Sunday, December 29, 2013

ശുദ്ധീകരണം കാത്തു കിടക്കുന്ന സി.പി.എം.

ബി.ആർ.പി. ഭാസ്കർ

ഒരു ശുദ്ധീകരണത്തിന് തയ്യാറെടുക്കുന്നെന്ന സന്ദേശമാണ് സി.പി.എമ്മിന്റെ പാലക്കാട് പ്ലീനം നൽകിയത്. ആ പ്രക്രിയയുടെ സ്വഭാവം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ചില സൂചനകൾ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടനപ്രസംഗത്തിലുണ്ടായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള മാർഗ്ഗമാണ് പ്ലീനമെന്നും തിരുത്തപ്പെടേണ്ട എന്തെങ്കിലുമുണ്ടെങ്കിൽ ഒരു കൊല്ലം നീളുന്ന ശുദ്ധീകരണ പ്രക്രിയയിലൂടെ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചാടനം ചെയ്യേണ്ട നാലു കാര്യങ്ങൾ അദ്ദേഹം എടുത്തു പറയുകയും ചെയ്തു: ധാർഷ്ട്യം, ധാരാളിത്വ ജീവിതശൈലി, വിഭാഗീയത, മറ്റ് തരത്തിലുള്ള ദുഷ്‌പ്രവണതകൾ. സംസ്ഥാനഘടകത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാകണം  അദ്ദേഹം ഈ വിഷയങ്ങൾ കണ്ടെത്തിയത്. 

പ്ലീനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സ്വയംവിമർശനപരമായി പാർട്ടിയിൽ പടരുന്ന ജീർണ്ണതയെക്കുറിച്ച് പരാമർശിച്ചു. ചാക്ക് രാധാകൃഷ്ണൻ എന്ന വ്യവസായി പ്ലീനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നൽകിയ പരസ്യം ചർച്ചാവിഷയമായപ്പോൾ ചില ഉന്നത നേതാക്കൾ എടുത്ത നിലപാട് ജീർണ്ണതയുടെ സ്വഭാവം തിരിച്ചറിയാൻ പോലും അവർക്ക് കഴിയുന്നില്ലെന്ന് വ്യക്തമാക്കി. പരസ്യം സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പാർട്ടി പിന്നീട് സമ്മതിച്ചെങ്കിലും ഇക്കാര്യത്തിലുണ്ടായ കാലതാമസം നേതൃനിരയിലുള്ളവരെല്ലാം ശുദ്ധീകരണത്തിൽ ആത്മാർത്ഥതയുള്ളവരാണോ എന്ന സംശയം ഉയർത്തുന്നുണ്ട്.

സി.പി.എം. നേതൃത്വത്തിൽ നടക്കുന്ന ക്ലിഫ് ഹൌസ് ഉപരോധത്തിനിടയിൽ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെ സന്ധ്യ എന്ന വീട്ടമ്മ പ്രതിഷേധിച്ചത് പ്ലീനത്തിനു ശേഷമാണ്. ആ സ്ത്രീയെ ഒരു നേതാവ് വിശേഷിപ്പിച്ചത് താടകയെന്നാണ്. അവരുടേത് ധാർമ്മികരോഷ പ്രകടനമായിരുന്നു. സംസ്ഥാനതല നേതാക്കൾ അവർക്കെതിരെ പൊതുവേദികളിലും ചാനലുകളിലും നടത്തിയ പ്രകടനങ്ങളിൽ നിഴലിച്ചത് പ്ലീനം ഒഴിവാക്കാൻ ആവശ്യപ്പെട്ട ധാർഷ്ട്യമാണ്. ആ സംഭവമുളവാക്കിയ ജാള്യത മറികടക്കാൻ ഉപരോധത്തിന് വീട്ടമ്മമാരെ ഇറക്കാൻ പാർട്ടി പിന്നീട് തീരുമാനിച്ചു. ആയിരക്കണക്കിന് സ്ത്രീകളെ സമരമുഖത്തെത്തിക്കാൻ കഴിവുള്ള പാർട്ടിയാണ് സി.പി.എം. എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വലതു താടകക്കെതിരെ ഇടതു താടകമാരെ ഇറക്കുന്നതാണോ സി.പി.എമ്മിന്റെ രാഷ്ട്രീയബോധം?

തട്ടിപ്പു കേസുകളുടെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരം ആരംഭിച്ചിട്ട് മാസങ്ങളായി. പല തവണ സമരത്തിന്റെ രൂപവും ഭാവവും മാറ്റിയെങ്കിലും അത് വിജയിക്കുന്ന ലക്ഷണമില്ല. പാർട്ടിക്ക് സമരം വിജയിക്കണമെന്ന ആഗ്രഹമുണ്ടോയെന്ന സംശയം ബലപ്പെട്ടു വരുമ്പോഴാണ് കണ്ണൂരിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ ചെന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. സരിതാ നായരുടെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾ‌പ്പെട്ടിരുന്നെന്ന് കണ്ട് പൊലീസ് നടപടി തുടങ്ങിയപ്പോൾ തന്നെ ഉമ്മൻ ചാണ്ടി തന്റെ ആപ്പീസിന്റെ പ്രവർത്തനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയേണ്ടതായിരുന്നു. കണ്ണൂരിലെ ആക്രമണത്തിനുശേഷം രാജിയുണ്ടായാൽ ഗൂണ്ടകൾ വിചാരിച്ചാൽ മുഖ്യമന്ത്രിയെ എറിഞ്ഞു വീഴ്ത്താമെന്ന സന്ദേശമാകും അത് നൽകുക. അത് ധാർമ്മികതയുടെ വിജയമല്ല, ഒരു അധാർമ്മികതയുടെ മേൽ മറ്റൊരു അധാർമ്മികതയുടെ വിജയം മാത്രമാകും. യഥാർത്ഥത്തിൽ ധാർമ്മികതയുടെ പേരിൽ ആർക്കും ആരുടെയും രാജി ആവശ്യപ്പെടാനാകാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ധാർമ്മികമായി അല്പമെങ്കിലും ഉയരത്തിൽ നിൽക്കുന്നവർക്കല്ലേ അതിന്റെ പേരിൽ രാജി ആവശ്യപ്പെടാനാകൂ?

കണ്ണുരിലെ അക്രമസംഭവത്തെ തുടർന്ന് പൊലീസ് നിരവധി എൽ.ഡി.എഫ് പ്രവർത്തകരെ പ്രതി ചേർത്ത് കേസെടുത്തെങ്കിലും തങ്ങൾക്ക് അതുമായി ബന്ധമില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫും ആവർത്തിച്ചു പറഞ്ഞു. അക്രമം ഉമ്മൻ ചാണ്ടിക്ക് ഗുണം ചെയ്യുമെന്ന് അറിയാവുന്ന ഞങ്ങൾ അതിനു മുതിരുമോ എന്ന പ്രത്യക്ഷത്തിൽ ന്യായമായ ചോദ്യം അവർ ചോദിച്ചു. ആക്രമണം സംഘടിപ്പിച്ചത് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആണെന്ന പ്രത്യാരോപണവും അവർ ഉന്നയിച്ചു. ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങൾ യു.ഡി.എഫിനു ഗുണം ചെയ്യുന്ന പ്രവൃത്തി ചെയ്യുമോ എന്ന് സി.പി.എം. നേതാക്കൾ ചോദിച്ചത് ഓർമ്മിപ്പിച്ചു കൊണ്ടാണ് എതിർമുന്നണി സി.പി.എം വാദത്തെ നേരിട്ടത്. ഐ. ഗ്രൂപ്പുകാരായ ഞങ്ങൾ എ ഗ്രൂപ്പുകാരനായ മുഖ്യമന്ത്രിക്കു ഗുണം ചെയ്യുന്ന പ്രവൃത്തി ചെയ്യുമോ എന്ന മറുചോദ്യം സുധാകരവിഭാഗവും ഉന്നയിച്ചു. സ്വന്തം അനുയായികൾപോലും മുഖവിലക്ക് എടുക്കാൻ മടിക്കുന്ന വാദങ്ങളാണ് ഇരുഭാഗത്തു നിന്നും ഉയർന്നത്.

തട്ടിപ്പുകൾ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷം പറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിൻ കീഴിലുള്ള പൊലീസ് സേന അക്രമസംഭവങ്ങൾ സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. വസ്തുതകളുടെ അടിസ്ഥാനത്തിൽ അക്രമത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് തീർപ്പ് കല്പിക്കാൻ എളുപ്പമല്ലാത്തതുകൊണ്ട് ഒരോരുത്തർക്കും സ്വന്തം താല്പര്യത്തിന്റെ അടിസ്ഥാനത്തിലെത്തുന്ന നിഗമനങ്ങളുമായി ധൈര്യമായി മുന്നോട്ടുപോകാം. അക്രമം നടത്തിയതാരായാലും അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും സംഭവം നടന്നശേഷം അതിനെ നേരിട്ടും അല്ലാതെയും ന്യായീകരിക്കുകയും ചെയ്ത സി.പി.എമ്മിന് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറാനാവില്ല.  

കേരള രാഷ്ട്രീയം ഏറെക്കാലമായി സംഘർഷഭരിതമാണെങ്കിലും ഒരു മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമത്തിന്റെ കണ്ണിൽ എല്ല്ലാവരും തുല്യരാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്നതും ഒരു സാധാരണ പൌരൻ ആക്രമിക്കപ്പെടുന്നതും ഒരുപോലെ അപലപനീയമാണ്. എന്നാൽ പ്രത്യേക സുരക്ഷാ സംവിധാനമുള്ള മുഖ്യമന്ത്രിക്കെതിരായ ആക്രമണം കൂടുതൽ ഗൌരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ പുറത്ത് ഇതിനുമുമ്പ് കല്ലുവീണിട്ടില്ലെങ്കിലും നേതാക്കൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കഴിവ് അന്വേഷണ-പ്രോസിക്യൂഷൻ സംവിധാനങ്ങൾക്കുണ്ടെന്ന വിശ്വാസം ജനങ്ങൾക്കില്ല. കണ്ണൂർ സംഭവത്തിന്റെ തുടർച്ചയെന്നോണം അവിടെയും മറ്റ് ചിലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ആപ്പീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളും രണ്ട് കക്ഷികളുടെയും നേതാക്കൾ നടത്തിയ പോർവിളികളും ഒരു പാർട്ടിയിൽ‌പെട്ടവർ അക്രമികളും മറ്റേതിൽ പെട്ടവർ സമാധാനപ്രിയരുമാണെന്ന് കരുതാൻ അനുവദിക്കുന്നില്ല.

കണ്ണൂർ അക്രമക്കേസന്വേഷണം ടി.പി.വധക്കേസന്വേഷണത്തിന് സമാനമായ രീതിയിലാണ് പുരോഗമിക്കുന്നത്. ‘കണ്ടാലറിയാവുന്ന‘ കാക്കത്തൊള്ളായിരം പ്രതികളുമായി അന്വേഷണം തുടങ്ങി. പിന്നീട് സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റിതലം വരെയുള്ള കുറേപ്പേരെ ‘കണ്ട’റിഞ്ഞു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ടി.പി. കേസന്വേഷണ വേളയിൽ സി.പി.എം. ഉയർത്തിയ തരത്തിലുള്ള വ്യാപകമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഇപ്പോഴുണ്ടാകുന്നില്ല. ഇത് പാർട്ടി നൽകുന്ന പേരുകളാണ് പ്രതിപ്പട്ടികയിൽ വരുന്നതെന്ന ഉപശാലാ വാർത്തകൾക്ക് ബലം പകരുന്നു. നേതൃത്വത്തിന്റെ അറിവൊ സമ്മതമൊ കൂടാതെ ഒരംഗം അക്രമത്തിനു മുതിർന്നാൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.എം. ആ നിലയ്ക്ക്  പൊലീസ് ആരോപിക്കുന്നതുപോലെ ആക്രമണം ഗൂഢാലോചനയുടെ ഫലമായാണുണ്ടായതെങ്കിൽ അതിലുൾപ്പെട്ടവരുടെമേൽ അച്ചടക്ക നിയന്ത്രണമുള്ള നേതാക്കൾക്ക് അതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് അനുമാനിക്കാം. എന്നാൽ ഒരു കോടതിയെ ബോധ്യപ്പെടുത്താൻ പോരുന്ന തെളിവു നിരത്തി അത് സ്ഥാപിക്കാൻ പൊലീസിന് കഴിയില്ല. അപ്പോൾ അന്വേഷണം സ്വാഭാവികമായും താഴെത്തട്ടിൽ ഒതുങ്ങും.

ടിപി. വധക്കേസ് അന്വേഷിക്കുന്ന സമയത്ത് പൊലീസിനുള്ളിൽ നിന്ന് സി.പി.എമ്മിന് വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കണ്ണൂർ അക്രമക്കേസ് വിവരങ്ങൾ ചോർന്നതായും പറയപ്പെടുന്നു. പൊലീസിൽ പാർട്ടിയോട് വിധേയത്വം പുലർത്തുന്നവരുള്ളതു കൊണ്ട് ഇതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ആദ്യം പൊലീസ് സേനയിൽ ബോധപൂർവ്വം സ്വാധീനമുണ്ടാക്കിയത് സി.പി.എമ്മാണെന്ന് പറയാനാവില്ല. പൊലീസ് മേധാവിയെ ഒഴിവാക്കിക്കൊണ്ട് എസ്.പി.തല ഉദ്യോഗസ്ഥന്മാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും സ്വന്തം ആജ്ഞകൾ നിറവേറ്റാൻ തയ്യാറുള്ളവരെ കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രി കെ. കരുണാകരനാണ് സേനയുടെ രാഷ്ട്രീയവത്കരണത്തിന് തുടക്കം കുറിച്ചത്. പക്ഷെ അദ്ദേഹം അത് ചെയ്തത് പാർട്ടിപദ്ധതിയുടെ ഭാഗമായല്ല, വ്യക്തിപരമായ പരിപാടിയെന്ന നിലയിലാണ്. സി.പി.എം. രംഗപ്രവേശം ചെയ്തപ്പോൾ അത് പാർട്ടി പരിപാടിയായി.  അക്രമമുൾപ്പെടെ പല കാര്യങ്ങളിലും കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ പിന്തുടരുന്നത് വളർച്ചയുടെ ഘട്ടത്തിൽ സി.പി.എം വിജയകരമായി പ്രയോഗിച്ച ശൈലിയും തന്ത്രങ്ങളുമാണ്. എന്നാൽ കാതലായ ഒരു വ്യത്യാസമുണ്ട്. രീതികൾ സമാനമാണെങ്കിലും സി.പി.എം പാർട്ടിയെന്ന നിലയിലും കോൺഗ്രസുകാർ വ്യക്തികളെന്ന നിലയിലുമാണ് അവ പിന്തുടരുന്നത്.

കണ്ണൂർ അക്രമത്തെ തുടർന്ന് വിവരം ചോർത്തുന്നതു തടയാൻ പൊലീസ് പുതിയ കോഡുകൾ ഉപയോഗിക്കാനും അവ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥന്മാരിൽ നിന്ന് മറച്ചുവെക്കാനും തീരുമാനിക്കുകയുണ്ടായി. ചോർത്തുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള കഴിവ് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നെന്ന് ഇത് വ്യക്തമാക്കുന്നു. രാഷ്ട്രീയ നുഴഞ്ഞു കയറ്റം തുടങ്ങിയ കാലത്ത് നടപടിയെടുത്തിരുന്നെങ്കിൽ ചോർത്തലുകൾ തടയാനാകുമായിരുന്നു. രാഷ്ട്രീയ സ്വാധീനം വ്യാപകമായിക്കഴിഞ്ഞ സാഹചര്യത്തിൽ അത് എളുപ്പമല്ല. ഇതിന്റെ അർത്ഥം നിലവിലുള്ള സ്ഥിതി മാറ്റം കൂടാതെ തുടരുമെന്നല്ല. വൈകിയാണെങ്കിലും മാറ്റങ്ങൾ ഉണ്ടാകം. എന്നാൽ അത് സംഭവിക്കുന്നത് നല്ല രീതിയിലാകണമെന്നില്ല. ബന്ദ്, ഘെരാവൊ തുടങ്ങിയ സമരമുറകൾ കേരളം പഠിച്ചത് പശ്ചിമ ബംഗാളിൽ നിന്നാണല്ലൊ. അവിടെ മുപ്പതു കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് ചരിത്രം സൃഷ്ടിച്ച സി.പി.എമ്മിന്റെ അനുഭവം കേരളത്തിലെ സി.പി.എമ്മും അതിനെ അനുകരിക്കുന്നവരും പഠിക്കേണ്ടതാണ്. ബംഗാളിൽ പാർട്ടി-പൊലീസ് ബന്ധം കേരളത്തിലേക്കാളേറെ മുന്നോട്ടു പോയിരുന്നു. നന്ദിഗ്രാമിലെ ജനങ്ങൾ സി.പി.എം. സർക്കാരിന്റെ നടപടികൾക്കെതിരെ മുന്നോട്ടു വന്നപ്പോൾ പാർട്ടി കാഡറുകൾ കാക്കി യൂണിഫോം ധരിച്ച് പൊലീസുകാരുമായി ചേർന്ന് ജനങ്ങൾക്കെതിരെ ആയുധപ്രയോഗം നടത്തുന്ന ഘട്ടം വരെ അത് വളരുകയുണ്ടായി. പക്ഷെ അതൊന്നും ബംഗാളിലെ പാർട്ടിയെ രക്ഷിച്ചില്ല. കോൺഗ്രസുകാരിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച മമതാ ബാനർജി സി.പി.എമ്മിന്റെ പല രീതികളും അനുകരിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ചത്. കേരളത്തിലും സി.പി.എമ്മിന്റെ ചില രീതികൾ സ്വീകരിച്ചുകൊണ്ടാണ് കെ. സുധാകരനും കൂട്ടരും ആ പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുള്ളത്. അത്തരം മാർഗ്ഗങ്ങളിലൂടെ സി.പി.എമ്മിനെ തോല്പിക്കാനായാൽ തന്നെ ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നതാണ് ബംഗാൾ നൽകുന്ന പാഠം..
 
ഇടതു-വലതു വിഭജനം കേരളത്തിൽ അർത്ഥശൂന്യമായിരിക്കുന്നു. ഇവിടെ പാർട്ടികൾക്ക് വേലി ചാടി ഇടതായൊ  വലതായൊ മാറാൻ കഴിയുന്നു. കുറച്ചുകാലം ബി.ജെ.പി. കൂടാരത്തിൽ കഴിഞ്ഞശേഷം തിരികെ വന്ന് വീണ്ടും മതേതരനായ നേതാവുമുണ്ടിവിടെ. ശുദ്ധീകരണം ഈ അവസ്ഥക്കു  മാറ്റമുണ്ടാക്കില്ലെന്നാണ് ലോക് സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ട് സി.പി.എം. നടത്തുന്ന നീക്കങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ 23, 2013)

10 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്തിരി സർഫും ഒരു ബക്കറ്റ് വെള്ളവുമായി കഴുകാൻ ഇറങ്ങാൻ മേലായിരുന്നോ?

Brp Bhaskar said...

ഒരു പാർട്ടിയെ കഴുകി വൃത്തിയാക്കേണ്ട ചുമതല അതിന്റെ അംഗങ്ങൾക്കാണ്. സി.പി.എം.കാർക്കുവേണ്ടി സർഫും ബക്കറ്റുമെടുക്കാൻ ഞാനുദ്ദേശിക്കുന്നില്ല.

Brp Bhaskar said...
This comment has been removed by the author.
Mohammed Ali Mohammed Kutty said...

ഇടതുപക്ഷത്തെ തോല്പിചാലും ജനാധിപധ്യം പുന:സ്ഥാപിക്കാന്‍ ആകില്ലെന്ന് ബി. ആര്‍. പി. ഭാസ്കര്‍ തിരിച്ചറിഞ്ഞിരിക്കുന്നു! അതൊരു വലിയ കാര്യം തന്നെ. അത്രയെങ്കിലും തിരിച്ചറിവ് ഉണ്ടായല്ലോ!കേരളത്തില്‍ സി. പി. എം. അധികാരത്തില്‍ ഇപ്പോള്‍ ഇല്ല. ഇനി ഒരിക്കലും തല പൊക്കാനാകാതെ എല്ലാ നേതാക്കളെയും ജയിലില്‍ അടക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും ശ്രമിക്കാത്തത് കാരണം ബി. ആര്‍. പി.ക്ക് മനസ്സമാധാനം കിട്ടുന്നില്ല. കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ ബി. ആര്‍. പി. ഭാസ്കരുടെ കമ്മൂണിസ്റ്റ് വിരോധം എവിടെയെങ്കിലും ഉരച്ചു തീര്‍ക്കാനേ സാധിക്കൂ.

Mohammed Ali Mohammed Kutty said...

സ്വന്ത്ര സംവാദത്തിനു തടസ്സം സൃഷ്ടിക്കുന്ന 'യോദ്ധാക്കളെ' അങ്ങയുടെ തിരുമുറ്റത്ത്‌ കടത്ത്തുകയില്ലെന്നുള്ള തീരുമാനം കണ്ടു. നന്നായിട്ടുണ്ട്. ഇങ്ങനെ വേണം കമ്മ്യൂണിസ്റ്റ് കാരെ തോല്‍പ്പിച്ച് പമ്പ കടത്താന്‍.

Mohammed Ali Mohammed Kutty said...
This comment has been removed by the author.
ബൈജു മണിയങ്കാല said...

തമിഴ് നാട് രാഷ്ട്രീയത്തിലെ കണ്ണട സംസ്കാരം നമ്മുടെ നാട്ടിൽ തൊലിപ്പുറത്ത് ധരിച്ചു നടക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി അതിന്റെ കുഴപ്പത്തിന് ഇപ്പോഴും മരുന്ന് പുരട്ടുന്നത് തൊലിപ്പുറത്ത് തന്നെ അതാണ് ഒരു വല്യ കുഴപ്പം

arun c said...

ബി ആർ പി സാറേ , കാശുണ്ടെങ്കിൽ ആര്ക്കും "ബയ്" ചെയ്യാൻ കഴിയുന്ന ഒരു കൂട്ടമായി അത് പരിണമിച്ചു കഴിഞ്ഞു , ഈ പാർട്ടിയിൽ ഇപ്പോൾ ഈ സമൂഹത്തിന്റെ തന്നെ ജീര്ന തയുടെ പരി ചേതം മാന് ഉള്ളത് ..സമൂഹത്തെ മാറ്റു വാനുള്ള ഒരു മുദ്രവാക്യ വും ഉയര്ത്തുവനുള്ള ശേഷിയിൽ അല്ല ഈ പാര്ട്ടിയും അതിന്റെ നേതൃത്വും , മറിച്ചു , നടക്കുന്ന കച്ചവടങ്ങളുടെ പങ്കു പറ്റീ സുഖമായി രമിക്കുന്നു ...ശുദ്ധീകരണം എന്നത് ആപേക്ഷികം കൂടി ആണ് , കാശായിട്ട് വാങ്ങണോ , ബോണ്ടയിട്ടു വാങ്ങണോ അതോ സംഭാവന ആയിട്ടാണോ യെന്നതെ ഉള്ളൂ

Shuhaib np said...

Good...

രാഹുൽ said...

സീ പീ എം വിരുധതക്ക് എന്താ എങ്ങനയ സർ കൂലി ദിവസ കൂലിയോ അതോ മാസ കൂലിയോ