ബി.ആർ.പി. ഭാസ്കർ
രാഷ്ട്രീയപ്രബുദ്ധതയിൽ
അഭിമാനിക്കുന്ന കേരളസമൂഹം മനുഷ്യാവകാശ അവബോധത്തിൽ പിന്നിലാണ്. ഇതിന് പ്രധാനമായും
രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നമ്മുടേത് നീണ്ട മനുഷ്യാവകാശനിഷേധ പാരമ്പര്യമുള്ള നാടാണെന്നതാണ്.
മറ്റേത് രാഷ്ട്രീയാവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനുഷ്യാവകാശങ്ങൾക്ക്
അര്ഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്നതും.
ഇന്ത്യയിലെ ഫ്യൂഡൽവ്യവസ്ഥയുടെ
സവിശേഷത മതത്തിന്റെ പിൻബലത്തോടെ ഉറപ്പിച്ച ജാതീയമായ ഉച്ഛനീചത്വമായിരുന്നു. കേരളത്തിൽ
ആ വ്യവസ്ഥ നടപ്പിലാക്കുമ്പോൾ കടുത്ത എതിർപ്പു നേരിട്ടതുകൊണ്ടാകണം അത് അടിച്ചേല്പിക്കാൻ
രാജാക്കന്മാർ യഥേഷ്ടം കൊല്ലാൻ അധികാരമുള്ള മാടമ്പിമാരെ നിയോഗിച്ചത്. പത്തൊമ്പതാം
നൂറ്റാണ്ടു വരെ അടിമക്കച്ചവടവും നിലനിന്നിരുന്നു. അത് നിർത്തലാക്കിയശേഷവും
ജന്മിക്കും കൃഷിപ്പണിക്കാർക്കുമിടയിൽ ഉടമ-അടിമ ബന്ധം തുടർന്നു. ദലിതരും
ആദിവാസികളും മറ്റ് ചില പിന്നാക്കവിഭാഗങ്ങളും ഇന്ന് നേരിടുന്ന അവകാശനിഷേധം അതിന്റെ ശേഷിപ്പാണ്.
ഫ്യൂഡൽ കാലത്ത് പ്രബല
വിഭാഗങ്ങൾക്കിടയിൽ സ്വത്ത് കൈമാറ്റം സ്ത്രീകളിലൂടെ നടന്നിരുന്നതുകൊണ്ട്
ഇഷ്ടമില്ലാത്ത സംബന്ധക്കാരനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം പോലെ ചില അവകാശങ്ങൾ
കുടുംബനാഥൻ അവർക്ക് അനുവദിച്ചിരുന്നു. നൂറു കൊല്ലം മുമ്പ് മക്കത്തായത്തിലേക്ക്
മാറിയശേഷം ആ വിഭാഗങ്ങളിൽ പുരുഷമേധാവിത്വം ശക്തിപ്പെട്ടു. സ്ത്രീകൾക്ക് സ്വത്തവകാശം
നിഷേധിച്ചിരുന്ന വിഭാഗങ്ങളിൽ ഉത്ഭവിച്ച സ്ത്രീധന സമ്പ്രദായം മറ്റ് വിഭാഗങ്ങളിലേക്കും
പടർന്നു. സ്ത്രീകൾ അടുക്കളയിൽനിന്ന് അരങ്ങിലേക്ക് വന്ന് വിപ്ലവം സൃഷ്ടിച്ചെന്ന്
പറയപ്പെടുന്ന നാട്ടിൽ ഇപ്പോൾ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകൾ പൊതുവേദികളിൽ നിന്ന്
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന് നു. വീടിനുപുറത്തു മാത്രമല്ല അകത്തും സ്ത്രീകളും
കുട്ടികളും അതിക്രമങ്ങൾ നേരിടുന്നു.
എല്ലാവരും തുല്യരാണെന്നും
തുല്യാവസരങ്ങൾ അർഹിക്കുന്നെന്നും നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആ
ആശയം ഉൾക്കൊള്ളാൻ പലർക്കുമാകുന്നില്ല. അതുകൊണ്ടാണ് ജാതീയവും ലിംഗപരവുമായ വിവേചനം
തുടരുന്നത്. അതിന്റെ പിന്നിൽ യാഥാസ്ഥിതിക ജാതിമത ശക്തികളുടെ സ്വാധീനമുണ്ട്.
അവർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പുരോഗമനപരമായ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ
ബാധ്യസ്ഥരായ കക്ഷികളും പലപ്പോഴും മടിക്കുന്നു.
കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയ്ക്കടി ഉണ്ടാകുന്ന പൌരാവകാശ ലംഘനങ്ങൾ നമുക്ക്
കൊളോണിയൽ പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം
നേടാനായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന,
പട്ടാളക്കാർക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം കൊളോണിയൽ പാരമ്പര്യത്തിന്റെ
തുടർച്ചയാണ്. കലാപബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ
മാത്രം നടപ്പാക്കാവുന്ന ഒന്നാണ് ഈ നിയമം. കലാപബാധിത പ്രദേശ പ്രഖ്യാപനത്തിനാകട്ടെ ആറു മാസത്തെ
നിലനില്പേയുള്ളൂ. ഒരു ചെറിയ കാലയളവിലേക്കായി വിഭാവനം ചെയ്യപ്പെട്ട സംവിധാനം ഓരോ
ആറു മാസവും പുതിയ പ്രഖ്യാപനം ഇറക്കിക്കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 60 കൊല്ലമായി നിലനിർത്തിയിരിക്കുകയാണ്. ഈ
അനീതിക്കെതിരെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച മണിപുരി കവയത്രി ഇറോം ശർമിള 11
കൊല്ലമായി തടവുകാരിയായി ആശുപത്രിയിലാണ്. സഹനസമരം നടത്തുന്ന അവരുമായി സംഭാഷണം
നടത്താൻ ഒരു ശ്രമവും നടത്താതെ മൂക്കിലൂടെ ദ്രവ്യാഹാരം നൽകിക്കൊണ്ട് സര്ക്കാർ
അവരുടെ ജീവൻ നിലനിർത്തിയിരിക്കുകയാണ്. ഈ മനുഷ്യാവകാശലംഘനങ്ങൾ നമ്മുടെ
ജനാധിപത്യവ്യവസ്ഥയുടെ ഉള്ള് പൊള്ളയാണെന്ന് വെളിപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭ 1948
ഡിസംബർ 10ന് അംഗീകരിച്ച സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം നിലവിലുള്ള
മനുഷ്യാവകാശ സങ്കല്പം ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിക്കുന്ന രേഖയാണ്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത രാജ്യങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും
പൌരാവകാശങ്ങളിലും ഊന്നിയുള്ള സമീപനവും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള
കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സ്വീകരിച്ച സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ
അവകാശങ്ങൾക്ക് മുൻതൂക്കം നൽകുന്ന സമീപനവും അതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു
തരം അവകാശങ്ങൾ കൂടാതെ പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന ജനവിഭാഗങ്ങളുടെ സവിശേഷമായ
അവകാശങ്ങൾ വ്യക്തമാക്കുന്ന നിരവധി രേഖകളും ഐക്യരാഷ്ട്ര സഭ പിന്നീട്
അംഗീകരിക്കുകയുണ്ടായി. ഇരുപതു കൊല്ലം മുമ്പ് അത് മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം
ചെയ്യാൻ ഒരു ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മിഷൻ സ്ഥാപിക്കുകയും ചെയ്തു.
സാർവ്വലൌകിക
മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മിക്ക ആശയങ്ങളും 1950ൽ നിലവിൽ വന്ന നമ്മുടെ ഭരണഘടനയിൽ
ചേർത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള അന്താദ്ദേശീയ രേഖകളിലെ വകുപ്പുകൾ
കൂടി കണക്കിലെടുത്തുകൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ നമ്മുടെ നിയമങ്ങൾ
വ്യാഖ്യാനിക്കുന്നത്. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി പലതും അന്തസ്സായി
ജീവിക്കാൻ ആവശ്യമുള്ളവയെന്ന നിലയിൽ മനുഷ്യാവകാശങ്ങളിൽ പെടുന്നതായി കോടതി
പ്രഖ്യാപിച്ചിട്ടുണ്ട്. ശുദ്ധവായുവും ശുദ്ധജലവും സന്തുലിതമായ പരിസ്ഥിതിയുമൊക്കെ
നല്ല നിലയിൽ ജീവിക്കാൻ ആവശ്യമാണെന്ന തിരിച്ചറിവ് പരിസ്ഥിതി സംരക്ഷണത്തെ മനുഷ്യാവകാശങ്ങളുടെ
പരിധിയിൽ കൊണ്ടുവന്നിട്ടുള്ളത്.
മനുഷ്യാവകാശങ്ങളെക്കുറിച്ച്
തെറ്റായ ധാരണകൾ വെച്ചു പുലർത്തുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. അതുകൊണ്ടാണ്ണ്
‘ഭീകരവാദിക്കെന്ത് മനുഷ്യാവകാശം?’ ‘എവിടെ സുഗതകുമാരി?’ തുടങ്ങിയ ചോദ്യങ്ങൾ ഇടയ്ക്കിടയ്ക്ക്
ഉയരുന്നത്. മനുഷ്യാവകാശങ്ങൾ നല്ലവർക്കു മാത്രം നൽകേണ്ടതും മറ്റുള്ളവർക്ക് നിഷേധിക്കേണ്ടതുമായ
ആനുകൂല്യമാണെന്ന ധാരണയാണ് ആദ്യ ചോദ്യത്തിന്റെ പിന്നിലുള്ളത്. മനുഷ്യാവകാശ
സംരക്ഷണം സാമൂഹ്യസേവനം പോലെ ചിലർ തെരഞ്ഞെടുത്തിട്ടുള്ള പ്രവർത്തനമേഖലയാണെന്നും
അവകാശനിഷേധമുണ്ടായാൽ ശബ്ദമുയർത്തേണ്ടത്
അവരുടെ ചുമതലയാണെന്നുമുള്ള ധാരണയാണ് മറ്റേ ചോദ്യത്തിനു പിന്നിൽ.
കുറ്റകൃത്യങ്ങൾ
ചെയ്യാനുള്ള അവകാശം ആർക്കുമില്ല. എന്നാൽ ഹീനമായ കുറ്റം ചെയ്തയാൾക്കും ചില
അവകാശങ്ങളുണ്ട്. അന്വേഷണഘട്ടത്തിലും വിചാരണവേളയിലും ശിക്ഷിക്കപ്പെട്ടശേഷവും നിയമം
അയാൾക്ക് നൽകുന്ന പരിരക്ഷ അയാളുടെ അവകാശമായി അവശേഷിക്കുന്നു.
അവകാശലംഘനം നടക്കുമ്പോൾ
അതിനെതിരെ ശബ്ദമുയർത്താനുള്ള ചുമതല ഓരോ പൌരനുമുണ്ട്. എന്നാൽ സാഹചര്യങ്ങൾ
പ്രതികൂലമായതുകൊണ്ട് പലർക്കും അതിനു കഴിഞ്ഞില്ലെന്ന് വരും. അവർക്കുവേണ്ടി
ശബ്ദമുയർത്തുന്നവരാണ് മനുഷ്യാവകാശ പ്രവര്ത്തകർ. ഈയിടെ ഒരുയർന്ന മുൻ ഉദ്യോഗസ്ഥൻ പശ്ചിമഘട്ട
സംരക്ഷണം സംബന്ധിച്ച ‘ഗാഡ്ഗിൽ റിപ്പോർട്ട് മരമൌലികവാദികളുടെ സുവിശേഷമാണ്’ എന്ന്
എഴുതുകയുണ്ടായി. വ്യാപകമായി വനം കയ്യേറ്റം നടത്താനും അതൊക്കെ നിയമവിധേയമാക്കി കയ്യേറ്റക്കാരെ
സംരക്ഷിക്കാനും ഒത്താശ ചെയ്യുന്ന രാഷ്ട്രീയ-ഔദ്യോഗികസംവിധാനത്തി ന്റെ ഭാഗമായിരുന്ന
ഒരാളിന്റെ വീക്ഷണമാണത്. കേരളത്തിലെ
പാരിസ്ഥിതിക പ്രശ്നങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളുടെ അവകാശങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാവുന്ന
സാഹചര്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ ശക്തർക്കെതിരെ ദുർബലർക്കൊപ്പം നില്ക്കുകയാണ്
മനുഷ്യാവകാശ സംരക്ഷകരുടെ കർത്തവ്യം.
നിത്യേന ധാരാളം അവകാശ
ലംഘനങ്ങൾ നടക്കുന്നുണ്ട്. അവയ്ക്കെല്ല്ലാമെതിരെ ശബ്ദമുയർത്താനുള്ള കഴിവ് ലോകത്ത് ഒരു
വ്യക്തിക്കും ഒരു സംഘടനയ്ക്കും ഇല്ല. ചില അവകാശപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം
ചെയ്യാൻ വൈദഗ്ദ്ധ്യം ആവശ്യമാണ്. ഈ വക കാരണങ്ങളാൽ മനുഷ്യാവകാശ സംഘടനകളും
പ്രവർത്തകരും അവരുടെ പ്രവർത്തനങ്ങൾ ചില മേഖലകളിലായി പരിമിതപ്പെടുത്തുന്നു. ഒരു മേഖലയിൽ
അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തി മറ്റൊരു മേഖലയിൽ അവകാശലംഘനം
നടത്തിയെന്നിരിക്കാം. അതുകൊണ്ട് വ്യക്തികളുടെയും സംഘടനകളുടെയും ഓരോ പ്രവർത്തനവും
കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. (ജനയുഗം)
No comments:
Post a Comment