Saturday, August 15, 2009

കൊരട്ടി പ്ലാറ്റ്ഫോമില്‍ ഒരു രാത്രി

കേരളശബ്ദം വാരിക ‘വ്യക്തിപരം’ എന്നൊരു പംക്തി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. വായനക്കാരുമായി അനുഭവം പങ്കു വെയ്ക്കുന്ന ഒരു പംക്തിയാണത്. പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആ പംക്തിയിലേക്കായി എഴുതിയ ലേഖനമാണ് താഴെ കൊടുക്കുന്നത്

കൊല്ലം എസ്. എന്‍. കോളെജില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ബി.എസ്‌സി. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ തുടര്‍ന്നുള്ള പഠനം സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും കോളെജിലാക്കുന്നതാവും നല്ലതെന്ന് അച്ഛന്‍ നിശ്ചയിച്ചു. അങ്ങനെ യു.സി. കോളെജിലേക്ക് മാറ്റം കിട്ടാനുള്ള സാധ്യത തേടി ഞാന്‍ ആലുവായിലെത്തി. പ്രിന്‍സിപ്പല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് വൈ.എം.സി.എ.യില്‍ മുറിയെടുത്തു. ശനിയാഴ്ച എറണാകുളത്തേക്ക് പോയി. അവിടത്തെ പത്രപ്രവര്‍ത്തകര്‍ എം.പി. കൃഷ്ണപിള്ളയുടെ എം.പി. സ്റ്റുഡിയോയില്‍ പതിവായി ഒത്തുകൂടിയിരുന്നു. അച്ഛന്‍ നടത്തിയിരുന്ന നവഭാരതം പത്രത്തിനുവേണ്ടി സര്‍ദാര്‍ പട്ടേലിന്റെ കൊച്ചി സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണാന്‍ അവിടെ പോയി. സൊറ പറഞ്ഞിരുന്ന് സമയം പോയതുകൊണ്ട് രാത്രി എറണാകുളത്ത് തമ്പടിച്ചു. കാലത്ത് ആലുവായ്ക്ക് പോകാന്‍ കയറിയ ബസില്‍ നല്ല തിരക്കായിരുന്നു. യാത്രക്കാരിലേറെയും സ്ത്രീകളും കുട്ടികളും. സംഭാഷണത്തില്‍നിന്ന് അവരെല്ലാം കന്യാമറിയത്തെ കാണാന്‍ പോകുന്ന മദ്ധ്യതിരുവിതാംകൂറുകാരാണെന്ന് മനസ്സിലായി. തൃശ്ശൂരിലെ ഒരു പള്ളിയില്‍ എല്ലാ മാസവും ഒരു ഞായറാഴ്ച ദിവസം കന്യാമറിയം രണ്ട് കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിവരുന്നതായി ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ദര്‍ശന ദിവസവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആ പുണ്യദിനം അന്നാണ്. ആലുവായില്‍ ഇറങ്ങാതെ, നവഭാരതത്തിനായി ദിവ്യാത്ഭുതം റിപ്പോര്‍ട്ടു ചെയ്യാന്‍ തൃശ്ശൂര്‍ക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു.

അച്ഛനുമൊത്ത് 1945ലെ സ്കൂള്‍ അവധിക്കാലത്ത് കാറില്‍ മലബാറിലേക്ക് പോയപ്പോള്‍ റൗണ്ടിലുള്ള ഒരു ഹോട്ടലില്‍ കാപ്പി കുടിക്കാന് കയറിയതു മാത്രമാണ് തൃശ്ശൂരുമായുള്ള എന്റെ പൂര്‍‌വ ബന്ധം. കടയുടെ പുറത്ത് 'ബ്രാഹ്മണാള്‍ കാപ്പി ഹോട്ടല്' എന്നും അകത്ത് 'താണജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്നും എഴുതിവെച്ചിരുന്നു. കന്യാമറിയം പ്രത്യക്ഷപ്പെടുന്ന പള്ളി എവിടെയാണെന്നൊന്നും എനിക്കറിയില്ല. മറ്റ് യാത്രക്കാര്‍ ഇറങ്ങിയിടത്ത് ഞാനും ഇറങ്ങി. അവരുടെ പിന്നാലെ നടന്ന് പള്ളിമുറ്റത്തെത്തി. ഒന്നും കഴിക്കാതെയാണ് കാലത്തെ ബസില്‍ കയറിയത്. അതുകൊണ്ട് ആദ്യം കാപ്പി കുടിക്കാമെന്ന് കരുതി. ജുബ്ബയുടെ പോക്കറ്റില്‍ തപ്പിയപ്പോള്‍ പഴ്സില്ല. ആരൊ പോക്കറ്റടിച്ചിരിക്കുന്നു. തൃശ്ശൂര്‍ക്ക് ടിക്കറ്റ് നീട്ടി വാങ്ങിയപ്പോള്‍ കണ്ടക്ടര്‍ തിരിച്ചുതന്ന ചില്ലറ പഴ്സിലിട്ടിരുന്നില്ല. അത് പോക്കറ്റില്‍ തന്നെയുണ്ട്. പക്ഷെ അത് മടക്കയാത്രയ്ക്കുതന്നെ തികയില്ല. കാപ്പി വേണ്ടെന്നു വെച്ചു.

പതിനൊന്ന് മണിയോടെ പള്ളിപ്പറമ്പ് മാതാവിനെ കാണാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. എല്ലാ കണ്ണുകളും ആകാശത്തേയ്ക്ക്. പതിവായി ദര്‍ശനം ലഭിച്ചിരുന്നെന്ന് ദീപിക പറഞ്ഞ കുട്ടികള്‍ പള്ളിയ്ക്കടുത്തുള്ള കെട്ടിടത്തില്‍ ഒന്നാം നിലയിലെ വരാന്തയില്‍ നില്‍ക്കുപ്പുണ്ട്. അവരും ആകാശത്തേക്ക് നോക്കി നില്‍‌പ്പാണ്‌. അടുത്ത് ഒരു പുരോഹിതനുമുണ്ട്. മാതാവ് ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. ഒന്നര മണിയോടെ അന്ന് ദര്‍ശനം ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ ദിവ്യാത്ഭുതനാടകം അവസാനിച്ചു. എനിക്ക് എഴുതാനുള്ള വകയായി. പക്ഷെ അതിനുമുമ്പ് വിശപ്പടക്കണം, ആലുവായിലെത്തണം. അതിനുള്ള കാശില്ല. നേരേ റയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു. അപ്പോള്‍ മനസ്സില്‍ രണ്ട് ആശയങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ പോക്കറ്റടിക്കപ്പെട്ട കാര്യം പറഞ്ഞ് ആരോടെങ്കിലും കാശ് ചോദിക്കുക. അല്ലെങ്കില്‍ കള്ളവണ്ടി കയറുക. തട്ടിപ്പ് പറിപാടിയാണെന്ന് കരുതുമെന്ന ഭയം മൂലം ആദ്യത്തേതും പിടിക്കപ്പേടുമെന്ന ഭയം മൂലം രണ്ടാമത്തേതും ചെയ്യാനായില്ല. റയില്‍‌വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന യാത്രാനിരക്ക് പട്ടിക നോക്കിയപ്പോള്‍ കയ്യിലുള്ള കാശ് കൊണ്ട് ചാലക്കുടി വരെ പോകാമെന്ന് കണ്ടു. ചാലക്കുടിയില്‍ വി. ഗംഗാധരന്‍ വൈദ്യന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. പത്രം വായിക്കുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ പേര് പരിചിതമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കരിംകുരങ്ങ് രസായനത്തിന്റെ പരസ്യം പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്. അച്ഛന്റെ സുഹൃത്തും. മലബാര്‍ യാത്രയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വണ്ടിയില്‍ കയറി ചാലക്കുടിയില്‍ ഇറങ്ങി വൈദ്യരുടെ വീട് കണ്ടുപിടിച്ചു. അത് പൂട്ടിക്കിടക്കുന്നു. വൈദ്യരും കുടുംബവും നാട്ടില്‍ പോയിരിക്കുകയാണെന്ന് അയല്‍‌വാസി പറഞ്ഞു. അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ പഴയ രണ്ട് ആശയങ്ങളും വീണ്ടും മനസിലുദിക്കുകയും വീണ്ടും തിരസ്കരിക്കപ്പെടുകയും ചെയ്തു. പിന്നീട് റയില്‍ പാളത്തിനരികിലൂടെ ആലുവാ ലക്ഷ്യമാക്കി നടന്നു. ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. പക്ഷെ അതൊന്നും കണ്ട് രസിക്കാന്‍ സാഹചര്യം അനുവദിച്ചില്ല. കൊരട്ടി അങ്ങാടി റയില്‍‌വേ സ്റ്റേഷനിലെത്തിയപ്പോള്‍ സന്ധ്യയായി. ഇരുട്ടത്ത് പാളത്തിലൂടെ നടക്കുന്നത് ബുദ്ധിയല്ലാത്തതുകൊണ്ട് അവിടെ തങ്ങാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരിക്കുമ്പോള്‍ ഒരു വണ്ടിയുടെ വരവ് അറിയിക്കുന്ന മണിയടിച്ചു. അത് എറണാകുളത്തേക്കുള്ള അവസാന വണ്ടിയാണെന്ന് റയില്‍‌വെ സിഗ്നല്‍മാന് ഒരു യാത്രക്കാരനോട് പറയുന്നത് കേട്ടു. പഴയ ആശയങ്ങള്‍ വീണ്ടും തലപൊക്കി. തീരുമാനവും പഴയതുതന്നെ. വണ്ടി വന്നു, നിന്നു, പോയി. സ്റ്റേഷന്‍ നിശബ്ദമായി. ഞാന്‍ ബെഞ്ചില്‍ നിവര്‍ന്ന് കിടന്നുറങ്ങി.

വെളുപ്പിന് സ്റ്റേഷനില്‍ വീണ്ടും ആളനക്കമുണ്ടായപ്പോള്‍ ഉണര്‍ന്നു. ആഹാരം കഴിച്ചിട്ട് 24 മണിക്കൂറിലേറെയായി. നടക്കാനാണെങ്കില്‍ ആലുവായ്ക്ക് ഇനിയും ധാരാളം ദൂരമുണ്ട്. ആ പഴയ രണ്ട് ആശയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചേ മതിയാകൂ. സ്റ്റേഷന്‍ മാസ്റ്ററോട് കാര്യം പറയാന്‍ ഞാന്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ടെന്നും ആലുവായിലെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി. ഇത്തരം തട്ടിപ്പുകാരെ ധാരാളം കണ്ടിട്ടുണ്ടെന്ന് പറയാന്‍ പോകയണെന്ന് ഞാന്‍ ഭയന്നു. പക്ഷെ അദ്ദേഹം അനുകമ്പാപൂര്‍‌വമാണ് പ്രതികരിച്ചത്.

"നിങ്ങളെ ഇന്നലെ രാത്രി ഇവിടെ കണ്ടതാണല്ലൊ. ഇവിടെത്തന്നെ കിടക്കുകയായിരുന്നു, അല്ലേ?" അദ്ദേഹം ചോദിച്ചു.

എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ അദ്ദേഹം തുടര്‍ന്നു: "ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലൊ. ഇവിടെ ഈ സമയത്ത് ഒന്നും കിട്ടില്ല. കടകള്‍ തുറക്കാന്‍ വൈകും"

"ആലുവായിലെ മുറിയില്‍ പണമിരിപ്പുണ്ട്. അവിടെ ചെന്നു പറ്റിയാല്‍ മതി," ഞാന്‍ പറഞ്ഞു.

അപ്പൊഴേക്കും വണ്ടിയെത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ആലുവാ ടിക്കറ്റ് അടിച്ച് എനിക്ക് നീട്ടി.
ഞാന്‍ അത് വാങ്ങി നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഓടി വണ്ടിയില്‍ കയറി.

ആലുവായിലെത്തിയ ഉടന്‍ നടക്കാതെപോയ അത്ഭുതത്തിന്റെ കഥ വിശദമായി എഴുതി നവഭാരതത്തിന്‌ അയച്ചുകൊടുത്തു. എസ്.എന്‍.കോളെജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ എടുക്കേണ്ടെന്നുള്ള യു.സി.കോളെജിന്റെ തീരുമാനം ബുധനാഴ്ച പ്രിന്‍സിപ്പല്‍ എന്നെ അറിയിച്ചു. തിരിച്ചുപോകുന്നതിനു മുമ്പ് സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് ടിക്കറ്റ് കൂലി കൊടുക്കാനും സഹായിച്ചത് തട്ടിപ്പുകാരനെയല്ലെന്ന് ബോധ്യപ്പെടുത്താനും ഞാന്‍ കൊരട്ടിക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കസേരയില്‍ മറ്റൊരാള്‍ ഇരിക്കുന്നു.

"സ്റ്റേഷന്‍ മാസ്റ്റര്‍ ഇല്ലേ?" ഞാന്‍ ചോദിച്ചു.
"ഞാനാണ് സ്റ്റേഷന്‍ മാസ്റ്റര്‍," അദ്ദേഹം പറഞ്ഞു. "എന്താ വേണ്ടത്?"
"തിങ്കളാഴ്ച വെളുപ്പിന് മറ്റൊരാളെയാണല്ലൊ ഞാന്‍ കണ്ടത്. അദ്ദേഹമില്ലേ?"
"മേനനയാ തെരക്കണത്? ആള് പോയല്ലൊ."

അദ്ദേഹം അവധിയിലായിരുന്നപ്പോള്‍ ഏതാനും ദിവസത്തേക്ക് പകരക്കാരനായി വന്ന ബാലകൃഷ്ണ മേനോന്‍ ആയിരുന്നു എന്റെ രക്ഷിതാവ്. മേനോന്‍ എവിടെയുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് കടപ്പാട് തീര്‍ക്കാനും കഴിഞ്ഞില്ല. ദീര്‍ഘദൂര വണ്ടിയിലിരുന്ന് കൊരട്ടി സ്റ്റേഷന്‍ കാണുമ്പോള്‍ ഞാന്‍ ആ നല്ല മനുഷ്യനെ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കും.

2 comments:

ജനശക്തി said...

അന്ന് സി.പി.എം രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കാം പതിവു സി.പി.എം വിരുദ്ധത ഇതിലില്ല.:)

ഈ ഓര്‍മ്മക്കുറിപ്പ് കൊള്ളാം.

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്. ഇഷ്ടമായി