ബി.ആർ.പി. ഭാസ്കർ
ഡൽഹിയിൽ 2012 ഡിസംബറിൽ നടന്ന കൂട്ടബലാത്സംഗം രാജ്യത്തെ മുഴുവൻ നടുക്കിയ
സംഭവമായിരുന്നു. തലസ്ഥാന നഗരിയിലുണ്ടായ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് കേന്ദ്രം
ബലാത്സംഗത്തിന് വധശിക്ഷവരെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമമുണ്ടാക്കി. അതിവേഗ കോടതി
പതിവു വിചാരണ നടത്തി പ്രായപൂർത്തിയായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിച്ചു. ഹൈക്കോടതി
വിധി ശരിവെച്ചു. ഇതൊന്നും കുറ്റകൃത്യങ്ങൾ കുറച്ചിട്ടില്ല. ഡൽഹിയിൽ 2012ൽ റിപ്പോർട്ടു
ചെയ്യപ്പെട്ടതിന്റെ അഞ്ചിരട്ടി കേസുകളാണ് 2013ൽ റിപ്പോർട്ടു ചെയ്യപ്പെട്ടത്. രാജ്യത്തെ
മറ്റ് പല സംസ്ഥാനങ്ങളിലും ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇരകൾ
തങ്ങളുടെ ദുരനുഭവം രഹസ്യമാക്കി വെക്കാതെ പരാതി നൽകാൻ മുന്നോട്ടു വരുന്നതുകൊണ്ടാണ് കേസുകളുടെ
എണ്ണം കൂടിയതെന്ന് ഒരു വാദമുണ്ട്. ഇത് പാടെ തള്ളിക്കളയാനാവില്ലെങ്കിലും ഡൽഹി സംഭവം
ഉയർത്തിയ ജനവികാരവും കർക്കശമായ പുതിയ നിയമവും സ്ത്രീസുരക്ഷിതത്വം മെച്ചപ്പെടുത്തിയിട്ടില്ലെന്ന
വസ്തുത അംഗീകരിച്ചേ മതിയാകൂ. തെഹൽക പത്രാധിപർ തരുൺ തേജ്പാലിനെതിരെ ആ പത്രത്തിലെ ഒരു
ലേഖികയും സുപ്രീം കോടതി മുൻജഡ്ജി എ.കെ. ഗാംഗുലിക്കെതിരെ അദ്ദേഹത്തെ സഹായിക്കാൻ നിയോഗിക്കപ്പെട്ട
ഒരു യുവ അഭിഭാഷകയും നൽകിയ പരാതികളും നിയമങ്ങളുടെ പരിമിതി വ്യക്തമാക്കുന്നു.
സ്ത്രീപീഡനം പോലെയുള്ള കുറ്റകൃത്യങ്ങൾ സാമൂഹത്തിന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്
പരിശോധിക്കേണ്ടത്. അപ്പോൾ മാത്രമെ ഒരാൾ കുറ്റം ചെയ്യാൻ മടിക്കുന്ന സാഹചര്യം എങ്ങനെ
സൃഷ്ടിക്കാമെന്ന് മനസിലാക്കാനാകൂ. സ്ത്രീപീഡനപർവ്വം എല്ലാ സമൂഹങ്ങളുടെ ചരിത്രത്തിലുമുണ്ട്. ഗോത്രകാലത്ത് ഗോത്രത്തലവന്മാർക്കും
ഫ്യൂഡൽ കാലത്ത് രാജാക്കന്മാർക്കും ജന്മിമാർക്കും സ്ത്രീകളെ യഥേഷ്ടം പ്രാപിക്കാൻ കഴിഞ്ഞിരുന്നു.
ഋതുമതിയാകുന്ന പെൺകുട്ടിയ തലവന് കാഴ്വെക്കുന്ന പതിവ് ചില ഗോത്രസമൂഹങ്ങളിൽ നിലനിന്നിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ചില സംന്യാസിമാർ വേഴ്ച നടത്തുന്നെന്ന വാർത്തകൾ
ആശ്രമങ്ങൾ ഗോത്രപാരമ്പര്യം തുടരുന്നെന്ന് സൂചിപ്പിക്കുന്നു. രാജാവിന് ഒരു സ്ത്രീയിൽ താല്പര്യം തോന്നിയാൽ ആഗ്രഹപൂർത്തിക്കായി
എടുക്കാവുന്ന നടപടികൾ അർത്ഥശാസ്ത്രത്തിൽ കൌടില്യൻ വിവരിക്കുന്നുട്ടുണ്ട്. ജാതിവ്യവസ്ഥ
ഉറപ്പിക്കാൻ രചിക്കപ്പെട്ട മനുസ്മൃതിയിൽ ‘ഉയർന്ന’ ജാതിക്കാരന് ജാതിമേന്മ നഷ്ടപ്പെടാതെ
‘താണ’ ജാതിക്കാരിയെ പ്രാപിക്കാനാവശ്യമായ വ്യവസ്ഥകൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം
പുരുഷൻ അധികാരത്തിന്റെ ബലത്തിൽ സ്ത്രീശരീരത്തിനുമേൽ ആധിപത്യം സ്ഥാപിച്ച ചരിത്രം വായിച്ചെടുക്കാം.
ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സമൂഹം പഴയ രീതികൾ പൂർണ്ണമായും
ഉപേക്ഷിക്കാറില്ല. പുതിയ മേലാളർ പഴയ മേലാളരുടെ പല രീതികളും സ്വീകരിക്കും. പുതിയ കീഴാളർ
പഴയ കീഴാളരുടെ രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. മാവോ സെതുങിന്റെ ഡോക്ടർ
നൽകിയിട്ടുള്ള വിവരം ശരിയാണെങ്കിൽ വിപ്ലവത്തിനുശേഷം പാർട്ടി നേതാവ് ഗോത്ര-ആശ്രമ പാരമ്പര്യം
പിന്തുടർന്നെന്ന് പറയേണ്ടി വരും.
ഇന്ന് വിവിധ തൊഴിൽമേഖലകളിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന
സ്ത്രീപീഡന സംഭവങ്ങളും അധികാരവുമായി ബന്ധപ്പെട്ടു തന്നെയാണ് പരിശോധിക്കേണ്ടത്. സാധാരണയായി
അവയിൽ ഒരു വശത്ത് ഉന്നതസ്ഥാനീയരും മറുവശത്ത് കീഴ്ജീവനക്കാരികളുമാണ്. അധികാരപ്രയോഗത്തിലൂടെയുള്ള
കീഴ്പ്പെടുത്തലുകളായേ അവയെ കാണാനാകൂ. എന്നാൽ അപൂർവ്വമായാണെങ്കിലും ഇരുവശത്തുമുള്ളവർ
ഒരേ തലത്തിലുള്ളവരായ സംഭവങ്ങളുമുണ്ട്. ഡൽഹി സംഭവത്തിൽ പദവിക്കും സ്ഥാനത്തിനും ഒരു പ്രസക്തിയുമില്ലായിരുന്നു.
എന്നാൽ അവിടെയും നടന്നത് അധികാരപ്രയോഗം തന്നെയാണ്.
കീഴ്പ്പെടുത്തൽ ലിംഗപദവിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മാത്രം.
പുരുഷാധിപത്യം നിലനിൽക്കുന്നിടത്തോളം സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ
എളുപ്പമല്ലെന്ന് ഈ വസ്തുതകൾ കാണിക്കുന്നു. ആധുനിക സമൂഹങ്ങൾ തത്വത്തിൽ സ്ത്രീക്ക് തുല്യ
പദവി നൽകുന്നുണ്ടെങ്കിലും പലയിടത്തും പ്രായോഗികതലത്തിൽ അത് യാഥാർത്ഥ്യമായിട്ടില്ല.
മിക്ക യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സ്ത്രീകൾക്ക് വോട്ടവകാശം
നൽകിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്ത്രീകൾ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
ഇന്ന് പല രാജ്യങ്ങളിലും അധികാര രാഷ്ട്രീയത്തിൽ അവർ സജീവമാണ്. സോവിയറ്റ് യൂണിയനെ പിന്തുടർന്ന്
കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സമത്വം പ്രഖ്യാപിക്കുകയും പുരുഷന്മാരുടെ
കുത്തകയായിരുന്ന പല തൊഴിൽ മേഖലകളും സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. എന്നാൽ
ഇത് ഉദ്ദേശിച്ച ഗുണം ചെയ്തില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് എല്ലാവരും പണിയെടുക്കണെമെന്ന
നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്ക് ജോലി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നില്ല.
സർക്കാർ നൽകുന്ന ജോലി ചെയ്യാൻ അവർ നിർബന്ധിതരായി. ഇതിന്റെ ഫലമായി സ്ത്രീകൾക്കു ജോലിയിൽ
താല്പര്യമില്ലാത്ത അവസ്ഥയുണ്ടായി. കമ്മ്യൂണിസ്റ്റ്
ഭരണകൂടങ്ങൾ തകർന്നശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ പല കക്ഷികളും പ്രകടനപത്രികകളിൽ സ്ത്രീകളെ
നിർബന്ധപൂർവ്വം പണിയെടുപ്പിക്കില്ലെന്നും അവർ ഇഷ്ടമുണ്ടെങ്കിൽ മാത്രം പണിയെടുത്താൽ
മതിയെന്നും പ്രഖ്യാപിച്ചിരുന്നു. അതോടെ പരമ്പരാഗതമായ അസമത്വം തിരിച്ചുവന്നു.
ശ്രീലങ്കയിൽ 1959ൽ പ്രധാനമന്ത്രിയായിരുന്ന സോളമൻ ബന്ദാരനായകെ കൊല്ലപ്പെട്ടതിനെ
തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സിരിമാവൊ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി. പിന്നീട്
ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും സ്ത്രീകൾ പ്രധാനമന്ത്രിമാരായി. എന്നാൽ കുടുംബവാഴ്ചയുടെ
തുടർച്ചയായല്ലാതെ തുല്യതയുടെ അടിസ്ഥാനത്തിലുള്ള സ്ത്രീമുന്നേറ്റം ഈ രാജ്യങ്ങളിൽ ഉണ്ടായില്ല.
സാമുഹികമായ പിന്നാക്കാവസ്ഥമൂലമാണ് സ്ത്രീപുരുഷ സമത്വമെന്ന ആശയം ശക്തിപ്പെടാത്തത്. ജാതിമത
സ്ഥാപനങ്ങളുടെ സ്വാധീനം അതിന് വിലങ്ങുതടിയായി നിൽക്കുന്നു. സാമൂഹ്യപരിഷ്കരണത്തിന്റെ
ഫലമായി പല രാജ്യങ്ങളിലും സ്ത്രീകളുടെ പദവി ഉയർന്നു. കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും
യാത്രചെയ്യുന്നത് എതിർദിശയിലാണ്. സ്ത്രീയിലൂടെ സ്വത്ത് കൈമാറ്റം നടക്കുന്ന മരുമക്കത്തായ
വ്യവസ്ഥ നിലനിന്നിരുന്നതുകൊണ്ട് സ്ത്രീക്ക് സ്വന്തം ഉടലിന്റെമേലുള്ള അവകാശം ഒരളവുവരെ
അംഗീകരിക്കാൻ ഫ്യൂഡൽകാല കേരളത്തിലെ ഒരു പ്രബല വിഭാഗത്തിലെ പുരുഷന്മാർ നിർബന്ധിതമായിരുന്നു.
ഒരു നൂറ്റാണ്ടു മുമ്പ് മക്കത്തായത്തിലേക്ക് നീങ്ങിയശേഷം അ വിഭാഗത്തിൽ പുരുഷാധിപത്യം
ശക്തമാവുകയും അതിനൊത്ത് സ്ത്രീയുടെ പദവി ഇടിയുകയും ചെയ്തു. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും
അടുത്ത കാലത്ത് സ്ത്രീപുരുഷ സമത്വം പ്രഖ്യാപിക്കുന്ന ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട്
ജാതിപഞ്ചായത്തുകൾ പുരുഷാധിപത്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. യാഥാസ്ഥിതികമൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന
ദൃശ്യമാദ്ധ്യമ പരമ്പരകൾ ഈ പ്രവണത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
തേജ്പാൽ ഗാംഗുലി സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ‘പീഡക‘നും ‘പീഡിത‘യും
തമ്മിലുള്ള പ്രായവ്യത്യാസം ഒരു വിഷയമായി ഉയർന്നു വന്നിരുന്നു. സ്ത്രീപുരുഷ ആകർഷണത്തിൽ
പ്രായം ഒരു വലിയ ഘടകമല്ലെന്നതാണ് വാസ്തവം. അദ്ധ്യാപകനും വിദ്യാർത്ഥിനിയും ബോസ്സും സെക്രട്ടറിയും
ഒക്കെ പരസ്പരം ആകർഷിക്കപ്പെടുകയും ജീവിതപങ്കാളികളാവുകയും ചെയ്യാറുണ്ട്. അധികാര പ്രയോഗം
നടക്കുമ്പോൾ മാത്രമാണ് അത്തരത്തിലുള്ള ബന്ധങ്ങൾ പീഡനത്തിന്റെ പരിധിയിൽ വരുന്നത്. പ്രായപൂർത്തിയായ
രണ്ട് വ്യക്തികൾ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറ്റകൃത്യമായി
ആധുനിക സമൂഹങ്ങൾ കാണുന്നില്ല. സ്ത്രീയുടെ വാക്കൊ പെരുമാറ്റമൊ അവൾ തന്റെ താല്പര്യം പങ്കിടുന്നില്ലെന്ന്
വ്യക്തമാക്കുമ്പോൾ അത് മാനിക്കാൻ പുരുഷൻ തയ്യാറാകാത്തതാണ് പീഡനത്തിലേക്ക് നയിക്കുന്നത്.
ഇതിനെ പൊതുവിൽ പുരുഷാധിപത്യത്തിന്റെ കണക്കിൽ എഴുതാവുന്നതാണ്. അതേസമയം വ്യക്തിതലത്തിൽ
അതിൽ പ്രതിഫലിക്കുന്നത് സ്ത്രീയെ തുല്യയായി പരിഗണിക്കാനുള്ള പുരുഷന്റെ വൈമുഖ്യമാണ്.(കൈരളിയുടെ കാക്ക, ത്രൈമാസികം, മുംബായ്, ജനുവരി-മാർച്ച് 2014)
No comments:
Post a Comment