Thursday, December 5, 2013

എല്ലാ മനുഷ്യർക്കും മനുഷ്യാവകാശങ്ങളുണ്ട്

ബി.ആർ.പി. ഭാസ്കർ

മനുഷ്യാവകാശങ്ങൾക്ക് വളരെ ലളിതമായ ഒരു നിർവചനമുണ്ട്: മനുഷ്യന് അന്തസ്സായി ജീവിക്കാൻ ആവശ്യമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. പക്ഷെ ഈ സങ്കല്പം ശരിയായി മനസിലാക്കാൻ പലർക്കും കഴിയാറില്ല. അതുകൊണ്ടാണ് ‘തീവ്രവാദിക്കും മനുഷ്യാവകാശമോ?’ എന്നതു പോലുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്. മനുഷ്യാവകാശങ്ങളെ നമുക്ക് ഇഷ്ടമുള്ളവർക്ക് മാത്രം കൊടുക്കേണ്ടതും മറ്റുള്ളവർക്ക് നിഷേധിക്കേണ്ടതുമായ ഒന്നായി കാണുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നത്. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്ഥാപിതമായ ഐക്യ രാഷ്ട്രസഭ 1948 ഡിസംബർ 10ന് സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. രണ്ട് ചിന്താധാരകളുടെ സംഘട്ടനത്തിനിടയിൽ ഉയർന്നുവന്ന പൊതുവായ ആശയങ്ങളാണ് അതിലുള്ളത്. അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ പൌരന്മാരുടെ രാഷ്ട്രീയ അവകാശങ്ങളിൽ അധിഷ്ഠിതമായ അവകാശ സങ്കല്പം മുന്നോട്ടുവെച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങളിൽ ഊന്നിയുള്ള ബദൽ സങ്കല്പം അവതരിപ്പിച്ചു. പിന്നീട് ഐക്യ രാഷ്ട്രസഭ ഈ രണ്ട് സങ്കല്പങ്ങളിലും പെടുന്ന കൂടുതൽ ആശയങ്ങൾക്ക് അന്താദ്ദേശീയ പൌരാവകാശ രാഷ്ട്രീയ അവകാശ ഉടമ്പടി (International Covenant on Civil and Political Rights), അന്താദ്ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി (International Covenant on Economic, Social and Cultural Rights) എന്നിവയിലൂടെ അംഗീകാരം നൽകി. പ്രതികൂല സാഹചര്യങ്ങൾ മൂലം പല അവകാശങ്ങളും സാക്ഷാത്കരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ് ഒറ്റ വാചകത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങൾ നിരവധി രേഖകളിലൂടെ വിപുലീകരിച്ചിട്ടുള്ളത്. സ്ത്രീകൾ, കുട്ടികൾ, അഭയാർത്ഥികൾ, പ്രവാസികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ അവകാശങ്ങൾ എടുത്തു പറയുന്ന അന്താദ്ദേശീയ ഉടമ്പടികൾ ഇപ്പോഴുണ്ട്.

ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം വന്നത്. അതിലെ മിക്ക ആശയങ്ങളും നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ അവയിൽ പലതും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ തുടർച്ചയായ നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെയും ജനാധിപത്യമൂല്യങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ലാത്ത നമ്മുടെ രാഷ്ട്രീയകക്ഷികളുടെയും പാരമ്പര്യങ്ങളിൽ മനുഷ്യാവകാശ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത പലതും അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിനു മുമ്പും മനുഷ്യാവകാശ സങ്കല്പങ്ങൾ നിലനിന്നിരുന്നു. സമൂഹത്തിലെ മാറ്റങ്ങൾക്കൊപ്പം അവ മാറിക്കൊണ്ടുമിരുന്നു. ഗോത്രകാലത്തെ അവകാശ സങ്കല്പത്തിൽ വ്യക്തിക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. കാർഷിക യുഗത്തിൽ വികസിച്ച ഫ്യൂഡൽ വ്യവസ്ഥയിലും വ്യാവസായിക യുഗത്തിൽ വികസിച്ച മുതലാളിത്ത സോഷ്യലിസ്റ്റ് വ്യവസ്ഥകളിലും പുതിയ സങ്കല്പങ്ങൾ രൂപപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഇന്ന് നിലനിൽക്കുന്ന ചട്ടങ്ങൾ ഇതിനുദാഹരണമാണ്. കുട്ടികൾ മുതിർന്നവർക്കൊപ്പം കൃഷിയിലും കരകൌശലപണികളിലും ഏർപ്പെട്ടിരുന്ന ഫ്യൂഡൽ കാലഘട്ടത്തിൽ ബാലവേലയെ  ചൂഷണമായി ആരും കണ്ടിരുന്നില്ല. എട്ടു മണിക്കൂർ വേല, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ ഉറക്കം എന്ന വ്യാവസായിക കാല മുദ്രാവാക്യം ഒരു പുതിയ അവകാശ സങ്കല്പത്തിന്റെ തുടക്കമായിരുന്നു. ഇപ്പോൾ ലോകം വ്യാവസായികോത്തര ഘട്ടത്തിലാണ്. പുതിയ സാഹചര്യങ്ങളിൽ മനുഷ്യാവകാശ സങ്കല്പം കാലോചിതമായി പരിഷ്കരിക്കേണ്ടി വരും.

എല്ലാവർക്കും എല്ലാ അവകാശങ്ങളും എല്ലായ്പ്പോഴും ഒരുപോലെ ലഭ്യമാവില്ല. കുറ്റം ആരോപിക്കപ്പെട്ടതിന്റെ ഫലമായി പൊലീസ് പിടികൂടുകയൊ കുറ്റം ചെയ്തെന്ന് തെളിഞ്ഞതിന്റെ ഫലമായി ജയിലിലടയ്ക്കപ്പെടുകയൊ ചെയ്യുന്നയാളുടെ സ്വാതന്ത്ര്യങ്ങൾ സ്വാഭാവികമായും പരിമിതികൾക്ക് വിധേയമാണ്. എന്നാൽ അയാളുടെ മനുഷ്യാവകാശങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നില്ല. സത്യസന്ധമായ അന്വേഷണവും നീതിപൂർവ്വകമായ വിചാരണയും കുറ്റാരോപിതന്റെ  അവകാശങ്ങളിൽ പെടുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും അയാൾ മാനുഷിക പരിഗണനയ്ക്ക് അർഹനാണ്. അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി മനുഷ്യാവകാശ സങ്കല്പങ്ങൾ മാറുമെങ്കിലും അവയ്ക്ക് പിന്നിൽ എക്കാലവും മാറ്റം കൂടാതെ നിൽക്കുന്ന – അഥവ നിൽക്കേണ്ട -- സത്യം, ധർമ്മം, നീതി തുടങ്ങിയ ആദർശങ്ങളുണ്ടാകും. ആദിവാസികൾ, ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ തുടങ്ങി തുല്യതയും തുല്യാവസരങ്ങളും നിഷേധിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രശ്നങ്ങളാണ്. അവയെ അങ്ങനെ കാണാൻ ചിലർക്ക് കഴിയാത്തത് തുല്യതയും തുല്യാവസരങ്ങളും അവരുടെ ചിന്താപദ്ധതിയിൽ ഇടം നേടിയിട്ടില്ലാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ മടിക്കുന്നവർ സ്വന്തം അവകാശങ്ങളെയും അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. 

നാസി ജർമ്മനിയിൽ ജയിലിലടയ്ക്കപ്പെട്ട മാർട്ടിൻ നീമുള്ളർ (Martin Niemoller) എന്ന പാതിരി പിൽക്കാലത്ത് പറയുകയുണ്ടായി: “ഹിറ്റ്ലർ ജൂതന്മാരെ ആക്രമിച്ചപ്പോൾ, ജൂതനല്ലായിരുന്നതുകൊണ്ട്, ഞാൻ ആശങ്കപ്പെട്ടില്ല. ഹിറ്റ്ലർ കത്തോലിക്കരെ ആക്രമിച്ചപ്പോൾ, കത്തോലിക്കനല്ലായിരുന്നതുകൊണ്ട്, ഞാൻ ആശങ്കപ്പെട്ടില്ല. ഹിറ്റ്ലർ യൂണിയനുകളെയും വ്യവസായികളെയും ആക്രമിച്ചപ്പോൾ, യൂണിയൻ‌കാരൻ അല്ലായിരുന്നതുകൊണ്ട് ഞാൻ ആശങ്കപ്പെട്ടില്ല. പിന്നീട് ഹിറ്റ്ലർ എന്നെയും പ്രോട്ടസ്റ്റന്റ് സഭയെയും ആക്രമിച്ചപ്പോൾ, ആശങ്കപ്പെടാൻ ആരും അവശേഷിച്ചിരുന്നില്ല.”(വായന കൂട്ടായ്മയുടെ ‘വാക്കി’ന്റെ  2013 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

No comments: