Friday, October 2, 2009

ഓരോ ജനതയും ഓരോ തലമുറയും ഗാന്ധിയെ പുന:സൃഷ്ടിക്കുന്നു

ഗാന്ധി ജയന്തി ദിനത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി, വീക്ഷണം ദിനപത്രം അയച്ചുതന്ന ചോദ്യങ്ങൾക്ക് ഉത്തരമായി, ഞാൻ എഴുതിയ കുറിപ്പ്:

ജീവിതകാലത്ത് ഗാന്ധിജിയോടൊപ്പമായിരുന്ന പല പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ ആദർശങ്ങൾക്കനുസൃതമായല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. ജീവിതകാലത്ത് അദ്ദേഹത്തെ എതിർത്തിരുന്ന പല പ്രസ്ഥാനങ്ങളും അവയുടെ പിന്തുടർച്ചക്കാരും ഇപ്പോൾ അദ്ദേഹത്തെ തൊട്ട് ആണയിടാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ സമകാലിക പ്രസക്തി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

ഗാന്ധിജിയുടെ ജനാധിപത്യ സങ്കല്പത്തിൽ നിന്ന് നാം അകന്നുപോകുന്നുവെന്ന് വിലപിക്കുന്നതിൽ അർത്ഥമില്ല. നമുക്ക് ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ എഴുതിയുണ്ടാക്കിയ ഒരു ഭരണഘടനയുണ്ട്. നമ്മുടെ ഭരണകൂടസ്ഥാ‍പനങ്ങൾ പ്രവർത്തിക്കേണ്ടത് അതനുസരിച്ചാണ്. അവ അതിൽനിന്ന് അകന്നുപോകുന്നതാണ് നമ്മെ ആശങ്കാകുലരാക്കേണ്ടത്.

തെക്കേ ആഫ്രിക്കയിൽ നിന്ന് 1915ൽ തിരിച്ചെത്തിയ ഗാന്ധി നഗരങ്ങളിലെ വിദ്യാസമ്പന്നരിൽ ഒതുങ്ങി നിന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനെ അഞ്ചു കൊല്ലത്തിൽ ബഹുജനപ്രസ്ഥാനമാക്കി മാറ്റി. ഭാരതീയ സമൂഹത്തിന്റെ വൈവിധ്യം ഉയർത്തുന്ന പ്രശ്നങ്ങൾ ആഫ്രിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. വൈവിധ്യം നിലനിർത്തിക്കൊണ്ട് ജനങ്ങളെ ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ആ ശ്രമത്തിന്റെ ഭാഗമായിരുന്നു. അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് അത് പാലിച്ചില്ല. പക്ഷെ ബഹുജന പ്രക്ഷോഭങ്ങളുടെ മുന്നിൽ അതിന് മുട്ടുമടക്കേണ്ടി വന്നു.

ഗാന്ധി എന്ത് പഠിപ്പിച്ചെന്ന് ചോദിച്ചാൽ ബഹുഭൂരിപക്ഷം പേരും ‘അഹിംസ’ എന്നാവും പറയുക. എത്രയൊ നൂറ്റാണ്ടുകൾക്കുമുമ്പ് ബുദ്ധൻ പഠിപ്പിച്ചതാണത്. പക്ഷെ നാം ആ പാഠം മറന്നു. ബുദ്ധന്റെ പേര് ഉച്ചരിക്കാതെയാണ് ഗാന്ധി അഹിംസാ തത്വം വീണ്ടും അവതരിപ്പിച്ചത്. വീണ്ടും നാം അത് മറന്നാൽ മറ്റാരെങ്കിലും വീണ്ടും അത് ആരെങ്കിലും അവതരിപ്പിക്കും.

മരണാനന്തരം ഗാന്ധിജി രാജ്യാന്തരതലത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലായിരുന്ന കാലത്ത് ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കായി മാത്രമാണ് അദ്ദേഹം പൊരുതിയത്. വെള്ളക്കാർക്കെതിരെ ആയുധമെടുത്ത കറുത്തവരോട് അദ്ദേഹം പറഞ്ഞത് വെള്ളക്കാരെ ഭരണാധികാരികളായി കിട്ടിയത് ഭാഗ്യമായി കരുതണമെന്നാണ്. എന്നാൽ ആഫ്രിക്കയിലെയും അമേരിക്കയിലെയും കറുത്തവർ അദ്ദേഹത്തെ അവരുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കരുതുന്നു. ലോകം അദ്ദേഹത്തെ പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ച രാജ്യതന്ത്രജ്ഞനായി വാഴ്ത്തുന്നു.

രാജ്യവും ലോകവും നേരിടുന്ന ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് ഉയർന്നിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രിയപ്പെട്ട മുദ്രാവാക്യം: “എല്ലാവരുടെയും ആവശ്യങ്ങൾ നമുക്ക് നിറവേറ്റാനാകും, പക്ഷെ ആരുടെയും അത്യാഗ്രഹം നിറവേറ്റാനാവില്ല”. ഇതിനെയും അദ്ദേഹത്തിന്റെ മരണാനന്തര വളർച്ചയ്ക്ക് തെളിവായി കാണാം.

ഫ്യൂഡൽ വിഭാഗത്തിൽ‌പെടുന്ന ധാരാളം നേതാക്കന്മാരുണ്ടായിരുന്ന കോൺഗ്രസ്സിന്റെ കാര്യപരിപാടിയിൽ ദലിതരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സമീപനം നിർണ്ണായകമായ പങ്ക് വഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ട്രസ്റ്റീഷിപ്പ് സങ്കല്പം ജനാധിപത്യം ആവശ്യപ്പെടുന്ന തുല്യതയും തുല്യാവകാശവുമായി പൊരുത്തപ്പെടുന്നതല്ല. ദലിത് വിഭാഗങ്ങൾ ഇത് തിരിച്ചറിയുന്നതുകൊണ്ട് അദ്ദേഹം പ്രചരിപ്പിച്ച ‘ഹരിജൻ’ എന്ന പദം അവർ തള്ളിക്കളയുന്നത്.

ഇന്ത്യയിലെ പുതു തലമുറകൾക്ക് ഗാന്ധിയെ ആവശ്യമില്ലെന്ന് കരുതുന്നത് തെറ്റാവും. ആറ്റൻബറൊയുടെ ‘ഗാന്ധി’ സിനിമയ്ക്ക് രാജ്യത്ത് ലഭിച്ച സ്വീകരണവും ബോളിവുഡ്ഡിന്റെ പിൽക്കാല സംഭാവനയായ ‘ഗാന്ധിഗിരി’യും ഓരോ തലമുറയും അതിന്റെ ആവശ്യത്തിനൊത് ഗാന്ധിയെ വീണ്ടും വീണ്ടും കണ്ടെത്തുമെന്ന് തെളിയിക്കുന്നു.

3 comments:

ചിത്രംസ്‌.... said...
This comment has been removed by the author.
ചിത്രംസ്‌.... said...

ഓരോ ജനതയും ഓരോ തലമുറയും ഗാന്ധിയെ പുന:സൃഷ്ടിക്കുമെന്നത് വളരെ നല്ലആശയം തന്നെ. എന്നാല്‍ ചില വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കാനാകുമോ?

241 മൈല്‍ ദൂരമാണ് ഗാന്ധിജി ദണ്ഡിയാത്രയില്‍ നടന്നത്. അതോര്‍മ്മിപ്പിക്കാന്‍ മോണ്ട്‌ ബ്ലാങ്ക്‌ കമ്പനി 241 പേനകള്‍ ഇറക്കിയിരിക്കുന്നു. പേനയൊന്നിന്‍റെ വില 14 ലക്ഷം രൂപ. ഈ പേനയുടെ നിബില്‍ വടികുത്തി നടക്കുന്ന ഗാന്ധിയുടെ പടവും.

മഹാത്മാവിനെ ഒരു ബ്രാന്‍റ് നെയിമാകുമ്പോള്‍ അതിന്‍റെ ജീവനുളള അംബാസിഡറാകുന്നത്
മഹാത്മാവിന്‍റെ പേരക്കിടാവ് ഗോപാല്‍ഗാന്ധിയും.

ഇത് ആരുടെ ദോഷം തലമുറയുടേയോ ജനതയുടേയോ?

വായിച്ചത് ഇവിടെ നിന്ന് >>http://www.keralawatch.com/election2009/?p=16788

Manoj മനോജ് said...

“തെക്കേ ആഫ്രിക്കയിൽ നിന്ന് 1915ൽ തിരിച്ചെത്തിയ ഗാന്ധി നഗരങ്ങളിലെ വിദ്യാസമ്പന്നരിൽ ഒതുങ്ങി നിന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനെ അഞ്ചു കൊല്ലത്തിൽ ബഹുജനപ്രസ്ഥാനമാക്കി മാറ്റി.“

പക്ഷേ താന്‍ പറയുന്നിടത്തേ കാര്യം എത്താവൂ എന്ന വാശി അദ്ദേഹം ഉപേക്ഷിച്ചിരുന്നോ? തന്റെ നോമിനി പരാജയപ്പെടുന്നത് കണ്ടപ്പോള്‍ ഭീഷണി മുഴക്കുകയല്ലേ അദ്ദേഹം ചെയ്തത്. ഗാന്ധിയുടെ നിസ്സഹകരണത്തിനൊടുവില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സുബാഷിന് പ്രസിഡന്റ് പദവി രാജിവെയ്ക്കേണ്ടി വന്നു. ഒരു പക്ഷേ മരണം വരെയും അദ്ദേഹം തന്റെ അഭിപ്രായം മാത്രം നടക്കണമെന്ന വാശി ഉപേക്ഷിച്ചില്ല എന്ന് കാണുവാന്‍ കഴിയില്ലേ!


"വെള്ളക്കാർക്കെതിരെ ആയുധമെടുത്ത കറുത്തവരോട് അദ്ദേഹം പറഞ്ഞത് വെള്ളക്കാരെ ഭരണാധികാരികളായി കിട്ടിയത് ഭാഗ്യമായി കരുതണമെന്നാണ്."

നമ്മുടെ ഇന്നത്തെ ഭരണതലവനും ഇതേ കാഴ്ചപ്പാടുള്ളയാള്‍ തന്നെയല്ലേ.