Wednesday, November 6, 2013

ഭൂരഹിതരില്ലാത്ത കേരളവും തട്ടിപ്പാണ്!

ബി.ആർ.പി. ഭാസ്കർ

കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഒന്നെന്ന് വിശേഷിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെപ്തംബർ 30ന് യു.ഡി.എഫ്. സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുമ്പോൾ അയൽ ജില്ലയായ കൊല്ലത്ത് വനമേഖലയോട് തൊട്ടു കിടക്കുന്ന അരിപ്പയിൽ ഒമ്പതു മാസമായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന 1300 കുടുംബങ്ങൾ ഉച്ചത്തിൽ വിളിച്ചുചോദിക്കുകയായിരുന്നു: “ആർക്കുവേണം, ആർക്കുവേണം മൂന്നു സെന്റ്?”

കഴിഞ്ഞ കൊല്ലം ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനത്തിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. വർഷങ്ങളായി രണ്ട് മുന്നണികളും ഭരണത്തിലിരിക്കെ നടത്തിപ്പോരുന്ന പട്ടയമേളയുടെ തുടർച്ച മാത്രമാണ് സ്വപ്നപദ്ധതിയെന്ന് ഗവർണറുടെ പ്രസംഗത്തിൽനിന്നു തന്നെ വ്യക്തമായിരുന്നു. പട്ടയ വിതരണം ത്വരിതപ്പെടുത്തി 2015 ആകുമ്പൊഴേക്കും കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നാണ് അതിലുണ്ടായിരുന്നത്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത ഭൂരഹിതരുടെ അഭിലാഷങ്ങൾ സർക്കാർ മനസിലാക്കുന്നെന്നും ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്തവർക്ക് അത് കൊടുക്കുമെന്നും ഗവർണർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 2,43,928 ഭൂരഹിത കുടുംബംഗങ്ങളുണ്ടെന്ന് സർക്കാർ കണ്ടെത്തി. ആദ്യം ഈ കണക്ക് അവിശ്വസനീയമായി തോന്നിയെന്ന് റവന്യു മന്ത്രി അടൂർ പ്രകാശ് പറയുന്നു. ആദ്യ ഘട്ടത്തിൽ ഇവരിൽ ഒരു ലക്ഷം പേർക്ക് മൂന്നു സെന്റ് വീതം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിൽപെടുന്ന ആറ്‌ ഭാഗ്യശാലികൾക്ക് ഉത്ഘാടനച്ചടങ്ങിൽ വെച്ച് പട്ടയം നൽകി. ഭൂമി കൊടുത്താൽ മതിയോ, വീടും വേണ്ടേ എന്ന സോണിയാ ഗാന്ധിയുടെ ചോദ്യം ആ ആറു പേർക്കും വീടു വെച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു.

ആർക്കു വേണം മൂന്നു സെന്റ് എന്ന മുദ്രാവാക്യം സമരമുഖത്ത് കേട്ട പാട്ടുകളിൽ ഒന്നിന്റെ ഭാഗമായിരുന്നു. സർക്കാരിന്റെ ആത്മാർത്ഥതയിലുള്ള വിശ്വാസക്കുറവ് അതിൽ പ്രതിഫലിച്ചു. പാവങ്ങളെ പറ്റിക്കാനല്ലേ, കവലകളിൽ മൈക്ക് കെട്ടി കൂവി വിളിക്കാനല്ലേ, മൂന്ന് സെന്റ് കൊടുത്തെന്ന് പാടി നടക്കാനല്ലേ, വോട്ടിനായി വീട്ടിൽ വരുമ്പോൾ പുഞ്ചിരി തൂകാനല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അതിലുണ്ടായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താനാഗ്രഹിക്കുന്ന ഭൂരഹിതരുടെ വികാരമാണ് ആ വരികളിലുള്ളത്.  സർക്കാരിന്റെ പദ്ധതിയെ വഞ്ചനാപരവും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള ഒന്നുമായി അവർ കാണുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിന്റെ ഭൂനയചരിത്രം തുടർച്ചയായ വഞ്ചനയുടെ ചരിത്രം കൂടിയാണല്ലൊ.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാകുമെന്ന മോഹനവാഗ്ദാനം എത്ര പേർ വിശ്വസിച്ചെന്ന് പറയാനാവില്ല. പക്ഷെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിയതും ഏതാണ്ട് രണ്ട് പതിറ്റാണ്ടിനുശേഷം സി.പി.ഐയും കോൺഗ്രസും ഉൾപ്പെട്ട സർക്കാർ പൂർത്തീകരിച്ചതുമായ ഭൂപരിഷ്കരണം സാമൂഹ്യഘടനയിൽ വലിയ അഴിച്ചുപണി ആവശ്യപ്പെടാത്ത ഒന്നായിരുന്നു. ജാതിവ്യവസ്ഥയുടെ തലപ്പത്തായിരുന്ന ജന്മിയിൽ നിന്നെടുത്ത ഭൂമി അടിസ്ഥാനവർഗ്ഗത്തിൽ‌ പെട്ട, പാടത്തിറങ്ങി പണിയെടുക്കുന്നവർക്ക് നൽകാതെ വരമ്പത്ത് നിന്ന് അവരെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നവർക്കാണ് കൊടുത്തത്. അവരാകട്ടെ പഴയ മേലാളന്മാരുടെ കൂട്ടത്തിൽ‌ പെട്ടവരൊ ഒരു നൂറ്റാണ്ടു കാലത്തെ മാറ്റങ്ങളിലൂടെ അതിനകം സാമൂഹ്യപദവി മെച്ചപ്പെടുത്തി ക്കഴിഞ്ഞവരൊ ആയിരുന്നു. അടിസ്ഥാനവർഗ്ഗം പൂർണ്ണമായി തഴയപ്പെട്ടില്ല. അവർക്ക് കുടികിടപ്പവകാശം ലഭിച്ചു. സദാ കുടിയിറക്കു ഭീഷണി നേരിട്ടിരുന്ന അവരെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാര്യമായിരുന്നില്ല. എന്നാൽ അത് കൂര എന്ന ഒരു പ്രാഥമികാവശ്യം മാത്രമെ ഉറപ്പാക്കിയുള്ളു. ഭഷണം, വസ്ത്രം എന്ന മറ്റ് പ്രാഥമിക അവകാശങ്ങൾ ഉറപ്പാക്കാൻ അത് പര്യാപ്തമായില്ല. കൂലി വർദ്ധനവിലൂടെ കുറച്ചു കാലത്തേക്ക് വരുമാനം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ ഭൂമി ലഭിച്ച ഇടത്തട്ടുകാർക്ക് ആദായകരമല്ലാത്ത ധാന്യ കൃഷിയിലുള്ള താല്പര്യം കുറയുകയും അവർ നാണ്യവിളയിലേക്ക് തിരിയുകയൊ അടുത്ത തലമുറക്ക് വെള്ളക്കോളർ ജോലി സമ്പാദിക്കാനുതകുന്ന വിദ്യാഭ്യാസം കൊടുക്കാനായി കൃഷിക്കാരല്ലാത്തവർക്ക് ഭൂമി വിൽക്കുകയൊ ചെയ്തപ്പോൾ അവരുടെ അവസ്ഥ മോശമായി. അവരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി.

അടുത്ത ഏറ്റവും വലിയ പരിഷ്കാരം എം.എൻ.ഗോവിന്ദൻ നായർ പാർപ്പിട മന്ത്രിയെന്ന നിലയിൽ 40 കൊല്ലം മുമ്പ് തയ്യാറാക്കിയ ലക്ഷം വീട് പദ്ധതിയാണ്. ഒരു ലക്ഷം ഭവനരഹിത കുടുംബങ്ങളെ അത് ആ പദ്ധതിയും ഗുണത്തോടൊപ്പം അല്പം ദോഷവും ചെയ്തു. കർഷകത്തൊഴിലാളികൾ ജന്മിയുടെ ഭൂമിയിൽ കുടിൽകെട്ടി കഴിഞ്ഞിരുന്നതുകൊണ്ട്, രാജ്യത്തെ മറ്റ് ചിലയിടങ്ങളിലെന്നപോലെ ഇവിടെ ഗ്രാമത്തിനു പുറത്ത് ദലിത് ചേരികൾ ഉയർന്നുവന്നിരുന്നില്ല. ദലിതർക്കായി സ്ഥലം നീക്കിവെക്കുകയും അവരെ അവിടെ ഒതുക്കുകയും ചെയ്യുന്ന രീതി രാജഭരണകാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു. ദിവാന്റെ പേരുമായി ബന്ധപ്പെടുത്തി രൂപീകരിക്കപ്പെട്ട  സചിവോത്തമപുരം കോളനി അക്കൂട്ടത്തിലെ ആദ്യത്തേതാണെന്നു തോന്നുന്നു. ലക്ഷം വീടുകളിലെ ജനസംഖ്യ വർദ്ധിച്ചപ്പോൾ സ്ഥിതി മോശമായി. ലക്ഷം വീടുകളുടെ അവസ്ഥ പരിതാപകരമായിരിക്കുന്നെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും അവയുടെ നവീകരണത്തിന് പണം കണ്ടെത്താനും ഗോപിനാഥ് മുതുകാട് അഞ്ചു കൊല്ലം മുമ്പ് ഒരു മാജിക്ക് പരിപാടി സംഘടിപ്പിച്ചു. സർക്കാരിന് പുതിയ പദ്ധതി ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടു.

ഭൂരാഹിത്യപ്രശ്നം നേരിട്ടിട്ടില്ലാത്തവരായിരുന്നു ആദിവാസികൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ ഗവണ്മെന്റ് വനങ്ങൾ സംരക്ഷിക്കാനായി ബാഹ്യ ഇടപെടൽ അനുവദനീയമല്ലാത്ത റിസർവ് വനങ്ങൾ സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ മഹാരാജാവും സമാന നടപടികൾ സ്വീകരിച്ചു. തുടർന്ന് വനം വകുപ്പ് തിരുവനന്തപുരത്തെ വനപ്രദേശങ്ങളിൽ നിന്ന് കാണികളെ പുറത്താക്കാൻ തീരുമാനിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവ് എതിരാളികളുടെ കണ്ണിൽ‌പെടാതിരിക്കാൻ ഒളിവിൽ കഴിഞ്ഞ കാലത്ത് കാണികൾ അദ്ദേഹത്തെ സഹായിച്ചിരുന്നു.  ഏതാനും കാണികൾ തലസ്ഥാനത്തെത്തി അദ്ദേഹത്തിന്റെ പിൻ‌ഗാമിയോട് സങ്കടമുണർത്തിച്ചു. ആദിവാസികൾക്ക് വനപ്രദേശത്ത് ആചന്ദ്രതാരം കഴിയാനുള്ള അവകാശം അനുവദിച്ചുകൊണ്ട് മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. വനങ്ങളിൽ കഴിയുന്ന എല്ലാ ആദിവാസികൾക്കും അവിടെ പാർക്കാനും ഉപജീവനം നടത്താനുമുള്ള അവകാശമുണ്ടായിരുന്നു. സമതലങ്ങളിൽ നിന്നുള്ളവർ ആദിവാസി ഭൂമി കയ്യേറുന്നത് തടയാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടായിരുന്നിട്ടും കേരളമുൾപ്പെടെ രാജ്യത്തിന്റെ പലയിടങ്ങളിലും അവർക്ക് ഭൂമി നഷ്ടപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറക്കുമതി തടസപ്പെട്ടപ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ  സർക്കാരും തിരുവിതാംകൂർ സർക്കാരും ഭക്ഷ്യധാന്യ ഉത്പാദനത്തിനായി നിശ്ചിത അളവ് വനഭൂമി പാട്ടത്തിനു കൊടുക്കാൻ തീരുമാനിച്ചു. പതിനായിരം ഏക്കറാണ് തിരുവിതാംകൂറിൽ നൽകപ്പെട്ടത്. യുദ്ധാനന്തരം വീണ്ടും വനമായി സംരക്ഷിക്കാൻ ഭൂമി തിരിച്ചു നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. യുദ്ധം തീർന്ന് ഏറെ കഴിയും മുമ്പെ രാജ്യം സ്വതന്ത്രമായി. തിരുവിതാംകൂറിലെയും തുടർന്നു നിലവിൽ വന്ന തിരു-കൊച്ചിയിലെയും കേരളത്തിലെയും സർക്കാരുകൾ അലംഭാവപൂർണ്ണമായ സമീപനം സ്വീകരിച്ചതുകൊണ്ട് പാട്ടത്തിനു കൊടുത്ത ഭൂമി മാത്രമല്ല മറ്റ് വനപ്രദേശങ്ങളും കുടിയേറ്റക്കാരുടെ കയ്യിലായി. ഒരു ക്രൈസ്തവ സഭ പിൽക്കാലത്ത് കുടിയേറ്റത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചത് ഇതിന്റെ പിന്നിൽ ഒരു മതവിഭാഗം നടത്തിയ സംഘടിത പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നു. കയ്യേറ്റക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണ കക്ഷിയായ കോൺഗ്രസിൽ ഒരു ശക്തമായ ലോബി ആദ്യം മുതൽക്കെ പ്രവർത്തിച്ചു. പിന്നീട് അതിനായി പ്രത്യേകം പാർട്ടികളുമുണ്ടായി. എ.കെ. ഗോപാലൻ ഒഴിപ്പിക്കലിനെതിരെ നടത്തിയ സമരം കയ്യേറ്റക്കാരെ സി.പി.എമ്മിനോട് അടുപ്പിച്ചു. അങ്ങനെ ആദിവാസി ഭൂമി പ്രശ്നത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നായി.

കേന്ദ്ര സർക്കാർ നിയമിച്ച ഒരു കമ്മിറ്റി രാജ്യമൊട്ടുക്ക് വളരെയേറെ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തുകയും അത് വീണ്ടെടുത്തു തിരിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാല സർക്കാർ അതിനായി സമ്മർദ്ദവും ചെലുത്തി. അതിന്റെ ഫലമായി കേരളത്തിൽ 1975ൽ ആദിവാസി ഭൂമി വീണ്ടെടുക്കൽ നിയമം ഉണ്ടായി. എല്ലാ കക്ഷികളുടെയും പിന്തുണയോടെ പാസാക്കപ്പെട്ട ആ നിയമം പിന്നീട് എല്ലാവരും കൂടി  ചേർന്ന് പരാജയപ്പെടുത്തി. വഞ്ചനയുടെ ആ ചരിത്രം പൂർണ്ണമായി മനസിലാക്കാൻ ഭൂമിയുമായുള്ള ആദിവാസികളുടെ ബന്ധത്തെ കുറിച്ച് അറിയേണ്ടതുണ്ട്. വനഭൂമിയിൽ ഉപജീവനം നടത്താനുള്ള പരമ്പരാഗതമായ അവകാശമേ അവർക്കുണ്ടായിരുന്നുള്ളു. ഉടമസ്ഥാവകാശം സ്ഥാപിക്കാൻ പോരുന്ന ഒരു രേഖയും അവരുടെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൂമി മറ്റാർക്കെങ്കിലും വിൽക്കാനൊ കൈമാറാനൊ കഴിയുമായിരുന്നില്ല. എന്നിട്ടും ക്രയവിക്രയം നടന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർ പണം വാങ്ങി ഭൂമി കൈമാറ്റ രേഖകളുണ്ടാക്കി നൽകുകയും ചെയ്തു. നിയമസഭയിൽ ഭൂമി വീണ്ടെടുക്കൽ ബിൽ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മന്ത്രി ബേബി ജോൺ ആദിവാസികൾക്ക് കള്ളും കഞ്ചാവും മറ്റും കൊടുത്തു കബളിപ്പിച്ചാണ് പലരും ഭൂമി കൈക്കലാക്കിയതെന്ന് പറയുകയുണ്ടായി. കാശു കൊടുത്തെങ്കിൽ തന്നെയും ഭൂമി മോഷ്ടിച്ചതായെ കരുതാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കോടതിയിൽ നിയമം ചോദ്യം ചെയ്യുന്നത് തടയാൻ പാസാക്കിയ ഉടനെ അത് ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പെടുത്തപ്പെട്ടു. പക്ഷെ നിയമം നടപ്പിലാക്കാൻ ഒരു നടപടിയുമുണ്ടായില്ല. പുതിയ കയ്യേറ്റങ്ങൾ തടയാനും സർക്കാർ ശ്രമിച്ചില്ല. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്ലതമ്പി തേര എന്നൊരാൾ 1986ൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ആദ്യപടിയായ ചട്ടം തയ്യാറാക്കൽ ചടങ്ങ് നടത്തി. ആദിവാസികൾ അപേക്ഷ കൊടുത്താൽ 1960നും 1982നുമിടയ്ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുത്തു നൽകാനാണ് ചട്ടങ്ങൾ വ്യവസ്ഥ ചെയ്തത്.  അതോടെ 1960 വരെ നടന്ന കയ്യേറ്റങ്ങൾ നിയമത്തിന്റെ പരിധിക്കു പുറത്തായി. ആദിവാസികൾപണം വാങ്ങിയിട്ടാണ് ഭൂമി കൈമാറിയതെങ്കിൽ അതു തിരികെ നൽകണമെന്നും സർക്കാർ ചട്ടങ്ങളിൽ എഴുതിവെച്ചു. ഒപ്പം വാങ്ങിയ ആൾ നടത്തിയ പ്രവർത്തനത്തിന് അവർ  നഷ്ടപരിഹാരം നൽകുകയും വേണം. അങ്ങനെ ഭൂമി മോഷ്ടിക്കപ്പെട്ടതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി.. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകളെ കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ട് ബഹുഭൂരിപക്ഷം ആദിവാസികളും ഭൂമി വീണ്ടെടുക്കാൻ അപേക്ഷ നൽകിയില്ല. ഹൈക്കോടതി 1993ൽ നല്ലതമ്പി തേരയുടെ ഹർജിയിൽ തീർപ്പു കല്പിച്ചു. നിയമം ആറു മാസത്തിനുള്ളിൽ നടപ്പാക്കാനായിരുന്നു ഉത്തരവ്. സർക്കാർ അത് ചെയ്യാതെ സമയം നീട്ടണമെന്ന് കോടതിയോട് തുടരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദിവാസികളിൽ നിന്ന് കിട്ടിയ 8,500ൽപരം അപേക്ഷകളിൽ 4,000ൽപരം എണ്ണത്തിൽ അവർക്കനുകൂലമായ തീരുമാനമുണ്ടാകുമെന്ന് വ്യക്തമായപ്പോൾ രാഷ്ടീയ നേതൃത്വം വഞ്ചനയുടെ അടുത്ത അദ്ധ്യായം തുറന്നു. ഒരു ഭേദഗതി നിയമത്തിലൂടെ 1996ൽ മുൻ നിയമം ഫലത്തിൽ ഇല്ലാതാക്കപ്പെട്ടു. ആദിവാസി ഭൂമി സംബന്ധിച്ച് 1986 വരെ നടന്ന എല്ലാ ഇടപാടുകളും പുതിയ നിയമം സാധുവാക്കി. ഇത്തവണയും ഭരണപ്രതിപക്ഷകക്ഷികൾ ഒന്നിച്ചു നിന്നു. എന്നാൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കെ.ആർ.ഗൌരിയമ്മ യുടെ എതിർപ്പുമൂലം നിയമം ഐകകണ്ഠ്യേന പാസാക്കാനായില്ല. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു നൽകുന്നതിനു പകരം ആദിവാസികൾക്ക് വേറെ ഭൂമി നൽകുക എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. അതോടെ കയ്യേറ്റങ്ങൾ പൂർണ്ണമായും നിയമവിധേയമായി. അതിനിടെ ഭൂപരിഷ്കരണ നിയമത്തിന്റെ പിൻബലത്തോടെ മറ്റൊരു വഞ്ചനയും നടന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ചിലർ ആദിവാസിയെ ജന്മിയാക്കിക്കൊണ്ടും സ്വയം കുടിയാനായി അവകാശപ്പെട്ടുകൊണ്ടും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ വനഭൂമി കൈവശപ്പെടുത്തി.

സി. അച്യുത മേനോൻ, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരൻ, എ.കെ.ആന്റണി, ഇ.കെ. നായനാർ എന്നീ മഹാരഥന്മാർ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന കാലത്താണ് ഈ ആദിവാസിദ്രോഹം നടന്നതെന്നത് രാഷ്ട്രീയനേതാക്കന്മാരുടെ സത്യസന്ധതയുടെ പരിമിതി വെളിപ്പെടുത്തുന്നു. കേരളത്തിലെ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാനാവില്ലെന്നതാണ് ഭരണകർത്താക്കൾ എടുത്ത നിലപാട്. കയ്യേറ്റക്കാരുടെ പിന്നിൽ പ്രബല ജാതിമത സംഘടനകളുണ്ടെന്നും അവരെ നേരിടാനുള്ള കെല്പ് ഭരണകൂടത്തിനില്ലെന്നും പറയാനുള്ള ആർജ്ജവം ഒരു നേതാവിനുമുണ്ടായില്ല. ഇടതുപക്ഷ സർക്കാരുകൾ 1975ലെ നിയമം നടപ്പിലാക്കാഞ്ഞതിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് നൽകിയ ന്യായീകരണം അത് അടിയന്തിരാവസ്ഥക്കാലത്ത് ഉണ്ടാക്കിയതാണെന്നതാണ്. നിയമസഭ അത് പാസാക്കുമ്പോൾ അടിയന്തിരാവസ്ഥ നിലനിൽക്കുകയായിരുന്നുവെന്നത് ശരിയാണ്. എന്നാൽ ഇ.എം.എസ്. ഉൾപ്പെടെ പല സി.പി.എം  അംഗങ്ങളും സജീവമായി പങ്കെടുത്ത സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. അവർ അനുകൂലമായി വോട്ടു ചെയ്തതുകൊണ്ടാണ് അത് ഐകകണ്ഠ്യേന പാസായത്. ആദിവാസികൾ കേരളസമൂഹത്തിൽ ‘അന്യർ’ ആണ്. അതിനാൽ അവരുടെ ഭൂപ്രശ്നം ഒരു പൊതുപ്രശ്നമായില്ല. ആദിവാസിയല്ലാത്ത നല്ലതമ്പിയുടെ ഇടപെടലും അതിനെ പൊതുപ്രശ്നമാക്കിയില്ല. അദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു കൊണ്ട് മലയാളി മുഖ്യധാരയുടെ സംരക്ഷകരായ അധികൃതർ നീരസം പ്രകടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വിപ്ലവകരമായ ഭൂപരിഷ്കരണം നടത്തി ഭൂപ്രശ്നം പരിഹരിച്ചെന്ന രാഷ്ട്രീയ കക്ഷികളുടെ അവകാശവാദം ആരും ചോദ്യം ചെയ്തില്ല. ഭൂപരിഷ്കരണം നടന്ന നാട്ടിൽ കൃഷി ക്ഷയിക്കുന്നതെന്തുകൊണ്ട് എന്ന ലളിതമായ ചോദ്യം ആരും ഉന്നയിച്ചുമില്ല.

ഭൂപരിഷ്കരണം നടന്ന് രണ്ട് പതിറ്റാണ്ടിനിപ്പുറം സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരപരമ്പര ഭൂപ്രശ്നം അവശേഷിക്കുന്നെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തി. ഇടതു-വലതു ഭേദമന്യെ രാഷ്ട്രീയ നേതൃത്വം ആദിവാസി സമരത്തെ എതിർത്തെങ്കിലും ആ ദുർബല വിഭാഗത്തിന്റെ ആവശ്യത്തോട് പരസ്യമായൊ രഹസ്യമായൊ അനുഭാവം പ്രകടിപ്പിക്കാൻ ചിലർ തയ്യാറായി. “മാനസികമായി ഞാൻ അവരോടൊപ്പമാണ്. പക്ഷെ എനിക്ക് പരസ്യമായി പുറത്തു വരാനാകില്ല,” ഒരു രാഷ്ട്രീയ കക്ഷിയുടെ നോമിനിയായി ഉയർന്ന സ്ഥാനം വഹിച്ചിരുന്ന ഒരു സുഹൃത്ത് ആദിവാസികൾ തലസ്ഥാനത്ത് കുടിൽകെട്ടി സമരം നടത്തുമ്പോൾ എന്നോട് പറഞ്ഞു. സമര സമിതിക്ക് ചെറുതല്ലാത്ത സംഭാവന നൽകിക്കൊണ്ട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ആന്റണി വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാതെ വന്നപ്പോൾ ആദിവാസികൾ മുത്തങ്ങ വനഭൂമിയിൽ സമരം ആരംഭിച്ചു. ഒരു കോടതി ഉത്തരവിന്റെ ബലത്തിൽ സർക്കാർ അവരെ പുറത്താക്കാൻ പൊലീസിനെ നിയോഗിക്കുകയും പൊലീസ് വെടിവെച്ച് ദൌത്യം നിർവഹിക്കുകയും ചെയ്തു. അന്ന് അധികൃതരെ ഭയന്ന് ആദിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പലരും പിന്നോട്ടു പോയി. സി.പി.എം. വെടിവെയ്പിനെ  അപലപിച്ചശേഷം മാത്രമാണ് തിരുവനന്തപുരത്ത് ഒരു ചെറിയ പ്രതിഷേധ\പ്രകടനം നടന്നത്. അടവുനയമെന്ന നിലയിലാണ് പ്രതിപക്ഷത്തായിരുന്ന സി.പി.എം അന്ന് ചുവടു മാറ്റിയത്. അധികാരത്തിൽ വന്നപ്പോൾ മുൻസർക്കാരിനെപ്പോലെ ഇടതു സർക്കാരും പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. 

ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ദലിതരും ആദിവാസികളും മറ്റ് വിഭാഗങ്ങളിൽ പെടുന്നവരുമായ 1500ഓളം ഭൂരഹിത കുടുംബങ്ങൾ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട്  ചെങ്ങറയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കയ്യിലുള്ള തോട്ടത്തിൽ പ്രവേശിച്ചപ്പോൾ വീണ്ടും കോടതി ഒഴിപ്പിക്കൽ വിധി പുറപ്പെടുവിച്ചു. മുത്തങ്ങ അനുഭവം മുമ്പിലുണ്ടായിരുന്നതു കൊണ്ട് രക്തച്ചൊരിച്ചിൽ കൂടാതെ ഒഴിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചതുകൊണ്ട് സർക്കാരിന് പൊലീസിനെ ഉപയോഗിക്കാനായില്ല. അപ്പോൾ രാഷ്ട്രീയ കക്ഷികൾ അവരുടെ നിയന്ത്രണത്തിലുള്ള സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി.തുടങ്ങിയ തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് സമരം പൊളിക്കാൻ ശ്രമിച്ചു. സമരക്കാർക്കെതിരെ യൂണിയനുകൾ ഉപരോധം പ്രഖ്യാപിച്ചു. ആക്രമണങ്ങളുമുണ്ടായി. തോട്ടം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നെന്ന ന്യായമാണ് അവർ പറഞ്ഞത്. തോട്ടം മുതലാളിയും തൊഴിലാളികളും ഒരു വശത്തു നിന്നു. ഭരണപക്ഷവും പ്രതിപക്ഷവും അവരോടൊപ്പം കൂടി. തോട്ടത്തിലെ റബ്ബർ പാൽ മോഷ്ടിച്ച് സമരക്കാർ പുട്ടടിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ആ ഘട്ടത്തിൽ, നേരത്തെ സി.പി. എം ചെയ്തതുപോലെ, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഒരു പുതിയ അടവു പ്രയോഗിച്ചു. അദ്ദേഹം സമരത്തോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമല്ല, സർക്കാരിനു മുന്നിൽ ചില ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ വെക്കുകുകയും ചെയ്തു. ജാനുവിന്റെ സമരത്തിൽ ആദിവാസികൾക്കൊപ്പം ദലിതരും പങ്കാളികളായിരുന്നു. ളാഹയുടെ സമരത്തിൽ ഈ വിഭാഗങ്ങളിൽ‌പെടാത്ത ഭൂരഹിതരും ചേർന്നു. അവരുടെ ആവശ്യം പാർപ്പിടം ആയിരുന്നില്ല, കൃഷി ഭൂമി ആയിരുന്നു. കൃഷി ചെയ്തു ഉപജീവനം നടത്താൻ ആഗ്രഹിക്കുന്ന ഭൂരഹിതരുടെ കൂട്ടായ്മ ഉടലെടുത്തപ്പോൾ രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം ഉയർന്നു വന്നു. ആദ്യ ഭൂപരിഷ്കരണം വിപ്ലവാത്മകമായിരുന്നെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന സി.പി.എം അതിനെ പുച്ഛിച്ചുതള്ളി.

അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് ആദ്യമായി ഭൂരഹിതരുടെ കൃഷിഭൂമി എന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചു. അതിനുമുമ്പ് ഭൂമി നഷ്ടപ്പെട്ട ആദിവാസിൾക്കു മാത്രമെ കൃഷിഭൂമി നൽകാൻ സർക്കാർ തയ്യാറായിരുന്നുള്ളു. മറ്റുള്ളവർക്ക് പാർപ്പിടമുണ്ടാക്കാൻ വേണ്ട ഭൂമി നൽകാനുള്ള ബാധ്യത മാത്രമെ സർക്കാർ ഏറ്റെടുത്തിരുന്നുള്ളു. അതുതന്നെയും പത്തു സെന്റിൽ തുടങ്ങി, ക്രമേണ ചുരുങ്ങി, മൂന്ന് സെന്റായി കുറഞ്ഞിരുന്നു. എ.കെ. ആന്റണി ആദിവാസി ഗോത്രമഹാസഭയുമായുണ്ടാക്കിയ ഒത്തുതീർപ്പു പോലെ ഉമ്മൻ ചാണ്ടി ചെങ്ങറ സമരത്തിനു നേതൃത്വം നൽകിയ സാധുജന വിമോചന സമരവേദിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പും വഞ്ചനാപരമാണെന്ന് വൈകാതെ തെളിഞ്ഞു. സർക്കാർ നൽകിയ പട്ടയപ്രകാരം പലർക്കും കൃഷിയോഗ്യമല്ലാത്ത ഭൂമിയാണ് കിട്ടിയത്. ചിലർക്കു കിട്ടിയ ഭൂമി എവിടെയാണെന്നു കണ്ടെത്താൻ പോലുമായിട്ടില്ല. അവരിൽ കുറേപ്പേർ ചെങ്ങറയിലേക്ക് മടങ്ങി. കുറേപ്പേർ അരിപ്പയിലെ സമരഭൂമിയിലെത്തി.

ഒരുകാലത്ത് സി.പി.എമ്മിനൊപ്പം നിന്ന ജാനുവിന്റെ ഉയർച്ച പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കി. ആദിവാസികളും മറ്റ് ദുർബല വിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുകയും സ്വന്തം നിരയിൽ നിന്ന് നേതാക്കളെ കണ്ടെത്തുകയും ചെയ്യുന്നതിനെ നേരിടാൻ അതു കണ്ട മാർഗ്ഗം സമാന്തര സംഘടനകൾ രൂപീകരിച്ചു സമാന്തര സമരങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. ഏറ്റവും ശ്രദ്ധേയമായ സി.പി.എം ആദിവാസി സമരം നടക്കുന്നത് വയനാട് ജില്ലയിൽ ജനതാ ദൾ എം.എൽ.എ. എം.വി. ശ്രേയംസ്കുമാറിന്റെ കൈവശഭൂമിയെ കേന്ദ്രീകരിച്ചാണ്. ഈ ഭൂമി ജനതാ ദൾ എൽ.ഡി.എഫിലായിരുന്ന കാലത്തും ശ്രേയംസ്കുമാറിന്റെ കയ്യിലായിരുന്നു. അന്ന് സി.പി.എമ്മൊ അതിന്റെ ഏതെങ്കിലും പോഷക സംഘടനയൊ സമരം നടത്തിയിരുന്നില്ലെന്നതിൽ നിന്ന് പാർട്ടിയെ നയിക്കുന്നത്  ആദിവാസികളോടുള്ള അനുഭാവത്തേക്കാൾ ജനതാ ദൾ യു.ഡി.എഫിൽ ചേക്കേറിയതിലുള്ള നീരസമാണെന്ന്‌ കരുതാവുന്നതാണ്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ സമരരംഗത്തെ നിരന്തര സാന്നിധ്യം ആദിവാസി ക്ഷേമ സമിതി എന്ന പോഷക സംഘടനക്ക് സ്വന്തനിലയിൽ സമരം മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവില്ലെന്ന് സൂചിപ്പിക്കുന്നു.

ശ്രീരാമൻ കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി ദലിത് മുന്നേറ്റ സമിതി അരിപ്പയിലെ പാട്ട കാലാവധി കഴിഞ്ഞ തോട്ടത്തിൽ സമരം തുടങ്ങിയത് 2012 ഡിസംബർ 31നാണ്. സി.പി.എമ്മും അവിടെ ഏതാണ്ട് അതേ സമയം സമരം തുടങ്ങി. എ.ഡി.എം.എസ് സമരം ഉപജീവനം നടത്താനാവശ്യമായ കൃഷിഭൂമിക്കാണെങ്കിൽ സി.പി.എം. സമരം പാർപ്പിട ഭൂമിക്കുവേണ്ടി മാത്രമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ സി.പി.എം സർക്കാരിന്റെ മൂന്ന് സെന്റ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പിന്നീട് പാർട്ടി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ട്  രാഷ്ട്രീയ കൊടിക്കീഴിലല്ലാത്ത സമരം പൊളിക്കാനുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെങ്ങറയിലെപ്പോലെ അരിപ്പയിലും സമരക്കാർക്കെതിരെ അക്രമവുമുണ്ടായി. പിന്നീട് രാഷ്ട്രീയ ചേരിയിൽ ചെറിയ ഭിന്നിപ്പ് പ്രകടമായി. ചില സി.പി.ഐ. നേതാക്കൾ സമരത്തോട് അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കെ. രാജു എം.എൽ.എ സമരക്കാരെ പുകച്ചുപുറത്താക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിൻ‌വാങ്ങി. പിന്നീട് അവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം മുന്നോട്ടു വരികയും ചെയതു. സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിലും രണ്ടാം ഭൂപരിഷ്കരണം എന്ന ആശയത്തോടുള്ള എതിപ്പ് മയപ്പെടുത്താൻ അത് തയ്യാറായിട്ടുണ്ട്.   

കടുത്ത ഭൂദൌർലഭ്യമുള്ള നാടാണ് കേരളം. രാഷ്ട്രീയ കക്ഷികൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നതയും ഭരണതലത്തിലെ അസ്ഥിരതയും മൂലം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണം ഏറെക്കാലം നടപ്പിലാക്കാൻ കഴിയാതെ വന്നപ്പോൾ ഭൂ‌വുടമകൾക്ക് ഭൂമി കൈമാറ്റം ചെയ്യാൻ സമയം കിട്ടി. അതിന്റെ ഫലമായി നിയമം നടപ്പിലായപ്പോൾ പ്രതീക്ഷിച്ച മിച്ചഭൂമി ഇല്ലാതായി. അധികൃത പിന്തുണയോടെ നടന്ന കയ്യേറ്റങ്ങളുടെ ഫലമായി പുറമ്പോക്കുകൾ ചുരുങ്ങി. ഇപ്പോൾ വ്യവസായികളും കെട്ടിട നിർമ്മാതാക്കളും മോഹവില കൊടുത്ത് ഭൂമി വാങ്ങാൻ ഓടി നടക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ ‘വികസന’ത്തിന്റെ പേരിൽ അവരെ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു. ദുർബല വിഭാഗങ്ങളുടെ ഭൂമിക്കായുള്ള മുറവിളി കേൾക്കാൻ അവർ കൂട്ടാക്കുന്നില്ല. കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക് കൃഷി ഭൂമി നൽകുന്നതും കേറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് വീട് വെക്കാൻ സ്ഥലം കൊടുത്ത് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതും, അവരുടെ കാഴ്ചപ്പാടിൽ, വികസനത്തിന്റെ പരിധിയിൽ പെടുന്നില്ല. തങ്ങൾക്കു കൂടി ഗുണം നൽകുന്ന വൻകിട പദ്ധതികളിലാണ് അവർക്ക് താല്പര്യം. ലഭ്യമായ ഭൂമി അത്തരം പദ്ധതികളുമായി വരുന്നവർക്ക് നൽകാനായി അവർ നീക്കിവെച്ചിരിക്കുകയാണ്. കളമശ്ശേരിയിലെ എച്ച്.എം.ടിയുടെ അധികഭൂമി ഒരു മുംബായ് കമ്പനിക്ക് കൈമാറുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് ഏതാനും രാഷ്ട്രീയ-ടെയ്ഡ് യൂണിയൻ നേതാക്കളായിരുന്നു. അതോടൊപ്പം തൊഴിലാളികൾക്ക് വീടുകളുണ്ടാക്കാനെന്നു പറഞ്ഞുകൊണ്ട് കുറെ സ്ഥലം സ്വന്തമാക്കാനും അവർ പദ്ധതിയിട്ടിരുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച ഒരു ഹർജിയിൽ ഹൈക്കോടതി നൽകിയ വിധി ആ പദ്ധതി പൊളിച്ചു. മുൻകാല ഭരണാധികാരികൾ മാനുഷിക വിഭവങ്ങളുടെ വികസനത്തിന് മുൻ‌തൂക്കം നൽകിയതുകൊണ്ടാണ് സാമ്പത്തികമായി പിന്നാക്കം നിന്ന കാലത്തു തന്നെ കേരളത്തിന് വികസിത രാജ്യങ്ങൾക്കു തുല്യമായ സാമൂഹ്യ പദവി ലഭിച്ചതെന്ന വസ്തുത ഇടതുപക്ഷമൊ വലതുപക്ഷമൊ മനസിലാക്കിയിട്ടില്ല.

കൃഷി ചെയ്യാൻ ഭൂമി കൊടുത്താൽ അത് പ്രയോജനപ്പെടുത്താൻ തങ്ങൾക്കാകുമെന്ന് ഭൂരഹിതർ ഇതിനകം തെളിയിച്ചിട്ടുണ്ട്. കൃഷിയോഗ്യമായ ഭൂമി ലഭിച്ച ചെങ്ങറ സമരഭടന്മാർ ഭൂമിയിൽ നിന്ന് വിളവെടുത്തു തുടങ്ങിയിട്ടുണ്ട്. അരിപ്പയിലെ തോട്ടത്തിൽ ചെന്നാൽ സമരഭടന്മാർ ആവശത്തോടെ കൃഷി ചെയ്യുന്നതു കാണാം. അവിടെ അവരുണ്ടാക്കിയ നെൽ‌പാടത്തിൽ നവംബർ മദ്ധ്യത്തോടെ ആദ്യ വിളവെടുപ്പ് നടക്കും. കപ്പ കൃഷിയും നടക്കുന്നുണ്ട്. അമ്പത് അംഗങ്ങൾ വീതമുള്ള 21 സംഘങ്ങളാണ് കപ്പ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കൃഷിയുടെ കാര്യത്തിൽ മാത്രമല്ല അരിപ്പ മാതൃക കാട്ടുന്നത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന കാഴ്ചയും അവിടെ കാണാം. ദലിതരെയും ആദിവാസികളെയും കൂടാതെ ഏതാനും നായന്മാരും ഈഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അവിടെയുണ്ട്. അവരെ ഒന്നിപ്പിക്കുന്ന ഘടകം കൃഷി ചെയ്യാൻ തയ്യാറുള്ള ഭൂരഹിതർ ആണെന്നതാണ്.

കേന്ദ്ര സർക്കാർ പുതിയ ദേശീയ ഭൂപരിഷകരണ നയം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കേരള സർക്കാർ അരിപ്പ കണ്ടില്ലെന്നു നടിച്ചുകൊണ്ടും ഭൂരഹിതരില്ലാത്ത കേരളം എന്ന തെറ്റിദ്ധാരണാജനകമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ടും വഞ്ചനയുടെ പുതിയ അദ്ധ്യായം രചിക്കുന്നത്. ആ കരാറിന്റെ പകർപ്പ് സംസ്ഥാനത്തിന് കേന്ദ്രം അയച്ചുകൊടുത്തിരുന്നു. ഭൂപ്രശ്നം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ പെടുന്നതാണെങ്കിലും ഇക്കാര്യത്തിൽ അവയ്ക്ക് വേണ്ട ഉപദേശങ്ങൾ നൽകാമെന്ന് കേന്ദ്രം കരാറിൽ ഏറ്റിരുന്നു. അതിൻപ്രകാരം കഴിഞ്ഞ മാർച്ച് മാസത്തിൽ ഗ്രാമവികസന മന്ത്രി കേരള മുഖ്യമന്തിക്ക് അയച്ച കത്തിൽ ആറ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിലൊന്ന് ഓരോ കുടുംബത്തിനും 25 സെന്റ് മുതൽ ഒരേക്കർ വരെ കൃഷി ഭൂമി കൊടുക്കാമെന്ന ചെങ്ങറ കരാറിലെ വ്യവസ്ഥ നടപ്പാക്കണെമെന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന തോട്ടഭൂമി ദരിദ്രരായ ഭൂരഹിതർക്ക് നൽകുക, തോട്ടഭൂമിയിൽ സസ്യങ്ങളും മരുന്നുചെടികളും വെച്ചു പിടിപ്പിക്കാനും വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാനും അനുവദിക്കുന്നതിനായി 1963ലെ ഭൂപരിഷ്കരണ നിയമത്തിൽ 2005ൽ വരുത്തിയ ഭേദഗതി പുന:പരിശോധിക്കുക, തേയില കാപ്പി തോട്ടങ്ങളെയും അവ നടത്തുന്ന കമ്പനികളെയും ചില നിയമ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കുക, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ താലൂക്ക് തലത്തിൽ 2002ലെ ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ലാൻഡ് ബോർഡുകൾ സ്ഥാപിക്കുക എന്നിവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. അഭിപ്രായ സ്വരൂപണത്തിനായി കേന്ദ്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കരട് ഭൂപരിഷ്കരണ നയത്തിന്റെ കോപ്പിയും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. ഭൂരഹിതർക്ക് വീടുണ്ടാക്കുന്നതിനും പരിമിതമായ തോതിലെങ്കിലും കൃഷിഭൂമി ഉറപ്പു വരുത്തുന്നതിനും ലാൻഡ് പൂളുകൾ (land pools) ഉണ്ടാക്കണമെന്നും അതിലുള്ള ഭൂമി സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആ രേഖയിലുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ‘ഭൂരഹിതരില്ലാത്ത കേരളം‘ പദ്ധതി തട്ടിപ്പാണെന്ന ആദിവാസി ദലിത് നേതാക്കളുടെ ആക്ഷേപം തീർത്തും ശരിയാണെന്ന് കാണാം. മാനുഷിക വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ ദലിതരുടെ അവസ്ഥ ഇതര സംസ്ഥാനങ്ങളിലേതിനേക്കാൾ മെച്ചമല്ലെന്ന് ദൽഹിയിലെ ജമിയ മില്ലിയ ഇസ്ലാമിയയിൽ പിഎച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ടി.വി. അനീഷ്  ചൂണ്ടിക്കാണിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തിയ സർവേ ദലിതരിൽ 55 ശതമാനവും 26,198 കോളനികളിൽ പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണെന്നും 71,368 പേർ അഗതികളാണെന്നും കണ്ടെത്തുകയുണ്ടായി. ഏതാണ്ട് 65 ശതമാനം പേർ പത്താം ക്ലാസിനു താഴെ വരെ മാത്രം പഠിച്ചിട്ടുള്ളവരാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർ 0.09 ശതമാനം മാത്രം. ഭൂരഹിത ദലിതരെ തുണ്ടുഭൂമികളിൽ ഒതുക്കാനുള്ള സർക്കാർ പദ്ധതി ചേരിവത്കരണത്തിൽ കലാശിക്കുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം തള്ളിക്കളയാനാവില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമല്ല കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഒന്നാം ഭൂപരിഷ്കരണത്തിൽ നിന്ന് നിർദ്ദയം ഒഴിവാക്കപ്പെട്ട കർഷകത്തൊഴിലാളികളോട് നീതികാട്ടാൻ രാഷ്ട്രീയ കേരളം ഇനിയെങ്കിലും തയ്യാറാകണം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 3, 2013)

No comments: