റീജന്റ് മഹാറാണി ഉതൃട്ടാതി തിരുനാൾ ഗൌരി പാർവ്വതീഭായി (1802-1853)
ശരിയായ പരമ്പരാഗത ബ്രിട്ടീഷ് ഇംഗ്ലീഷ് ‘രാജ്ഞിയുടെ ഇംഗ്ലീഷ്’ എന്നറിയപ്പെടുന്നു. രണ്ട് നൂറ്റാണ്ട് മുമ്പത്തെ 'റാണിയുടെ മലയാളം' എങ്ങനെയായിരുന്നെന്ന് നോക്കാം. കൊല്ലവർഷം 992ആമാണ്ട് ഇടവമാസത്തിൽ (1817 ക്രി.പി.) തിരുവിതാംകൂറിലെ റീജന്റ് മഹാറാണി ഗൌരി പാർവ്വതീഭായി നൽകിയ ഒരു നീട്ടാണ് ചുവടെ ചേർക്കുന്നത്:
കൊടുത്തൂട്ട സാധനവും വായിച്ചുകെട്ട അവസ്ഥയും അറിഞ്ഞു കൊല്ലത്തിനു വടക്കുള്ള
പ്രദേശങ്ങളിൽ ഒള്ള പിള്ളരെ എഴുത്തു പടിപ്പിക്കുന്നതിനു വാദ്ധ്യാന്മാർക്കു ശമ്പളം കൊടുപ്പാൻ
ജനങ്ങൾക്കു വകയില്ലാതെയും പള്ളിക്കൂടവും വച്ച് വാദ്ധ്യാന്മാർ വന്നു പാർക്കാതെയും ആ
ദിക്കുകളിലുള്ള ആളുകൾക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റവും കുറവായിട്ടു
വന്നിരിക്കുന്നുവെന്നും പണ്ടാരവകയിൽ നിന്നും
ശമ്പളവും കൊടുത്തു വാദ്ധ്യാന്മാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പടിപ്പിച്ച് പ്രാപ്തി
ആക്കിയാൽ ഓരോ ഉദ്യോഗങ്ങൾക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും രാജ്യത്തേയ്ക്കു യശസ്സും
കീർത്തിയും ധർമ്മവും അഭിവൃദ്ധിയായിട്ടും വരുന്നതാകകൊണ്ട് ആ വകയ്ക്ക് മലയാൺമ അക്ഷരവും വ്യുൽപ്പത്തിയും ജോതിഷവും വശം ഒള്ളതിൽ
ഒരാളിനേയും ഇതിന്മണ്ണം ഓരോ സ്ഥലത്തേക്ക് രണ്ട് വാദ്ധ്യാന്മാർ വീതം ആക്കി അവർക്ക് പേരൊന്നിന്
മാസം ഒന്നിനും 50 പണം വീതം ശമ്പളവും വച്ചുകൊടുത്താൽ പടിപ്പിക്കുന്നതാകകൊണ്ട് ഇപ്പോൾ മാവേലിക്കര
മണ്ഡപത്തുംവാതുക്കലേക്ക് രാമവാര്യനേയും ശങ്കരലിംഗം വാദ്ധ്യാനേയും കാർത്തികപ്പള്ളി
മണ്ടപത്തുംവാതുക്കലേയ്ക്കു അരിപ്പാട്ടുകൊച്ചുപിള്ള വാര്യനേയും ശുചീന്ദ്രത്തു വള്ളിനായകം
വാദ്ധ്യാനേയും തിരുവല്ലാ മണ്ടപത്തുവാതുക്കലേയ്ക്ക് വട്ടപ്പറമ്പിൽ കുഞ്ഞുകുഞ്ഞിനേയും
ചട്ടനാഥ വാദ്ധ്യാനേയും കൊട്ടാരക്കര മണ്ടപത്തുവാതുക്കലേയ്ക്കു പെരൂർ കുറുപ്പിനേയും ശിവഞാനംപിള്ളയേയും
ആക്കി അവർക്കു പേരൊന്നിനു അമ്പതു പണം വീതം ശമ്പളം വച്ചു കൊടുപ്പിക്കേണ്ടുന്ന അവസ്ഥ
കൊണ്ടല്ലോ എഴുതി വന്നതിനാലാകുന്നു
ഇപ്രകാരം നിശ്ചയിച്ചിട്ടുള്ളതു യുക്തമായിട്ടുള്ളതാകകൊണ്ട് എഴുതി വന്നതിന്മണ്ണം
തന്നെ ഓരോ സ്ഥലത്തേക്കും (രണ്ട്) വാദ്ധ്യാന്മാർ വീതവും ആക്കി പേരൊന്നിനു മാസം 50 പണം വീതം ശമ്പളവും
വച്ചുകൊടുത്തു അവരുടെ പിള്ളരെ പള്ളിക്കൂടത്തിൽ കൊണ്ടുവന്നുവിട്ടാൽ അവരെ ഒക്കെയും എഴുത്തും
കണക്കും നല്ല പോലെ പടിപ്പിക്കത്തക്കവണ്ണവും 15 ദിവസത്തേക്കു ഒരിക്കൽ അതാതു മണ്ടപത്തുംവാതുക്കൽ
തഹസീൽദാരനും സമ്പ്രതിക്കാരിൽ ഒരുത്തനും പള്ളിക്കൂടത്തിൽചെന്ന് എത്ര പിള്ളരു എഴുത്തുപടിച്ചുവരുന്നുവെന്നും
അവർക്ക് എന്തെല്ലാം അഭ്യാസങ്ങൾ ആയെന്നും വര്യോല എഴുതി ഹജൂരിൽ കൊടുത്തയക്കേണ്ടുന്നതിനും
ചട്ടംകെട്ടി ഓരോ മാസം തികയുമ്പോൾ ആവകയ്ക്ക് വിവരമായിട്ട് വര്യോല എഴുതിച്ച് നാം ബോധിക്കുന്നതിനു
കൊടുത്തയക്കത്തവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 992ആമാണ്ട്
ഇടവമാസം 19ആം തിയ്യതി ദിവാൻ പേഷ്കാർ വെങ്കട്ടരായർക്ക് നീട്ടു എഴുതിവിടു എന്നു തിരുവുള്ളമായ
നീട്ടു.
തുല്യം ചാർത്തു
നേതാജി സാമൂഹ്യ-സാംസ്കാരിക
പഠനകേന്ദ്രം ഈയാഴ്ച പ്രസിദ്ധീകരിച്ച “അയ്യൻകാളിയും കേരള നവോത്ഥാനവും” എന്ന പുസ്തകത്തിൽ
അനുബന്ധമായി ചേർത്തിട്ടുള്ള രേഖയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്
ഇപ്പോഴത്തെ അച്ചടിലിപി ആയതുകൊണ്ട് ചില ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടാകുമെന്ന് ഞാൻ
കരുതുന്നു.
മഹാറാണി ഉതൃട്ടാതി തിരുനാൾ ഗൌരി പാർവതിഭായി 1815ൽ, പതിമൂന്നു വയസ് മാത്രം പ്രായമുള്ളപ്പോൾ, റീജന്റായി തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണ ചുമതല ഏറ്റെടുത്തു. ഈ നീട്ടിൽ തുല്യം ചാർത്തുമ്പോൾ വയസ് 15.
3 comments:
Interesting :-) Thanks for sharing
Interesting ;-)
Pretty long sentences, Thanks for sharing
പഴയ രീതിയിലുള്ള നെടുനീളൻ വാചകങ്ങൾ. അക്ഷരത്തെറ്റുകളുടെ (?) കൂമ്പാരവും. ഇനി ഇതൊക്കെത്തന്നെയായിരുന്നോ അന്നത്തെ ശരിയായരീതിയിലുള്ള മലയാളം?
Post a Comment