ബി.ആർ.പി.ഭാസ്കർ
രണ്ടു പതിറ്റാണ്ടുകാലം ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഇന്ദിരാ ഗാന്ധി ഇന്ന് പരാമർശിക്കപ്പെടുന്നത് പ്രധാനമായും അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ടാണ്. ഒന്നര കൊല്ലാം നിലനിന്ന അടിയന്തിരാവസ്ഥക്കാല അതിക്രമങ്ങളുടെ കരിനിഴൽ അവരെടുത്ത പുരോഗമനപരമായ നടപടികളിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ മറയ്ക്കുന്നു. ജീവിച്ചിരിക്കെ ദുർഗ്ഗയായും യക്ഷിയായും ചിത്രീകരിക്കപ്പെട്ട ഈ മുൻ പ്രധാനമന്ത്രിയുടെ സംഭാവനകൾ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട കാലമായി.
ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് കുടുംബവാഴ്ച സ്ഥാപിക്കാൻ ജവാഹർലാൽ നെഹ്രു ശ്രമിച്ചെന്ന് വിശ്വസിക്കുന്നവരുണ്ട്. നെഹ്രു ആദ്യം മുതൽക്കെ പാർട്ടിയിലെ യഥാസ്ഥിതികരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. അദ്ദേഹത്തിനും വല്ലഭ്ഭായ് പട്ടേലിനുമിടയിലുള്ള അകൽച്ച ഇല്ലാതാക്കാനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ അദ്ധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജെ.ബി. കൃപലാനിയും പുരുഷോത്തം ദാസ് ഠണ്ഡനും നെഹ്രുവുമായി ഇടഞ്ഞു. പാർട്ടിക്കുള്ളിലെ വലതുപക്ഷത്തിന്റെ വെല്ലുവിളി നേരിടാൻ അദ്ദേഹം കണ്ട മാർഗ്ഗം ജയപ്രാകാശ് നാരായണന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട സോഷ്യലിസ്റ്റുകളെ തിരിച്ചുകൊണ്ടുവന്ന് മദ്ധ്യ-ഇടതു (left-of-centre) ചേരിയെ ശക്തിപ്പെടുത്തുകയെന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരനായകനെന്ന നിലയിൽ അന്ന് രാജ്യത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള പുതുതലമുറ നേതാവ് ജെ.പി. ആയിരുന്നു. അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയാൽ സ്വാഭാവികമായും നെഹ്രുവിന്റെ പിൻഗാമിയായി കരുതപ്പെടും. എന്നിട്ടും 1950കളുടെ ആദ്യം നെഹ്രു അതിന് തയ്യാറായിരുന്നെന്നത് മകളെ പ്രധാനമന്തിയാക്കുകയെന്ന ചിന്ത അക്കാലത്ത് ഏതായാലും അദ്ദേഹത്തിന്റെ മനസ്സിലില്ലായിരുന്നെന്ന് വ്യക്തമാക്കുന്നു.
നെഹ്രു 1946ൽ ഇടക്കാല സർക്കാരിൽ ചേർന്നതു മുതൽ ഔദ്യോഗിക വസതിയിൽ ആതിഥേയയായുണ്ടായിരുന്ന ഇന്ദിരാ ഗാന്ധി ആദ്യ്മായി ഒരുന്നതപദവി വഹിക്കുന്നത് 1959ൽ കോൺഗ്രസ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഇന്ദിരയുടെ പേർ അധ്യക്ഷസ്ഥാനത്തേക്ക് ചില രണ്ടാം നിര നേതാക്കൾ നിർദ്ദേശിച്ചത് നെഹ്രുവിന്റെ അറിവോടുകൂടിയായിരുന്നില്ല. പാർട്ടി അദ്ധ്യക്ഷയെന്ന നിലയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യം നെഹ്രുവിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അവർ നിർണ്ണായകമായ പങ്ക് വഹിച്ചു. പക്ഷെ അതിനുശേഷം നെഹ്രുവിന്റെ ജീവിതകാലത്ത് ഇന്ദിരാ ഗാന്ധി ഒരു സ്ഥാനമെ വഹിച്ചിരിന്നുള്ളു. അത് ചൈനാ യുദ്ധത്തെ തുടർന്ന് രൂപീകരിക്കപ്പെട്ട സിറ്റിസൺസ് കൌൺസിലിന്റെ അദ്ധ്യക്ഷ പദവിയാണ്. അതിനെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പരിശീലന കളരിയായി കരുതാനാവില്ല.
നെഹ്രു അന്തരിച്ചപ്പോൾ പ്രധാനമന്ത്രിപദത്തിന് ഇന്ദിരാ ഗാന്ധിയുടെ പേർ ആരും നിർദ്ദേശിച്ചതേയില്ല്ല്ല. ലാൽ ബാഹദൂർ ശാസ്ത്രി, മൊറാർജി ദേശായി എന്നിവരിൽ ആർ പിൻഗാമിയാകണം എന്നതായിരുന്നു പാർട്ടിയുടെ മുന്നിലുള്ള ചോദ്യം. കോൺഗസ് അദ്ധ്യക്ഷനായിരുന്ന കെ. കാമരാജ് പാർട്ടിയെ ‘മദ്ധ്യവർത്തി‘യായ ശാസ്ത്രിക്ക് അനുകൂലമാക്കിയെടുത്തു. ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന വി.കെ.കൃഷ്ണമേനോൻ അന്ന് മൊറാർജിയെയാണ് പിന്തുണച്ചത്. സുഹൃത്തുക്കൾക്ക് അദ്ദേഹം നൽകിയ വിശദീകരണം “മൊറാർജി എവിടെയാണ് നിൽക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം, ശാസ്ത്രിയുടെ കാര്യം പറയാനാവില്ല” എന്നായിരുന്നു. ശാസ്ത്രിയുടെ അകാല മരണമാണ് ഇന്ദിരാ ഗാന്ധിക്കു പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തുറന്നത്. മൊറാർജിയെ തടയാൻ കഴിയുന്ന ഒരു നേതാവ് മദ്ധ്യത്തിലൊ ഇടതുഭാഗത്തൊ ഇല്ലാത്ത സാഹചര്യത്തിൽ കാമരാജ് ശക്തരായ മറ്റ് സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ ഇന്ദിരാ ഗാന്ധിയെ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. അടുത്ത കൊല്ലം നെഹ്രുവില്ലാതെ തെരഞ്ഞെടുപ്പ് നേരിടേണ്ടതുമ്മ്ടെന്ന ചിന്തയാണ് ഇന്ദിരയെ പിന്തുണയ്ക്കാൻ സംസ്ഥാന നേതാക്കളെ പ്രേരിപ്പിച്ചത്. വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ഇന്ദിരാ ഗാന്ധിക്ക് തങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് അവർ കരുതി. ആ ഘട്ടത്തിൽ കുടുംബവാഴ്ച ആവശ്യമായിരുന്നത് കുടുംബത്തിനേക്കാൾ കോൺഗ്രസ്സിലെ പുതുനേതൃനിരയ്ക്കാണ്. ഇന്നത്തെ സ്ഥിതിയും അതിൽ നിന്ന് ഏറെ വ്യത്യസ്തമാണോ?
പേട്രിയട്ട് ദിനപത്രത്തിനുവേണ്ടി 1963ൽ ഇന്ദിരാ ഗാന്ധിയുമായി സംഭാഷണം നടത്തിയപ്പോൾ വലിയ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിനെയാണ് ഞാൻ കണ്ടത്. അവരുടെ ചില ഉത്തരങ്ങൾ അച്ചടിച്ചുവരുമ്പോൾ അതിൽ ഉറച്ചു നിൽക്കാൻ അവർക്കാകുമോയെന്ന് എന്ന് ഞാൻ സംശയിച്ചു. മൂന്ന് തവണ ഇക്കാര്യം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു തവണ അവർ ഉത്തരം ഭേദഗതി ചെയ്തു. പ്രധാനമന്ത്രിയായി. ഒരു കൊല്ലത്തിനുശേഷം, ഒരു പത്രസമ്മേളനത്തിൽ, ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന ഇന്ദിരാ ഗാന്ധിയെ ഞാൻ കണ്ടു. കോൺഗ്രസ്സിലെ സിണ്ടിക്കേറ്റിനു വേണ്ടത് അങ്ങനെയൊരാളെ ആയിരുന്നില്ല.
ഇന്ദിരാ ഗാന്ധിക്ക് കോൺഗ്രസ്സിനെ പൂർണ്ണമായി രക്ഷിക്കാനായില്ല. കേന്ദ്രത്തിൽ അതിനു 1967ൽ കുറഞ്ഞ ഭൂരിപക്ഷത്തോടെ പിടിച്ചുനിൽക്കാനായെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടികളെ (സി.പി.ഐ. 23 സീറ്റ്, സി.പി.എം.19) പിന്തള്ളിക്കൊണ്ട് വലതുപക്ഷം (സ്വതന്ത്രാ പാർട്ടി 44, ജന സംഘം 35) ലോക്ക് സഭയിലെ മുഖ്യ പ്രതിപക്ഷമായി. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സിനു അധികാരം നഷ്ടപ്പെട്ടു. ചില പ്രാദേശിക നേതാക്കൾ പാർട്ടി വിട്ട് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് കൂട്ടുമന്ത്രിസഭകളുണ്ടാക്കി. എക്സിക്യൂട്ടിവ് ദുർബലമായ സാഹചര്യം പ്രയോജനപ്പെടുത്തി സുപ്രീം കോടതി ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തി. എൻ. സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കിക്കൊണ്ട് പ്രധാന മന്ത്രിയെ നിയന്ത്രിക്കാൻ കോൺഗ്രസ്സിലെ വലതുപക്ഷം പദ്ധതിയിട്ടു. വ്യക്തമായ ഇടതുചായ്വ് സ്വീകരിച്ചുകൊണ്ടാണ് അവർ ആ വെല്ലുവിളി നേരിട്ടത്. സഞ്ജീവ റെഡ്ഡിക്കെതിരെ അവർ വി.വി.ഗിരിയെ പിന്തുണച്ചത് കോൺഗ്രസ്സിന്റെ പിളർപ്പിൽ കലാശിച്ചു. പാർട്ടി പിളർന്നപ്പോൾ പ്രധാനമന്ത്രിക്ക് ലോക് സഭയിൽ ഭൂരിപക്ഷം ഇല്ലാതായി. പക്ഷെ ചൈനാപക്ഷത്തേക്ക് നീങ്ങിയ സി.പി.എമ്മിനെതിരെ സോവിയറ്റ് പക്ഷത്ത് നിലകൊണ്ട സി.പി.ഐ.യുടെയും ഡി.എം.കെ. തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും സഹായത്തോടെ അവർക്ക് അധികാരത്തിൽ തുടരാനായി.
വലിയ ബാങ്കുകൾ ദേശസാൽക്കരിച്ചുകൊണ്ടും രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കിക്കൊണ്ടും ഇന്ദിരാ ഗാന്ധി പുരോഗമനപരമായ പ്രതിച്ഛായ ശക്തിപ്പെടുത്തി. ഈ ഘട്ടത്തിൽ അവർ പ്രധാനമായും ആശ്രയിച്ചത് സർക്കാരിലെ ഒരു സംഘം നല്ല ഉദ്യോഗസ്ഥരെയും പാർട്ടിയിലെ യുവനിര നേതാക്കളെയുമായിരുന്നു.
രാജ്യത്തിനകത്തെന്ന പോലെ പുറത്തും കടുത്ത വെല്ലുവിളി ഉയർന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടിയിട്ടും അധികാരം നിഷേധിക്കപ്പെട്ട മുജിബുർ റഹ്മാൻ പൂർവ്വ പാകിസ്താനിൽ കലാപക്കൊടി ഉയർത്തി. കലാപം അടിച്ചമർത്താൻ പാകിസ്താൻ പട്ടാളത്തെ ഇറക്കി. ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു. ഈ സാഹചര്യത്തിൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യ നിർബന്ധിതമായി. പട്ടാള മേധാവിയായിരുന്ന ജ. മാനൿഷാ തയ്യാറെടുപ്പിന് സമയം ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധി അത് നൽകുകയും ആ ഇടവേള നയതന്ത്ര നീക്കങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. യുദ്ധത്തിനു മുമ്പ് ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയനുമായി സൌഹൃദ ഉടമ്പടിയുണ്ടാക്കി. ബംഗ്ലാദേശിന്റെ പിറവിയിൽ അവസാനിച്ച യുദ്ധം ഇന്ദിരയെ ദുർഗ്ഗയാക്കി.
അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഇന്ദിരാ കോൺഗ്രസ് 1971ൽ ലോക് സഭയിലും 1972ൽ നിരവധി സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റം നടത്തി. അതോടെ ജുഡിഷ്യറി അല്പം പിന്നോട്ടുപോയി. പാർലമെന്റിനു ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാമെന്ന് അത് സമ്മതിച്ചു. പക്ഷെ അടിസ്ഥാന ഘടന മാറ്റാൻ പാടില്ല. പുതിയ ജനവിധിക്ക് വലിയ ആയുസ്സുണ്ടായില്ല. ജയപ്രകാശ് നാരായണൻ രാഷ്ട്രീയ സന്യാസം ഉപേക്ഷിച്ച് ബീഹാറിലും ഗുജറാത്തിലും തുടങ്ങിയ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളെ സമ്പൂർണ്ണ വിപ്ലവമാക്കി രൂപ്പാന്തരപ്പെടുത്താനെത്തിയപ്പോൾ അത് ഒലിച്ചുപോയി. അലാഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ക്രമക്കേട് കാട്ടിയതിന്റെ പേരിൽ അവരെ അയോഗ്യയാക്കുകയും ചെയ്തപ്പോൾ അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്വന്തം പാർട്ടി നേതാക്കളിൽപോലും വിശ്വാസം അർപ്പിക്കാൻ അവർ മടിച്ചു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനാബാഹ്യമായ ഒരു അധികാരകേന്ദ്രം നിലവിൽവന്നു. ഇന്ദിരാ ഗാന്ധി യക്ഷിയായി. ജനാധിപത്യപരമായ വിശ്വാസ്യത വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നിരക്ഷരരായ വോട്ടർമാർ ഇന്ദിരയെ പുറത്താക്കി. ജനതാ സർക്കാരിന്റെ പ്രവർത്തനം നിരാശപ്പെടുത്തിയപ്പോൾ അവർ ഇന്ദിരയെ തിരിച്ചുവിളിച്ചു.
മനസ്സില്ലാമനസ്സോടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്ത് ഭാഷാസംസ്ഥാനങ്ങൾ ഉണ്ടാക്കിയ നെഹ്രു പഞ്ചാബി സംസ്ഥാനം എന്ന ആവശ്യം നിരസിച്ചു. ആ അനീതി ഇന്ദിരാ ഗാന്ധി തിരുത്തി. പക്ഷെ അതിനിടയിൽ സിഖ് ജനതയ്ക്കിടയിൽ കടുത്ത അന്യതാബോധം വളർന്നിരുന്നു. അതിന്റെ ഗുണഭോക്താക്കളായ അകാലി പ്രസ്ഥാനത്തെ ചെറുക്കാൻ കോൺഗ്രസ് പ്രോത്സാഹിപ്പിച്ച ജർണയിൽ സിങ്
ഭിന്ദ്രൻവാല എന്ന ജിന്നിനെ തിരികെ കുപ്പിയിലാക്കാനായില്ല. അമൃതസരസ്സിലെ സുവർണ്ണ ക്ഷേത്രത്തിലിരുന്നു കൊലപാതകങ്ങൾ സംഘടിപ്പിച്ച ആ യുവ സന്യാസിയെ പുറത്താക്കാൻ പട്ടാളത്തെ നിയോഗിച്ചത് സിഖുകാരെ രോഷാകുലരാക്കി. അതേ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാസേനയിൽ നിന്ന് സിഖുകാരെ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായി. ഇന്ദിരാ ഗാന്ധി ആ നിർദ്ദേശം തള്ളി. ഒരു ജനതയെ ആകമാനം ഭീകരരായി മുദ്രകുത്തുന്നതിനോട് അവർ യോജിച്ചില്ല. ഒടുവിൽ സുരക്ഷാഭടന്മാർ അവരുടെ കൊലയാളികളായി.
ഇന്ദിരാ ഗാന്ധി 1969ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയപ്പോൾ അനുഗമിച്ച വാർത്താ ഏജൻസി പ്രതിനിധിയെന്ന നിലയിൽ അവരുടെ അസാമാന്യമായ ധൈര്യപ്രകടനം കാണാൻ എനിക്ക് അവസരമുണ്ടായി. റിഫൈനറിക്കുവേണ്ടിയുള്ള സമരം നടക്കുന്ന അസമിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ബന്ധു കൂടിയായ ഗവർണർ ബി.കെ.നെഹ്രു അവരെ പിന്തിരിപ്പിച്ചെങ്കിലും കലാപം നടക്കുന്ന നാഗാലണ്ടിലും സംസ്ഥാനപദവിക്കും സർവകലാശാലക്കും വേണ്ടി അക്രമാസക്തമായ സമരം നടക്കുന്ന മണിപ്പൂരിലും അവർ പോയി. കൊഹിമയിലെ ഫുട്ബാൾ ഗ്രൌണ്ടിൽ അവർ ഗോത്രവർഗ്ഗങ്ങളുമായി നൃത്തം ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ കണ്ണുകൾ സമീപത്തുള്ള കലാപകാരികളുടെ നിയന്ത്രണത്തിലുള്ള കുന്നിലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന അവഗണിച്ചുകൊണ്ട് ഇന്ദിര ഇംഫാലിൽ പ്രസംഗിക്കുമ്പോൾ കലാപകാരികൾ സമീപത്ത് പൊലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു.
ഇന്ദിരാ ഗാന്ധി അപകടകരമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അതിനുള്ള വിലയും അവർ കൊടുത്തു.– മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ 25, 2009
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
8 comments:
ഒരു കല്ലില്‍ നിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ചാടി പോവുകയാണെങ്കില്‍ ചെളിയില്‍ ചവിട്ടാതെ കഴിക്കാം.
ഇന്ദിരാ ഗാന്ധിയുടെ സംഭവബഹുലമായ ജീവിതത്തിലെ പല സംഭവങ്ങളും പരാമര്‍ശിക്കുന്ന ലേഖനം. ബാങ്കുകളുടെ ദേശസാത്കരണവും, പ്രിവി പഴ്സ് നിറുത്തലാക്കിയതും, ബംഗ്ലാദേശിന്റെ രൂപീകരണവും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന സുവര്‍ണ്ണക്ഷേത്രത്തിലെ സൈനികനടപടിയും, അടിയന്തിരാവസ്ഥ എന്നിങ്ങനെ പലതും അങ്ങ് പരാമര്‍ശിച്ചെങ്കിലും ആദ്യത്തെ പൊഖ്‌റാന്‍ പരീക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒന്നും കണ്ടില്ല.
“വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ഇന്ദിരാ ഗാന്ധിക്ക് തങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് അവർ കരുതി.”
നെഹ്രു വിദേശ രാജ്യങ്ങള്‍ സന്തര്‍ശിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ആരായിരുന്നു? കേരളത്തിലെ ഇ.എം.എസ്സ്. ഗവണ്മെന്റിനെ പിരിച്ച് വിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കരങ്ങള്‍ അവരുടേതാകുമ്പോഴും രാഷ്ട്രീയ പരിചയമില്ല എന്നത് സത്യമാണോ?
നെഹ്രു എന്ത് കൊണ്ട് ഇന്ദിരയെ തഴഞ്ഞു എന്നത് ചരിത്ര പഠനം നടത്തുന്നവര്‍ അന്വേഷിക്കേണ്ട ഒരു വിഷയം തന്നെയല്ലേ. (അത് പോലെ മറ്റൊന്ന് കണ്ടത് തമിഴ്നാട്ടില്‍.)
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനിച്ച എനിക്ക് ഇന്ദിരയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുക അടിയന്തരാവസ്ഥയാണ് അതിന് ശേഷമേ സുവര്‍ണ്ണ ക്ഷേത്രവും, ഇന്ദിര വധവും വരുന്നുള്ളൂ. പക്ഷേ അവരുടെ തന്റേടം അത് വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്... ഇന്നത്തെ സ്ത്രീ സമൂഹത്തിന് അത്യാവശ്യം വേണ്ടത്...
കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന് തോന്നി. നന്നായിട്ടുണ്ട്.
ജനശക്തിക്ക് കാലില്‍ ചെളി ഇല്ലാതെ നടക്കുന്നത് തീരെ പിടിക്കുന്നില്ല, അല്ലെ? അതിന് ഞാന്‍ എന്താണ് ചെയ്യുക?
കെ.പി.സുകുമാരന്: കുറേക്കൂടി നീട്ടാനായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമായിരുന്നു. ലേഖനം ആവശ്യപ്പെട്ട മാതൃഭൂമി നീളവും നിര്‍ദ്ദേശിച്ചിരുന്നു.
MANIKANDAN: ഒന്നാം പോഖ്രാന്‍ പരാമര്‍ശിക്കാതെ പോയത് ഒരു പോരായ്മ തന്നെ.
Manoj:അടിയന്തിരാവസ്ഥക്കുശേഷം ജനിച്ചവരും അതിനെക്കുറിച്ച് അറിയുന്നുവെന്നത് നല്ല കാര്യം തന്നെ. പക്ഷെ അടിയന്തിരാവസ്ഥക്കാലത്ത് നടന്നതിനു സമാനമായ അതിക്രമങ്ങള്‍ അടിയന്തിരാവസ്ഥക്ക് മുമ്പും അതിനുശേഷവും രാജ്യത്ത് പലയിടത്തും അരങ്ങേറിയിട്ടുണ്ടെന്നതും ഓര്‍ക്കണം.
വിശ്വാസം രക്ഷിക്കട്ടെ!
നെഹ്‌റുവിന്റേ മരണശേഷം ഇന്ദിരയേ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ നല്ലൊരു പങ്ക് ശ്രീ. കാമാരാജിനുമില്ലേ.......
എന്റെ ഒരു പോസ്റ്റിൽ നിന്ന്...
http://georos.blogspot.com/2010/10/aicc.html
രാജിവ് ഗാന്ധി... രാഹുൽ ഗാന്ധി... സോണിയ ഗാന്ധി... “ഡ്യൂപ്ലിക്കേറ്റ്” ഗാന്ധിമാർ എല്ലാവരും വെബ്സൈറ്റിൽ കളം നിറഞ്ഞു കളിക്കുന്നു... ഫിറോസ് ഗന്ധിയുടെ "ഗന്ധി" അടിച്ചെടുത്ത് "ഗാന്ധിയായും" കമ്യുണിസ്റ്റ്കാരുടെ ഭാരതയക്ഷിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും എന്തിന് “കോൺഗ്രസ്സ് ഐ” നെ മുലയൂട്ടി വളർത്തിയ ഇന്ദിരഗാന്ധി മാത്രം വെബ്സൈറ്റിലില്ല...
http://www.aicc.org.in/new
എന്നാലും ഒരു അമ്മായിയമ്മയെ ഇത്രമാത്രം അവഗണിക്കാമോ? പാവം ഇന്ദിരഗാന്ധി... ഒരു ഫോട്ടോ പോലും ഇല്ല... മരുമകൾ അടിച്ചിറക്കി ചാണകം തളിച്ചു??? ഒരു ഫോട്ടൊ കാണണമെങ്ങിൽ, കോൺഗ്രസ്സിന്റെ മീഡിയ സൈറ്റിൽ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടൊയിട്ടിട്ടുണ്ട്... അവിടെ പോയി കാണുക...
http://congressmedia.net/articles/ourleaders/indiragandhi
Post a Comment