Sunday, April 12, 2015

കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം സൃഷ്ടിച്ച തലമുറ



ബി.ആർ.പി. ഭാസ്കർ

മൂന്നു കോളേജുകളിലായാണ് ഞാൻ നാലു കൊല്ലത്തെ ബിരുദ പഠനം പൂർത്തിയാക്കിയത്. രണ്ടു കൊല്ലത്തെ ഇന്റർമീഡിയേറ്റ് പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ. ബി.എസ് സി ഒന്നാം വർഷം കൊല്ലം ശ്രീ നാരായണ കോളേജിൽ, അവസാന വർഷം തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിൽ. മൂന്നു സ്ഥാപനങ്ങളും ധാരാളം പുതിയ അറിവും കാഴ്ചപ്പാടുകളും നേടാൻ ഏറെ സഹായിച്ചു. വിദ്യാഭ്യാസകാലത്തു നാം അറിവ് നേടുന്നത് ക്ലാസു മുറികൾക്കുള്ളിൽ നിന്നു മാത്രമല്ല.

തിരുവിതാംകൂറിൽ ഞാൻ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ആറു കോളേജുകളെ ഉണ്ടായിരുന്നുള്ളു: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി, വിമൻസ്, ആലുവായിലെ യൂണിയൻ ക്രിസ്റ്റ്യൻ, ചങ്ങനാശ്ശേരിയിലെ സെന്റ് ബർക്മൻസ്, കോട്ടയത്തെ സി.എം.എസ്, നാഗർകോവിലിലെ സ്കോട്ട് ക്രിസ്റ്റ്യൻ. ഡിഗ്രി പഠനകാലമായപ്പൊഴേക്കും  എസ്.എന്നും എം.ജിയും സ്ഥാപിതമായി. രണ്ടിടത്തും ഞാൻ ഗണിതശാസ്ത്ര ബിരുദ വിഭാഗത്തിലെ ആദ്യ ബാച്ചുകളുടെ ഭാഗമായി. ഞാൻ ഇഞ്ചിനീയറിങ്ങിന് പോകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. എന്നാൽ അച്ഛൻ നടത്തിയിരുന്ന ദിനപത്രത്തിലെ പത്രപ്രവർത്തകരുമായി ഇടപഴകിയതിന്റെ ഫലമായി പത്രപ്രവർത്തനത്തിലേക്ക് തിരിയാൻ ഞാൻ തീരുമാനിച്ചു. ഗണിതശാസ്ത്രത്തിലെ ബിരുദപഠനം ഒരു ഒത്തുതീർപ്പായിരുന്നു. ഗണിതം വിടാതിരുന്നാൽ വേണ്ടിവന്നാൽ പിന്നീടും ഇഞ്ചിനീയറിങ്ങിനെ കുറിച്ച് ചിന്തിക്കാനാകുമെന്ന് അച്ഛനും ഞാനും കണക്കുകൂട്ടി.

എസ്. എൻ. കോളേജ് വളരെ വേഗം ഒരു രാഷ്ട്രീയ പഠനശാലയായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഒന്നൊഴികെ എല്ലാ സ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒ. മാധവൻ ആയിരുന്നു ചെയർമാൻ. കോന്നിയൂർ പ്രഭാകരൻ നായർ സെക്രട്ടറി. പുതുശ്ശേരി രാമചന്ദ്രൻ ഇന്റർമീഡിയേറ്റ് വിഭാഗത്തിന്റെ പ്രതിനിധി. ഒ. എൻ.വി.കുറുപ്പായിരുന്നു ഒ. മാധവൻ തോല്പിച്ച സ്റ്റുഡന്റ്സ് കോൺഗ്രസ് സ്ഥാനാർത്ഥി. അദ്ദേഹം പിന്നീട് എസ. എഫിലേക്ക് വരികയും ഉറച്ച ഇടതുപക്ഷക്കാരനാവുകയും ചെയ്തു. ബി.എ.-ബി.എസ് സി. ക്ലാസ് പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച ഞാനായിരുന്നു തോറ്റ ഏക എസ്.എഫ് സ്ഥാനാർത്ഥി. ബി.എ. ക്ലാസിലെ അബ്ദുൾ അഹദ് ആണ് എന്നെ തോല്പിച്ചത്. ബി.എ. ക്ലാസിൽ അമ്പതോളം വിദ്യാർത്ഥികളുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷവും അഹദിനെ പിന്തുണച്ചു. ബി.എസ് സി ക്ലാസിൽ പതിനഞ്ചു പേരേ ഉണ്ടായിരുന്നുള്ളു. അഹദ് കായിക താരമെന്ന നിലയിൽ പിന്നീട് കോളേജിന് പ്രശസ്തി നേടിത്തരികയും ഞങ്ങളുടെ അഭിമാനഭാജനമാവുകയും ചെയ്തു.

വിദ്യാർത്ഥി കോൺഗ്രസിന്റെ നേതാക്കൾ അവർക്ക് കൂടുതൽ അംഗബലമുള്ള ഇക്കണോമിക്സ് വിഭാഗത്തിന്റെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “കമ്മ്യൂണിസം ഇന്ത്യക്ക് യോജിച്ചതല്ല” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച എസ്.എഫ് ഒരു വെല്ലുവിളിയായി കണ്ടു. ഞങ്ങൾ പ്രമേയത്തെ കൂകി തോൽ‌പ്പിക്കാൻ തയ്യാറായി ഹാളിൽ സ്ഥലം പിടിച്ചു. സംഘർഷഭരിതമായ അന്തരീഷത്തിൽ ഇക്കണോമിക്സ് വിഭാഗം തലവൻ ഡോ. പി.സി. അലക്സാണ്ടർ ആമുഖപ്രഭാഷണം ആരംഭിച്ചു. ഗഹനമായ വിഷയങ്ങൾ ഗൌരവപൂർവ്വം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടുള്ള പ്രഭാഷണം ഏതാണ്ട് ഇങ്ങനെയാണ് അവസാനിച്ചത്: “പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ഈ ഹാളിന്റെ നാലു ചുവരുകൾക്കുള്ളിൽ അന്താദ്ദേശീയ കമ്മ്യൂണിസത്തിന്റെ ഭാവി തീരുമാനിക്കപ്പെടാൻ പോകുന്നില്ലെന്ന്  ദയവായി മനസിലാക്കുക.” ചർച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ മനസുകളിലുണ്ടായിരുന്ന (‘ബാലിശമായ‘ എന്ന പദം ബോധപൂർവ്വം ഒഴിവാക്കുന്നു) ധാരണ അതോടെ ഇല്ലാതായി. വിഷയാവതാരകന് തടസം കൂടാതെ തനിക്ക് പറയാനുള്ളത് പറയാനായി. പ്രമേയം വോട്ടിനിട്ടപ്പോൾ തള്ളപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.

പിന്നിട് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ പ്രധാനമന്ത്രിയുടെ സെക്രട്ടറി പദവിവരെ ഉയരുകയും അനന്തരം ഗവർണറായും രാജ്യസഭാംഗമായും പ്രവർത്തിക്കുകയും ചെയ്തു.

കോളേജ് അധികൃതകർ യൂണിയൻ ചെയർമാനും സെക്രട്ടറിയും ഉൾപ്പെടെ ഏതാനും എസ്.എഫ് നേതാക്കളെ പുറത്താക്കിയത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കി. പുറത്താക്കൽ തിരുമാനം അറിയിച്ചുകൊണ്ടു പ്രിൻസിപ്പൽ നോട്ടിസ് ബോർഡിലിട്ട അറിയിപ്പിൽ അതിനെ തുടർന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.  അങ്ങനെ നടപടി എടുക്കാനുദ്ദേശിക്കുന്നവരുടെ പട്ടികയിലെ ആദ്യ പേര് എന്റേതായിരുന്നു. 

അന്വേഷണം നടത്താതെയും കാരണം കാണിക്കൽ നോട്ടിസു പോലും നൽകാതെയും നേതാക്കൾക്കെതിരെ എടുത്ത നടപടി എസ്.എഫിനെ അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. അറിയിപ്പ് വന്നയുടൻ എസ്. എഫ് സമരം പ്രഖ്യാപിച്ചു. ഓരോ ദിവസവും രണ്ടു പേർ വീതം -- പുറത്താക്കപ്പെട്ട ഒരാളും മറ്റൊരാളും – കോളേജ് പടിക്കൽ സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ചു. ഒരു ദിവസം ഞങ്ങൾ പ്രിൻസിപ്പലിന്റെ മുറിക്ക് പുറത്തു തടിച്ചുകൂടി മുദ്രാവാക്യങ്ങളുയർത്തി. പ്രിൻസിപ്പൽ പൊലീസിനെ അകത്തേക്കു വിളിച്ചു. രോഷാകുലരായ ചില വിദ്യാർത്ഥികൾ ചെടികൾ വലിച്ചു പിഴുതു. പൊലീസുകാർ ലാത്തിയും വീശി ഓടിനടന്ന് കയ്യിൽ കിട്ടിയവരെ തൂക്കിയെടുത്തു ഇടിവണ്ടിയിലിട്ടു. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. വണ്ടിയിൽ തുടങ്ങിയ മർദ്ദനം പൊലീസ് സ്റ്റേഷനിലും തുടർന്നു. രണ്ടിടത്തും ഓരോ അടി മേലിൽ വീണശേഷം എന്നെ (അച്ഛനെ എന്നു പറയുന്നതാകും കൂടുതൽ ശരി) അറിയുന്ന ഒരു പൊലിസുകാരൻ ഓടിവന്നു തടഞ്ഞതുമൂലം വലിയ ക്ഷതമുണ്ടായില്ല. സന്ധ്യക്ക് എന്നെ ജാമ്യത്തിലിറക്കാൻ ചിറ്റപ്പനെത്തി. ഒപ്പം പൊലീസ് പിടിച്ചവർ ലോക്കപ്പിൽ കിടക്കുമ്പോൾ ഞാൻ ജാമ്യത്തിലിറങ്ങുന്നത് ശരിയാണോ എന്ന ചോദ്യം എന്റെ മനസിൽ ഉയർന്നു. ഞാൻ അന്ന് ലോക്കപ്പിലുണ്ടായിരുന്ന എൻ. ഗോപിനാഥൻ നായർ (ജനയുഗം ഗോപി)  എന്ന യുവ കമ്മ്യൂണിസ്റ്റിന്റെ ഉപദേശം തേടി. എസ്.എഫ് അറസ്റ്റ് വരിക്കാൻ നിയോഗിച്ചിട്ടില്ലായിരുന്നതുകൊണ്ട് എനിക്ക് ജാമ്യത്തിലിറങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ലോക്കപ്പിലെ രാത്രി താമസം ഒഴിവായി.

ഒരു എസ്.എഫ്. നേതാവിനെതിരായ സ്ത്രീപീഡനാരോപണം അന്വേഷിക്കാ‍ൻ സംഘടന നിയോഗിച്ച സമിതിയിൽ ഞാനും അംഗമായിരുന്നു. അന്വേഷണം പൂർത്തിയായപ്പോഴാണ് സമരം തുടങ്ങിയത്. അതോടെ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടെന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു.

ഞാൻ കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കു പാത്രമായത് എസ്.എഫ് പ്രവർത്തനത്തേക്കാൾ ഗണിതശാസ്ത്രം പ്രൊഫസർ ബാലകൃഷ്ണ ശർമ്മയുമായുള്ള അടുപ്പം മൂലമാകണം. അദ്ദേഹമായിരുന്നു വകുപ്പിലെ പരിചയ സമ്പന്നനായ ഏക അദ്ധ്യാപകൻ. ആന്ധ്രാ സ്വദേശിയായ അദ്ദേഹം രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രിവിശ്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു കോളേജിൽ പ്രൊഫസറായിരുന്നു. സിന്ധിൽ വർഗ്ഗീയ ലഹള വ്യാപിച്ചപ്പോൾ അദ്ദേഹവും കുടുംബവും അഭയാർത്ഥികളായി കറാച്ചിയിൽ നിന്ന് കപ്പൽ മാർഗ്ഗം ഗുജറാത്തിലെ സൂറത്തിലെത്തി. അഭയാർത്ഥി ക്യാമ്പിൽ കഴിയുമ്പോൾ പ്രൊഫസർമാരെ ആവശ്യമുണ്ടെന്ന എസ്.എൻ. കോളേജിന്റെ പരസ്യം അദ്ദേഹം കണ്ടു. കുടുംബാംഗങ്ങളെ ക്യാമ്പിൽ നിർത്തിയിട്ട് അദ്ദേഹം കൊല്ലത്തെത്തി ജോലിയിൽ പ്രവേശിച്ചു. കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിലായിരുന്നു താമസം. 

ഹൈദരാബാദിലായിരുന്ന കാലത്ത് പി.ടി.ഐയുടെ മുൻ‌ഗാമിയായ അസോഷ്യേറ്റഡ് പ്രസ് ഓഫ് ഇൻഡ്യ എന്ന വാർത്താ ഏജൻസിയുടെ പാർട്ട്ടൈം പ്രതിനിധിയുമായിരുന്നു അദ്ദേഹം.  “ഗണിതശാസ്ത്രവും പത്രപ്രവർത്തനവും ഒത്തുപോകുമോ?” ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “ഗണിതശാസ്ത്രം കൃത്യത ആവശ്യപ്പെടുന്നു. പത്രപ്രവർത്തനവും കൃത്യത ആവശ്യപ്പെടുന്നു. അതുകൊണ്ട് ഗണിതശാസ്ത്ര പരിജ്ഞാനം പത്രപ്രവർത്തകന് ഗുണകരമാകും,“ എന്ന് അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ പത്രപ്രവർത്തനമോഹം ശക്തപ്പെടുത്തി.

ഒന്നാം ടേമിന്റെ അവസാന ദിവസം പ്രൊഫസർ ബാലകൃഷ്ണ ശർമ്മ ക്ലാസിൽ വന്ന് ഞങ്ങളോട് വിട പറഞ്ഞു. ഇവിടെ വന്നു ജോലി ഏറ്റെടുത്ത ശേഷം മറ്റ് പ്രൊഫസർമാർക്ക്  നൽകുന്ന ശമ്പളം തനിക്ക് നൽകുന്നില്ലെന്ന് മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് അഭയാർത്ഥിയായ തൻറെ നിസ്സഹായാവസ്ഥ മുതലെടുക്കുകയായിരുന്നു. മറ്റ് പ്രൊഫസർമാർക്ക് നൽകുന്ന ശമ്പളം തനിക്കും നൽകണമെന്ന ആവശ്യം മാനേജ്മെന്റ് നിരസിച്ചതുകൊണ്ട് രാജിവെച്ചു സൂറത്തിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു ഉപഹാരം വാങ്ങാനും ചെറിയ തോതിൽ ചായ സൽക്കാരം നടത്താനുമാവശ്യമായ പണം ഞങ്ങളുടെ കൈകളിലുണ്ടായിരുന്നില്ല. കമ്മി നികത്താൻ ഞാൻ പരിചയമുള്ള ഒരു ഇഞ്ചിനീയറെ ചെന്നു കണ്ട് 50 രൂപ കടം വാങ്ങി. പിണങ്ങിപ്പോയ പ്രൊഫസറോടുള്ള ഞങ്ങളുടെ സ്നേഹാദര പ്രകടനം മനേജ്മെന്റിന് ഇഷ്ടെപ്പ്ട്ടില്ല.      

കോളേജിൽ രണ്ടു ദിവസത്തെ വാർഷികദിന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ യൂണിയൻ അതു സംബന്ധിച്ച ചില ചുമതലകൾ ഞാൻ കൺ‌വീനറായുള്ള സമിതിയെ ഏല്പിച്ചു. മാനേജ്മെന്റ് സാമ്പത്തിക സഹായം നിഷേധിച്ചതുകൊണ്ട് പുറത്തുള്ളവർക്ക് ടിക്കറ്റ് വെച്ച് പ്രവേശനം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. നഗരത്തിലെ പ്രമാണിമാരുടെ വീടുകൾ കയറിയിറങ്ങി കുറെ ടിക്കറ്റ് വിറ്റ് ആവശ്യമായ പണം സമാഹരിച്ചു. ഒരു നാടകത്തിനായുള്ള തെരയലിനിടയിൽ ഒരു സഹപാഠി പുതിയ കൃതിയുമായി നടക്കുന്ന കെ.പി. കൊട്ടാരക്കരയെ പരിചയപ്പെടുത്തി. നാടകത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന വിപ്ലവാംശം കണ്ടതുകൊണ്ട്  അത് അവതരിപ്പിക്കാൻ തീരുമാനിച്ചു. നാടകകൃത്തിന്റെ നേതൃത്വത്തിൽ റിഹേഴ്സൽ തുടങ്ങി. വാർഷിക ദിനത്തിനു രണ്ടു ദിവസം മുമ്പ് വ്യക്തിപരമായ കാരണങ്ങളാൽ നായകൻ പിൻ‌വാങ്ങി. ചുരുങ്ങിയ സമയത്തിൽ മറ്റൊരാളെ ഡയലോഗ് മുഴുവനും പഠിപ്പിച്ചെടുക്കാൻ പ്രയാസമാകുമെന്നും അതുകൊണ്ട് പ്രധാന കഥാപാത്രത്തെ താൻ തന്നെ അവതരിപ്പിക്കാമെന്നുമുള്ള കൊട്ടാരക്കരയുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു. ആഘോഷപരിപാടികൾ തുടങ്ങുന്ന ദിവസം രാവിലെ ഒരു വിദ്യാർത്ഥി കോൺഗ്രസുകാരൻ എന്നെ സമീപിച്ച് യൂണിയൻ സമിതിയിൽ അംഗമല്ലാത്ത എന്നെ പരിപാടികളുടെ ചുമതല ഏല്പിച്ചതും ടിക്കറ്റ് അച്ചടിച്ചു വിറ്റതും മുതൽ വിദ്യാർത്ഥിയല്ലാത്തയാളെ നാടകത്തിൽ ഹീറൊ ആക്കിയതു വരെ ഞങ്ങൾ ചെയ്തതെല്ലാം തെറ്റാണെന്നും അതിനാൽ പരിപാടി തടയുമെന്നും പറഞ്ഞു. ആളെ നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് അത് അയാളുടെ മാത്രം തീരുമാനമാണെന്നും സംഘടന എടുത്തതല്ലെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പരസ്യപ്പെടുത്തിയ പരിപാടികൾ നടത്തുമെന്നും അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ നേരിടാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്നും ഞാൻ മറുപടി നൽകി. പരിപാടികൾ ഒരു തടസവും കൂടാതെ നടന്നു.

കെ.പി.കൊട്ടാരക്കര പിൽക്കാലത്ത് സിനിമാലോകത്ത് സ്ഥാനം നേടി. ഭാവി നാടകാചാര്യനായ ഒ. മാധവൻ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് നായകനാകാൻ പുറത്തുനിന്ന് ഒരാളെ കണ്ടെത്തിയതെന്ന് ആലോചിക്കുമ്പോൾ ഇപ്പോൾ അത്ഭുതം തോന്നുന്നു!

ഒരു കൂട്ടം വിദ്യാർത്ഥിനികൾ ആദ്യദിവസം അവതരിപ്പിച്ച സംഘഗാനം ചില വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. അവർ മറുപടി കൊടുക്കാൻ അവസരം ആവശ്യപ്പെട്ടു. ഗാനം ഒരു സ്ത്രീപക്ഷ രചനയായിരുന്നെങ്കിലും നിനച്ചിരിക്കാത്ത നേരത്ത് അതിഥികൾ വന്നാൽ പെട്ടെന്ന് ആഹാരമുണ്ടാക്കാൻ മാനിനിമാർ വേണം തുടങ്ങി ലാഘവത്തോടെ കാണേണ്ടവയായിരുന്നു അതിലെ പല പരാമർശങ്ങളും. അതുപോലെ ലാഘവത്തോടെയുള്ള സമീപനമാണെങ്കിൽ മറുപടി ആകാമെന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസം പുരുഷ സംഘഗാനം അവതരിപ്പിക്കപ്പെട്ടു. തുടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: മാനിനിമാരുടെ ആദിമമാതാ ഹവ്വാ തൻ ജന്മം മാന്യൻ ആദാം നൽകിയൊരെല്ലാണെന്ന് ധരിക്കേണം, ആണെന്ന് ധരിക്കേണം!

ഞങ്ങളുടെ ക്യാമ്പസ് കവികളുടെ കേളീരംഗമായിരുന്നു. ഒ.എൻ.വിയും പുതുശ്ശേരിയും തിരുനെല്ലൂർ കരുണാകരനും കോളേജിലെത്തുന്നതിനു മുമ്പെ കവികളെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. കിഷൻ ചന്ദർ, ക്വാജാ അഹമ്മദ് അബ്ബാസ് എന്നീ പുരോഗമന സാഹിത്യകാരന്മാർ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കോളേജിൽ വരികയുണ്ടായി. കിഷൻ ചന്ദറിനെ സ്വാഗതം ചെയ്യാൻ രചിക്കപ്പെട്ട കവിത അദ്ദേഹത്തെ അഭിസംബോധന ചെയ്തത്  “പടവാളും തൂലികയുമായി പൊരുതുന്ന കലാകാരാ!” എന്നാണ്. ഒരു അജ്ഞാത കവിക്കൂട്ടം രചിച്ചതും കോളേജ് സുന്ദരിമാരെ കുറിച്ച് സൂചനകളുള്ളതുമായ ഒരു കവിത വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നതോർക്കുന്നു. നടക്കുമ്പോൾ പിന്നിൽ നിന്നു നോക്കിയാൽ ഹിമാലയം മുഴുവനും കറങ്ങി തിരിയുന്നതായി തോന്നും എന്നായിരുന്നു അതിൽ ഒരാളെക്കുറിച്ചുള്ള പരാമർശം.

കൽക്കത്താ തീസീസിന്റെ സ്വാധീനം പ്രകടമായിരുന്ന കാലമായിരുന്നു അത്. പുതുശ്ശേരി രാമചന്ദ്രൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സന്തം നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നെന്നാണറിവ്. വെളിയം ഭാർഗ്ഗവൻ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയ ഭാവി നേതാക്കളും അന്ന് അവിടെയുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം രൂപപ്പെടുത്തിയത് ഇവരൊക്കെയടങ്ങുന്ന തലമുറയാണ്. അതിനായി ഞങ്ങൾ ആരെയും കൊന്നില്ല. ഞങ്ങളിൽ ആരും കൊല്ലപ്പെട്ടുമില്ല.

സംഭവബഹുലമായ ആ വർഷം അവസാനിച്ചപ്പോൾ മറ്റൊരു കോളേജിനെ കുറിച്ച് ചിന്തിക്കാൻ അച്ഛൻ നിർദ്ദേശിച്ചു. മഹാത്മാ ഗാന്ധി കോളേജ് പ്രിൻസിപ്പൽ എനിക്ക് പ്രവേശനം നൽകാൻ തയ്യാറായി. കോഴ്സിനിടയിൽ കോളേജ് മാറുന്നതിന് സർക്കാരും സർവകാലാശാലയും അനുവദിക്കണം. വിദ്യാഭ്യാസമന്ത്രി പനമ്പള്ളി ഗോവിന്ദ മേനോൻ സർക്കാർ അനുമതിയും.വൈസ് ചാൻസലർ വി.കെ. നന്ദൻ മേനോൻ സർവകലാശാലാ അനുമതിയും നൽകി. തുടർന്ന് എസ്.എൻ. കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ട് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ആപ്പീസിൽ നിന്ന് പ്രിൻസിപ്പൽ ഒപ്പിട്ട ട്രാൻസ്ഫർ സർട്ടിഫിക്കറ്റും കോണ്ടക്ട് സർട്ടിഫിക്കറ്റും ലഭിച്ചു. ആപ്പീസ് മുറിക്കു പുറത്തു കടന്നപ്പോൾ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച കോളത്തിൽ Unsatisfactory (അതൃപ്തികരം) എന്ന് രേഖപ്പെടുത്തിയിരുന്നത് കണ്ടു.  തിരികെ ചെന്ന് കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉപേക്ഷിച്ചിട്ട് പടിയിറങ്ങി. 
അസുഖകരമായ  അനുഭവങ്ങൾ ഉണ്ടായെങ്കിലും, പുതിയ അറിവും കാഴ്ചപ്പാടുകളും നൽകിയ ഒന്നായാണ്എസ്.എൻ. കോളെജ് കാലം  ഞാൻ ഓർക്കുന്നത്. {കാലം സാക്ഷി..., ഓർമ്മകളുടെ നോട്ട്ബുക്ക്, എന്ന പുസ്തകത്തിനുവേണ്ടി എഴുതിയ ഓർമ്മകുറിപ്പ്).

2 comments:

joshi said...

കൽക്കത്താ തീസീസിന്റെ സ്വാധീനം പ്രകടമായിരുന്ന കാലമായിരുന്നു അത്. പുതുശ്ശേരി രാമചന്ദ്രൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സന്തം നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നെന്നാണറിവ്. വെളിയം ഭാർഗ്ഗവൻ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയ ഭാവി നേതാക്കളും അന്ന് അവിടെയുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു കോളേജ് ക്യാമ്പസിൽ ഇടതുപക്ഷ പരിസരം രൂപപ്പെടുത്തിയത് ഇവരൊക്കെയടങ്ങുന്ന തലമുറയാണ്. അതിനായി ഞങ്ങൾ ആരെയും കൊന്നില്ല. ഞങ്ങളിൽ ആരും കൊല്ലപ്പെട്ടുമില്ല.

Unknown said...

പണ്ട് വിപ്ലവകാരി ആയിരുന്ന ബി ആര്‍ പി ഭാസ്കര്‍. "ഞങ്ങള്‍ ആരെയും കൊന്നില്ല". നല്ലത്.