ദലിത് സംരക്ഷണ ആക്ഷൻ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഇന്നലെ തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ ഒരു ജനകീയ കൺവൻഷൻ നടക്കുകയുണ്ടായി. തീവ്രവാദവും ഭീകരതയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തീവ്രവാദപ്രവർത്തനവും ഭീകരപ്രവർത്തനവും നടക്കുന്നുണ്ട്. അവയ്‌ക്കെതിരെ ശക്തമായ വികാരം രാജ്യമൊട്ടുക്ക് നിലനിൽക്കുന്നുമുണ്ട്. കേരളത്തിലെ ഒരു ദലിത് സംഘടന മാത്രമായി എന്തിനാണ് അവയ്‌ക്കെതിരെ ഒരു കൺവൻഷൻ സംഘടിപ്പിച്ചത്? ഉത്തരം ലളിതമാണ്. പൊലീസ് നൽകുന്ന വിവരത്തെ ആസ്പദമാക്കി രണ്ടാഴ്ചയായി ‘ദലിത് തീവ്രവാദ‘ത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും അതിന്റെ മറവിൽ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദലിത് വേട്ടയും ദലിത് സംഘടനാ പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. പൊലീസും അതിനെ നിയന്ത്രിക്കുന്നവരും മാധ്യമങ്ങളുടെ സഹായത്തോടെ സങ്കുചിത ലക്ഷ്യം നേടിയിരിക്കുന്നു.
വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഉത്തരവാദികൾ തീവ്രവാദി സ്വഭാവമുള്ള ഒരു ദലിത് സംഘടനയാണെന്ന് ആരോപിക്കുന്ന പൊലീസ് ഇതിനകം സംസ്ഥാനമൊട്ടുക്ക് വിവിധ സംഘടനകളിൽ പെട്ട ഇരുനൂറിൽ പരം ദലിത് യുവാക്കളെ ഇത് സംബന്ധിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിട്ടുള്ളതായി വിവിധ സംഘടനകളുടെ പ്രതിനിധികൾ പറഞ്ഞു. കുറ്റവാളികളെ പിടികൂടി വിചാരണ ചെയ്ത് ശിക്ഷ വാങ്ങിക്കൊടുക്കുക, നിരപരാധികളെ പീഡിപ്പിക്കാതിരിക്കുക എന്ന ആവശ്യങ്ങളാണ് കൺവൻഷനിൽ പങ്കെടുത്തവർ ഉന്നയിച്ചത്.
ഒരു മുൻ എൽ.ഡി.എഫ്. സർക്കാർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മ്‌അദനിയെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു. സർക്കാർ തന്നെ മ്‌അദനിയുടെ അറസ്റ്റ് അതിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ, പ്രത്യേകിച്ച് അടിസ്ഥാനവർഗ്ഗം ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന സി.പി.എമ്മിന്റെ, നിലപാട് തങ്ങളുടെ താല്പര്യങ്ങൾ പരിരക്ഷിക്കാൻ സഹായകമല്ലെന്ന വിശ്വാസം ദലിത് വിഭാഗങ്ങൾക്കിടയിൽ ശക്തി പ്രാപിച്ചുവരുന്ന ഘട്ടത്തിലാണ് ഈ ദലിത് വേട്ട നടക്കുന്നതെന്ന് ഓർക്കുമ്പോൾ അതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാകും.
വർക്കല കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിനെതിരെയുള്ള പ്രചാരണത്തിനിടയിൽ അവർ പാലി ഭാഷ പഠിക്കുന്നതും ഉപയോഗിക്കുന്നതും ഒരു മഹാപാതകമായി പൊലീസ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു സാക്ഷര സമൂഹത്തിന്റെ മുന്നിൽ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നത് വിചിത്രമാണ്.
പാലി ഇന്ത്യയിലെ പ്രാചീന ഭാഷകളിലൊന്നാണ്. ശ്രീബുദ്ധനും അനുയായികളും പാലിയും മറ്റ് പ്രാദേശിക ഭാഷകളും ഉപയോഗിച്ചാണ് സാമാന്യ ജനങ്ങൾക്കിടയിൽ ആശയങ്ങൾ പ്രചരിപ്പിച്ചത്. ബുദ്ധമതത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ പാലിയിലാണ്. അതുകൊണ്ട് തായ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ബുദ്ധമതാനുയായികൾ കൂടുതലുള്ള രാജ്യങ്ങളിലെ സ്കൂളുകളിൽ അത് നിർബന്ധിത പഠന വിഷയമാണ്. ഇന്ത്യയിലെ പ്രാചീന ജനങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് വിവരം ശേഖരിക്കാൻ അവശ്യം പഠിക്കേണ്ട ഒരു ഭാഷയാണത്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളും സർവകലാശാലകളും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരുടെ കൈപ്പിടിയിൽ ആയതുകൊണ്ടാണ് അതിനുള്ള സൌകര്യങ്ങൾ ഉണ്ടാകാത്തത്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം പുനെ, മൈസൂർ സർവകലാശാലകളിൽ മാത്രമാണ് ‘പ്രാകൃത’ ഭാഷാപഠന സൌകര്യങ്ങളുള്ളത്. ബാബാസാഹിബ് അംബേദ്കറുടെ മതം മാറ്റത്തെ തുടർന്ന് ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ട ദലിത് യുവാക്കൾ പാലി പഠനത്തിൽ താല്പര്യമെടുക്കുന്നതിനെ തീവ്രവാദവും രഹസ്യപ്രവർത്തനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഒന്നുകിൽ ശുദ്ധവിവരക്കേടാണ്, അല്ലെങ്കിൽ ശുദ്ധതെമ്മാടിത്തമാണ്.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
1 comment:
വായിച്ചു. സ്വയം നീതീകരിക്കേണ്ടിവന്ന മുസ്ലീങ്ങളെപ്പോലെ ഒരവസ്ഥ ഇപ്പോള്‍ ദലിതര്‍ക്കും. പക്ഷേ,.. ആശയസമരങ്ങള്‍ മാത്രമേ ലോകത്തെവിടെയും വിജയിചിട്ടുള്ളൂ. ദലിത്പ്രസ്ഥാനങ്ങളില്‍ ആശയസമരം, ആമാശയസമരമായി മാറിയതിന്റെ അനന്തരഫലങ്ങളാണിതെല്ലാം. വൈകാരികമായി എളുപ്പം ഇളക്കിവിടാവുന്ന ദലിത്ജനതയുടെ ചെലവില്‍ താത്ത്വികരാവാന്‍ ശ്രമിക്കുന്നവരും ഉട്ടൊപ്യന്‍ സ്വപ്നങ്ങളെ കുത്തിവയ്ക്കാന്‍ നടക്കുന്നവരും ഇനിയെങ്കിലു തിരിച്ചറിവുള്ളവരായെങ്കില്‍!
Post a Comment