Saturday, January 12, 2008

നാലുകെട്ടിന്റെ ആഘോഷവും പരാതിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി അവഗണിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി എം. ടി. വാസുദേവന്‍ നായരുടെ നാലുകെട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത എം. വി. ദേവനെ ആഘോഷം ഉത്ഘാടനം ചെയ്ത കാക്കനാടനും മറ്റു പലരും ശകാരിച്ചതായി ടെലിവിഷനില്‍ പറയുന്നത് ഞാന്‍ കേട്ടത് ചെന്നൈയില്‍ ഇരുന്ന്.

ബഷീറിനെ പരാമര്‍ശിച്ചത് കൂടാതെ ദേവന്‍ നാലുകെട്ടിനെ മാടമ്പി നായര്‍ നോവല്‍ എന്ന് വിശേഷിപ്പിക്കുകകൂടി ചെയ്തത് സാമൂഹികതലത്തിലെ വിമര്‍ശനത്തിനു മതപരമായ മാനം നല്‍കാന്‍ അവസരം നല്‍കി. കുറഞ്ഞപക്ഷം സാഹിത്യ സാംസ്കാരിക നായകരെന്കിലും സാമൂഹ്യ വിമര്‍ശനം ഈ രീതിയില്‍ വഴിമാറിപ്പോകുന്നില്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്.

ചെന്നൈയില്‍ ഒരു മാസത്തോളം നീണ്ട ബഷീര്‍ ശതാബ്ദി ആഘോഷം നടക്കുകയാനെന്ന അറിവാകണം അതെക്കുറിച്ച് പരാമര്‍ശിക്കാന്‍ ദേവനെ പ്രേരിപ്പിച്ചത്. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഒരു സര്‍ക്കാരിതര സ്ഥാപനം മുന്കൈയെടുത്ത് സംഘടിപ്പിച്ചിട്ടുള്ളതാണ് ഇത്. ബഷീറിന്റെ പല കഥാപാത്രങ്ങളെയും അരങ്ങില്‍ എത്തിക്കുന്നുവെന്നതാണ് ആഘോഷങ്ങളുടെ ഒരു സവിശേഷത. മാപ്പിള ഭക്ഷണ മേളയാണ് മറ്റൊന്ന്.

ചെന്നൈയിലെ ബഷീര്‍ പരിപാടികളുടെ സംഘാടകര്‍ സാഹിത്യ അക്കാദമിയുടെ നടത്തിപ്പുകാരേക്കാള്‍ സര്ഗ്ഗശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നു പറയാതെ തരമില്ല.

11 comments:

ഹരിത് said...

മാപ്പിള ഭക്ഷണമേളയും മതപരമായ ഒരു ഐഡന്റിറ്റി ,(‘ മാടമ്പി നായര്‍” പ്രയോഗ്ം പോലെ അനാവശ്യമായി ബഷീറിനെ മാപ്പിള മാത്രമാക്കനുള്ള ഒരു വികല ദര്‍ശനത്തിന്റെ ഭാഗം തന്നെ. ഒരു പഴയ ആഴ്ച്ചപ്പതിപ്പില്‍ ബഷീറിന്റെ ഇന്റെര്‍വ്യൂ വായിച്ച ഓര്‍മ്മയില്‍ നിന്നും എഴുതുന്നത്:

ചോദ്യകര്‍ത്താവ്: എല്ലാ മുസ്ലീങ്ങളും പാകിസ്ഥാനില്‍ പോണ്മെന്നു വന്നാല്‍?
ബഷീര്‍: ഞാന്‍ പേരു മാറ്റി V.M.B. Nair എന്നാക്കി എല്ലാ നായന്മാരെയും പറ്റിക്കും.

പപ്പടത്തോരന്‍ ഉണ്ടാക്കി കൂട്ടുകാരെ കഴിപ്പിക്കറുള്ള ആ കപ്പലിലെ ഖല്ലാസിയുടെ ഓര്‍മ്മയ്ക്ക് മാപ്പിള ഭക്ഷ്യമേളവേണ്മായിരുന്നോ?

സാഹിത്യത്തെക്കാളും പ്രസംഗങ്ങളും ശാപ്പാടുമാണല്ലോ ഇന്നു മുഖ്യം!ഒരു റിയാലിറ്റി ഷോ കൂടിയായാല്‍ കുശാല്‍.

Anonymous said...

ആഘോഷിക്കുന്നതില്‍ തെറ്റില്ല.എന്നാല്‍ അല്പം അനുപാതബോധം കൂടിയുണ്ടായിരുന്നാല്‍ നന്ന്.

dethan said...

'വീണപൂവി'നെ മറന്ന സാഹിത്യ അക്കാഡമിക്ക് എന്തു സാഹിത്യ ബോധം?തിരുമുമ്പില്‍ സേവക്കാര്‍ക്ക്
എന്തു സര്‍ഗ്ഗ ശേഷി?

ഭൂമിപുത്രി said...

ഞങ്ങള്‍ വായനക്കാര്‍ ബഷീറിനെയും എംടിയെയും ഒരുമിച്ചാഘോഷിയ്ക്കാന്‍ തടസമൊന്നുമില്ലല്ലൊ..
ദേവന്മാഷും സാഹിത്യാക്കാഡമിയും ക്ഷമിയ്ക്കുക!

അഞ്ചല്‍ക്കാരന്‍ said...

എന്തിന്റെ പേരിലായാലും അനുവാചക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ട നേടിയ എഴുത്ത്കാര്‍ പരസ്പരം ചെളിവാരിയെറിയുന്നത് ദുഃഖമുണ്ടാകുന്നത് ആസ്വാദകര്‍ക്കാണ്.

ബഷീറിനെയും എം.ടിയേയും ഓര്‍ക്കാനും ആദരിക്കാനും കിട്ടുന്ന എല്ലാ അവസരങ്ങളും എല്ലാവരും ഉപയോഗിക്കട്ടെ. ഒന്നും താഴ്ത്തപ്പെടാനുള്ളതല്ല. എല്ലാം ഉയര്‍ത്തപ്പെടണം. മനപൂര്‍വ്വം ഒന്നിനെ ഉയര്‍ത്തിയിട്ട് മറ്റൊന്നിനെ താഴ്ത്തിക്കെട്ടാനോ അല്ലങ്കില്‍ ഒന്നിനെ താഴ്ത്തിയിട്ട് മറ്റൊന്നിനെ ഉയര്‍ത്താനോ ഉള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് എതിര്‍ക്കപ്പെടണം.

“നാലുകെട്ട്” അഘോഷിക്കപ്പെടുന്നത് ബഷീറിനെ ഓര്‍ക്കുന്നതിന് ഒരു കാരണമല്ല. അഥവാ ബഷീറിനെ ഓര്‍ക്കാന്‍ മലയാളിക്ക് ഒരു കാരണത്തിന്റെ ആവശ്യമില്ല. മറന്നതിനെയല്ലേ ഓര്‍ക്കേണ്ടത്. മറക്കാത്തതിനെ എങ്ങിനെ ഓര്‍ക്കാന്‍ കഴിയും. ബഷീറിനേയും അദ്ദേഹം നല്‍കിയ സന്ദേശങ്ങളേയും അക്ഷരങ്ങളേയും ആര് മറന്നെന്നാണ്.

ആവശ്യമില്ലാത്ത വിവാ‍ദങ്ങള്‍. വിവാദങ്ങള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങള്‍. അല്ലാതെ ഇതിനൊക്കെ എന്താ പറയുക?

umbachy said...

പ്രിയ ഹരിത്,
മാപ്പിള ഭക്ഷണ മേള എന്ന് കേള്‍ക്കുന്നതില്‍ മാടമ്പി നായര്‍ എന്ന വിളി കേള്‍ക്കുന്ന പോലെ ഒന്നും അനുഭവപ്പെടത്തതിനാല്‍ എഴുതുകയാണ്,
മാപ്പിള ഭക്ഷണം മതപരമായ ഒരു ഐഡന്റിറ്റി എന്നതിനേക്കാള്‍ സാംസ്കാരികമാണ്. സംസ്കാരത്തിന്റെ രസമുകുളങ്ങളെ വല്ലാതെ രുചിച്ചിരുന്നുവല്ലോ ബഷീര്‍. പപ്പടത്തോരന്‍ ഉണ്ടാക്കി കൂട്ടുകാരെ കഴിപ്പിച്ച ബഷീര്‍ തന്നെയാണ് ഉമ്മി അബ്ദുള്ളയുടെ മലബാര്‍ പാചകവിധിക്ക് ആമുഖം എഴിതിക്കൊടുത്തത്. മാപ്പിളമാരുടെ രുചി ശീലങ്ങളെ ആദ്യം അടയാളപ്പെടുത്തിയ കൃതി അതാണ്.
സംസ്കാരത്തിന്റെ സ്മൃതി നാവില്‍, മുലപ്പാലില്‍,ചട്ടിപ്പത്തിരിയില്‍ തുടങ്ങുന്നു എന്നറിയുന്ന ഒരാളുടെ ഉള്‍ക്കാഴ്ച ആ ആമുഖത്തില്‍ വായിക്കാം.
ബഷീറിന്റെ ഓര്‍മയില്‍ ഒരു മാപ്പിള ഭക്ഷണമേള
എന്നത് ഒരു ശാപ്പാട് കാര്യം മാത്രമല്ല എന്ന് തോന്നുന്നു.
ബി ആര്‍ പി സാറിന് നന്മയും ദീര്‍ഘായുസ്സും നേരുന്നു, സാറിന്റെ നൂറാം ജന്മദിനത്തിനും സാറ് ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ...

Unknown said...

എം. ടി. വാസുദേവന്‍ നായരുടെ നാലുകെട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഔചിത്യം നമുക്ക് ചോദ്യംചെയ്യാതിരിക്കാം. ഇനിയും ധാരാളം കൃതികളുണ്ടല്ലോ ഏതെല്ലാം കൃതികളുടെ സുവര്‍ണ്ണജൂബിലികളാണ് ആഘോഷിക്കുക , എന്താണതിന്റെ മാനദണ്ഡം എന്നും നമുക്ക് ചോദിക്കാതിരിക്കാം . എം.വി.ദേവന്‍ പ്രതികരിച്ചത് കടന്ന കൈയായിപ്പോയി എന്നും പറയാം . എന്നാല്‍ ബഷീറിന്റെ ജന്മശതാബ്ധി അവഗണിച്ചു കൊണ്ട് നാലുകെട്ടിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാറിന്റെ പിടിപ്പ്കേടോ അല്‍പ്പത്തരമോ ആണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. മലയാളിയുടെ മനസ്സില്‍ എന്നും സുല്‍ത്താനായി വാഴുന്ന ബഷീറിന് സര്‍ക്കാര്‍ വക അനുസ്മരണം ആവശ്യമില്ല എന്നത് വേറെ വിഷയം .

എതിരന്‍ കതിരവന്‍ said...

ജൂബിലി ആഘോഷങ്ങളില്‍ക്കൂടിയല്ല സാഹിത്യകൃതികളൊ സാഹിത്യകാരനോ സ്മരിക്കപ്പെടുന്നത്. ഇന്നത്തെ ജാടയുടെ ഭാഗമായി , പഴയചില വൈരാഗ്യങ്ങള്‍ ആക്കം കൂട്ടൂന്ന വിവദങ്ങളിലേക്ക് കൂപ്പുകുത്താന്‍ വഴി വയ്ക്കുന്ന ആഘോഷക്കലവികള്‍ സാഹിത്യ-കലാ സംബന്ധിയല്ല.

ആഘോഷിച്ചാലും ഇല്ലെങ്കിലും ബഷീറിന്റേയോ എം. ടിയുടേയോ കൃതികള്‍ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല.

Murali K Menon said...

വായിച്ചറിഞ്ഞ കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ എം.വി.ദേവന്‍ ഒരു കാലത്ത് എം.ടിയുടെ അടുത്ത സുഹൃത്തായിരുന്നു. അറബിപൊന്ന് എം.ടിയും എന്‍.പിയും ഒരുമിച്ചിരുന്നെഴുതാന്‍ വേണ്ടി സൌകര്യങ്ങളൊരുക്കുകയും അവരെ നിര്‍ബ്ബന്ധിക്കുകയും ഒക്കെ ചെയ്ത വ്യക്തി. പിന്നെ എപ്പോഴായിരിക്കാം ഇവര്‍ വഴിപിരിഞ്ഞത്? അപ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്ന് മനസ്സിലാവും. എതിരവന്‍ പറഞ്ഞതുപോലെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ രചനകളെ വായനക്കാര്‍ തന്നെ ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഇത്തരം പ്രകടനപരതയില്‍ ആര്‍ക്കെങ്കിലും ഉപകരിക്കുന്നുവെങ്കില്‍ അങ്ങനെയാവട്ടെ... മലയാളികള്‍ക്ക് സഹിക്കാത്തത് മലയാളികളുടെ വളര്‍ച്ച മാത്രമാണ്. എന്തു ചെയ്യാം.

Rajeeve Chelanat said...

എം.ടി.യെയും, ബഷീറിനെയും വാഴ്ത്താനും ഇകഴ്ത്താനും സമയം കണ്ടെത്തുന്ന സാംസ്ക്കാരിക-സാഹിത്യ നായകര്‍. എല്ലാവിവാദങ്ങളും ആഘോഷമാക്കി ‘വയറ്റുപിഴപ്പിന്’ വഴി കണ്ടെത്തുന്ന മാധ്യമങ്ങള്‍. കക്ഷി തിരിഞ്ഞ് ‘ഗ്വാ, ഗ്വാ‘ വിളിക്കുന്ന ‘വായക‘വൃന്ദം. വണ്ടി നിര്‍ത്തണം സര്‍, ആളിറങ്ങാനുണ്ട്.

Rajin Kumar said...

എം.ടി. എന്ന സാഹിത്യകാരന് തീര്ച്ചയായും മഹത്തായതും മനോഹരമായതും ആയ ഒരുപാട് കഥകളും, ചലച്ചിത്ര തിരക്കഥളും രചിച്ചിട്ടുണ്ട്. പക്ഷേ എം.വി.ദേവനെക്കൊണ്ട് മാടമ്പി നായര് എന്നു വിളിപ്പിച്ച വികാരം എന്താണെന്ന് നമുക്ക് കുറച്ചാലോചിച്ചാല് മനസ്സിലാകും.
ഇന്ന് സിനിമയായാലും നോവല് ആയാലും ഹിന്ദു മതത്തില്പ്പെട്ടയാളാണെങ്കില് പേരിന്റെ അവസാനം തീര്ച്ചയായൂം നായര് എന്നോ മോനോന് എന്നോ, നമ്പൂതിരി എന്നോ മറ്റോ ചേര്ക്കണം എന്ന അലിഖിത നിയമം.(നായര് കഴിഞ്ഞാല് വേറെ ഏതെങ്കിലും ജാതി സിനിമയില് ഉണ്ടെങ്കില് അത് ഒരു പുള്ളുവനായിരിക്കും) ഇത് എം.ടി.യെ ഈ സാഹിത്യകാരന്മാര് അന്ധമായി അനുകരിച്ചതിന്റെ ഫലം. കുറ്റം പറയരുതല്ലോ വില്ലന് തീര്ച്ചയായും ഒരു താഴ്ന്ന ജാതിക്കാന് എന്നു തോന്നുന്നവനോ, മുസ്ലീം, ക്രിസ്ത്യന് പേരുള്ളവരോ ആയിരിക്കും.