Sunday, August 23, 2009

അഴിമതിവിരുദ്ധ കൂട്ടായ്മ

സി.ആര്‍.നീലകണ്ഠന്റെ നേതൃത്വത്തില്‍ സാമൂഹിക സാംകാരിക പ്രവര്‍ത്തകര്‍ ഒരു അഴിമതിവിര്‍ദ്ധ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നു.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ സി.ആര്‍.നീലകണ്ടന്‍ (കണ്‍‌വീനര്‍), ഡോ. ആസാദ്, എം.ആര്‍.മുരളി, ളാഹ ഗോപാലന്‍, കെ.അജിത, ജോണ്‍ കൈതാരത്ത്, എം.നന്ദകുമാര്‍ തുടങ്ങിയവരടങ്ങുന്ന ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

ഈ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിപൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്ന ഒന്നയാണ്‌ ഞാന്‍ കാണുന്നത്. കാരണം പ്രത്യയശാസ്ത്രപരമായ അവകാശവാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് കേരള രാഷ്ട്രീയത്തിലെ മുഖ്യ ചാലക ശക്തിയായി അഴിമതി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒഴുകുന്ന പതിനായിരക്കണക്കിന്‌ കോടി രൂപയില്‍ എത്രയാണ്‌ അഴിമതിയുടേ ചാലിലെത്തുന്നതെന്ന് കണക്കാക്കുക എളുപ്പമല്ല. എന്നാല്‍ അത് ഒരു ചെറിയ അംശമല്ലെന്ന് ഉറപ്പായി പറയാനാകും. ഭരണത്തിന്റെ രാഷ്ട്രീയ-ഔദ്യോഗിക ശാഖകളെ അത് ഒരുപോലെ പരിപോഷിപ്പിക്കുന്നു.

അഴിമതി മൂലം പാഴായ പണത്തിന്റെ കണക്കും ലഭ്യമല്ല. പക്ഷെ കോടികള്‍ ഒഴുക്കിയ കല്ലട പദ്ധതിയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ അതിന്റെ വ്യാപ്തിയെക്കുറിച്ച് സൂചന നല്‍കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ആദിവാസികളുടെ ഊരുകളില്‍ അക്ഷരാര്‍ത്ഥത്തില്‍തന്നെ പാലും തേനും ഒഴുക്കാനുള്ള പണം സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ മെച്ചപ്പെട്ടത് ആദിവാസി ജീവിതമല്ല, ഇടനിലക്കാരുടെ ജീവിതമാണ്‌.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് ഭരണത്തിന്‌ നേതൃത്വം നല്‍കിയവരുടെ നിരയില്‍ ഇ.എം.എസ്.
നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍‍, എ.കെ.ആന്റണി എന്നിങ്ങനെ രാഷ്ട്രീയ സംശുദ്ധിയ്ക്ക് പുകഴ്പെറ്റവരുണ്ട്. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഒരു അഴിമതിക്കേസെങ്കിലും പുറത്തുകൊണ്ടുവരികയൊ ഒരു അഴിമതിക്കാരനെയെങ്കിലും
തുറന്നുകാട്ടുകയൊ ചെയ്തതായി ഓര്‍ത്തെടുക്കാനാകുമൊ? അഴിമതിക്കുനേരെ കണ്ണടച്ചുകൊണ്ട് സംശുദ്ധി നിലനിര്‍ത്തിയിട്ടെന്തു കാര്യം?

നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഴിമതി കൂടാതെ നിലനില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. കൊല്ലം തോറും വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തന ഫണ്ടുകള്‍ പിരിച്ചിരുന്നവര്‍ ആ പതിവ് ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കോഴപ്പണത്തെ ആശ്രയിക്കുകയാണെന്നാണ്‌ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഈ സാഹചര്യത്തില്‍ അവയ്ക്ക് പുറത്ത് രൂപം കൊള്ളുന്ന ഒരു പ്രസ്ഥാനത്തിനേ അഴിമതിയ്ക്കെതിരെ പോരാടാനാകൂ.

7 comments:

Manoj മനോജ് said...

അവസാനം ഇതിനെതിരെ ഒരു അഴിമതി ആരോപണം ഉണ്ടാകാതിരിക്കട്ടെ....

ഉറുമ്പ്‌ /ANT said...

സാറിന്‌ സാംസ്കാരിക വകുപ്പിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നതുവരെയെങ്കിലും ഈ ആവേശം കാണുമെന്നു പ്രതീക്ഷിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

സി.ആര്‍.നീലകണ്ടന്‍ (കണ്‍‌വീനര്‍), ഡോ. ആസാദ്, എം.ആര്‍.മുരളി,

ആദ്യം അധിനിവേശ പ്രതിരോധ സമിതി പിന്നെ ജനകീയ വികസന സമിതി പിന്നെ ഇടത്‌ ഏകോപന സമിതി. ലൈം ലൈറ്റില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇനിയും ചില സമിതികള്‍.

Kaippally said...

വളരെ നല്ല കാര്യം. കേരളത്തിൽ ഇതിന്റെ ഒരു കുറവുണ്ടായിരുന്നു.

പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ഏമാന്മാരു് വീട്ടിൽ കൊണ്ടു കൊടുക്കുമായിരിക്കും.

സർക്കാർ ആശുപത്രിയിൽ "ഡാകിറ്റർ"മാരുടെയും "ഗമൌണ്ടർ"മാരുടേയും "സ്വീപ്പർ" ശാന്തമയുടേയും കൈയിൽ കാശു പൊതിഞ്ഞു കൊടുക്കേണ്ടി വരില്ലായിരിക്കും.

ഇനി എല്ലാം സ്വയം ശരിയയിക്കൊള്ളും.

BHASKAR said...

സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലെ (ഓഗസ്റ്റ് 21, 2009) "18 കൊല്ലത്തില്‍ 19 ട്രാന്‍സ്ഫറുകള്‍" എന്ന കവര്‍ സ്റ്റോറി കാണുക. അഴിമതിക്ക് കൂട്ടുനില്‍കാഞ്ഞ സെബീന പോള്‍ എന്ന ഉസ്യോഗസ്ഥയുടെ അനുഭവം അത് വിവരിക്കുന്നു.

ജനശക്തി said...

സി.ആര്‍. നീലകണ്ടനും സി. ആര്‍. നീലകണ്ഠനും ഒരാളാണോ?

ഇതിനു മുന്‍പൊരു പോസ്റ്റില്‍ വിശദമായി കമന്റിയപ്പോള്‍ ബി.ആര്‍.പി മറുപടി പറയാതെ മുങ്ങി. എന്നാല്‍ പിന്നെ ഉത്തരം മുട്ടിക്കാത്ത ചെറിയ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചേക്കാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ കിരണിന്റെ ഒരു കാര്യം...

ഞാൻ ഒരു കാര്യം എഴുതണം എന്ന് മനസിൽ വിചാരിക്കുമ്പോളേക്കും അതു കയറി എഴുതിക്കളയും..

എന്തായാലും ഇത്തവണയും അവിടെ ഒരു ഒപ്പ് ഇടുന്നു.