Sunday, January 26, 2014

ജനങ്ങളെ ഭിക്ഷാടകരാക്കരുത്

ബി.ആർ.പി. ഭാസ്കർ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി ആരംഭിച്ചപ്പോൾ അർഹിക്കുന്ന സഹായം യഥാസമയം കിട്ടാത്തതുമൂലം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നെന്ന നിലയിൽ അതിനെ സ്വാഗതം ചെയ്തയാളാണ് ഈ ലേഖകൻ. അതോടൊപ്പം ഔദ്യോഗിക സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടി എടുത്തില്ലെങ്കിൽ സഹായം കിട്ടാത്തവരുടെ എണ്ണം പെരുകുകയും തുടച്ചയായി ജനസമ്പർക്ക പരിപാടി നടത്തേണ്ടി വരികയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ ആ വഴിക്കു നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ആപ്പീസിന് യു.എൻ പുരസ്കാരം നേടിക്കൊടുത്ത പരിപാടി ഉമ്മൻ ചാണ്ടിക്ക് ഹരമായിരിക്കുന്നു. സർക്കാർ “കാരുണ്യത്തിന്റെ കയ്യൊപ്പ്” എന്ന് വിശേഷിപ്പിക്കുന്ന ജനസമ്പർക്കം ടിവി റീയാലിറ്റി ഷോ പോലെ ഓരോ കൊല്ലവും ആവർത്തിക്കേണ്ട ഒന്നായിരിക്കുന്നു.

ഒരു ജനസമ്പർക്ക പരിപാടി റിപ്പോർട്ടു ചെയ്യാൻ പോയ ലേഖകൻ എഴുതി: സമയം രാവിലെ 7.40. ഏകദേശം 20,000 പേർ നഗരത്തിലെ കോളെജിനു സമീപം തടിച്ചുകൂടിയിരിക്കുന്നു. വൃദ്ധരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര കാമ്പസിലേക്ക് ഇഴഞ്ഞുകയറുന്നു. നൂറു കണക്കിന് വീൽചെയറിലിരിക്കുന്ന രോഗികളുണ്ട് അലക്കിത്തേച്ച ഖദർ മുണ്ടും ഷർട്ടും ധരിച്ച കോൺഗ്രസ് നേതാക്കൾ നിറഞ്ഞ പ്രിൻസിപ്പലിന്റെ മുറിയിൽ ഈ ലേഖകൻ മുഖ്യമന്ത്രിയുമായി സംസാരിക്കുമ്പോൾ രോഗബാധിതയായ, ശ്വാസം‌മുട്ട് അനുഭവിക്കുന്ന, 74കാരിയായ കുഞ്ഞമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. കഴിഞ്ഞ രാത്രി കോളെജ് കെട്ടിടത്തിൽ തറയിലാണ് ചെലവഴിച്ചതെന്ന് അവർ മുഖ്യമന്ത്രിയെ അറിയിക്കുന്നു. ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞമ്മക്ക് രണ്ട് കണ്ണിലേയും കാഴ്ച തിരിച്ചുകിട്ടും. ഹൃദ്രോഗവുമുണ്ട്. “ഡി.എം.ഓയെ വിളിക്കൂ,“ ഉമ്മൻ ചാണ്ടി ഒരുദ്യോഗസ്ഥനോട് നിർദ്ദേശിക്കുന്നു. എന്നിട്ട് കുഞ്ഞമ്മയുടെ അപേക്ഷയിൽ എഴുതുന്നു: “10,000 രൂപ .. ഡി.എം.ഓ പ്രത്യേകം ശ്രദ്ധിക്കണം.”

ആ ജനസമ്പർക്ക പരിപാടിക്കു വന്നവരിൽ 70 ശതമാനം പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം തേടിവന്നവർ ആയിരുന്നെന്ന് ലേഖകൻ നിരീക്ഷിച്ചു. റേഷൻ കാർഡിനെ കുറിച്ച് പരാതിപ്പെടാൻ വന്നവരും അക്കൂട്ടത്തിലുണ്ട്. സ്കൂൾ കെട്ടിടം പോലുള്ള പൊതു ആവശ്യങ്ങളടങ്ങുന്ന ഹർജികൾ നൽകാൻ വന്ന ചുരുക്കം ചിലരുമുണ്ട്. ജില്ലാ കളക്ടർക്ക് അന്വേഷണം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,000 രൂപ നൽകാൻ അധികാരമുള്ളപ്പോഴാണ് രോഗബാധിതയായ 74കാരിക്ക് കോളെജ് കെട്ടിടത്തിൽ തറയിൽ രാത്രി ചെലവഴിച്ചശേഷം മുഖ്യമന്ത്രിയിൽ നിന്ന് ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കണെമെന്ന നിർദ്ദേശത്തോടെ പണം അനുവദിച്ചു കിട്ടുന്നത്. ഇതിനെ വിശേഷിപ്പിക്കേണ്ടത് കാരുണ്യത്തിന്റെ കയ്യൊപ്പ് എന്നല്ല ഭരണസംവിധാനത്തിന്റെ പരാജയം എന്നാണ്. ഒരു ജനപ്രതിനിധിക്കും തന്റെ മണ്ഡലത്തിലുള്ള, ദുരിതാശ്വാസ സഹായം അർഹിക്കുന്നവരുടെ കാര്യം കളക്ടറുടെയൊ മുഖ്യമന്ത്രിയുടെയൊ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാൻ കഴിയേണ്ടതാണ്. അവിടെയും പരാജയം സംഭവിക്കുന്നു. ഈ പരാജയങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് സർക്കാർ ഒരു നടപടിയും എടുത്തതായി അറിവില്ല.

ഞായറാഴ്ച റിപ്പബ്ലിക് ദിനമാണ്. ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും സാമൂഹികനീതിയും സാമ്പത്തികനീതിയും രാഷ്ട്രീയനീതിയും വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിൽ വന്നിട്ട് അന്ന് 64 വർഷം തികയുകയാണ്. ആ ദിവസം കാസർകോട്ടെ എൻഡോസൾഫാൻ പീഡിത കുടുംബങ്ങളിൽ നിന്നുള്ള അമ്മമാർ തിരുവനന്തപുരത്ത് വരുകയാണ്. സർക്കാരിന്റെ കാരുണ്യം കാത്തു മടുത്ത് അനിശ്ചിതകാല സമരത്തിന് തയ്യാറായാണ് വരവ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ അവർ കഞ്ഞിവെച്ച് കഴിയുമെന്നാണ് എൻഡോസൽഫാൻ പീഡിത ജനകീയ സമിതി അറിയിച്ചിരിക്കുന്നത്.

എൽ.ഡി.എഫ് അധികാരത്തിലിരിക്കെ ഓരോ കുടുംബത്തിനും 50,000 രൂപയുടെ സഹായം നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ അത് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. നേരത്തെ 50,000 രൂപ കിട്ടിയ 176 കുടുംബങ്ങൾക്ക് ബാക്കി പണം നൽകി. കൂടാതെ 486 പേർക്കു കൂടി ഒരു ലക്ഷം രൂപ വീതം നൽകുകയും ചെയ്തു. സഹായം അർഹിക്കുന്ന നിരവധി പേർക്ക് ഇപ്പോഴും ഒന്നും കിട്ടിയിട്ടുമില്ല.  അവരുടെ പ്രശ്നം ഉയർത്തിക്കാട്ടി കാസർകോട്ട് നടന്ന സമരങ്ങൾ ഫലം കാണാഞ്ഞ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റുന്നത്. എൻഡോസൾഫാൻ പീഡിതരുടെ കാര്യത്തിൽ സർക്കാരിന് പ്രത്യേക ഉത്തരവാദിത്വമുണ്ട്. ചെടികളിൽ നേരിട്ട് തളിക്കേണ്ട വിഷമായ കീടനാശിനി ഒരു പൊതുമേഖലാ സ്ഥാപനം തീർത്തും നിരുത്തരവാദപരമായി തുടർച്ചയായി കാൽ നൂറ്റാണ്ടു കാലം ആകാശത്തു നിന്ന് വിതറിയതുമൂലം വായുവിലും വെള്ളത്തിലും വിഷം കലർന്നതിനെ തുടർന്നാണ് അവിടത്തെ ജനങ്ങളുടെ ജീവിതം തകർന്നത്. ആ പാതകം ചെയ്ത സ്ഥാപനത്തെയും പ്രസക്ത കാലത്ത് അതിന്റെ തലപ്പത്തുണ്ടായിരുന്നവരെയും ഭരണകൂടം പൂർണ്ണമായും സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്.

എറണാകുളം ജില്ലയിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച ഏതാനും പേർ തിരുവനന്തപുരത്തു വന്ന് നിയമസഭാ മാർച്ച് നടത്തുകയുണ്ടായി. കേന്ദ്ര സർക്കാർ 2002ൽ പാസാക്കിയ സർഫാസി നിയമം (സെക്യൂറിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂറിറ്റി ഇന്ററസ്റ്റ് ആക്ട്) നൽകുന്ന അമിതാ‍ധികാരം ഉപയോഗിച്ച് ബാങ്കുകൾ നടത്തുന്ന ജപ്തി നടപടികൾ ദുരിതക്കയത്തിൽ തള്ളിയവരാണവർ. ഏറെയും ദലിതരും മറ്റ് പിന്നാക്കവിഭാഗങ്ങളിലും പെടുന്നവർ. പലരും ഇടനിലക്കാരുടെ തട്ടിപ്പിനിരയാകുകയായിരുന്നു. ജപ്തി നടപടികൾ നിർത്തിവെക്കുക, തട്ടിപ്പുകൾ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുക, തട്ടിപ്പു നടത്തിയവർക്ക് ശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് അവർ ഉയർത്തിയിട്ടുള്ളത്.

ഇത് തലസ്ഥാനത്ത് ആവലാതികളുമായി കാര്യമാണ്. അത്ര ദൂരം യാത്ര ചെയ്ത് ആവലാതികൾ അധികാരികളുടെ മുന്നിൽ എത്തിക്കാൻ കഴിയാത്തവർ വേറെയുണ്ട്. അതിനിടെയാണ് ജനസമ്പർക്ക പരിപാടിയിലൂടെ കോടി കണക്കിന് രൂപ ദുരിതാശ്വാസമായി വിതരണം ചെയ്തിട്ടുള്ളത്. ഭരണസംവിധാനം മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടത്താതെയും ജനദ്രോഹപരമായ നടപടികൾക്ക് തടയിടാതെയും നടത്തുന്ന ദുരിതാശ്വാസ വിതരണം ജനങ്ങളെ ഭിക്ഷാടകരാക്കുകയാണ് ചെയ്യുന്നത്. ഒരു അന്താരാഷ്ട്ര പുരസ്കാരത്തിനും അതിനെ ഭരണമികവിന്റെ തെളിവാക്കി മാറ്റാനാകില്ല.(ജനുവരി 21, 2014)

No comments: