Monday, January 6, 2014

സാധുജനപരിപാലിനിയുടെ ദൌത്യം

ബി.ആർ.പി. ഭാസ്കർ
 
മഹാത്മാ അയ്യൻ‌കാളി ആരംഭിച്ച സാധുജനപരിപാലിനി ഒരു നൂറ്റാണ്ടിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. 

സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണവും സാധുജനപരിപാലിനിയുടെ പ്രസിദ്ധീകരണവും കേരള നവോത്ഥാനത്തിലെ പ്രധാനപ്പെട്ട ചുവടുവെയ്പുകളായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ശ്രീനാരായണഗുരുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. അടുത്ത കൊല്ലം സംഘം നിലവിൽ വന്നു. ജാതിയുടെ ചട്ടക്കൂടുകൾ മറികടക്കാനുള്ള ആഗ്രഹം ഈ സംഘടനകളുടെ പേരിൽനിന്നു തന്നെ വായിച്ചെടുക്കാവുന്നതാണ്. നായർ സർവീസ് സൊസൈറ്റിയും യോഗക്ഷേമസഭയും പിന്നീട് വന്ന സംഘടനകളാണ്. തുല്യതയും തുല്യാവസരങ്ങളും നിഷേധിപ്പിക്കപ്പെട്ട വിഭാഗങ്ങൾ മുൻ‌കൈയെടുത്താണ് യോഗവും സംഘവും രൂപീകരിച്ചത്. മാറ്റത്തിനുവേണ്ടിയുള്ള അവയുടെ ശ്രമങ്ങൾ ഫ്യൂഡൽ മേധാവികളിൽ പരിഭ്രമം സൃഷ്ടിച്ചു. അവയുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന തെക്കൻ കേരളത്തിൽ പലയിടങ്ങളിലും സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടായി. കാലം മാറുന്നുവെന്നും പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പഴയ വ്യവസ്ഥയിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്ന തങ്ങൾ പിന്തള്ളപ്പെടുമെന്നുമുള്ള തിരിച്ചറിവാണ് നായർ, നമ്പൂതിരി സംഘടനകളുടെ രൂപീകരണത്തിലേക്ക് നയിച്ചത്. എന്നാൽ സാമുദായികസ്പർദ്ധ മറികടന്നുകൊണ്ട് ഒരു പുതിയ സമൂഹമെന്ന ആശയം പൊതുവിൽ സ്വീകരിക്കപ്പെട്ടു.

കാലക്രമത്തിൽ മിക്ക പ്രബല വിഭാഗങ്ങളും സമുദായങ്ങളായി രൂപപ്പെടുകയും അവയുടെ സംഘടനകൾ സാമുദായിക താല്പര്യങ്ങൾ സംരക്ഷിക്കുന്നവയായി മാറുകയും ചെയ്തു അത്തരത്തിലുള്ള മാറ്റം ദലിത് സമൂഹത്തിലുണ്ടായില്ല. അതിന്റെ കാരണം അയ്യൻ‌കാളി കാലത്തിനു മുമ്പെ അവതരിച്ചതാകാം. ഏതായാലും അതിന്റെ ഫലമായി ദലിതർക്ക് നവോത്ഥാനത്തിന്റെ ഗുണഫലങ്ങൾ പുർണ്ണമായി ലഭിച്ചില്ല.

നവോത്ഥാന ചരിത്രം എഴുതിയവർ ശ്രീനാരായണന്റെ മുൻ‌ഗാമിയായിരുന്ന വൈകുണ്ഠസാമികളുടെയും അദ്ദേഹത്തിന്റെ സമകാലികനായിരുന്ന മഹാത്മാ അയ്യൻ‌കാളിയുടെയും സംഭാവനകൾ തമസ്കരിച്ചു. അടുത്ത കാലത്തായി ആ തെറ്റ് തിരുത്തുവാൻ അർദ്ധമനസോടെയുള്ള ചില ശ്രമങ്ങൾ ഇടതുപക്ഷം നടത്തിയിട്ടുണ്ട്. എന്നാൽ അയ്യൻ‌കാളിയുടെ നേതൃത്വത്തിൽ നടന്ന ഒരു കൊല്ലം നീണ്ടുനിന്ന കർഷകത്തൊഴിലാളി സമരത്തിന്റെ പ്രാധാന്യം അംഗീകരിക്കാൻ അത് ഇനിയും തയ്യാറായിട്ടില്ല.

ദലിത് ഐക്യത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ രാജ്യമൊട്ടുക്ക് നടക്കുന്ന വേളയിലാണ് സാധുജനപരിപാലിനി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ആ ശ്രമങ്ങളെ വിജയത്തിലെത്തിക്കുകയെന്ന ദൌത്യം ഏറ്റെടുക്കാനുള്ള ചരിത്രപരമായ കടമ അതിനുണ്ട്. ദലിതരുടെ തമസ്കരിക്കപ്പെട്ട സമീപകാല ചരിത്രം മാത്രമല്ല തുടച്ചുമാറ്റപ്പെട്ട പ്രാചീന ചരിത്രവും തിരിച്ചു പിടിക്കേണ്ടതുണ്ട്. ജാതിമേധാവിത്വം സ്ഥാപിതമാകുന്നതിനു മുമ്പ് ദലിത് വിഭാഗങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നെന്നതിന് തെളിവുകളുണ്ട്. തമിഴ് പുരാണകഥകളനുസരിച്ച് മുരുകന്റെ ഭാര്യയായ വള്ളി ദലിത് സ്ത്രീയായിരുന്നു. രണ്ടായിരം കൊല്ലം മുമ്പ് തെക്കേ ഇന്ത്യയിൽ പൂജാദികർമ്മങ്ങൾ ചെയ്തിരുന്നത് ഇപ്പോൾ ദലിത് വിഭാഗങ്ങളിൽപെടുന്നവരായിരുന്നെന്ന് സംഘ കൃതികൾ വ്യക്തമാക്കുന്നു. തെക്കൻ കേരളത്തിലെ ചില രാജവംശങ്ങളും ഇന്നത്തെ ദലിത് വിഭാഗങ്ങളിൽ പെടുന്നു. മുന്നൊ നാലൊ നൂറ്റാണ്ടു മുമ്പ് രാജകീയ വിളംബരത്തിലൂടെ എടുത്തു മാറ്റപ്പെടുന്നതുവരെ നിലനിന്നിരുന്ന പുലപ്പേടി, മണ്ണാപ്പേടി എന്നീ നാട്ടുനടപ്പനുസരിച്ച് നിർദ്ദിഷ്ട ദിവസങ്ങളിൽ ദലിതന്റെ ദൃഷ്ടിയിൽ പെടുന്ന “ഉന്നത” ജാതി സ്ത്രീ അയാൾക്കൊപ്പം പോകാൻ നിർബന്ധിതയായിരുന്നു. പുതിയ വ്യവസ്ഥ അടിച്ചേല്പിച്ച അസമത്വങ്ങൾക്കെതിരെ നടത്തിയ വിജയകരമായ ചെറുത്തു നിൽ‌പ്പിലൂടെയല്ലാതെ കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന മാടമ്പിമാരിൽ നിന്ന് അങ്ങനെയൊരു സൌജന്യം നേടാനാകുമായിരുന്നില്ല.

അയ്യൻ‌കാളി ആരംഭിച്ചതും ഇപ്പോഴും അപൂർണ്ണമായി നിൽക്കുന്നതുമായ ദലിത്  മോചന സമരം പൂർത്തീകരിക്കാനുള്ള യജ്ഞത്തിൽ സാധുജനപരിപാലിനിക്ക് വിജയം ആശംസിക്കുന്നു. (സാധുജനപരിപാലിനി, ജനുവരി 5, 2014)

1 comment:

സാജന്‍ വി എസ്സ് said...

പല ദളിത്‌ മുന്നേറ്റങ്ങളും,ഒപ്പം പല ദളിത്‌ നേതാക്കള്‍ നടത്തിയ സാമൂഹ്യ പരിഷ്ക്കരണ മുന്നേറ്റങ്ങളും ചരിത്രകാരന്മാര്‍ തമസ്കരിച്ചിട്ടുണ്ട്