ അഭയ്‌ സാഹുവിന്റെ നേതൃത്വത്തിൽ പത്തു കൊല്ലമായി നടക്കുന്ന ഐതിഹാസികമായ സമരം പൊളിക്കാൻ അതിഹീനമായ നടപടികളാണ്‌ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്‌. മൂന്നു കൊല്ലം മുമ്പ്‌ സാഹുവിനെ പൊലീസ്‌ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ്‌ ചെയ്യുകയുണ്ടായി. മദ്ധ്യപ്രദേശിലെ മഹൻ പ്രദേശത്ത്‌ ഒരു ബ്രിട്ടീഷ്‌ കമ്പനി നടത്തുന്ന ഖാനനം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച്‌ ബ്രിട്ടീഷ്‌ പാർലമെന്റംഗങ്ങൾക്ക്‌ വിവരം നൽകാൻ ഗ്രീൻപീസ്‌ പ്രവർത്തക പ്രിയ പിള്ള ലണ്ടനിലേക്ക്‌ പോകുന്നത്‌ മോഡ സർക്കാർ തടഞ്ഞിരുന്നു. ആ നടപടി നിയമവിരുദ്ധമായിരുന്നെന്ന്‌ ഹൈക്കോടതി വിധിച്ചു. കോടതി വിധി മാനിക്കുന്നതിനു പകരം ഗ്രീൻപീസിന്റെ പ്രവർത്തനം മൊത്തത്തിൽ തടയാനായി സർക്കാർ അതിന്റെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. വിദേശത്തുനിന്ന്‌ ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യുന്നെന്നു പറഞ്ഞായിരുന്നു നടപടി. എന്നാൽ സംഘടന രാജ്യത്തിനകത്തു സമാഹരിച്ച പണം മാത്രം അടങ്ങുന്ന അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടു വൻകിട മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ ഭരണകൂടങ്ങൾ തയ്യാറാണെന്ന്‌ ഈ സംഭവങ്ങൾ തെളിയിക്കുന്നു.
കർഷകർക്കെതിരായ സർക്കാരിന്റെ നടപടികൾ കൃഷി കോർപ്പറേറ്റ്‌ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌. പരമ്പരാഗത കാർഷികവൃത്തി അസാദ്ധ്യമാക്കുകയും കർഷകരുടെ ഭൂമി അന്യാധീനപ്പെടുത്തുകയും ചെയ്തുകൊണ്ട്‌ വിദേശ കമ്പനികൾക്ക്‌ കാർഷികരംഗം കയ്യടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌.
സമ്പദ്‌ വ്യവസ്ഥയിൽ കൃഷിയുടെ പങ്ക്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട്‌ ഇപ്പോഴും കൃഷിയെ ആശ്രയിക്കുന്നവരാണ്‌.
ആ നിലയ്ക്ക്‌ കൃഷിഭൂമി സംരക്ഷിക്കാൻ കർഷകർ നടത്തുന്ന സമരങ്ങളെ പിന്തുണക്കാനുള്ള കടമ എല്ലാ ജനാധിപത്യവിശ്വാസികൾക്കുമുണ്ട്‌. അതിനായി കൈകോർക്കാൻ അവർക്ക്‌ കഴിയുന്നില്ലെങ്കിൽ രാജ്യത്തിന്റെയും അവരുടെ തന്നെയും ഭാവി അപകടത്തിലാകുമെന്ന്‌ അവർ തിരിച്ചറിയണം. --ജനയുഗം, ഏപ്രിൽ 22, 2015

No comments: