ബി.ആർ.പി. ഭാസ്കർ ജനയുഗം തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്ത് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് പ്രവർത്തനം സംബന്ധിച്ച് വിവരം തേടുന്ന വി വി വിജിതയെ പൊതുശല്യക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കുക വഴി വിവരമുള്ള ജനങ്ങളെ ജനപ്രതിനിധികൾക്ക് ഭയമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. സ്ഥലവാസികൾ കഴിഞ്ഞയാഴ്ച പഞ്ചായത്ത് ഓഫീസിനു മുന്നിൽ യോഗം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിനെയും മുഴുവൻ അംഗങ്ങളെയും ജനാധിപത്യവിരുദ്ധരും ശല്യക്കാരുമായി പ്രഖ്യാപിച്ചുകൊണ്ട് തിരിച്ചടിച്ചു.
വിവരാവകാശ നിയമം നിലവിൽ വന്നിട്ട് പത്തു വർഷമാകുന്നു. കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടു കാലത്ത് ലോകത്തെ പല രാജ്യങ്ങളിലും അംഗീകാരം ലഭിച്ചിട്ടുള്ള ഒരു പുതുതലമുറ അവകാശമാണ് വിവരാവകാശം. ഭരണാധികാരികൾ എന്താണു ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാൻ കഴിയുമ്പോൾ മാത്രമാണ് ജനാധിപത്യം അർത്ഥവത്താകുന്നതെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പുതിയ അവകാശം ഉടലെടുത്തത്. അടിസ്ഥാനപരമായി അത് ചെയ്യുന്നത് സുതാര്യത ഉറപ്പുവരുത്തുകയാണ്. അത് ഇഷ്ടപ്പെടാത്ത അധികാരികൾ നിയമത്തെ പരാജയപ്പെടുത്താൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. പല കാരണങ്ങൾ പറഞ്ഞ് വിവരം വൈകിപ്പിക്കുകയൊ നിഷേധിക്കുകയൊ ചെയ്യുന്നതാണ് അതിലൊന്ന്. തെറ്റായ വിവരങ്ങൾ നൽകിയ സംഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. അപ്രിയ സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിച്ച ചിലർ കൊല ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ വിവരം ചോദിക്കുന്നയാളെ ശല്യക്കാരിയായി പ്രഖ്യാപിച്ച ഏക പഞ്ചായത്ത് പള്ളിച്ചലിലേതാണ്.
പള്ളിച്ചൽ പഞ്ചായത്ത് കോൺഗ്രസ് നിയന്ത്രണത്തിലാണ്. നിലവിലുള്ള ഭരണഘടനയുടെ പിൻബലമുള്ള പഞ്ചായത്ത് സംവിധാനം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നിലവിൽ വന്നതാണ്. അതിന്റെ പേരിൽ ഊറ്റം കൊള്ളുന്നവരാണ് കോൺഗ്രസുകാർ. ആ പഞ്ചായത്ത് സംവിധാനം രൂപകൽപ്പന ചെയ്തപ്പോൾ തന്നെ വിവരം തേടാനുള്ള പൗരന്റെ അവകാശം അംഗീകരിച്ചിരുന്നു. അതായത് പാർലമെന്റ് പൗരാവകാശ നിയമം പാസാക്കുന്നതിനു മുമ്പു തന്നെ പഞ്ചായത്തുകൾക്ക് പൗരന്മാർ ആവശ്യപ്പെടുന്ന വിവരം നൽകാനുള്ള ബാധ്യത ഉണ്ടായിരുന്നു. പഞ്ചായത്ത് നിയമം എല്ലാ പൗരന്മാരുമടങ്ങുന്ന ഗ്രാമസഭകൾക്ക് വിപുലമായ അധികാരം നൽകി. എന്നാൽ ജനങ്ങളുടെ ഉദാസീനതയും അനൈക്യവും മുതലെടുത്ത് അവ ഇല്ലാതാക്കാൻ പഞ്ചായത്ത് ഭരിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങൾ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.
പള്ളിച്ചൽ സംഭവത്തിന് മറ്റൊരു മാനം കൂടിയുണ്ട്. അവിടെയുള്ള മൂക്കുന്നിമല പ്രദേശത്ത് പാറഖനനം വ്യാപകമാണ്. അതിനെതിരെ ഒരു കൊല്ലമായി മൂക്കുന്നിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശക്തമായ ജനകീയ പ്രതിരോധവും നടക്കുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങളെ ചൊടിപ്പിച്ച വിജിത ആ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ വീട്ടമ്മമാരിൽ ഒരാളാണ്. വിജിത തേടുന്ന വിവരങ്ങൾ പാറഖനനം സംബന്ധിച്ച തീരുമാനങ്ങളിലെ അപാകതകളും മറ്റ് അഴിമതികളും വെളിച്ചത്തു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള വിവരശേഖരണത്തിന്റെ ഭാഗമാണ്. ഔദ്യോഗിക പഠനങ്ങൾ പല ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ രാഷ്ട്രീയ സ്വാധീനത്തിൽ അനധികൃത പ്രവർത്തനം തുടരാൻ മാഫിയകൾക്ക് കഴിയുന്നു. ഇവിടെ കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇരുണ്ട രൂപം തെളിയുന്നു.
കഴിഞ്ഞ നവംബറിലാണ് പഞ്ചായത്ത് വിജിതക്കെതിരായ പ്രമേയം പാസാക്കിയത്. പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയതെന്ന് പറയപ്പെടുന്നു. എന്നാൽ പ്രമേയം സമിതിയിൽ അവതരിപ്പിക്കപ്പെട്ടില്ലെന്നും അവതരിപ്പിച്ചു പാസാക്കിയതായി രേഖകളിൽ എഴുതിച്ചേർക്കുകയായിരുന്നെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. ഈ വാദം മുഖവിലയ്ക്ക് എടുക്കാനാവില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു ചാനൽ റിപ്പോർട്ടു ചെയ്തപ്പോഴാണ് ഇങ്ങനെയൊരു പ്രമേയം പാസായതായി പൊതുസമൂഹം അറിഞ്ഞത്. നാലഞ്ചു മാസം മുമ്പ് രേഖയിൽ പ്രമേയം വ്യാജമായി എഴുതിച്ചേർത്ത വിവരം ചാനലിൽ കൂടിയാണ് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങളും അറിഞ്ഞതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. പ്രമേയം വിവാദമാകുന്നതു വരെ അതിനൊപ്പം സഞ്ചരിക്കാൻ പ്രതിപക്ഷവും തയ്യാറായിരുന്നു എന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. അതിനുശേഷം പ്രതിപക്ഷം പ്രമേയത്തിനെതിരെ സർക്കാരിനെ സമീപിക്കുകയും സർക്കാർ അത് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
വിജിതയെ ശല്യക്കാരിയായി പ്രഖ്യാപിക്കാനുള്ള അധികാരം പഞ്ചായത്തിനില്ല. ആ കൃത്യം വിവരാവകാശ കമ്മിഷൻ ചെയ്യണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ആ കമ്മിഷനും അതിനുള്ള അധികാരമില്ലെന്നതാണ് വാസ്തവം. നിരന്തരം അനാവശ്യമായി വ്യവഹാരത്തിൽ ഏർപ്പെടുന്നയാളെ `ശല്യക്കാരനായ വ്യവഹാരി` ആയി കോടതികൾ അപൂർവമായാണെങ്കിലും പ്രഖ്യാപിക്കാറുണ്ട്. ആ അറിവിന്റെ വെളിച്ചത്തിൽ അൽപ്പമാത്രമായ നിയമപരിജ്ഞാനമുള്ള ആരുടെയൊ കുരുട്ടു മനസിൽ ഉദിച്ച ആശയമാണ് പ്രമേയത്തിലുള്ളത്. പഞ്ചായത്ത് പ്രമേയം വിവരാവകാശ കമ്മിഷന് അയച്ചു കൊടുത്തോ എന്ന് വ്യക്തമല്ല. ചാനൽ വാർത്തയെ തുടർന്ന് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ വിജിത പരാതിപ്പെട്ടാൽ വിഷയം പരിശോധിക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ സിബി മാത്യൂസ് പറയുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് പ്രമേയം ലഭിച്ചിരുന്നെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഉചിതമായ നടപടിയെടുക്കേണ്ടതായിരുന്നു.
പഞ്ചായത്ത് പ്രമേയം പാസാക്കുകയും അത് വിവരാവകാശ കമ്മിഷന് അയക്കാതിരിക്കുകയും ചെയ്തെങ്കിൽ പ്രസിഡന്റിന്റെ സമീപനം സത്യസന്ധമായിരുന്നില്ലെന്ന നിഗമനത്തിൽ എത്തേണ്ടി വരും. വി ടി ബലറാം എംഎൽഎ പഞ്ചായത്ത് നടപടിയെ പരസ്യമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ചുമതലയുള്ള കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഒന്നും പറഞ്ഞതായി അറിവില്ല. പാർട്ടിയുടെ മദ്യനയം നടപ്പാക്കാനുള്ള ചുമതലയെ കുറിച്ച് പാർട്ടി നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളെ അടുത്ത കാലത്ത് അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. പാറഖനനം, വിവരാവകാശ നിയമം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിലും മാർഗനിർദ്ദേശം നൽകുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കണം. -- ജനയുഗം, ഏപ്രിൽ 8, 2015

No comments:
Post a Comment