Monday, June 28, 2010

ഡി.എച്ച്.ആർ.എം. ചെയർമാൻ വി.വി.സെൽവരാജിന് സ്വീകരണം

വർക്കല ശിവപ്രസാദ് കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഏതാനും ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ചെയർമാൻ വി. വി. സെൽവരാജിന് സംഘടന ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആവേശപൂർവ്വം സ്വീകരണം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡി.എച്ച്.ആർ.എം. പ്രവർത്തകർ രാവിലെ തന്നെ സെക്രട്ടേറിയറ്റ് മുന്നിലെത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഈ പരിപാടിയെ സാധാരണ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമാക്കി. പലരും ഡി.എച്ച്.ആർ.എം. യൂണിഫോമായ അംബെദ്കറുടെ പടമുള്ള ടീഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.

പന്ത്രണ്ടരയോടെ എത്തിയ സെൽവരാജിനെ അണികൾ കൊട്ടും പാട്ടുമായി വരവേറ്റു. തുടർന്ന് എട്ടു തിരിയുള്ള പരമ്പരാഗത വിളക്ക് തെളിയിച്ചുകൊണ്ട് ഞാൻ പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. പി.യു.സി.എൽ, എസ്.ഡി.പി.ഐ., സോളിഡരിറ്റി യൂത്ത് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.

എന്റെ ഉത്ഘാടന പ്രസംഗത്തിന്റെ സംഗ്രഹം

ഈ വേദിയിൽ നിൽക്കുമ്പോൾ ഒരു ചോദ്യം എന്റെ മനസിൽ ഉയരുന്നു. അത് ഇത് നിയമവിധേയമായ പരിപാടിയാണോ എന്നതാണ്. നിങ്ങൾക്ക് അറിവുള്ളതുപോലെ പാതയോരങ്ങളിൽ യോഗങ്ങൾ നടത്തുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ധാരാളം പാതയോര പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഞാൻ ഈ വിധിയെ അനുകൂലിക്കുന്നു. കാരണം സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണ്. അവ ആവിഷ്കാര-സംഘടനാ സ്വാതന്ത്ര്യങ്ങളെ തടയുന്നെന്ന അഭിപ്രായം എനിക്കില്ല. യോഗങ്ങളും ഘോഷയാത്രകളും നടത്താൻ അനുവാദം നൽകുമ്പോൾ എത്രപേർക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി വിധിയിലുള്ളതായി പത്രങ്ങളിൽ കണ്ടു. പാതയോരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം ആളുകളാണ് ഇവിടെ ഒത്തുചേർന്നിട്ടുള്ളത്. കോടതി വിധിയുടെ വെളിച്ചത്തിൽ യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് ഉചിതമായ സ്ഥലങ്ങൾ നിർദ്ദേശിക്കാനുള്ള ചുമതല അധികൃതർക്കുണ്ട്.

ഡി.എച്ച്.ആർ.എമ്മും സെൽവരാജും പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ സംഘടനയെ തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം പൊലീസ് നടത്തുകയുണ്ടായി. രണ്ട് കാരണങ്ങളാൽ ആ ശ്രമം ഒരളവുവരെ വിജയിക്കുകയും ചെയ്തു. ഒരു കാരണം ഒരു നിരപരാധിയെ വെട്ടിക്കൊന്നെന്ന ആരോപണം മധ്യവർഗ്ഗ സമൂഹത്തിൽ ഭയം പരത്തിയെന്നതാണ്. മറ്റേത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ആ ആരോപണത്തെ പിന്തുണച്ചുവെന്നതാണ്. സാധാരണഗതിയിൽ ഇത്തരം പ്രശ്നങ്ങളെ സമീപിക്കുമ്പോൾ ആരോപണത്തിൽ കഴമ്പുണ്ടൊയെന്നത് എനിക്ക് പ്രശ്നമല്ല. കാരണം ആരോപണ വിധേയർക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും അവ സംരക്ഷിപ്പെടേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു. പ്രതികൾ കുറ്റം ചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരു കുറ്റാരോപണത്തിന്റെ മറവിൽ ഒരു സമൂഹത്തെയാകമാനം വേട്ടയാടാൻ പൊലീസിന് അവകാശമില്ല.

ശിവപ്രസാദിന്റെ കൊല നടന്നിട്ട് മാസം പത്തായി. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പക്ഷെ നിങ്ങൾക്കെതിരായ തീവ്രവാദ ആരോപണം ഇന്ന് വളരെപ്പേർ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വിശ്വസനീയമായ ഒരു തെളിവും ജനങ്ങളുടെ മുന്നിൽ വെയ്ക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകം കൂടാതെ ശ്രീനാരായണ പ്രതിമ തകർത്തതിനും പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് പറഞ്ഞിട്ടുള്ളത് തൊടുവെ ദലിത് കോളനി വളഞ്ഞ പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിമ തകർത്തതെന്നാണ്. ശിവപ്രസാദിന്റെ കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് പൊലിസ് തൊടുവെ കോളനി വളഞ്ഞെന്ന വെളിപ്പെടുത്തലോടെ പൊലീസ് കെട്ടിപ്പടുത്ത തീവ്രവാദ കഥ പൊളിഞ്ഞിരിക്കുകയാണ്. പക്ഷെ നിങ്ങൾക്കെതിരായ കേസ് ഇപ്പോഴും നിലനിൽക്കുന്നു. സാക്ഷികളെ നിരത്തിയും നല്ല അഭിഭാഷകനെക്കൊണ്ട് വാദിപ്പിച്ചും നിരപരാധിത്വം തെളിയിക്കാനുള്ള നിങ്ങളുടെ കടമ അവശേഷിക്കുന്നു.

നിങ്ങൾ പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടതായി ഞാൻ പറഞ്ഞു. ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും സ്വയം സംഘടിച്ച് മുന്നോട്ടുവരുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് നിങ്ങൾക്ക് ഇനിയും പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അയ്യങ്കാളിയുടെ കാലത്തിനുശേഷം ആദ്യമായാണ് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ദലിത് നേതൃത്വം കേരളത്തിൽ ഉയർന്നു വരുന്നത്. ആദിവാസി സമൂഹത്തിൽ നിന്ന് സി. കെ. ജാനു ഉയർന്നു വന്നപ്പോൾ കണ്ട അങ്കലാപ്പ് നാം ഇപ്പോൾ വീണ്ടും കാണുന്നു. ഈ അങ്കലാപ്പാണ് പുതിയ തീവ്രവാദികളെ കണ്ടെത്താൻ മുഖ്യധാരാ കക്ഷികളെ പ്രേരിപ്പിക്കുന്നത്. നിങ്ങളെ പ്രകോപിപ്പിച്ച് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ ശ്രമങ്ങളുണ്ടാകും. ആ കെണിയിൽ വീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.

സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ ഒരു കാര്യം മനസിലാക്കണം. മുഖ്യധാരാ കക്ഷികളിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് കണ്ടതുകൊണ്ടാണ് ദലിതരും ന്യൂനപക്ഷങ്ങളും മറ്റ് ദുർബലവിഭാഗങ്ങളും അവയെ വിട്ടുപോകുന്നത്. ഇത് മുഖ്യധാരാ കക്ഷികളുടെ പരാജയമാണ് സൂചിപ്പിക്കുന്നത്.

Thursday, June 24, 2010

വർക്കല പൊലീസിന്റെ കഥ പൊളിയുന്നു

വർക്കല പൊലീസ് എന്നാണ് ദലിത് വേട്ട തുടങ്ങിയത്?

ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) അതിന്റെ ശക്തി പ്രകടിപ്പിക്കാനായി പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊന്നതാണ് ആദ്യ തീവ്രവാദ സംഭവമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

കൂടാതെ, ഡി.എച്ച്.ആർ.എം. പ്രവർത്തകർ മുട്ടപ്പലം ചാവടിമുക്കിലെ ശ്രീനാരായണ പ്രതിമ തകർത്തതായും ഗുരുസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

ഡി.എച്ച്.ആർ.എം. സ്ഥാപകൻ ശെൽവരാജ് ഉൾപ്പെടെ ശിവപ്രസാദ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.

ഇന്നത്തെ മലായാള മനോരമ (തിരുവനന്തപുരം എഡിഷൻ, പേജ് 3) പ്രതിമ തകർക്കൽ സംഭവുമായി ബന്ധപ്പെട്ട് ഒരു ഡി.എച്ച്.ആർ.എം. പ്രവർത്തകൻ കൂടി പിടിയിലായതായി റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെ:

2009 സെപ്തംബർ 21ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമം നടന്നത്. തലേദിവസം രാത്രി ശിവഗിരി തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ തുടർച്ചയായിരുന്നു മുട്ടപ്പലത്തേത്. തൊടുവെ കോളനിയിൽ അക്രമം നടന്നതിനെത്തുടർന്ന് പൊലീസ് കോളനി വളഞ്ഞിരുന്നു. അക്രമം നടത്തിയ ഡി.എച്ച്.ആർ.എം. പ്രവർത്തകർ ഇതോടെ കോളനിക്കുള്ളിൽ അകപ്പെട്ടു. ഇവരെ കോളനിയിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി പൊലീസിന്റെ ശ്രദ്ധ തിരിക്കാനായാണ് ചാവടിമുക്കിൽ ആക്രമണം നടത്തിയത്.

ശിവപ്രസാദ് കൊല്ലപ്പെട്ടത് സെപ്തംബർ 23നാണ്. ഗുരുദേവ പ്രതിമ തകർക്കപ്പെട്ടത് സെപ്തംബർ 21ന് പുലർച്ചെ. ഇതിനൊക്കെ മുമ്പെ, സെപ്തംബർ 20ന് രാത്രിയാണ് പൊലീസ് ഡി.എച്ച്.ആർ.എം. ശക്തികേന്ദ്രമായ തൊടുവെ കോളനി വളഞ്ഞത്.പുലർച്ചെ നടന്ന അക്രമം പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നെന്ന വാദം ശരിയാണെങ്കിൽ രാത്രി മുഴുവൻ വളയൽ തുടരുകയായിരുന്നെന്ന് വ്യക്തമാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ശിവപ്രസാദിന്റെ കൊലപാതകത്തിനും ചാവടിമുക്കിലെ പ്രതിമ തകർക്കലിനും മുമ്പുതന്നെ പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയിയിരുന്നു. തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ സ്വഭാവം എന്തായിരുന്നു, അതിൽ ശിവസേനയുടെ പങ്ക് എന്തായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസും പത്രവും പാലിക്കുന്ന നിശ്ശബ്ദത അർത്ഥവത്താണ്.

Wednesday, June 23, 2010

സി.ആർ.നീലകണ്ഠൻ വീണ്ടും പൊതുവേദിയിൽ


ആക്രമണത്തിൽ പരിക്കേറ്റ സി.ആർ.നീലകണ്ഠൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. (Photo: Courtesy Asianetindia.com)

കഴിഞ്ഞ മാസം പാലേരിയിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ വീണ്ടും പൊതുവേദിയിലെത്തി. കഴിഞ്ഞ നാലാഴ്ചക്കാലം അദ്ദേഹം ചികിത്സയിലായിരുന്നു.

മേയ് 20നായിരുന്നു ഡി.വൈ.എഫ്.ഐ.ക്കാർ നീലകണ്ഠനെ ആക്രമിച്ചത്. അന്ന് പരിക്കുകളോടെ കോഴിക്കോട്ട് ആശുപതിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ ഒരാശുപതിയിലേക്ക് മാറ്റപ്പെട്ടു. അത് വിട്ടശേഷം അദ്ദേഹം ആയുർവേദ ചികിത്സയിലായിരുന്നു.

കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി “ഭൂമിയുടെ രാഷ്ട്രീയം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

സെമിനാർ അദ്ധ്യക്ഷനും ഏകോപന സമിതി വൈസ്ചെയർമാനുമായ ടി.കെ.വിനോദൻ നീലകണ്ഠനെ പൊന്നാട അണിയിച്ചു.

സെമിനാർ ഉത്ഘാടനം ചെയ്ത വി.എം.സുധീരൻ നീലകണ്ഠനെതിരായ ആക്രമനത്തെ അപലപിച്ചു. ആശയങ്ങളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണ്, അക്രമം കൊണ്ടല്ല, എന്ന് അദ്ദേഹം പറഞ്ഞു.

Monday, June 21, 2010

മ്അദനിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ഐക്യവേദി

ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മ്അദനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനായി ഇമാമുകൾ നേതൃത്വം നൽകുന്ന മുസ്ലിം ഐക്യവേദി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്ന് ഒരു ധർണ്ണ സംഘടിപ്പിക്കുകയുണ്ടായി.

പാളയത്തുള്ള മുസ്ലിം പള്ളിയിൽ നിന്ന് ഘോഷയാത്രയായി സെക്രട്ടേറിയറ്റ് പടിക്കലെത്തി ധർണ്ണയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ നിരവധി ഇസ്ലാമിക പണ്ഡിതന്മാരുണ്ടായിരുന്നു.

അബ്ദുൾ റസാഖ് മൌലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ധർണ്ണ ഞാൻ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ബി.എസ്.പി. നേതാവ് എ. നീലലോഹിതദാസൻ നാടാർ, മാധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു, ജമാത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരാക്കുന്ന് തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.

ഉത്ഘാടനപ്രസംഗത്തിന്റെ ഏകദേശരൂപം ചുവടെ ചേർക്കുന്നു:


അബ്ദുൾ നാസർ മ്അദനിയെ കോയമ്പത്തൂർ സ്ഫോടനക്കേസിന്റെ വിചാരണക്കുശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടിട്ട് മൂന്ന് കൊല്ലമായിട്ടില്ല. ഇപ്പോൾ ബംഗളൂരു സ്ഫോടനക്കേസിൽ കർണ്ണാടക പൊലീസ് അദ്ദേഹത്തെ പ്രതിയാക്കുകയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. കോയമ്പത്തൂർ കേസിൽ അദ്ദേഹം അറസ്റ്റിലായത് 1998 ഫെബ്രുവരിയിലാണ്. 2007 ആഗസ്റ്റിൽ കോടതി നിരപരാധിയെന്ന് കണ്ടെത്തുന്നതുവരെയുള്ള ഒമ്പത് കൊല്ലവും ആറ് മാസവും അദ്ദേഹം കാരാഗൃഹത്തിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് ഒരിക്കൽ പോലും ജാമ്യമൊ പരോളൊ അനുവദിച്ചിരുന്നില്ല. ജാമ്യത്തിനായി അദ്ദേഹം കോയമ്പത്തൂരിലെ ചെറിയ കോടതി മുതൽ ഡൽഹിയിലെ സർവോന്നത കോടതിയെ വരെ സമീപിച്ചിരുന്നു. എല്ലാ കോടതികളും ജാമ്യം നിഷേധിച്ചു. ജ. വി. ആർ. കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ജാമ്യമാണ് ചട്ടം, ജയിൽ അപവാദമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരവസരത്തിൽ സുപ്രീം കോടതി പറഞ്ഞു 90 ദിവസത്തിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം നൽകണമെന്ന്. ഈ വിധികൾ നൽകിയ ജഡ്ജിമാരുടെ പിൻഗാമികൾ അവയിലെ തത്ത്വങ്ങൾ പാലിക്കാൻ കൂട്ടാക്കിയില്ല. വികലാംഗനും രോഗിയുമായിരുന്ന മ്അദനിക്ക് മതിയായ ചികിത്സാ സൌകര്യങ്ങൾ പോലും ലഭിച്ചില്ല.

ഈവിധത്തിൽ മ്അദനി കടുത്ത മനുഷ്യാവകാശലംഘനത്തിന് വിധേയനായപ്പോൾ മനുഷ്യാവകാശപ്രവർത്തകർ അതിനെതിരെ ശബ്ദമുയർത്തി. കേരള ജനതയുടെ വികാരം കണക്കിലെടുത്ത് നിയമസഭ 2006ൽ അദ്ദേഹത്തോട് നീതികാട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠേന പാസാക്കി. അതൊന്നും ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് മ്അദനിയും അനുയായികളും മുസ്ലിം സമൂഹവും ബംഗളൂരു കേസിനെ കോയമ്പത്തൂരിന്റെ ആവർത്തനമായി കാണുന്നത്.

മറ്റ് ചില വസ്തുതകൾ കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി കോയമ്പത്തൂർ സന്ദർശിച്ച ദിവസമാണ് അവിടെ സ്ഫോടനം നടന്നത്. അതിനു മുമ്പ് പൊലീസും ആർ.എസ്.എസും ചേർന്ന് മുസ്ലിങ്ങൾക്കെതിരെ അവിടെ അതിക്രമങ്ങൾ നടത്തിയിരുന്നു. പി.യു.സി.എല്ലിന്റെ വസ്തുതാപഠന സംഘം ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് അദ്വാനിയെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് ആർ.എസ്. എസ്. പ്രചരിപ്പിച്ചു. അന്ന് തമിഴ് നാട്ടിൽ അധികാരത്തിലിരുന്ന ജയലളിതയുടെ എ.ഐ.എ.എം.ഡി.കെ. ബി.ജെ.പി.യുമായി സഖ്യത്തിലായിരുന്നു. മ്അദനിയെ വെറുതെവിട്ടുകൊണ്ടുള്ള കോയമ്പത്തൂർ കേസ് വിധി ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും സ്വീകാര്യമായില്ല. അവർ വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ടു. തമിഴ് നാട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതി കീഴ്കോടതി വിധി ശരിവെച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ 43 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയ കോടതിയാണ് മ്അദനിയെ വെറുതെ വിട്ടത് സംഘ് പരിവാറിനു ഇത്തരത്തിലുള്ള നീതിനടത്തിപ്പിൽ വിശ്വാസമില്ല. അത് മ്അദനിക്കെതിരായ പ്രചാരണം തുടർന്നു.

ബംഗളൂരു സ്ഫോടനം നടന്നത് 2008ലാണ്. 2007ൽ ജയിൽ വിമുക്തനായശേഷം മ്അദനി തുടർച്ചയായി പൊതുജനമദ്ധ്യത്തിലായിരുന്നു. പി.ഡി.പി. നേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഇക്കാലമത്രയും അദ്ദേഹം കേരളാ പൊലീസിന്റെ സുരക്ഷാ വലയത്തിലുമായിരുന്നു. അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുമായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്. സുരക്ഷാ വലയത്തിലും നിരീക്ഷണത്തിലുമായിരുന്നപ്പോൾ അദ്ദേഹം ഗൂഢാലോചന നടത്തി സ്ഫോടനം സംഘടിപ്പിച്ചെന്നാണ് കർണ്ണാടക പൊലീസിന്റെ കണ്ടെത്തിയിരിക്കുന്നത്.

മ്അദനി കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറയുകയുണ്ടായി. അധികാരത്തിന്റെ തണലിൽ ഇരുന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജാമ്യവും പരോളും ഇല്ലാതെ പത്തു കൊല്ലത്തോളം ജയിലിൽ കഴിഞ്ഞ മനുഷ്യനാണ് അദ്ദേഹം ഈ ഉപദേശം നൽകുന്നത്.

ഇവിടെ മറ്റൊരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. അത് പൊലീസിന്റെ മേലുള്ള രാഷ്ട്രീയ നിയന്ത്രണമാണ്. പൊലീസ് ഭരണാധികാരികളുടെ ഇച്ഛയ്ക്കനുസൃതമായി പ്രവർത്തിക്കുന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എടുത്തു കാണിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടകത്തിലെ പൊലീസിന്റെ നീക്കങ്ങളെ മ്അദനിയും മുസ്ലിം സമൂഹവും ആശങ്കയോടെ വീക്ഷിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു.

രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. അന്വേഷണങ്ങൾ മുസ്ലിങ്ങൾ നടത്തിയ ഭീകര പ്രവർത്തനങ്ങളും ഹിന്ദുക്കൾ നടത്തിയ ഭീകര പ്രവർത്തനങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ മേൽ ആരോപിക്കപ്പെട്ട ചില കുറ്റങ്ങൾ ചെയ്തത് ഹിന്ദുക്കളായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ മൊത്തത്തിൽ മുൾമുനയിൽ നിർത്താൻ തൽപരകക്ഷികൾ ശ്രമിക്കുകയാണ്. തീവ്രവാദത്തിന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ പ്രതിരോധത്തിലാക്കാനുള്ള ശ്രമം മതനിരപേക്ഷതയുടെ പാരമ്പര്യം ഉൾക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങൾ അനുവദിക്കുകയില്ല.

കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത സ്ഥിതിക്ക് മ്അദനിയുടെ മുന്നിലുള്ള നിയമപരമായ ഏക മാർഗ്ഗം കോടതിയിൽ നിരപരാധിത്വം തെളിയിക്കുകയാണ്. നിയമത്തിന്റെ മാർഗ്ഗം സ്വീകരിക്കുമെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. പി.ഡി.പി. പ്രവർത്തകർ അവരുടെ വികാരം ശക്തിയായി പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് അൻവാർശ്ശേരിയിൽ അവർ നടത്തിവരുന്ന ഉപവാസ സമരം അവസാനിപ്പിക്കണെമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇസ്ലാമിക പണ്ഡിതന്മാരുടെയും മുസ്ലിം സമൂഹത്തിന്റെയും വികാരമാണ് ഈ ധർണ്ണയിൽ പ്രകടമാകുന്നത്. ഇനി വിഭാഗീയാടിസ്ഥനത്തിലുള്ള സമരങ്ങളിൽ നിന്ന് മുസ്ലിം സമൂഹം പിൻവാങ്ങണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മ്അദനിക്ക് നീതി ലഭ്യമാകണമെന്നത് പി.ഡി.പി.യുടെയൊ മുസ്ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. നാട്ടിൽ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്.

മുസ്ലിങ്ങളാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം. ആ സ്ഥിതിക്ക് കേരളത്തിൽ ശാന്തിയും മതനിരപേക്ഷതയും നിലനിൽക്കുന്നെന്ന് ഉറപ്പുവരുത്താൻ മറ്റേതൊരു സമുദായത്തേക്കാളും കൂടുതൽ ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്വം മുസ്ലിം സമൂഹം നിറവേറ്റുമെന്ന് വിശ്വാസത്തോടെ ധർണ്ണ ഔപചാരികമായി ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

Sunday, June 20, 2010

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും

ബി.ആർ.പി.ഭാസ്കർ

പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ഹിന്ദു ഭൂരിപക്ഷത്തെ ആകർഷിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ വർഗ്ഗീയതയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം തുടങ്ങിയ ചുവടുമാറ്ററത്തിന്റെ തുടർച്ചയാണിത്. രണ്ട് പതിറ്റാണ്ടുകാലം ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പാർട്ടി ബോധപൂർവം ശ്രമം നടത്തിയിരുന്നു. ഒരളവു വരെ അതിൽ വിജയം കാണുകയും ചെയ്തു. ലോക് സഭാ തെരഞ്ഞെടുപ്പ് അനുഭവത്തിൽ നിന്ന് പാർട്ടി ഉൾക്കൊണ്ട പാഠം ഇനി ജയിക്കണമെങ്കിൽ ഹിന്ദുക്കളെ കൂടുതലായി ആശ്രയിക്കണമെന്നാണ്. കണ്ണൂർ, എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ചുവടു മാറ്റത്തിന്റെ ആദ്യസൂചന നൽകി. പുതിയ സമീപനം സി.പി.എമ്മിന് രണ്ടിടത്തും ഗുണം ചെയ്തില്ലെങ്കിലും ആലപ്പുഴയിൽ എൻ.എസ്.എസ്. സഹായത്തൊടെ സി.പി.ഐ. സ്ഥാനാർത്ഥിക്ക് നില മെച്ചപ്പെടുത്താനായത് അതിന്റെ സാധ്യതകൾ തെളിയിച്ചു. ഒരു വിഭാഗം ക്രിസ്ത്യാനികളെ പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ സഹായിച്ച പി.ജെ. ജോസഫ് വിട്ടുപോയതും മുസ്ലിം ലീഗിനോട് എതിർപ്പുള്ള മുസ്ലിങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിന് സഹായിച്ച ഐ.എൻ.എൽ. മാതൃ സംഘടനയുമായി ചങ്ങാത്തം സ്ഥാപിച്ചതും ജമാത്തെ ഇസ്ലാമി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചതും ഹിന്ദു പിന്തുണയണ് ഏക രക്ഷാമാർഗ്ഗം എന്ന വിശ്വാസം ദൃഢപ്പെടുത്തി.

ഒരു രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ജാതിമതവിഭാഗങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതിൽ തെറ്റില്ല. പക്ഷെ സാമൂഹികാന്തരീക്ഷം കലുഷമാക്കാതെ നോക്കാനുള്ള ചുമതല എല്ലാ കക്ഷികൾക്കുമുണ്ട്, പ്രത്യേകിച്ച് മതനിരപേക്ഷ കക്ഷികൾക്ക്. ഭൂരിപക്ഷ സമൂഹത്തിലെ വർഗ്ഗീയതക്കു നേരെ കണ്ണടച്ചുകൊണ്ട് ന്യൂനപക്ഷ വർഗ്ഗീയതെക്കുറിച്ച് ഭയാശങ്കകൾ പരത്തുന്ന നേതാക്കൾ താൽക്കാലിക ലാഭത്തിനു വേണ്ടി അപകടകരമായ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഇരുപതു കൊല്ലം ഒപ്പം നിന്നവരിൽ ഒരു സുപ്രഭാതത്തിൽ അഴിമതിയും വർഗ്ഗീയതയും ഭീകരതയുമൊക്കെ ആരോപിക്കുന്ന നേതാക്കൾ സ്വന്തം അണികൾ തന്നെ ഇതൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങാൻ തയ്യാറുള്ള വിഡ്ഡികളാണോ എന്ന് ആലോചിക്കണം.

ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച ഭീകരപ്രവർത്തന കഥകൾ സി.പി.എമ്മിന് അദ്ദേഹം നേടിക്കൊടുത്തതിലേറെ വോട്ടുകൾ നഷ്ടപ്പെടുത്തിയിരിക്കണം. ഈ സാഹചര്യം മറികടക്കാൻ മ്‌അദനിയേക്കാൾ വലിയ ഒരു മുസ്ലിം ഭീകരനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ജമാത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയുമാണ് ആ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ പറ്റിയതായി അത് കാണുന്നത്. .

1957ലെ തെരഞ്ഞെടുപ്പിനു മുമ്പ് അവിഭക്ത സി.പി.ഐ. മന്നത്ത് പത്മനാഭനെ സമീപിച്ച് എൻ.എസ്.എസ്. പിന്തുണ നേടിയിരുന്നു. വിമോചന സമരം വന്നപ്പോൾ മന്നം അതിന് നേതൃത്വം കൊടുത്തു. 1967ൽ സി.പി.എം. മുസ്ലിം ലീഗിനും ഫാദർ വടക്കന്റെ പാർട്ടിക്കും മന്ത്രിസഭയിൽ സ്ഥാനം കൊടുത്തുകൊണ്ട് രാഷ്ട്രീയ രംഗത്ത് വർഗ്ഗീയ സംഘടനകൾക്ക് മാന്യത നൽകി. 1987ൽ വർഗ്ഗീയ കൂട്ടുകെട്ടുകൾ ദോഷം ചെയ്തുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി മുസ്ലിം ലീഗ് വിമതരുമായുള്ള ബന്ധം വിച്ഛേദിച്ചു. വൈകാതെ വീണ്ടും ന്യൂനപക്ഷ വർഗ്ഗീയതയുമായി പരോക്ഷ ബന്ധം തുടങ്ങി. ലോക് സഭാ തെരഞ്ഞെടുപ്പിൽ മ്‌അദനിയെക്കൂടാതെ ബി.ജെ.പി. വിട്ടു വന്ന കെ. രാമൻ പിള്ളയും സി.പി.എമ്മിനൊപ്പം ഉണ്ടായിരുന്നു. ദലിതരും ആദിവാസികളും പാർട്ടിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഇനി അറിയാനുള്ളത് ഹിന്ദു ഉപരിവർഗത്തേക്കുള്ള ചുവടുമാറ്റം സി.പി.എമ്മിനെ ബി.ജെ.പി.യുമായി അടുപ്പിക്കുമോ എന്നാണ്.

കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും വർഗ്ഗീയതയും വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് അതിന് തടയിടാനാവില്ല. (കേരളശബ്ദം, ജൂൺ 27, 2010)

Saturday, June 19, 2010

Microsoft Word - Privilege v Right

ആരുടെ അവകാശം?

ബി.ആർ.പി.ഭാസ്കർ
കേരളകൌമുദി

വിവരാവകാശ കമ്മിഷനും കേരള നിയമസഭയും തമ്മിലുള്ള തർക്കത്തിൽ അടങ്ങിയിരിക്കുന്നത് ജനങ്ങളുടെ അവകാശവും ജനപ്രതിനിധികളുടെ അവകാശവും തമ്മിലുള്ള സംഘട്ടനമാണ്. ഭരണഘടന പാർലമെന്റിനും നിയമസഭകൾക്കും നൽകുന്ന പ്രത്യേകാവകാശങ്ങളും വിവരാവകാശ നിയമം ജനങ്ങൾക്കു നൽകുന്ന അവകാശവും വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യപ്പെട്ടവയാണ്. രണ്ടിന്റെയും സ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയാൽ അവ തമ്മിലുള്ള സംഘട്ടനം എളുപ്പത്തിൽ ഒഴിവാക്കാനാകും.

നിയമനിർമ്മാണ സഭകൾ അവയുടെയും അംഗങ്ങളുടെയും പ്രത്യേകാവകാശങ്ങൾ നിയമപ്രകാരം നിർവചിക്കുന്ന സാഹചര്യം ഭരണഘടന വിഭാവന ചെയ്യുന്നുണ്ട്. നിയമനിർമ്മാണം നടത്തുന്നതുവരെ അവയ്ക്ക് ബ്രിട്ടനിലെ കോമൺസ് സഭയ്ക്ക് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തുണ്ടായിരുന്ന അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുമെന്നാണ് ആദ്യം ഭരണഘടനയിൽ രേഖപ്പെടുത്തിയിരുന്നത. ഒരു സ്വതന്ത്ര രാജ്യത്തിന്റെ ഭരണഘടന മറ്റൊരു രാജ്യത്തെ നിയമസഭയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ അധികാരങ്ങൾ അവകാശപ്പെടുന്നതിന്റെ അനൌചിത്യം തിരിച്ചറിഞ്ഞ്, കോമൺസിനെക്കുറിച്ചുള്ള പരാമർശം പിന്നീട് ഒഴിവാക്കിയെങ്കിലും അടിസ്ഥ്നപരമായി സ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ല. പാർലമെന്റിന്റെയൊ സംസ്ഥാന നിയമസഭകളുടെയൊ അധികാരവും അവകാശവും സംബന്ധിച്ച പ്രശ്നങ്ങളുയരുമ്പോൾ ബ്രിട്ടനിലെ സഭയുടെ പാരമ്പര്യങ്ങൾ ആധികാരികമായി സംഗ്രഹിച്ചിട്ടുള്ള ‘മേയ്സ് പാർലമെന്ററി പ്രാക്റ്റീസ്’ എന്ന ഗ്രന്ഥത്തെയാണ് നാം ആശ്രയിക്കുക.

ഫ്യൂഡൽ കാലത്ത് നിലവിൽ വന്ന കോമൺസ് സഭ എല്ലാ അധികാരങ്ങളും കയ്യടക്കി വെച്ചിരുന്ന രാജാവിനും പ്രഭു സഭയ്ക്കുമെതിരെ.നീണ്ടകാലം പോരാടിയാണ് അതിന്റെ അധികാരങ്ങളും പ്രത്യേകാവകാശങ്ങളും നേടിയത്. പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിലെ രാജാക്കന്മാർ തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞ എം.പി. ജയിലടച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ സഭ ഒരു രാജാവിനെ രാജ്യദ്രോഹത്തിന് വധിക്കുകയുണ്ടായി. കോമൺസിന്റെ ജയം ജനങ്ങളുടെ ജയമായിരുന്നു. അതിലൂടെ രാജാവും പ്രഭുക്കളും കയ്യടക്കിവെച്ചിരുന്ന അധികാരം ജനപ്രതിനിധികളിലേക്ക് കൈമാറപ്പെടുകയായിരുന്നു. ഈ ചരിത്രം ഓർമ്മിക്കുമ്പോൾ പ്രത്യേകാവകാശങ്ങൾ ജനപ്രതിനിധികളെ ജനങ്ങളിൽനിന്ന് രക്ഷിക്കാനുള്ളതല്ല, മറ്റ് അധികാരകേന്ദ്രങ്ങളിൽ നിന്ന് രക്ഷിക്കാനുള്ളതാണ് എന്ന് വ്യക്തമാകും.

മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, വിവരാവകാശം തുടങ്ങിയവ ‘അവകാശങ്ങളുടെ പുതിയ തലമുറ’യിൽ പെടുന്നു. ഈ അവകാശങ്ങൾ ഉറപ്പാക്കാൻ രാജ്യങ്ങൾ പ്രത്യേക നിയമങ്ങളുണ്ടാക്കാൻ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണ്. കൊളോണിയൽ-ഫ്യൂഡൽ കാലത്ത് രൂപപ്പെട്ടതും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും മാറ്റം കൂടാതെ നിലനിൽക്കുന്നതുമായ ഔദ്യോഗിക സംവിധാനങ്ങൾ അവയുമായി പൊരുത്തപ്പെട്ടിട്ടില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവകാശ കമ്മിഷനുകൾ രൂപീകരിച്ചെങ്കിലും ഭരണാധികാരികൾ സങ്കുചിത രാഷ്ട്രീയ താല്പര്യം മുൻ‌നിർത്തി അവയെ ദുർബലമായി നിലനിർത്താൻ ശ്രദ്ധിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചതിന്റെ ഫലമായി സംസ്ഥാനത്തെ പല അവകാശ കമ്മിഷനുകളുടെയും പ്രവർത്തനം മന്ദീഭവിച്ചിട്ടുണ്ട്. അതിനൊത്ത് ജനങ്ങൾക്ക് അവയിലുള്ള വിശ്വാസവും കുറയുന്നുമുണ്ട്. കമ്മിഷനുകളുടെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണം കുറഞ്ഞുവരുന്നത് ഇതിന് തെളിവാണ്. വിവരാവകാശ നിയമം ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും സന്നദ്ധ സംഘടനകളും സാധാരണജനങ്ങളും ഇത്ര കാലവും അപ്രാപ്യമായിരുന്ന വിവരങ്ങൾ ഇപ്പോൾ ശേഖരിക്കുന്നുണ്ട്. ചില അധികാരകേന്ദ്രങ്ങൾ ഇത്തരം സുതാര്യതയെ ശല്യമായാണ് കാണുന്നത്. അതുകൊണ്ടാണ് സുപ്രീം കോടതി ഉൾപ്പെടെ പല സ്ഥാപനങ്ങളും വിവരാവകാശ കമ്മിഷന്റെ അധികാരപരിധി പരിമിതപ്പെടുത്താനൊ അതിൽ നിന്ന് പൂർണ്ണമായി പുറത്തു കടക്കാനൊ ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾ വിജയിച്ചാൽ ആ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും നഷ്ടപ്പെടും. ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണഘടനാ സ്ഥാപനമായ നിയമസഭ അതിന് അതിനു കൂട്ടുനിൽക്കരുത്. ജനപ്രതിനിധികൾ അതിന് കാരണക്കാരാകരുത്.

പാർലമെന്റൊ നിയമസഭകളൊ പ്രത്യേകാവകാശങ്ങൾ സംബന്ധിച്ച് നിയമങ്ങൾ പാസാക്കിയിട്ടില്ലാത്തതുകൊണ്ട് അവയുടെ വ്യാപ്തി സംബന്ധിച്ച് അവ്യക്തതയുണ്ട്. പത്രങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ സഭകൾ പല‌പ്പോഴും വാൾ വീശിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള അവ്യക്തത നീക്കാനായി ഭരണഘടന വിഭാവന ചെയ്യുന്ന തരത്തിലുള്ള നിയമനിർമ്മാണത്തിന് അവ തയ്യാറാകണമെന്ന ആവശ്യം പത്രപ്രവർത്തകരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. അതിനോട് യോജിക്കാത്ത ആളാണ് ഈ ലേഖകൻ. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാകയാൽ പ്രത്യേകാവകാശം എന്താണെന്ന് അന്തിമമായി നിശ്ചയിക്കാനുള്ള അവകാശം അതിനാകും. ഭരണഘടനാ ഭേദഗതി, ജഡ്ജിമാരുടെ നിയമനം എന്നിങ്ങനെ പല കാര്യങ്ങളും വ്യാഖ്യാനങ്ങളിലൂടെ പാർലമെന്റ് ഉദ്ദ്യേശിച്ചതിൽ നിന്നും വ്യത്യസ്തമായ രീതിയിലാക്കിയെടുത്ത കോടതിക്ക് ഈ അവകാശം നൽകാൻ സഭകൾ മടിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു. പ്രത്യേകാവകാശങ്ങളിൽ എന്തൊക്കെ ഉൾപ്പെടുന്നെന്ന് തീരുമാനിക്കാനുള്ള അധികാരം സ്വന്തം കൈകളിൽ നിലനിർത്തുന്ന സഭകൾ ഫ്യൂഡൽ കാലഘട്ടത്ത് രൂപപ്പെട്ട അവകാശസങ്കല്പം ആധുനിക ജനാധിപത്യ കാഴ്ചപ്പാടുകൾക്കനുസൃതമായി പുനർനിർവചിക്കേണ്ടതുണ്ടെന്ന് മറക്കക്കാൻ പാടില്ല. കോമൺസ് സഭ 1947നുശേഷം അവകാശങ്ങൾ സംബന്ധിച്ച സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സഭയുടെ അവകാശങ്ങൾ ചുരുക്കേണ്ടതാണെന്ന് 1967ൽ കോമൺസ് നിയോഗിച്ച ഒരു സമിതി ശിപാർശ ചെയ്യുകയുണ്ടായി. സഭയുടെ പ്രത്യേകാവകാശ സമിതി 1977ൽ വിഷയം വീണ്ടും പരിഗണിക്കുകയും പ്രത്യേകാവകാശങ്ങളെ സഭയുടെ സംരക്ഷണത്തിനും അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കർത്തവ്യനിർവഹണം തടസപ്പെടുത്തുന്നതും അതിൽ ഇടപെടുന്നതും തടയുന്നതിനു മാത്രം ഉതകുംവിധം പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ നിർദ്ദേശം അടങ്ങുന്ന റിപ്പോർട്ട് സഭ അംഗീകരിച്ചു. അങ്ങനെ കോമൺസ് 1947ൽ നിന്ന് മുന്നോ‍ാട്ടു പോയെങ്കിലും നാം അവിടെത്തന്നെ നിൽക്കുകയാണ്.

ടി.എം.ജേക്കബിന്റെ ഒരു പ്രസംഗത്തിന്റെ അച്ചടിച്ച റിപ്പോർട്ടും വിഡിയോ റിക്കാർഡും ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഡി.ബി. ബിനു സമർപ്പിച്ച അപേക്ഷയാണ് സഭയും വിവരാവകാശ കമ്മിഷനും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചത്. നിയമസഭയുടെ പബ്ലിക് ഇൻഫർമേഷൻ ആഫീസർ അച്ചടിച്ച റിപ്പോർട്ട് നൽകി. എന്നാൽ വിഡിയോ റിക്കാർഡ് നൽകാൻ വിസമ്മതിച്ചു. ആധികാരികതയുള്ളത് അച്ചടിച്ച റിപ്പോർട്ടിനു മാത്രമാണെന്നും ആധികാരിതയില്ലാത്ത വിഡിയോ റിക്കാർഡ് നൽകാനാവില്ലെന്നുമുള്ള നിലപാടാണ് നിയമസഭാ സെക്രട്ടേറിയറ്റ് എടുത്തത്. സെക്രട്ടേറിയറ്റ് സ്പീക്കറുടെ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടുമാണ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ തീരുമാനമെടുത്തതെന്ന് ന്യായമായും അനുമാനിക്കാം. ഈ തീരുമാനത്തിനെതിരെ ബിനു നൽകിയ ഹർജി പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മിഷണർ പാലാട്ട് മോഹൻ‌ദാസ്, കമ്മിഷണർ പി.എൻ.വിജയകുമാർ എന്നിവർ അടങ്ങുന്ന ബെഞ്ച് വിഡിയൊ റിക്കാർഡും നൽകാൻ ഉത്തരവിട്ടു. കമ്മിഷന്റെ ഉത്തരവ് പ്രഥമ ദൃഷ്ട്യാ സഭയുടെ പ്രത്യേകാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കണ്ടുകൊണ്ട് സ്പീക്കർ വിഷയം പ്രത്യേകാവകാശ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.

നിയമസഭാ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമത്തിന്റെ അധികാര പരിധിയിൽ പെടുന്ന സ്ഥാപനമാണ്. അതുകൊണ്ടാണല്ലൊ അവിടെ പബ്ലിക് ഇൻഫർമേഷൻ ആഫീസർ ഉള്ളത്. സാധാരണഗതിയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ എന്തൊക്കെ പെടുമെന്ന് തീരുമാനിക്കാനുള്ള അധികാരം കമ്മിഷനാണ്. കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സ്ഥാപനം കരുതുന്നുണ്ടെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാവുന്നതാണ്. സുപ്രീം കോടതിയുടെ പക്കലുള്ള ഒരു വിവരം അതാവശ്യപ്പെട്ട ഹർജിക്കാരന് നൽകാൻ ഉത്തരവുണ്ടായപ്പോൾ കോടതി രജിസ്ട്രാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് ഈ അടിസ്ഥാനത്തിലാണ്. ഇവിടെ ഉയർന്നിരിക്കുന്ന പ്രശ്നം തീരുമാനത്തിന്റെ നിയമപരമായ സാധുതയല്ല അത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണോ എന്നതാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സഭയിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്.

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനമെന്ന നിലയിൽ അതിന്റെ കൈവശമുള്ള ഏത് രൂപത്തിലുള്ള രേഖയും അപേക്ഷകന് നൽകാനുള്ള ബാധ്യത നിയമസഭാ സെക്രട്ടേറിയറ്റിനുണ്ട്. ജേക്കബിന്റെ പ്രസംഗത്തിന്റെ വീഡിയോ നൽകാത്തതിന് അത് നൽകുന്ന ന്യായീകരണം അത് ആധികാരിക രേഖയല്ലെന്നതാണ്. പ്രസംഗങ്ങൾ എഴുതിയെടുത്ത് എഡിറ്റ് ചെയ്തശേഷമാണ് അച്ചടിക്കുന്നത്. വിഡിയൊ എഡിറ്റ് ചെയ്തതല്ലാത്തതുകൊണ്ടാണ് സഭ അത് ആധികാരിക രേഖയല്ലെന്ന് വാദിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി വിഡിയൊ റിക്കാർഡിങ് അനുവദിച്ചത് ലോക് സഭയാണ്. സ്പീക്കർക്ക് വിഡിയൊ എഡിറ്റ് ചെയ്യാനുള്ള അവകാശമുണ്ടെന്ന നിബന്ധനയോടെയാണ് ലോക് സഭയ്ക്കുള്ളിൽ വിഡിയൊ ക്യാമറകൾ അനുവദിച്ചത്. അത്തരം നിബന്ധനയ്ക്കു വിധേയമായാകണം നിയമസഭയും വിഡിയോ ചിത്രങ്ങൾ എടുക്കാൻ അനുവാദം നൽകുന്നത്. സ്പീക്കർ സഭാ നടപടികളുടെ ഭാഗമാകരുതെന്ന് കരുതുന്ന ഭാഗങ്ങൾ അച്ചടിച്ച റിപ്പോർട്ടുകളിൽ നിന്ന് ഒഴിവാക്കുന്നതുപോലെ വിഡിയൊ റിപ്പോർട്ടുകളിൽ നിന്നും അവ എഡിറ്റ് ചെയ്ത് മാറ്റാവുന്നതാണ്. ആ നിലയ്ക്ക് എഡിറ്റ് ചെയ്തതല്ലെന്ന കാരണം പറഞ്ഞ് വിഡിയൊ കോപ്പി നിഷേധിക്കുന്നതിന് ന്യായീകരണമില്ല. ഹർജിക്കാരൻ വിഡിയൊ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സ്പീക്കറുടെ മുന്നിൽ രണ്ട് സാധ്യതകളുണ്ടായിരുന്നു. ഒന്നുകിൽ വിഡിയൊ എഡിറ്റ് ചെയ്ത് ആധികാരികമാക്കിയ ശേഷം അത് നൽകുക. അല്ലെങ്കിൽ ‘ആധികാരിക രേഖയല്ല‘ എന്ന് വ്യക്തമാക്കിക്കൊണ്ട് എഡിറ്റ് ചെയ്യാത്ത വിഡിയൊ നൽകുക. ഇതിലൊരു മാർഗ്ഗം സ്വീകരിക്കാൻ സ്പീക്കർ എന്തുകൊണ്ടാണ് വിഡിയൊ കൊടുക്കാനാവില്ലെന്ന നിലപാട് എടുത്തതെന്ന് മനസിലാകുന്നില്ല. സഭാ നടപടികൾ നേരിട്ടു കാണാൻ പൌരന്മാർക്ക് അവസരമുണ്ടെന്നിരിക്കെ കെവലം സാങ്കേതികമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് വിഡിയൊ രേഖ നിഷേധിക്കുന്നത് ശരിയല്ല.

വിഷയം അന്തിമ തീരുമാനത്തിന് സഭയുടെ മുന്നിൽ വരുമ്പോൾ ജനാധിപത്യ വിശ്വാസികളായ അംഗങ്ങൾ അവശ്യം പരിഗണിക്കേണ്ട ചില വസ്തുതകളുണ്ട്. ഇതിൽ പ്രധാനമായത് സഭാ നടപടികളുടെ എഡിറ്റ് ചെയ്‌തതൊ അല്ലാത്തതൊ ആയ വിഡിയോ ദൃശ്യങ്ങൾ പുറത്തു പോകുന്നത് ജനപ്രതിനിധികളെന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് തടസമാണോ എന്നതാണ്. തടസമാണ് എന്ന് അവർ കരുതുന്നെങ്കിൽ മാത്രമെ വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ പ്രത്യേകാവകാശ ലംഘനമായി കരുതാനാവൂ. ആധുനിക കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ ജനങ്ങളുടെ അവകാശത്തിനും ഫ്യൂഡൽ കാലഘട്ടത്തിൽ രൂപപ്പെട്ട ജനപ്രതിനിധികളുടെ അവകാശത്തിനും ഇടയിൽ പൊരുത്തക്കേടുണ്ടാകുമ്പോൾ ഏതിനാണ് മുൻ‌തൂക്കം നൽകേണ്ടതെന്ന് സഭാംഗങ്ങൾ ആലോചിക്കണം. ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളുടെ അവകാശം ജനങ്ങളുടെ അവകാശത്തിനു മുകളിലാവില്ല.(കേരളകൌമുദി, ജൂൺ 19,2010)

Friday, June 18, 2010

വികസനം കിനാലൂരിനുശേഷം

“കിനാലൂരിൽനിന്ന് കാണേണ്ട കേരളത്തിലെ വഴികൾ” എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂൺ 13-19, 2010ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം

Wednesday, June 16, 2010

ന്യൂനപക്ഷ-ഭൂർപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും

കേരളശബ്ദം വാരികയുടെ പുതിയ ലക്കത്തിൽ (27.06.2010) ചെറുകര സണ്ണി ലൂക്കോസ് “ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

ഡോ. സെബാസ്റ്റ്യൻ പോൾ, പാലാ കെ.എം.മാത്യു, കെ.കെ.കൊച്ച്, ഒ. അബ്ദുറഹ്മാൻ, ഡിജോ കാപ്പൻ എന്നിവരോടൊപ്പം ഞാനും ഇതിൽ പങ്കെടുക്കുന്നു.

ദേശീയ പാതവികസനം: ഇരകളെ ഗുണഭോക്താക്കളാക്കുക

അച്യുതാനന്ദന്മാരിൽ നിന്നും സുഗതകുമാരിമാരിൽ നിന്നും മലയാളികളെ ആരു രക്ഷിക്കും? സക്കറിയ കലാകൌമുദിയിൽ എഴുതിയ ലേഖനത്തിൽ ചോദിച്ച ചോദ്യമാണിത്.

വാരികയുടെ അതേ ലക്കത്തിൽ ജോൺ ബ്രിട്ടാസ് ചോദിച്ചു: ദേശീയപാതയുടെ വീതി പാതിയാക്കാനായി നിവേദനം നടത്താൻ ഒന്നിച്ച് ഡൽഹിയിൽ പോയ ഭരണ-പ്രതിപക്ഷ നേതാക്കളുടെ മനസ്സിൽ തെളിഞ്ഞത് ഏതെല്ലാം ജനവിഭാഗങ്ങളായിരുന്നു?

ഈ സുഹൃത്തുക്കളുടെ ലേഖനങ്ങളോടുള്ള എന്റെ പ്രതികരണം (“ഇരകളെ ഗുണഭോക്താക്കളാക്കുക”) കലാകൌമുദിയുടെ പുതിയ ലക്കത്തിൽ (നമ്പർ 1815, ജൂൺ 20, 2010) വായിക്കാം.

Tuesday, June 8, 2010

കേരളത്തിന്റെ വികസന ചരിത്രം വിശകലനം ചെയ്യുന്നു

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിൽ (2010 ജൂൺ13) “കിനാലൂരിൽനിന്ന് കാണേണ്ട കേരളത്തിലെ വഴികൾ“ എന്ന തലക്കെട്ടിൽ എന്റെ ഒരു ലേഖനമുണ്ട്.

ഒപ്പമുള്ള പത്രാധിപരുടെ കുറിപ്പിൽ നിന്ന്:

കിനാലൂർ കേരള സമൂഹത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒന്നാണെന്ന് പറയുന്നത് ‘വികസനവക്താക്കൾ’ക്കും ‘വികസന വിരുദ്ധർ‘ക്കും പഴയതുപോലെ മുന്നോട്ടുപോകാൻ കഴിയില്ല എന്നതുകൊണ്ടാണ്. കേരളത്തിന്റെ വ്യവസായ-റോഡ് വികസനം ഭൂപ്രകൃതിയും ജനസാന്ദ്രതയും സാമ്പത്തിക സ്രോതസ്സുകളും കണക്കിലെടുത്താവണം നടപ്പാക്കേണ്ടത്. കേരളത്തിന്റെ വികസന ചരിത്രം വിശകലനം ചെയ്യുന്നു.

Sunday, June 6, 2010

കിനാലൂരിലെ സി.പി.എം വാശിക്കു പിന്നിൽ

ബി.ആർ.പി.ഭാസ്കർ

കണ്ണെത്തുംദൂരത്തെങ്ങും ഒരു പദ്ധതിയെയൊ സംരഭകനെയൊ കാണാനില്ലെങ്കിലും കിനാലൂരിലേക്ക് നാലു വരി പാത ഉണ്ടാക്കിയേതീരൂ എന്ന വാശിയിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം. കഴിഞ്ഞ നാലു കൊല്ലക്കാലത്ത് നടപ്പിലാക്കാൻ കഴിയാഞ്ഞ പല പദ്ധതികളും എൽ.ഡി.എഫ്. സർക്കാരിന്റെ പെട്ടിയിലുണ്ട്. സ്മാർട്ട് സിറ്റി, വിഴിഞ്ഞം എന്നിവ ഉദാഹരണങ്ങൾ. അവയുടെ കാര്യത്തിലില്ലാത്ത താല്പര്യമാണ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ കിനാലൂരിൽ കാട്ടുന്നത്. ഇപ്പോൾ അദ്ദേഹം അതിനെപ്പറ്റി സംസാരിക്കാത്ത ദിവസമില്ലെന്നുതന്നെ പറയാം. കിനാലൂർ റോഡ് വികസനവും വ്യവസായ പദ്ധതിയും എൽ.ഡി.എഫ്. സർക്കാർ നിശ്ചയമായും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി. നാലാളു വന്നാൽ പേടിച്ചോടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനങ്ങൾ നടത്തിയാൽ തീരുമാനം മാറ്റുന്ന പാർട്ടിയല്ല സി.പി.എം. എന്ന് ഏതാണ്ട് ഇതേ സ്വരത്തിലാണ് അദ്ദേഹം നാലഞ്ചു കൊല്ലം മുമ്പ് പ്രഖ്യാപിച്ചത്. മറിച്ച് കരുതുന്നത് പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തതുകൊണ്ടാണെന്ന് പരിഹസിക്കുകയും ചെയ്തു. സ്വന്തം പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവിന് പരിമിതിയുണ്ടെന്ന് പിന്നീട് വ്യക്തമായി. ജനവികാരത്തിന്റെ ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയാണ് പുതിയ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത്.

റോഡ് വികസനത്തിന് മുന്നോടിയായി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ കിനാലൂരിലെ ജനങ്ങൾക്കുനേരേ പൊലീസ് അക്രമം അഴിച്ചുവിട്ടതിനുശേഷം സൌമ്യമായ ഭാഷയിൽ പിണറായി വിജയൻ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു: സർവേ നടക്കട്ടെ, മറ്റ് കാര്യങ്ങൾ പിന്നീട് സംസാരിക്കാം. തുടർന്ന് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനെന്ന പേരിൽ പാർട്ടി നടത്തിയ പരിപാടിയിൽ കണ്ടത് സൌമ്യ ഭാവമായിരുന്നില്ല. പദ്ധതി പ്രദേശത്തിലെ ശക്തിപ്രകടനമായിരുന്നു അതിലെ പ്രധാന ഇനം. ശക്തിപ്രകടനങ്ങൾ പ്രചാരണത്തിന്റെ ഭാഗമാണ്. വിശദീകരണത്തിനുള്ള മാർഗ്ഗങ്ങളല്ല അവ. സംഘർഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് പൊലീസിനെയൊ സായുധസേനയെയൊ നിയോഗിക്കുമ്പോൾ അവർ ആദ്യം ചെയ്യുന്നത് ഒരു റൂട്ട് മാർച്ച് നടത്തുകയാണ്. എതിരാളികളിൽ ഭീതിയും ഒപ്പം നിൽക്കുന്നവരിൽ ആത്മവിശ്വാസവും ഉണ്ടാക്കുകയുമാണ് അതിന്റെ ലക്ഷ്യം. വിശദീകരണ പരിപാടിയെന്ന മട്ടിൽ സി.പി. എം നടത്തിയതും അത്തരത്തിലൊന്നാണ്. .

അതിനുശേഷം ധനമന്ത്രി തോമസ് ഐസക് പദ്ധതിപ്രദേശത്ത് ഹിതപരിശോധന എന്ന നിർദ്ദേശവുമായി വന്നു. ഹിതപരിശോധനയിൽ 75 ശതമാനം പേർ റോഡ് പദ്ധതിയെ അനുകൂലിച്ചാൽ എതിരാളികൾ പിൻ‌വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശം പ്രത്യക്ഷത്തിൽ ജനാധിപത്യപരമെന്ന് തോന്നുമെങ്കിലും കിനാലൂരിലെ പൊലീസ് തേർവാഴ്ചയുടെയും പാർട്ടിയുടെ ശക്തിപ്രകടനത്തിന്റെയും വെളിച്ചത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ വോ‍ട്ടെടുപ്പ് സാധ്യമാണോ എന്ന സംശയം ചില മനസുകളിലെങ്കിലും ഉയർന്നു. പക്ഷെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജനജാഗ്രതാ സമിതി തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിച്ചു. അതോടെ മന്ത്രി ഹിതപരിശോധനയെക്കുറിച്ചുള്ള സംസാരം മതിയാക്കി.

ജൂൺ ഒന്നാം തീയതി തോമസ് ഐസക്ക് കിനാലൂരിൽ പോയി പാർട്ടി സംഘടിപ്പിച്ച യോഗത്തിൽവെച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറുള്ളവർ എഴുതിക്കൊടുത്ത സമ്മതപത്രങ്ങൾ സ്വീകരിച്ചു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഏകദേശം 180 കുടുംബങ്ങളിൽ 140പരം കുടുംബങ്ങൾ സമ്മതപത്രം നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. അതായത് 81 ശതമാനം പേർ ഭൂമി വിട്ടുകൊടുക്കാൻ തയ്യാർ! പൊലീസ് രേഖപ്പെടുത്തുന്ന കുറ്റപത്രങ്ങൾപോലെ നിയമസാധുതയില്ലാത്തവയാണ് ഈ സമ്മതപത്രങ്ങൾ. സമ്മതം എഴുതിവാങ്ങാൻ ആരാണ് സി.പി.എമ്മിനെ ചുമതപ്പെടുത്തിയത്? ഏത് നിയമമാണ് സമ്മതപത്രം സ്വീകരിക്കാൻ ധനമന്ത്രിക്ക് അധികാരം നൽകുന്നത്? മേയ് ആദ്യമുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുമ്പോൾ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞത് 46 കുടുംബങ്ങൾ ഭൂമി വിട്ടുകൊടുക്കാൻ സമ്മതമാണെന്ന് എഴുതി കൊടുത്തിട്ടുണ്ടെന്നാണ്. അതിനെക്കുറിച്ച് പരാമർശിച്ചു കൊണ്ട് ഈ ലേഖകൻ ഇങ്ങനെ എഴുതുകയുണ്ടായി: “വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീർച്ചയായും സമ്മതനിർമ്മിതി ക്കുള്ള കഴിവുണ്ട്”. മേയ് മധ്യത്തിൽ സ്ഥലം സന്ദർശിച്ചശേഷം ഒരു ലേഖകൻ എഴുതി: “ഏകദേശം 60 ശതമാനം കുടുംബങ്ങൾ റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാര പാക്കേജിന് സമ്മതം എഴുതിക്കൊടുത്തിട്ടുണ്ട്“.ജൂൺ ആയപ്പോൾ സമ്മതം 81 ശതമാനമായി ഉയർന്നു. പൊലീസ് അതിക്രമത്തിന്റെയും ശക്തിപ്രകടനത്തിന്റെയും തുടർച്ചയായി നടന്ന പ്രവർത്തനങ്ങളിലൂടെയാണ് സമ്മതി പത്രത്തിന്റെ എണ്ണം 25 ശതമാനത്തിൽനിന്ന് 81 ശതമാനമായി പാർട്ടി ഉയർത്തിയത്. ഇതിലൂടെ വെളിപ്പെടുന്നത് പാർട്ടിയുടെ ജനാധിപത്യബോധമല്ല സമ്മതിനിർമ്മിതി സാമർത്ഥ്യമാണ്. അധികാരത്തിലിരുന്നപ്പോൾ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 99 ശതമാനം വോട്ടോടെയാണ് തെരഞ്ഞെടുപ്പുകളിൽ ജയിച്ചത്. അധികാരം നഷ്ടപ്പെട്ട ശേഷം 10 ശതമാനം വോട്ട് മാത്രമാണ് അതിന് കിട്ടുന്നത്. ഇത്തരം സമ്മതനിർമ്മിതി വിലയിരുത്തുമ്പോൾ ഈ ചരിത്രവസ്തുത ഓർത്തിരിക്കേണ്ടതാണ്.

ടിവി പരമ്പരകളിൽ അടിക്കടി കേൾക്കുന്ന ഒരു സംഭാഷണശകലമുണ്ട്: “അത് എന്റെ വാശിയാണ്”. അത് പറഞ്ഞുകഴിയുമ്പോൾ ശരിതെറ്റുകൾക്ക് പ്രസക്തിയില്ല. സീരിയൽ കഥാപാത്രം അത്തരത്തിലൊരു പ്രസ്താവം നടത്തുമ്പോൾ അതിന്റെ കാരണം പരമ്പര പതിവായി കാണുന്നവർക്ക് മനസിലാകും. എന്നാൽ വികസനത്തിന്റെ പേരിൽ ഇവിടെ അരങ്ങേറുന്ന അസംബന്ധ നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഇല്ലാത്ത വ്യവസായങ്ങളുടെ പേരിൽ പാർട്ടി കാണിക്കുന്ന വാശിയുടെ കാരണം വ്യക്തമല്ല. എന്ത് വ്യവസായമാണ് അവിടെ കൊണ്ടുവരുന്നതെന്ന സ്ഥലവാസികളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനൊ പാർട്ടിക്കൊ കഴിയുന്നില്ല. ഇപ്പോൾ ഈ ചോദ്യം സി.പി.എം.വിരുദ്ധത ആരോപിക്കാനാവാത്ത ശാസ്ത്ര സാഹിത്യ പരിഷത്തും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഉപഗ്രഹനഗരം നിർമ്മിക്കാമെന്നു പറഞ്ഞ മലേഷ്യൻ സ്ഥാപനവുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരിപാടി തുടങ്ങിയത്. ആ സ്ഥാപനം നിർമ്മാണ കമ്പനിയാണെന്നും അതിന് വ്യവസായം തുടങ്ങാനാവില്ലെന്നും കമ്പനിയെക്കുറിച്ച് പഠിച്ച ജോസഫ് സി. മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധാരണപത്രം കാലഹരണപ്പെട്ടു കഴിഞ്ഞതിനാൽ ഇനി ആ കമ്പനിയിൽ പ്രതീക്ഷയർപ്പിച്ചിട്ട് ഏതായാലും കാര്യവുമില്ല. ഈ സാഹചര്യത്തിൽ പദ്ധതിയെ എതിർക്കുന്നവരുമായി സംസാരിച്ചും അവർ മുന്നോട്ടുവെച്ചിട്ടുള്ള ബദൽ പദ്ധതി പരിഗണിച്ചും എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനുള്ള അവസരം സർക്കാരിനുണ്ടെന്നിരിക്കെ എന്ത് വില കൊടുത്തും അത് നടപ്പാക്കാനായി നേരിട്ട് കളത്തിലിറങ്ങിയത് എന്തിനാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം. കിനാലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വ്യവസായ മന്ത്രി സമ്മതിച്ചിട്ടുണ്ട്. വികസന പ്രദേശങ്ങളിൽ സാധാരണഗതിയിൽ നടക്കുന്ന ക്രയവിക്രയങ്ങളെ അവിടെ നടന്നിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പ്രശ്നത്തെ അങ്ങനെ ലഘൂകരിക്കാനാവില്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയാത്ത പല ഇടപാടുകളും നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ഇടപാടുകാളിൽ ഉൾപ്പെട്ടവരുടെ വാണിജ്യ-രാഷ്ട്രീയബന്ധങ്ങൾ പുറത്തുവന്നാൽ പാർട്ടിയുടെ ധൃതിയുടെയും വാശിയുടെയും കാരണങ്ങൾ കണ്ടെത്താനായേക്കും.

കിനാലൂർ പ്രശ്നത്തിൽ സർവകക്ഷി സമ്മേളനം വിളിക്കുമെന്നും റോഡ് പദ്ധതിയെ എതിർക്കുന്ന സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ പറഞ്ഞിട്ട് ദിവസങ്ങളായി. യോഗത്തിൽ രാഷ്ട്രീയ കക്ഷികൾ മാത്രം മതിയെന്ന നിലപാടാണ് വ്യവസായമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അവർക്കിടയിലെ അഭിപ്രായഭിന്നതമൂലമാണ് യോഗം വൈകുന്നതെന്ന് കരുതാൻ ന്യായമുണ്ട്. പാർട്ടി കല്പന നൽകിയാൽ അനുസരിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രിയിൽ പ്രതീക്ഷ അർപ്പിച്ചിട്ട് കാര്യമില്ല. ജനകീയപ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ മാറ്റി നിർത്തിക്കൊണ്ട് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ മാത്രം വിളിച്ചു അനുകൂല തീരുമാനമെടുപ്പിക്കാനാകും സി.പി.എം. നേതൃത്വം ഇനി ശ്രമിക്കുക. റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ അധികാരമൊഴിയാൻ പോകുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെയും അധികാരത്തിലേറാൻ കാത്തിരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും നിലപാടുകൾ ഏറെക്കുറെ ഒന്നാണെന്ന് അവരുടെ പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുന്നു. ഇരുകക്ഷികളും ചില സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതുമൂലമാണ് അവയ്ക്കിടയിൽ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ വികസന പ്രശ്നങ്ങളിൽ അവസാന വാക്ക് അവ നയിക്കുന്ന മുന്നണികൾക്ക് വിട്ടുകൊടുത്താൽ വിജയിക്കുക വിശാല ജനകീയ താല്പര്യങ്ങളാവില്ല, സ്ഥാപിത താല്പര്യങ്ങളാകും. ജനജീവിതത്തെ സ്സരമായി ബാധിക്കുന്ന ഒരു പ്രശ്നം പരിഹാരിക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പ്രതിപക്ഷ കക്ഷികളെ മാത്രമല്ല അതുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും വിശ്വാസത്തിലെടുത്തേ മതിയാകൂ. അവരെ ഒഴിവാക്കി ക്കൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ പുച്ഛത്തോടെ തിരസ്കരിക്കും. (മാധ്യമം ദിനപത്രം ജൂൺ 6ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം)

Wednesday, June 2, 2010

വാർത്തകൾക്കു പിന്നിൽ

തിരുവനന്തപുരം ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിന്റെ ‘വാര്‍ത്തകള്‍ക്കു പിന്നില്‍” എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരു ബ്ലോഗ് ആരംഭിച്ചിരിക്കുന്നു.

URL: http://www.varthakalkkupinnil.blogspot.com/