Tuesday, August 25, 2009

ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍

ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത സഭയല്ല നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. പരിമിതമായ വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ പ്രിവിശ്യാ നിയമസഭകളാണ് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങളെ തെരഞ്ഞെടുത്തത്. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിച്ചപ്പോള്‍ അവയ്ക്കും സഭയില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടു. ഏതാനും നാട്ടുരാജ്യങ്ങളില്‍ മാത്രമാണ് നിയമസഭകള്‍ ഉണ്ടായിരുന്നത്. നിയമസഭകളില്ലാത്ത രാജ്യങ്ങളുടെ പ്രതിനിധികളെ രാജാക്കന്മാരാണ് നാമനിര്‍ദ്ദേശം ചെയ്തത്. പ്രാതിനിധ്യസ്വഭാവമില്ലാത്ത സഭകളും രാജാക്കന്മാരുമാണ് അവരെ ഭരണഘടനാ നിര്‍മ്മാണസഭയിലെത്തിച്ചതെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെയാകെ പ്രതിനിധീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അംഗങ്ങള്‍ വിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് സാക്ഷാത്കരിക്കാനുള്ള ചുമതല തങ്ങളില്‍ അര്‍പ്പിതമാണെന്നുമുള്ള വിശ്വാസത്തില്‍ അവര്‍ അതിനുതകുന്ന തരത്തിലുള്ള ഭരണഘടന
തയ്യാറാക്കി. എന്നിട്ട് അതിന്റെ നിര്‍മ്മാതാക്കള്‍ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ ആണെന്ന് ആമുഖത്തില്‍ എഴുതിവെച്ചു. പല രാജ്യങ്ങളിലെയും ഭരണഘടനകള്‍ പഠിച്ചശേഷം അവയിലെ നല്ല അംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിയമപണ്ഡിതര്‍ ഭരണഘടനയുടെ കരട് തയ്യാറാക്കി. അതുകൊണ്ടാണ് അത് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായിത്തീര്‍ന്നത്. എല്ലാ പൌരന്മാര്‍ക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭരണഘടനയുടെ ആമുഖം
പ്രഖ്യാപിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ സവിശേഷത ഈ പ്രഖ്യാപനത്തില്‍നിന്ന് വായിച്ചെടുക്കാം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാന്‍സില്‍ വിപ്ലവകാലത്ത് ഉയര്‍ന്ന ആശയങ്ങളാണ്. അവ വളരെ വേഗം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളായി ലോകമൊട്ടുക്ക് അംഗീകാരം നേടി. നമ്മുടെ ഭരണഘടനയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അത് നീതിയെ ഈ തത്വങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നതാണ്. അത് നീതിസങ്കല്പത്തെ ഇങ്ങനെ വിശദീകരിക്കുകയും ചെയ്യുന്നു: “സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി“. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന മിക്ക രാജ്യങ്ങളും സാമൂഹികമായി ഏറെക്കുറെ ഏകമാന സ്വഭാവമുള്ളവയാണ്. അവിടങ്ങളില്‍ സാമൂഹിക അസമത്വം ഒരു ഗുരുതരമായ പ്രശ്നമല്ല. ബഹുഭൂരിപക്ഷം ജനങ്ങളും നൂറ്റാണ്ടുകളായി ക്രമീകൃത അസമത്വത്തിന് വിധേയരായിരുന്ന ഈ
രാജ്യത്ത് തുല്യത ഉറപ്പുവരുത്താതെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവില്ലെന്ന തിരിച്ചറിവാണ് നീതിക്ക് പ്രാഥമികത്വം നല്‍കാന്‍ ഭരണഘടനാനിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നീതി -- സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി --ഉറപ്പാക്കുന്നതിലുള്ള വിജയമൊ പരാജയമൊ ആവും ആത്യന്തികമായി നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഭാവി നിര്‍ണ്ണയിക്കുക. ജനാധിപത്യത്തിന് നിരക്കാത്ത പലതും രാജ്യത്ത് നടക്കുന്നുണ്ട്. അധികാരം കയ്യാളുന്നവരും അവര്‍ക്കെതിരെ നിലകൊള്ളുന്നവരും അത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലരുടെ ലക്ഷ്യം നീതി നിഷേധമാണ്. മറ്റ് ചിലരുടേത് നീതിനേടലും.

അടിസ്ഥാനപരമായി എല്ലാ ജനാധിപത്യ ഭരണഘടനകളും അധികാരം എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡിഷ്യറി എന്നീ ഭരണകൂട ശാഖകള്‍ക്ക് വീതിച്ചു നല്‍കുകയും അവ പരസ്പരം നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു സംവിധാനമാണ് നമ്മുടെ ഭരണഘടനയും രൂപപ്പെടുത്തിയത്. എന്നാല്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അതിലെ പരസ്പരനിയന്ത്രണ വ്യവസ്ഥകള്‍ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവിന്റെ തലപ്പത്തുള്ളത് അതിശക്തനായ വ്യക്തിയാണെങ്കില്‍ നിയമസഭയ്ക്ക് അതിനെ നിയന്ത്രിക്കാനുള്ള കഴിവ് ചുരുങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ ഇത്തരത്തിലുള്ള സാഹചര്യമാണുണ്ടായിരുന്നത്. പിന്നീട് രാഷ്ട്രീയരംഗത്ത് കടുത്ത ശൈഥില്യം സംഭവിക്കുകയും എക്സിക്യൂട്ടീവ് ദുര്‍ബലമാവുകയും ചെയ്തു. പരസ്പരം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും കഴിവ് ക്ഷയിച്ചപ്പോള്‍ അവയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൌരന്മാര്‍ക്ക് ആശ്രയിക്കാവുന്ന ഏക സ്ഥാപനമെന്ന നിലയില്‍ ജുഡിഷ്യറിയുടെ യശസ് വര്‍ദ്ധിച്ചു. ഇത് ജുഡിഷ്യറിക്ക് അതിന്റെ അധികാരം വിപുലീകരിക്കാന്‍ അവസരം നല്‍കി. ആ അവസരം ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തു.

ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ഭരണഘടന നല്‍കിയത് രാഷ്ട്രപതിക്കാണ്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് രാഷ്ട്രപതി എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസുമായി ആലോചിക്കണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആലോചിക്കണമെന്ന വ്യവസ്ഥകൊണ്ട് അര്‍ത്ഥമാക്കുന്നത് നിയമനത്തിന് ചീഫ് ജസ്റ്റിസിന്റെ അംഗീകാരമുണ്ടാകണമെന്നാണെന്ന് സുപ്രീം കോടതി ഒരു വിധിയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസും മറ്റ് രണ്ട് മുതിര്‍ന്ന ജഡ്ജിമാരും കൂടി തീരുമാനിക്കുന്നവരെ മാത്രമെ രാഷ്ട്രപതിക്ക് ജഡ്ജിമാരായി നിയമിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവന ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല ജനാധിപത്യത്തിനൊ സാമാന്യ ബുദ്ധിക്കൊ നിരക്കുന്നതുമല്ല. ഭരണഘടനയനുസരിച്ച് അതിന്റെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാനുള്ള അധികാരം കോടതിക്കാണ്. കോടതി ഇതിനെ ഭരണഘടനാ വ്യവസ്ഥകള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അവകാശമായി വിപുലപ്പെടുത്തിയിരിക്കുകയാണ്.

തങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാരാണെന്ന ധാരണ കോടതിക്കുണ്ടെന്നും ദുര്‍ബലമായ മറ്റ് സ്ഥാപനങ്ങള്‍ ഇത് സമ്മതിച്ചുകൊടുക്കാന്‍ തയ്യാറാണെന്നുമാണ് നിലവിലുള്ള അവസ്ഥ സൂചിപ്പിക്കുന്നത്. ആമുഖം സൂക്ഷ്മബുദ്ധിയോടെ പരിശോധിച്ചാല്‍ ഭരണഘടന ഏതെങ്കിലും സ്ഥാപനത്തെ അതിന്റെ സൂക്ഷിപ്പുകാരാക്കിയിട്ടില്ലെന്ന് കാണാവുന്നതാണ്. “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” ഭരണഘടന “ഞങ്ങള്‍ക്കു തന്നെ നല്‍കുന്നു” എന്നാണ് അത് പറയുന്നത്. അതായത് ഭരണഘടനയുടെ നിര്‍മ്മാതാക്കളായ ജനങ്ങള്‍ തന്നെയാണ് അതിന്റെ സൂക്ഷിപ്പുകാരും.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് അലഹബാദ് ഹൈക്കോടതിയും ഉത്തര്‍ പ്രദേശ് നിയമസഭയും തമ്മില്‍ ഒരു അധികാരതര്‍ക്കം ഉണ്ടായി. അന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് രണ്ട് സ്ഥാപനങ്ങളുടെയും അധികാരവ്യാപ്തിയെക്കുറിച്ച് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കോടതി പറഞ്ഞത് ഓരോന്നിനും അതിന്റെ മണ്ഡലത്തില്‍ പരമാധികാരമുണ്ടെന്നായിരുന്നു. എന്നാല്‍ പിന്നീട്, ഒരു വിധിന്യായത്തില്‍, എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ ഉറവിടം ഭരണഘടനയാകയാല്‍ പരമാധികാരം ഭരണഘടനയില്‍ നിക്ഷിപ്തമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അധികാരത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഭരണഘടന കഴിഞ്ഞും തുടരണം. ഭരണഘടനയുടെ പരമാധികാരത്തിന്റെ സ്രോതസ് എന്താണ്? ആ ചോദ്യത്തിനുള്ള ഉത്തരം അതിന്റെ ആമുഖത്തില്‍ തന്നെയുണ്ട്. അത് ജനങ്ങളാണ് -- ഭരണഘടനയുടെ നിര്‍മ്മാതാക്കളും സൂക്ഷിപ്പികാരുമായ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”.

ഭരണഘടന മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമാകണം. മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍“ നല്‍കിയത് പാര്‍ലമെന്റിനാണ്. കോടതി ഇടപെടലുകളിലൂടെ ഭരണഘടനയിലുണ്ടായ മാറ്റങ്ങളില്‍ പലതും ജനാഭിലാഷങ്ങള്‍ക്ക് അനുസൃതമാണ്. എന്നാല്‍ അങ്ങനെയല്ലാത്ത ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റം അത്തരത്തിലൊന്നാണ്. പല നിയമ
വിദഗ്ദ്ധരും ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. ആ തെറ്റ് തിരുത്തപ്പെടണം. ഒരു വിധിയിലൂടെ സുപ്രീം കോടതി തന്നെ അത് ചെയ്യുന്നത് നന്നായിരിക്കും. കോടതി അതിന് തയ്യാറാകുന്നില്ലെങ്കില്‍, ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ അധികാരമുള്ള സ്ഥാപനമെന്ന നിലയില്‍ പാര്‍ലമെന്റ് ആ ചുമതല നിര്‍വഹിക്കണം.

അഞ്ചു കൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടുമാത്രം നാമൊരു ജനാധിപത്യസമൂഹമാവില്ല. ഓരോ ഭരണഘടനാ സ്ഥാപനവും അതിന്റെ ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഭരണഘടനയുടെ സൂക്ഷിപ്പുകാരെന്ന നിലയില്‍ ജനങ്ങള്‍ക്കുണ്ട്. അധികാരപരിധി ലംഘിക്കാനുള്ള പ്രവണത ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പൌരസമൂഹം ജാഗ്രത പുലര്‍ത്തുകയും ഒരു സ്ഥാപനവും മറ്റുള്ളവയുടെ മേഖലകളില്‍
കടന്നുകയറുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇത് തുടര്‍ച്ചയായി ചെയ്യേണ്ട പ്രക്രിയയാണ്. (മാധ്യമം വാര്‍ഷികപ്പതിപ്പ്)

3 comments:

chithrakaran:ചിത്രകാരന്‍ said...

അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.

chithrakaran:ചിത്രകാരന്‍ said...

അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.

Anonymous said...

ഇൻഡ്യൻ ജനാധിപത്യം നേരിടുന്ന ഒരു പ്രധാനപ്പെട്ട വിപത്ത് ജുഡീഷ്യറി തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നതാണ്; അതുകൊണ്ട് അത് സവർണാധിപത്യപരവുമാണ്. അര നൂറ്റാണ്ടാവുമ്പോൾ ഒരു ദലിതൻ ചീഫ് ജസ്റ്റീസായാൽ മാറുന്നതല്ല ആ അയിത്തം. ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്വമില്ലാത്തതിനാൽ അവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇന്നുള്ളത്.ക്രീമിലേയർ പോലെ ഭരണാഘടനാവിരുദ്ധമായ കാര്യങ്ങൾ ഏർപ്പെടുത്തി ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു. കോടതിയലക്ഷ്യത്തിന്റെ വാളെടുത്ത് എതിർപ്പുകളെ നിശ്ശബ്ദമാക്കാനും സാധിക്കുന്നു. മീഡിയ ഇതിനു പൂർണ പിന്തുണ നൽകുന്നു. ജുഡീഷ്യറി മാത്രമേ ഇനി രക്ഷയായുള്ളൂ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നു അവർ.